Sunday, October 23, 2011

ഉദാരവല്‍ക്കരണത്തിന്റെ സ്ത്രീവിരുദ്ധതയും പെണ്‍ഭ്രൂണഹത്യയും

ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം പാടില്ല എന്ന് പ്രഖ്യാപിക്കുന്ന, തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് പെണ്‍കുഞ്ഞിന് ജനിച്ച് ജീവിക്കാനുള്ള അവകാശമില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഇന്ത്യയിലെ സ്ത്രീകളുടെ പദവി സംബന്ധമായ കമ്മിറ്റിയുടെ (സി എസ് ഡബ്ല്യു ഐ) റിപ്പോര്‍ട്ടില്‍ 1991 മുതല്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണത്തിലുള്ള അന്തരം വര്‍ധിക്കുന്ന സംഭ്രമജനകമായ പ്രവണത കാണുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു. 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനസംഖ്യയിലെ ഈ പൊരുത്തക്കേടുകള്‍ മനസ്സിലാക്കാവുന്നതാണ്. ആയിരത്തിതൊള്ളായിത്തിതൊണ്ണൂറ്റിഒന്നില്‍ ആറു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ ലിംഗാനുപാതം പരിശോധിച്ചപ്പോള്‍ 1000 ല്‍ 927 ഉം 2001 അത് 933 ഉം 2011 ല്‍ അത് 914 ഉം ആയി കുറഞ്ഞിരിക്കുന്നു.

2011 ലെ തന്നെ സെക്‌സ് റേഷ്യോ പ്രകാരം പെണ്‍കുഞ്ഞുങ്ങള്‍ വല്ലാതെ കുറഞ്ഞുപോയത് ഹരിയാന, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ജജ്ജാര്‍, മഹേന്ദ്രഗര്‍, രേവാരി, സാംബ, സോണേപെട്ട്, ബിദ്, അംബാല, റോത്തക്, പിത്തുറായ് എന്നീ ജില്ലകളിലാണ്.

സ്വതന്ത്രഭാരതത്തില്‍ പെണ്‍കുഞ്ഞിന് പിറന്ന് വീഴാന്‍ പോലും അവകാശമില്ല എന്നതാണ് സ്ഥിതി. പഴയകാലത്ത് നൂറ് കണക്കിന് പെണ്‍ശിശുഹത്യയാണ് നടന്നിരുന്നതെങ്കില്‍ ഇപ്പോഴത് ലക്ഷങ്ങളുടെ കണക്കാണ്. കണക്കുകള്‍ പറയുന്നത് ഇന്ത്യയില്‍ ഏകദേശം ഒരു വര്‍ഷത്തില്‍ 0.7 മില്യണ്‍ പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നു എന്നാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദരിദ്രജനവിഭാഗങ്ങളില്‍ പെണ്‍കുഞ്ഞുപിറന്നാല്‍ അമ്മമാര്‍ സ്തനങ്ങളില്‍ വിഷക്കായ അരച്ചു പുരട്ടിയോ നെന്മണി കുഞ്ഞിന്റെ വായയിലിട്ടുകൊടുത്തോ അതിനെ കൊല ചെയ്യുന്നു. ചില അമ്മമാര്‍ വലിയ സങ്കടത്തോടെയും പാപബോധത്തോടെയുമാണ് ചെയ്യുന്നതെങ്കില്‍ മറ്റു ചിലര്‍ ഇത്തരം നരഹത്യയിലൂടെ ഭാവിയിലെ നീണ്ട നരകത്തില്‍ നിന്ന് മകള്‍ക്ക് മോചനം നല്‍കുകയാണെന്ന് വിശ്വസിക്കുന്നു. ഇത്തരം സമ്പ്രദായങ്ങള്‍ തമിഴ്‌നാട്ടിലെ ഉസ്ലാംപെട്ടി, കല്ലാര്‍ ഗ്രാമങ്ങളിലുമുണ്ട്. ആ ഗ്രാമങ്ങളില്‍ ഒന്നിലേറെ പെണ്‍കുട്ടികളുള്ള വീടുകള്‍ കുറവാണ്. ഈ ഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞ് പിറന്നാല്‍ ശ്മശാന മൂകതയാണ്-എന്നാല്‍ ആണ്‍കുഞ്ഞ് പിറന്നാല്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കുക പതിവാണ്. തമിഴ്‌നാട്ടില്‍ ഈ ദുരവസ്ഥ അവസാനിപ്പിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വഴിയോരത്തൊട്ടിലുകള്‍ സ്ഥാപിച്ച് കുട്ടികളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രയോഗത്തില്‍ വന്നിട്ടില്ല എന്നതാണ് സത്യം.

