Tuesday, October 4, 2011

വര്‍ഗ ഐക്യത്തിന്റെ കാഹളം മുഴങ്ങട്ടെ

ഈ വര്‍ഷം ഡബ്ല്യുഎഫ്ടിയു ദിനം അതിന്റെ അംഗസംഘടനകളും സുഹൃത് സംഘടനകളും ആചരിച്ചത് സാര്‍വദേശീയ സമര - ഐക്യദിനമായിട്ടാണ്. എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ, കൂട്ടായ വിലപേശല്‍ , കൂട്ടായി അംഗീകരിച്ച കരാറുകള്‍ , ട്രേഡ് യൂണിയന്‍ - ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ , 5 പ്രവൃത്തി ദിനങ്ങള്‍ , ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി, ജീവിക്കാന്‍ മതിയായ മെച്ചപ്പെട്ട വേതനം എന്നീ മുദ്രാവാക്യങ്ങള്‍ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ലോകത്താകെ ഒന്നിച്ചു മുഴക്കിയാണ് തിങ്കളാഴ്ച ദിനാചരണം നടന്നത്. തൊഴിലാളിവര്‍ഗം ചരിത്രത്തില്‍ വായിച്ച ഏറ്റവും ആവേശദായകമായ ആഹ്വാനമുണ്ടായത് 1848ലാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളേ, സംഘടിക്കുവിന്‍! നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍മാത്രം. കിട്ടാനുള്ളതോ, ഒരു പുതിയ ലോകം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ അവസാന വാചകം അധ്വാനിക്കുന്ന ജനതകളെ മുഴുവന്‍ (മാര്‍ക്സിസത്തോട് യോജിപ്പില്ലാത്തവരെപ്പോലും) ആവേശംകൊള്ളിച്ചു. സാര്‍വദേശീയ അടിസ്ഥാനത്തില്‍ ആദ്യത്തെ തൊഴിലാളി സംഘടന 1864ല്‍ രൂപംകൊണ്ടിരുന്നെങ്കിലും (ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍) സ്ഥാനത്തില്‍ അതിന് ദൗര്‍ബല്യങ്ങള്‍ ഏറെയായിരുന്നു.

1945 ഒക്ടോബര്‍ 3ന് പാരീസില്‍ ചേര്‍ന്ന ലോക തൊഴിലാളി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്ടിയു) രൂപീകരണ സമ്മേളനം പണിയെടുക്കുന്നവരുടെ വര്‍ഗസമര ചരിത്രത്തിലെ തിളങ്ങുന്ന നാഴികക്കല്ലായി. ഒന്നാം ലോക ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസില്‍ 55 രാജ്യങ്ങളില്‍ നിന്ന് 56 ദേശീയ തൊഴിലാളി സംഘടനകളാണ് പങ്കെടുത്തത്. അവയില്‍ എല്ലാറ്റിലും കൂടി 67 ദശലക്ഷം തൊഴിലാളികള്‍ അംഗങ്ങളായിരുന്നു. രൂപീകരണ കോണ്‍ഗ്രസിനു മുന്നോടിയായി ഫെബ്രുവരി 6 മുതല്‍ 17 വരെ ലണ്ടനില്‍ ചേര്‍ന്ന അന്തര്‍ദേശീയ തൊഴിലാളി സമ്മേളനം തൊഴിലാളികളുടെ ലോകസംഘടനയുടെ ഉള്ളടക്കത്തെയും സ്വഭാവത്തെയുംകുറിച്ച് വിശദമായ ചര്‍ച്ച നടത്തി തീരുമാനങ്ങള്‍ക്കുള്ള അടിത്തറ പാകിയിരുന്നു. ആശയ, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി പണിയെടുക്കുന്നവരുടെ ലക്ഷ്യബോധമുള്ള ഐക്യത്തിന്റെ വേദിയാകാനാണ് ഡബ്ല്യുഎഫ്ടിയു ലക്ഷ്യമിട്ടത്. പാരീസ് കോണ്‍ഗ്രസില്‍ സംബന്ധിച്ച അമേരിക്കല്‍ പ്രതിനിധി സംഘത്തലവന്‍ സിഡ്നി ഹില്‍മാന്റെ വാക്കുകളില്‍ ഈ ലക്ഷ്യം പ്രതിഫലിച്ചിരുന്നു. ചരിത്രം എന്ന കാര്‍ക്കശ്യമേറിയ അധ്യാപകന്‍ രക്തവും ദുഃഖവും കലര്‍ന്ന കഴിഞ്ഞ ദശാബ്ദത്തില്‍ നമ്മെ ഒരു വിലപ്പെട്ട പാഠം പഠിപ്പിച്ചു. ലോകത്തിലെ ജനാധിപത്യ ശക്തികളുടെ ഐക്യം ഇല്ലെങ്കില്‍ സമാധാനവും പുരോഗതിയും നമുക്ക് നേടാനാകില്ല എന്ന പാഠമാണത്.

