Sunday, October 9, 2011

ആ കുട്ടികളെ കല്ലെറിഞ്ഞു കൊല്ലുക

ഈ ലേഖനം എഴുതിയതിന്റെ പേരില്‍ പ്രേരണാക്കുറ്റത്തിന് പതിനായിരം രൂപ(കേരള നിയമം) അല്ലെങ്കില്‍ ഇരുപത്തയ്യായിരം രൂപ(കേന്ദ്ര നിയമം) പിഴയും മൂന്നു മാസം(കേരള നിയമം) അല്ലെങ്കില്‍ അഞ്ചു കൊല്ലം(കേന്ദ്ര നിയമം) തടവും എന്റെ പേരില്‍ വിധിക്കാവുന്നതാണ്. കാരണം, ഇന്ത്യന്‍ പൌരത്വമുള്ളവര്‍ അവര്‍ക്കിഷ്ടമുള്ളത്രയും കുട്ടികളെ ഉത്പാദിപ്പിക്കുകയും പ്രസവിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ അസന്നിഗ്ദ്ധമായ അഭിപ്രായം. അത് ഇന്നും ഇന്നലെയും നാളെയും അപ്രകാരം തന്നെയായിരിക്കുകയും ചെയ്യും. ഈ സൌകര്യവും സ്വാതന്ത്ര്യവും പിന്‍വലിക്കപ്പെടുകയാണെങ്കില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാകുകയും, ഇന്ത്യ എന്നത് അടിച്ചമര്‍ത്തലിന്റെ മറ്റൊരു പര്യായം മാത്രമായി അധ:പതിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.

ഇന്ത്യയിലും മറ്റ് മൂന്നാം ലോക രാജ്യങ്ങളിലും വ്യാപകമായി നിലനില്‍ക്കുന്ന ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും കാരണം അമിത ജനപ്പെരുപ്പമാണെന്ന കണ്ടുപിടുത്തം കുറെക്കാലമായി പ്രാബല്യത്തിലുള്ളതാണ്. ഞാനൊരു സാമ്പത്തിക വിദഗ്ദ്ധനല്ലാത്തതു കൊണ്ട് ഈ സിദ്ധാന്തം പ്രചരിപ്പിക്കുന്നവരുമായി തര്‍ക്കത്തിലേര്‍പ്പെടാനുദ്ദേശിക്കുന്നില്ല. എന്നാല്‍, ശതകോടീശ്വരന്മാരുടെ അമ്പരപ്പിക്കുന്ന വളര്‍ച്ചയും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനാവാതെ കെട്ടിക്കിടന്ന് ചീയുന്നതിനാല്‍ കടലില്‍ തള്ളുന്നതും നിത്യ സംഭവമായ ഇന്ത്യയില്‍ ജനപ്പെരുപ്പമാണ് ഏക പ്രശ്നമെന്ന വ്യാഖ്യാനം ആരെയൊക്കെ രക്ഷിക്കാനും ആരെയൊക്കെ കുറ്റപ്പെടുത്താനുമാണെന്ന വൈരുദ്ധ്യം ഈ വിദഗ്ദ്ധരടക്കം കാണാതെ പോകുകയാണ് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ്, രണ്ടു കുട്ടികളിലധികം ഉള്ളവര്‍ക്ക് ശിക്ഷ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിമന്‍സ് കോഡ് ബില്ലിന്റെ കരട് കേരള സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന ബില്‍, രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും തടവും ശിക്ഷയായി വിധിക്കണമെന്നും കല്‍പ്പിക്കുന്നു. ആധുനിക രാഷ്ട്ര നിര്‍മാണത്തിനു വേണ്ടി പ്രയത്നിക്കുന്നവരും നിലനില്‍ക്കുന്നവരുമായ ഐക്യ കേരള വാദികള്‍ ഞെട്ടലോടെയും അമ്പരപ്പോടെയുമാണ് ഈ ശുപാര്‍ശകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചത്. തൊട്ടു പുറകെ, ഗാന്ധി ജയന്തി ദിവസത്തില്‍ ദേശീയ ദിനപത്രമായ മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്രകാരം പറയുന്നു. കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥയുമായി കേന്ദ്രസര്‍ക്കാരും നിയമനിര്‍മാണത്തിന്റെ വഴിയില്‍. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് അഞ്ച് കൊല്ലത്തില്‍ കുറയാത്ത തടവ് ശിക്ഷയും 25000 രൂപയില്‍ കുറയാത്ത പിഴയും നല്‍കണമെന്നാണ് ബില്ലില്‍ പറയുന്നത്. പിന്നെയും പൈശാചികമായ വ്യവസ്ഥകള്‍ ധാരാളമുണ്ട്. ഞെട്ടി വിറച്ചു കൊണ്ടു മാത്രമേ ഇത്തരം ശുദ്ധീകരണ വാര്‍ത്തകള്‍ വായിച്ചു മുഴുമിപ്പിക്കാനാവുന്നുള്ളൂ. അഥവാ മൂന്നാമത്തെയും നാലാമത്തെയും കുട്ടികള്‍ ജനിച്ചു പോയെന്നു കരുതുക. ഇത്രയും തുക പിഴ അടക്കാനില്ലാത്തവര്‍ക്കും അഛനുമമ്മയും തടവില്‍ കിടന്നാല്‍ ഈ പുതിയ കുട്ടികളും നിയമം അനുസരിച്ചുണ്ടായ ആദ്യത്തെ രണ്ടു കുട്ടികളും പട്ടിണിയാവുന്ന അവസ്ഥയുള്ളവര്‍ക്കും അവലംബിക്കാവുന്ന ഏക മാര്‍ഗമേ ഉള്ളൂ. പുതുതായുണ്ടായ കുട്ടികളെ എത്രയും വേഗത്തില്‍ കല്ലെറിഞ്ഞു കൊല്ലുക. ആദ്യത്തെ രണ്ടു കുട്ടികളെയെങ്കിലും പട്ടിണിക്കിടാതിരിക്കാമല്ലോ!

