ഒരു യാത്രക്കിടയിലാണ് കൃഷിക്കാരനായ ചങ്ങാതിയുടെ വീട്ടില്‍ കയറിയത്. പാലക്കാടന്‍ കറ്റയുടെ മണം നിറഞ്ഞുനിന്നു. ഒറ്റനോട്ടത്തില്‍ ബഹുസമൃദ്ധി. കക്ഷിക്കാണെങ്കില്‍ സാമാന്യം പോലെ വിശാലമായ കൃഷിക്കളങ്ങളുണ്ട്. വരമ്പത്ത് തെങ്ങ്-അല്‍പം ഇടക്കൃഷി. എന്നിട്ടും ചങ്ങാതിയുടെ മുഖം തെളിവും പോര. എന്തുപറ്റി എന്നായി. ''ഇതൊക്കെ ആരാനു തിന്നാനുള്ളതാണ്. എല്ലാം ചേറി പെറുക്കി വിറ്റുകഴിയുമ്പോള്‍, ചെലവും വരവും ചേരുന്നില്ല''. വിള നന്നായാല്‍ വിലയില്ല. വിലയുള്ളപ്പോള്‍ വിളവില്ല. അതല്ലെങ്കില്‍ വാങ്ങുന്നവരും ഇടനിലക്കാരും എല്ലാം ചോര്‍ത്തും. സര്‍ക്കാര്‍ സംഭരണമാണെങ്കില്‍ ആകെ അവതാളം. കന്നിക്കൊയ്ത്തിനിടെ കേട്ട പരാതിയായിരുന്നു.
കൃഷിയിടം വിട്ട് മറ്റ് ഉപജീവനം തേടുന്ന കര്‍ഷകനെ മാത്രം പഴിപറഞ്ഞിട്ട് കാര്യമില്ല. പല പല കാരണങ്ങളാല്‍ ഭൂപരിഷ്‌കരണത്തിനുശേഷം ഏതാണ്ട് 35 ശതമാനം പേര്‍ കൃഷിയിടങ്ങള്‍ വിട്ട് മറ്റ് പണി തേടിപ്പോയി. കൃഷി ലാഭകരമല്ലെന്ന് പാതി സത്യമായും പാതി പ്രചാരണത്തിലൂടെയും സ്ഥാപിച്ചതോടെ, രണ്ടാം തലമുറ മറ്റു പണിതേടി. കൃഷിയില്‍ നില്‍ക്കുന്നവര്‍ തന്നെ രണ്ടു മൂന്നു വരുമാനമാര്‍ഗങ്ങള്‍ (മള്‍ട്ടിപ്പിള്‍ ഇന്‍കം) സ്വരൂപിക്കുകയും ചെയ്തതോടെ, കാര്‍ഷികവൃത്തി ലാഭകരമല്ലെങ്കിലും പിഴച്ചുപോകാനാകും എന്നും മനസ്സിലായി. നെല്ലറയായ പാലക്കാട്ട് ഇത് വളരെ സ്പഷ്ടമായി അറിയാം. ഇവിടത്തെ നാട്ടിന്‍പുറങ്ങളില്‍പോയി, അല്‍പം സൈ്വര്യമായി സംസാരിക്കുമ്പോള്‍, നമുക്ക് വ്യക്തമാവുന്ന കാര്യങ്ങളാണിവ.
ഇവിടുത്തെ പ്രധാന പ്രശ്‌നം ചെറിയ കുടുംബ കൃഷിയിടങ്ങളില്‍, ആധുനിക കാര്‍ഷികവൃത്തി സാധ്യമാവുന്നില്ല എന്നതാണ്. ഞങ്ങളുടെ ഏറനാടന്‍ പാടങ്ങളില്‍, എന്റെ കുട്ടിക്കാലം മുതലേ ഇതായിരുന്നു അനുഭവം. തറവാടുകള്‍ ഭാഗം വെച്ച് ഓരോരുത്തര്‍ക്കും കൃഷി വീതിച്ചപ്പോള്‍, ട്രാക്ടറും മറ്റുപകരണങ്ങളും ഉപയോഗിക്കാന്‍ ഒരു വഴിയുമില്ലാതായി. വന്‍ ഹോള്‍ഡിങ്ങുകള്‍ അവിടെ ഇല്ലതാനും. പാലക്കാട്ടും ക്രമേണ ഇതായി സ്ഥിതി. കുറേപേര്‍ ഒന്നിച്ചുചേര്‍ന്ന് ട്രാക്ടറുകള്‍ ഏര്‍പ്പെടുത്തുന്ന സമ്പ്രദായമുണ്ട്. എന്നാല്‍ അതിലൊന്നും പെടാത്ത തുണ്ടു കൃഷിയിടങ്ങളുടെ ഉടമസ്ഥര്‍, വന്‍ നഷ്ടത്തിലായി. പലരും നെല്‍കൃഷി വിട്ട് മറ്റ് പകരകൃഷികളിലെത്തി. സുമാര്‍ 25 ഏക്കറില്ലാതെ ട്രാക്ടര്‍ ഉപയോഗം ഫലിക്കില്ല.
