Sunday, October 23, 2011

കാനത്തൂരെ കുട്ടികളും മഹാകവി ചങ്ങമ്പുഴയും

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് നൂറുവയസ്. അദ്ദേഹത്തിന്റെ കവിതയ്ക്ക് എന്നും കുന്നും പതിനാറ് വയസ്. ഇതാണ് മഹാപ്രതിഭയുടെ അത്ഭുതകരമായ അടയാളപ്പെടുത്തല്‍.

ലോകത്തുള്ള എല്ലാ മലയാളികളും നൂറാം പിറവി വര്‍ഷം പ്രമാണിച്ച് അവരുടെ പ്രിയകവിയെ ഓര്‍മിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയിലെ കാനത്തൂര്‍ എന്ന ഗ്രാമത്തിലെ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ ഒരുപടി കൂടിക്കടന്ന് മഹാകവി ചങ്ങമ്പുഴയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചെറുചലച്ചിത്രം തന്നെ നിര്‍മിച്ചു.

അതിമനോഹരമായ ഒരു ഗ്രാമമാണ് കാനത്തൂര്‍. ചെര്‍ക്കളയും ഇരിയണ്ണിയും ബോവിക്കാനവും കടന്ന് കുറ്റിക്കോലിനുപോകുന്ന വഴിക്കുള്ള നാട്ടിന്‍പുറം. നട്ടുച്ചയ്ക്കുപോലും ഉടുമ്പിനും കീരിക്കും നിര്‍ഭയം മുറിച്ചുകടക്കാവുന്ന കരിമ്പാതകളും കാടുമുള്ള പ്രദേശം. ചുറ്റുമതിലില്ലെങ്കിലും ദേവദാസിന്റെ ചിത്രങ്ങളാല്‍ സുന്ദരമാക്കപ്പെട്ട സ്‌കൂള്‍ കെട്ടിടം. ഈ സ്‌കൂളിലെ കുട്ടികളാണ് ചങ്ങമ്പുഴയെക്കുറിച്ച് സിനിമപിടിച്ച് ചരിത്രം സൃഷ്ടിച്ചത്.

കാവ്യമോഹിതമെന്നാണ് ഈ ഓര്‍മച്ചിത്രത്തിന്റെ പേര്. അഭിനേതാക്കളെല്ലാം കുട്ടികള്‍. അതിനാല്‍ ചങ്ങമ്പുഴയുടെ കുട്ടിക്കാലത്തിനു പരമപ്രാധാന്യം.
ചങ്ങമ്പുഴയും അച്ഛനമ്മമാരടക്കമുള്ള കുടുംബാംഗങ്ങളും ഇടപ്പള്ളി രാഘവന്‍പിള്ളയും ഇടപ്പള്ളി കരുണാകരമേനോനും ഗേഹലക്ഷ്മിയായ് മിന്നുമൊരോമല്‍ സ്‌നേഹമൂര്‍ത്തിയായ ദേവിയും അടക്കം നൂറോളം കഥാപാത്രങ്ങള്‍ കാവ്യമോഹിതത്തിലുണ്ട്.

ഇടപ്പള്ളിയിലെ ബാലസമാജത്തില്‍ റിപ്പോര്‍ട്ടവതരിപ്പിക്കാന്‍ പോയ കഥ ചങ്ങമ്പുഴ രേഖപ്പെടുത്തിയിട്ടുണ്ടല്ലൊ. ഉടുപ്പും മുണ്ടും ലഭിക്കാത്തതിനാല്‍, കൗപീനധാരിയായാണ് ബാലനായ ചങ്ങമ്പുഴ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ഈ രംഗം രസാവഹമായിത്തന്നെ കാവ്യമോഹിതത്തിലുണ്ട്. ഇടപ്പള്ളി രാഘവന്‍പിള്ളയുടെ മരണത്തെ സര്‍ഗാത്മകമായ ഔന്നത്യത്തോടെയും സൗന്ദര്യപരമായ ബിംബവല്‍ക്കരണത്തിലൂടെയുമാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇടപ്പള്ളിയുടെയും ചങ്ങമ്പുഴയുടെയും ഇണങ്ങിയും പിണങ്ങിയുമുള്ള ചങ്ങാത്തം വസ്തുനിഷ്ഠമായും സുന്ദരമായും ചിത്രപ്പെടുത്തിയിട്ടുണ്ട്.

