Monday, September 19, 2011

സൂചന... സൂചന... സൂചന മാത്രം

ജയചന്ദ്രന്‍ ഇലങ്കത്ത് എന്ന പേര് മലയാളമനോരമയില്‍ വാര്‍ത്തയ്ക്കൊപ്പം കാണുമ്പോഴൊക്കെ പഴയ ചില വാര്‍ത്തകള്‍ ഞാനോര്‍ക്കാറുണ്ട്. "കടുത്ത നടപടികളുടെ സൂചനയുമായി വി എസ്" എന്ന 2009 ജനുവരി 30ലെ ഒന്നാം പേജ് വാര്‍ത്തയാണ് അതിലൊന്ന്. തലക്കെട്ടിലുള്‍പ്പെടെ അഞ്ചിടത്ത് ആ വാര്‍ത്തയില്‍ "സൂചന" എന്ന വാക്കുണ്ട്. രണ്ടുതവണ ആ വാക്ക് ആവര്‍ത്തിക്കുന്ന ഒരു വാചകം പോലുമുണ്ട്. "സൂചന" ജയചന്ദ്രന് അത്രയ്ക്ക് വിലപ്പെട്ടതാണ്. ഭാഷയില്‍ അതില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇങ്ങനെയൊരു പത്രലേഖകന്‍പോലും ഉണ്ടാകുമായിരുന്നില്ല.

വി എസ് സ്വീകരിക്കാന്‍ പോകുന്ന "കടുത്ത നടപടികളുടെ സൂചന" ജയചന്ദ്രന്‍ ഇലങ്കത്ത് മണത്തറിഞ്ഞത് എങ്ങനെയെന്ന് കേട്ടാല്‍ സഖാക്കളും വായനക്കാരും ചിരിക്കരുത്. വാര്‍ത്തയില്‍നിന്നുതന്നെ ഉദ്ധരിക്കട്ടെ: "വി എസിന്റെ ആലപ്പുഴ പുന്നപ്രയിലെ വീട് മിനുക്കുപണി നടത്താന്‍ നിര്‍ദേശം കിട്ടിയതായി അഭ്യൂഹം പരന്നു". പാര്‍ടി നേതാക്കളുടെ വീടുകളില്‍ പൊട്ടിയ ഓടും കതകിന്റെ കൊളുത്തുമൊക്കെ മാറ്റുന്നതില്‍പോലും പാര്‍ടിയില്‍ അവര്‍ സ്വീകരിക്കുന്ന "കടുത്ത നടപടികളുടെ" സൂചനകള്‍ കിലുങ്ങുന്നുണ്ട് എന്ന് തിരിച്ചറിയുന്ന ആറാമിന്ദ്രിയം ജയചന്ദ്രന്‍ ഇലങ്കത്തിനുണ്ട്. കണ്ടത്തില്‍ കുടുംബത്തിനും അക്കാര്യം ബോധ്യമുണ്ട്. അതുകൊണ്ട് ജയചന്ദ്രന്റെ വാര്‍ത്തകള്‍ വന്‍ പ്രാധാന്യത്തോടെ മനോരമ അച്ചടിക്കും. "സിപിഎം ഓഫീസുകള്‍ക്ക് ജാഗ്രതാനിര്‍ദേശം" എന്ന ഇലങ്കത്തുവങ്കത്തം അഞ്ചുകോളം വലുപ്പത്തിലാണ് 2009 ഫെബ്രുവരി 10ന് മനോരമ ഒന്നാംപേജില്‍ മുഖ്യവാര്‍ത്തയായി അച്ചടിച്ചത്.

വ്യക്തിപരമായ ഒരനുഭവംകൂടി മറക്കാനാകാതെ ഉണ്ട്. ജനകീയാസൂത്രണ വിവാദകാലത്ത് ഞാനുമായി അദ്ദേഹം സുദീര്‍ഘമായ ഇന്റര്‍വ്യൂ നടത്തി. തൊട്ടുപിറ്റേന്ന് മനോരമ കണ്ടപ്പോഴാണ് എനിക്കു മനസ്സിലായത്, "റിച്ചാര്‍ഡ് ഫ്രാങ്കി വഴിയുള്ള എന്റെ സിഐഎ - വിദേശഫണ്ട് ബന്ധങ്ങളെ"ക്കുറിച്ചുളള "സൂചന"കളായിരുന്നത്രെ ഞാന്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ നല്‍കിയ മറുപടിയോ എന്റെ വിശദീകരണമോ ഒന്നും ആ വാര്‍ത്തയില്‍ ഉണ്ടായിരുന്നില്ല. ഈ മാധ്യമപ്രവര്‍ത്തനപാടവത്തെ എങ്ങനെ നമിക്കാതിരിക്കും!

