Saturday, October 22, 2011

ഗദ്ദാഫിവധം: അറബ് വസന്തം കൊഴിയുന്നു

ലോകമെമ്പാടും ജനതകള്‍ക്ക് വന്‍പ്രതീക്ഷ നല്‍കിയ അറബ് വസന്തം കൊഴിയുകയാണോ? അറബ് ലോകത്ത് ജനാധിപത്യ സ്ഥാപനത്തിനുവേണ്ടി അലയടിച്ചുയര്‍ന്ന ജനകീയ മുന്നേറ്റങ്ങള്‍ പരസ്യമായി 'ഹൈജാക്' ചെയ്യപ്പെടുകയാണെന്ന ആശങ്ക ബലപ്പെടുന്നു. ഏറ്റവും അവസാനം ഒരു സ്വതന്ത്രപരമാധികാര രാഷ്ട്രത്തിന്റെ തലവനായ കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ വധത്തില്‍ കലാശിച്ച ലിബിയന്‍ ആഭ്യന്തര കലാപത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നല്‍കുന്ന സൂചന മറ്റൊന്നല്ല. ലിബിയയില്‍ ജനാധിപത്യത്തിനുവേണ്ടി ആരംഭിച്ച പോരാട്ടത്തില്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയും നാറ്റോ സഖ്യത്തിലെ യൂറോപ്യന്‍ രാഷ്ട്രങ്ങളും സൗദി അറേബ്യയും ഖത്തര്‍ സേനയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും മര്യാദകളെയും ലംഘിച്ചുകൊണ്ട് നടത്തിയ ഇടപെടലുകളും അതിന്റെ അന്ത്യത്തില്‍ നടന്ന ഗദ്ദാഫി വധവും അറബ് വസന്തത്തിന്റെ മറവില്‍ അരങ്ങേറിയ പ്രതിവിപ്ലവത്തിന്റെ കഥയാണ് അനാവരണം ചെയ്യുന്നത്.

ടുണീഷ്യയില്‍ ആരംഭിച്ച് ഈജിപ്ത്, യെമന്‍, ബഹറിന്‍, ലിബിയ, സിറിയ എന്നിവിടങ്ങളിലേയ്ക്കു പടര്‍ന്ന മുല്ലപ്പൂ വിപ്ലവം, അറബ് വസന്തം എന്നീ പേരുകളില്‍ അറിയപ്പെട്ട അഭൂതപൂര്‍വമായ ജനകീയ മുന്നേറ്റം ലോക ജനത വളരെ പ്രതീക്ഷയോടെയാണ് വരവേറ്റത്, നെഞ്ചേറ്റിയത്. ജനാധിപത്യം തുലോം നിഷേധിക്കപ്പെട്ടിരുന്ന ഒരു മേഖലയിലെ രാഷ്ട്രങ്ങളില്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യ സാമ്പത്തിക നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിലാണ് ജനങ്ങള്‍ അണിനിരന്നത്. എന്നാല്‍ ചുരുങ്ങിയ കാലത്തിലുള്ളില്‍ ആ വസന്തങ്ങള്‍ തല്ലിക്കൊഴിക്കപ്പെടുന്നതും ജനകീയ മുന്നേറ്റങ്ങള്‍ സാമ്രാജ്യത്വ ശക്തികളും മതമൗലികവാദികളും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും കവര്‍ന്നെടുക്കുന്നതുമായ കാഴ്ചയാണ് നാം കാണുന്നത്.

ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന്റെ അപ്രതീക്ഷിതവും അഭൂതപൂര്‍വവുമായ വിജയം ഈജിപ്ത് ജനതയുടെ ഭാവനയ്ക്കും അഭിലാഷങ്ങള്‍ക്കും നിറം പകര്‍ന്നു. ഹൊസ്‌നി മുബാറക്കിന്റെ സ്വേച്ഛാഭരണത്തിനെതിരെ കെയ്‌റോവിലും അലക്‌സാഡ്രിയയിലും അസ്വാനിലും ആ രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും അലയടിച്ചുയര്‍ന്ന ജനമുന്നേറ്റം അപ്രതിരോധ്യമായിരുന്നു. മതത്തിന്റെയും വംശത്തിന്റെയും വര്‍ഗ-ലിംഗ പരിഗണനകളുടെയും അതിര്‍വരമ്പുകളെ ഭേദിച്ച ആ പ്രക്ഷോഭം അത്തരമൊരു സമരം ഉണ്ടാക്കുമായിരുന്ന വലിയ രക്തച്ചൊരിച്ചില്‍ കൂടാതെ മുബാറക്കിനെ സ്ഥാന ഭ്രഷ്ടനാക്കി, വിചാരണ തടവിലാക്കി. എന്നാല്‍ ഇന്ന് ഈജിപ്ത് നല്‍കുന്ന ചിത്രം ആശങ്കാ ജനകമാണ്. മുബാറക്കിന്റെ ജനറല്‍മാരും മതമൗലികവാദവും സാമ്രാജ്യത്വവും വിലക്കെടുത്ത മുസ്‌ലീം ബ്രദര്‍ഹുഡും മറ്റ് ഇസ്‌ലാമിസ്റ്റുകളും ഉള്‍പ്പെട്ട പ്രതിലോമ ശക്തികളാണ് ഇന്ന് അവിടെ അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത്. അമേരിക്കന്‍ - യൂറോപ്യന്‍ സാമ്രാജ്യശക്തികളും ഇസ്‌ലാമിക മൗലികവാദത്തിന്റെ ആസ്ഥാനമായ സൗദി അറേബിയയും ഉള്‍പ്പെട്ട കൂട്ടുകെട്ടാണ് ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തെ കവര്‍ന്നെടുക്കുന്നത്. ശരിഅത്ത് നിയമം നടപ്പാക്കുന്നതിനും മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നതിനും അവിടെ തുടക്കമിട്ടുകഴിഞ്ഞു.

