Friday, October 7, 2011

വേലിതന്നെ വിളവു തിന്നുമ്പോള്‍

നീതിനിര്‍വഹണവുമായി ബന്ധപ്പെട്ട് അതിഗുരുതരമായ സാഹചര്യം കേരളത്തില്‍ സംജാതമായിരിക്കുന്നു. നിയമസഭാ സമ്മേളനത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയവും സഭയെ പ്രക്ഷുബ്ധമാക്കുന്നതും ഈ പ്രശ്നമാണ്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച ജഡ്ജിയെ അധിക്ഷേപിച്ച് കേസില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനാക്കിയ സംഭവമാണ് സഭയില്‍ ആദ്യം ഉയര്‍ന്നത്. തന്റെ പേരില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച ജഡ്ജിയെ പുകച്ചുപുറത്തുചാടിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തുവന്ന ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായത്. സ്വയം അപ്പീല്‍ പോകുന്നതിന് പകരം കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെക്കൊണ്ട് അപ്പീല്‍ കൊടുപ്പിക്കാനും മുഖ്യമന്ത്രി തയ്യാറായെന്നത് പരക്കെ വ്യക്തമായ കാര്യമാണ്. കോടതിക്കും നീതിന്യായ സംവിധാനത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട, അഡ്മിനിസ്ട്രേഷന്‍ ഓഫ് ജസ്റ്റിസ് എന്ന പോര്‍ട്ട്ഫോളിയോകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയാണ് ചീഫ് വിപ്പിനെയും മറ്റും ഉപയോഗിച്ച് നീതിപീഠത്തെ ഭീഷണിപ്പെടുത്തിയത്. ആ സംഭവം അങ്ങനെ നില്‍ക്കുമ്പോള്‍തന്നെയാണ്, അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ഭരണകൂട ഗൂഢാലോചനയും നിയമലംഘനവും നീതിപീഠത്തെ പരസ്യമായി പരിഹസിക്കുന്ന സംഭവവും പുറത്തുവന്നത്.

ആശുപത്രിയിലെ പ്രിസണേഴ്സ് വാര്‍ഡില്‍ കഴിയുന്ന വ്യക്തിയാണ് ബാലകൃഷ്ണപിള്ള. അതീവഗുരുതര രോഗം ബാധിച്ചുവെന്ന പേരില്‍ സ്വകാര്യ ആശുപത്രിയില്‍ തടവുകാരന്റെതന്നെ ചെലവില്‍ വിദഗ്ധ ചികിത്സ തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാലകൃഷ്ണപിള്ളയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ പഞ്ചനക്ഷത്ര സൗകര്യമുള്ള സ്യൂട്ടിലാണ് ചികിത്സ. അങ്ങനെയെങ്കില്‍ ആ സ്യൂട്ടില്‍ രോഗിയും പൊലീസുകാരും മാത്രമേ പാടുള്ളൂ. കാരണം അത് താല്‍ക്കാലിക ജയില്‍ വാര്‍ഡാണ്. ജയില്‍ നിയമമനുസരിച്ച് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഫോണുപയോഗിക്കാനോ സ്വന്തം നിലയ്ക്ക് പരിചാരകരെയോ സില്‍ബന്തികളെയോ പാര്‍പ്പിക്കാനോ പാടില്ല. പക്ഷേ, എന്താണവിടെ സംഭവിച്ചത്? ആ കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ബാലകൃഷ്ണപിള്ളയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ വേലകള്‍ ഓര്‍ക്കണം. നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചു. പരോളിലിറങ്ങിയ പിളളയെ മുഖ്യമന്ത്രി വീട്ടില്‍ ചെന്നുകണ്ടു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ചര്‍ച്ച നടത്തി. ഉടനെ ജയില്‍ മോചിതനാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നുറപ്പ് നല്‍കി. ബാലകൃഷ്ണപിള്ളയാകട്ടെ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുത്തു. പിള്ളയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 75 വയസ്സ് കഴിഞ്ഞ തടവുകാരെയാകെ മോചിപ്പിക്കുന്നതിന് റിപ്പോര്‍ട്ടുണ്ടാക്കി. പരോളിന്റെ അന്തിമകാലാവധി കഴിഞ്ഞ് ജയിലിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായ ബാലകൃഷ്ണപിള്ളയെ അവിടെ കിടത്താതെ അന്നുതന്നെ ആശുപത്രിയിലാക്കി, രക്ഷപ്പെടുത്തി. തുടര്‍ന്ന് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചപോലും ചെയ്യാതെ ആഗസ്ത് ആദ്യം പഞ്ചനക്ഷത്ര സ്യൂട്ടില്‍ ബന്ധുമിത്ര-പരിവാരസമേതം താമസിക്കാന്‍ പാകത്തില്‍ സൗകര്യമൊരുക്കുന്നു. അതിന് പ്രത്യേക ഉത്തരവിറക്കുന്നു. രണ്ട് അംഗങ്ങളുടെമാത്രം ഭൂരിപക്ഷമുള്ള ഒരു മുന്നണി മന്ത്രിസഭ അതിലെ ഒരംഗത്തിന്റെ പിന്തുണ നിര്‍ണായകമായതിനാലും തടവുപുള്ളി മുന്നണിയുടെ അനിഷേധ്യനേതാവായതിനാലും ആണ് നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട അപൂര്‍വമായ ഈ ഉത്തരവിറക്കിയത്. അതായത് സുപ്രീംകോടതി ശിക്ഷിച്ച ഒരാളെ ഫലത്തില്‍ സ്വന്തം നിലയ്ക്ക് മോചിപ്പിച്ചിരിക്കുന്നു.