അതേ സമയം, വിമന്‍സ് കോഡ് ബില്ലിലെ വിവാദ പരാമര്‍ശങ്ങള്‍ യാതൊരു കാരണവശാലും പിന്‍വലിക്കില്ലെന്ന് മുതിര്‍ന്ന/വിരമിച്ച ന്യായാധിപന്‍ വി ആര്‍ കൃഷ്ണയ്യര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. പേടിച്ചോടുന്ന കമ്മീഷനല്ല തന്റേതെന്ന് അദ്ദേഹം തുറന്നടിച്ചു. ക്രൈസ്തവ സഭകളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഒരു സഭയെയും ഭയക്കുന്ന ആളല്ല താനെന്നായിരുന്നു മറുപടി. വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സമിതിയിലെ തന്നെ ചില അംഗങ്ങളും രംഗത്തു വന്നതായി റിപ്പോര്‍ടുണ്ട്. ഈ വിവാദ അധ്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അംഗം സറീന നവാസ് കൃഷ്ണയ്യര്‍ക്ക് ഫാക്സ് അയച്ചിട്ടുണ്ട്. പത്തംഗ സമിതി പ്രവര്‍ത്തിച്ചത് ജനാധിപത്യപരമായും പരസ്പര വിശ്വാസത്തിലധിഷ്ഠിതമായും അല്ല എന്നാണിതിലൂടെ തെളിയുന്നത്. ഈ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പിലാക്കൂ എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത് ആശ്വാസമാണെങ്കിലും, ചര്‍ച്ചകളുടെ കാര്യത്തില്‍ രണ്ടു തരത്തിലുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഒന്ന്, ഈ ശുപാര്‍ശകളില്‍ തന്നെയുള്ള വകുപ്പുകളും ഘടകങ്ങളുമാണ്. രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കും എന്ന വകുപ്പ്, ചര്‍ച്ചയിലേര്‍പ്പെട്ട് അഭിപ്രായം പറയുന്നവരെ പോലും പിന്തിരിപ്പിക്കാന്‍ പ്രേരിപ്പിക്കും. അതോടൊപ്പം, കൂടുതല്‍ കുട്ടികള്‍ വേണ്ടവര്‍ക്ക് അതാകം എന്നും നിയന്ത്രണം വേണ്ട എന്നും അഭിപ്രായപ്പെടുന്ന മത/ജാതി വിഭാഗങ്ങളെ സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന ദുഷ്പ്രചാരണം ഇതോടൊപ്പം സജീവമായിത്തീരുന്നുണ്ടെന്ന വസ്തുതയാണ്. വിമന്‍സ് കോഡ് ബില്‍ മനുഷ്യത്വത്തോടും മനുഷ്യന്റെ സ്വകാര്യതയോടുമുള്ള വെല്ലുവിളിയാണെന്ന് കെസിബിസി അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നുമാണ് ഓര്‍ത്തഡോക്സ് സഭ ആരോപിച്ചത്.

