Monday, October 10, 2011

നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാടുന്ന ഗ്രീക്ക് ജനതക്ക് അഭിവാദ്യങ്ങള്‍

സാമ്പത്തിക പ്രതിസന്ധി മറകടക്കാനെന്ന വ്യാജേന കോര്‍പറേറ്റുകളെ കൊഴുപ്പിക്കാന്‍ സാധാരണ ജനങ്ങളുടെ കൂലിയും പെന്‍ഷനും നിഷേധിക്കുന്ന ഗ്രീക്ക് ഭരണകൂടനയങ്ങള്‍ക്കെതിരെ ഗ്രീക്ക് ജനത ഒറ്റക്കെട്ടായി പോരാടുകയാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പൂര്‍ണ്ണ പങ്കാളിത്തം പണിമുടക്കുകളില്‍ ദൃശ്യമായി. ഓരോ പണിമുടക്ക് കഴിയുമ്പോഴും നവലിബറല്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുകയാണ്. തീവണ്ടിഗതാഗതവും സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും സ്തംഭിക്കുകയാണ്. ഏതന്‍സിലെ പാര്‍ലിമെന്റിനു മുന്നില്‍ വന്‍ പ്രതിഷേധറാലി നടന്നു.

അന്താരാഷ്ട്രനാണയനിധിയുടേയും യൂറോപ്യന്‍ കമ്മീഷന്റെയും ഉപദേശമനുസരിച്ചാണ് കൂലിയും പെന്‍ഷനും മറ്റ് ക്ഷേമപദ്ധതികളും തകിടം മറിക്കുന്നത്. 1200 യൂറോയില്‍ കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ പെന്‍ഷനില്‍ 20 ശതമാനം കുറക്കുകയാണ്. 30000 സര്‍ക്കാര്‍ ജീവനക്കാരെ ഒരു വര്‍ഷത്തേക്ക് ‘Labour Reserve’ എന്ന പേരില്‍ നിര്‍ത്തി 40 ശതമാനം കൂലി കുറക്കും. പിന്നീട് അവരുടെ ജോലിയും പോകും. വരുമാന നികുതിയുടെ പരിധി കുറച്ചുകൊണ്ട് സാധാരണജനങ്ങളെ പലരീതിയില്‍ കൊള്ളയടിക്കുകയാണ്. വരുമാനനികുതിയുടെ പരിധി 8000 യൂറോയില്‍ നിന്ന് 5000 യൂറോ ആയി കുറച്ചു. അന്താരാഷ്ട്രനാണയനിധിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം ഗ്രീസിന്റെ സാമ്പത്തികനില 4.4 ശതമാനം താഴോട്ടുപോയി. അവരുടെ തന്നെ ഉപദേശത്തിനനുസരിച്ച് കാര്യങ്ങള്‍ നീങ്ങുമ്പോള്‍ ഈ വര്‍ഷം നില കൂടുതല്‍ അപകടത്തില്‍ എത്തുകയാണ്. 5.5 ശതമാനം തളര്‍ച്ചയാണ് (Negative Growth) കാണിക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും പ്രതിഷേധം ശക്തമാണ്. ഏതന്‍സ് സര്‍വ്വകലാശാലയിലെ ഇക്കണോമിക് തിയറി പ്രൊഫസര്‍ Yanis Varufakis പറയുന്നത് ശ്രദ്ധിക്കുക.

‘They are cutting into the flesh, Just not fat. And the patient - Greece- is dying from its wounds’

ഏതന്‍സിലെ നാഷണല്‍ തിയേറ്ററിലെ ഒരു തൊഴിലാളിയുടെ വാക്കുകള്‍

‘ We are living in terror that we may lose our Jobs, our Lives - we are not treated as human beings. They cut our wages and pensions. But I don’t believe any more that any of this is for the good of our country’


അതെ, നവലിബറല്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുക തന്നെയാണ്.