സെപ്തംബര്‍ 27നുശേഷം ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . ബാലകൃഷ്ണപിള്ള മാനേജരായ സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ പൈശാചികമായി ആക്രമിക്കപ്പെട്ടതും വധശ്രമത്തിനിരയായതും സെപ്തംബര്‍ 27ന് രാത്രിയാണ്. കൃഷ്ണകുമാറിന്റെ ഭാര്യയും പ്രസ്തുത സ്കൂളിലെ പ്രിന്‍സിപ്പലുമായ കെ ആര്‍ ഗീത പറഞ്ഞത് തങ്ങള്‍ക്ക് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള മാനേജ്മെന്റില്‍നിന്ന് നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്നാണ്. മാനേജരുടെ നടപടിക്കെതിരെ കേസ് കൊടുത്ത് കോടതിവിധി വഴിയാണ് ഗീത പ്രിന്‍സിപ്പല്‍സ്ഥാനത്തെത്തിയത്. കൃഷ്ണകുമാറിന്റെയും ഗീതയുടെയും പരാതിയെത്തുടര്‍ന്നുളള അന്വേഷണത്തില്‍ സ്കൂളിലെ നിരവധി ക്രമക്കേടുകള്‍ വെളിച്ചത്തുവന്നതാണ്. ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിനോട് ബാലകൃഷ്ണപിള്ളയ്ക്ക് പക നിലനില്‍ക്കുന്നു. എന്നാല്‍ , അതുകൊണ്ടുമാത്രം ആക്രമണത്തിനു പിന്നില്‍ ബാലകൃഷ്ണപിള്ളയാണെന്ന് പറയാനാവില്ല. എന്നാല്‍ , അധ്യാപകന്റെ പത്നി ഉന്നയിച്ച സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് പിന്നീട് തുടരെ പുറത്തുവന്നത്. കൃഷ്ണകുമാറിനു നേരെ നടന്ന വധശ്രമത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകനോട് ബാലകൃഷ്ണപിള്ള ഫോണില്‍ സംസാരിച്ചു. അറിഞ്ഞുകൊണ്ടുതന്നെ താന്‍ നിയമലംഘനം നടത്തുകയാണ്, ദയവ് ചെയ്ത് അത് പുറത്തറിയിക്കരുതെന്നാണ് പിള്ള ലേഖകനോട് പറഞ്ഞത്. ആ സംഭാഷണം മലയാളികള്‍ മുഴുവന്‍ കേട്ടു. ബാലകൃഷ്ണപിള്ള നിരന്തരം ഫോണില്‍ സംസാരിക്കുന്നുവെന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷം അത് സ്ഥിരീകരിക്കുന്നതിനാണ് ലേഖകന്‍ വിളിച്ചത്. പഞ്ചനക്ഷത്ര സ്യൂട്ടില്‍ കഴിയവെ 28 ദിവസംകൊണ്ട് സ്വന്തം പേരിലുള്ള മൊബൈല്‍ ഫോണിലൂടെമാത്രം 298 കാളുകള്‍ പിള്ള വിളിച്ചു. അതില്‍ നാല്‍പ്പതോളം കാളുകള്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട ദിവസമായിരുന്നു. അതില്‍ പലതും തന്റെ പാര്‍ടി നേതാവും ബന്ധുവുമായ മാനോജിനെയാണ്. അയാളാകട്ടെ സംശയിക്കപ്പെടുന്ന വ്യക്തിയും. സ്വന്തം മൊബൈല്‍ ഫോണിലൂടെ മുഖ്യമന്ത്രി, ചീഫ് വിപ്പ്, തന്റെ മകനും മന്ത്രിയുമായ ഗണേശ്കുമാര്‍ , അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ എന്നിവരെയെല്ലാം പിള്ള വിളിച്ചു. മുഖ്യമന്ത്രിയെ വിളിച്ചതിന് തെളിവ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പര്‍ തന്നെ. ആശുപത്രിയിലെ സ്യൂട്ടില്‍ ലാന്‍ഡ് ഫോണ്‍ , സഹായികളുടെ ഫോണ്‍ എന്നിവ ഉപയോഗിച്ച് വേറെയും വിളികള്‍ നടത്തി. സാധാരണഗതിയില്‍ സ്വന്തം ഫോണില്‍ ദിവസേന ശരാശരി പത്ത് ഫോണാണ് പിള്ള ചെയ്യുന്നത്. എന്നാല്‍ , അക്രമം നടന്ന ദിവസം എണ്ണം നാല്‍പ്പതാണ്. പിള്ളയ്ക്കു വേണ്ടി അക്രമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന മനോജുമായി അന്ന് പത്തും പിറ്റേന്ന് ഏഴും തവണ ഒരു ഫോണില്‍ നിന്നുമാത്രം സംസാരിച്ചു-ഇതെല്ലാം ഏതിലേക്കാണ് വിരല്‍ചൂണ്ടുന്നത്?