കൂടുതല്‍ കുട്ടികള്‍ക്കായി മതം, ജാതി, വംശം, പ്രാദേശികത എന്നിവ ഉപയോഗിക്കരുതെന്ന് കൃഷ്ണയ്യര്‍ ശുപാര്‍ശകളില്‍ വ്യക്തമാക്കുന്നുണ്ടെന്നുള്ള വാര്‍ത്തകളിലെ സൂചനയും ഭീതിജനകമാണ്. അതായത്, ചില പ്രത്യേക മതത്തിലുള്ളവരും ജാതിയിലുള്ളവരും വംശത്തില്‍ പെട്ടവരും പ്രദേശത്തുള്ളവരും രാജ്യത്തെ സ്ഥിതി കണക്കിലെടുക്കാതെ അവരുടെ സന്തതിപരമ്പരകളെ പെറ്റു പെരുക്കിക്കൊണ്ടിരിക്കുന്നുവെന്ന വ്യക്തവും ദുസ്സഹവുമായ ധ്വനിയാണ് ശുപാര്‍ശകളിലുള്ളതെന്നര്‍ത്ഥം. കൂടുതല്‍ കുട്ടികളെ പെറ്റു കൂട്ടി ഇന്ത്യയെ ഒരു മുസ്ളിം ഭൂരിപക്ഷ രാജ്യമാക്കി മാറ്റാന്‍ വേണ്ടിയുള്ള നിരന്തരമായ പ്രയത്നത്തിലാണ് മുസ്ളിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന്, ഹിന്ദുത്വ വ്യവഹാരങ്ങളിലുള്‍ച്ചേര്‍ന്നിരിക്കുന്ന ഗൂഢാലോചനാസിദ്ധാന്തപ്രകാരം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഹിന്ദു മതഭ്രാന്തന്മാര്‍ പറയുന്നത്, മുസ്ളിങ്ങള്‍ കുടുംബാസൂത്രണത്തിന് എതിരാണെന്നും ഇത് ഇസ്ളാമില്‍ തന്നെയുള്ള തത്വ സംഹിതയാണെന്നുമാണ്.

