Monday, April 23, 2012

കര്‍മനിരതര്‍

മനസ്സുകൊണ്ട് അടുപ്പമുള്ളവരെ അവിചാരിതമായി സ്വപ്നത്തില്‍ കാണുകയും പിറ്റേന്ന് രാവുണരുമ്പോള്‍ അവരുടെ മരണവാര്‍ത്ത തേടിവരികയും അവരുടെ ചരമക്കുറിപ്പ് എഴുതേണ്ടിവരികയുംചെയ്ത ഒന്നിലേറെ അനുഭവങ്ങള്‍ തനിക്കുണ്ടായതായി ഏഴാച്ചേരി രാമചന്ദ്രന്‍ തൃപ്പൂണിത്തുറ മഹാത്മ ലൈബ്രറിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറയുകയുണ്ടായി. ഋണഞെരുക്കങ്ങള്‍ക്കിടയില്‍ പെട്ടെന്ന് മരണത്തിനു വഴങ്ങാന്‍ ഭീതിയായതുകൊണ്ട് അടുത്തകാലത്തെങ്ങും അദ്ദേഹം എന്നെ സ്വപ്നത്തില്‍ കാണരുതേയെന്ന് ഞാന്‍ അതിനോടു തമാശരൂപത്തില്‍ പ്രതികരിക്കുകയുംചെയ്തു. ജെ സി ദാനിയേല്‍ പുരസ്കാരം ജോസ്പ്രകാശിനു സമ്മാനിക്കുന്ന വാര്‍ത്തയോടനുബന്ധിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെക്കുറിച്ചുള്ള കമന്റുകള്‍ക്കായി ബന്ധപ്പെട്ടപ്പോള്‍, രോഗം മൂര്‍ച്ഛിച്ച്, ഓര്‍മകള്‍ മുറിഞ്ഞ് ശയ്യാവലംബിയാണ് അദ്ദേഹം എന്നറിയാമായിരുന്നതുകൊണ്ടുകൂടിയാകാം, പെട്ടെന്ന് ഓര്‍മവന്നത് ഈ സംഭവമാണ്.

പത്തുവര്‍ഷംമുമ്പ് എന്റെ മകളുടെ വിവാഹസല്‍ക്കാരവേദിയല്‍ അന്നത്തെ സാംസ്കാരികമന്ത്രി ജി കാര്‍ത്തികേയനും ഞാനും സംസാരിച്ചിരിക്കുമ്പോള്‍ അപ്പുറത്തൊരു ഇരിപ്പിടത്തില്‍ എന്‍ എഫ് വര്‍ഗീസുമായി നാടക സൊറപറഞ്ഞിരുന്ന ജോസ്പ്രകാശിനെ ചൂണ്ടി ശ്രീമൂലനഗരം മോഹനാണ് ചെവിയില്‍ മന്ത്രിച്ചത്. ജെ സി ദാനിയേല്‍ അവാര്‍ഡിന് ജോസ്പ്രകാശിന്റെ പേര് പരിഗണിക്കാന്‍ നിര്‍ദേശിക്കണമെന്ന്! അത്തരം നിര്‍ദേശങ്ങളോ ശുപാര്‍ശകളോ ശീലമില്ലാത്തതുകൊണ്ട് ഞാനൊന്ന് അമ്പരന്നു. ജോസ്പ്രകാശ് അതാഗ്രഹിച്ചിരുന്നോ, പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. ഏതായാലും പിന്നെയുമൊരു പത്തുവര്‍ഷംകൂടി കഴിഞ്ഞ് ഈ ബഹുമതി തേടിവരുമ്പോള്‍ ഹോസ്പിറ്റലിലെ അതിതീവ്രപരിചരണമുറിയില്‍ ഓര്‍മകള്‍ തെളിയാത്ത ഒരു ലോകത്തില്‍ സ്വയം സല്ലപിക്കുന്ന അവസ്ഥയിലായിപ്പോയിരുന്നു അദ്ദേഹം. ബോധമനസ്സ് ബഹുമതി വാര്‍ത്ത അറിഞ്ഞിരിക്കാനിടയില്ല. പുരസ്കാരവൃത്താന്തം ഘോഷിച്ചതിന്റെ മഷിപ്പാടുണങ്ങുംമുമ്പേ ദുരന്തവാര്‍ത്തയ്ക്കായി അച്ചുനിരത്തേണ്ടിവന്നു മാധ്യമങ്ങള്‍ക്ക്. അകാലത്തായി മരണം എന്നാക്ഷേപിക്കുക വയ്യ. ആ ദുഃഖാവസ്ഥയില്‍ ഏറെനാള്‍ കിടന്നു കഷ്ടപ്പെട്ടില്ലല്ലോ എന്ന് സമാശ്വസിക്കുന്നതാണു ന്യായം. എങ്കിലും ഒരു ഖേദം ബാക്കിനില്‍ക്കുന്നു. നല്‍കാമെന്നുദ്ദേശിച്ച പുരസ്കാരം പ്രഖ്യാപിച്ച ദിവസംതന്നെ ഹോസ്പിറ്റലില്‍ കൊണ്ടുചെന്ന് അദ്ദേഹത്തിനു സമര്‍പ്പിക്കാനായില്ലല്ലോ. ഇത്തരം ബഹുമതികള്‍ നല്‍കുന്നതിന് നടപടിവട്ടങ്ങളുണ്ടാകും... മുഖ്യമന്ത്രി വരണം... അങ്ങനെ പലതും. ഒരു പക്ഷേ, പിറ്റേന്നോ മറ്റോ അപ്രകാരം ഹോസ്പിറ്റലില്‍ കൊണ്ടുകൊടുക്കാന്‍ ഉദ്ദേശിച്ചിട്ടുമുണ്ടായിരുന്നിരിക്കാം. എന്നാലും ""വെറുതെയീ മോഹ""മെന്നു കവി പാടിയതുപോലെ വെറുതെയീഖേദമെന്നറിഞ്ഞീടിലും ഖേദിക്കാതിരിക്കുവാന്‍ വയ്യല്ലോ. വേര്‍പാട് എന്നും ദുഃഖമുണര്‍ത്തുന്നു. വാര്‍ധക്യത്തില്‍ അത് പ്രതീക്ഷിക്കേണ്ടതാണെന്ന ന്യായം മറുവാദമായുള്ളപ്പോഴും ദുഃഖം ദുഃഖമായവശേഷിക്കുന്നു.

രോഗപീഡകള്‍ തളര്‍ത്തി പുറത്തിറങ്ങാനാകാതെ തളച്ചിടുംവരെ കര്‍മനിരതനായിരുന്നു ജോസ്പ്രകാശ്. അഭിനയരംഗത്തും നിര്‍മാണരംഗത്തും വ്യവസായരംഗത്തും സാമൂഹ്യവേദികളിലും ഒരുപോലെ. അന്ന് അദ്ദേഹത്തിനിത്ര പ്രായമുണ്ടെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നു! ഈ പ്രായത്തില്‍ ഇദ്ദേഹം നിരതനാകുന്ന കര്‍മവൈവിധ്യങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ പതിറ്റാണ്ടുകളുടെ ഇളപ്പമുള്ള നമ്മളൊക്കെ സത്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ എന്ന അസൂയപോലും ഉണര്‍ത്തിയിരിന്നു അദ്ദേഹം. പെട്ടെന്നൊരിക്കല്‍ ഗ്രാമഫോണ്‍ റിക്കാര്‍ഡ് ഡിസ്കില്‍ പോറല്‍ വീഴുമ്പോള്‍ സ്വനപ്രകാശനസൂചി ആ പഴുതില്‍ ഉരഞ്ഞുവലിയുംപോലെ കര്‍മപര്‍വത്തിനൊരു നിര്‍ബന്ധിത ഉടന്‍വിരാമം. പിന്നെ ബാക്കിശേഷിപ്പായ ഓര്‍മകള്‍ വിങ്ങുന്ന ഉള്ളവുമായി നിസ്സഹായനായി ശയ്യാവലംബിയായി ചെലവഴിച്ച വര്‍ഷങ്ങള്‍. അവിടെയൊന്നും ജോസ്പ്രകാശ് പരിദേവനങ്ങളുമായി പ്രത്യക്ഷപ്പെട്ടില്ല. നിവേദനങ്ങളുമായി