ഫോണ്‍വിളിയുടെ കാര്യം പുറത്തുവന്നതിന്റെ പിറ്റേന്ന് നിയമസഭയില്‍ ഞാനുന്നയിച്ച ആരോപണം ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നാണ്. മുഖ്യമന്ത്രി അന്ന് അത് നിഷേധിച്ചില്ല. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമാണ് നിഷേധിച്ചത്. പിള്ള നിയമവിരുദ്ധമായി ഉപയോഗിച്ച ഫോണും സഹായികളുടെ ഫോണും പിടിച്ചെടുത്ത് സൈബര്‍ സെല്‍ പരിശോധിക്കണമെന്ന് ഞാനാവശ്യപ്പെട്ടു. പക്ഷേ, അതിന് തയ്യാറായില്ല. ആകെ ചെയ്തത് സര്‍ക്കാര്‍ സംരക്ഷണയില്‍ പിള്ളയ്ക്ക് അനുവദിച്ച ലാന്‍ഡ് ഫോണ്‍ സൗകര്യം എടുത്തുമാറ്റുക മാത്രമാണ്. മൊബൈല്‍ ഫോണിന്റെ കാള്‍ ലിസ്റ്റ് പൂര്‍ണമായി പുറത്തുവന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് പിള്ള വിളിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രൈവറ്റ് സെക്രട്ടറി, പിഎ തുടങ്ങിയവരുടെ ഫോണിലൂടെയാണ് അദ്ദേഹത്തെ ബന്ധപ്പെടുക പതിവ്. പിള്ളയുടെ ഫോണില്‍നിന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലേക്ക് വന്ന ഒരു പ്രത്യേക കാളിന്റെ സമയത്ത് താനും പ്രൈവറ്റ് സെക്രട്ടറിയും രണ്ടിടത്തായിരുന്നു എന്ന വിശദീകരണമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഇതിനായി ആ കാള്‍ സമയത്ത് പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍ ഏത് മൊബൈല്‍ ടവറിന്റെ പരിധിയിലായിരുന്നു എന്ന് പോലീസ് സംവിധാനമുപയോഗിച്ച് കണ്ടെത്തിയെന്ന് പത്രക്കാരോട് പറയാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചു. താന്‍ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തെളിവായി ഉപയോഗിച്ച അതേ സങ്കേതമുപയോഗിച്ച് പിള്ള വിളിച്ച ഓരോ കാളും ഏത് മൊബൈല്‍ ടവറില്‍നിന്ന് ഏത് മൊബൈല്‍ ടവറിലേക്കായിരുന്നു എന്ന് പരസ്യമാക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാണോ?