ഈ ജനുസില്‍പ്പെട്ട ഒരു വാര്‍ത്ത ഇക്കഴിഞ്ഞ ദിവസത്തെ മനോരമയിലുമുണ്ട്. "ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ ലാവ്ലിന്‍ കേസ് വന്‍ അഴിമതിപ്പട്ടികയില്‍" എന്നാണ് നാലുകോളത്തില്‍ നീണ്ടുകിടക്കുന്ന ആ വാര്‍ത്തയുടെ തലക്കെട്ട്. "ചങ്ങാത്ത മുതലാളിത്തത്തിന്റെ അഴിമതിപര്‍വം" എന്ന തലക്കെട്ടില്‍ ഒരു പുസ്തകം ഞാനെഴുതുന്നുണ്ട്. സൈബര്‍ ലോകത്തും ആശയപ്രചാരണം അതിശക്തമാകുന്ന ഇക്കാലത്ത് ആ പുസ്തകരചനയ്ക്ക് പുതിയൊരു രീതിയാണ് സ്വീകരിച്ചത്. എഴുതിത്തീരുന്ന മുറയ്ക്ക് ഓരോ അധ്യായവും എന്റെ ബ്ലോഗില്‍ അപ്ലോഡ് ചെയ്യും. ഇന്റര്‍നെറ്റില്‍ സജീവമായി ഇടതുപക്ഷ ആശയപ്രചാരണത്തില്‍ ഏര്‍പ്പെടുന്ന വലിയൊരു സംഘത്തിന്റെ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി ഇന്ററാക്ടീവ് മീഡിയയുടെ സാധ്യത പരീക്ഷിക്കുക എന്ന ലക്ഷ്യവും ഈ സംരംഭത്തിനു പിന്നിലുണ്ട്. അവരുടെ നിര്‍ദേശങ്ങളും കൂട്ടിച്ചേര്‍ക്കലുകളും വഴി പുസ്തകം വികസിക്കും. ഒന്നാം അധ്യായം ബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. പുസ്തകത്തിന്റെ ലക്ഷ്യം, അധ്യായങ്ങളുടെ ഉളളടക്കം എന്നിവ ഈ അധ്യായത്തില്‍ വിശദമാക്കിയിട്ടുണ്ട്. പന്ത്രണ്ടാം അധ്യായത്തിലാണ് ലാവ്ലിന്‍ സംബന്ധിച്ച പരാമര്‍ശമുളളത്. അതിങ്ങനെയാണ്:

"അധ്യായം 12 - അഴിമതിക്കെതിരായ സമരം - കേരളത്തിന്റെ അനുഭവം - ഇടതുപക്ഷമൊഴികെ ഇന്ത്യയിലെ മുഖ്യധാരാ പാര്‍ടികള്‍ക്കൊന്നിനും അഴിമതിവിരുദ്ധ പോരാട്ടത്തില്‍ വിശ്വാസ്യതയില്ല. ലാവ്ലിന്റെ രാഷ്ട്രീയകളളക്കഥ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ടികള്‍ക്കെതിരെ ഒരു ആരോപണംപോലും നിലനില്‍ക്കുന്നില്ല. 35 വര്‍ഷത്തെ ബംഗാള്‍ ഭരണത്തെക്കുറിച്ച് പല വിമര്‍ശങ്ങളുണ്ട്. പക്ഷേ, അഴിമതി നടത്തിയെന്ന് ആരും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ അഴിമതികളെ ന്യായീകരിക്കാന്‍ ലാവ്ലിന്‍ കേസാണ് അവരുയര്‍ത്തുന്നത്. അതുകൊണ്ട് ഈ അധ്യായത്തില്‍ ലാവ്ലിന്‍ കേസിന്റെ പൊളളത്തരം ഒരിക്കല്‍കൂടി തുറന്നുകാണിക്കുന്നു (ഊന്നല്‍ കൂട്ടിച്ചേര്‍ത്തത്). അതോടൊപ്പം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതി ഇല്ലാതാക്കുന്നതിന് നടത്തിയ ദേശവ്യാപകപ്രസക്തിയുളള പരീക്ഷണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ലോക്പാല്‍ കൊണ്ടുമാത്രം അഴിമതിയില്ലാതാകില്ല. അതിനോടൊപ്പം നിലവിലുളള ഭരണസംവിധാനത്തെ അടിമുടി പരിഷ്കരിക്കാനുണ്ട്."