യുഎന്‍ഒ അടക്കമുള്ള അന്തര്‍ദേശീയ വേദികളില്‍ കണ്‍സള്‍ട്ടേറ്റീവ് സ്റ്റാറ്റസ് നേടിയ ഈ മഹത്തായ പ്രസ്ഥാനം തൊഴിലാളികളുടെ ആഗോളശബ്ദത്തിന്റെ പ്രതീകമായി അംഗീകരിക്കപ്പെട്ടു. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള തൊഴിലാളികളുടെ അവകാശം ഉയര്‍ത്തിപ്പിടിച്ച ഐഎല്‍ഒ കണ്‍വന്‍ഷനുകളുടെ പിന്നിലെ പ്രേരണ ഡബ്യുഎഫ്ടിയുവും അതിന്റെ കൊടിക്കൂറയ്ക്ക് താഴെ അണിനിരന്ന കോടാനുകോടി തൊഴിലാളികളുമായിരുന്നു. ഇന്ന് ദശാബ്ദങ്ങളിലൂടെ പൊരുതി നേടിയ അവകാശങ്ങള്‍ക്കുനേരെ പുത്തന്‍ കടന്നാക്രമണത്തിന്റെ വാളുമായി മൂലധന ശക്തികള്‍ ചാടിവീഴുന്നു. ലാഭത്തിനുവേണ്ടി എന്തുംചെയ്യാന്‍ മടിക്കാത്ത അവര്‍ അതിനായി പുതിയ ലോകക്രമം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്. നവലിബറല്‍ നയങ്ങളുടെ നീതിസാരങ്ങള്‍ പണത്തിന് ദൈവത്തിന്റെ സ്ഥാനവും കമ്പോളത്തിന് ദേവാലയങ്ങളുടെ പദവിയും കല്‍പ്പിച്ചുകൊടുക്കുന്നു. അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യത്തിന് തല്‍ഫലമായി രാജ്യങ്ങള്‍ തോറും മൂര്‍ച്ച കൂടുകയാണ്. ഏകധ്രുവ ലോകവാദത്തിന്റെ കാഹളമൂതിയ ആഗോളവല്‍ക്കരണം സത്യത്തില്‍ മുതലാളിത്ത വികാസത്തിന്റെ പുതിയ രൂപംമാത്രമാണെന്ന് തൊഴിലാളികളെ ജീവിതാനുഭവങ്ങള്‍ പഠിപ്പിച്ചുകഴിഞ്ഞു. അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും തൊഴില്‍നിയമങ്ങള്‍ കാറ്റില്‍ പറത്താനും സംഘടനാ സ്വാതന്ത്ര്യം, സമരം ചെയ്യാനുള്ള അവകാശം എന്നിവയ്ക്ക് കൂച്ചുവിലങ്ങിടാനും ഭരണാധികാരികള്‍ ശ്രമിക്കുന്നത് മൂലധനശക്തികളുടെ കല്‍പ്പനപ്രകാരമാണെന്ന് ഇന്നു തൊഴിലാളികള്‍ക്കറിയാം. അത്തരം കരുനീക്കങ്ങള്‍ക്കെതിരായ സമരത്തിന്റെ വേലിയേറ്റമാണ് ഇന്ന് ലോകമാകെയുണ്ടാകുന്നത്. അമേരിക്കയിലും, ഗ്രീസിലും, സ്പെയിനിലും, ഫ്രാന്‍സിലും നിന്ന് വരുന്ന വാര്‍ത്തകളിലെല്ലാം ഇന്ന് സാമ്പത്തികത്തകര്‍ച്ചയുടെ മുഴക്കം കേള്‍ക്കാം. ഇന്നലെവരെ ഭരിച്ചതുപോലെ ഭരിക്കാന്‍ കഴിയില്ലെന്നു അധികാരിവര്‍ഗം തിരിച്ചറിയുകയാണ്. ഇന്നലെവരെ ജീവിച്ചതുപോലെ ജീവിക്കാന്‍ സാധ്യമല്ലെന്ന് തൊഴിലാളികളും ജനങ്ങളാകെയും വിളിച്ചുപറയുകയാണ്. 2011 ഏപ്രില്‍ 6 മുതല്‍ 10 വരെ ഏഥന്‍സില്‍ (ഗ്രീസ്) സമ്മേളിച്ച ഡബ്ല്യുഎഫ്ടിയു പതിനാറാം കോണ്‍ഗ്രസ,് പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു മുമ്പിലുള്ള തൊഴിലാളിവര്‍ഗത്തിന്റെ മറുപടിയായിരുന്നു. 101 രാജ്യങ്ങളില്‍നിന്ന് 818 പ്രതിനിധികള്‍ പങ്കെടുത്ത പതിനാറാം കോണ്‍ഗ്രസില്‍ ഇന്ത്യയില്‍നിന്ന് എഐടിയുസിക്ക് പുറമെ സിഐടിയുവും ഡബ്ല്യുഎഫ്ടിയുവില്‍ പൂര്‍ണ അംഗത്വം നേടി.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിന്റെയും സമരത്തിന്റെയും പാതയില്‍ ഇത് ഒരു പുതിയ കാല്‍വയ്പാണ്. ഇന്ത്യന്‍ തൊഴിലാളിവര്‍ഗം അതിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ആഗോളവല്‍ക്കരണത്തിന്റെ നയങ്ങള്‍ക്കെതിരെ പോരാടുന്നത്. രാജ്യം കണ്ട ഏറ്റവും വിശാലമായ തൊഴിലാളി വര്‍ഗ ഐക്യനിര ഇവിടെ രൂപപ്പെട്ടുകഴിഞ്ഞു. ചെങ്കൊടി പിടിക്കുന്ന സംഘടനകള്‍ക്കു പുറമെ ഐഎന്‍ടിയുസിയും ബിഎംഎസും ഈ സമരനിരയില്‍ കൈകോര്‍ക്കുന്നു. നവംബര്‍ എട്ടിന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ വിനാശകരമായ സാമ്പത്തിക നയങ്ങളെ ചോദ്യംചെയ്ത് ഇന്ത്യയില്‍ ജയില്‍ നിറയ്ക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തിന്റെ ഏതു കോണിലും തൊഴിലാളി അവന്റെ ചോരയെ തിരിച്ചറിയുകയാണ്. ലാഭമല്ല മനുഷ്യനാണു വലുതെന്നു പ്രഖ്യാപിക്കുന്ന ജനമുന്നേറ്റങ്ങള്‍ ഇനിയും ശക്തിപ്പെടാനാണ് പോകുന്നത്. ആ മുന്നേറ്റങ്ങളുടെ പതാകയാണ് ഡബ്ല്യുഎഫ്ടിയു ഉയര്‍ത്തിപ്പിടിക്കുന്നത്. പണവും ലാഭവും എല്ലാം തീരുമാനിക്കുന്ന ആഗോളവല്‍ക്കരണമല്ലാതെ വേറെ മാര്‍ഗമില്ലെന്നാണ് മൂലധനത്തിന്റെ കാര്യസ്ഥന്മാര്‍ എല്ലായിടത്തും പ്രചരിപ്പിക്കുന്നത്. എന്നാല്‍ , അധ്വാനത്തിനും മാനവികതയ്ക്കും അംഗീകാരം നല്‍കുന്ന മറ്റൊരു മാര്‍ഗം സാധ്യമാണെന്നാണ് തൊഴിലാളി വര്‍ഗം പ്രഖ്യാപിക്കുന്നത്.