1977 വരെ പത്തേക്കറുണ്ടായിരുന്നെങ്കില്‍ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥന്റെ നിലയില്‍ ജീവിക്കാമായിരുന്നു. അതിന്റെ ഒരു സമൂദ്ധിയുമുണ്ടായിരുന്നു. ഇന്ന് അഞ്ചേക്കര്‍ കൃഷിക്കാരന് 3000 രൂപപോലും മിച്ചം പിടിക്കാനാവില്ല, കൃഷിനാശവും ദാരിദ്ര്യവും വരുന്ന വഴി അതാണ്. കഷ്ടകാലത്തിന് അസമയത്ത് മഴയും രൂക്ഷ വരള്‍ച്ചയും വന്നാല്‍, മുമ്പത്തെ സമ്പാദ്യവും കലങ്ങും. ബാങ്കുകടം വീട്ടാതെ കിടക്കും. കടത്തിനുമേല്‍ കടംവരും. കടത്തിനുമേല്‍ കടം കൊടുത്താണ്, നാട്ടിന്‍പുറത്ത് ആത്മഹത്യകള്‍ നീട്ടിക്കൊണ്ടുപോകുന്നത്. പാലക്കാടന്‍ കര്‍ഷകനാണെങ്കില്‍ കൃഷി എന്നാല്‍ നെല്ലാണ്. ഗതികെട്ട് പരുത്തി, ഇഞ്ചി എന്നിവയ്ക്കിറങ്ങും. ഇഞ്ചികൃഷി ഏതു സമയത്തും ചതിക്കും. ചീയല്‍, മഞ്ഞളിപ്പ് എന്നിവ ബാധിച്ച്, കടം കയറിയ ഒരു കര്‍ഷക സുഹൃത്തിനെയും കാണാനിടയായി. ''ആത്മഹത്യയൊക്കെ പഴഞ്ചനായിപ്പോയില്ലേ''. എന്നദ്ദേഹം സങ്കടപ്പുഞ്ചിരിയോടെ പറഞ്ഞു.
കൃഷി നഷ്ടവും വില തകര്‍ച്ചകളും അനിശ്ചിതത്വവും മാത്രമല്ല, കര്‍ഷകരെ തകര്‍ത്തത്. നെല്ല് വിറ്റുകിട്ടുന്ന പണം കൊടുത്ത്, വാങ്ങുകയും അനുഭവിക്കുകയും ചെയ്യുന്ന സൗകര്യങ്ങളുടെ വില, നെല്ല് വില വര്‍ധനവിലും എത്രയോ അധികമാണ്. അതായത് വിനിമയശേഷി താരതമ്യത്തില്‍ കുറയുകയാണ്. വിദ്യാഭ്യാസം, മരുന്ന്, കുടുംബത്തിലെ മറ്റു സാധനങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ വില താരതമ്യത്തില്‍ കാര്‍ഷിക വിലവര്‍ധനയുടെ ശതമാനത്തേക്കാള്‍ എത്രയോ അധികമാണ്. ഇത് പ്രകടമെങ്കിലും പരാമര്‍ശിക്കപ്പെടാത്ത സത്യമാണ്. കൃഷി എത്ര നന്നായാലും വില എത്ര കൂടിയാലും മറ്റു ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ സാധനങ്ങളുടെ വിലക്കയറ്റത്തിനടുത്തെങ്ങുമെത്തില്ല.
