Tuesday, September 16, 2008

ആണവ സുരക്ഷിതത്വം ബലികൊടുക്കപ്പെടുന്നു

രാജ്യത്തിന്റെ ഇന്ധന സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ പേരുംപറഞ്ഞാണ് ഇന്ത്യാ ഗവണ്‍മെന്റും അതിന്റെ ഉപദേശകന്മാരും ഇന്ത്യാ-അമേരിക്കാ ആണവ ക്കരാറിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന്റെ നാന്ദി എന്ന നിലയില്‍ 2005 മെയ് 31ന്റെ പ്രധാനമന്ത്രിയുടെ അമേരിക്കാ സന്ദര്‍ശനത്തിന് ഏതാനും ആഴ്ച മുമ്പായി, അമേരിക്കയും ഇന്ത്യയും തമ്മില്‍ ഇന്ധനത്തെ സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രി ചെയര്‍മാനായിക്കൊണ്ട് 2005 ജൂലൈ 13ന് ഒരു ഇന്ധന ഏകോപന കമ്മിറ്റി രൂപീകരിക്കപ്പെട്ടതും ഇതിന്റെ നാന്ദിയായിട്ടാണെന്ന് കണക്കാക്കാം. എന്നാല്‍ ഈ കമ്മിറ്റിയുടെ ഒന്നാമത്തെ യോഗം വിളിച്ചുചേര്‍ക്കപ്പെട്ടത് ആഗസ്ത് 6ന് മാത്രമാണ്-അതായത് ആണവക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടതിനുശേഷം മാത്രം. ഈ കമ്മിറ്റി രണ്ടാമതൊരിക്കല്‍ യോഗം ചേര്‍ന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഉഭയകക്ഷി ഇന്ധനചര്‍ച്ചയ്ക്കുകീഴില്‍ രൂപീകരിക്കപ്പെട്ട സിവില്‍ ആണവ ഇന്ധന വര്‍ക്കിംഗ് ഗ്രൂപ്പുകൊണ്ട് അമേരിക്കയുടെ ആണവ വ്യാപാരതാല്‍പര്യങ്ങളെയും അവരുടെ ആണവ നിര്‍വ്യാപന ആവശ്യങ്ങളെയും ഇന്ത്യയുടെ നയ രൂപീകരണ പ്രക്രിയയെ സ്വാധീനിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതിനുമാത്രമെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളു എന്ന് തോന്നുന്നു.

തങ്ങളുടെ ഇന്ധന സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്നതില്‍ താല്‍പര്യമുള്ള രാജ്യങ്ങള്‍, തങ്ങളുടെ ആസൂത്രണ പ്രക്രിയയില്‍, സാധാരണയായി രണ്ട് സുപ്രധാന തത്വങ്ങളാണ് അവലംബിക്കാറുള്ളത്. ഒന്നാമത്, സ്വന്തം രാജ്യത്ത് ലഭ്യമായ പ്രാഥമിക ഇന്ധന സ്രോതസ്സുകളെയും അത്തരം സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിനായി തങ്ങള്‍ക്ക് സ്വയം വളര്‍ത്തിയെടുക്കാവുന്ന സാങ്കേതികവിദ്യകളെയും പ്രധാനമായും ആശ്രയിക്കുക. രണ്ടാമത്, ദേശീയമായി ലഭ്യമായ എല്ലാ ഇന്ധന സ്രോതസ്സുകളെയും ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രമിക്കും.

ഇതിനായി സാങ്കേതിക-സാമ്പത്തിക പരിഗണനകള്‍ വെച്ചുകൊണ്ട് അനുയോജ്യമായ ഒരു ഇന്ധന ഉല്‍പാദന അനുപാതം അവര്‍ കണ്ടെത്തും. നമ്മുടെ രാജ്യത്തിന്റെ ഇന്ധന സുരക്ഷിതത്വത്തിന് അമേരിക്ക-ഇന്ത്യാ സഹകരണം പരമപ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിയൂന്നി പറയുകയും രാജ്യത്തിനകത്ത് ലഭ്യമായ ഇന്ധന സ്രോതസ്സുകളെയും ഇന്ധന സാങ്കേതികതയുടെ വികസനത്തെയും കുറിച്ച് വല്ലപ്പോഴും അദ്ദേഹം ഒന്ന് അധരവ്യായാമം നടത്തുകയും ചെയ്യുന്നതു കാണുമ്പോള്‍, വിദേശ ആശ്രിതത്വത്തിനോടുള്ള ഇത്തരമൊരു വിധേയത്വത്തെ, മറ്റ് രാജ്യങ്ങള്‍ അനുവര്‍ത്തിക്കുന്ന സാധാരണ മാര്‍ഗങ്ങളുമായി താരതമ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.