ബള്‍ഗേറിയയിലും സ്ഥിതി വ്യത്യസ്തമല്ല

ബള്‍ഗേറിയയുടെ യൂറോപ്യന്‍ യൂനിയനിലേക്കുള്ള പ്രവേശനം ആ രാജ്യത്തെ ജനങ്ങളെ കൊടിയ ദാരിദ്ര്യത്തിലേക്കും ദുസ്സഹമായ ജീവിതസാഹചര്യങ്ങളിലേക്കും തള്ളിവിടുകയാണ്. ഉയരുന്ന നാണയപ്പെരുപ്പവും സാമൂഹ്യക്ഷേമരംഗത്തുനിന്നും ഭരണകൂടം പൂര്‍ണ്ണമായും പിന്മാറുന്നതും ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്.

യൂറോപ്യന്‍രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ കൂലിനിരക്കുകള്‍ ബള്‍ഗേറിയയിലാണ്. ഏപ്രില്‍ 28ാം തീയ്യതി വാഹനം ഓടിക്കാന്‍ ഉപയോഗിക്കുന്ന ഗ്യാസിന്റെ കനത്ത വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വാഹനഉടമകള്‍ റോഡുകള്‍ ഉപരോധിച്ചു. വിലവര്‍ധനക്കെതിരെ സമൂഹത്തില്‍ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരികയാണ്. രാജ്യത്തിലെ സുപ്രധാന മേഖലകള്‍ സ്വകാര്യവല്‍കരിച്ചു കഴിഞ്ഞു. കുടിവെള്ളവും വൈദ്യുതിയും സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചു. കുടിവെള്ളം ഏറ്റെടുത്ത ഫ്രഞ്ച് കമ്പനി Veolia Environment കുടിവെള്ളത്തിന്റെ വില വര്‍ധിപ്പിച്ചു. ഭക്ഷണസാധനങ്ങള്‍ക്ക് 50 ശതമാനം മുതല്‍ 200 ശതമാനം വരെയാണ് വിലവര്‍ധന.

ബള്‍ഗേറിയയുടെ യൂറോപ്യന്‍ യൂനിയനിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിബന്ധനകളാണ് ഐ.എം.എഫും, ലോകബാങ്കും,യൂറോപ്യന്‍ യൂനിയനും മുന്നോട്ട് വെക്കുന്നത്. ആ നിബന്ധനകള്‍ കൂടി പൂര്‍ണ്ണമാകുമ്പോള്‍ ബള്‍ഗേറിയന്‍ ജനതയുടെ കഴുത്ത് ഞെരിക്കുകയാകും സാമ്രാജ്യത്വം. ബള്‍ഗേറിയയിലെ ബാങ്കുകള്‍ 82 ശതമാനവും വിദേശബാങ്കുകളാണ്. JP Morgan, Goldman Sachs, Common bank, Merryil Lynch International, Royal Bank of Scotland, Credit Suicsse, Unicredit തുടങ്ങിയവയാണ് പ്രധാനബാങ്കുകള്‍. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബള്‍ഗേറിയന്‍ ജനത പോരാട്ടം ശക്തിപ്പെടുത്തുകയാണ്.


*****


കെ.ജി.സുധാകരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏതന്‍സ് സര്‍വ്വകലാശാലയിലെ ഇക്കണോമിക് തിയറി പ്രൊഫസര്‍ Yanis Varufakis പറയുന്നത് ശ്രദ്ധിക്കുക.

‘They are cutting into the flesh, Just not fat. And the patient - Greece- is dying from its wounds’

ഏതന്‍സിലെ നാഷണല്‍ തിയേറ്ററിലെ ഒരു തൊഴിലാളിയുടെ വാക്കുകള്‍

‘ We are living in terror that we may lose our Jobs, our Lives - we are not treated as human beings. They cut our wages and pensions. But I don’t believe any more that any of this is for the good of our country’