മേല്‍ ഉദ്ധരണിയിലെ ഏതാണ്ട് എല്ലാ വാചകങ്ങളും ഇലങ്കത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. അടിവരയിട്ട വാചകമൊഴികെ. സമര്‍ഥമായി ഒഴിവാക്കിയ വാചകം തോന്നിയപടി വ്യാഖ്യാനിച്ച് അദ്ദേഹം വായനക്കാരുടെ മുന്നിലേക്ക് എറിയുന്നു. അവയിങ്ങനെയാണ്:

"പാര്‍ടി സമ്മേളനങ്ങളുടെ വേളയില്‍ അഴിമതിക്കഥകളുടെ കൂട്ടത്തില്‍ ചര്‍ച്ചാവിഷയമാക്കണമെന്ന "സൂചന"യും ഐസക് നല്‍കുന്നുണ്ട്". വേറൊരു വാചകം "... പുതിയ പുസ്തകത്തില്‍ ഐസക്കിന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ ഔദ്യോഗികചേരിയില്‍ രൂപമെടുത്ത പുതിയ ധ്രുവീകരണത്തിന്റെ സൂചനകളുമുണ്ട്" എന്നും (കണ്ടോ, എത്ര സൂചനകള്‍ . സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇനിയദ്ദേഹം സൂചനേന്ദ്രന്‍ എന്നറിയപ്പെട്ടാലും അത്ഭുതമില്ല).

വാര്‍ത്തയുടെ അവസാനഭാഗത്തും "ഇലങ്കത്തുസൂചന"യുടെ തെരുക്കൂത്തുണ്ട്. അതിങ്ങനെ. " .... ഐസക് ഈ വിഷയത്തില്‍ വി എസ് അനുകൂലികളുടെ ഇന്റര്‍നെറ്റ് കൂട്ടായ്മയും ലക്ഷ്യമിടുന്നുവെന്നാണ് സൂചന". പണ്ട്, "വി എസിന്റെ കടുത്ത നടപടിയുടെ സൂചന" മണത്തറിഞ്ഞ അതേ മൂക്ക്, അതെഴുതിപ്പിടിപ്പിച്ച അതേ പേന.

മനോരമ പത്രാധിപരോട് എനിക്കൊരപേക്ഷയുണ്ട്. വിഷലിപ്തമായ ഭാവനാവിലാസത്തിന്റെ ഉടമകളായ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാന്‍ "കാളകൂടപ്രതിഭ" എന്നോ മറ്റോ ഒരവാര്‍ഡ് ഏര്‍പ്പെടുത്തുന്നത് ഉചിതമാകും. സിപിഐ എം വിരുദ്ധഭാവനയ്ക്ക് കോളം സെന്റീമീറ്റര്‍ അളന്ന് പാരിതോഷികം നല്‍കുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നാലും, ഇലങ്കത്തുസേനയുടെ ആത്മവീര്യം ചോരാതിരിക്കാന്‍ ഇത്തരം അവാര്‍ഡുകള്‍ ഉപകരിക്കുമെന്നുറപ്പാണ്.

പാര്‍ടി സമ്മേളനങ്ങള്‍ അടുത്തുവരുന്നതോടെ ജയചന്ദ്രന്മാരുടെ ഭാവനകള്‍ ചിറകുവീശാനിരിക്കുന്നതേയുളളൂ. ഇതൊരു സാമ്പിള്‍ മാത്രമാണ്. ഒരുകാര്യം ഉറപ്പുപറയാം. സമ്മേളനം കഴിയുമ്പോള്‍ , ഇത്തരം വാര്‍ത്തകളെല്ലാം ഒന്നുകൂടി വായിക്കാനും വിശകലനം ചെയ്യാനും നമുക്കൊരു സന്ദര്‍ഭമുണ്ടാക്കാം.

