Friday, October 21, 2011

കാലത്തിന്റെ പടപ്പാട്ടുകാരി

ഓര്‍മകളുടെ തലോടലേറ്റ് മയങ്ങുകയല്ല, അതിന്റെ ഊര്‍ജത്തില്‍ നിന്നും പോയ സമരകാലങ്ങളെ തിരിച്ചുപിടിക്കുകയാണ് എഴുപത്തെട്ടാം വയസിലും പികെ മേദിനി എന്ന വിപ്ളവഗായിക. വരികളിലും വരികള്‍ക്കിടയിലും കാഴ്ചയും കാഴ്ചപ്പാടുമുള്ള പാട്ടുകള്‍കൊണ്ട് മലയാളക്കരയെ ആവേശംകൊള്ളിച്ച മേദിനി ഇടതുപക്ഷാശയങ്ങളുടെ ചൂടും ചൂരും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നു. ജീവിതം പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനും സാംസ്കാരിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ച മേദിനിയുടെ ജീവിതം ഒരുപക്ഷേ യുവതലമുറയ്ക്ക് ഏറെ കൌതുകകരവും അത്ഭുതവും ആയേക്കാം. ദാരിദ്ര്യമാണ് മേദിനിയെ രാഷ്ട്രീയപ്രവര്‍ത്തകയാക്കിയത്. ഓര്‍മകള്‍ ആഞ്ഞുകൊത്തുമ്പോള്‍ പി കെ മേദിനി എന്ന വിപ്ളവഗായിക ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ ചുവന്ന മണ്ണിലൂടെ നടക്കും. ഇരമ്പുന്ന മനസ്സോടെ പഴയ സഖാക്കളുടെ വീടുകള്‍ കയറിയിറങ്ങും. ഇ എം എസും നായനാരും കൃഷ്ണപ്പിള്ളയും സുഗതനുമെല്ലാം നടന്ന വഴികളിലൂടെ തനിച്ച് നടക്കും.

ദാരിദ്ര്യം പിടിമുറുക്കിയ ആലപ്പുഴയിലെ ചീരഞ്ചിറയില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ കങ്കാളിയുടെയും പാപ്പിയുടെയും പന്ത്രണ്ടു മക്കളില്‍ ഏറ്റവും ഇളയവളായിട്ടാണ് പി കെ മേദിനിയുടെ ജനനം. പതിനഞ്ചു രൂപ ഫീസ് നല്‍കാനില്ലാത്തതിനാല്‍ ക്ളാസില്‍ നിന്ന് പുറത്താക്കിയതോടെ ആറാംക്ളാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. പൊലീസ് ഭീകരതയും ഇല്ലായ്മയും വേട്ടയാടിയ ബാല്യ-കൌമാരങ്ങള്‍. വ്യക്തി ജീവിതവും സാമൂഹിക ജീവിതവും ഏറെ വെല്ലുവിളികള്‍ നേരിട്ട കാലം.