ബാലകൃഷ്ണപിള്ള ആശുപത്രിയിലെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ താമസിച്ച് ഭരണത്തില്‍ ഇടപെട്ടു, സ്കൂള്‍ ബിസിനസും പാര്‍ടി കാര്യങ്ങളും നിയന്ത്രിച്ചു, പാര്‍ടി യോഗംവരെ അവിടെ നടത്തി. ശത്രുക്കളെ നിഗ്രഹിക്കുന്നതിന് ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കാന്‍ ഇടപെടുകയുംചെയ്തു- എന്നിത്യാദി വിവരങ്ങളാണ് വ്യക്തമായിരിക്കുന്നത്. ഇതെല്ലാം രഹസ്യമായി ചെയ്തതല്ല. പൊലീസ് കാവലില്‍ ഭരണകൂടത്തിന്റെ സഹായത്തോടെ ചെയ്തതാണ്. മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്നും അതിലധികവും പേര്‍ പിള്ളയെ തടവ് സ്യൂട്ടില്‍ പരിചരിക്കാനായി താമസിച്ചു- ഇതെല്ലാം സാധ്യമായതെങ്ങനെ എന്നതാണ് പ്രശ്നം. പരോളിലിരിക്കെ ബാലകൃഷ്ണപിള്ളയെ മുഖ്യമന്ത്രി വീട്ടില്‍ ചെന്നുകണ്ട് നല്‍കിയ ഉറപ്പ്, മകന്‍ ഗണേശ്കുമാറിന്റെ സമ്മര്‍ദം, തടവുകാരന്റെ അടുത്ത ബന്ധുക്കളായ ചീഫ് സെക്രട്ടറി റാങ്കുള്ള രണ്ട് ഉദ്യോഗസ്ഥരുടെ ഒത്താശ - എല്ലാറ്റിലുമുപരി, മന്ത്രിസഭപോലുമറിയാതെ ആഗസ്ത് അഞ്ചിന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് എന്നിവ വഴി. എന്നിട്ടാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്, പിള്ള ഫോണില്‍ വിളിച്ചെങ്കില്‍ ചട്ടലംഘനമേ ആകൂ, നിയമലംഘനമാകില്ലെന്ന്! തികച്ചും തെറ്റാണിത്. ലംഘിക്കപ്പെട്ടത് നിയമംതന്നെയാണ്. 2010ലെ കേരള ജയില്‍ നിയമത്തിന്റെ പത്തോളം വകുപ്പുകളുടെ ലംഘനമാണ് നടന്നത്.

നടന്ന നിയമലംഘനങ്ങളൊന്നും താനറിഞ്ഞതല്ല എന്നുപോലും ഉമ്മന്‍ചാണ്ടിക്ക് പറയാനാവില്ല. ആഗസ്ത് 5ന് ബാലകൃഷ്ണപിള്ളയെ ആശുപത്രിയിലാക്കാന്‍ ഉത്തരവിറക്കിയത് ഉമ്മന്‍ചാണ്ടി അറിഞ്ഞുകൊണ്ടാണ്. ആശുപത്രിയിലും ജയിലിലും നടക്കുന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് ആഗസ്ത് 9ന് ഡല്‍ഹി സര്‍വകലാശാലയിലെ നിയമവിദ്യാര്‍ഥി മഹേഷ് മോഹനില്‍നിന്ന് ഉമ്മന്‍ചാണ്ടിക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചതാണ്. വക്കീല്‍ നോട്ടീസിന് ഇതുവരെ മറുപടിനല്‍കിയിട്ടില്ല എന്നാണറിയുന്നത്. പിള്ളയെ ഫോണില്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനാണ് വലിയ തെറ്റുകാരന്‍ , ശിക്ഷ കൂടുതല്‍ അതിനാവും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്! ലജ്ജാകരമെന്നോ ധാര്‍ഷ്ട്യമെന്നോ എന്താണിതിനെ വിശേഷിപ്പിക്കേണ്ടത്. പിള്ള ഫോണ്‍ തുറന്നുവച്ചില്ലായിരുന്നുവെങ്കില്‍ സംസാരിക്കാന്‍ കഴിയുമായിരുന്നോ?