*
ബിനോയ് വിശ്വം ദേശാഭിമാനി 04 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഈ വര്‍ഷം ഡബ്ല്യുഎഫ്ടിയു ദിനം അതിന്റെ അംഗസംഘടനകളും സുഹൃത് സംഘടനകളും ആചരിച്ചത് സാര്‍വദേശീയ സമര - ഐക്യദിനമായിട്ടാണ്. എല്ലാവര്‍ക്കും സാമൂഹ്യ സുരക്ഷ, കൂട്ടായ വിലപേശല്‍ , കൂട്ടായി അംഗീകരിച്ച കരാറുകള്‍ , ട്രേഡ് യൂണിയന്‍ - ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ , 5 പ്രവൃത്തി ദിനങ്ങള്‍ , ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലി, ജീവിക്കാന്‍ മതിയായ മെച്ചപ്പെട്ട വേതനം എന്നീ മുദ്രാവാക്യങ്ങള്‍ ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ ലോകത്താകെ ഒന്നിച്ചു മുഴക്കിയാണ് തിങ്കളാഴ്ച ദിനാചരണം നടന്നത്. തൊഴിലാളിവര്‍ഗം ചരിത്രത്തില്‍ വായിച്ച ഏറ്റവും ആവേശദായകമായ ആഹ്വാനമുണ്ടായത് 1848ലാണ്. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളേ, സംഘടിക്കുവിന്‍! നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് ചങ്ങലകള്‍മാത്രം. കിട്ടാനുള്ളതോ, ഒരു പുതിയ ലോകം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ അവസാന വാചകം അധ്വാനിക്കുന്ന ജനതകളെ മുഴുവന്‍ (മാര്‍ക്സിസത്തോട് യോജിപ്പില്ലാത്തവരെപ്പോലും) ആവേശംകൊള്ളിച്ചു. സാര്‍വദേശീയ അടിസ്ഥാനത്തില്‍ ആദ്യത്തെ തൊഴിലാളി സംഘടന 1864ല്‍ രൂപംകൊണ്ടിരുന്നെങ്കിലും (ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്‍) സ്ഥാനത്തില്‍ അതിന് ദൗര്‍ബല്യങ്ങള്‍ ഏറെയായിരുന്