Wednesday, October 19, 2011

എഴുത്തിലെ ഉഷ്ണമേഖലകള്‍

ഒരു കലാപകാരിയായാണ് സാഹിത്യത്തില്‍ കാക്കനാടന്റെ ഉദയം. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം. ചൂഷണത്തിനും ഉപചാരത്തിനും സ്വകാര്യ സ്വത്താര്‍ജ്ജനത്തിനും എതിരുനില്‍ക്കുന്നതിനൊപ്പം വ്യവസ്ഥിതിക്കെതിരെ അരാജകമായൊരു ജീവിതവീക്ഷണവും കാക്കനാടനില്‍ വളര്‍ന്നു. മതത്തിന്റെയോ മറ്റേതെങ്കിലും തത്വങ്ങളുടെയോ പ്രചാരകനോ പ്രയോക്താവോ ആയല്ല, ജീവിതയാഥാര്‍ഥ്യങ്ങളെ തന്റേതായ കണ്ണിലൂടെ നോക്കി നിശിതമായി പ്രതികരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.

"ഉഷ്ണമേഖല"യിലും "ഏഴാംമുദ്ര"യിലും "വസൂരി"യിലും "ഈ നായ്ക്കളുടെ ലോക"ത്തിലും ഒക്കെ കലാപകാരിയുടെ സ്വരം ഉയര്‍ന്നുകേള്‍ക്കാം. പലതും അരാജകമായ രീതിയില്‍ ആണെന്നും പറയാം. "കമ്യൂണിസ്റ്റ് പാര്‍ടിയോട് വിരോധമോ നീരസമോ ഇല്ല. തീരെ എതിര്‍പ്പില്ലെന്നല്ല. എനിക്കെന്റേതായ വിമര്‍ശനമുണ്ട്. പക്ഷേ, അതിനേയൊക്കെ അതിജീവിക്കുന്ന ഇഷ്ടവുമുണ്ട്" -തന്റെ "ഉഷ്മേഖല" പുറത്തിറങ്ങിയപ്പോള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് ഒരിക്കല്‍ കാക്കനാടന്‍ പറഞ്ഞു.

തന്റെ നോവലുകളില്‍ അശ്ലീലം കുത്തിച്ചെലുത്തുകയും യുവാക്കളെ വഴിപിഴപ്പിക്കുകയും ചെയ്തുവെന്ന വിമര്‍ശനത്തെ കാക്കനാടന്‍ എന്നും ശക്തമായ ഭാഷയിലാണ് നേരിട്ടത്. തന്റെ നോവലുകള്‍ വായിച്ച് ആരെങ്കിലും വഴിപിഴച്ചിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി വായിക്കുന്ന ആള്‍ തന്നെ ആണെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.

ജനയുഗത്തില്‍ പ്രസിദ്ധീകരണം തുടങ്ങിയ "വസൂരി" എന്ന നോവല്‍ അശ്ലീലമെന്ന പേരില്‍ ചില ഭാഗം ഒഴിവാക്കിയപ്പോള്‍ കാക്കനാടന്‍ എതിര്‍ത്തു. പകുതിക്ക് പ്രസിദ്ധീകരണം നിര്‍ത്തി.
തന്റെ ലോകവീക്ഷണം തന്റെ കൃതികളില്‍ തന്നെ അന്തലീനമായിക്കിടക്കുന്നുണ്ടെന്ന നിലപാടായിരുന്നു കാക്കനാടന്റേത്. വായനക്കാരന് അത് കണ്ടെത്താന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. യഥാര്‍ഥ രചനയാണെങ്കില്‍ അതില്‍ മണ്ണിന്റെ മണമുണ്ടാകും. ജനങ്ങളെ നേര്‍വഴിക്ക് നയിക്കാനുള്ള ഉപദേശമാണ് സാഹിത്യം എന്ന നിലപാടൊന്നും കാക്കനാടനുണ്ടായിരുന്നില്ല.

