Sunday, October 23, 2011

ഉള്ളിന്റെയുള്ളു ചുവപ്പാണ്

സ്‌നേഹത്തിന്റെ ഉത്സവമായിരുന്നു മുല്ലനേഴിയുടെ ജീവിതം. കവിത എന്നത് ചങ്ങാത്തത്തിലേക്കുള്ള വഴി മാത്രമായിരുന്നു അദ്ദേഹത്തിന്.

എന്നും കമ്മ്യൂണിസ്റ്റായി ജീവിച്ച കവിയാണ് മുല്ലനേഴി. ഒല്ലൂരിലെ ഓട്ടുകമ്പനിത്തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് തുടക്കമിട്ട ഇടതുപക്ഷപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായി മാറി. ചുമട്ടുതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും യുവാക്കളും അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരായി മാറി. എല്ലാവരെയും തന്റെ സ്‌നേഹവലയത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു കാന്തശക്തി മുല്ലനേഴിയുടെ വ്യക്തിത്വത്തിന് ഉണ്ടായിരുന്നു.

വൈലോപ്പിള്ളിയുടെ വത്സലശിഷ്യനാണ് മുല്ലനേഴി നീലകണ്ഠന്‍. വീട്ടില്‍ പട്ടിണിയും ദാരിദ്ര്യവുമാണ് എന്നറിഞ്ഞ് അവിടേക്കുള്ള അരിയും പലചരക്കുസാധനങ്ങളും വാങ്ങി സൈക്കിള്‍ ചവിട്ടി മുല്ലനേഴിയുടെ വീട്ടില്‍ ചെന്ന വൈലോപ്പിള്ളി പകര്‍ന്നുനല്‍കിയ അളവറ്റ വാത്സല്യമാണ് മുല്ലനേഴിയുടെ ഏറ്റവും വലിയ സമ്പത്ത്. ടി ടി സിക്ക് പഠിക്കാനുള്ള ഫീസ് നല്‍കിയതും വൈലോപ്പിള്ളി തന്നെ.

മുല്ലനേഴിയുടെ അമ്മ നന്നായി കവിതകള്‍ ചൊല്ലുമായിരുന്നു. കവിതയുടെ വിശാലലോകത്തിലേക്ക് നീലകണ്ഠനെ ആനയിച്ചത് അമ്മയുടെ കാവ്യാലാപനം ആയിരുന്നു. വൈലോപ്പിള്ളിക്കവിതയുടെ ഉത്തമാംശങ്ങള്‍ സ്വാംശീകരിച്ച കവിയാണ് മുല്ലനേഴി. എന്നാല്‍ നാടോടിക്കവിതയുടെ ഊക്കും ചേലുമാണ് മുല്ലനേഴിയുടെ ശക്തിയായി മാറിയത്.
'നാറാണത്ത് ഭ്രാന്തന്‍' മുല്ലനേഴിയുടെ ആദ്യകാല രചനകളില്‍ ഒന്നാണ്. ഒരു സാഹിത്യക്യാമ്പില്‍ വച്ച് ഈ കവിത കേട്ട എന്‍ എന്‍ കക്കാട് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ താന്‍ വായിച്ച ഏറ്റവും മികച്ച കവിതകളിലൊന്നാണിതെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. മുല്ലനേഴിയുടെ മറ്റൊരു പ്രശസ്ത കവിതയാണ് 'എന്നും ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടി'. ശക്തമായ രാഷ്ട്രീയമാനങ്ങളുള്ള കവിതകളാണ് ഇവയൊക്കെ. തുടങ്ങിയയിടത്തു തന്നെ നില്‍ക്കുന്ന സാധാരണക്കാരുടെ ജീവിതത്തെ, രാഷ്ട്രീയമായ സൂചനകളോടെ ആവിഷ്‌കരിക്കുന്ന ഈ രചനകള്‍ അന്നത്തെ പോലെ ഇന്നും പ്രസക്തങ്ങളാണ്.

ജീവിതത്തില്‍ ഏറെ കയ്പുനീര്‍ കുടിച്ചിട്ടുള്ള വ്യക്തിയാണ് മുല്ലനേഴി. ദാരിദ്ര്യവും കഷ്ടപ്പാടുകളുംനിറഞ്ഞ ബാല്യം. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ടു. തന്നെപ്പോലെ കഷ്ടപ്പെടുന്ന നിസ്വസമൂഹത്തോടുള്ള ആഭിമുഖ്യം ജീവിതത്തിലുടനീളം മുല്ലനേഴി പുലര്‍ത്തി.

