Thursday, September 29, 2011

പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച

(സമൂഹം കുറ്റത്തിന്റെ കൂട്ടാളിയാകുന്നതെങ്ങനെ എന്നതിന്റെ പഠനം)

ഇന്നത്തെ ഇന്ത്യയില്‍ സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഏറ്റവും ഗൗരവം കൂടിയതും എല്ലാ കൊള്ളരുതായ്മകളെയും നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും ആയ പ്രശ്നം-പ്രശ്നങ്ങളുടെ പ്രശ്നം-ഇവിടുത്തെ പൗരസാമാന്യത്തിന്റെ സ്വഭാവത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്ന തകര്‍ച്ചയാണ്. സ്വഭാവത്തകര്‍ച്ച എന്ന് കേള്‍ക്കുമ്പോള്‍ ഇത് വെറുമൊരു സദാചാരപ്രശ്നമാണെന്ന് നിശ്ചയിച്ചേക്കരുത്. സ്വഭാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യസ്വഭാവത്തെയാണ്, സമൂഹം അംഗീകരിച്ച ഏതോ നിലപാടുകളെയല്ല. യഥാര്‍ഥത്തില്‍ , സമൂഹം പൊതുവെ ഇന്ന് അംഗീകരിച്ചുകാണുന്ന പ്രവണതകളുടെ നേരെ വിരല്‍ ചൂണ്ടുന്നതാണ് ഈ കുറിപ്പ്. സ്വാതന്ത്ര്യസമരകാലത്തും സ്വതന്ത്രഭരണത്തിന്റെ ആദ്യഘട്ടത്തിലും ഇന്ത്യന്‍സമൂഹം ഏറെക്കുറെ മഹത്തായ ആദര്‍ശങ്ങളെ കൈവിടാതെയാണ് കഴിഞ്ഞിരുന്നത്. പിന്നെ പതനകാലം വന്നു. ഈ വീഴ്ചയുടെ ഉയര്‍ച്ചയുടെ മുകളിലെത്തിയിരിക്കയാണ് നാം ഇപ്പോള്‍ . ഒരു ദേവാലയം പണിതാല്‍ അപ്പുറത്ത് പിശാച് തന്റെ ആലയം പണിയുമെന്ന് കേട്ടിട്ടുണ്ട്. നമ്മിലെ പിശാചിന്റെ പണിയാണ് ഇത്. തെറ്റെന്ന് എന്തിനെയാണോ കുറ്റപ്പെടുത്തിയത്, അതിനെ ന്യായീകരിച്ച് ധര്‍മമെന്ന് വിളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് നിഷ്പ്രയാസം കഴിയുന്നു.

കുറ്റവാളി (ക്രിമിനല്‍) സമൂഹവിരുദ്ധന്‍ എന്നാണല്ലോ വയ്പ്. പക്ഷേ, ചുറ്റും നോക്കിയാല്‍ അവന്‍ എല്ലാ മര്‍മസ്ഥാനങ്ങളിലും കയറിയിരിപ്പാണ്. ഇതാണ് പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച എന്ന ഭീകരമായ അവസ്ഥ. ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലും പാര്‍ലമെന്റിലും ഉണ്ടായിരുന്ന പ്രമാണിമാരായ മന്ത്രിമാരിലും എംപിമാരിലും എത്രപേര്‍ സൂപ്പര്‍ ക്രിമിനലുകളായി തടങ്കലില്‍ എത്തി? ലക്ഷങ്ങളും കോടികളും ശതകോടികളും രാജ്യത്തെ വഞ്ചിച്ച് നേടിയവരാണ് രാജ, മാരന്‍ , കല്‍മാഡി, കനിമൊഴി മുതല്‍പേര്‍ . ഇവര്‍ എങ്ങനെ കുറ്റവാളികളായെന്നല്ല ചിന്തിക്കേണ്ടത്, ഇവര്‍ എങ്ങനെ മന്ത്രിമാരും മറ്റുമായെന്നാണ്. മന്ത്രി ക്രിമിനല്‍ ആവുകയല്ല, ക്രിമിനല്‍ മന്ത്രിയാവുകയാണ്. നമ്മുടെ പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ചയുടെ പാരമ്യമാണ് ഇത്.