ചങ്ങമ്പുഴക്കവിതകളിലെ ഹരിതലാവണ്യവും അദ്ദേഹം ജീവിച്ച ഇടപ്പള്ളിയിലെ ഇന്നത്തെ ഗ്രീഷ്മ കാഠിന്യവും തീരെ പൊരുത്തപ്പെടുന്നതല്ല. എന്നാല്‍ ചങ്ങമ്പുഴക്കവിതയിലെ അഴക് അതേപടി, കാനത്തൂരില്‍ കാണാവുന്നതാണ്. പച്ചപ്പും ആമ്പല്‍പ്പൊയ്കയും ശുദ്ധജലവുമെല്ലാം കാനത്തൂരുണ്ട്. അതിനാല്‍ കാനത്തൂരെ കുട്ടികള്‍ക്ക് ചങ്ങമ്പുഴ ചലച്ചിത്രം സാക്ഷാല്‍ക്കരിക്കുവാന്‍ കൊച്ചി നഗരത്തിലേയ്ക്കു വണ്ടി കയറേണ്ടിവന്നില്ല. മൊബൈല്‍ ടവറിന്റെയോ വൈദ്യുതക്കമ്പികളുടെയോ നിഴല്‍ വീഴാത്ത പച്ചമണ്ണാണ് കാവ്യമോഹിതത്തിന്റെ പശ്ചാത്തലം. ചങ്ങമ്പുഴയുടെ അക്ഷരജീവിതവും പ്രണയവും കലഹവുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ അഴകുള്ള മണ്ണില്‍ത്തന്നെയായി.

മഹാകവി ചങ്ങമ്പുഴയായി സേതു കൃഷ്ണനും ശ്രീദേവിയായി രഹിനയും ഇടപ്പള്ളി രാഘവന്‍പിള്ളയായി ഹരികൃഷ്ണനും ദേവിയായി അഖിലയുമാണ് വേഷമിട്ടത്. പിന്നെ കാനത്തൂര്‍ സ്‌കൂളിലെ കളിക്കൂട്ടുകാരും.

വടക്കന്‍പാട്ട് സിനിമയാക്കുമ്പോള്‍ പുറത്തു നിന്നാരെയെങ്കിലും കൊണ്ട് പാട്ടെഴുതിപ്പിക്കുന്നത് പരമ വിഡ്ഢിത്തമാണ്. ആ വിഡ്ഢിത്തരം കാവ്യമോഹിതത്തിന്റെ അണിയറ ശില്‍പികള്‍ ചെയ്തില്ല. ചങ്ങമ്പുഴക്കവിതകള്‍ തന്നെയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുള്ളത്.

അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും നാട്ടുകാരുടെയും സഹായവും സഹകരണവും ഈ സംരംഭത്തിനു ലഭിച്ചിട്ടുണ്ട്. അഭിനയിച്ചതെല്ലാം കുട്ടികളായിരുന്നെങ്കിലും അവരെ നയിച്ചത് സര്‍ഗധനരായ മുതിര്‍ന്നവര്‍ തന്നെയായിരുന്നു.

കാവ്യമോഹിതത്തിന്റെ രചന പത്മനാഭന്‍ ബ്ലാത്തൂരും സംവിധാനം നാടന്‍ കലാഗവേഷകനും നാടക പ്രവര്‍ത്തകനുമായ ഉദയന്‍ കുണ്ടും കുഴിയും പശ്ചാത്തല വിവരണം പ്രഫ. അലിയാരും ക്യാമറ ബാലകൃഷ്ണന്‍ പാലക്കിയുമാണ് നിര്‍വഹിച്ചിട്ടുള്ളത്.

നാല്‍പതു മിനിട്ടാണ് കാവ്യമോഹിതത്തിന്റെ ദൈര്‍ഘ്യം. കണ്ടിരിക്കുമ്പോള്‍ ഈ സമയദൂരം കടന്നുപോകുന്നത് അറിയുകയേയില്ല. മഹാകവി ചങ്ങമ്പുഴയ്ക്ക് ഉചിതമായ ഒരു ഓര്‍മ്മോപഹാരം കാഴ്ചവച്ച കാനത്തൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ കുട്ടികള്‍ക്ക് അഭിനന്ദനം.

*
കുരീപ്പുഴ ശ്രീകുമാര്‍ ജനയുഗം 22 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് നൂറുവയസ്. അദ്ദേഹത്തിന്റെ കവിതയ്ക്ക് എന്നും കുന്നും പതിനാറ് വയസ്. ഇതാണ് മഹാപ്രതിഭയുടെ അത്ഭുതകരമായ അടയാളപ്പെടുത്തല്‍.

ലോകത്തുള്ള എല്ലാ മലയാളികളും നൂറാം പിറവി വര്‍ഷം പ്രമാണിച്ച് അവരുടെ പ്രിയകവിയെ ഓര്‍മിച്ചു. എന്നാല്‍ കാസര്‍കോട് ജില്ലയിലെ കാനത്തൂര്‍ എന്ന ഗ്രാമത്തിലെ ഗവണ്‍മെന്റ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ ഒരുപടി കൂടിക്കടന്ന് മഹാകവി ചങ്ങമ്പുഴയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചെറുചലച്ചിത്രം തന്നെ നിര്‍മിച്ചു.