അലഞ്ഞില്ല. ""സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം"" എന്ന പഴമൊഴിക്കൊരു സാക്ഷ്യമായി ആ നല്ല ജീവിതം. തൈവച്ചത് സമ്പത്തുകാലത്തായിരുന്നില്ല; പൊരുതി വളരുന്നതിനിടയില്‍, സ്വന്തം നിലയുറപ്പിക്കുന്നതിനിടയില്‍, കലാകാരനായിരിക്കേതന്നെ കുടുംബനാഥനുമാണെന്ന വെളിവാര്‍ന്ന ഓര്‍മയില്‍ കുടുംബത്തിനായി കരുതലോടെ ജീവിച്ചു. അതിന്റെ ഫലം നൂറുമേനി വിളഞ്ഞു. തന്റെ സമകാലികരില്‍ പലര്‍ക്കും ലഭിക്കതെപോകുന്ന സൗഭാഗ്യം സുകൃതമായനുഭവിച്ചിട്ടാണ് അദ്ദേഹം കടന്നുപോകുന്നത്. അവസാനിമിഷംവരെ ഹൃദയം നിറഞ്ഞ സ്നേഹവായ്പുമായി മക്കള്‍ ശുശ്രൂഷിക്കാന്‍ ചുറ്റുമുണ്ടായി. അവരുടെ പരിചരണങ്ങള്‍ ഏറ്റുവാങ്ങി, ശുശ്രൂഷയുടെ സാന്ത്വനശീതളിമയില്‍ ലയിച്ച് ആ സായുജ്യത്തില്‍ അനന്തതയുടെ ഭാഗമാകുവാന്‍ ഭാഗ്യമുണ്ടായി അദ്ദേഹത്തിന്. മക്കളെച്ചൊല്ലിയുള്ള കരുതലും അവര്‍ക്കായി പകുത്തുനല്‍കിയ സ്നേഹവും ഒരണപോലും കുറയാതെ മേനി വിളഞ്ഞ്, തിരികെ അനുഭവിച്ചിട്ടായി, യാത്ര!

"ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട"ത്തില്‍ ആല്‍ത്തറയിലെ സൊറക്കൂട്ടത്തില്‍ തലേന്നുവരെ ഒപ്പമുണ്ടായിരുന്ന ചങ്ങാതിയുടെ മരണവാര്‍ത്തയറിയുമ്പോള്‍ പരമേശ്വരമേനോന്‍ ഗദ്ഗദം കുരുകുരുപ്പിച്ച സ്വരനാളിയിലൂടെ നടത്തുന്ന ഒരാത്മപ്രകാശനമുണ്ട്. ""ഭാഗ്യവാന്‍!"" ഉള്ളപ്രായം പുറത്തുകാണിക്കാതെ യുവത്വത്തിന്റെ പ്രസരിപ്പും വാര്‍ധക്യത്തിനു വഴങ്ങാത്ത മനസ്സിന്റെ ചുറുചുറുക്കുമായി ചെറുപ്പക്കാരായ ചെറുപ്പക്കാരെ മുഴുവന്‍ വെല്ലുവിളിച്ച് പിന്‍തലമുറകള്‍ക്കത്രയും പ്രകോപനവും പ്രചോദനവുമായി നമുക്കിടയില്‍ വര്‍ത്തിച്ച ഒരു നല്ല ചങ്ങാതിയെക്കൂടി കാലം കവര്‍ന്നെടുത്തു ഇക്കഴിഞ്ഞ നാളുകളില്‍. ടി ദാമോദരന്റെ മരണവാര്‍ത്ത ഉണര്‍ത്തിയത് അമ്പരപ്പാര്‍ന്ന ഞടുക്കമാണ്. അവിശ്വാസമാണ്. നേരാവില്ല എന്ന വ്യാമോഹമാണ്. കൂട്ടത്തിലൊരാള്‍ ചിരികളി തമാശകള്‍ പറഞ്ഞും തര്‍ക്കവും വിതര്‍ക്കവുമായി കലഹിച്ചും കഥകള്‍ പറഞ്ഞും കൂട്ടുപകര്‍ന്നും നടന്നുനീങ്ങുന്നതിനിടയില്‍ പെട്ടെന്നു