Wednesday, October 5, 2011

മാനം കാക്കാനുള്ള കൊലപാതകങ്ങള്‍

ജീവിക്കാന്‍ അത്രമേല്‍ ആഗ്രഹിച്ചിട്ടും "പ്രണയ"ത്തിലെ ഗ്രേസ് (ജയപ്രദ)എന്ന കഥാപാത്രത്തെ എന്തിനായിരിക്കാം ക്ലൈമാക്സില്‍ അപ്രതീക്ഷിതമായി മരണത്തിലേക്ക് തള്ളിവിട്ടത്? ഗ്രേസിന്റെ മരണം മലയാള സിനിമയിലെ സദാചാരസങ്കല്പങ്ങളോട് പലതരം സംവാദങ്ങള്‍ തുറന്നിടുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട മരണമല്ലെന്നും മലയാളസിനിമയുടെ പല ചരിത്ര സന്ദര്‍ഭങ്ങളിലും നിരവധി പ്രണയാത്മാക്കള്‍ ഇങ്ങനെ അപ്രതീക്ഷിതമായി മരണത്തിലേക്ക് വഴുതി വീണതായും കാണാം. നൂറ്റാണ്ടുകള്‍കൊണ്ട് വാറ്റിയെടുത്ത "കേരളീയ സദാചാരസങ്കല്പങ്ങള്‍" കലയിലും സാഹിത്യത്തിലും പലപ്പോഴായി പരിധികള്‍ ലംഘിച്ചിട്ടുണ്ട്. വിപണികൊണ്ട് കൊഴുത്ത സെല്ലുലോയ്ഡും സദാചാര പൊലീസ് ചമയുന്ന സെന്‍സര്‍ബോഡും തമ്മിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കിടയില്‍ ചലച്ചിത്രമെന്ന മാധ്യമത്തിന്, മാറിയ മലയാളിയുടെ ജീവിതത്തിന്റെ വിവിധ പരിസരങ്ങളെക്കുറിച്ച് കള്ളം പറയേണ്ടി വരുന്നു. പ്രമേയത്തിന്റെ പുതുമകൊണ്ടും അവതരണത്തിന്റെ സൂക്ഷ്മതകൊണ്ടും സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലാളിത്യംകൊണ്ടും ശ്രദ്ധേയമായത് എന്ന് മാധ്യമലോകം പുകഴ്ത്തുന്ന ബ്ലസിയുടെ പ്രണയം എന്ന സിനിമ യഥാര്‍ഥത്തില്‍ മലയാളിയോട് പങ്കുവയ്ക്കുന്നതെന്താണ് ?

പത്മരാജന്‍ സ്കൂളിന്റെ തുടര്‍ച്ചയെന്ന് സ്വയം അവകാശപ്പെടുന്ന ബ്ലസി ആരുടെ സങ്കല്പങ്ങളും ധാരണകളുമാണ് പ്രണയത്തിലൂടെ ഉറപ്പിക്കുന്നത്? സ്വയം തിരിച്ചറിയാന്‍ കഴിയാത്ത കാരണത്താല്‍ ആദ്യ ഭര്‍ത്താവില്‍നിന്ന് വേര്‍പെട്ട് ഭര്‍ത്താവും കുട്ടികളുമായി ജീവിക്കുന്ന മധ്യവയസ്കയായ ഒരു സ്ത്രീയെ കേന്ദ്ര കഥാപാത്രമാക്കിയാണ് പ്രണയത്തെ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളസിനിമയ്ക്ക് അത്രയൊന്നും കണ്ടും കേട്ടും പരിചയമില്ലാത്ത മധ്യവയസ്കരുടെ പ്രണയവും നൊമ്പരവും സംഘര്‍ഷങ്ങളും ചങ്ങാത്തവും അഭ്രപാളിയില്‍ എത്തിച്ചു എന്നത് പ്രശംസനീയമാണ്. പ്രത്യേകിച്ച് പ്രണയമെന്ന വാക്ക് ധ്വനിപ്പിക്കുന്ന വികാരങ്ങളില്‍ ഭൂരിപക്ഷവും തൊട്ടുതലോടിയത് കൗമാരങ്ങളെയും യൗവനങ്ങളെയും ആയ സ്ഥിതിക്ക്.