1947ന് ശേഷമുള്ള ഇന്ത്യന്‍ യൗവനത്തിന്റെ സ്വപ്നത്തകര്‍ച്ചയാണ് കാക്കനാടന്റെ നോവലുകള്‍ പ്രശ്നവല്‍ക്കരിച്ചത്. ആ വിഷയം കൈകാര്യം ചെയ്യാതിരിക്കാന്‍ ആത്മാര്‍ഥതയുള്ള ഒരെഴുത്തുകാരനും കഴിയില്ല എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. ജീവിതത്തില്‍ നിന്നാണ് അദ്ദേഹം കഥാപാത്രങ്ങളെ തിരഞ്ഞെടുത്തത്, കണ്ടെടുത്ത് ആക്കം കൂട്ടിയത്, ആവിഷ്കരിച്ചത്. ഒത്തു തീര്‍പ്പുകള്‍ക്ക് സന്നദ്ധമല്ലാത്തതും ധീരവുമായ ചുവടുവെപ്പുകളായിരുന്നു അദ്ദേത്തിന്റെത്. ആരെയും കൂസാത്ത ധിക്കാരം. എഴുത്ത് കാക്കനാടന് ജീവിത മാര്‍ഗമായിരുന്നു. ജീവനത്തിന് വേണ്ടി പക്ഷെ ഒത്തു തീര്‍പ്പുകള്‍ക്കൊന്നും അദ്ദേഹം വഴങ്ങിയില്ല.

"അജയ്യത"യുടെ അവകാശം

ഇ പി രാജഗോപാലന്‍

കാക്കനാടന്‍ മതത്തെയും രാഷ്ട്രീയത്തെയും ഗൗരവത്തോടെ നോക്കിക്കണ്ട കഥാകാരനാണ്. രണ്ടിന്റെയും ആധികാരികതയില്‍ കഥാകാരന്‍ വിമര്‍ശനം രേഖപ്പെടുത്തുകയും ചെയ്തു. മതത്തെ പാപവേലകളുടെ മുദ്രണം കൊണ്ടും രാഷ്ട്രീയത്തെ ചരിത്രത്തിന്റെ അട്ടിമറി കൊണ്ടുമാണ് കാക്കനാടന്‍ വിമര്‍ശിച്ചത്. മതത്തിനും രാഷ്ട്രീയത്തിനുമപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെ വിലപ്പെട്ടതായി കാണുക എന്നതായി കാക്കനാടന്റെ സര്‍ഗതത്വം. ശരീരത്തിന്റെ അഴിഞ്ഞുലയുന്ന വര്‍ണനകളും ലഹരിദ്രവ്യങ്ങള്‍ മുഖേനയുണ്ടാകുന്ന സ്മൃതിപ്രതീതികളുടെ തോന്നിയതുപോലുള്ള ഒഴുക്കുകളും ഈ തത്വത്തിന്റെ ഭാഗമായാണ് കാക്കനാടന്റെ കടലാസുകളില്‍ വീണ്ടും വീണ്ടും കാണാനിടവന്നത്.