ഈ പാരമ്യത്തില്‍ നാം എത്തിച്ചേര്‍ന്നത് വ്യക്തമായ പടവുകള്‍ ചവിട്ടിക്കയറിയാണ്. ഒന്നാമത്തെ പടവ് ഇത്തരം പാതകങ്ങള്‍ നടക്കുന്നത് അറിഞ്ഞിട്ടും കണ്ടിട്ടും കണ്ടില്ലെന്ന് ഭാവിച്ച് കണ്ണടച്ചിരിപ്പാണ്. ആ കലയില്‍ ഏറ്റവും പ്രവീണന്‍ മറ്റാരുമല്ല, നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തന്നെ. തങ്ങളുടെ ചതിപ്പണി ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി അറിഞ്ഞിരുന്നെന്ന് കുറ്റവാളികള്‍ തങ്ങളുടെ രക്ഷകനെപ്പറ്റി പരസ്യമായി പറഞ്ഞത് ഇതുവരെ നിഷേധിക്കപ്പെട്ടിട്ടില്ല.

ഈ കണ്ണടപ്പുതന്നെയാണ് ഇംഗ്ലീഷിലെ cunning പൗരസമൂഹത്തില്‍ ഒരു വലിയ വിഭാഗം കണ്ണടപ്പുവിദഗ്ധരാണ്. ഇത് കപടമായ ധര്‍മാഭിനയമാണ്. സിങ്ങിന്റെ തലപ്പാവ്, താന്‍ എതിര്‍ക്കേണ്ട കുറ്റകൃത്യങ്ങള്‍ തന്റെ മുമ്പില്‍ നടക്കുമ്പോള്‍ , കീഴോട്ടുവലിച്ച് കെട്ടാറുണ്ടെന്ന് സംശയിക്കാം. പ്രധാനമന്ത്രിയെ ഇതിന്റെ പേരില്‍ ആരും കുറ്റപ്പെടുത്തിയില്ല. അതും കഴിഞ്ഞ് അദ്ദേഹത്തെ സഹപ്രവര്‍ത്തകരും സര്‍വരും അഴിമതിയില്ലാത്തയാള്‍ (incurrupt)|എന്ന് വിളിച്ച് ആദരിക്കുകയും ചെയ്തു. തെറ്റ് ചൂണ്ടിക്കാണിച്ച് കുറ്റപ്പെടുത്തുന്ന ചുമതലചെയ്യാത്ത ഒരാളെ തെറ്റുചെയ്യാത്ത ആള്‍ എന്ന് ആദരിക്കുമ്പോള്‍ , നാം ക്രിമിനല്‍ ആധിപത്യത്തിലേക്കുള്ള രണ്ടാംപടവ് കേറുന്നു. സിങ്ങിന്റെ ഈ കണ്ണടച്ച അഭിനയത്തിന്റെ മറവില്‍ സഹമന്ത്രിമാര്‍ ഖജനാവ് കട്ടുമുടിക്കുകയായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ കല്‍മാഡി നടത്തിയ കള്ളക്കളി മുഴുവന്‍ മേലെയുള്ളവര്‍ക്ക് അറിയാത്തവയല്ല. പക്ഷേ, അവരാരും ഒന്നും കണ്ടില്ല. അറിഞ്ഞില്ല! തന്നെ ഒരാള്‍ ബലാത്സംഗം ചെയ്തത് ഉറക്കത്തില്‍ താന്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ ഒരു സ്ത്രീയുടെ കഥ മോപ്പസാങ് എഴുതിയിട്ടുണ്ട്. പക്ഷേ, ആ സ്ത്രീയെ പതിവ്രത എന്ന് ആരും വിളിച്ചതായറിവില്ല. സിങ് ഉറങ്ങിയിട്ടും അഴിമതിയില്ലാത്തയാള്‍ എന്ന പേര് നേടിയല്ലോ. ഇന്ന് ഇന്ത്യയില്‍ മിക്കവരും സിങ്ങുമാരാണ്.