ഗ്രേസ് (ജയപ്രദ)എന്ന ക്രിസ്ത്യാനി പെണ്‍കുട്ടിയും ഫുട്ബോള്‍ കളിക്കാരനായ അച്യുതമേനോനും(അനുപംഖേര്‍) വീട്ടുകാരെ ധിക്കരിച്ച് വിവാഹം കഴിക്കുകയും അതിലൊരു മകന്‍ (അനൂപ് മേനോന്‍) ഉണ്ടാവുകയും ചെയ്യുന്നു. ദാമ്പത്യത്തിന്റെ തുടര്‍ച്ചയിലെപ്പൊഴോ അവര്‍ വഴിപിരിയുന്നു. അതിലുണ്ടായ മകന്‍ അച്യുതമേനോനോടൊപ്പം ജീവിക്കുന്നു. ഗ്രേസാവട്ടെ മാത്യൂസ് (മോഹന്‍ലാല്‍) എന്ന ക്രിസ്ത്യാനിയായ ഫിലോസഫി പ്രൊഫസറെ വിവാഹം കഴിക്കുകയും ആ ബന്ധത്തിലുണ്ടായ മകളും അവളുടെ ഭര്‍ത്താവുമായി മാത്യൂസിനൊപ്പം ഒരു ഫ്ളാറ്റില്‍ ജീവിക്കുകയും ചെയ്യുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നഗരത്തിലെ അതേ ഫ്ളാറ്റില്‍ വച്ച് അപ്രതീക്ഷിതമായി ഗ്രേസും അച്യുതമേനോനും കണ്ടുമുട്ടുന്നു. മാത്യൂസാകട്ടെ പക്ഷാഘാതം വന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് വീല്‍ചെയറില്‍ പുസ്തകങ്ങളും കടല്‍ക്കാഴ്ചയുമായി കഴിയുകയാണ്. അച്യുതമേനോന്റെ മകന്റെ (അനൂപ് മേനോന്‍) ഭാര്യയും കുട്ടിയും ഇതേ ഫ്ളാറ്റില്‍ കഴിയുന്നുണ്ട്. ഗ്രേസിന്റെയും അച്യുതമേനോന്റെയും അപ്രതീക്ഷിതമായ കൂടിക്കാഴ്ച ഇരുവരുടെയും കുടുംബാംഗങ്ങളെ അലോസരപ്പെടുത്തുന്നു. ജീവിതത്തെ ഫിലോസഫികൊണ്ടും കാല്പനികതകൊണ്ടും മറികടക്കാന്‍ ശ്രമിക്കുന്ന മാത്യൂസാവട്ടെ ഗ്രേസിന്റെയും അച്യുതമേനോന്റെയും ഇടപെടലുകളെ ആരോഗ്യകരമായ രീതിയിലാണ് സമീപിക്കുന്നത്. എന്നാല്‍ ഇരുവരുടേയും കുടുംബാംഗങ്ങള്‍ സദാചാരത്തിന്റെ കണ്ണുകളിലൂടെ മറ്റു വ്യാഖ്യാനങ്ങള്‍ തേടുന്നു. രോഗികളായ ഇവര്‍ മൂന്നുപേരും ജീവിതത്തിന്റെ മുന്തിരിച്ചാറു നുകരാന്‍ ഒരു യാത്ര പോവുകയും ആ യാത്രക്കിടയില്‍ അപ്രതീക്ഷിതമായി ഗ്രേസ് മരണപ്പെടുകയും ചെയ്യുന്നു. സെമിത്തേരിയില്‍ ഗ്രേസിന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി മാത്യൂസിന്റെ വീല്‍ചെയര്‍ അച്യുതമേനോന്‍ ഉന്തിക്കൊണ്ടുപോകുന്നിടത്ത് പ്രണയം അവസാനിക്കുന്നു.