മുതലാളിത്തം ഏര്‍പ്പെടുത്തുന്ന അന്യവത്കരണത്തിന്റെ ഇരകളാണ് ഓരോരുത്തരും എന്ന ബോധമാണ് കാക്കനാടന്റെ നായക സങ്കല്പത്തിലെ ബാധ. മുതലാളിത്തം എന്നതില്‍ പുതിയ കാലത്തെ (പൗരോഹിത്യ) മതത്തെയും (പ്രസ്ഥാനവത്കൃത) രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കാക്കനാടന്‍ എഴുതിയത്. അന്യവത്കൃതനാണ് എന്ന അനുഭവത്തിന്റെ ഭാഗമായി പല കാക്കനാടന്‍ കഥകളിലും ആവര്‍ത്തിക്കുന്ന പ്രവൃത്തിയാണ് ആഖ്യാനത്തിന്റെ രേഖീയതയെ മറികടക്കുക എന്നത്. ജീവിതത്തെ വൃത്തിയായി, ചിട്ടയായി മനസ്സിലാക്കാനാവുമെന്ന് കരുതുന്നവരുടെ സങ്കേതമാണ് രേഖീയവും യഥാതഥവുമായ ആഖ്യാനം എന്ന് ഈ കഥാകാരന്‍ കരുതിവന്നു. അങ്ങനെ മനസ്സിലാക്കാനായാല്‍ പ്രതീക്ഷയുടെ പ്രമേയം കൂടി അതിലുണ്ടാവും. ഇങ്ങനെയൊരു ലോകജ്ഞാനം കാക്കനാടന് സ്വതവേ ഇല്ല. അതിനാല്‍ പലപ്പോഴും നേരെ ചൊവ്വേയുള്ള കഥാധാരയല്ല, ബോധധാരയാണ് കാക്കനാടന് സ്വാഭാവികമായിത്തീരുന്നത്.
രേഖീയാഖ്യാനത്തില്‍ സ്വാതന്ത്ര്യമില്ല, തോന്നലുകളെയും തീര്‍പ്പുകളെയും മുറിച്ചുമാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്താണ് യഥാതഥാഖ്യാനം ഉണ്ടാവുന്നത് എന്ന വിചാരം കാക്കനാടനെ നയിക്കുന്നുണ്ട്. അന്യവത്കൃതന്റെ റിയലിസം ബോധധാരയാണ് എന്നുതന്നെയും കാക്കനാടന്‍ കരുതിയിരുന്നതായി തോന്നുന്നു. അന്യവത്ക്കരണത്തിന്റെ നടുക്കത്തെ ആഖ്യാനത്തില്‍ സാധ്യമാക്കാനും അതേസമയം അതില്‍നിന്ന് രക്ഷനേടാനും ശ്രമിക്കുന്ന, കഥയിലെ "ഞാന്‍" അവലംബിക്കുന്ന രീതിയാണത്. അത് ഒരു കഥാരീതി മാത്രമാണെന്ന് മനസ്സിലാക്കുന്നത് തെറ്റാണ് - "ഞാന്‍" അനുഭവിക്കുന്ന ജീവിതാവസ്ഥയുടെ തന്നെ സ്വഭാവമാണത്.

"യൂസഫ് സരായിയിലെ ചരസ്വ്യാപാരി" എന്ന ചെറുകഥ വായിക്കുമ്പോള്‍ ഇങ്ങനെയൊക്കെയൊരു അറിവാണുണ്ടാകുന്നത്. ലഹരി ഇതില്‍ അനന്യവത്കരണത്തിന്റെ മരുന്നാണ്. ചരസ്സിന്റെ ചര്യയില്ലാത്ത ഒരു കഥാപാത്രവും ഈ ചെറുകഥയില്‍ ഇല്ല. "എന്റെ വിരലുകളെവിടെ?" എന്ന കഥയിലെ ആഖ്യാതാവിന്റെ നടുക്കത്തിന്റെ ഭൗതിക വ്യാഖ്യാനം എളുപ്പമാക്കുന്ന വിവരണം കുറച്ചുകഴിഞ്ഞ് കിട്ടുന്നുണ്ട്. "കൊണോട്ട് പ്ലേസിലെ പഴകി ദ്രവിച്ചൊരു കെട്ടിടത്തിന്റെ, ജീര്‍ണിച്ച അറയില്‍ , ചിതലു പിടിച്ച ഫയലുകള്‍ക്ക് നടുവില്‍ കുന്തിച്ചിരുന്ന് കള്ളക്കണക്കെഴുതിയുണ്ടാക്കുന്ന" ആളാണ് "ഞാന്‍". തൊഴിലിന്റെയും തൊഴിലിടത്തിന്റെയും ഈ വിവരണം അയാള്‍ അന്യവത്കൃതനാണ് എന്നതിന്റെ നല്ല തെളിവാണ്.

