Tuesday, October 4, 2011

അടഞ്ഞുപോകുന്ന വഴിയിടങ്ങള്‍

സര്‍വ്വചരങ്ങള്‍ക്കും ജീവിതത്തിന്റെ പഥങ്ങളില്‍ കണ്ടുമുട്ടുന്നതും കണ്ടെടുക്കുന്നതുമായ എണ്ണിയാലൊടുങ്ങാത്ത വഴികളില്‍ ഒരിക്കലും മറക്കരുതാത്ത ഒരേ ഒരു വഴി, സ്വന്തം ജീവിതത്തിന് തണല്‍ നല്‍കുന്ന വീട്ടിലേക്ക് കടന്നുവരേണ്ടുന്ന വഴി തന്നെയാണ്. ഇത് മനുഷ്യജീവിതത്തിന് മാത്രം പരിമിതപ്പെടുന്ന തത്വമല്ല. ജീവനുള്ള ഓരോ ജീവിക്കും ഇത് ബാധകം തന്നെയാണ്.

വീട് ഒരു സാന്ത്വനവും തണലുമാണ്. അഥവാ അങ്ങനെയായിരിക്കണം. നിരവധി വര്‍ഷങ്ങളുടെ പ്രവാസം/അന്യദേശവാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരാന്‍ മനസ്സുകാട്ടുന്ന ധൃതിപ്പെടല്‍ മറ്റെന്തുതന്നെയല്ല?

ഭൌതികജീവിതത്തില്‍ ആലംബമാകുന്ന വീടുകള്‍/ആവാസസ്ഥലം ഇല്ലാത്ത ഒരവസ്ഥയില്‍ സ്വന്തം രക്തത്തെ തേടിയുള്ള ഒരു പിഞ്ചുബാലന്റെ യാത്രയിലൂടെയാണ് ഡോ. ബിജു വീട്ടിലേക്കുള്ള വഴി പറയുന്നത്.

പ്രേക്ഷകരെ ഇളിഭ്യരാക്കുകയും സാമാന്യബോധത്തെ കൊഞ്ഞനം കുത്തുകയും ചെയ്യുന്ന സെല്ലുലോയ്ഡ് മാഹാത്മ്യങ്ങള്‍ പെരുകിനിറയുന്ന കാലത്ത് നല്ല സിനിമയുടെ വസന്തം സൃഷ്ടിച്ച പ്രതിഭാപാരമ്പര്യമുണ്ടായിരുന്ന മലയാളസിനിമാസംവിധായകരുടെ ശൃംഖല പൂര്‍ണ്ണമായും കണ്ണിയറ്റു തീര്‍ന്നിട്ടില്ല എന്ന് ഇപ്പോഴും തലയുയര്‍ത്തി വിളിച്ചോതുന്ന അപൂര്‍വ്വം ചില സംവിധായകരുടെ നിരയിലേക്ക് ഡോ. ബിജുവിന്റെ പേരും ചേര്‍ക്കപ്പെടാം എന്നതിന്റെ നിദര്‍ശനമാണ് വീട്ടിലേക്കുള്ള വഴി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായ ഇന്ദ്രപ്രസ്ഥത്തില്‍ നടന്ന ഒരു തീവ്രവാദി ആക്രമണത്തില്‍, കണ്മുന്നില്‍ വെച്ച് സ്വന്തം ഭാര്യയെയും മകനെയും നഷ്ടപ്പെട്ടുപോയതിന്റെ തീക്ഷ്ണമായ ഓര്‍മകള്‍ സദാ മുറിവേല്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവഡോക്ടറോട് പിന്നീടൊരിക്കല്‍ ജയില്‍ ഹോസ്പിറ്റലില്‍ ജോലിചെയ്യവെ, തീവ്രവാദ ആക്രമണം നയിക്കുന്നതിനിടെ ചാവേറായി അറസ്റുചെയ്ത് ചികിത്സക്കെത്തിച്ച, തീവ്രവാദി സംഘടനയെന്നു പറയുന്ന ഇന്ത്യന്‍ ജിഹാദിന്റെ മുന്നണി പ്രവര്‍ത്തകയായ ഒരു യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുന്നിനിടെ അവള്‍ ഒരു മേല്‍വിലാസം മാത്രം പറഞ്ഞുകൊടുത്തുകൊണ്ട് തന്റെ പക്കലില്ലാത്ത അഞ്ചുവയസ്സുള്ള മകനെ, അവനും അവനെയും ഒരിക്കലും കാണാത്ത, അവന്റെ അച്ഛന്റെ അടുത്തെത്തിക്കാന്‍ അപേക്ഷിക്കുന്നു. മരണശയ്യയിലുള്ള ഒരാളുടെ ആഗ്രഹമായതിനാലും മനുഷ്യസ്നേഹത്തിന്റെ പേരിലും തന്റെ മരണമടഞ്ഞുപോയ അരുമമകന്റെ നോവിക്കുന്ന ഓര്‍മകളാലും ഉയിര്‍കൊണ്ട് ആ കുട്ടിയുടെ തീവ്രവാദിനേതാവായ അച്ഛനെ തേടിയിറങ്ങുകയാണ് കഥാനായകനായ ഡോക്ടര്‍.

