Thursday, October 27, 2011

വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍

സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗരാജ്യം എന്ന് വലതുപക്ഷത്താല്‍ വാഴ്ത്തപ്പെടുന്ന മുതലാളിത്തം സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഞെരിച്ചുകൊല്ലും എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് വിക്കിലീക്സ് നേരിടുന്ന പ്രതിസന്ധി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലോകമെമ്പാടുമുള്ള ഞെട്ടിക്കുന്ന ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടിവരികയായിരുന്നു കുറേക്കാലമായി വിക്കിലീക്സ്. വികസ്വരരാജ്യങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെടുന്നതിന്റെ രീതികളും അവിടങ്ങളിലെ സര്‍ക്കാരുകളെ വിധേയരാക്കുന്നതിന്റെ രീതികളും ആധികാരികമായ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെടുത്ത് വിക്കിലീക്സ് ലോകസമക്ഷം അവതരിപ്പിച്ചു. ഇത് അമേരിക്കന്‍ ഭരണകൂടത്തിനും അവരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ട വികസ്വരരാജ്യങ്ങളിലെ വിധേയഭരണങ്ങള്‍ക്കും സൃഷ്ടിച്ച അലോസരം ചെറുതല്ല. ഒരു രേഖയുടെപോലും ആധികാരികത നിഷേധിക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ കേസുകളിലൂടെയും അറസ്റ്റിനുള്ള ശ്രമങ്ങളിലൂടെയും വിക്കിലീക്സിന്റെയും അതിന്റെ നേതൃത്വത്തിലുള്ള ജൂലിയന്‍ അസാന്‍ജെയുടെയും വായടപ്പിക്കാന്‍ ശ്രമിച്ചു. അത് ഫലിച്ചില്ല എന്നുമാത്രമല്ല, കൂടുതല്‍ രേഖകള്‍ പുറത്തുവരികകൂടി ചെയ്തു. അതോടെയാണ് സാമ്പത്തിക ഉപരോധം എന്ന ആയുധം പ്രയോഗിച്ച് വിക്കിലീക്സിനെ ഞെരുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാരംഭിച്ചത്.

ബാങ്ക് ഓഫ് അമേരിക്ക അടക്കമുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന തന്ത്രമാണ് ഒരുവര്‍ഷമായി നടന്നുവരുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, പേ പാല്‍ , വെസ്റ്റേണ്‍ യൂണിയന്‍ എന്നിവകൂടി അമേരിക്കന്‍ സമ്മര്‍ദഫലമായി ഫണ്ട് നിഷേധിച്ചപ്പോള്‍ വിക്കിലീക്സിന്റെ വരവിന്റെ തൊണ്ണൂറ്റഞ്ചുശതമാനവും നിലച്ചു. കരുതല്‍ശേഖരത്തിന്റെ മാത്രം ബലത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. അതും ശോഷിച്ചുതുടങ്ങിയ ഘട്ടത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്ന് വിക്കിലീക്സിന്റെ അധിപന്‍ ജൂലിയന്‍ അസാന്‍ജെ പ്രഖ്യാപിച്ചത്.

ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈയടക്കിവയ്ക്കുന്ന വര്‍ഗത്തിന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുനിര്‍ത്താന്‍ ആശയരംഗത്തെ ആധിപത്യംകൂടി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നറിയാം. ആ ആധിപത്യശ്രമങ്ങളെ ചോദ്യംചെയ്യാതിരിക്കുന്നിടത്തോളം മാത്രമേ അത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കൂ. ഇത് മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചത് കാള്‍ മാര്‍ക്സും എംഗല്‍സുമാണ്. ഉല്‍പ്പാദന ഉപകരണങ്ങള്‍ക്കുമേലുള്ള ആധിപത്യം ആശയരംഗത്ത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ആധിപത്യത്തിന്റെ അഭാവത്തില്‍ തകര്‍ക്കപ്പെടാം എന്ന് സാമ്രാജ്യത്വത്തിനറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ അവര്‍ ശ്രമിക്കും. അങ്ങനെയാണ് മൂലധനത്തിന്റെ വ്യാപനമെന്നത് മുതലാളിത്ത രാഷ്ട്രീയത്തിന്റെ വ്യാപനമായി മാറുന്നത്. ലെനിന്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. ലോകത്ത് എവിടെ മുതലാളിത്തശക്തികളുണ്ടോ, അവിടെയൊക്കെ അവര്‍ക്ക് മാധ്യമസ്വാതന്ത്ര്യമെന്നത് പത്രങ്ങളെയും എഴുത്തുകാരെയും വിലയ്ക്കെടുക്കാനും പൊതുജനാഭിപ്രായത്തെ വികലമാക്കി ബൂര്‍ഷ്വാസിക്ക് അനുകൂലമാക്കിയെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് എന്ന് ലെനിന്‍ പറഞ്ഞു. മാര്‍ക്സും എംഗല്‍സും ലെനിനും പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകാട്ടുകയാണ് മുതലാളിത്തം ഇന്ന് വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍ .

ലോകത്തെക്കുറിച്ചുള്ള മുതലാളിത്ത വ്യാഖ്യാനംമാത്രമേ ജനങ്ങളറിയാവൂ എന്നും മറിച്ചുള്ളതെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുവെക്കണമെന്നുമുള്ള കാര്യത്തില്‍ മുതലാളിത്തത്തിനും അതിന്റെ ഉയര്‍ന്നരൂപമായ സാമ്രാജ്യത്വത്തിനും നിര്‍ബന്ധബുദ്ധിയുണ്ട്. മനുഷ്യരാശിയുടെ ഭൂരിപക്ഷവും വസിക്കുന്നത് ഏഷ്യന്‍ , ആഫ്രിക്കന്‍ , ലാറ്റിനമേരിക്കന്‍ നാടുകളിലാണ്. എന്നാല്‍ , അവിടെനിന്ന് ലോകത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന വാര്‍ത്തകളുടെ നൂറിരട്ടിയാണ് അമേരിക്കയില്‍നിന്നും മറ്റുമായി ഈ നാടുകളിലേക്ക് ഒഴുകിയെത്തുന്നത്. വാര്‍ത്താവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള വ്യഗ്രത സാമ്രാജ്യത്വം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്.

വിക്കിലീക്സ് ഇന്ത്യയെ സംബന്ധിക്കുന്ന അയ്യായിരത്തോളം യുഎസ് കേബിളുകളാണ് പുറത്തുവിട്ടത്. ആണവകരാറിലെ കള്ളക്കളികള്‍ തുറന്നുകാട്ടുന്നതുമുതല്‍ ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടുവരെ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. ഇത് യുപിഎ സര്‍ക്കാരിനെയും അമേരിക്കന്‍ ഭരണത്തെയും ഒരുപോലെ വിഷമത്തിലാക്കി. ഗ്വാണ്ടനാമോയിലെ യുഎസ് സൈന്യത്തിന്റെ നിഷ്ഠുരത മുതല്‍ ബഹുരാഷ്ട്ര കമ്പനി ഐവറികോസ്റ്റില്‍ വിഷമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുവരെ വിക്കിലീക്സ് രേഖകളിലൂടെ പുറത്തുവന്നു. അബുഗറൈബില്‍ ഇറാഖി തടവുകാരോടുചെയ്ത ക്രൂരതകള്‍ മുതല്‍ ബാഗ്ദാദിലെ പത്രപ്രവര്‍ത്തകന്റെ കൊലപാതകംവരെയുള്ളവ പുറത്തുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ഭരണത്തിന് നിത്യതലവേദനയായി മാറി വിക്കിലീക്സ്. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ അധികാരികളുടെ സമ്മര്‍ദഫലമായുണ്ടായ സാമ്പത്തിക ഉപരോധം.

വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുന്നതിന് ഏതെങ്കിലും നിയമത്തിന്റെ പിന്തുണയില്ല. ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്രിയ സുതാര്യമല്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് വിക്കിലീക്സിനെതിരായ ഒരു കുറ്റപത്രവും ചുമത്തപ്പെട്ടിട്ടില്ല. സാമ്പത്തിക ക്രമക്കേടുണ്ടായതായി ആരോപണമില്ല. എന്നിട്ടും വിക്കിലീക്സിനെതിരായി സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് നടപടിയെടുപ്പിച്ചതിലൂടെ അമേരിക്കന്‍ഭരണം ധനകാര്യസ്ഥാപനങ്ങളെക്കൂടി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്.

സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്‍ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്. സാമ്പത്തിക ഉപരോധത്തെ മുറിച്ചുകടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആരായുമെന്ന് അസാന്‍ജെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ , ദുര്‍ബലമായ സാമ്പത്തിക അടിത്തറയ്ക്കുമേല്‍ നില്‍ക്കുന്ന വിക്കിലീക്സിന് ആ വഴിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം.

2010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയിലേക്കയച്ച കേബിളുകള്‍ വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്‍ഡിയന്‍ , ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്‍ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്‍ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റും പൊലീസും മുതല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസുവരെ അസാന്‍ജെക്കെതിരെ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.


*****


ദേശാഭിമാനി മുഖപ്രസംഗം , ഒക്ടേബർ 27, 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയിലേക്കയച്ച കേബിളുകള്‍ വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്‍ഡിയന്‍ , ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്‍ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്‍ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റും പൊലീസും മുതല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസുവരെ അസാന്‍ജെക്കെതിരെ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.