കാവിക്കാരുടെ ജനസംഖ്യാശാസ്ത്രത്തെ നേരിടുമ്പോള്‍ - ഇന്ത്യയിലെ മതം, പ്രത്യുത്പാദനപരത, സ്ത്രീകളുടെ അവസ്ഥ (
CONFRONTING SAFFRON DEMOGRAPHY - RELIGION, FERTILITY AND WOMEN’S STATUS IN INDIA) എന്ന പട്രീഷ്യ ജെഫ്രിയും റോജര്‍ ജെഫ്രിയും ചേര്‍ന്നെഴുതിയ ഗവേഷണഗ്രന്ഥം (പ്രസാധനം ത്രീ എസ്സേയ്സ് കളക്റ്റീവ്-ന്യൂദില്ലി) അപകടകരമായതും വംശഹത്യക്കു പ്രേരിപ്പിക്കുന്നതുമായ ഈ വാദത്തെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളോടെ എതിര്‍ത്തു പരാജയപ്പെടുത്തുന്ന ഒന്നാണ്. പടിഞ്ഞാറേ യു പിയിലുള്ള ബിജ്നോര്‍ ജില്ലയില്‍ നടത്തിയ അടിത്തട്ടിലുള്ള അന്വേഷണത്തിലൂടെ ഇന്ത്യയെ ഇസ്ളാമികവത്ക്കരിക്കാനുള്ളതായി ആരോപിക്കപ്പെടുന്ന ഗൂഢാലോചനാവാദം തികച്ചും കളവാണെന്ന് ഈ പുസ്തകം തെളിയിക്കുന്നു. അധാര്‍മികമായ ലൈംഗികാസക്തികള്‍ക്കു വിധേയരായവരും ബഹുഭാര്യാത്വം കര്‍ശനമായി നടപ്പിലാക്കുന്നവരും തങ്ങളുടെ സമുദായത്തിലുള്ള സ്ത്രീജനങ്ങളോട് അങ്ങേയറ്റം ക്രൂരതയോടെ പെരുമാറുന്നവരും ആണ് മുസ്ളിം പുരുഷന്മാര്‍ എന്നാണ് ഹിന്ദുത്വവാദികള്‍ സ്ഥിരമായി ആരോപിക്കുന്നതെന്ന് പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്. കുട്ടികളെ ഒന്നിനു പുറകെ ഒന്നെന്നോണം ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു യന്ത്രം എന്ന നിലക്കാണ് മുസ്ളിം പുരുഷന്മാര്‍ അവരുടെ സ്ത്രീകളെ കണക്കു കൂട്ടുന്നത് എന്നാണ് ഹിന്ദുത്വക്കാരുടെ വാദം. അവരതിലൂടെ ഹിന്ദുക്കളെ ന്യൂനപക്ഷമാക്കി മാറ്റാനുള്ള ഗൂഢാലോചനയുടെ പരോക്ഷ പ്രയോക്താക്കളായി മാറുകയും ചെയ്യുന്നു. 1998-99ല്‍ മുസ്ളിം ജനസംഖ്യാ വര്‍ദ്ധനവ് അഖിലേന്ത്യാ തലത്തില്‍ കേവലം 3.6 മാത്രമാണ്. ഇത്, കുടുംബാസൂത്രണ പ്രചാരകര്‍ ലക്ഷ്യമിടുന്ന ജനസംഖ്യാ വര്‍ദ്ധനവ് നിരക്കിനേക്കാള്‍ എത്രയോ താഴെയാണ്. ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഗവേഷണത്തിലൂടെ ലഭിച്ച വിവരമനുസരിച്ച്; ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തോത് കണക്കു കൂട്ടുമ്പോള്‍ ഹിന്ദുക്കളേക്കാള്‍ വേഗതയിലാണ് മുസ്ളിങ്ങളുടെ ഉപയോഗനിരക്ക് കൂടിക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച്, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ മുസ്ളിങ്ങള്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ അളവില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരായിത്തീരും എന്നാണ് വ്യക്തമാകുന്നത്. അതായത്, മുസ്ളിം വംശവര്‍ദ്ധനവ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിന്ദു വംശവര്‍ദ്ധനവ് നിരക്കിനേക്കാള്‍ കുറയാനാണ് സാധ്യത.

ഇപ്പോള്‍, നേരിയ തോതില്‍ മുസ്ളിം ജനസംഖ്യാ വര്‍ദ്ധനവ് ഹിന്ദുക്കളേക്കാള്‍ കൂടുതലായതിനു കാരണം, മുസ്ളിങ്ങള്‍ പൊതുവെ അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥയും സവര്‍ണ ഹൈന്ദവാധിപത്യത്തിന്‍ കീഴില്‍ അവരനുഭവിക്കുന്ന അടിച്ചമര്‍ത്തലുമാണ്. ഇത്തരം പീഡനങ്ങള്‍ താരതമ്യേന കുറവായ തെക്കേ ഇന്ത്യയില്‍, വിശേഷിച്ച് കേരളത്തില്‍ മുസ്ളിം ജനസംഖ്യാ വര്‍ദ്ധനവ് ഏറെക്കൂറെ ഹിന്ദു നിരക്കിനോടൊപ്പമാണെന്നതും ഈ വാദത്തിന് അനുകൂലമായ വസ്തുതയാണ്. പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരാവുന്ന ദളിതുകളുടെയും സ്ഥിതി സമാനമാണെന്നതില്‍ നിന്നു തന്നെ ഗൂഢാലോചനാ സിദ്ധാന്തം വസ്തുതാപരമല്ലെന്നു തെളിയുന്നു.