പ്രിയപ്പെട്ട ജയചന്ദ്രാ, ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിനോ പിണറായി വിജയനോ ഒളിക്കാനൊന്നുമില്ല. ആ വിവാദത്തിന്റെ പൊളളത്തരം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെടുമ്പോള്‍ മുഖം നഷ്ടപ്പെടുന്നത് മനോരമയ്ക്കും അതിന്റെ ചില ലേഖകര്‍ക്കുമാണ്. ജയചന്ദ്രനടക്കമുളളവര്‍ മനോരമയില്‍ എഴുതിപ്പിടിപ്പിച്ച നുണകളെയും ദുര്‍വ്യാഖ്യാനങ്ങളെയുമാണ് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വലിച്ചുകീറുന്നത്. ലാവ്ലിന്‍ കമ്പനിയെക്കൊണ്ട് കേരളത്തിലെ ജലവൈദ്യുത പദ്ധതികളെല്ലാം നവീകരിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് പരിപാടിയുണ്ടാക്കിയത്. അതുപ്രകാരം കുറ്റ്യാടി നവീകരിച്ചു. പന്നിയാര്‍ -പള്ളിവാസല്‍ പ്രോജക്ടുകള്‍ക്ക് ധാരണാപത്രം മാത്രമല്ല, കരാറും ഒപ്പുവച്ചു. മറ്റുചില പ്രോജക്ടുകള്‍ക്കും ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രംമാത്രം ഒപ്പുവച്ച പ്രോജക്ടുകളുടെ കരാറുകള്‍ റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. നവീകരണം ടെന്‍ഡര്‍ വഴി മതി എന്നും തീരുമാനിച്ചു. ഒപ്പം അടിസ്ഥാനകരാറടക്കം ഒപ്പുവച്ച പിഎസ്പി പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. അല്ലാത്തപക്ഷം കേസും മറ്റുമായി വലിയകാലതാമസം വരുമായിരുന്നു. അതില്‍പ്പോലും യുഡിഎഫിന്റേതിനേക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥകള്‍ കരാറിലുണ്ടാക്കി. കരാറില്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ ഇപ്പോള്‍ സ്പീക്കര്‍ പദവിയില്‍ ബഹുമാന്യനായി തുടരുന്നു.

ധാരണാപത്രം വഴിയുളള കരാറുകള്‍ അവസാനിപ്പിച്ച പിണറായി വിജയന്‍ കേസില്‍ പ്രതിയാകുന്നു. കോടതിയിലെ കാര്യങ്ങള്‍ നിയമപരമായിത്തന്നെ നേരിടും. യുഡിഎഫിന്റെയും അവര്‍ക്കുവേണ്ടി വിടുപണി ചെയ്ത മാധ്യമങ്ങളുടെയും രാഷ്ട്രീയപ്രചാരണത്തെയും നടപടികളെയും രാഷ്ട്രീയമായി നേരിടും. ഇതാണ് പുതിയ പുസ്തകത്തിലെ അധ്യായം 12ല്‍ ചെയ്യാന്‍ പോകുന്നത്.

മലബാര്‍ ക്യാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിന്‍ വാഗ്ദാനംചെയ്ത 86 കോടി രൂപ കിട്ടിയില്ല എന്നതാണ് ആറ്റിക്കുറുക്കിയാല്‍ ആ വിവാദത്തിന്റെ ആകത്തുക. എന്തുകൊണ്ട് പണം കിട്ടിയില്ല എന്ന ചോദ്യത്തിന് മനോരമയുടെ പഴയ താളുകളില്‍ ഉത്തരമുണ്ട്. സമയം കിട്ടുമ്പോള്‍ ജയചന്ദ്രന്‍ 2002 സെപ്തംബര്‍ 13ന്റെ പത്രമെടുത്തു നോക്കുക. "മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഭാവി ഭീഷണിയില്‍" എന്നൊരു വാര്‍ത്തയുണ്ട് അതില്‍ . ആ വാര്‍ത്ത ഇങ്ങനെ പറയുന്നു:

"മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കാനഡ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചു. ഇത് പുതുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയോ വൈദ്യുതിബോര്‍ഡിന്റെയോ ഭാഗത്തുനിന്ന് നടപടികളില്ല. ഇതോടെ മലബാറിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നാഴികക്കല്ലാകേണ്ടിയിരുന്ന കേന്ദ്രത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലായി".

