Sunday, April 29, 2012

രാഷ്ട്രീയം തേടുന്ന ചിത്രകല

ചിത്രകലയുടെ രാഷ്ട്രീയപക്ഷം എന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള അനുഭാവരചനകള്‍ എന്ന നിലയ്ക്ക് മാത്രമല്ല നാം പരിശോധിക്കേണ്ടത്. അതിന് മനുഷ്യാവിര്‍ഭാവം മുതല്‍ തുടര്‍ന്നുവരുന്ന ദീര്‍ഘകാലത്തിന്റേതായ ചരിത്രമുണ്ട്. ഒരു ചിത്രം രാഷ്ട്രീയമായി വിജയിക്കുന്നുവെന്നോ രാഷ്ട്രീയപരിഗണനയിലെങ്കിലും പെടുന്നുണ്ടെന്നോ പരാമര്‍ശിക്കണമെങ്കില്‍ സാമൂഹ്യമായ ഉന്നമനം സാധ്യമാക്കുന്നതിനുള്ള ബൗദ്ധികതലത്തെ സക്രിയമാക്കാന്‍ അതിനു കഴിയുന്നുവെന്നുവരുമ്പോഴാണ്. എന്നാല്‍, ഇതുകൊണ്ടുമാത്രം ചിത്രകലയുടെ രാഷ്ട്രീയദര്‍ശനം രേഖപ്പെടുത്താന്‍ സാധ്യമല്ലെന്ന് ചിത്രകലയുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നു. "ചിത്രകലയുടെ രാഷ്ട്രീയം" എന്ന വിഷയത്തെ ആധാരമാക്കി ഭിന്നനിലയില്‍ ചിത്രത്തെ പരിശോധിക്കാന്‍ നമുക്ക് കഴിയും.

മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വിപത്തായി യുദ്ധം മാറുമ്പോള്‍ യുദ്ധാനുഭവലോകത്ത് അതിനെതിരെയും എത്രയോ ചിത്രങ്ങള്‍ രൂപപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പോസ്റ്റര്‍ ചിത്രങ്ങള്‍ രൂപപ്പെട്ടത് ഒരുപക്ഷേ, യുദ്ധക്കൊതിക്കെതിരായിട്ടുള്ളതാകാം. ലോകം അനുഭവിക്കേണ്ടിവരുന്ന ഏതു വിപത്തിനെതിരെയും ലളിതമായ കലാ-മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള കലാപ്രവര്‍ത്തകരുടെ നിശിതമായ താല്‍പ്പര്യംതന്നെയാണ് ഇതിലൂടെ പ്രകടമാക്കുന്നത്. കക്ഷിരാഷ്ട്രീയ പരിഗണനയ്ക്ക് അതീതമായി എല്ലാ അര്‍ഥത്തിലും രാഷ്ട്രീയപക്ഷംതന്നെ പ്രകടമാക്കുന്ന ചിത്രസാക്ഷ്യങ്ങളായി ഇവയെല്ലാം മാറിയിട്ടുണ്ട്. യുദ്ധവിപത്തിനെതിരായ ചിത്രങ്ങളുടെ കൂട്ടത്തില്‍ എക്കാലവും ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പുള്ള ഒരു ചിത്രം "ഗുയര്‍ണിക്ക"തന്നെയാണ്. ജനിബിഡമായ ഗര്‍ണിക്കാ നഗരത്തില്‍ ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് വര്‍ഷിച്ചപ്പോള്‍ ജനം അനുഭവിക്കുന്ന ദുരന്തത്തിന്റെ നേര്‍കാഴ്ചയായി മാറുകയായിരുന്നു "ഗുയര്‍ണിക്ക" എന്ന വിഖ്യാതചിത്രം. സമാനതകളില്ലാത്ത പാശ്ചാത്യ ചിത്രകാരന്‍ പാബ്ലോ പിക്കാസോ ആണ് ഗുയര്‍ണിക്കയുടെ രചയിതാവ്. ഇപ്പോള്‍ സ്പെയിനിലെ മാഡ്രിസില്‍ പ്രാദോ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം അതീവ സുരക്ഷനല്‍കുന്ന ലോകത്തെ ചിത്രങ്ങളില്‍ ഒന്നാണ്.