ഇങ്ങനെ രണ്ടു പുരുഷന്മാര്‍ക്കിടയിലെ സ്ത്രീയും (ഇന്നലെ-പത്മരാജന്‍) രണ്ടു സ്ത്രീകള്‍ക്കിടയിലെ പുരുഷനും (തൂവാനതുമ്പികള്‍ -പത്മരാജന്‍) പത്മരാജന്‍ സിനിമയിലൂടെ മലയാളി പരിചയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ തീര്‍ത്തും മൗലികമോ പുതുമയോ ഉള്ളതല്ല പ്രണയത്തിന്റെ കഥാതന്തു. പത്മരാജന്റെ തന്നെ "ഓര്‍മ" എന്ന ചെറുകഥയാണ് ബ്ലസിയുടെ തന്മാത്ര എന്ന സിനിമയുടെ മൂലകഥ. തികച്ചും പുതുമയുള്ളതെന്ന് ബ്ലസി അവകാശപ്പെടുന്ന പ്രണയത്തില്‍ പക്ഷേ പത്മരാജന്റെ "ഇന്നലെ" എന്ന സിനിമയുടെ സാന്നിധ്യം വായിച്ചെടുക്കാന്‍ കഴിയും. പ്രണയത്തിലെ അച്യുതമേനോന്റെയും ഗ്രേസിന്റെയും പ്രണയം കാണിക്കുന്നിടത്തെ മഴയും ഗ്രേസും മാത്യൂസും അച്യുതമേനോനും പങ്കുവയ്ക്കുന്ന മഴയും പത്മരാജന്റെ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെയും ക്ലാരയുടെയും സാന്നിധ്യത്തില്‍ പെയ്യുന്ന മഴയെ ഓര്‍മിപ്പിക്കുന്നുണ്ട്. വേണമെങ്കില്‍ "ഇന്നലെ"യുടെ ക്ലൈമാക്സില്‍നിന്ന് മലയാളിക്ക് പ്രണയം കണ്ടുതുടങ്ങാം. പക്ഷേ ഇന്നലെയിലെ ശോഭന ചെയ്ത കഥാപാത്രത്തിന് നഷ്ടപ്പെട്ട ഓര്‍മ തിരിച്ചുകിട്ടണമെന്നുമാത്രം. ഇന്നലെയില്‍ ജയറാമിന് ശോഭനയെ വിട്ടുകൊടുത്ത് നൊമ്പരങ്ങളും സംഘര്‍ഷങ്ങളുമായി മൂടല്‍മഞ്ഞിന്റെ അവ്യക്തതയിലേക്ക് മറയുന്ന സുരേഷ്ഗോപിയുടെ കഥാപാത്രം തന്നെയല്ലേ യഥാര്‍ഥത്തില്‍ അനുപംഖേറിന്റെ അച്യുതമേനോന്‍ ? അതുകൊണ്ടുതന്നെ ഇന്നലെകള്‍ ഇന്നും അവസാനിക്കുന്നില്ല.