മതതീവ്രവാദത്തിന് ആഴത്തില്‍ വേരുകളിറങ്ങിക്കഴിഞ്ഞ കേരളത്തിലെ ഒരു ആദിവാസി കോളനിയിലാണ് ആ മകന്‍ കഴിഞ്ഞിരുന്നത്. എന്തുകൊണ്ട് എങ്ങനെ എന്നതിനൊന്നും വ്യക്തമായ ഉത്തരം തരാതെ തീവ്രവാദി സ്ത്രീയുടെ പഴയകാല സുഹൃത്തോ മറ്റോ ആണെന്ന് കരുതേണ്ടുന്ന ഒരു സ്കൂള്‍ ടീച്ചറുടെ പക്കല്‍ നിന്ന് ഡോക്ടര്‍ കുട്ടിയെ കണ്ടെത്തി, ഇന്ത്യന്‍ ജിഹാദി എന്ന സംഘടനയുടെ തലവനായ അബ്ദുള്‍ സുബന്‍ താരിഖിനെ തേടി യാത്ര പുറപ്പെടുന്നു. തങ്ങള്‍ പ്രതീക്ഷിക്കാത്തയിടങ്ങളില്‍ പോലും ആ സംഘടന വേരുറപ്പിച്ച് വെള്ളവും വളവും വലിച്ചെടുക്കുന്നു എന്ന് ഡോക്ടര്‍ തിരിച്ചറിയുന്നു. കണ്ടെത്താനുള്ളത് 'ചെറിയ' ആളെയല്ല എന്ന യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ 'അതുവേണോ?' എന്ന ചോദ്യം പലരും പലവുരു പലയിടത്തു നിന്നും ചോദിക്കുന്നുവെങ്കിലും ഉറച്ച തീരുമാനവുമായി ഡോക്ടര്‍ മുന്നോട്ടുപോകുന്നു. കേരളത്തിന് പുറമേ അജ്മീര്‍, ജോധ്പൂര്‍, ജയസാല്‍മീര്‍, പുഷ്കരാന്ത്, ഡല്‍ഹി, ലഡാക്ക്, ലെ, കശ്മീര്‍.... യാത്ര നീണ്ടു നീണ്ടുപോകുന്നു.

അനുഭവങ്ങളുടെ സാക്ഷ്യം പോലെ, ചെന്നെത്തിയിടത്തെല്ലാം ആ സംഘടനയ്ക്ക്, വേണ്ടത്ര സംരക്ഷണം കൊടുത്തു നിര്‍ത്തുന്നതില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ വലിയ ആത്മാര്‍ത്ഥത കാണിക്കുന്നത് ഡോക്ടര്‍ അനുഭവിച്ചറിയുന്നു.