ഇനിയെടുക്കേണ്ടത്, സെപ്തംബര്‍ 15ന്റെ പത്രം. വായിക്കേണ്ടത്, "കാന്‍സര്‍ സെന്റര്‍ : ലാവ്ലിന്‍ പിന്‍വാങ്ങിയത് സര്‍ക്കാരിന്റെ കത്തു കിട്ടാത്തതിനാല്‍" എന്ന തലക്കെട്ടിലെ വാര്‍ത്ത. അതിലിങ്ങനെ കാണാം:

"തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ ഒന്നാംഘട്ടപ്രവര്‍ത്തനത്തിന് ലഭിച്ച സഹായത്തിന് നന്ദി പ്രകടിപ്പിച്ചും അഭിനന്ദനം അറിയിച്ചും സംസ്ഥാന സര്‍ക്കാര്‍ കത്തു നല്‍കിയാല്‍ കാനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് ഇനിയും തുക സമാഹരിച്ചു നല്‍കാന്‍ കഴിയുമെന്ന എസ് എന്‍ സി ലാവലിന്റെ നിര്‍ദേശം വൈദ്യുതി വകുപ്പ് ചെവിക്കൊണ്ടില്ല. ലാവ്ലിന് നല്‍കേണ്ട ലെറ്റര്‍ ഓഫ് അപ്രീസിയേഷനുളള അപേക്ഷ ഒന്നര വര്‍ഷമായി വൈദ്യുതി വകുപ്പില്‍ ചുവപ്പുനാടയിലാണ്".

ഈ രണ്ടു വാര്‍ത്തകളെ ആസ്പദമാക്കി "മലബാര്‍ കാന്‍സര്‍ സെന്ററിനെ രക്ഷിക്കണം" എന്ന തലക്കെട്ടില്‍ ഒരു മുഖപ്രസംഗം മനോരമ എഴുതിയത് 2002 ഒക്ടോബര്‍ ഒന്നിന്. ആ മുഖപ്രസംഗത്തില്‍ മനോരമയുടെ ആവശ്യം എന്തായിരുന്നുവെന്നോ,

"ചെയ്ത ജോലികള്‍ക്ക് ലെറ്റര്‍ ഓഫ് അപ്രീസിയേഷന്‍ നല്‍കിയാല്‍ അടുത്തഘട്ടം പണം സമാഹരിച്ചുനല്‍കാമെന്ന് കാണിച്ച് എസ്എന്‍ സി ലാവ്ലിന്‍ ആശുപത്രി ഡയറക്ടര്‍ക്ക് കത്തുനല്‍കിയിരിക്കുന്നു. ഈ അപേക്ഷ വൈദ്യുതി വകുപ്പിന്റെ ഫയലിലുണ്ട്. ഭരണം മാറിയതോടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും ആരോഗ്യമന്ത്രിയുമെല്ലാമാണ് ആശുപത്രിയുടെ അമരത്ത്. ഭരണസമിതിയുടെ തലപ്പത്തുള്ളവര്‍ ആശുപത്രി സന്ദര്‍ശിക്കണം. രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്".