മൂന്നാംഘട്ടത്തിലേക്കാണ് ഇവരുടെ അടുത്ത കയറ്റം. ഇവര്‍ കുറ്റങ്ങള്‍ ന്യായീകരിച്ച് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. പ്രധാനമന്ത്രി ഈ പടവ് കയറിയെന്ന് തോന്നുന്നു. ഒന്നുരണ്ട് സന്ദര്‍ഭങ്ങളില്‍ അദ്ദേഹം കുറ്റവാളികളെ ന്യായീകരിച്ചും സംസാരിക്കുകയുണ്ടായി. നമ്മള്‍ ആത്മപരിശോധന ചെയ്താല്‍ കുറ്റക്കാര്‍ക്ക് നല്ല സ്വഭാവസര്‍ട്ടിഫിക്കറ്റ് നാം പലരും നല്‍കാറുണ്ടെന്ന് കാണാം. നാം മോശക്കാരായിട്ടല്ല, നമ്മുടെ നല്ല മനസ്സുമൂലമാണ് എന്ന് നാം മേനി നടിക്കുകയും ചെയ്യും. ഇങ്ങനെ ഒളിഞ്ഞും മറഞ്ഞും കുറ്റവാളി മുഖം മിനുക്കി നടക്കുന്നു. വല്ലവരും ഇങ്ങനെ അനീതിക്കെതിരെ പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അവരെ പഴി പറഞ്ഞ് നിസ്തേജരാക്കുന്നത് അടുത്ത ഘട്ടമാണ്. അണ്ണഹസാരെയുടെ അഴിമതിവിരുദ്ധ പരിപാടികള്‍ക്ക് പരിമിതികളുണ്ടെന്ന് വ്യക്തമാണ്. പക്ഷേ, അത് ചൂണ്ടിക്കാണിക്കാതെ ഹസാരെക്ക് വിദേശസഹായം ഉണ്ടെന്നും ഹിന്ദു ഫാസിസ്റ്റാണെന്നും ആളുകള്‍ കൂടുന്നത് വെറും "റിയാലിറ്റി ഷോ" ആണെന്നും മറ്റും പറയുന്നതിന് ആ വാക്കുകളുടെ വില പോലും ജനങ്ങള്‍ കല്‍പ്പിക്കില്ല. ഇടതുപക്ഷം ഇക്കാര്യത്തില്‍ അതിരുവിടാതെ കൈക്കൊണ്ട നിലപാട് അഭിനന്ദനീയമാണ്.

അവസാനത്തെ പടവ് കയറിയാല്‍ പൗരസമൂഹത്തിന്റെ സ്വഭാവത്തകര്‍ച്ച പൂര്‍ത്തിയായെന്ന് പറയാം. ശരാശരിയില്‍ കൂടുതല്‍ ജനങ്ങള്‍ കുറ്റവാളി സംസ്കാരത്തില്‍ മുങ്ങിയിരിക്കുകയാണ്. മൂന്നാംഘട്ടത്തില്‍ എത്തിക്കഴിഞ്ഞുവെന്നതിന് കേരളത്തില്‍നിന്നുതന്നെ ധാരാളം ഉദാഹരണങ്ങള്‍ കിട്ടും. പല പത്രങ്ങളിലും കുറ്റവാളിയുടെ പക്ഷം പിടിച്ച് റിപ്പോര്‍ട്ടും തയ്യാറാക്കുന്ന പതിവ് വര്‍ധിച്ചുവരുന്നു. ആദിവാസി ഭൂമിയില്‍ കൈയേറ്റം വ്യാപകമായി നടന്നുവരുന്നുണ്ട്. അവരുടെ ഭൂമി കൈയേറാനുള്ളതാണ് എന്ന മട്ടില്‍ മാധ്യമങ്ങള്‍ എഴുതിവിടുന്നില്ലെന്ന് പറയാനാവില്ല. കൈയേറിയ വ്യക്തി സ്വന്തം ആളാണെങ്കില്‍ വര്‍ധിച്ച ചായം തൂവാന്‍ അവര്‍ക്കറിയാം. വൈകിട്ട് പത്രമാപ്പീസുകളുടെ വഴിയിലൂടെ പോകുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങള്‍ ഈ ഇടിക്കലിന്റെയും വളയ്ക്കലിന്റെയും ആണെന്ന് കുറച്ചുമുമ്പ് ഞാന്‍ ഒരു തമാശ പറഞ്ഞിരുന്നു. കരുതിക്കൂട്ടിത്തന്നെ കുറ്റവാളിയെ സാധൂകരിക്കുമാറുള്ള ഒരഭിമുഖം വലിയൊരു പത്രത്തില്‍ ഇതിനിടെ വായിച്ചപ്പോഴാണ് നമ്മുടെ നാട്ടിലും ക്രിമിനല്‍ വമ്പന്മാര്‍ക്കുവേണ്ടി ചില പത്രപ്രവര്‍ത്തകരെങ്കിലും എഴുതാന്‍ മടിക്കുകയില്ലെന്ന് തെളിഞ്ഞത്.