നമ്പൂതിരി സമുദായത്തില്‍ പിറന്ന ഒരാള്‍ക്ക് സ്വാഭാവികമായി തോന്നാവുന്ന ക്ലാസിക്കല്‍ കമ്പമല്ല; ദളിതരുടെയും കര്‍ഷകരുടെയും നാടോടിശീലുകളിലേക്കാണ് മുല്ലനേഴി ആകൃഷ്ടനായത്. സമീപനത്തിലെ ഈ സൂക്ഷ്മതയാണ് മുല്ലനേഴി എന്ന കവിയെ വ്യത്യസ്തനാക്കിയത്. ക്ലാസിക്കല്‍ കലാപാരമ്പര്യത്തെയും നാടോടിശീലുകളേയും സമന്വയിപ്പിക്കാന്‍ മുല്ലനേഴിക്ക് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ഗാനരചനകളും വേറിട്ടു നിന്നു. ചലച്ചിത്രഗാനങ്ങളിലെ സൗന്ദര്യസങ്കല്‍പങ്ങള്‍ മുഴുവന്‍ കീഴ്‌മേല്‍ മറിയുകയാണ്. കറുപ്പിന്റെ ഭംഗിയും ശക്തിയും വാഴ്ത്തുന്ന കവിയാണ് മുല്ലനേഴി. കാക്കയുടെ കവിയായ വൈലോപ്പിള്ളിയുടെ ഉത്തമശിഷ്യന്‍.

മുല്ലനേഴിയുടെ സാക്ഷരതാഗാനങ്ങള്‍ മറ്റൊരു ചരിത്രസംഭവമായി. നിരക്ഷരരെക്കൊണ്ടുപോലും കവിതകള്‍ ഏറ്റുചൊല്ലിച്ച കവിയാണ് മുല്ലനേഴി. സാക്ഷരതാ പ്രവര്‍ത്തനത്തെ വലിയൊരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്ന മുല്ലനേഴിയുടെ കവിതകളും വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.

നന്മയായിരുന്നു മുല്ലനേഴിയുടെ കൊടിയടയാളം. എല്ലാവരിലും അദ്ദേഹം നന്മ കണ്ടു. എല്ലാവര്‍ക്കും നന്മ പകര്‍ന്നു. സകല ചരാചരങ്ങളെയുംതന്നെ മിത്രങ്ങളായി കണ്ടു. അനന്യമായ ഒരു സമഭാവനയോടെയാണ് അദ്ദേഹം എല്ലാവരെയും, എല്ലാറ്റിനെയും നോക്കിക്കണ്ടത്.

സ്‌നേഹിച്ചതോടൊപ്പം മുല്ലനേഴി കലഹിച്ചു. സാഹിത്യത്തിനെതിരായ ഒന്നിനോടും മുല്ലനേഴി ഒരിക്കലും രാജിയായില്ല. നീതിക്കെതിരായ ഒന്നിനോടും മുല്ലനേഴി പൊറുത്തിട്ടില്ല.
അവസാന നിമിഷം വരെ അദ്ദേഹം സജീവമായി പൊതുരംഗത്ത് നിന്നു. തൃശൂരില്‍ അയ്യപ്പന്‍ അനുസ്മരണത്തില്‍ ദിവസം മുഴുവന്‍ പങ്കെടുത്ത വൈകിട്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. മുല്ലനേഴി നന്നായി ജീവിച്ചു, നന്നായി മരിച്ചു.

ആര്‍ക്കും അസൂയ തോന്നും. ജീവിതം മരണത്തേക്കാള്‍ ഭയാനകമാകുന്ന ഇക്കാലത്ത് പിതൃതുല്യമായ സ്‌നേഹം പകര്‍ന്നുതന്ന്, വെളിച്ചവും നന്മയും പ്രദാനം ചെയ്ത്, തോല്‍വികളില്‍ ശക്തിപകര്‍ന്ന് എന്നും കൂടെ നിന്ന മുല്ലനേഴിയുടെ വേര്‍പാട് വലിയൊരു ശൂന്യതയുടെ മുമ്പിലാണ് എന്നെ കൊണ്ടു നിര്‍ത്തിയിരിക്കുന്നത്.

*
സി രാവുണ്ണി ജനയുഗം 23 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്‌നേഹത്തിന്റെ ഉത്സവമായിരുന്നു മുല്ലനേഴിയുടെ ജീവിതം. കവിത എന്നത് ചങ്ങാത്തത്തിലേക്കുള്ള വഴി മാത്രമായിരുന്നു അദ്ദേഹത്തിന്.

എന്നും കമ്മ്യൂണിസ്റ്റായി ജീവിച്ച കവിയാണ് മുല്ലനേഴി. ഒല്ലൂരിലെ ഓട്ടുകമ്പനിത്തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് തുടക്കമിട്ട ഇടതുപക്ഷപ്രവര്‍ത്തനം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമായി മാറി. ചുമട്ടുതൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും യുവാക്കളും അദ്ദേഹത്തിന്റെ ഉറ്റചങ്ങാതിമാരായി മാറി. എല്ലാവരെയും തന്റെ സ്‌നേഹവലയത്തിലേക്ക് ആകര്‍ഷിക്കുന്ന ഒരു കാന്തശക്തി മുല്ലനേഴിയുടെ വ്യക്തിത്വത്തിന് ഉണ്ടായിരുന്നു.