ലാവ്ലിന്‍ കമ്പനിയുടെ കത്ത് ഒന്നരവര്‍ഷത്തോളം ചുവപ്പുനാടയില്‍ കുരുക്കിയിട്ട് രോഗികളെ ബലിയാടാക്കി രാഷ്ട്രീയം കളിച്ചവരാണ് ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ . ഈ വാര്‍ത്തകളും മുഖപ്രസംഗവും മനോരമ എഴുതുന്ന കാലത്ത് എ കെ ആന്റണിയാണ് മുഖ്യമന്ത്രി. കടവൂര്‍ ശിവദാസന്‍ വൈദ്യുതിമന്ത്രിയും. "രാഷ്ട്രീയക്കളിയില്‍ രോഗികള്‍ ബലിയാടാകരുത്" എന്ന് എഴുതുമ്പോള്‍ ലാവ്ലിനുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കളി നടക്കുന്നുവെന്നും ആ കളി കളിച്ചത് കോണ്‍ഗ്രസാണെന്നും വ്യക്തമായും മനോരമയ്ക്ക് അറിയാമായിരുന്നു. കോണ്‍ഗ്രസാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്ത അവസ്ഥയുണ്ടാക്കിയത്. ലാവ്ലിനുമായി ബന്ധപ്പെടുത്തി പിണറായി വിജയനെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയതീരുമാനമുണ്ടായശേഷം ഒരിക്കല്‍പോലും ഇവിടെ ഉദ്ധരിച്ച വാര്‍ത്തകളിലെയോ മുഖപ്രസംഗത്തിലെയോ വിവരങ്ങള്‍ മനോരമയില്‍ അച്ചടിമഷി പുരണ്ടിട്ടില്ല.

കോണ്‍ഗ്രസിനുവേണ്ടി ലാവ്ലിന്‍ ആരോപണങ്ങള്‍ മെനഞ്ഞു കൊടുത്തത് മലയാള മനോരമയിലെ നുണയെഴുതാനുളുപ്പില്ലാത്ത ഒരു സംഘം പത്രലേഖകരാണ് എന്ന വസ്തുത, അവരുടെ വാര്‍ത്തകളില്‍നിന്നുളള ഉദ്ധരണി സഹിതം, തുറന്നുകാണിക്കുന്ന ഒരു ഗവേഷണഗ്രന്ഥം എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010ലാണ് ആ പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തുവന്നത്. ഗൗരവമുളള മാധ്യമപഠനം എന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുന്ന ശൈലി ആ പുസ്തകത്തില്‍ സ്വീകരിച്ചിരുന്നില്ല. വാര്‍ത്തയെഴുതിയവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തണം എന്ന ശക്തമായ ആവശ്യമുയര്‍ന്നിട്ടും രണ്ടാംപതിപ്പിലും അവരുടെ പേരുകള്‍ ഒഴിവാക്കുകയാണ് ചെയ്തത്. അത്തരമൊരു സൗജന്യം അവരാരും അര്‍ഹിക്കുന്നില്ല എന്നാണ് ജയചന്ദ്രന്‍ ഇലങ്കത്തിനെപ്പോലുളളവര്‍ പാര്‍ടിക്കെതിരെ തുടരുന്ന വെല്ലുവിളികള്‍ തെളിയിക്കുന്നത്. അവരൊന്നും പുസ്തകത്തില്‍ ഉന്നയിച്ച വസ്തുതാപരമായ വിമര്‍ശങ്ങളോട് നേര്‍ക്കുനേരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകെ നടന്നത്, ഗ്രന്ഥകര്‍ത്താക്കളുടെ താടിയും മുടിയും ഉടയാടകളും വര്‍ണിച്ച് പരിഹസിച്ചെന്ന് വരുത്തിത്തീര്‍ത്ത് സ്വയം സമാധാനിക്കുന്ന ഒരു ഫലിതമെഴുത്തുദ്യോഗസ്ഥന്റെ കോമാളിത്തരം.

ജയചന്ദ്രാ, ഒരു വിവാദത്തില്‍നിന്നും ഞങ്ങളാരും ഒളിച്ചോടുന്നില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഞങ്ങളുടെ പക്കല്‍ മറുപടിയുണ്ട്; അവ പറഞ്ഞിട്ടുണ്ട്, ഇനിയും പറയാന്‍ ഞങ്ങള്‍ തയ്യാറുമാണ്. പക്ഷേ, അവ പ്രസിദ്ധീകരിക്കാനുളള ചങ്കൂറ്റം മനോരമയ്ക്കില്ല. ലോട്ടറിക്കേസിനെക്കുറിച്ച് വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ. ആ കേസിനെ സംബന്ധിച്ച് എനിക്കെതിരെ മനോരമ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് ഞാനൊരു പ്രതികരണം അയച്ചിരുന്നു. അതില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിച്ച മര്‍മപ്രധാനമായ വാദങ്ങളും വസ്തുതകളും അപ്പാടെ വെട്ടിമാറ്റി വികലമായി പ്രസിദ്ധീകരിക്കുകയായിരുന്നു, മനോരമയിലെ കേമന്മാര്‍ .