അന്യവത്ക്കരണത്തില്‍നിന്ന് രക്ഷ നേടാനായി അയാള്‍ പരമ്പരാഗത മതത്തെ വിമര്‍ശിക്കുന്നു. ഋഷികേശിലേക്കും ഹരിദ്വാറിലേക്കും രാമേശ്വരത്തേക്കും ബദരീനാഥിലേക്കും കാശിയിലേക്കും പോകുന്നവരെ ചരസ്സിന്റെ ധൂമപാത കാട്ടി "ഞാന്‍" വിളിക്കുന്നുണ്ട്: "ഇതിലേ, ഇതിലേ, ഇതിലേ. ഇതാണു വഴി, ശരിയായ വഴി" എന്ന്. മത-രാഷ്ട്രീയ വിമര്‍ശനം എത്തിച്ചേരുന്നത് മയക്കുമരുന്നിന്റെ പൂജാരിയിലാണ്. ഇങ്ങനെ അന്യവത്ക്കരണത്തിനെതിരായ നീക്കം പാഴായ ഒന്നായിത്തീരുന്നു.
മുതലാളിത്തത്തിലെ സാമ്പത്തിക ചൂഷണംപോലെ പ്രധാനമാണ് അതിലെ അന്യവത്ക്കരണം. ആ അനുഭവത്തിന്റെ നാടകീകരണം എന്ന നിലയില്‍ പ്രസക്തമാണ് ഈ കഥ. നിര്‍ദേശിക്കപ്പെടുന്ന പരിഹാരമാര്‍ഗമെന്ത് എന്ന കാര്യം കണക്കിലെടുക്കുമ്പോഴാണ്, അതിന് ലഹരി എന്ന ഉത്തരമാണുള്ളത് എന്ന് വായിച്ചറിയുമ്പോഴാണ് കഥയോട് പിണങ്ങേണ്ടി വരുന്നത്.

കേരളീയമായ പ്രാദേശിക സംസ്കൃതിയുടെ സൂക്ഷ്മ-സ്ഥൂല ഭാവങ്ങളുടെ കണിശമായ ഗ്രാഹ്യം, ഇന്ത്യന്‍ നഗരാനുഭവങ്ങളുടെ ജ്ഞാനം, ജര്‍മന്‍ ജീവിതം നല്കിയ യൂറോ നാഗരികതയുമായുള്ള നേരിട്ടുള്ള പരിചയം - ഇവ കാക്കനാടന്റെ സര്‍ഗത്തെ വേറിട്ട ഒന്നാക്കുന്നുണ്ട്. തീക്ഷ്ണമായ പദരാശി ഈ അനുഭവങ്ങളെ അദ്ദേഹം ഏതു തരത്തിലാണ് ഉള്‍ക്കൊള്ളുന്നത് എന്നതിന്റെ തെളിവുമാണ്.

ഒറ്റയാന്മാരുടെ പാപ്പാന്‍

ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് പിറവികൊണ്ടവയായിരുന്നു കാക്കനാടന്റെ കഥകള്‍ . പ്രവാസം സമ്മാനിച്ച ചിന്താഭാരം തന്റെ കഥകളിലേക്ക് അദ്ദേഹം പകര്‍ന്നു വച്ചു. രസതന്ത്രത്തിലെ ബിരുദധാരിക്ക് വായനക്കാരന്റെ മനസ്സില്‍ അനുഭൂതികള്‍ തീര്‍ക്കാനുള്ള തന്ത്രം അനുഭവങ്ങള്‍ സമ്മാനിച്ചു. ആധുനിക കാലഘട്ടത്തിന്റെ പടനിലങ്ങളില്‍ പോരാടാന്‍ വിധിക്കപ്പെട്ട "ക്ഷത്രിയന്റെ" കഥ പൂര്‍ത്തിയാക്കാനാവാതെയാണ് കലയുടെ ധീരയോദ്ധാവ് വിടപറഞ്ഞത്. മനുഷ്യബന്ധങ്ങളെക്കുറിച്ചും കാവ്യഭാഷയെക്കുറിച്ചുമുണ്ടായിരുന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ മാനിക്കാന്‍ കലാപകാരിയായ ഈ എഴുത്തുകാരന്‍ തയ്യാറായില്ല. നാടന്‍ സംഭാഷണങ്ങളിലൂടെയും പരുക്കന്‍ ശൈലിയിലൂടെയും സദാചാരത്തിന്റെ സര്‍വസീമകളെയും തകര്‍ത്തെറിഞ്ഞ കാക്കനാടന്‍ എഴുത്തില്‍ വേറിട്ട വഴിയാണ് തുറന്നത്.