ബഹ്‌റനിലെ ജനാധിപത്യ സമരങ്ങള്‍ ഇതേ ശക്തികളുടെ പിന്തുണയോടെയാണ് അടിച്ചമര്‍ത്തിയത്. ഇപ്പോള്‍ സിറിയയിലെ ബാത്ത് സോഷ്യലിസ്റ്റ് മതേതര ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് പിന്നിലും ഇതേ അവിശുദ്ധ കൂട്ടുകെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ലിബിയയില്‍ ഗദ്ദാഫി ഭരണകൂടത്തിനെതിരായ ജനങ്ങളുടെ വിമര്‍ശനവും അവരുടെ സ്വാതന്ത്ര്യ അഭിവാഞ്ചയും അനിഷേധ്യമാണ്. സമാധാനപരവും ജനാധിപത്യപരവുമായ ഒരു മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തികച്ചും ന്യായമാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ അരങ്ങേറുന്നത് വിപ്ലവമല്ല, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതി, നാറ്റോ, സൗദി അറേബിയ, ഖത്തര്‍, ബഹുരാഷ്ട്ര എണ്ണ കുത്തകകള്‍ എന്നിവരുടെ സജീവ പിന്തുണയോടെയും ഇടപെടലോടെയും നടക്കുന്ന പ്രതിവിപ്ലവമാണ്.
ബംഗാസി നഗരത്തിലെ ജനങ്ങളെ ഗദ്ദാഫി ഭരണം നടത്തിയേക്കാവുന്ന കൂട്ടക്കൊലയില്‍ നിന്നും രക്ഷിക്കുക എന്ന പേരിലാണ് ഐക്യരാഷ്ട്ര സഭ ലിബിയയ്ക്കുമേല്‍ വ്യോമനിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളെയും കാറ്റില്‍പറത്തി ലിബിയക്കുമേല്‍ ഒരു വ്യോമയുദ്ധം തന്നെ അഴിച്ചുവിടുകയാണ് നാറ്റോ ചെയ്തത്. ട്രിപ്പോളിയിലും സിര്‍ത്തിലുമടക്കം ലിബിയയ്ക്കുമേല്‍ വന്‍നാശവും മരണവും വിതച്ച ബോംബിംഗിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ലിബിയ അക്ഷരാര്‍ഥത്തില്‍ ഒരു ശിലായുഗ രാഷ്ട്രമാക്കപ്പെട്ടു. അല്‍ഖ്വയിദക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചവര്‍ അതിന്റെ ലിബിയന്‍ ശാഖയുടെ നേതാക്കള്‍ക്ക് ആയുധവും അര്‍ഥവും അധികാരവും നല്‍കി കൂട്ടക്കൊലകള്‍ക്ക് അനുമതി നല്‍കി. വളരെ വിചിത്രമായ നീതിയും ശിക്ഷയുമാണ് പാശ്ചാത്യ ശക്തികള്‍ ലിബിയക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഉത്തര ആഫ്രിക്കയിലെ എണ്ണ സമ്പന്നമായ ഒരു രാഷ്ട്രത്തെയും ജനതയെയും തങ്ങളുടെ 'സംരക്ഷിത രാഷ്ട്ര'മാക്കിമാറ്റുകയെന്നതാണ് അവരുടെ അജണ്ട. അതിനു ഗദ്ദാഫി ജീവിച്ചിരുന്നുകൂട. ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും വില കല്‍പിച്ചിരുന്നെങ്കില്‍ ലിബിയയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

*
ജനയുഗം 22 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...