ഇതിനിടെയാണല്ലോ കേരളത്തിലെ മേലെക്കിടയിലുള്ള ഒന്നുരണ്ട് സിനിമാനടന്മാര്‍ (താരങ്ങള്‍ എന്ന് പറയുന്നില്ല, കാരണം സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം ജനങ്ങള്‍ക്ക് താരങ്ങളാണ്) വമ്പിച്ച നികുതിവെട്ടിപ്പ് നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നാം വായിച്ചത്. ഒരോ നടനും 30 കോടിയോളം തട്ടിപ്പ് നടത്തി, വിദേശബാങ്കുകളില്‍ കണക്കില്ലാത്ത പണം നിക്ഷേപിച്ചു. കേരളത്തിലുള്ള ധാരാളം രാജകീയ സൗധങ്ങള്‍ക്കുപുറമെ ഗോവ തുടങ്ങിയ പലേടത്തും ഒരുപാട് സ്വത്തും സമ്പാദിച്ചു. ഈ സംഭവം വേണ്ട പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നതാണ് സത്യം. എന്നിട്ടും ആ പത്രപ്രവര്‍ത്തകന്‍ തന്റെ പേപ്പറില്‍ മടികൂടാതെ എഴുതിയത്, ചിലര്‍ ഇത് "ആഘോഷിച്ചു" എന്നാണ്. എന്നെപ്പോലെ ചിലര്‍മാത്രമേ വല്ലതും എഴുതിയിരുന്നുള്ളൂ. അതിനെ പരിഹസിച്ചിരിക്കയാണ്. വിമര്‍ശിച്ചു എന്നതിന്റെ പര്യായമാണ് "ആഘോഷിച്ചു" എന്നതെങ്കില്‍ സമ്മതിക്കുന്നു. ആഘോഷിച്ചത് പോരെന്ന് സര്‍വര്‍ക്കും തോന്നിയപ്പോള്‍ , ഈ പത്രക്കാരന് വളരെ കൂടിപ്പോയെന്നാണ് തോന്നിയത്! കുറ്റവാളികളെ ന്യായീകരിക്കുകയും എതിരാളികളെ അവഹേളിക്കുകയുംചെയ്യുന്ന അവസ്ഥയെപ്പറ്റി പറഞ്ഞല്ലോ. അതിന് പറ്റിയ തെളിവാണ് ഇത്. നമ്മുടെ മാന്യന്മാരായ പൗരന്മാര്‍ കേരളത്തിനും കലാലോകത്തിനും അപമാനം വരുത്തിവച്ച ഈ "താര" കാപട്യത്തെ എന്തുകൊണ്ട് അപലപിച്ചില്ല? ക്രിമിനല്‍ സ്വഭാവത്തോട് അവര്‍ രാജിയായിക്കഴിഞ്ഞു; കുറ്റവാളികളെ അവര്‍ മാന്യരായി കരുതുന്നു. ആദായനികുതി കൂടുതല്‍ കൊടുക്കാന്‍ ഫ്രാന്‍സിലെ വലിയ കുബേരപ്രഭുക്കള്‍ തീരുമാനിച്ചിരിക്കുന്നു. ആ കാലത്താണ് നമ്മുടെ പത്രക്കാര്‍ക്ക് നികുതിവെട്ടിപ്പുകാരായ ചലച്ചിത്രനടന്മാര്‍ വീരനായകന്മാരായിത്തീരുന്നത്. ഫ്രഞ്ച് ധനികരുടെ ഉദ്ദേശ്യത്തില്‍ ഫ്രഞ്ചുകാര്‍ക്ക് വിശ്വാസം പോരാ. ഇങ്ങനെ മാറിവരുന്ന ഒരു ലോകത്തിന്റെ ഒരു കോണില്‍ ആ നികുതിവിഴുങ്ങികളെ സമാദരിക്കാന്‍ തൂലികകള്‍ പുറത്തെടുക്കുന്നു.