കാക്കനാടനുമായി നാരായണന്‍ കാവുമ്പായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

മലയാളത്തില്‍ പുതിയൊരു കാലഘട്ടത്തിന് തുടക്കമിട്ട എഴുത്തകാരില്‍ പ്രമുഖനാണ് കാക്കനാടന്‍ . വായന എഴുത്തിനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

വായന എന്നും ലഹരിയായിരുന്നു. കുട്ടിക്കാലം മുതലുള്ള ശീലമാണത്. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നാണ് വായനയോടുള്ള താല്‍പര്യം ജനിച്ചത്. അച്ഛന്‍ സുവിശേഷകനായിരുന്നു. അദ്ദേഹത്തിന് വലിയൊരു ഗ്രന്ഥശേഖരമുണ്ട്. നന്നായി വായിക്കുകയും ഞങ്ങളെ വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു അച്ഛന്‍ .

എഴുതിത്തുടങ്ങിയതിന് പ്രത്യേകിച്ചെന്തെങ്കിലും നിമിത്തം?

അനുജന്‍ രാജന്‍ കാക്കനാടനാണ് എഴുത്തിന് നിമിത്തമെന്ന് പറയാം. രാജന് ആറേഴ് വയസായപ്പോള്‍ കഥകേള്‍ക്കാന്‍ വലിയ താല്പര്യമായിരുന്നു. ഞാന്‍ വായിച്ച കഥകള്‍ അവന് പറഞ്ഞുകൊടുത്തു. വായിച്ച കഥകളുടെ കലവറ കാലിയായപ്പോള്‍ അവയുടെ ചുവടുപിടിച്ച് ഞാന്‍ പുതിയ കള്ളക്കഥകള്‍ പടച്ചുണ്ടാക്കി.

എഴുത്ത?

എന്റെ രചനകളെപ്പറ്റി എനിക്ക് നല്ല ബോധ്യമുണ്ട്. അതിനെ സ്വയംവിമര്‍ശനരീതിയില്‍ വിലയിരുത്താറുമുണ്ട്. എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും തുടക്കക്കാരനാണ്. എനിക്കു തോന്നിയ കാര്യങ്ങളാണ് ഞാനെഴുതിയത്. മറ്റുള്ളവര്‍ക്കുവേണ്ടി എഴുതിയിട്ടില്ല. "മണ്ണിന്റെ മണമുള്ള എഴുത്ത്" എന്നൊക്കെ ചിലര്‍ പറയുന്നതുകേള്‍ക്കാം. അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. മണ്ണിന്റെ മണമൊക്കെ സ്വാഭാവികമായി വന്നുകൊള്ളും. ജീവിതത്തോടുള്ള എഴുത്തുകാരന്റെ പ്രതികരണമാണ് അയാളുടെ എഴുത്ത്. ജീവിതത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമാണ് എഴുത്ത്.

ആധുനികതയുടെ കാലത്തെ മറ്റ് എഴുത്തുകാരെല്ലാം തന്നെ കാലപ്പകര്‍ച്ചയ്ക്കനുസരിച്ച് എഴുത്തിന്റെ ശൈലി നവീകരിച്ചിട്ടുണ്ട്. ആധുനികത പുതിയ കാലത്തെ എഴുത്തിന് തടസ്സമാകുന്നുണ്ടോ?

ഞാന്‍ ആധുനികനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. അങ്ങനെ എഴുത്തുകാരനെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമാക്കി ബ്രാക്കറ്റ് ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല. എഴുത്ത് തുടര്‍ച്ചയാണ്. ഓരോ കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് എഴുത്തിന്റെ രീതിശാസ്ത്രം മാറുന്നുവെന്നേയുള്ളൂ.