പന്ത്രണ്ടു വയസില്‍ തുടങ്ങുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള മേദിനിയുടെ ബന്ധം. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതത്തെ കുട്ടിയായ മേദിനി അത്ഭുതത്തോടെയും കൌതുകത്തോടെയും നോക്കിനില്‍ക്കുക മാത്രമല്ല, അവരുടെ ജീവിതത്തില്‍ ഇടപെടുകയും ചെയ്തു. തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടില്‍ സഖാവ് പി കൃഷ്ണപ്പിള്ള ഒളിവില്‍ താമസിക്കാനെത്തിയതും അദ്ദേഹവുമായി ഇടപഴകാന്‍ കഴിഞ്ഞതും മേദിനിയിലെ വിപ്ളവകാരിയെ ഉണര്‍ത്തി. ഒരു ദിവസം കൃഷ്ണപ്പിള്ള മേദിനിയെ വിളിച്ച് അലക്കുകാരുടെ തുണിക്കെട്ട് പോലെയുള്ള ഒരു കെട്ട് നല്‍കിയിട്ട് ഒരിടത്ത് എത്തിക്കാന്‍ പറഞ്ഞു. ഇഎംഎസിന്റെ 'ഒന്നേകാല്‍ കോടി മലയാളികള്‍ ' എന്ന നിരോധിക്കപ്പെട്ട പുസ്തകമായിരുന്നു അത്. ഒരു പുസ്തകം മേദിനിക്കും നല്‍കി. ഒരിക്കലും മറക്കാനാവാത്ത ഓര്‍മയായി ആ സംഭവം മേദിനി സൂക്ഷിക്കുന്നു. "ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു അന്ന്. ബജ്റയും ഗോതമ്പുമൊക്കെയായിരുന്നു ശരണം. അന്നത്തെ വൈകുന്നേരങ്ങളില്‍ ചക്കരകാപ്പിയും പയറും സഖാവിന് കൊണ്ടുകൊടുക്കുന്ന ഓര്‍മ ഇന്നും എനിക്കുണ്ട്. ഇത്തരം ഓര്‍മകളാണ് ഇപ്പോഴും എനിക്ക് ശക്തിയും ആത്മവിശ്വാസവും നല്‍കുന്നത്''-മേദിനി പറയുന്നു. കൃഷ്ണപ്പിള്ളയുടെ വലിപ്പം കൊച്ചുകുട്ടിയായ മേദിനിക്ക് അറിയില്ലായിരുന്നു. രണ്ടു മൂന്നാഴ്ചകള്‍ക്കുശേഷം പാമ്പുകടിയേറ്റ് കൃഷ്ണപ്പിള്ള മരിച്ച വാര്‍ത്ത മേദിനിയെ ഏറെ വേദനിപ്പിച്ചു. ഇന്നും കൃഷ്ണപ്പിള്ളയെക്കുറിച്ച് പറയുമ്പോള്‍ മേദിനിക്ക് ഒന്നല്ല ഒരായിരം നാവാണ്.

സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാദിവസവും മഹാരാജാവിനെ സ്തുതിക്കുന്ന "വഞ്ചിഭൂമിപതേ......'' പാടിയാണ് മേദിനി കലാരംഗത്തെത്തുന്നത്. കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സമ്മേളനത്തില്‍ എന്‍ സി ശേഖറും മറ്റു ചിലരും മേദിനിയെക്കൊണ്ട് പാട്ടു പാടിക്കുമായിരുന്നു. പിന്നീട് വിപ്ളവത്തിന്റെ തീജ്വാല സ്ഫുരിക്കുന്ന നിരവധി ഗാനങ്ങള്‍കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളില്‍ മേദിനി നിറഞ്ഞുനിന്നു. പതിനാറാം വയസുമുതല്‍ അരലക്ഷത്തിലധികം വേദികളില്‍ പടപ്പാട്ടിന്റെ കൊടുങ്കാറ്റ് വീശി യുവതലമുറയുടെ വിപ്ളവബോധത്തെ ആളിക്കത്തിച്ചു. ഇപ്പോള്‍ എഴുപത്തെട്ടാം വയസിലും ഗായികയായും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയായും നിറഞ്ഞുനില്‍ക്കുന്നു. ആലപ്പുഴയുടെ മണ്‍തരികളില്‍ ഈ ഗായികയുടെ കാല്‍പാടുകള്‍ പതിയാത്ത ഇടമില്ല. കേരളത്തിന്റെ കാതുകള്‍ ഇന്നും കാതോര്‍ക്കുന്നുണ്ട്,

" റെഡ് സല്യൂട്ട് റെഡ് സല്യൂട്ട്
രക്തസാക്ഷി ഗ്രാമങ്ങളേ
പുന്നപ്ര വയലാര്‍ ഗ്രാമങ്ങളേ
പുളകങ്ങളേ വീര പുളകങ്ങളേ
വീരകേരളത്തിന്റെ രോമാഞ്ചങ്ങളേ
വിപ്ളവക്കൊടിയിലെ രക്തരേണുക്കളേ.....'' പോലുള്ള പാട്ടുകള്‍ക്ക്.