ഒരു ചിത്രം, സാമൂഹ്യപ്രശ്നത്തെ പ്രതിപാദിക്കുന്ന ഏതെങ്കിലും വിഷയക്രമീകരണം കൊണ്ടുമാത്രം ശ്രദ്ധിക്കപ്പെടണമെന്നില്ല. പിക്കാസോ ഗുയര്‍ണിക്കയില്‍ രേഖപ്പെടുത്തിയ നിറങ്ങള്‍ യുദ്ധവിപത്തിന്റെ പരിസരം ഏതര്‍ഥത്തിലും ഓര്‍മപ്പെടുത്തുന്നതാണ്. ഗുയര്‍ണിക്ക കണ്ട് തലയില്‍ കൈവച്ച് നിലവിളിച്ച സ്ത്രീകള്‍ മുമ്പ് ഏതെങ്കിലും ചിത്രം കണ്ടവരായിരുന്നില്ല. സാധാരണക്കാരന്റെ കാഴ്ചയിലേക്കുപോലും പൊടുന്നനെ സന്നിവേശിക്കുന്ന, വിപല്‍ക്കരമായ സന്ദര്‍ഭത്തിന്റെ അനിഷേധ്യസൂചനകളുണ്ട്. മരിക്കുന്നതുവരെ ഞാന്‍ കമ്യൂണിസ്റ്റായിരിക്കുമെന്നും അവരാണ് മനുഷ്യര്‍ക്ക് എന്തെങ്കിലും നന്മചെയ്യുന്നവരെന്ന് പറഞ്ഞ പിക്കാസോയില്‍നിന്ന് പ്രതീക്ഷിക്കാവുന്ന മികച്ച രാഷ്ട്രീയ പ്രശ്ന പരാമര്‍ശചിത്രംതന്നെയാണ് "ഗുയര്‍ണിക്ക".

ജനങ്ങളുടെ നിലനില്‍പ്പിനെ വല്ലാതെ ബാധിക്കുന്ന പരിസ്ഥിതിപ്രശ്നം ഉയര്‍ന്ന സാമൂഹ്യപ്രശ്നം തന്നെയായിട്ടാണ് അവശേഷിക്കുന്നത്. മുമ്പ് ജീവിതപരിസരം സ്വന്തമായി ഇല്ലാതിരുന്ന മനുഷ്യന് ഇന്ന് ഭൂപരിസരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത് നോക്കിനില്‍ക്കാനേ കഴിയുന്നുള്ളൂ. സമ്പന്നമായ ജലസ്രോതസ്സ് കിട്ടാക്കനിയാകുകയും കുന്നിന്‍പുറങ്ങള്‍ അനിയന്ത്രിതമായി ഇടിച്ചുനിരപ്പാക്കുകയും ചെയ്യുന്ന ആര്‍ത്തിപൂണ്ട മനസ്സിനെതിരെ എത്രയോ ചരിത്രങ്ങള്‍ ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. ഭൂമുഖത്ത് മാനവികതയുടെ കരസ്പര്‍ശം പാടെ നിരാകരിക്കപ്പെടുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇവിടെ പിറന്ന എല്ലാ മനുഷ്യര്‍ക്കും ജാതിമത പരിഗണനകൂടാതെ ഭൂവിഭവങ്ങള്‍ സ്വീകരിക്കാനും അവിടെ ജീവിതം ഉറപ്പാക്കാനും കഴിയേണ്ടതായിരുന്നു. എന്നാല്‍, മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഒരുപാട് കലഹങ്ങളും കലാപങ്ങളും ഇന്ത്യ അനുഭവിക്കുകയുണ്ടായി. മാനവികതയുടെ എല്ലാ സൗഭാഗ്യങ്ങളും തകര്‍ക്കുന്നിടത്ത് ചിത്ര-ശില്‍പ്പകലകളും അവതരണകലയും പ്രതിരോധത്തിന്റെ വന്‍ കോട്ടകള്‍തന്നെ പണിതിട്ടുണ്ട്.