അപ്പോള്‍ കര്‍ഷകന്റെ കടം, കൃഷിയുടെ കടം മാത്രമല്ല എന്നറിയണം. ആരോഗ്യപരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഗ്രാമങ്ങളില്‍ ഇപ്പോള്‍ നഗരങ്ങളുടേതിനു തുല്യമാണ്. പുതിയ സ്‌കൂളുകളിലെ ഫീസ് അത്ര അധികമാണ്. മിക്ക കര്‍ഷക കുടുംബങ്ങളിലെയും കുട്ടികള്‍ ഫീസ്, ഗതാഗതം എന്നിവയ്ക്ക് നല്ല സംഖ്യമുടക്കി, പട്ടണങ്ങളിലാണ് പഠിക്കുന്നത്. സ്വന്തം ഗതി മക്കള്‍ക്കു വരരുതെന്നു കരുതിയാവാം, രക്ഷിതാക്കള്‍ ഇതൊക്കെ ചെയ്യുന്നത്. ശുശ്രൂഷയുടെ കാര്യവും ഇതുതന്നെ. മിക്കവരും അപര്യാപ്തമായ സര്‍ക്കാര്‍ ആശുപത്രികള്‍ വിട്ട്, സ്വകാര്യ ആശുപത്രികളിലെത്തുന്നു. കാര്‍ഷിക ഉല്പന്ന വിലയും കാര്‍ഷികേതര സാധനങ്ങളുടെ വിലയും തമ്മിലുള്ള ക്രമാതീതമായ അന്തരമാണ് ഗ്രാമീണ കുടുംബങ്ങളെ കടക്കാരാക്കുന്നത്. ഈ അധികതലം നാം മനസ്സിലാക്കണം. കര്‍ഷകരുടെ കടബാധ്യതകള്‍ പരിഗണിക്കുമ്പോള്‍ ഈ ഭാഗം മറന്നുകൂട. പണ്ടത്തെപോലെ ചെലവുകഴിച്ച് ബാക്കി പത്തായത്തില്‍നിറച്ച്, കുറച്ച് വിറ്റ് സമൃധിയാവുന്ന കാലം കഴിഞ്ഞു. വിത്തുവട്ടിയും പത്തായവും നിറഞ്ഞാല്‍ മനം നിറഞ്ഞ് ജീവിച്ചിരുന്ന കര്‍ഷകരുടെ കാലം കഴിഞ്ഞു.
പുതിയ കാലം പുതിയ ആവശ്യങ്ങളും ആശങ്കകളും ഉണ്ടാക്കുന്നു. ഇപ്പോഴുണ്ടായ വളം വിലക്കയറ്റം, വിത്തുനയത്തിന്റെ അപര്യാപ്തത, സബ്‌സിഡി നയത്തിലെ കര്‍ഷകവിരുധ മാറ്റങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇതിനൊക്കെ പുറമെയാണ്. കൃഷിയിടങ്ങളില്‍ നിന്നുകൊണ്ട് ജീവിതോപാധി കണ്ടെത്താനാവാത്തവര്‍, കൃഷിയിടം വിടുന്നതിനെതിരെ നിയമമുണ്ടാക്കിയിട്ടൊന്നും കാര്യമില്ല. പോസിറ്റീവ് ആയി എന്തു ചെയ്യാനാവുമെന്നാണ് നാം നോക്കേണ്ടത്. ഒരു ക്ലാര്‍ക്കിന്റെ വരുമാനമോ, അനിശ്ചിതത്വമോ അഞ്ചോ പത്തോ ഏക്കറുള്ള ഒരു കര്‍ഷകനില്ലെന്നു പലരും പരാതി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. മറ്റു വരുമാനമുണ്ടെങ്കില്‍ കൃഷി ആവാമെന്ന സ്ഥിതിയാണ്. അങ്ങിനെയായാല്‍ കൃഷിയിലെ ശ്രദ്ധയും കുറയും. കാര്‍ഷികമേഖല ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങളിലാണ്.
പാലക്കാട്ടെ ഒരേകദേശ മനസിലാക്കലില്‍ നാല്‍പത്തഞ്ചു വയസിനു ചോടെയുള്ളവര്‍ മുഴുവന്‍ സമയ കര്‍ഷരാവാന്‍ താല്‍പര്യമില്ലാത്തവരാണ്. അതോടൊപ്പമാണ് ഗ്രാമങ്ങളിലുമെത്തിയ റിയല്‍ എസ്റ്റേറ്റ് വ്യവസായം. ഏത് ഉള്‍പ്രദേശത്തും 25000 ത്തിനു മേലെയാണ് വില. ഒരേക്കര്‍ വിറ്റാല്‍ 25 ലക്ഷം കിട്ടും. എത്ര കുറഞ്ഞ പലിശക്കായാലും 22000 രൂപ പലിശ കിട്ടും. അത്രയും പണം ഒരിക്കലും കൃഷി ചെയ്താല്‍ കിട്ടില്ല. അപ്പോള്‍ പുതിയ തലമുറയുടെ അര്‍ഥശാസ്ത്രത്തിന്റെ തിരഞ്ഞെടുപ്പുകള്‍ എന്താവുമെന്നൂഹിക്കാം. കൃഷി ചെയ്ത് ദുരിതം പേറാനും മുടിയാനും അവനോടു പറയാനാവുമോ.