അപ്രത്യക്ഷനാകാലെന്നതുപോലെ! മൂന്നു പതിറ്റാണ്ടിലേറെയായി അടുത്തറിയാം ദാമോദരന്‍ മാഷിനെ. മരണത്തോടനുബന്ധിച്ച് മാധ്യമവാര്‍ത്തകളില്‍നിന്നാണ് അദ്ദേഹവും ഞാനും തമ്മില്‍ ഒന്നരപതിറ്റാണ്ടിന്റെ പ്രായാന്തരമുണ്ടെന്നറിയുന്നത്. ഹരിഹരന്റെ ചങ്ങാതിയായാണു ആദ്യപരിചയം. അന്നും മാഷിന് ഇക്കഴിഞ്ഞ നാളില്‍ കാണുമ്പോള്‍ ഉണ്ടായത്രതന്നെ പ്രായം തോന്നിച്ചിരുന്നു. ഐ വി ശശിയുടെ പങ്കാളിയായിട്ടായിരുന്നു സിനിമയില്‍ മാഷിന്റെ മുഖ്യപര്‍വം. അപ്പോഴും പ്രായം ഇതുതന്നെ. പിന്നെ പിന്‍തലമുറയിലെ പലരുമായിട്ടായി സഹവേഴ്ച. അപ്പോഴുമില്ല പ്രായത്തിനു വ്യത്യാസം. ഒടുവില്‍ സിനിമയില്‍ സജീവമല്ലാതെയായ നാളുകളില്‍ കാണുമ്പോഴും മുഖത്തെ പ്രസരിപ്പിലും മൊഴിയിലെ വീര്യത്തിലും പ്രായത്തിനു കണ്ടില്ല ഭേദതരം.

ഓര്‍ത്തുനോക്കുമ്പോള്‍ ഇതൊരു വിചിത്രപ്രതിഭാസമാണ്. ആദ്യം കാണുമ്പോഴേ മാഷിനിത്ര പ്രായമുണ്ടായിരുന്നോ അതോ കര്‍മവീര്യംകൊണ്ട് മാഷ് പ്രായത്തെ തടുത്തുനിര്‍ത്തിയതായിരുന്നോ! രണ്ടായാലും "രംഗബോധമില്ലാത്ത കോമാളി"യായി ക്ഷണിക്കാതെ, നിനച്ചിരിക്കാതെ കടന്നുവന്ന ദൂതന്‍ പ്രായത്തിനപ്പുറത്തെ തീരത്തിലേക്ക് മാഷിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, പെട്ടെന്ന് കൂട്ടംവിട്ട് ഒറ്റപ്പെട്ട കുട്ടിയായിപ്പോയി ചങ്ങാതികള്‍ ഞങ്ങള്‍ ഓരോരുത്തരും. അതിലും അമ്പരപ്പിക്കുന്ന മറ്റൊരു സത്യം ഞങ്ങള്‍ സമപ്രായക്കാര്‍ തമ്മിലും ഞങ്ങള്‍ക്ക് പുറകെ വരുന്നവര്‍ തമ്മിലും ഇരുവരും തമ്മില്‍ തമ്മിലും ഇത്ര പ്രായദൂരമോ എന്ന് ഞടുക്കത്തോടെ തിരിച്ചറിയാന്‍ നിമിത്തമായിരിക്കുന്നു പൊടുന്നനവെയുള്ള ഈ വേര്‍പാട് എന്നതാണ്. എത്രയെത്ര രാവുകളില്‍ മാഷും രഞ്ജിത്തും റസ്സാക്കും ഞാനും ഒത്തുകൂടുമ്പോള്‍ പ്രിയങ്കരനായ ബാബുരാജിന്റെ മരിക്കാത്ത ഗാനശീലുകളുമായി ഗിരീഷ് പുത്തഞ്ചേരി സദസ്സില്‍ ലഹരിയായ ി പെയ്തമരുമ്പോള്‍ ആ കൂട്ടത്തിലമരക്കാരനായി മാഷുണ്ടായിരുന്നു. അതേ മാഷിനെത്തന്നെ അതിനുംമുമ്പുള്ള ഏതോ രാവില്‍ ഭരതനും കാവാലത്തിനും പവിത്രനുമൊപ്പം മറ്റൊരിടമുറിയിലെ സദിരില്‍ ചേര്‍ന്ന് കണ്ടതുമോര്‍മയില്‍ തെളിയുന്നു. സംഘങ്ങള്‍ മാറിമാറി വരുമ്പോഴും പാടുന്ന പാട്ടുകളുടെ ഈണവും വരികളും വെവ്വേറെയാകുമ്പോഴും അവിടെ പ്രസരിച്ച സൗഹൃദരാഗങ്ങള്‍ ഒന്നുതന്നെയായിരുന്നു. ഇണങ്ങിയും ഇടഞ്ഞും അവയില്‍ ശ്രുതിചേര്‍ന്ന ചൈതന്യം മാഷുമായിരുന്നു. സംഗീതമോ നാടകമോ സിനിമയോ സാഹിത്യമോ രാഷ്ട്രീയമോ വിഷയം ഏതുമാകട്ടെ വെടിവട്ടത്തിനു നടുവില്‍ മാഷുണ്ടാകും. എവിടെയും ഏതു ധാരയിലും ആ ചിലമ്പിച്ച സ്വരം അനുനാസികത്തോടടുത്ത ഉച്ചസ്ഥായിയില്‍ മുഴങ്ങിക്കേള്‍ക്കും. തര്‍ക്കിക്കാതെ പിരിഞ്ഞ സമാഗമങ്ങളുണ്ടായിട്ടില്ല തമ്മില്‍. അതെന്റെ മാത്രം അനുഭവവുമല്ല. സ്വന്തം നിലപാടു തറപ്പിച്ചുപറയാന്‍ മുഖംനോക്കിയിരുന്നില്ല. അതുണര്‍ത്തുന്ന നീരസങ്ങളെ ഗൗനിച്ചിട്ടുമില്ല. മാഷ് അങ്ങനെയായിരുന്നു:

മാഷ് മാഷായിരുന്നു. ആ പരിഗണന എന്നും എല്ലാവരും നിര്‍ബാധം നല്‍കിപ്പോന്നിട്ടുമുണ്ട്. ഗൗരവമുള്ള കാര്യങ്ങള്‍ പറയുമ്പോഴുള്ള അതേ കടുപ്പിച്ച ഭാവംതന്നെയായിരുന്നു തമാശകള്‍ പറയുമ്പോഴും. കണ്ണുകളിലെ മിന്നായങ്ങളില്‍നിന്നു കണ്ടെടുക്കണമായിരുന്നു കുസൃതി. ദ്രോഹിച്ചിട്ടില്ല ആരെയും. പിണങ്ങുമ്പോഴും സ്നേഹിച്ചിട്ടേയുള്ളൂ. അകന്നുപോകാന്‍ അനുവദിച്ചിട്ടുമില്ല. ഫുട്ബോള്‍ ഗ്രൗണ്ടിലും അത്ലറ്റിക് മീറ്റിലും ഉയര്‍ന്നുകേട്ട കമന്റേറ്ററുടെ ശബ്ദം പിന്നീട് മലബാറിന്റെ നാടകവഴിയിലെ പരീക്ഷണമുഖങ്ങളിലും അതേ മുഴക്കത്തില്‍ ധ്വനിച്ചു. ആ വീറോടെ തന്നെ തിയറ്ററുകളില്‍ ചിത്ര ശബ്ദ വീചികളിലും ആ സ്വരം മുഴങ്ങി. പതിഞ്ഞ ശ്രുതിയിലല്ല; ഉച്ചസ്ഥായിയില്‍; കലഹശീലില്‍തന്നെ. പതുക്കെപ്പറഞ്ഞില്ല ഒന്നും; രഹസ്യങ്ങളായല്ല പരസ്യങ്ങളായിത്തന്നെയായിരുന്നു പകുത്തു പകര്‍ത്തല്‍. ക്യാമറയുടെ മുമ്പിലും അരങ്ങിലെ വെട്ടത്തും കമന്റേറ്റര്‍ ബോക്സിലും സൗഹൃദകൂട്ടായ്മകളിലെ വെടിവട്ടത്തിനു നടുവിലും ശബ്ദസ്ഥായിയില്‍ മാറ്റമില്ലായിരുന്നു. പലപ്പോഴും മാഷെക്കുറിച്ചു പറയാറുണ്ടായിരുന്ന ഒരു കമന്റുണ്ട്: ചുണ്ടിലെപ്പോഴും അദൃശ്യമായ ഒരു വിസില്‍ കടിച്ചുപിടിച്ചുകൊണ്ടുനടക്കുന്ന റഫറിയാണു മാഷെന്ന്!