ഏതൊരു ചിത്രകാരനെ സംബന്ധിച്ചും അയാളുടെ വിഷയസ്വീകാര്യതയുടെ ഉറവിടം തന്റെ ജീവിതപരിസരംതന്നെയാണ്. ചിത്രകലയുടെ പരീക്ഷണ വഴിത്താരകളിലേക്ക് സഞ്ചരിക്കുന്നതിനുമുമ്പേ മിക്ക ചിത്രകാരന്മാരും പ്രകൃതിയുടെ ഭിന്നസമയങ്ങളിലെ ഭാവവ്യത്യാസങ്ങള്‍ തന്നെയാണ് ആവിഷ്കരിച്ചത്. പക്ഷേ, ഇത്തരം ചിത്രീകരണങ്ങള്‍ ആദിമകാല ചിത്രകാരന്മാര്‍ വരച്ചതുപോലെയുള്ള പ്രകൃതിയുടെ പ്രയോഗങ്ങളായിരുന്നില്ല. ഇവിടെ ചിത്രകാരന്റെ സര്‍ഗാത്മകതകൂടി സമന്വയിക്കുന്നതിന്റെ സൂചനകള്‍ കണ്ടെത്താനാകും. കെ സി എസ് പണിക്കര്‍, ടി കെ പത്മിനി, എ രാമചന്ദ്രന്‍, പരാജിത് സിങ് തുടങ്ങിയ ആധുനിക കലാപരിസരങ്ങളിലെ ചിത്രകാരന്മാര്‍ ചെയ്തുപോന്നിരുന്നതും ഈ നിലയ്ക്കുള്ള ഭൂഭാഗ ചിത്രീകരണം തന്നെയായിരുന്നു.

അകാലത്തില്‍ ജീവിതം സ്വയം അവസാനിപ്പിച്ച വിഖ്യാത ചിത്രകാരന്‍ വാന്‍ഗോഗ് തന്റെ ചിത്രങ്ങളില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയത് മഞ്ഞനിറത്തിന്റെ തിളക്കത്തോടെയാണ്. പ്രകാശസമാനമായ ഒരു നിറത്തിന്റെ തെളിഞ്ഞ സാധ്യതയാണ് വാന്‍ഗോഗ് തന്റെ ചിത്രങ്ങളിലൂടെ വിശദമാക്കിയിരുന്നത്. മഞ്ഞരാശി കലര്‍ത്തിയ ചിത്രങ്ങള്‍ എന്നതിനെക്കാളപ്പുറം പ്രസരിപ്പിന്റെയും സമ്പന്നതയുടെയും നിറമിശ്രിതമായി വാന്‍ഗോഗ് ചിത്രങ്ങള്‍ മാറിയിരുന്നു.

പച്ചയും ചുവപ്പും നീലയും ചേര്‍ന്ന നിറവിതാനത്തിന്റെ ആധിക്യത്താല്‍ ചിത്രപ്രതലം പുഷ്ടിപ്പെടുത്തിയ എ രാമചന്ദ്രന്റെ ചിത്രത്തോടൊപ്പം ഒരു സുവ്യക്ത കാഴ്ചക്കാരനായി ചിത്രകാരനെ സ്വയം സമര്‍പ്പിക്കാനുള്ള വൈദഗ്ധ്യം രാമചന്ദ്രന്റെ മാത്രം സവിശേഷതയായി കാണാം. നിറങ്ങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യം ഒരുപക്ഷേ, സ്വീകാര്യതയുടെയും നിരാസത്തിന്റേതുമാണ്. ഇതിന് മാനദണ്ഡമായി വര്‍ത്തിക്കുന്നത് രാഷ്ട്രീയകക്ഷികളോടുള്ള ആഭിമുഖ്യമോ താല്‍പ്പര്യരാഹിത്യമോ ആണ്. ചിത്രകലയില്‍ ഇന്ത്യയുടെ സമകാലിക പ്രമുഖന്‍ എന്ന് വിശേഷിപ്പിക്കാവുന്നത് (ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍) കെ ജി സുബ്രഹ്മണ്യനെ തന്നെയാണ്. മനുഷ്യന്റെ വേദനയിലും അസ്വാതന്ത്ര്യത്തിലും ഒപ്പം ചേര്‍ന്ന് പക്ഷപാതിയെപ്പോലെ നിലയുറപ്പിച്ച ഒരാള്‍ എന്ന നിലയില്‍ മാത്രമല്ല ഈ പരാമര്‍ശത്തിന് ഇടയാകുന്നത്. ദേശീയസ്വാതന്ത്ര്യത്തിന്റെ മുഖ്യധാരയിലേക്ക് സ്വാതന്ത്ര്യമോഹികളായ ജനം ഒന്നടങ്കം അണിനിരക്കുമ്പോള്‍ തന്റെ സാന്നിധ്യവും സംഘാടകത്വവും ഉപയോഗിക്കാന്‍കൂടി താല്‍പ്പര്യം കാട്ടുകയായിരുന്നു കൂത്തുപറമ്പ് സ്വദേശിയായ കെ ജി എസ്. ദന്തഗോപുരവാസിയെപ്പോലെ മാറിനില്‍ക്കാതെ ഒരു ജനതയുടെ മോചനപോരാട്ടത്തിന്റെ അരികുചേര്‍ന്ന് നടക്കാന്‍ കഴിഞ്ഞ അപൂര്‍വം പ്രതിഭാശാലിയായ ചിത്രകാരന്മാരില്‍ ഒരാള്‍തന്നെയാണ് കെ ജി സുബ്രഹ്മണ്യന്‍. കറുപ്പ് കരുത്തിന്റെ അടയാളം എന്നതുപോലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവന്റെ തിരസ്കൃത പരിസരവും ആയിത്തീരുകയാണ് അര്‍പ്പണ കൗറിന്റെ ചിത്രത്തില്‍. അവരുടെ ചിത്രങ്ങളില്‍ മനുഷ്യരൂപങ്ങളുടെ നിറം എല്ലാംതന്നെ പ്രസന്നതയാര്‍ന്നതും കാഴ്ചക്കാരന്റെ കാഴ്ചയുടെ സൂക്ഷ്മപ്രഭവകേന്ദ്രമായി മാറുന്നതുമായിരുന്നു.