ടെലികോം നിയമമനുസരിച്ച് ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് നേടിയ ഫോണ്‍ കണക്ഷന്‍ കൈമാറാന്‍ അനുവാദമുണ്ടോ? 298 ഔട്ട് ഗോയിങ് കാളും താനല്ല ചെയ്തതെന്ന് പറയുന്ന പിള്ള ആകെ ഒരു ഇന്‍കമിങ് കാള്‍മാത്രം അറ്റന്‍ഡ് ചെയ്തുവെന്ന്! ഒരു സംസ്ഥാന സര്‍ക്കാര്‍ ഒരു കുറ്റവാളിയുമായി ചേര്‍ന്ന് നീതിന്യായസംവിധാനത്തെ പ്രഹസനമാക്കിയത് തുറന്നുകാണിച്ച് ജനാധിപത്യധര്‍മ്മം ഉജ്വലമായി നിര്‍വഹിച്ചത് കുറ്റമാണ് പോലും. തെറ്റ് ചെയ്ത പിള്ളയല്ല, അതിന് സൗകര്യമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രിയല്ല, പിന്നെയോ അത് കണ്ടുപിടിച്ച മാധ്യമപ്രവര്‍ത്തകനാണുപോലും.

ജനാധിപത്യ കേരളത്തിന് അപമാനകരമാണ് ഉമ്മന്‍ചാണ്ടി നിയമസഭയ്ക്കകത്തും, ചീഫ് വിപ്പ് സഭയ്ക്ക് പുറത്തും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ ഗ്വോഗ്വാ വിളി. ഇവിടെ നടന്നത് ഭരണഘടനാലംഘനമാണ്. "പ്രീതിയോ വിവേചനമോ കൂടാതെ..." എന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ്. നഗ്നമായ അധികാരദുര്‍വിനിയോഗമാണ്. സുപ്രീംകോടതി ജയിലിലടച്ച കുറ്റവാളി ജയിലില്‍ കഴിയുന്നതിനുപകരം സര്‍വസ്വാതന്ത്ര്യത്തോടെ പഞ്ചനക്ഷത്ര സ്യൂട്ടില്‍ താമസിച്ച് ഭരണത്തില്‍ പങ്കാളിത്തം വഹിക്കുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണ്. അധികാരത്തില്‍ തുടരുന്നതിന് ഉമ്മന്‍ചാണ്ടിക്ക് ഇനി എന്ത് ന്യായീകരണമാണ് പറയാനുളളത്.


*****


വി എസ് അച്യുതാനന്ദന്‍, കടപ്പാട്:ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

നീതിനിര്‍വഹണവുമായി ബന്ധപ്പെട്ട് അതിഗുരുതരമായ സാഹചര്യം കേരളത്തില്‍ സംജാതമായിരിക്കുന്നു. നിയമസഭാ സമ്മേളനത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയവും സഭയെ പ്രക്ഷുബ്ധമാക്കുന്നതും ഈ പ്രശ്നമാണ്. പാമൊലിന്‍ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച ജഡ്ജിയെ അധിക്ഷേപിച്ച് കേസില്‍നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതനാക്കിയ സംഭവമാണ് സഭയില്‍ ആദ്യം ഉയര്‍ന്നത്. തന്റെ പേരില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച ജഡ്ജിയെ പുകച്ചുപുറത്തുചാടിക്കാന്‍ മുഖ്യമന്ത്രിതന്നെ രംഗത്തുവന്ന ഗുരുതരമായ സ്ഥിതിവിശേഷമാണുണ്ടായത്. സ്വയം അപ്പീല്‍ പോകുന്നതിന് പകരം കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെക്കൊണ്ട് അപ്പീല്‍ കൊടുപ്പിക്കാനും മുഖ്യമന്ത്രി തയ്യാറായെന്നത് പരക്കെ വ്യക്തമായ കാര്യമാണ്. കോടതിക്കും നീതിന്യായ സംവിധാനത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട, അഡ്മിനിസ്ട്രേഷന്‍ ഓഫ് ജസ്റ്റിസ് എന്ന പോര്‍ട്ട്ഫോളിയോകൂടി കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയാണ് ചീഫ് വിപ്പിനെയും മറ്റും ഉപയോഗിച്ച് നീതിപീഠത്തെ ഭീഷണിപ്പെടുത്തിയത്. ആ സംഭവം അങ്ങനെ നില്‍ക്കുമ്പോള്‍തന്നെയാണ്, അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട ഭരണകൂട ഗൂഢാലോചനയും നിയമലംഘനവും നീതിപീഠത്തെ പരസ്യമായി പരിഹസിക്കുന്ന സംഭവവും പുറത്തുവന്നത്.

R.Sajan said...

സാറിനെ പിള്ള ആക്രമിച്ചു എന്നു ഇനിയും പറയുന്നതു മോശം. വണ്ടി അപകടമെന്ന് അറിഞ്ഞല്ലോ.