"യോഗത്തിന് പി കെ മേദിനിയുടെ പാട്ടും ഉച്ചഭാഷിണിയും ഉണ്ടായിരിക്കുന്നതാണ്''- ഒരുകാലത്ത് ആലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും തൊഴിലാളി യൂണിയനുകളുടെ പൊതു യോഗസ്ഥലങ്ങളില്‍ ഇങ്ങനെയായിരുന്നു പ്രചാരണം. മൈക്ക് അപൂര്‍വ വസ്തുവായി ജനങ്ങള്‍ കണ്ടിരുന്ന കാലഘട്ടത്തില്‍ ജനങ്ങളെ സമ്മേളനങ്ങളിലേക്ക് ആകര്‍ഷിക്കാനാണ് ഇങ്ങനെ പ്രചാരണം നടത്തിയത്. മേദിനി ഓര്‍ക്കുന്നു.

"കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ വാര്‍ഷികത്തിലാണ് ആദ്യമായി പൊതുയോഗത്തില്‍ പാടിയത്. കുട്ടനാടിന്റെ പാടവരമ്പിലൂടെ സ. വര്‍ഗീസ് വൈദ്യന്റെ കൈയുംപിടിച്ച് നടന്നുപോയത് ഓര്‍മയുണ്ട്. അന്ന് രാഷ്ട്രീയം അറിയില്ലെങ്കിലും പട്ടിണി എന്താണെന്നറിയാമായിരുന്നു. ജാതിവ്യത്യാസത്തിന്റെ പ്രശ്നങ്ങള്‍ നേരിട്ടു കണ്ടിരുന്നു. വസ്ത്രം വേണ്ടത്ര ഉടുക്കാന്‍ അനുവാദമില്ലായിരുന്നു. തോര്‍ത്ത് ഉടുത്താണ് കുട്ടികള്‍ സ്കൂളില്‍ പോയിരുന്നത്''- വിശപ്പിന്റെ തീക്ഷ്ണതയാണ് മേദിനിയെ രാഷ്ട്രീയം പഠിപ്പിച്ചത്. പന്ത്രണ്ടാം വയസിലാണ് പ്രശസ്തമായ പുന്നപ്ര വയലാര്‍ സമരം. അതേ കാലത്തുതന്നെ അമ്മ മരിച്ചു. ചരിത്രത്തെ ചുവപ്പിച്ച ആ ദിവസങ്ങളെ മേദിനി ഓര്‍ക്കുന്നു.

" ആലപ്പുഴ കാഞ്ഞിരച്ചിറയിലെ ഞങ്ങളുടെ വീട് പട്ടാളം അടിച്ചുതകര്‍ത്തു. സഹോദരന്‍ ബാബയെ ആരോ ഒറ്റിക്കൊടുത്തതിനെ തുടര്‍ന്ന് അറസ്റ്റുചെയ്തു. അഞ്ചു വര്‍ഷം ജയിലില്‍ കിടന്നു. ഞാനും ഒളിവില്‍ പോയി. ഇടപ്പള്ളിയിലെ ചേച്ചിയുടെ കൂടെ ആറു മാസം കഴിഞ്ഞു. നിരോധനം നീങ്ങിയപ്പോള്‍ തിരിച്ചുവന്നു. സ്കൂളില്‍ ആറാംക്ളാസില്‍ ചേര്‍ന്നു. എന്നാല്‍ ഫീസ് നല്‍കാനില്ലാത്തതിനാല്‍ പഠനം നിര്‍ത്തേണ്ടിവന്നു''.