കശ്മീരില്‍ എത്തുന്നതോടെ അവിടെയുള്ള വിജയന്‍ എന്നൊരാളാണ് ലക്ഷ്യസ്ഥാനത്തെത്താനുള്ള ഡോക്ടറുടെ യാത്രയില്‍ കൂട്ടാകുന്നത്. ഏത് നിമിഷവും അപകടം മണക്കുന്ന യാത്ര തുടരണോ എന്ന് വിജയനും പലവട്ടം ചോദിക്കുന്നുണ്ട്. അത്രയുമോ അതിലേറെ തവണയോ ഈ സഹായം (താരീഖിന്റെ അടുത്ത് ഡോക്ടറെ എത്തിക്കുന്നത്) ചെയ്യുന്നത് അബ്ദുള്ള പറഞ്ഞതുകൊണ്ടു മാത്രമാണ് (ജയ്സാല്‍മീറിലെ കച്ചവടക്കാരനാണ് അബ്ദുള്ള) എന്നു പറയുന്നുണ്ടെങ്കിലും ആ ബന്ധം ഏത് തരത്തിലുള്ളതാണെന്ന് സംവിധായകന്‍ ഇഴപിരിച്ചു പറഞ്ഞുതരുന്നില്ല. ഏതായാലും സ്വദേശത്തിനപ്പുറത്ത് കണ്ടുമുട്ടുന്ന രണ്ടു മലയാളികള്‍ തമ്മിലുള്ള ഭാഷാസ്നേഹബന്ധം മാത്രമല്ല അതെന്ന് പ്രേക്ഷകന്‍ തിരിച്ചറിയുമ്പോള്‍ സ്വാര്‍ത്ഥമോഹിതമായ ചെറിയ ലാഭങ്ങള്‍ക്കായി ഒരു രാജ്യത്തെ ഒറ്റുന്നത് ആ രാജ്യത്തിന്റെ സന്തതികള്‍ തന്നെയെന്നും അതില്‍ മത ജാതി ഭേദമില്ലായെന്നും വെളിപ്പെടുന്നു.

വലിയ ഒരു ശൃംഖലയുടെ അങ്ങേയറ്റത്തെ കണ്ണിയായ താരിഖിന്റെ സമീപത്തെത്തിയിട്ടും സ്വന്തം പിതാവിനെ കാണാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുമ്പോള്‍ മകന്‍ നിഷ്കളങ്കതയോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എന്നെ കാണാന്‍ താല്പര്യമില്ലാത്ത (അതുകൊണ്ടാണല്ലോ, നെടുനാളായി കാത്തിരിക്കേണ്ടിവരുന്നത്) അച്ഛനെ എനിക്ക് കാണേണ്ടതില്ലെങ്കിലോ എന്ന്.

അത് വലിയൊരു സത്യമാണ്. ബന്ധങ്ങളുടെ അടിത്തറ സ്നേഹമായിരിക്കേ, സ്നേഹമില്ലാത്ത/ഇതുവരെ അറിയാത്ത/തിരിഞ്ഞുനോക്കാത്ത ഒരച്ഛനെ തേടി (മറ്റൊരാളുടെ പ്രേരണയിലാണെങ്കിലും) വെറും അഞ്ചുവയസ്സുള്ള ഒരു മകന്‍ ഇന്ത്യ മുഴുക്കെ യാത്രചെയ്തെത്തിയിട്ടും സ്വന്തം പിതാവിനെ കാണാന്‍ പിന്നെയും കാത്തിരിക്കേണ്ടിവരുന്നത് സ്നേഹത്തിന്റെ അളവുകോല്‍ വെച്ചുനോക്കിയാല്‍ സ്നേഹമില്ലായ്മ തന്നെയാണ്.