കൃഷിയുടെയും ഉല്‍പന്നങ്ങളുടെയും വൈവിദ്ധീകരണം നമ്മുടെ ശ്രമങ്ങളില്‍ വേണ്ടത്ര വന്നിട്ടില്ല. അത് വരണം. ഭൂവിനിയോഗത്തിന് കൃത്യവും ശാസ്ത്രീയവുമായ വഴികള്‍ കണ്ടെത്തണം. കാലം മാറുന്നു. വിപണി സ്വഭാവത്തിനനുസരിച്ച് വിള ടൈംടേബിള്‍ മാറണം. ''ലാന്റ് മൊബിലിറ്റി'' (അതായത് ഭൂമിയുടെ ചലനമല്ല, വേണ്ട കാലത്ത് വിളകളുടെ മാറ്റം) കൂടുതല്‍ അനായാസമാക്കാന്‍ കഴിയണം. ഗ്രാമ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വരുമാനവും കൃഷിയില്‍ നിന്നു വര്‍ധിപ്പിക്കാനാവശ്യമായ ശാസ്ത്രീയ കൃഷി കൈക്കൊള്ളണം.
ഇതിനാവശ്യമായ ബോധവല്‍ക്കരണം അത്യാവശ്യമാണ്. പാലക്കാട് കാര്‍ഷികമേഖലയാണെങ്കിലും ഇത്തരം പരിഷ്‌കരണങ്ങളൊന്നും നടന്നിട്ടില്ല. കാര്‍ഷിക സര്‍വകലാശാലകളും കുറേക്കൂടി ഇടപെടണം. അതിന്റെ പരിധിയില്‍ വരുന്ന ഭൂമിയുടെ അളവും സ്വഭാവവും നിലവിലുള്ള കൃഷികളും വരുമാനവുമൊക്കെ കൃത്യമായറിഞ്ഞ് വേണ്ട മാറ്റങ്ങളും ക്രമങ്ങളും നിര്‍ദേശിക്കണം. കൃഷിയും കൃഷിക്കാരനും കര്‍ഷക കുടുംബപ്രശ്‌നങ്ങളുമൊക്കെ അറിഞ്ഞുപദേശിക്കുന്ന കാര്‍ഷിക സര്‍വകലാശാലയാണ് വേണ്ടത്.
അതിനടുത്തൊന്നുമല്ല ഇന്നു നമ്മള്‍.
*
പി എ വാസുദേവന്‍ ജനയുഗം 01 ഒക്ടോബര്‍ 2011
Saturday, October 1, 2011
Subscribe to:
Post Comments (Atom)
1 comment:
ഒരു യാത്രക്കിടയിലാണ് കൃഷിക്കാരനായ ചങ്ങാതിയുടെ വീട്ടില്‍ കയറിയത്. പാലക്കാടന്‍ കറ്റയുടെ മണം നിറഞ്ഞുനിന്നു. ഒറ്റനോട്ടത്തില്‍ ബഹുസമൃദ്ധി. കക്ഷിക്കാണെങ്കില്‍ സാമാന്യം പോലെ വിശാലമായ കൃഷിക്കളങ്ങളുണ്ട്. വരമ്പത്ത് തെങ്ങ്-അല്‍പം ഇടക്കൃഷി. എന്നിട്ടും ചങ്ങാതിയുടെ മുഖം തെളിവും പോര. എന്തുപറ്റി എന്നായി. ''ഇതൊക്കെ ആരാനു തിന്നാനുള്ളതാണ്. എല്ലാം ചേറി പെറുക്കി വിറ്റുകഴിയുമ്പോള്‍, ചെലവും വരവും ചേരുന്നില്ല''. വിള നന്നായാല്‍ വിലയില്ല. വിലയുള്ളപ്പോള്‍ വിളവില്ല. അതല്ലെങ്കില്‍ വാങ്ങുന്നവരും ഇടനിലക്കാരും എല്ലാം ചോര്‍ത്തും. സര്‍ക്കാര്‍ സംഭരണമാണെങ്കില്‍ ആകെ അവതാളം. കന്നിക്കൊയ്ത്തിനിടെ കേട്ട പരാതിയായിരുന്നു.
Post a Comment