അഴിമതി നടത്തി കുറ്റക്കാരായ പാര്‍ടി അംഗങ്ങളെ മിക്ക രാഷ്ട്രീയകക്ഷികളും കണ്ണടച്ച് തലോടിക്കഴിയുന്നു. ഇവരെ കുറ്റവാളിമുദ്ര ചാര്‍ത്തിവിട്ടാല്‍ കോണ്‍ഗ്രസിനും മറ്റും ധൈര്യം കുറയും. സിപിഐ എം, സിപിഐ തുടങ്ങിയ ഇടതുപക്ഷങ്ങളില്‍മാത്രമേ കുറ്റക്കാരെന്ന് തെളിഞ്ഞവരെ പാര്‍ടിയില്‍നിന്ന് ബഹിഷ്കരിക്കുക തുടങ്ങിയ ശിക്ഷകള്‍ നല്‍കി ധര്‍മം പുലര്‍ത്താറുള്ളൂ. പക്ഷേ, മറ്റ് പത്രങ്ങള്‍ ഇടതിന്റെ നിലപാട് പാര്‍ടിയിലെ അഴിമതി വര്‍ധന, ഗ്രൂപ്പ് വഴക്ക്, കക്ഷിയുടെ ദൗര്‍ബല്യം എന്നിവയാണെന്ന് വരുത്തിക്കൂട്ടി സന്തോഷിക്കുന്നു. ഇടതിനെ ചീത്തയാക്കുക എന്ന "സദുദ്ദേശ്യം" ഇതില്‍ കണ്ടെത്താം. പക്ഷേ പ്രധാനകാര്യം ഈ മാധ്യമങ്ങള്‍ കുറ്റത്തോട് വിട്ടുവീഴ്ച ചെയ്യുന്നവരാണ് എന്നതത്രെ. "നിങ്ങള്‍ ആദ്യം എതിര്‍ക്കുന്നതും പിന്നെ സാധൂകരിക്കുന്നതും ഒടുവില്‍ കൈക്കൊള്ളുന്നതും എന്തോ അതാണ് പാപം"എന്ന് ഒരു ചിന്തകന്‍ പറഞ്ഞു. അദ്ദേഹം യഥാര്‍ഥ ചിന്തകന്‍തന്നെ!

*
സുകുമാര്‍ അഴീക്കോട് ദേശാഭിമാനി 29 സെപ്തംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്നത്തെ ഇന്ത്യയില്‍ സാംസ്കാരികവും രാഷ്ട്രീയവും മതപരവുമായ ഏറ്റവും ഗൗരവം കൂടിയതും എല്ലാ കൊള്ളരുതായ്മകളെയും നിലനിര്‍ത്തുന്നതും വളര്‍ത്തുന്നതും ആയ പ്രശ്നം-പ്രശ്നങ്ങളുടെ പ്രശ്നം-ഇവിടുത്തെ പൗരസാമാന്യത്തിന്റെ സ്വഭാവത്തില്‍ കണ്ടുതുടങ്ങിയിരിക്കുന്ന തകര്‍ച്ചയാണ്. സ്വഭാവത്തകര്‍ച്ച എന്ന് കേള്‍ക്കുമ്പോള്‍ ഇത് വെറുമൊരു സദാചാരപ്രശ്നമാണെന്ന് നിശ്ചയിച്ചേക്കരുത്. സ്വഭാവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിയില്‍ വര്‍ത്തിക്കുന്ന മനുഷ്യസ്വഭാവത്തെയാണ്, സമൂഹം അംഗീകരിച്ച ഏതോ നിലപാടുകളെയല്ല. യഥാര്‍ഥത്തില്‍ , സമൂഹം പൊതുവെ ഇന്ന് അംഗീകരിച്ചുകാണുന്ന പ്രവണതകളുടെ നേരെ വിരല്‍ ചൂണ്ടുന്നതാണ് ഈ കുറിപ്പ്. സ്വാതന്ത്ര്യസമരകാലത്തും സ്വതന്ത്രഭരണത്തിന്റെ ആദ്യഘട്ടത്തിലും ഇന്ത്യന്‍സമൂഹം ഏറെക്കുറെ മഹത്തായ ആദര്‍ശങ്ങളെ കൈവിടാതെയാണ് കഴിഞ്ഞിരുന്നത്. പിന്നെ പതനകാലം വന്നു. ഈ വീഴ്ചയുടെ ഉയര്‍ച്ചയുടെ മുകളിലെത്തിയിരിക്കയാണ് നാം ഇപ്പോള്‍ . ഒരു ദേവാലയം പണിതാല്‍ അപ്പുറത്ത് പിശാച് തന്റെ ആലയം പണിയുമെന്ന് കേട്ടിട്ടുണ്ട്. നമ്മിലെ പിശാചിന്റെ പണിയാണ് ഇത്. തെറ്റെന്ന് എന്തിനെയാണോ കുറ്റപ്പെടുത്തിയത്, അതിനെ ന്യായീകരിച്ച് ധര്‍മമെന്ന് വിളിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇന്ന് നിഷ്പ്രയാസം കഴിയുന്നു.