സ്ത്രീധനത്തോടുള്ള അമിതമായ ആസക്തിയും അതിന്റെ ഭാഗമായുണ്ടാകുന്ന അമിത ചിലവുമാണ് പെണ്‍കുട്ടികളെ ഭാരമായി കാണാനും അതുവഴി പെണ്‍ഭ്രൂണഹത്യയ്ക്കും കുടുംബങ്ങളെ പ്രേരിപ്പിക്കുന്നത്. പെണ്ണിനോടുള്ള ഈ സമീപനമാണ് ഏറ്റവും ഇളം പ്രായക്കാരായ പെണ്‍കുട്ടികളുടെ സംഖ്യ കുത്തനെ ഇടിയുന്നതില്‍ മൂലകാരണം. ഭ്രൂണാവസ്ഥയിലെ ലിംഗനിര്‍ണയത്തിനും ലിംഗപരമായ തിരഞ്ഞെടുക്കലിനും ആധുനിക സാങ്കേതികവിദ്യകള്‍ വളരെയേറെ ദുരുപയോഗപ്പെടുത്തുന്നുണ്ട്.

ഗര്‍ഭസ്ഥശിശുവിന് വൈകല്യങ്ങളോ പാരമ്പര്യ രോഗങ്ങളോ മറ്റോ ഉണ്ടോ എന്ന് പരിശോധിച്ചറിയാനുള്ള ആംനിയോസിന്തസിസ് പോലുള്ള പരിശോധന സമ്പ്രദായങ്ങളും അള്‍ട്രാസൗണ്ട് സ്‌കാനിങും ദുരുപയോഗപ്പെടുത്തി ആണോ പെണ്ണോ എന്ന് തിരിച്ചറിയാം. പെണ്ണാണെങ്കില്‍ 500 രൂപ മുതല്‍ 5 ലക്ഷം വരെ ലാഭിക്കാമെന്നുവരെ പരസ്യങ്ങള്‍വരെ ഉണ്ടായിരുന്നു. പുരോഗമന സ്ത്രീ സംഘടനകള്‍ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഗര്‍ഭസ്ഥശിശു ലിംഗനിര്‍ണയ നിരോധന നിയമം നിലവില്‍ വന്നെങ്കിലും പണത്തിന്റെ മുന്നില്‍ നിയമങ്ങള്‍ നിഷ്പ്രഭമാവുന്നു. മുംബൈയില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെടുന്നത് അവിടെ നടന്ന ഗര്‍ഭഛിദ്രങ്ങളില്‍ 99 ശതമാനം പെണ്‍ഭ്രൂണങ്ങളായിരുന്നു എന്നാണ്.
ഇന്ത്യയിലെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ ചന്ദ്രമൗലി പറയുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവും കുറഞ്ഞത് 2011 ലാണെന്നാണ്-ഇന്ത്യക്കാരായ നമ്മള്‍ക്ക് ലജ്ജിച്ച് തലതാഴ്ത്താം. ഭാരതത്തില്‍ പെണ്‍കുഞ്ഞിനോടുള്ള വിവേചനം പല രീതിയിലും പ്രതിഫലിക്കപ്പെടുന്നു-പോഷകാഹാരക്കുറവ് അനുഭവിക്കുന്നതും, വൈദ്യശുശ്രൂഷയുടെ കാര്യത്തില്‍ അവഗണിക്കപ്പെടുന്നതും വിദ്യാഭ്യാസം നിഷേധിക്കുന്നതും അവള്‍ക്കുതന്നെയാണ്.

സ്ത്രീകളുടെ ആരോഗ്യം ഔദ്യോഗിക നയത്തില്‍ സ്ഥാനംപിടിക്കുന്നത് കുടുംബാസൂത്രണ (ഇപ്പോള്‍ പരിഷ്‌കരിച്ച കുടുംബക്ഷേമം) വുമായി ബന്ധപ്പെടുത്തിയാണ്. സ്ത്രീയുടെ പ്രജനനശേഷി ഏതു വിധേയനയെങ്കിലും നിയന്ത്രിക്കുക എന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്. അല്ലാതെ അവള്‍ക്ക് പോഷകാഹാരം നല്‍കുന്നതിനോ ചികിത്സ നല്‍കുന്നതിനോ പ്രാധാന്യം കല്‍പിക്കുന്നില്ല. സ്ത്രീകളുടെ സന്താനോല്‍പാദനശേഷി നിയന്ത്രിക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെടുന്നുവെങ്കില്‍ ഏതും ആവാമെന്നാണ് സ്വതന്ത്ര കമ്പോള പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതാണ് പുതിയ നയം.