മലയാള സിനിമയെ ഒട്ടേറെ പുതുക്കലുകള്‍ക്ക് വിധേയമാക്കിയ ബിഗ്ബി, കോക്ടെയില്‍ , ചാപ്പാകുരിശ് തുടങ്ങിയ സിനിമകളുടെ അണിയറ ശില്പികളെ വിദേശ സിനിമകളുടെ പകര്‍പ്പെഴുത്തുകാരെന്ന് പറഞ്ഞ് ബോധപൂര്‍വം തിരസ്കരിച്ച ആഗോളസിനിമയുടെ കാഴ്ചക്കാരായ ഫെസ്റ്റിവെല്‍ കാണികളും നിരൂപകരും പ്രണയത്തിന്റെ "ഇന്നലെ"കളെയും പരിഗണിക്കേണ്ടതുണ്ട്. രണ്ടു പുരുഷന്മാര്‍ക്കിടയിലകപ്പെട്ട മധ്യവയസ്കയായ സ്ത്രീയുടെ ആത്മസംഘര്‍ഷം ആവിഷ്കരിച്ച പ്രണയം അതിന്റെ ആദ്യാവസാനത്തില്‍ സ്ത്രീവിരുദ്ധവും കപടസദാചാര ബന്ധിതവുമായി തീരുന്നു. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയാണെന്നറിഞ്ഞുകൊണ്ടുതന്നെ അവളെ തന്റെ ഭാര്യയായി സ്വീകരിച്ച സോളമന്‍ (മോഹന്‍ലാല്‍) മലയാളിയുടെ ലൈംഗികസദാചാരത്തെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. എന്നാല്‍ പ്രണയത്തില്‍ മുന്‍ ഭര്‍ത്താവിന്റെ സാന്നിധ്യം മാംസനിബദ്ധമല്ലാത്ത ചങ്ങാത്തം മാത്രമായി കാണുന്ന ഗ്രേസ് ആശാന്‍കവിതകളിലെ ഉദാത്തതാസങ്കല്പം പൂണ്ട നായികസങ്കല്പങ്ങളിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. മലയാളിയുടെ പ്രണയ സങ്കല്പങ്ങളില്‍ പലപ്പോഴും ശരീരതൃഷ്ണകള്‍ വിലക്കപ്പെട്ട കനിയാണ്. അതിനെ ലംഘിച്ചവരെ കാത്തിരുന്നതാവട്ടെ മരണവും. രതിനിര്‍വേദം, ചാമരം, ദേശാടനക്കിളികള്‍ കരയാറില്ല, ചെമ്മീന്‍ തുടങ്ങി സര്‍ഗാത്മകമായി പ്രതിഷ്ഠിക്കപ്പെട്ട സിനിമകളില്‍ പോലും ലൈംഗികത ഉള്ളടങ്ങിയ പ്രണയത്തിന് സമ്മാനമായി കൊടുത്തത് മരണമാണ്. ഇങ്ങേയറ്റത്ത് ശ്യാമപ്രസാദിന്റെ ഒരേ കടലിലും അരുണ്‍കുമാറിന്റെ കോക്ടെയിലിലും അത് മരണത്തോടടുത്ത് നില്‍ക്കുന്ന ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വഴുതിപ്പോകുന്നു. പ്രണയത്തില്‍ ഗ്രേസിന്റേയും അച്യുതമേനോന്റെയും ഒടുവിലത്തെ ആലിംഗനദൃശ്യം മലയാളസിനിമയുടെ സദാചാര സങ്കല്പവുമായി ബന്ധപ്പെട്ട പതിവ് ദൃശ്യങ്ങളുടെ തുടര്‍ച്ചയായി തീരുന്നുണ്ട്. അറുപതിന്റെ നിറവില്‍ പ്രണയത്താലും കാമത്താലും ഉണര്‍ന്ന അച്യുതമേനോനും ഗ്രേസും ആലിംഗനത്തില്‍ മുഴുകുന്നേടത്ത് സംവിധായകന്‍ മരണത്തെ കൂട്ടുപിടിച്ച് മലയാളിയുടെ സദാചാരത്തെ രക്ഷിച്ചെടുക്കുന്നു.കേരളീയ മാതൃകാകുടുംബ സദാചാര ലിംഗാധികാര ശാസനകള്‍ക്ക് സിനിമാ സൃഷ്ടികര്‍ത്താക്കള്‍ കീഴടങ്ങിയതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ദേശീയ തലത്തില്‍ മലയാള സിനിമയ്ക്ക് ആദ്യ മേല്‍വിലാസമുണ്ടാക്കിയ 1954ല്‍ ഇറങ്ങിയ നീലക്കുയിലില്‍ ശ്രീധരന്‍നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ദളിത് സ്ത്രീയായ നീലിയെ സംവിധായകന്‍ മരണത്തിലേക്ക് തള്ളിവിടുന്നുണ്ട്. "പ്രണയ"ത്തിലും അവസാനിക്കാത്ത കൊലപാതക പരമ്പരയുടെ ആദ്യ ശ്രമമായിരുന്നു അത്. "നിര്‍മാല്യ"ത്തിലെ വെളിച്ചപ്പാട് ദേവിയുടെ വിഗ്രഹത്തിന് മുന്നില്‍നിന്ന് ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് സ്വയം മരണം വരിക്കുന്നതിന് പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. മലയാളികള്‍ കൊണ്ടുനടക്കുന്ന കപട ലൈംഗിക സദാചാരത്തിന്റെ ശാസനകള്‍ നിര്‍ബന്ധമാക്കിയ മരണമാണത്. ചെമ്മീനിലെത്തുമ്പോള്‍ തുറയുടെ "നിയമം തെറ്റിച്ച" പരീക്കുട്ടിയും കറുത്തമ്മയും മരണത്തിന്റെ തീരത്തുതന്നെയാണ് ചെന്നടിഞ്ഞത്.