ഇന്ത്യയിലെ കിഴക്കും തെക്കുമുള്ള സംസ്ഥാനങ്ങളിലെ വമ്പിച്ച കല്‍ക്കരി നിക്ഷേപവും ഇനിയും വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത വിപുലമായ ജലവൈദ്യുതമേഖലയും എളുപ്പത്തില്‍ കുഴിച്ചെടുക്കാവുന്നവിധം ലഭ്യമായ വമ്പിച്ച തോറിയം നിക്ഷേപവുമാണ് നമ്മുടെ രാജ്യത്തെ പ്രധാന പ്രാഥമിക ഇന്ധനസ്രോതസ്സുകള്‍. രാജ്യത്തിന്റെ ഇന്ധന സുരക്ഷിതത്വത്തെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ ഗവണ്‍മെന്റിന് ഉല്‍ക്കണ്ഠയുണ്ടെങ്കില്‍, മുകളില്‍പ്പറഞ്ഞ മൂന്ന് ഇന്ധനസ്രോതസ്സുകളെയും അവയുടെ മുന്‍ഗണനകളും പ്രാധാന്യവും കണക്കിലെടുത്തുകൊണ്ട് വേണ്ടത്ര ഉപയോഗപ്പെടുത്താനുള്ള മൂര്‍ത്തമായ നടപടികളൊന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായി കാണാത്തതെന്തുകൊണ്ടാണ്?