പഠനം പാതിവഴിയില്‍ നിര്‍ത്തിയ മേദിനി സജീവ കലാപ്രവര്‍ത്തകയായി. തൊഴിലാളി സാംസ്കാരിക കേന്ദ്രത്തിന്റെ കീഴില്‍ നൃത്തം, പാട്ട്, തെരുവുനാടകം എന്നിവ സംഘടിപ്പിച്ചു. പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് നേതാക്കള്‍ ശിക്ഷിക്കപ്പെട്ടു. ജയിലില്‍നിന്നിറങ്ങിയ ടി വി തോമസ്, കെ ആര്‍ ഗൌരിയമ്മ, സുഗതന്‍ തുടങ്ങിയ നേതാക്കള്‍ക്ക് നല്‍കിയിരുന്ന സ്വീകരണപരിപാടികളില്‍ സ്ഥിരം ഗായികയായി മേദിനി മാറി. പ്രസംഗത്തെക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പാട്ടിനു കഴിയുമെന്ന് മനസ്സിലാക്കി ഒട്ടുമിക്ക പൊതുസമ്മേളനങ്ങളിലും പ്രസംഗങ്ങള്‍ക്കിടയില്‍ മേദിനിയുടെ പാട്ടുകള്‍ പതിവായി. കേരളത്തിന്റെ മുക്കിലും മൂലയിലും മേദിനിയുടെ വിപ്ളവഗാനങ്ങള്‍ മുഴങ്ങിയ കാലമായിരുന്നു പിന്നീട്. അതിനിടെ കെടാമംഗലത്തിന്റെ കൂടെ ഇരുനൂറോളം സ്റ്റേജുകളില്‍ 'സന്ദേശം' എന്ന നാടകം അവതരിപ്പിച്ചു. കര്‍ഷക സ്ത്രീയായിട്ടായിരുന്നു വേഷം. പി ജെ ആന്റണിയുടെ കൂടെ 'ഇങ്ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിലെ റോസിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പാട്ടു പാടിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്ത സംഭവവും മേദിനിയുടെ ജീവിതത്തിലുണ്ട്. പതിനേഴാം വയസില്‍ ഒരു സമ്മേളനത്തില്‍ കോട്ടയത്ത് പാടിയപ്പോഴായിരുന്നു അത്.

"സാമ്രാജ്യത്വം വന്‍കിട ബൂര്‍ഷ്വാ വര്‍ഗം ജന്മിത്വം
മര്‍ദക ചൂഷക മൂര്‍ത്തികള്‍ മൂവരുമൊത്തു ഭരിക്കുന്ന
നാടിതു ചുട്ടുകരിക്കുന്ന നരവേട്ടക്കാര്‍ എംഎസ്പിക്കാര്‍
അച്യുത പാഷാളി, ഒ എം ഖാദര്‍, നാടാര്‍,
രാമന്‍കുട്ടികള്‍, മന്നാടി
ഒന്നും തലപൊക്കില്ലിവിടെ
ചുണയന്മാരാ ചീനക്കുട്ടികള്‍
അവരുടെ മൂക്കിന്മേല്‍ കയറും
കോര്‍ത്തിട്ടെല്ലായിടവുമെഴുന്നള്ളിക്കുകയായ്
അതു കണ്ടാനന്ദിക്കുകയായ്....''

നിരോധിക്കപ്പെട്ട ഈ പാട്ടായിരുന്നു പാടിയത്. നിരോധനമുണ്ടെന്നും വാറണ്ടുണ്ടെന്നും അറിഞ്ഞുകൊണ്ടായിരുന്നു പാടിയത്. പരിപാടി കഴിഞ്ഞ് കോട്ടയം ഭാസിയുടെ വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു പൊലീസെത്തിയത്.

അന്ന് പാറാവുനിന്ന പൊലീസുകാരന്‍ വരയുള്ള ഒരു കടലാസില്‍ റൂള്‍ പെന്‍സില്‍ ചുറ്റി നൂലില്‍ കെട്ടി അഴിയിലൂടെ ഇട്ടുകൊടുത്തു. പ്രണയലേഖനം പോലെ ഒന്ന്. ആരും കാണാതെ മേദിനി ആ എഴുത്ത് വായിച്ചു."സഖാവെ, നിങ്ങളുടെ ആവേശകരമായ പാട്ടുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. 'പൊലിഞ്ഞു നീചരാല്‍ നിന്‍ ജീവിതം പരമ യോദ്ധാവേ' എന്ന പാട്ട് എന്നെ വളരെ ആവേശം കൊള്ളിച്ചു.'' ഇതായിരുന്നു കത്തിലുണ്ടായിരുന്നത്. പൊലീസുകാര്‍ക്കിടയിലും സഖാവേ എന്നു വിളിക്കുന്നവര്‍ ഉണ്ടെന്ന കാര്യം മേദിനിയെ ഏറെ ആവേശം കൊള്ളിച്ചു.