"സാക്ഷി" എന്ന നോവലില്‍ നാരായണന്‍കുട്ടി എന്ന കഥാപാത്രത്തിന് ഏതെങ്കിലും പ്രോട്ടോടൈപ്പുമായി ബന്ധമുണ്ടോ?

ഡല്‍ഹിയില്‍നിന്ന് കണ്ടെത്തിയതാണ് നാരായണന്‍കുട്ടിയുടെ മാതൃക. കെ എസ് നായര്‍ . ഒരുപാട് സ്വഭാവങ്ങള്‍ നാരായണന്‍കുട്ടിയും നായരും പങ്കിടുന്നുണ്ട്. അച്ഛനെ കൃഷ്ണപിള്ളച്ചേട്ടന്‍ എന്നേ നായര്‍ വിളിക്കാറുള്ളൂ. "ചേട്ടനാ എന്റെ തന്തപ്പടി" എന്നേ പറയാറുള്ളൂ.

ഉഷ്ണമേഖലയിലെ ശിവന്‍ കാക്കനാടന്റെ ആത്മാംശം കലര്‍ന്ന കഥാപാത്രമാണെന്ന് കേട്ടിട്ടുണ്ട്?

അതെ. കൊട്ടാരക്കരയിലെ ഞങ്ങളുടെ വാടകവീട് കമ്യൂണിസ്റ്റ്നേതാക്കളുടെ ഷെല്‍ട്ടറായിരുന്നു. ചെറുപ്പം മുതല്‍തന്നെ കമ്യൂണിസ്റ്റ്കാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. അന്ന് അവര്‍ എന്റെ ഹീറോമാരായിരുന്നു. ഇതിനിടയില്‍ പാര്‍ടി പിളര്‍ന്നു. ആ ദുഃഖത്തില്‍ നിന്നാണ് "ഉഷ്ണമേഖല" ഉണ്ടാകുന്നത്.

ഒറോത കുടിയേറ്റത്തിന്റെ കഥയാണല്ലോ പറയുന്നത്. ഒറോതയുടെ പശ്ചാത്തലമെന്തായിരുന്നു?

അനിയന്‍ തമ്പി വിവാഹം ചെയ്തത് ചെമ്പേരിയില്‍ നിന്നാണ്. കല്യാണത്തിനുമുമ്പേ അമ്മാവന്‍ അവിടേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. അമ്മാവന്റെ ബന്ധുവിനെയാണ് തമ്പി കല്യാണം കഴിച്ചത്. ഒറോതയുടെ തുടക്കം പാലായിലാണ്. "99ലെ വെള്ളപ്പൊക്കത്തില്‍ മീനച്ചിലാറിലൂടെ ഒഴുകി വന്നതാണ് ഒറോത. ഒരു വീടങ്ങനെ ഒഴുകിവരികയാണ്. ഏതോ ഒരു വര്‍ക്കിച്ചേട്ടന്‍ നോക്കുമ്പോള്‍ ആ വീടിനകത്ത് ഒരു കൊച്ച്. ആ കുട്ടിയെ വര്‍ക്കിച്ചേട്ടന്‍ പിന്നീട് വളര്‍ത്തുന്നു. വെള്ളത്തിലൊഴുകി വന്ന, വെള്ളമന്വേഷിച്ച് പോയി അപ്രത്യക്ഷയായ ഒറോത. ഞങ്ങളുടെ അമ്മയുടെ പേരും ഒറോതയെന്നാണ്.

നാടോടിജീവിതം നയിച്ച് അലഞ്ഞുനടന്ന കാക്കനാടന് കൊല്ലം നഗരവുമായി ഒരാത്മബന്ധം തന്നെയുണ്ട്. വിശദീകരിക്കാമോ?