ബിജ്നോറില്‍, നാല്‍പതു ശതമാനം മുസ്ളിങ്ങളാണുള്ളത്. എന്നിട്ടും അവര്‍ പിന്നോക്കാവസ്ഥയിലാണുള്ളത്. അവര്‍ പൊതുവെ ദരിദ്രരും; വിദ്യാഭ്യാസം, ആരോഗ്യം എന്നീ അവകാശങ്ങളില്‍ അവഗണന അനുഭവിക്കുന്നവരുമാണ്. ഹിന്ദു സ്ത്രീകളുടെ അതേ സാമൂഹികാവസ്ഥ തന്നെയാണ് ഇവിടത്തെ മുസ്ളിം സ്ത്രീകള്‍ക്കുമുള്ളത്. പെണ്‍കുട്ടികളോടുള്ള അവഗണനയും പെണ്‍ ഭ്രൂണഹത്യയും താരതമ്യേന മുസ്ളിങ്ങള്‍ക്കിടയിലാണ് കുറവ്. സ്ത്രീധനത്തിന്റെ നിരക്കും ഹിന്ദുക്കള്‍ക്കിടയിലാണ് കൂടുതല്‍. മുസ്ളിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെ നിരക്കും ഇവിടെ വളരെ കുറവാണ്. ഒട്ടു മിക്ക ആളുകള്‍ക്കും ഈ രീതിയോട് എതിര്‍പ്പാണുള്ളത്. മാത്രമല്ല, ഏകഭാര്യാത്വത്തിലുള്ളവരേക്കാള്‍ ബഹുഭാര്യാത്വത്തിലുള്ള സ്ത്രീകള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നു എന്ന ആരോപണവും തെറ്റാണ്. സത്യത്തില്‍, ബഹുഭാര്യാത്വത്തിലുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ താരതമ്യേന കുറവാണ്.

യഥാര്‍ത്ഥത്തില്‍, ബിജ്നോറിലെ മുസ്ളിം സ്ത്രീകളുടെ അവസ്ഥ അടുത്ത കാലത്തായി കൂടുതല്‍ പരിതാപകരമായി തീര്‍ന്നിട്ടുണ്ട്. അതിനുള്ള കാരണം, മുസ്ളിം പുരുഷന്മാരുടെ പീഡനമല്ല. മറിച്ച്, രാജ്യത്ത് മറ്റെല്ലായിടത്തുമെന്നതുപോലെ ഹിന്ദു വലതു പക്ഷത്തിന്റെ വളര്‍ച്ചയും കൂടിയ സാന്നിദ്ധ്യവുമാണ്. വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നിന്നെല്ലാം മുസ്ളിങ്ങളെ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. അവരുടെ വസ്തുവഹകളും മറ്റും പിടിച്ചു പറിക്കപ്പെടുന്നു. അവര്‍ ഒരേ സ്ഥലത്ത് കൂട്ടമായി താമസിക്കാന്‍(ഖെറ്റോ) നിര്‍ബന്ധിക്കപ്പെടുന്നു. ഇത് സാമൂഹികവത്ക്കരണത്തില്‍ നിന്ന് മുസ്ളിങ്ങള്‍ പുറന്തള്ളപ്പെടുന്ന അവസ്ഥയിലേക്കെത്തിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, വികസന പദ്ധതികള്‍ എന്നിവയെല്ലാം ഹിന്ദു താമസപ്രദേശങ്ങളെ കേന്ദ്രീകരിച്ചും അവക്ക് സമീപത്തായുമാണ് സ്ഥാപിക്കപ്പെടുന്നത്. പാഠ്യപദ്ധതിയാകട്ടെ നിരന്തരം ഹൈന്ദവവത്ക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയുമാണ്. ഇത് മുസ്ളിങ്ങളുടെ സാമൂഹിക ഉന്നമനത്തെ വീണ്ടും തടസ്സപ്പെടുത്തുന്നു. മുസ്ളിങ്ങള്‍ക്ക് അഭ്യസ്തവിദ്യര്‍ക്കുള്ള ജോലിസാധ്യതകള്‍ കുറവാണെന്ന വസ്തുതയും അവരെ വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. സ്ഥാപനവത്കൃതമായ വിവേചനമാണ് അല്ലാതെ, മതബോധനമല്ല മുസ്ളിങ്ങളെ പ്രത്യേകിച്ച് മുസ്ളിം പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതെന്നാണ് ഈ വസ്തുതകള്‍ തെളിയിക്കുന്നത്. ഇത്തരത്തില്‍ സ്ഥാപനവത്കൃതമായ വിവേചനത്തെ നല്ലൊരു പരിധി വരെ മറി കടക്കാനായ കേരളത്തില്‍ മുസ്ളിം പെണ്‍കുട്ടികള്‍ക്കിടയിലുണ്ടായ വിദ്യാഭ്യാസ വളര്‍ച്ചയുടെ കണക്കുകള്‍ എല്ലാവര്‍ക്കും ബോധ്യമുള്ളതുമാണല്ലോ. വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്; അല്ലാതെ മതബോധനപ്രകാരമായ ജനസംഖ്യാവര്‍ദ്ധനവു തന്ത്രമല്ല മുസ്ളിങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അല്‍പമധികം പ്രസവനിരക്ക് എന്ന് ഇതുകൊണ്ട് ബോധ്യമാകുന്നതാണ്. ഇതിനെ പിഴയും തടവും പോലുള്ള കര്‍ശന നടപടികളിലൂടെ നേരിടാനൊരുങ്ങുന്ന ന്യായാധിപന്മാരും ഭരണകര്‍ത്താക്കളും ഇന്ത്യയെ ജനാധിപത്യവത്ക്കരണത്തില്‍ നിന്ന് പിറകോട്ടു കൊണ്ടു പോകുകയാണെന്ന കാര്യത്തില്‍ സംശയമില്ല. നവഉദാരവത്ക്കരണനയങ്ങളുടെ ഭാഗമായി വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കുന്ന പ്രവണതയിലാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി, ദരിദ്രരായ മുസ്ളിങ്ങള്‍ കൂടുതല്‍ ദരിദ്രരും പിന്നോക്കക്കാരുമായി മാറുന്ന അവസ്ഥയും സംജാതമാകുന്നു. ഇതും അവരെ കുടുംബാസൂത്രണലക്ഷ്യങ്ങളില്‍ നിന്ന് പിറകോട്ടടിപ്പിക്കും.