നിരവധി പ്രണയാഭ്യര്‍ഥനകളും വിവാഹാലോചനകളും വന്നെങ്കിലും ഇരുപത്തെട്ടാം വയസിലായിരുന്നു മേദിനിയുടെ വിവാഹം. വീട്ടില്‍ വരുമായിരുന്ന അപ്പച്ചിയുടെ മകനോട് അങ്ങോട്ട് ചോദിക്കുകയായിരുന്നു വിവാഹം കഴിക്കുമോ എന്ന്. അദ്ദേഹം കോണ്‍ഗ്രസുകാരനായിരുന്നു. പരസ്പരം പൊരുത്തപ്പെടുമോ എന്നു പലര്‍ക്കും സംശയമുണ്ടായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സ്മൃതി, ഹന്‍സ എന്നീ രണ്ടു പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും ഇളയ മകള്‍ക്ക് രണ്ടര വയസുള്ളപ്പോള്‍ ഭര്‍ത്താവിന് രോഗം പിടിപെട്ടു. ഒടുവില്‍ പത്തു വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് വിരാമമിട്ട് ഭര്‍ത്താവ് ഈ ലോകത്തോടും മേദിനിയോടും യാത്ര പറഞ്ഞു. 1969 ഫെബ്രുവരിയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. 1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിലയുറപ്പിച്ച മേദിനി ഇരു പാര്‍ടികളും ഒരുമിക്കുന്നത് സ്വപ്നം കാണുന്നു. "സിപിഐ സിപിഎം വ്യത്യാസത്തോടെയല്ല ഞാന്‍ പെരുമാറുന്നത്. തിരിച്ച് എന്നെയും ആരും അങ്ങനെ കാണാറില്ല. ഇരു പാര്‍ടികളും ഒരുമിച്ചുള്ള ഒരു വേദിയില്‍ പാടാനെനിക്ക് ആഗ്രഹമുണ്ട്''.

ഭര്‍ത്താവ് മരിച്ച് ജീവിതത്തിനുമുന്നില്‍ പകച്ചുനിന്നപ്പോള്‍ പത്രത്തിലൂടെ വായിച്ചറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി സ. അച്യുതമേനോന്‍ അയച്ച കത്തും നൂറു രൂപയും മേദിനിക്ക് കണ്ണു നിറയ്ക്കുന്ന ഓര്‍മയാണ്. കുട്ടികളെ വളര്‍ത്താന്‍ ഏറെ ബുദ്ധിമുട്ടിയപ്പോള്‍ കേരള സ്പിന്നേഴ്സില്‍ ജോലിക്ക് ചേര്‍ന്നു. "അച്യുതമേനോന്റെ ശ്രമഫലമായാണ് കേരള സ്പിന്നേഴ്സില്‍ ജോലി ലഭിച്ചത്. 26 രൂപയായിരുന്നു ശമ്പളം. അത്യാവശ്യം ഭക്ഷണവും കിട്ടുമായിരുന്നു. ജീവിതം ഒരുവിധം കരപിടിച്ചത് അക്കാലത്താണ്''.

ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച പി കെ മേദിനി സിപിഐ ജില്ലാ കമ്മിറ്റി അംഗം, എന്‍എഫ്ഐഡബ്ള്യുവിന്റെ ദേശീയ നിര്‍വാഹക സമിതി അംഗം, ഇപ്റ്റയുടെ പ്രവര്‍ത്തക എന്നിങ്ങനെ സജീവമാണ്.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ടി എന്‍ കുമാരന്‍ സ്മാരക പുരസ്കാരം, ജനകീയ ഗായികാ അവാര്‍ഡ്, കാമ്പിശ്ശേരി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. നാടകപ്രവര്‍ത്തക സജിത മഠത്തില്‍ മേദിനിയെക്കുറിച്ച് നിര്‍മിക്കുന്ന 'മാറ്റത്തിന്റെ പാട്ടുകാരി' എന്ന ഡോക്യുമെന്ററിയുടെ പ്രവര്‍ത്തനത്തിലാണിപ്പോള്‍. ആലപ്പുഴ ജില്ലയിലെ വിവിധ സ്കൂളുകളിലെ 1500ല്‍ പരം കുട്ടികള്‍ ഉള്‍പ്പെടുന്ന 'ബാലസംഘ' ത്തിന്റെ ചുമതലക്കാരിയാണിപ്പോള്‍ മേദിനി. പാട്ടു പാടിക്കൊടുത്തും കഥ പറഞ്ഞും അവരുടെ മുത്തശ്ശിയായി സന്തോഷത്തോടെ ജീവിക്കുന്നു.

മണ്ണഞ്ചേരിയില്‍ നിന്നും ആലപ്പുഴയിലേക്ക് പോകുമ്പോള്‍ മേദിനിയമ്മ വണ്ടിയുടെ വേഗം കുറയ്ക്കാന്‍ പറഞ്ഞു. ഇടതുഭാഗത്തേക്ക് വിരല്‍ചൂണ്ടി അഭിമാനത്തോടെയും വല്ലാത്ത വികാരത്തോടെയും വയലാര്‍ രക്തസാക്ഷി മണ്ഡപം കാണിച്ചുതന്നു. കുറച്ചു നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു, "ഇരു പാര്‍ടികളുടെ കൈയിലുമുണ്ട് രക്തസാക്ഷി മണ്ഡപത്തിന്റെ താക്കോല്‍. ഓരോ പാര്‍ടിക്കാര്‍ വരുമ്പോഴും അതാത് പാര്‍ടി ഓഫീസുകളിലെ താക്കോലെടുത്താണ് കാണിച്ചുകൊടുക്കുന്നത്്. രണ്ടു താക്കോല്‍ മാറ്റി ഒറ്റ താക്കോലാവുന്നത് എന്റെ വലിയ സ്വപ്നമാണ്''.

*

കടപ്പാട്: ദേശാഭിമാനി ഓണപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഓര്‍മകളുടെ തലോടലേറ്റ് മയങ്ങുകയല്ല, അതിന്റെ ഊര്‍ജത്തില്‍ നിന്നും പോയ സമരകാലങ്ങളെ തിരിച്ചുപിടിക്കുകയാണ് എഴുപത്തെട്ടാം വയസിലും പികെ മേദിനി എന്ന വിപ്ളവഗായിക. വരികളിലും വരികള്‍ക്കിടയിലും കാഴ്ചയും കാഴ്ചപ്പാടുമുള്ള പാട്ടുകള്‍കൊണ്ട് മലയാളക്കരയെ ആവേശംകൊള്ളിച്ച മേദിനി ഇടതുപക്ഷാശയങ്ങളുടെ ചൂടും ചൂരും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്നു. ജീവിതം പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനും സാംസ്കാരിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ച മേദിനിയുടെ ജീവിതം ഒരുപക്ഷേ യുവതലമുറയ്ക്ക് ഏറെ കൌതുകകരവും അത്ഭുതവും ആയേക്കാം. ദാരിദ്ര്യമാണ് മേദിനിയെ രാഷ്ട്രീയപ്രവര്‍ത്തകയാക്കിയത്. ഓര്‍മകള്‍ ആഞ്ഞുകൊത്തുമ്പോള്‍ പി കെ മേദിനി എന്ന വിപ്ളവഗായിക ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ ചുവന്ന മണ്ണിലൂടെ നടക്കും. ഇരമ്പുന്ന മനസ്സോടെ പഴയ സഖാക്കളുടെ വീടുകള്‍ കയറിയിറങ്ങും. ഇ എം എസും നായനാരും കൃഷ്ണപ്പിള്ളയും സുഗതനുമെല്ലാം നടന്ന വഴികളിലൂടെ തനിച്ച് നടക്കും.