ഭരതന്‍ -പത്മരാജന്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ "രതിനിര്‍വേദ"ത്തിലും "തകര"യിലും എം ടിയുടെ നഖക്ഷതങ്ങളിലും സുകൃതത്തിലും ഇങ്ങേയറ്റത്ത് കേരള കഫേയിലെ ഷാജി കൈലാസ് ചിത്രമായ "ലളിതം ഹിരണ്‍മയത്തിലും" ഇങ്ങനെ ബഹുബന്ധങ്ങളില്‍ ആടിയുലഞ്ഞ ജീവിതങ്ങളില്‍ പലതും മരണത്തില്‍ അവസാനിക്കുന്നുണ്ട്. കേരളീയ നടപ്പു സദാചാരങ്ങളോട് സന്ധിചെയ്യാന്‍ കഥാപാത്രങ്ങളെ ബോധപൂര്‍വം ബലിയര്‍പ്പിക്കുകയായിരുന്നു ഇതിലൊക്കെ. അതുകൊണ്ടുതന്നെ കലാസിനിമയുടെ മേല്‍വിലാസത്തില്‍ പുകഴ്ത്തപ്പെട്ട പല ചിത്രങ്ങളും ക്ലൈമാക്സിലെത്തുമ്പോള്‍ പൈങ്കിളിയായിത്തീരുന്നു. ഇവിടെയാണ് ദീപാമേത്തയുടെ "ഫയറും" കൊറിയന്‍ സംവിധായകനായ കിംകിദുക്കിന്റെ "ത്രീ അയേണു"മൊക്കെ വ്യത്യസ്തമാകുന്നത്. ജീവിതത്തെയും അതിന്റെ എല്ലാതരം തൃഷ്ണകളേയും കപടസദാചാരത്തിന്റെ കുറ്റിയില്‍ ബന്ധിക്കാതെ സത്യസന്ധമായി ഇവര്‍ ആവിഷ്ക്കരിക്കുമ്പോള്‍ മലയാള സിനിമ അജ്ഞാതമായ ഭയത്താല്‍ പിന്‍വാങ്ങുന്നു. കച്ചവടസിനിമയുടെ പാരമ്യത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട ഫാസിലിന്റെ "ഹരികൃഷ്ണന്‍"സില്‍ ഇതിനേക്കാള്‍ അപകടകരമായ മറ്റൊരു തലത്തിലാണ് ക്ലൈമാക്സ് ചെന്നെത്തുന്നത്. ഹരിക്കും കൃഷ്ണനും ഇടയില്‍ പെട്ടുപോകുന്ന നായികയെ മരണത്തിന് കൊടുക്കാതെ മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ടു താരങ്ങളെ അവരവരുടെ സമുദായത്തിന്റെ താരാരാധനയുടെ തൃഷ്ണകളെ തൃപ്തിപ്പെടുത്തും വിധത്തില്‍ (തിരുവിതാംകൂര്‍ -മോഹന്‍ലാല്‍ , മലബാര്‍ -മമ്മൂട്ടി) സംവിധായകന്‍ പങ്കുവയ്ക്കുകയാണുണ്ടായത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായ മലയാളിയുടെ പൊതുബോധത്തെ ധ്രുവീകരിക്കാന്‍ മതേതരമായ സ്വത്വമുള്ള മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജാതിമത ശാസനകള്‍ക്കനുപൂരകമായി പകുത്തെടുത്ത് നല്‍കുകയാണുണ്ടായത്. ചുരുക്കത്തില്‍ പ്രമേയപരമായി കുതിച്ചുചാട്ടം നടത്തിയ പ്രണയം മലയാളി