യാത്രക്കൊടുവില്‍ താരിഖിനെ കാണാന്‍ അവസരം ലഭിച്ച് തീവ്രവാദികളുടെ ട്രെയിനിംഗ് ക്യാമ്പിലെത്തുന്ന ഡോക്ടര്‍, അവിടെവെച്ച് തനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ കണ്‍മുന്നില്‍ മരണമടയുന്ന താരിഖിനെയാണ് ഏറെ നാളുകളായി അന്വേഷിച്ചുകൊണ്ടിരുന്നത് എന്ന് മനസ്സിലാക്കുന്നു. ഏതാനും മിനുട്ടുകളുടെ അകലത്തില്‍ തനിക്ക് ലക്ഷ്യം നേടാനായില്ലല്ലോ എന്ന് ഒരിക്കല്‍ ഇതേ തീവ്രവാദികളുടെ അക്രമത്തില്‍ തന്റെ സര്‍വ്വസ്വവുമായ ഭാര്യയെയും മകനെയും നഷ്ടപ്പെട്ട ഡോക്ടര്‍ ഖേദപൂര്‍വ്വം ഓര്‍ക്കുന്നു. ഒരു പക്ഷേ തന്റെ ദൌത്യം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ എത്രതന്നെ കഠിനഹൃദയനായിരുന്നാലും രക്തബന്ധത്തിന്റെ പുതിയ വിളക്കിച്ചേര്‍ക്കലില്‍ താരിഖിന്റെ മനസ്സില്‍ പുതിയൊരു വഴി തുറന്നേക്കില്ല എന്ന് ഡോക്ടര്‍ ആശിച്ചിരുന്നുവെന്ന് ക്ഷണമാത്രയില്‍ ആ മുഖത്ത് മിന്നിമറയുന്ന ഭാവവിസ്മയത്തില്‍ നിന്ന് പ്രേക്ഷകന് വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്.

എന്തുകൊണ്ടോ തീവ്രവാദം തെരഞ്ഞെടുത്ത താരിഖിന്റെ വഴിയില്‍ സ്നേഹത്തിന്റ അഗാധത കൊണ്ടുമാത്രം അടിപ്പെട്ട് താരിഖിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടാളിയാകാന്‍ നിര്‍ബന്ധിക്കപ്പെട്ട ഭാര്യയും ഒടുക്കം മരിക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നുതന്നെ എന്ന് ചൂണ്ടിക്കാട്ടുന്ന സംവിധായകന്‍ വാളെടുത്തവന്‍ വാളാല്‍ എന്ന സാര്‍വ്വലൌകികതത്വത്തെ അടിവരയിടുന്നു.

ഡോക്ടര്‍ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയെ എം.ജെ. രാധാകൃഷ്ണന്റെ ഛായ ഏറെ സൌന്ദര്യവത്താക്കിയിട്ടുണ്ട്. സ്ക്രീനില്‍ നിറഞ്ഞുപരക്കുന്ന മഞ്ഞുമലയെ നെടുകെ പകുത്തുകൊണ്ട് പാഞ്ഞുപോകുന്ന ഒരു കാറിന്റെ വിദൂരദൃശ്യം അപൂര്‍വ്വചാരുതയാര്‍ന്ന ചിത്രരചനപോലെ ചിരകാലം മനസ്സില്‍ തെളിഞ്ഞുനില്‍ക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വന്യവും വശ്യവുമായ പ്രകൃതിയെ ലഹരിയായി സിരകളില്‍ പടര്‍ത്താനുള്ള രാധാകൃഷ്ണന്റെ ശ്രമം പ്രശംസനീയമാണ്.