ശരിയാണ്. കൊട്ടാരക്കരയും കൊല്ലവും എന്നെ വളര്‍ത്തി വലുതാക്കിയ, വളര്‍ത്തി വഷളാക്കിയ എന്റെ നാടാണെന്ന് പറയാം. കൊട്ടാരക്കര ഗവണ്‍മെന്റ് ഹൈസ്കൂളും കൊല്ലം ശ്രീനാരായണ കോളേജുമായിരുന്നു എന്റെ വിദ്യാകേന്ദ്രങ്ങള്‍ . കൊട്ടാരക്കരയ്ക്കടുത്ത് മൈലം എന്ന ഗ്രാമത്തിലാണ് ഞങ്ങള്‍ താവളമുറപ്പിച്ചത്. ഓലമേഞ്ഞ ഒരു ചെറിയ വീടും 40 സെന്റ് സ്ഥലവുമായിരുന്നു ഞങ്ങളുടെ ഭൂസ്വത്ത്. ആ പ്രദേശവും അവിടെ ജീവിച്ച മനുഷ്യരും മനസ്സില്‍നിന്ന് ഒരുനാളും പറിച്ചുകളയാന്‍ വയ്യാത്ത ആത്മാംശങ്ങളായി. 55ല്‍ ഒരു ഡിഗ്രിയുമായി ഞാന്‍ കൊല്ലം വിട്ടതാണ്. ഇരുമ്പനങ്ങാട്, നൂറനാട് പടനിലം, തിരുച്ചി, മദ്രാസ്, ദില്ലി, ലൈപ്സിഗ് അങ്ങനെ പലേടങ്ങളിലും ചേക്കേറി. എല്ലാം കൊല്ലത്തേക്ക് തിരിച്ചുവരാന്‍ വേണ്ടി മാത്രം. 68ല്‍ ഞാന്‍ വീണ്ടും കൊല്ലം നിവാസിയായി.

"കമ്പോളം" സ്വന്തം നഗരമായ കൊല്ലത്തെക്കുറിച്ചുള്ള രചനയാണല്ലോ. അതിന്റെ തുടര്‍ച്ചയും പിന്നീട് പുറത്തുവന്നില്ല

"കമ്പോളം" എന്റെ വലിയൊരു ആഗ്രഹമായിരുന്നു. കൊല്ലം എന്റെ നഗരമാണ്. ചിരപുരാതനമായ ചരിത്രവും സംസ്കാരവുമുള്ള കൊല്ലത്തിന്റെ വ്യാപാരശൃംഖല ബാബിലോണിയ വരെ നീണ്ടുപോകുന്നതാണ്. വായിച്ചും കണ്ടും കേട്ടുമറിഞ്ഞും സ്വന്തമാക്കിയ വലിയൊരു അനുഭവം മനസ്സിലുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ ചരിത്രം പ്രമേയമാക്കി രണ്ടു സൃഷ്ടികള്‍ മുമ്പ് നടത്തിയിരുന്നു. അതിനുശേഷമാണ് "കമ്പോള"ത്തിന്റെ രചന തുടങ്ങിയത്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന "ക്ഷത്രിയന്‍" പുറത്തിറങ്ങിയതുമില്ല. എന്താണ് എഴുത്തിന് തടസ്സമായത്?

ഈ പറഞ്ഞ പ്രമേയങ്ങളെല്ലാം കുറേക്കൂടി വിശദമായ രചനകള്‍ക്ക് വിധേയമാക്കണമെന്ന് കരുതിയതുതന്നെയാണ്. പല കാരണങ്ങളാല്‍ നടന്നില്ല. പിന്നെ, പിശുക്കിയെഴുതുന്നത് എനിക്ക് ഇഷ്ടമല്ല. വലിയ രചനകള്‍ക്ക് സാവകാശം കിട്ടിയതുമില്ല.

സാഹിത്യത്തിനപ്പുറം ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഏതിനോടെങ്കിലും പ്രത്യേക ആഭിമുഖ്യം തോന്നിയിട്ടുണ്ടോ?

ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളത് മാര്‍ക്സിസമാണ്. കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം അതിന് പ്രേരിപ്പിച്ചിരിക്കാം. കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവിടങ്ങളിലൊന്നായിരുന്നു കൊട്ടാരക്കരയിലെ ഞങ്ങളുടെ വീട്. എം എന്‍ ഗോവിന്ദന്‍നായര്‍ നാഗര്‍കോവില്‍ ജയില്‍ചാടി വന്നത് കൊട്ടാരക്കരയിലെ വാടകവീട്ടിലേക്കായിരുന്നു. ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ പാര്‍ക്കുന്നവരെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകില്ല. കാരണം അപ്പന്‍ സുവിശേഷപ്രവര്‍ത്തകനാണല്ലോ.

കമ്യൂണിസ്റ്റുകാര്‍ നല്ല പുസ്തകങ്ങളും പരിചയപ്പെടുത്തി. റഷ്യയില്‍ നിന്നുള്ള ഈടുറ്റ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ . അങ്ങനെയാണ് മാര്‍ക്സിനെ വായിക്കാന്‍ അവസരമുണ്ടായത്. മിച്ചമൂല്യസിദ്ധാന്തത്തെ മൗലികമായി വിശദീകരിച്ച് എന്നെപ്പോലുള്ളവര്‍ക്ക് അധ്വാനത്തിന്റെ വിലയെന്തെന്ന് ബോധ്യപ്പെടുത്തിയത് മാര്‍ക്സാണ്. വര്‍ഗവിഘടിത സമൂഹത്തിന്റെ പ്രത്യയശാസ്ത്ര പരിസരത്തെക്കുറിച്ചുള്ള മാര്‍ക്സിയന്‍ കാഴ്ചപ്പാടിന് പകരംവെക്കാന്‍ മറ്റൊന്നില്ല.

പുതിയ ലോകസാഹചര്യത്തില്‍ കമ്യൂണിസത്തെ എങ്ങനെ വിലയിരുത്തുന്നു?

കമ്യൂണിസം തകര്‍ന്നുവെന്നോ പ്രസക്തി നഷ്ടപ്പെട്ടുവെന്നോ ഞാന്‍ കരുതുന്നില്ല. 1917ലെ ഒക്ടോബര്‍ വിപ്ലവം ലോകത്തില്‍ വലിയ സ്വാധീനമുണ്ടാക്കി. അന്നുമുതല്‍തന്നെ അതിനെ തകര്‍ക്കാനുള്ള മുതലാളിത്ത ശ്രമങ്ങളുമുണ്ടായി. അതില്‍നിന്നെല്ലാം സോഷ്യലിസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് ലെനിനും സ്റ്റാലിനുമെല്ലാം നടത്തിയത്. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ ന്യായീകരിക്കപ്പെടാവുന്ന ഭരണാധികാരിയാണ്. ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച പ്രതിവിപ്ലവകാരികളാണ് പില്‍ക്കാലത്ത് സോവിയറ്റ് യൂണിയനെ തകര്‍ത്തത്. മാര്‍ക്സിസം തകര്‍ന്നുവെന്ന് പറയുന്നത് ശരിയല്ല. അതിനെക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ തെറ്റിയെന്നുവരാം

വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

അധിക വായനക്ക്

വര്‍ക്കേഴ്സ് ഫോറത്തിലെ കാക്കനാടന്‍ പോസ്റ്റുകള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു കലാപകാരിയായാണ് സാഹിത്യത്തില്‍ കാക്കനാടന്റെ ഉദയം. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം. ചൂഷണത്തിനും ഉപചാരത്തിനും സ്വകാര്യ സ്വത്താര്‍ജ്ജനത്തിനും എതിരുനില്‍ക്കുന്നതിനൊപ്പം വ്യവസ്ഥിതിക്കെതിരെ അരാജകമായൊരു ജീവിതവീക്ഷണവും കാക്കനാടനില്‍ വളര്‍ന്നു. മതത്തിന്റെയോ മറ്റേതെങ്കിലും തത്വങ്ങളുടെയോ പ്രചാരകനോ പ്രയോക്താവോ ആയല്ല, ജീവിതയാഥാര്‍ഥ്യങ്ങളെ തന്റേതായ കണ്ണിലൂടെ നോക്കി നിശിതമായി പ്രതികരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.