മുകളില്‍പ്പറഞ്ഞ മൂന്ന് ഇന്ധന സ്രോതസ്സുകളെയും സംബന്ധിച്ചിടത്തോളം, തദ്ദേശീയമായ സാങ്കേതികവിദ്യകള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമല്ലേ? അഥവാ അവയ്ക്കാവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞിട്ടില്ലേ നമ്മള്‍? ഖേദകരമെന്നു പറയട്ടെ, ഇന്ത്യയിലെ കല്‍ക്കരിയുടെ ഗുണനിലവാരം വളരെ മോശമാണ്. അതില്‍ ചാരത്തിന്റെ അംശം വളരെ കൂടുതലാണ്; വിദേശങ്ങളിലെ കല്‍ക്കരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ രാസഗുണങ്ങളും ജ്വലന ഗുണങ്ങളും വളരെ വ്യത്യസ്തമാണ്. അതുകൊണ്ട്, ഇന്ത്യയിലേതുപോലുള്ള കല്‍ക്കരി ഉപയോഗപ്പെടുത്തുന്ന ഫലപ്രദമായ സാങ്കേതികവിദ്യകളൊന്നും കഴിഞ്ഞ പല പതിറ്റാണ്ടുകളായി, ഒരു വിദേശരാജ്യവും വികസിപ്പിച്ചെടുത്തിട്ടില്ല. ഈ രംഗത്ത് ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ സാങ്കേതികവിദ്യാ വിജയങ്ങള്‍, ബിഎച്ച്ഇഎല്ലിന്റെയും ചില സിഎസ്ഐആര്‍ ലബോറട്ടറികളുടെയും ഗവേഷണ-വികസന ശ്രമങ്ങളുടെ സംയുക്തഫലമായി കൈവന്നിട്ടുള്ളതുമാത്രമാണ് - എന്‍ടിപിസിയില്‍നിന്നും ഈയിടെ ചില സംഭാവനകള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് ഗ്യാസിഫിക്കേഷന്‍ കംബൈന്‍ഡ് സൈക്കിള്‍ (IGCC) എന്ന പ്രക്രിയയിലൂടെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി കല്‍ക്കരിയില്‍നിന്ന് ഗ്യാസ് ഉണ്ടാക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന് 1970കളുടെ മധ്യംതൊട്ട് ബിഎച്ച്ഇഎല്ലും സി.എസ്.ഐ.ആറും ശ്രമം ആരംഭിച്ചു. ഗ്യാസ് ഉണ്ടാക്കുന്നതിനുള്ള ഒരു ചെറുകിട പൈലറ്റ് പ്ളാന്റ് 1990 ഓടുകൂടി വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചത് അതിന്റെ ഫലമായിട്ടാണ്. ഇന്ത്യയില്‍ ലഭ്യമായ പല തരത്തിലുള്ള കല്‍ക്കരിയേയും ഗ്യാസായി മാറ്റാന്‍ അതുകൊണ്ട് കഴിയും. ഇതിനിടയില്‍ കഴിഞ്ഞ 25 കൊല്ലക്കാലത്തിനുള്ളില്‍ നാലുതവണയെങ്കിലും ഇന്ത്യയുടെയും അമേരിക്കയുടെയും സാങ്കേതിക വിദഗ്ദന്മാരടങ്ങുന്ന സംഘം, കല്‍ക്കരിയില്‍നിന്ന് ഗ്യാസ് ഉണ്ടാക്കുന്ന അമേരിക്കന്‍ പ്രക്രിയ ഇന്ത്യന്‍ കല്‍ക്കരിയില്‍ പ്രയോഗിച്ചുനോക്കാന്‍ ശ്രമിക്കുകയുണ്ടായി. ശുദ്ധമായ കല്‍ക്കരിയില്‍നിന്ന് ഗ്യാസ് ഉണ്ടാക്കുന്നതിനുള്ള പ്രക്രിയയാണ് അമേരിക്കയുടേത്. എന്നാല്‍ ഇന്ത്യയിലെ കല്‍ക്കരിക്ക് അനുയോജ്യമായ പരിവര്‍ത്തന സാങ്കേതികവിദ്യകളൊന്നും അമേരിക്കക്കാരുടെ കയ്യിലില്ലെന്ന് അതുകൊണ്ട് വ്യക്തമായി. ഇത്തരം ചര്‍ച്ചകളില്‍ ഏറ്റവും ഒടുവിലത്തേത്, 2003 ആദ്യത്തില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് ഹൈദരാബാദില്‍വെച്ച് സംയുക്തമായി നടത്തിയ പഠനങ്ങളാണ്. ആ സംയുക്ത പഠനം നടത്തിയ ശുപാര്‍ശ ഇതാണ്. അമേരിക്കന്‍ സാങ്കേതികവിദ്യ തേടിപ്പോവുന്നതിനുപകരം കല്‍ക്കരിയില്‍നിന്ന് വാതകം ഉണ്ടാക്കുന്നതിനുള്ള ബി.എച്ച്.ഇ.എല്ലിന്റെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യക്ക് അഭികാമ്യം. "ഇന്റഗ്രേറ്റഡ് ഗ്യാസിഫിക്കേഷന്‍ കംബൈന്‍ഡ് സൈക്കിള്‍'' പ്രക്രിയ (IGCC) ഉപയോഗപ്പെടുത്തിക്കൊണ്ട് 100 മെഗാവാട്ടിന്റെ പ്ളാന്റ് സ്ഥാപിക്കുക.

എന്നാല്‍ ഇപ്പോള്‍ നാം കേള്‍ക്കുന്നത് ഇതാണ്. ശുദ്ധമായ കല്‍ക്കരിയില്‍നിന്ന് ഗ്യാസ് ഉല്‍പാദിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ സാങ്കേതികവിദ്യയില്‍നിന്ന് ഇന്ത്യക്ക് യോജിച്ച സാങ്കേതികവിദ്യ "വികസിപ്പിക്കുന്നതിനാ''യി ഇന്ത്യാ ഗവണ്‍മെന്റ് പണം രൊക്കം നല്‍കുവാനും അമേരിക്കന്‍ ഇന്ധന വകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചിരിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണിത്. അതേ അവസരത്തില്‍ത്തന്നെ ബി.എച്ച്.ഇ.എല്ലും എന്‍.ടി.പി.സിയും സംയുക്തമായി തയ്യാറാക്കിയതും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സൈന്റിഫിക് അഡ്വൈസര്‍ ശുപാര്‍ശചെയ്തതുമായ ഒരു പദ്ധതി റിപ്പോര്‍ട്ട് (രാജ്യത്തിനകത്ത് ലഭ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള റിപ്പോര്‍ട്ടാണ് അത്) ഏറെക്കാലമായി എവിടെയോ പൊടിപിടിച്ച് കിടക്കുകയാണ്! സാമ്പത്തികമായ അംഗീകാരം ലഭിക്കാത്തതുകൊണ്ടാണത്. ഇന്ത്യയിലെ എന്‍ജിനീയര്‍മാര്‍ വിജയകരമായി വികസിപ്പിച്ചെടുത്ത് വ്യാപാരപരമായ ഉല്‍പാദനത്തിന് സജ്ജമാക്കിയ ഒരു സാങ്കേതികവിദ്യയുടെ രംഗത്തേക്ക്, അമേരിക്കയ്ക്ക് പിന്‍വാതിലിലൂടെ കടന്നുവരുന്നതിനുള്ള വഴിയൊരുക്കിക്കൊടുക്കുന്ന യുപിഎ ഗവണ്‍മെന്റിന്റെ നയത്തിനുള്ള മറ്റൊരു ഉദാഹരണമാണിത്.