വിവിധ സംസ്ഥാനങ്ങളിലെ ചിത്രീകരണത്തിന് അവിടത്തുകാരായ അഭിനേതാക്കളെയും ഭാഷയെയും നിര്‍ബന്ധബുദ്ധ്യാ ഉപയോഗിച്ചത് ശ്ളാഘനീയം തന്നെ. അത് ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ ഭേദിച്ച് സംവേദനം ചെയ്യുന്ന വിഷയത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്നു. സിനിമയെ സമ്പൂര്‍ണ്ണമായി പഠിക്കുന്നവര്‍ക്ക് പ്രയോജനകരമാകുമായിരുന്ന പ്രാദേശിക ഭാഷയിലുള്ള സബ്ടൈറ്റിലുകള്‍ ഈ സിനിമയ്ക്ക് കൊടുത്തുകണ്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. വിവിധയിടങ്ങളിലെ പ്രാദേശിക സംഗീതത്തിന് നല്‍കിയ പരിഗണന ഏറെ സന്തോഷകരമാണ്.

ചെറിയ വേഷങ്ങളിലുള്ളവര്‍ പോലും അര്‍ഹിക്കുന്ന ഗൌരവമുള്‍ക്കൊണ്ട് അഭിനയിച്ചിട്ടുണ്ട് ഈ സിനിമയില്‍. എങ്കിലും തീവ്രവാദി യുവതി മേല്‍വിലാസം പറഞ്ഞയുടന്‍ മരിച്ചുപോകുന്നത് പതിറ്റാണ്ടുകള്‍ പിറകിലെ ഇന്ത്യന്‍ സിനിമയെ അനുസ്മരിപ്പിക്കുന്നു. മാത്രവുമല്ല, അവര്‍ അത്രമാത്രം മരണാസന്നയാണെന്ന തോന്നല്‍ കാണികളിലേക്ക് പകരാന്‍ സംവിധായകന് കഴിഞ്ഞിട്ടുമില്ല.

മനുഷ്യബന്ധങ്ങളുടെ ആഴം വെളിപ്പെടുത്തുന്ന സിനിമയാണ് വീട്ടിലേക്കുള്ള വഴി. അജ്മീറില്‍ നിന്ന് തീവ്രവാദികളെ തെരഞ്ഞ് നിയമപാലകരെത്തിയപ്പോള്‍ കുട്ടിയെയും കൂട്ടി അത്രവരെ കൂട്ടുണ്ടായിരുന്ന റസാഖിനൊപ്പം രക്ഷപ്പെടാനുള്ള തിടുക്കത്തിനിടയില്‍ മറന്നുവെച്ചുപോകുന്ന മൊബൈല്‍ ഫോണിനെ പിന്തുടര്‍ന്ന് തീവ്രവാദി സംശയത്തിന്റെ നിഴലില്‍ അന്വേഷണത്തിന്റെ വേരുകള്‍ പടര്‍ന്ന് വളരുന്നുവെന്നറിഞ്ഞിട്ടും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഭാവവ്യത്യാസം ഡോക്ടറില്‍ കാണാത്തത് മറ്റു ബന്ധങ്ങളറ്റുപോയ കുട്ടിയെ അവശേഷിക്കുന്ന ഒരേ ഒരു രക്ഷാസ്ഥാന(?)ത്തെത്തിച്ച് മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃക കാട്ടുകയെന്ന ഒറ്റ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കുന്നതുകൊണ്ടാണെന്ന് തന്നെ കരുതണം. നേരത്തെ ഡോക്ടറുടെ വീട്ടിലായിരിക്കേ ടി.വി. കാര്‍ട്ടൂണുകള്‍ക്കു മുമ്പില്‍ തപസ്സിരിക്കുന്ന കുട്ടിയോടുള്ള സ്നേഹമസൃണമായ നിലപാടിലും കശ്മീരില്‍ താരിഖിനെ കാണാന്‍ ഡോക്ടര്‍ക്കുമാത്രം അവസരമൊരുക്കിയ നേരത്തും ഇത് വ്യക്തമാകുന്നുണ്ട്. ബന്ധങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് അതിന്റെ ആഴവും ബലവും യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് എന്ന ബോധ്യമാണ് ഡോക്ടറിലൂടെ സംവിധായകന്‍ സംവേദനം ചെയ്യുന്നത്.