ഇപ്പോഴുയര്‍ന്നു വന്നിട്ടുള്ള ശുപാര്‍ശകള്‍ 1975-77 കാലത്തെ അടിയന്തിരാവസ്ഥയില്‍ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ദില്ലിയിലെ തുര്‍ക്ക്മാന്‍ ഗേറ്റിലും ജുമാ മസ്ജിദ് പ്രദേശത്തും നടത്തിയ നിര്‍ബന്ധിത വന്ധ്യംകരണ നീക്കത്തിന് സമാനമായ ഒന്നാണ്. രണ്ടു കുട്ടികളുള്ളവരെ നിര്‍ബന്ധിതമായി പിടികൂടി വാസക്ടമിക്ക് വിധേയരാക്കാനുള്ള ഉത്തരവ്, ഒരു കുട്ടിയുടെ പോലും പിതാവല്ലാത്തവരെയും ജീവിതത്തില്‍ ഒരിക്കല്‍ പോലും ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടിട്ടില്ലാത്തവരെയും പോലും വാസക്ടമിക്ക് വിധേയരാക്കുന്ന സ്ഥിതിയിലെത്തിച്ചേര്‍ന്നു. മുസ്ളിങ്ങളില്‍ ഗൂഢാലോചന ആരോപിക്കുന്നവര്‍ അവര്‍ക്കെതിരെ തന്നെ ഗൂഢാലോചനയിലേര്‍പ്പെടുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.


*****


ജി പി രാമചന്ദ്രന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ ലേഖനം എഴുതിയതിന്റെ പേരില്‍ പ്രേരണാക്കുറ്റത്തിന് പതിനായിരം രൂപ(കേരള നിയമം) അല്ലെങ്കില്‍ ഇരുപത്തയ്യായിരം രൂപ(കേന്ദ്ര നിയമം) പിഴയും മൂന്നു മാസം(കേരള നിയമം) അല്ലെങ്കില്‍ അഞ്ചു കൊല്ലം(കേന്ദ്ര നിയമം) തടവും എന്റെ പേരില്‍ വിധിക്കാവുന്നതാണ്. കാരണം, ഇന്ത്യന്‍ പൌരത്വമുള്ളവര്‍ അവര്‍ക്കിഷ്ടമുള്ളത്രയും കുട്ടികളെ ഉത്പാദിപ്പിക്കുകയും പ്രസവിക്കുകയും ചെയ്യട്ടെ എന്നതാണ് എന്റെ അസന്നിഗ്ദ്ധമായ അഭിപ്രായം. അത് ഇന്നും ഇന്നലെയും നാളെയും അപ്രകാരം തന്നെയായിരിക്കുകയും ചെയ്യും. ഈ സൌകര്യവും സ്വാതന്ത്ര്യവും പിന്‍വലിക്കപ്പെടുകയാണെങ്കില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യം തന്നെ അപ്രസക്തമാകുകയും, ഇന്ത്യ എന്നത് അടിച്ചമര്‍ത്തലിന്റെ മറ്റൊരു പര്യായം മാത്രമായി അധ:പതിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.