റഫറിക്കു റഫറിയുടേതായ പക്ഷന്യായങ്ങളുണ്ട്. സദസ്സിന് യോജിക്കാം; വിയോജിക്കാം. പക്ഷേ, റഫറി റഫറിയുടെ വഴിയേ ചരിക്കും. എപ്പോള്‍ വേണമെങ്കിലും മുഴങ്ങാവുന്ന ആജ്ഞാസ്വരത്തിലുള്ള വിസില്‍നാദത്തെ ഉദ്വേഗത്തോടെ ഒളിഞ്ഞുനോക്കുന്നവരായിരുന്നു കാണികളും കളിക്കാരും കഥാപാത്രങ്ങളും അഭിനേതാക്കളും ചങ്ങാതിമാരും സഹപ്രവര്‍ത്തകരും എല്ലാം. വിസില്‍നാദം ഉയരുംമുമ്പേ കളിക്കളം വിട്ട് യാത്രയായി ചിലരൊക്കെ. കളി തുടര്‍ന്നു. ഇക്കുറി വിസില്‍ മുഴങ്ങിയത് റഫറിയുടെ സെല്‍ഫ് വിസിലായി. പൊടുന്നനവെ കളംവിട്ട് ഒഴിയുമ്പോള്‍ ജീവിതത്തിലുടനീളം നാടകീയസന്ധികള്‍ തീര്‍ക്കുന്നതില്‍ അഭിരമിച്ചിരുന്ന ആ മനസ്സ് മരണത്തെയും മറ്റൊരു മുഹൂര്‍ത്തമാക്കി പകുത്തു നല്‍കുകയായിരുന്നു. തുടര്‍ച്ചയായ വേര്‍പിരിയലുകള്‍ ഒരു സത്യം പേര്‍ത്തും പേര്‍ത്തും സാക്ഷ്യപ്പെടുത്തുന്നു; സങ്കീര്‍ത്തനങ്ങളില്‍ പണ്ടേ മുഴങ്ങിയ സാക്ഷ്യം. മനുഷ്യന്‍ എത്ര താല്‍ക്കാലികന്‍!

*
ജോണ്‍ പോള്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനസ്സുകൊണ്ട് അടുപ്പമുള്ളവരെ അവിചാരിതമായി സ്വപ്നത്തില്‍ കാണുകയും പിറ്റേന്ന് രാവുണരുമ്പോള്‍ അവരുടെ മരണവാര്‍ത്ത തേടിവരികയും അവരുടെ ചരമക്കുറിപ്പ് എഴുതേണ്ടിവരികയുംചെയ്ത ഒന്നിലേറെ അനുഭവങ്ങള്‍ തനിക്കുണ്ടായതായി ഏഴാച്ചേരി രാമചന്ദ്രന്‍ തൃപ്പൂണിത്തുറ മഹാത്മ ലൈബ്രറിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ പറയുകയുണ്ടായി. ഋണഞെരുക്കങ്ങള്‍ക്കിടയില്‍ പെട്ടെന്ന് മരണത്തിനു വഴങ്ങാന്‍ ഭീതിയായതുകൊണ്ട് അടുത്തകാലത്തെങ്ങും അദ്ദേഹം എന്നെ സ്വപ്നത്തില്‍ കാണരുതേയെന്ന് ഞാന്‍ അതിനോടു തമാശരൂപത്തില്‍ പ്രതികരിക്കുകയുംചെയ്തു. ജെ സി ദാനിയേല്‍ പുരസ്കാരം ജോസ്പ്രകാശിനു സമ്മാനിക്കുന്ന വാര്‍ത്തയോടനുബന്ധിച്ച് മാധ്യമങ്ങള്‍ അദ്ദേഹത്തെക്കുറിച്ചുള്ള കമന്റുകള്‍ക്കായി ബന്ധപ്പെട്ടപ്പോള്‍, രോഗം മൂര്‍ച്ഛിച്ച്, ഓര്‍മകള്‍ മുറിഞ്ഞ് ശയ്യാവലംബിയാണ് അദ്ദേഹം എന്നറിയാമായിരുന്നതുകൊണ്ടുകൂടിയാകാം, പെട്ടെന്ന് ഓര്‍മവന്നത് ഈ സംഭവമാണ്.