കുടുംബസദാചാരത്തെ പൊള്ളിക്കുന്ന ദൃശ്യങ്ങളില്‍ തുടങ്ങുകയും വികസിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ക്ലൈമാക്സില്‍ ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാകുകയുമാണ് ചെയ്യുന്നത്. ഭാരതീയവും കേരളീയവുമായ ക്ഷേത്രശില്പങ്ങളിലും കൊത്തുപണികളിലും പുരാണ ഇതിഹാസങ്ങളിലും മിത്തുകളിലുമൊക്കെ ലൈംഗികത ഏറ്റവും സ്വാഭാവികവും സ്വതന്ത്രവുമായ ഇച്ഛകളെ യഥേഷ്ടം പ്രത്യക്ഷവല്‍ക്കരിക്കുന്നുണ്ട്. കലയിലും ജീവിതത്തിലും സാധ്യമായ ഈയൊരു സ്വാതന്ത്ര്യം എവിടെവച്ചാണ് മലയാളിയുടെ കാപട്യംകൊണ്ട് റദ്ദുചെയ്യപ്പെട്ടത്? പ്രണയത്തില്‍ ഗ്രേസിനെ സ്വന്തം മകള്‍ പാഞ്ചാലി എന്നു വിശേഷിപ്പിച്ചത് ദുര്‍നടപ്പുകാരി എന്ന അര്‍ഥത്തിലാണ്. രണ്ടു പുരുഷന്‍മാര്‍ക്കിടയിലെ സ്ത്രീജീവിതം ഉത്തരാധുനിക മലയാളിക്ക് അസഹനീയമായിത്തീരുന്നുവെന്നര്‍ഥം. പാരമ്പര്യത്തെ, വര്‍ത്തമാന കുടുംബസദാചാര ചതുപ്പുകള്‍ക്കകത്തുനിന്ന് നിശിതവിമര്‍ശനത്തിന് വിധേയമാക്കുകയാണ് പാഞ്ചാലിയെന്ന പരാമര്‍ശത്തിലൂടെ. ഈ ഇതിഹാസ കഥാപാത്രത്തിന്റെ ഓര്‍മ പുതുക്കല്‍പോലും സദാചാര വിരുദ്ധമായ ഒന്നായി പരിണമിക്കുന്നു എന്നര്‍ഥം. ഈയൊരു വിമര്‍ശനത്തിന്റെ സാധൂകരണമാണ് ക്ലൈമാക്സില്‍ ഗ്രേസിന്റെ മരണത്തിലൂടെ സംവിധായകന്‍ സാക്ഷാത്ക്കരിച്ചത്. മുന്‍ഭര്‍ത്താവിനും മകനുമൊപ്പം ഒരുനാള്‍ ഒന്നിച്ചു കഴിയുക എന്ന ഗ്രേസിന്റെ സ്വപ്നം സഫലമാകാതെ പോകുകയാണ്. അങ്ങനെ സംഭവിച്ചാല്‍ മലയാളിക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഒരു കാഴ്ചയായി മാറിയേനെ അത്. എന്നാല്‍ ഗ്രേസിന്റെ മരണത്തോടെ അത് കൂമ്പടയുന്നു. വിപ്ലവകരമായ പ്രണയംകൊണ്ട് മലയാള സിനിമയില്‍ എക്കാലവും ജ്വലിച്ചുനില്‍ക്കുമായിരുന്ന ഗ്രേസ് എന്ന കഥാപാത്രത്തെ അനുദിനം മൂര്‍ച്ചയേറിക്കൊണ്ടിരിക്കുന്ന മലയാളിയുടെ കപട സദാചാരവാളുകൊണ്ട് വെട്ടിക്കൊല്ലുകയാണ് സംവിധായകന്‍ . അങ്ങനെ പ്രണയം യഥാര്‍ഥത്തില്‍ പ്രണയവിരുദ്ധമായ ഒരു സിനിമയായിത്തീരുന്നു.