തിരസ്കൃതനാക്കപ്പെട്ട മനുഷ്യന് അഭയമായി ശ്രീബുദ്ധനും ഗുരുനാനാക്കും ചിത്രത്തില്‍ രേഖപ്പെടുത്തുന്നതുപോലും കറുപ്പിന്റെ ഗാഢപശ്ചാത്തലത്തിലാണ്. ഗണേഷ് പൈന്‍ ബംഗാളികളുടെ നാടോടിജീവിതത്തിന്റെ ശീലുകള്‍ക്ക് നിറംപകരുകയായിരുന്നെന്ന് കാണാം. ഇത് ഗ്രാഫ് പേപ്പറുകള്‍ പശ്ചാത്തല ചിത്രപരിസരമാക്കിയെടുത്ത് അതീവ നേര്‍ത്ത രേഖകളാല്‍ ബംഗാള്‍ ജനതയുടെ ഗ്രാമ്യജീവിതവും സംസ്കാരവും ഗ്രാഫ് ചെയ്ത് നിര്‍ത്തുകയായിരുന്നു.

ഒരു ചിത്രത്തിന്റെ രൂപത്തിനും നിറത്തിനും രാഷ്ട്രീയ പരികല്‍പ്പന മുന്‍വിധിയോടെ ചാര്‍ത്തിക്കൊടുക്കുമ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് സര്‍ഗാത്മകതയുടെ സദ്വഴിയില്‍ ചിത്രവായനയുടെ പ്രവേശത്തെയാണ് കൊട്ടിയടയ്ക്കുന്നത്. ഏതൊരു ചിത്രത്തിന്റെ നിറം അതിന്റെ വ്യത്യസ്ത രാശികളോടെ സമര്‍പ്പിക്കുമ്പോള്‍ അത് ചിത്രദൗത്യം പൂര്‍ത്തീകരിക്കുന്നത് കാഴ്ചക്കാരന്റെ മുന്നില്‍ മാത്രമാണ്. ഈ നിലയ്ക്കുള്ള വായനയുടെ വൈവിധ്യവും വിപുലമായ സാധ്യതകളെ അനുവദിച്ചുകൊടുക്കാന്‍ തികഞ്ഞ സഹിഷ്ണുത അനിവാര്യമാണ്. നമുക്ക് ഇഷ്ടപ്പെടാത്ത രേഖകളോ നിറങ്ങളോ ചിത്രത്തില്‍ കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന നീരസം ഇഷ്ടമില്ലാത്ത പാട്ട് കേള്‍ക്കുമ്പോള്‍ പ്രകടമാക്കുന്ന അസ്വസ്ഥതപോലെ തന്നെയുള്ളതാണ്. ഈ അസ്വസ്ഥതയാണ് സമകാലിക ഇന്ത്യയുടെ സാംസ്കാരിക പരിസരങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ പൗരത്വമുള്ള ഒരു വിഖ്യാത ചിത്രകാരന് ഇവിടം വിട്ടൊഴിയേണ്ടിവരുന്നതും സ്വീകാര്യതയുടെ ഭൂപടം നോക്കി പോകേണ്ടിവന്നതും. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തെ നിഷ്കരുണം തകര്‍ക്കുന്നവര്‍ അതേ ദേശക്കാര്‍ തന്നെയാകുന്ന രാജ്യത്ത് മതേതരത്വത്തിലേക്ക് ഇനിയുമെത്ര ദൂരം എന്നുതന്നെയാണ് തിരസ്കൃതര്‍ ഒന്നടങ്കം ചോദിക്കുന്നത്.