കേരളത്തില്‍ സ്ത്രീകളുടെ അനുപാതം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 1000 ന് 1058 ആണ്. എന്നാല്‍ കേരളത്തിലും പെണ്‍ഭ്രൂണഹത്യകള്‍ക്ക് സാധ്യത നല്‍കുന്ന വുമണ്‍ കോഡ് ബില്ലിന് ശുപാര്‍ശ നല്‍കി എന്നത് ആശങ്കാജനകമാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള കമ്മിഷന്‍ സമര്‍പിച്ച വുമണ്‍ കോഡ് കരട് ബില്ല് സ്ത്രീവിരുദ്ധ കാഴ്ചപ്പാടാണ് പ്രകടിപ്പിക്കുന്നത്. ഒരു സ്ത്രീക്ക് രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ടകുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ അധികമായി വരുന്ന മൂന്നാമത്തെ കുഞ്ഞിനെ എന്ത് ചെയ്യണമെന്നും കമ്മിഷന്‍ പറയണം-മുന്നാമത് കുഞ്ഞുപിറന്നാല്‍ ശിക്ഷ ഭയന്ന് ശിശുഹത്യവരെ ഉണ്ടാവുന്ന സാഹചര്യം വരും.

ഭ്രൂണപരിശോധന വ്യാപകമായി തീരും. ഗര്‍ഭസ്ഥശിശു ലിംഗനിര്‍ണയ വിരുദ്ധ നിയമം നോക്കുകുത്തിയാകും. രണ്ടു കുഞ്ഞുങ്ങള്‍ എന്ന മാനദണ്ഡം നിയമത്തിലൂടെ അടിച്ചേല്‍പിക്കുകയാണെങ്കില്‍ ഭ്രൂണഹത്യയിലുള്ള ലിംഗനിര്‍ണയ ക്ലിനിക്കുകള്‍ കൂണുപോലെ പെരുകും. കൂടുതല്‍ പെണ്‍കുഞ്ഞുങ്ങള്‍ മരണമടഞ്ഞുകൊണ്ട് ആണ്‍-പെണ്‍ കുഞ്ഞുങ്ങളുടെ മരണനിരക്കിലെ വിടവ് വീണ്ടും പെരുകിവരും. കുടുംബബന്ധങ്ങള്‍ തകരും. ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണം. എന്തു തന്നെയായാലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍, അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് വികസനതന്ത്രങ്ങള്‍ പരാജയപ്പെട്ടു എന്ന സത്യം മറച്ചുവെയ്ക്കാന്‍ ജനസംഖ്യാപ്രശ്‌നമാണ് വളര്‍ച്ചാതന്ത്രങ്ങളുടെ പരാജയത്തിന് കാരണമെന്ന് പ്രചരിപ്പിക്കുന്ന അമേരിക്കയുടെ കുഴലൂത്തുകാരായ ഭരണാധികാരികളോട് പ്രതികരിക്കാതെ മറ്റെന്ത് മാര്‍ഗം? ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ മൂലകാരണം കൊളോണിയല്‍ നയങ്ങളല്ലെന്നും അമിത ജനസംഖ്യ ആണെന്നും ബ്രിട്ടീഷുകാരും പണ്ട് വാദിച്ചിരുന്നു. നവീകരണവും ഉദാരവല്‍ക്കരണവും സ്ത്രീകള്‍ക്ക് സമത്വം ഉറപ്പുവരുത്തുന്നില്ല എന്ന് അടിവരയിട്ടു തെളിയിക്കുന്നതാണ് പുതിയ അനുഭവങ്ങള്‍.

*
അഡ്വ. പി വസന്തം ജനയുഗം 22 ഒക്ടോബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ പേരില്‍ വിവേചനം പാടില്ല എന്ന് പ്രഖ്യാപിക്കുന്ന, തുല്യത വാഗ്ദാനം ചെയ്യുന്ന ഭരണഘടന നിലവിലുള്ള ഒരു രാജ്യത്ത് പെണ്‍കുഞ്ഞിന് ജനിച്ച് ജീവിക്കാനുള്ള അവകാശമില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ഇന്ത്യയിലെ സ്ത്രീകളുടെ പദവി സംബന്ധമായ കമ്മിറ്റിയുടെ (സി എസ് ഡബ്ല്യു ഐ) റിപ്പോര്‍ട്ടില്‍ 1991 മുതല്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും എണ്ണത്തിലുള്ള അന്തരം വര്‍ധിക്കുന്ന സംഭ്രമജനകമായ പ്രവണത കാണുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുന്നു. 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനസംഖ്യയിലെ ഈ പൊരുത്തക്കേടുകള്‍ മനസ്സിലാക്കാവുന്നതാണ്. ആയിരത്തിതൊള്ളായിത്തിതൊണ്ണൂറ്റിഒന്നില്‍ ആറു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ ലിംഗാനുപാതം പരിശോധിച്ചപ്പോള്‍ 1000 ല്‍ 927 ഉം 2001 അത് 933 ഉം 2011 ല്‍ അത് 914 ഉം ആയി കുറഞ്ഞിരിക്കുന്നു.

മലമൂട്ടില്‍ മത്തായി said...

So does that explain the skewed sex ratio in the very Red China?