മൂന്ന് ഘട്ടമായുള്ള ദേശീയ ആണവ സാങ്കേതികവിദ്യയുടെ കാര്യത്തിലാണെങ്കില്‍, പ്രവര്‍ത്തനങ്ങള്‍ വളരെ നല്ലനിലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറിക്കഴിഞ്ഞാല്‍ 2012 ആകുമ്പോഴേക്കും 500 മെഗാവാട്ടിന്റെ ഒരു ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ കമ്മീഷന്‍ ചെയ്യുന്നതായിരിക്കും. ഈ സന്ദര്‍ഭത്തിലാണ് വരുന്ന 15-20 കൊല്ലത്തിനുള്ളില്‍ 30,000 മെഗാവാട്ട്-40,000 മെഗാവാട്ട് ആണവ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള തന്റെ സ്വപ്നത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസ്താവിക്കുന്നത്. ഇതിന്റെ മഹാഭൂരിഭാഗവും ഇറക്കുമതിചെയ്യപ്പെട്ട റിയാക്ടറുകളില്‍നിന്ന് ലഭിക്കേണ്ടതുണ്ട് എന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയുകയും ചെയ്യാം. അത്തരം റിയാക്ടറുകള്‍ക്ക് ആവശ്യമായ ആണവ ഇന്ധനം പല മാര്‍ഗങ്ങളിലൂടെയായി സ്ഥായിയായി ലഭ്യമാക്കും എന്ന് അമേരിക്ക ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം അമേരിക്കന്‍ കോണ്‍ഗ്രസ് തകര്‍ക്കുകയും ചെയ്തു. ഇറക്കുമതി ചെയ്യപ്പെട്ട റിയാക്ടറുകള്‍ക്ക് ഇന്ധനമായി സമ്പുഷ്ടീകരിച്ച യുറേനിയം വേണം; എന്നാല്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ആധുനിക സാങ്കേതികവിദ്യ ഇന്ത്യയുടെ കയ്യിലില്ല; അത് ഇറക്കുമതിചെയ്യുന്നത് കരാറിലൂടെ നിരോധിക്കപ്പെട്ടിരിക്കുകയുമാണ്. ഇതൊക്കെ പ്രധാനമന്ത്രിക്ക് നല്ലപോലെ അറിയാം. എന്നിട്ടും ഇന്ത്യയുടെ ഇന്ധന സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം വിദേശറിയാ ക്ടറുകള്‍ക്ക് പരവതാനിവിരിക്കുവാന്‍ തയ്യാറാവുന്നു. ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന അദ്ദേഹത്തിന്റെ വാദത്തിന്റെ നട്ടെല്ല് ഇതാണ്.