യഥാര്‍ത്ഥ സ്നേഹമനുഭവിക്കാന്‍ പറ്റാതെ പോയ കുട്ടിക്ക് ആഴ്ചകള്‍ നീണ്ട യാത്രയില്‍ പിതൃതുല്യമായ സ്നേഹം ലഭിക്കുന്നത് ഡോക്ടറില്‍ നിന്നായതിനാല്‍ ഒരിക്കലും കാണാത്ത / അറിയാത്ത തന്റെ പിതാവിന്റെ മരണം ആ കുരുന്നിനെ അലട്ടുന്നതേയില്ല. അത് അവന് ആരുടെയോ മരണം മാത്രമായിത്തീരുന്നു. ഒരു ഫുട്ബോള്‍ ഗ്രൌണ്ടിന്റെ വിശാലതയില്‍ തനിയെ പന്തുതട്ടിക്കളിക്കുന്ന കുട്ടിയിലും ഏറെ പിറകില്‍ നിന്ന് അവനെ അനുഗമിക്കുന്ന ഡോക്ടറിലും തിരശ്ശീലയിലെ വെള്ളിവെളിച്ചം അലിഞ്ഞുതീരവേ എല്ലാതരത്തിലും വഴി അടഞ്ഞുപോയ ഇരുവരിലും ആത്മബന്ധത്തിലധിഷ്ഠിതമായ സ്നേഹത്തിന്റെ പുതിയ പന്ഥാവ് സംവിധായകനായ ഡോക്ടര്‍ ബിജു തുറന്നു തരുന്നു.

പ്രേക്ഷകരെ നിരാശരാക്കുന്ന ഒരു കല്ലുകടി ചൂണ്ടിക്കാട്ടാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല. അജ്മീറിലെത്തിയ ഡോക്ടര്‍ അവിടുത്തെ തീവ്രവാദി പ്രവര്‍ത്തകരുടെ സംരക്ഷണച്ചുമതലയുള്ള ഒരു മലയാളിയോട് കേരളത്തിലെവിടെയാ എന്ന ചോദ്യത്തിന് 'മലപ്പുറം' എന്നു തന്നെ മറുപടി പറയിച്ചതാണത്. തീവ്രവാദം നയിക്കുന്നത് ഒരു പ്രത്യേക മതത്തില്‍പെട്ടവരാണെന്നും ആ മതവിശ്വാസികള്‍ക്ക് മുന്‍തൂക്കമുള്ള ജില്ലതന്നെ ജന്മസ്ഥലമാക്കി പറയിച്ചതില്‍ ബോധപൂര്‍വ്വമായതും ഈ സിനിമക്ക് ചേരാത്തതുമായ ഒരു ദുരുദ്ദേശം നല്ല കനത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു.

ഡോക്ടറും കുട്ടിയുമായി അഭിനയിച്ച പൃഥ്വീരാജും മാസ്റര്‍ ഗോവര്‍ദ്ധനും മുഖ്യവേഷങ്ങളോട് നല്ല രീതിയില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്. ഒരു അന്വേഷണയാത്ര സത്യസന്ധമാക്കിയതില്‍ ഡോക്ടര്‍ ബിജുവിന് തീര്‍ച്ചയായും ആഹ്ളാദിക്കാം. കത്രികവെച്ച മനോജ് കണ്ണോത്തും സംഗീതമൊരുക്കിയ രമേഷ് നാരായണനും ക്യാമറയേന്തിയ എം.ജെ. രാധാകൃഷ്ണനും മറ്റു അഭിനേതാക്കളും ആ സന്തോഷത്തില്‍ പങ്കുചേരുന്നതിനെ ആരും വിലക്കുകയില്ല. അതുകൊണ്ട് തന്നെയാണല്ലോ ദേശീയവും അന്തര്‍ദ്ദേശീയവുമായ ചലച്ചിത്രമേളകളില്‍ ഒരു തൊണ്ണൂറ്റിയഞ്ചു മിനുട്ട് ചിത്രം പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നത്.