അതുകൊണ്ട് ബഹുമാന്യനായ മനോരമ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവ്ലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തുകൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമ ഓണ്‍ലൈനിലെങ്കിലും ഒരവസരം നല്‍കണം. വാര്‍ത്തകള്‍ക്കുനേരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 20 സെപ്തംബര്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

അതുകൊണ്ട് ബഹുമാന്യനായ മനോരമ പത്രാധിപര്‍ ഒരു കാര്യം ചെയ്യണം. നിങ്ങളുടെ ലേഖകന്മാര്‍ എഴുതിക്കൂട്ടിയ ലാവ്ലിന്‍ നുണപരമ്പരകള്‍ സംബന്ധിച്ച് ഒരു പ്രതികരണം പുതിയ പുസ്തകത്തിലും ചുരുക്കി നല്‍കാം. പത്രത്തിന്റെ പരിമിതികള്‍ക്കു പുറത്തുകടന്ന് ജയചന്ദ്രന്‍ ഇലങ്കത്തുമാരെപ്പോലുവര്‍ക്ക് ഓണ്‍ലൈന്‍ വഴിയെങ്കിലും തങ്ങളുടെ ഭാഗം വിശദീകരിക്കാനുളള സൗകര്യം ചെയ്തുകൊടുക്കണം. പത്രത്താളില്‍ ഏകപക്ഷീയമായി എന്തെങ്കിലും വിസര്‍ജിച്ച് കടന്നുകളയുന്ന ഭീരുക്കള്‍ എന്ന മാറാപ്പേര് ഇപ്പോഴവര്‍ക്കുണ്ട്. അതു മാറ്റിയെടുക്കാന്‍ മനോരമ ഓണ്‍ലൈനിലെങ്കിലും ഒരവസരം നല്‍കണം. വാര്‍ത്തകള്‍ക്കുനേരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിരിക്കണം എന്നൊരു നിബന്ധന ഏര്‍പ്പെടുത്താന്‍ താങ്കളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ആരുടെ ഭാഗമാണ് ശരിയെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ സ്വന്തം വാര്‍ത്തകളെ പ്രതിരോധിക്കാനുളള നെഞ്ചുറപ്പ് എത്ര മനോരമാലേഖകര്‍ക്കുണ്ടെന്ന് നമുക്കു കണ്ടറിയാം

4thepeople said...

അതാണല്ലോ മനോരമ ചാനല്‍ രക്ഷപെടാത്തത് ....
പത്രത്തില്‍ എന്തും എഴുതി കൂട്ടാം,
പക്ഷെ ചാനല്‍ നു വിഷ്വല്‍ അകമ്പടി വേണം ...

rags said...

ഇങ്ങിനെ മാധ്യമ വ്യഭിചാരം നടത്തുന്നവരെ നിലക്ക് നിര്‍ത്താന്‍ മാധ്യമ സ്ഥാപന ഉടമകാലോ അല്ലെങ്കില്‍ പത്രപ്രവര്‍ത്തക സങ്കടനയോ തയ്യാറാവണം..മാധ്യമ പ്രവര്തകര്‍കാകെ തന്നെ മനക്കെടുണ്ടാക്കുന്നതാണ് ജയച്ചന്ദ്രണ്ടേ വാര്‍ത്ത സ്രിഷിടികള്‍..

പ്രിയപ്പെട്ട ജയചന്ദ്രന്‍ ചേട്ടന്,

വാര്തകലുണ്ടാക്കാനും കഴിവ് വേണം..കഷ്ടമെന്നു പറയട്ടെ താങ്കള്‍ക്കു അതിനു പോലും കഴിവില്ല...നല്ലൊരു വാര്‍ത്ത സ്രിഷിടിക്കരനവട്ടെ എന്നാശംസിക്കുന്നു.