10,000 മെഗാവാട്ട് ഘനജല റിയാക്ടറുകള്‍ക്ക് ആയുഷ്കാലം ആവശ്യമായത്ര സ്വാഭാവിക യുറേനിയം അയിര് ഇവിടെയുണ്ടെന്നും മൂന്നു ഘട്ടമായുള്ള ആണവ പരിപാടിക്ക് ആവശ്യമായ പ്ളൂട്ടോണിയം അതില്‍നിന്ന് ലഭ്യമാണെന്നും തോറിയം ഉപയോഗം അതുകൊണ്ട് നടക്കുമെന്നും ആറ്റോമിക് എനര്‍ജി വകുപ്പ് എടുത്തുപറയുന്നുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി ധനകാര്യമന്ത്രിയായിരിക്കുമ്പോള്‍ ധാതുപദാര്‍ഥങ്ങള്‍ കുഴിച്ചെടുക്കുന്നതിനും ഝാര്‍ഖണ്ഡിലും മേഘാലയയിലും മറ്റും പുതിയ ഖനികള്‍ തുറക്കുന്നതിനും ആവശ്യമായ ഫണ്ട് 1990കളുടെ മധ്യത്തില്‍ ബജറ്റില്‍ നീക്കിവെയ്ക്കാതിരുന്നതും അറ്റോമിക് എനര്‍ജിവകുപ്പ് യഥാസമയം മുന്‍കൂട്ടി നടപടി കൈക്കൊള്ളാതിരുന്നതും കാരണമായിട്ടാണ് ഇപ്പോള്‍ പ്രധാനമായും യുറേനിയത്തിന് ദൌര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് ഇപ്പോഴും തങ്ങളുടെ അലംഭാവം തുടരുകയാണ്. ഈ പ്രശ്നം വേണ്ടത്ര ശുഷ്കാന്തിയോടെ ഏറ്റെടുക്കാതിരുന്നതിന് അറ്റോമിക് എനര്‍ജിവകുപ്പിനെയും കുറ്റപ്പെടുത്തേണ്ടതുണ്ട്. യുറേനിയം ദൌര്‍ലഭ്യത്തിന്റെ പേരുംപറഞ്ഞ് ആണവക്കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും വിദേശ ആണവറിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതിനും ഗവണ്‍മെന്റിന് സാധ്യത ഉണ്ടാക്കിക്കൊടുത്തത് അതാണല്ലോ.

വിവിധ തരത്തിലുള്ള ഇന്ധനങ്ങളുടെ വിഹിതം എത്രയായിരിക്കണം എന്ന കാര്യത്തെ സംബന്ധിച്ചിടത്തോളം, തികച്ചും അനുയോജ്യമായ അത്തരമൊരു അനുപാതത്തെക്കുറിച്ചുള്ള ഗൌരവബോധത്തോടെയുള്ള പഠനം നടന്നത് ഏറ്റവും ഒടുവില്‍ 1960കളുടെ മധ്യത്തിലാണ്. ഇവിടെ ഉത്തരം ലഭിക്കേണ്ട ചോദ്യം ഇതാണ്; ആഭ്യന്തരമായി ലഭിക്കുന്ന കല്‍ക്കരിയില്‍നിന്നും രാജ്യത്തിനുള്ളിലെ ദേശീയ നദികളിലെ ജലവൈദ്യുതപദ്ധതികളില്‍നിന്നും ഇറക്കുമതി ചെയ്യപ്പെട്ട കല്‍ക്കരിയില്‍നിന്നും അയല്‍രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന ജലവൈദ്യുതിയില്‍നിന്നും മൂന്ന് ഘട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആഭ്യന്തര ആണവപദ്ധതികളില്‍നിന്നും കാറ്റില്‍നിന്നും സൂര്യതാപത്തില്‍നിന്നും ജൈവവസ്തുക്കളില്‍നിന്നും മറ്റും ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അനുപാതം ഓരോ പ്രത്യേക ഘട്ടത്തിലും എത്ര വീതമായിരിക്കണം? പല മുഖങ്ങളുള്ള സങ്കീര്‍ണമായ ഒരു പഠനം നടന്നാലേ ഇതിനുത്തരം നല്‍കാനാകു. അത് സംയുക്തമായിട്ടേ ചെയ്യാനാകു. കാലാകാലം അത് പുതുക്കുകയും വേണം. അതിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലേ ഇന്ത്യയുടെ ഇന്ധനനയങ്ങളും ഇന്ധന ആസൂത്രണവും രൂപപ്പെടുത്താന്‍ കഴിയൂ. അത്തരം ഒരു പഠനം ആരെങ്കിലും നടത്തിയിട്ടുണ്ടോ? നമ്മുടെ കേന്ദ്ര ആസൂത്രണ കമ്മീഷന്റെ ചെയര്‍മാന്‍ പ്രഗത്ഭനായ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രധാനമന്ത്രിയാണ്; അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായിയാണ് അതിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍; ഇന്ധനത്തിന്റെ കാര്യത്തില്‍ സാമ്പത്തികവിദഗ്ദനായ ഒരാളാണ് എനര്‍ജി മെമ്പര്‍. എന്നാല്‍ അത്തരമൊരു പഠനം നടത്തുന്ന കാര്യത്തില്‍ ആസൂത്രണകമീഷന്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു; അത്തരം ബുദ്ധിപൂര്‍വകമായ പഠനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് തങ്ങളുടെ നയപരമായ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിലും അവര്‍ പരാജയപ്പെട്ടിരിക്കുന്നു. ആസൂത്രണകമ്മീഷന്‍ 2005 ഡിസംബറില്‍ പ്രസിദ്ധീകരിച്ച സംയുക്ത ഇന്ധനനയത്തെ സംബന്ധിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഭാവിയെക്കുറിച്ചുള്ള പൊതു പ്രസ്താവനകളും കഴമ്പില്ലാത്ത പ്രഖ്യാപനങ്ങളുംകൊണ്ട് നിറഞ്ഞതാണ്; ഓരോരോ രീതിയിലുള്ള വൈദ്യുതിയുടെ അനുപാതം എത്രയായിരിക്കണം എന്നതിനെ സംബന്ധിച്ചോ ഇറക്കുമതിചെയ്യപ്പെട്ട ഇന്ധന സാങ്കേതികവിദ്യയെ അപേക്ഷിച്ച് രാജ്യത്ത് ലഭ്യമായ ഇന്ധന സാങ്കേതികവിദ്യയുടെ പങ്ക് എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചോ, അതില്‍ ഒന്നുംതന്നെ പറയുന്നില്ല. അപ്പോള്‍പിന്നെ ഇന്ധനസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് 30,000 മെഗാവാട്ട് മുതല്‍ 40,000 മെഗാവാട്ട്വരെ ആണവ വൈദ്യുതി വേണ്ടിവരും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്? അതെന്തുകൊണ്ട് 15,000 മെഗാവാട്ട് ആയിക്കൂട? അല്ലെങ്കില്‍ 70,000 മെഗാവാട്ട് ആയിക്കൂട? ഇറക്കുമതിചെയ്യപ്പെട്ട ആണവ റിയാക്ടറുകളെക്കുറിച്ച് പ്രധാനമന്ത്രി കാണിക്കുന്ന അമിതമായ ആവേശത്തിന് അര്‍ഥം, വിദേശ ആണവകുത്തക കമ്പനികളുടെ ഉല്‍പന്നം ഇന്ത്യയില്‍ വിറ്റഴിക്കുന്നതിന് വളരെ ബോധപൂര്‍വം ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുന്നു എന്നു മാത്രമാണ്. ആണവ കരാറിനെ പ്രോത്സാഹിപ്പിക്കുന്നത് സംശയകരമായിത്തീരുന്നതും ഇതുകൊണ്ടുതന്നെയാണ്.