വീട്ടിലേക്കുള്ള വഴി/മലയാളം/ഡോ. ബിജു/95 മിനുട്ട്


*****

രാജീവ് കണ്ണാടിപ്പറമ്പ് /09447394252, rajivkannadi@gmail.com കടപ്പാട് : ബാങ്ക് വർക്കേഴ്‌സ്ഫോറം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സര്‍വ്വചരങ്ങള്‍ക്കും ജീവിതത്തിന്റെ പഥങ്ങളില്‍ കണ്ടുമുട്ടുന്നതും കണ്ടെടുക്കുന്നതുമായ എണ്ണിയാലൊടുങ്ങാത്ത വഴികളില്‍ ഒരിക്കലും മറക്കരുതാത്ത ഒരേ ഒരു വഴി, സ്വന്തം ജീവിതത്തിന് തണല്‍ നല്‍കുന്ന വീട്ടിലേക്ക് കടന്നുവരേണ്ടുന്ന വഴി തന്നെയാണ്. ഇത് മനുഷ്യജീവിതത്തിന് മാത്രം പരിമിതപ്പെടുന്ന തത്വമല്ല. ജീവനുള്ള ഓരോ ജീവിക്കും ഇത് ബാധകം തന്നെയാണ്.

വീട് ഒരു സാന്ത്വനവും തണലുമാണ്. അഥവാ അങ്ങനെയായിരിക്കണം. നിരവധി വര്‍ഷങ്ങളുടെ പ്രവാസം/അന്യദേശവാസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുവരാന്‍ മനസ്സുകാട്ടുന്ന ധൃതിപ്പെടല്‍ മറ്റെന്തുതന്നെയല്ല?

Anonymous said...

"അജ്മീറിലെത്തിയ ഡോക്ടര്‍ അവിടുത്തെ തീവ്രവാദി പ്രവര്‍ത്തകരുടെ സംരക്ഷണച്ചുമതലയുള്ള ഒരു മലയാളിയോട് കേരളത്തിലെവിടെയാ എന്ന ചോദ്യത്തിന് 'മലപ്പുറം' എന്നു തന്നെ മറുപടി പറയിച്ചതാണത്."

കഷ്ടം. കപട മതേതരത്വത്തില്‍ അമിതമായി അഭിരമിക്കുന്ന മലയാളി കാപട്യത്തിന്റെ ഉത്തമോദാഹരണമാണ് മേല്‍ക്കാണിച്ച അഭിപ്രായം. കശ്മീരില്‍ തീവ്രവാദിയെ അന്വേഷിച്ചു പോകുന്ന നായകന്‍ ഏതോ ഹിന്ദു തീവ്രവാദിയെ അന്വേഷിച്ചാണ് പോയത് എന്നു ആരെങ്കിലും ചിന്തിക്കുമോ?

ഇത്തരം ഒട്ടകപ്പക്ഷിത്വം ഇപ്പൊഴും ഉണ്ടല്ലോ; കഷ്ടം. പഴയ കാലത്തെ 'സോഷ്യലിസ്റ്റ് ബോധമുള്ള അമ്മ' തുടങ്ങിയ മഹത് നാടകങ്ങള്‍ 'ജനയുഗ'ത്തില്‍ വായിച്ചു പുളകം കൊണ്ടിരുന്ന തലമുറയില്‍ പെട്ട ആള്‍ ആണോ നിരൂപകന്‍? കണ്ണ് ഇനിയും മുറുക്കെ അടയ്ക്കുക. ഇരുട്ടായിക്കിട്ടും. ശാന്തം പാപം.