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് "ഗുയര്‍ണിക്ക"യിലെ അടയാളങ്ങള്‍ കൂടി ബോധപൂര്‍വം ചേര്‍ത്തുവച്ച് "ഗുജര്‍ണിക്ക" വരച്ചുചേര്‍ത്ത യൂസഫ് അറയ്ക്കലിനെ മുസ്ലിം നാമധാരി എന്ന പരിഗണ നല്‍കി മാറ്റിനിര്‍ത്താം. ഗുജറാത്തിലെ തെരുവില്‍ വെട്ടിനുറുക്കപ്പെട്ട സ്ത്രീകളുടെ ദയനീയചിത്രവും നിഷ്കളങ്കമായ ബാല്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളും പന്തംപോലെ ആളിക്കത്തുമ്പോള്‍ അതിന് രൂപവും നിറവും പകര്‍ന്ന അഞ്ജലി ഇളാ മേനോന്റെ ചിത്രത്തെ നമുക്കെങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും. വിപണനസംസ്കാരം ഇന്നുകാണുന്നതുപോലെ വ്യാപിക്കുന്നതിനും എത്രയോ മുമ്പാണ് കെ സി എസ് പണിക്കര്‍ "മാര്‍ക്കറ്റ്" അഥവാ "ചന്ത" എന്ന ചിത്രം രചിച്ചത്. ചന്തയില്‍ ഉപഭോക്താക്കളായെത്തി വില്‍പ്പനക്കാരോട് വിലപേശുമ്പോള്‍ കിട്ടുന്ന ആത്മബന്ധവും റേഷന്‍ കടയ്ക്കുമുന്നില്‍ ക്യൂനില്‍ക്കുമ്പോള്‍ മുന്നിലും പിന്നിലും നില്‍ക്കുന്നവരുമായി വിളക്കിയെടുക്കുന്ന സൗഹൃദവും നിഷ്കരുണം വെട്ടിമാറ്റിയവര്‍ പുതിയ മൂലധന വ്യാപനത്തിന്റെ വക്താക്കള്‍ തന്നെയാണ്. വീട്ടുപടിക്കലേക്ക് എല്ലാ പലവ്യഞ്ജനങ്ങളും എത്തിക്കുമ്പോള്‍ പുറംലോകബന്ധം എന്നത് ഒട്ടും അനിവാര്യമല്ലാത്ത ഒന്നായിത്തീരുകയാണ്. ഈ നിലയ്ക്കുള്ള ഉപഭോഗ വിപണന സംസ്കാരത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ് കെ സി എസിന്റെ "ചന്ത"യുടെ രാഷ്ട്രീയം തിരിച്ചറിയാനാകുന്നത്.

*
പൊന്ന്യം ചന്ദ്രന്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് 29 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചിത്രകലയുടെ രാഷ്ട്രീയപക്ഷം എന്നത് കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായുള്ള അനുഭാവരചനകള്‍ എന്ന നിലയ്ക്ക് മാത്രമല്ല നാം പരിശോധിക്കേണ്ടത്. അതിന് മനുഷ്യാവിര്‍ഭാവം മുതല്‍ തുടര്‍ന്നുവരുന്ന ദീര്‍ഘകാലത്തിന്റേതായ ചരിത്രമുണ്ട്. ഒരു ചിത്രം രാഷ്ട്രീയമായി വിജയിക്കുന്നുവെന്നോ രാഷ്ട്രീയപരിഗണനയിലെങ്കിലും പെടുന്നുണ്ടെന്നോ പരാമര്‍ശിക്കണമെങ്കില്‍ സാമൂഹ്യമായ ഉന്നമനം സാധ്യമാക്കുന്നതിനുള്ള ബൗദ്ധികതലത്തെ സക്രിയമാക്കാന്‍ അതിനു കഴിയുന്നുവെന്നുവരുമ്പോഴാണ്. എന്നാല്‍, ഇതുകൊണ്ടുമാത്രം ചിത്രകലയുടെ രാഷ്ട്രീയദര്‍ശനം രേഖപ്പെടുത്താന്‍ സാധ്യമല്ലെന്ന് ചിത്രകലയുടെ ചരിത്രം ഓര്‍മപ്പെടുത്തുന്നു. "ചിത്രകലയുടെ രാഷ്ട്രീയം" എന്ന വിഷയത്തെ ആധാരമാക്കി ഭിന്നനിലയില്‍ ചിത്രത്തെ പരിശോധിക്കാന്‍ നമുക്ക് കഴിയും.