ഐടിഇആര്‍ താപ ആണവ പരീക്ഷണത്തിലെ ഇന്ത്യയുടെ പുതിയ പങ്കാളിത്തം, ഇന്ധന സുരക്ഷിതത്വത്തെ സംബന്ധിച്ചിടത്തോളമുള്ള മറ്റൊരു നേട്ടമാണ് എന്നാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍തൊട്ട് അമ്പതുകൊല്ലത്തിനുള്ളില്‍ ഐ.ടി.ഇ.ആര്‍ പദ്ധതിയില്‍നിന്ന് ഏറിക്കവിഞ്ഞാല്‍ ഏതാനും കിലോ വാട്ട് വൈദ്യുതി ലഭിച്ചേക്കാം എന്നും വൈദ്യുതി ഉല്‍പദാനത്തിന് ലാഭകരമായ മാര്‍ഗമല്ല ആണവ സംയോജനം എന്നും മിക്ക ശാസ്ത്രജ്ഞന്മാരും സമ്മതിക്കുന്നുണ്ട്. അതുപോലെതന്നെ, അമേരിക്കയുടെ ആഗോള ആണവ ഇന്ധന കൂട്ടുകെട്ടിലുള്ള (ഗ്ളോബല്‍ ന്യൂക്ളിയര്‍ എനര്‍ജി പാര്‍ട്ണര്‍ഷിപ്പ്) ഇന്ത്യയുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പങ്കാളിത്തം, സാങ്കേതിക വൈദഗ്ദ്യം വികസിപ്പിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയ്ക്കായിരിക്കുകയില്ല, മറിച്ച് ഒരു പറ്റുവരവുകാരന്‍ എന്ന നിലയ്ക്കായിരിക്കും എന്നും വ്യക്തമാണ്. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ ഐഎഇഎയുടെ സുരക്ഷാ സംവിധാനത്തിന്‍കീഴില്‍ ആകാന്‍ ഇന്ത്യ വിസമ്മതിക്കുന്നിടത്തോളംകാലം, നമുക്ക് ജിഎന്‍ഇപിയില്‍ പ്രവേശനം ലഭിക്കുകയില്ല എന്ന് ഈയിടെ സെനറ്റില്‍ നടന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