*
റിയാസ് കളരിക്കല്‍/ജോബിഷ് വി കെ ദേശാഭിമാനി വാരിക 09 ഒക്ടോബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ജീവിക്കാന്‍ അത്രമേല്‍ ആഗ്രഹിച്ചിട്ടും "പ്രണയ"ത്തിലെ ഗ്രേസ് (ജയപ്രദ)എന്ന കഥാപാത്രത്തെ എന്തിനായിരിക്കാം ക്ലൈമാക്സില്‍ അപ്രതീക്ഷിതമായി മരണത്തിലേക്ക് തള്ളിവിട്ടത്? ഗ്രേസിന്റെ മരണം മലയാള സിനിമയിലെ സദാചാരസങ്കല്പങ്ങളോട് പലതരം സംവാദങ്ങള്‍ തുറന്നിടുന്നുണ്ട്. ഇതൊരു ഒറ്റപ്പെട്ട മരണമല്ലെന്നും മലയാളസിനിമയുടെ പല ചരിത്ര സന്ദര്‍ഭങ്ങളിലും നിരവധി പ്രണയാത്മാക്കള്‍ ഇങ്ങനെ അപ്രതീക്ഷിതമായി മരണത്തിലേക്ക് വഴുതി വീണതായും കാണാം. നൂറ്റാണ്ടുകള്‍കൊണ്ട് വാറ്റിയെടുത്ത "കേരളീയ സദാചാരസങ്കല്പങ്ങള്‍" കലയിലും സാഹിത്യത്തിലും പലപ്പോഴായി പരിധികള്‍ ലംഘിച്ചിട്ടുണ്ട്. വിപണികൊണ്ട് കൊഴുത്ത സെല്ലുലോയ്ഡും സദാചാര പൊലീസ് ചമയുന്ന സെന്‍സര്‍ബോഡും തമ്മിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കിടയില്‍ ചലച്ചിത്രമെന്ന മാധ്യമത്തിന്, മാറിയ മലയാളിയുടെ ജീവിതത്തിന്റെ വിവിധ പരിസരങ്ങളെക്കുറിച്ച് കള്ളം പറയേണ്ടി വരുന്നു. പ്രമേയത്തിന്റെ പുതുമകൊണ്ടും അവതരണത്തിന്റെ സൂക്ഷ്മതകൊണ്ടും സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലാളിത്യംകൊണ്ടും ശ്രദ്ധേയമായത് എന്ന് മാധ്യമലോകം പുകഴ്ത്തുന്ന ബ്ലസിയുടെ പ്രണയം എന്ന സിനിമ യഥാര്‍ഥത്തില്‍ മലയാളിയോട് പങ്കുവയ്ക്കുന്നതെന്താണ് ?

അപരിചിതന്‍ said...

പറഞ്ഞത് അപ്പാടെ ശരിവെക്കുന്നു.

ചില ഫ്രയിമുകളുടെ സൌന്ദര്യം ഒഴിച്ച് നിര്‍ത്തിയാല്‍,യാതൊരു മൌലികതയും അവകാശപ്പെടാനില്ലാത്ത യഥാസ്ഥിതക ബോധത്തിനു കീഴ്പ്പെടുന്ന സിനിമയാണ്‍ പ്രണയം ..

പ്രണയത്തെ കുറിച്ച് തന്നെ...

http://mynameisstranger.blogspot.com/2011/10/blog-post.html