ഇന്ധന സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദേശീയ ശാസ്ത്രസാങ്കേതികവിദ്യക്ക് നല്‍കുന്ന പിന്തുണയുടെ കാര്യത്തിലും ഗവണ്‍മെന്റിന്റെ സമീപനത്തിലുള്ള ആത്മാര്‍ഥതയെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിശിഷ്യ ശാസ്ത്രസമൂഹത്തിനും വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അതില്‍ അത്ഭുതമില്ലെന്ന് മേല്‍പറഞ്ഞ വസ്തുതകളില്‍നിന്ന് വ്യക്തമാണല്ലോ. ദേശീയ ഇന്ധന സ്രോതസ്സുകളെയും എന്‍ജിനീയറിങ്വൈദഗ്ധ്യത്തേയും പൂര്‍ണമായും അവഗണിച്ചുകൊണ്ട്, അപമാനകരമായ നിബന്ധനകളോടെ അമേരിക്ക നല്‍കുന്ന പരിമിതവും സംശയകരവുമായ സഹായങ്ങളെ ഗവണ്‍മെന്റ് ആശ്രയിക്കുന്നത്, ആണവ കരാറിനുവേണ്ടിയുള്ള അവരുടെ വാദത്തെ അതീവദുര്‍ബലമാക്കിത്തീര്‍ക്കുന്നു.

*
ഡോ. എ ഗോപാലകൃഷ്ണന്‍ , കടപ്പാട്: ചിന്ത

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തിന്റെ ഇന്ധന സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ പേരുംപറഞ്ഞാണ് ഇന്ത്യാ ഗവണ്‍മെന്റും അതിന്റെ ഉപദേശകന്മാരും ഇന്ത്യാ-അമേരിക്കാ ആണവ ക്കരാറിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിന്റെ നാന്ദി എന്ന നിലയില്‍ 2005 മെയ് 31ന്റെ പ്രധാനമന്ത്രിയുടെ അമേരിക്കാ സന്ദര്‍ശനത്തിന് ഏതാനും ആഴ്ച മുമ്പായി, അമേരിക്കയും ഇന്ത്യയും തമ്മില്‍ ഇന്ധനത്തെ സംബന്ധിച്ച ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രി ചെയര്‍മാനായിക്കൊണ്ട് 2005 ജൂലൈ 13ന് ഒരു ഇന്ധന ഏകോപന കമ്മിറ്റി രൂപീകരിക്കപ്പെട്ടതും ഇതിന്റെ നാന്ദിയായിട്ടാണെന്ന് കണക്കാക്കാം. എന്നാല്‍ ഈ കമ്മിറ്റിയുടെ ഒന്നാമത്തെ യോഗം വിളിച്ചുചേര്‍ക്കപ്പെട്ടത് ആഗസ്ത് 6ന് മാത്രമാണ്-അതായത് ആണവക്കരാര്‍ ഒപ്പുവെയ്ക്കപ്പെട്ടതിനുശേഷം മാത്രം. ഈ കമ്മിറ്റി രണ്ടാമതൊരിക്കല്‍ യോഗം ചേര്‍ന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. ഉഭയകക്ഷി ഇന്ധനചര്‍ച്ചയ്ക്കുകീഴില്‍ രൂപീകരിക്കപ്പെട്ട സിവില്‍ ആണവ ഇന്ധന വര്‍ക്കിംഗ് ഗ്രൂപ്പുകൊണ്ട് അമേരിക്കയുടെ ആണവ വ്യാപാരതാല്‍പര്യങ്ങളെയും അവരുടെ ആണവ നിര്‍വ്യാപന ആവശ്യങ്ങളെയും ഇന്ത്യയുടെ നയ രൂപീകരണ പ്രക്രിയയെ സ്വാധീനിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കുന്നതിനുമാത്രമെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളു എന്ന് തോന്നുന്നു.

ഡോ.എ.ഗോപാലകൃഷ്ണന്‍ എഴുതിയ ലേഖനം.