Monday, October 31, 2011

വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മുന്നേറുന്നു

പൊലീസ് അതിക്രമവും പ്രതികൂല കാലാവസ്ഥയും വകവെയ്ക്കാതെ മുന്നേറുന്നു

അഞ്ചു ആഴ്ചകള്‍ പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം അമേരിക്കയിലും ബ്രിട്ടനിലും പ്രതികൂല സാഹചര്യങ്ങളിലും തളരാതെ തുടരുന്നു. ന്യൂയോര്‍ക്കില്‍ കനത്ത മഞ്ഞും പൊലീസ് ഇടപെടലും നേരിട്ടാണ് സമരം മുന്നേറുന്നത്. ഡസന്‍ കണക്കിനു അമേരിക്കന്‍ നഗരങ്ങളില്‍ പൊലീസ് അതിക്രമത്തേയും പ്രതികൂല കാലാവസ്ഥയേയും വകവെയ്ക്കാതെയാണ് സമരം തുടരുന്നത്. ലണ്ടനില്‍ സമരക്കാര്‍ തമ്പടിച്ചിരിക്കുന്ന പ്രശസ്തമായ സെന്റ് പോള്‍സ് കത്തിഡ്രല്‍ വളപ്പില്‍ നിന്നും അവരെ ഒഴിപ്പിക്കാനുള്ള നീക്കം ദേവാലയ അധികൃതര്‍ക്കിടയില്‍ ഭിന്നത ക്ഷണിച്ചുവരുത്തി.

ഒക്‌ടോബര്‍ മാസത്തില്‍ അസാധാരണമായ മഞ്ഞ് വീഴ്ചയെ വകവയ്ക്കാതെ ന്യൂയോര്‍ക്ക് നഗരത്തിലെ ലിബര്‍ട്ടി ചത്വരത്തില്‍ അഞ്ച് ആഴ്ച പിന്നിട്ട വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം തുടരുന്നു. 135 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഒക്‌ടോബറില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നത്. ശക്തമായ കാറ്റും മഞ്ഞും ഈര്‍പ്പവും വകവെയ്ക്കാതെ ''മഞ്ഞിനു നാശം, ഞങ്ങള്‍ പോവില്ല'' എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുയര്‍ത്തി നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ പ്രക്ഷോഭം തുടരുകയാണ്. 'ഈ നാശം പിടിച്ച മഞ്ഞിനെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ലെന്ന്' സമരക്കാരിലൊരാള്‍ പറഞ്ഞു.

ലിബേര്‍ട്ടി ചത്വരം എന്ന് സമരക്കാര്‍ നാമകരണം ചെയ്ത സുക്കോട്ടി പാര്‍ക്കില്‍ തമ്പടിച്ചിരിക്കുന്ന പ്രക്ഷോഭകര്‍ ഉപയോഗിച്ചുവന്നിരുന്ന ജനറേറ്ററുകള്‍ ന്യൂയോര്‍ക്ക് പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പിടിച്ചെടുത്തു. അഗ്‌നി നിയന്ത്രണ നിയമങ്ങളുടെ പേരിലാണ് സമരക്കാര്‍ ഉപയോഗിച്ചുവന്നിരുന്ന ആറു ജനറേറ്ററുകള്‍ പിടിച്ചെടുത്തത്. സമരം പൊളിക്കാന്‍ പൊലീസ് സ്വീകരിച്ച തന്ത്രപരമായ നീക്കമാണിതെന്ന് പ്രക്ഷേഭകര്‍ കരുതുന്നു. മഞ്ഞു വീഴ്ചയെ തുടര്‍ന്നു സമീപപ്രദേശങ്ങളില്‍ നിന്ന് വെള്ളം ഒഴുകിനിറഞ്ഞ് ടെന്റുകളും ഉറക്കസഞ്ചികളും നനഞ്ഞു കുതിര്‍ന്ന സമരക്കാര്‍ക്ക് അധികം പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

ന്യൂയോര്‍ക്ക് നഗരത്തില്‍ സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരം നിരവധി അമേരിക്കന്‍ നഗരത്തിനുള്ളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പല നഗരങ്ങളിലും അറസ്റ്റുകളും പൊലീസ് അതിക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡ് നഗരത്തില്‍ വ്യാഴാഴ്ചയുണ്ടായ പൊലീസ് അതിക്രമത്തില്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത സ്‌കോട്ട് ഒല്‍സന്റെ തല പൊലീസ് തല്ലിതകര്‍ത്തിരുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അയാള്‍ അപകടസ്ഥിതി തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഓക്‌ലാന്‍ഡ് മേയര്‍ ജിന്‍ ഖ്വന്‍ ദുഃഖം പ്രകടിപ്പിക്കുകയും പൊലീസ് ബലപ്രയോഗത്തെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ടെന്നിസി സംസ്ഥാനത്തെ നാഷ്‌വില്ലെ നഗരത്തില്‍ പൊലീസ് നിശാനിയമം നടപ്പിലാക്കി. 30 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തു. കോളറാഡോ സംസ്ഥാനത്ത് ഡെൻവറില്‍ പ്രകടനക്കാര്‍ക്കുനേരെ പൊലീസ് പെപ്പര്‍ സ്‌പ്രേയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ശനിയാഴ്ച രണ്ടായിരത്തിലധികം പ്രകടനക്കാര്‍ കാപ്പിറ്റോളിലേക്ക് നടത്തിയ പ്രകടനത്തിനു നേരെയായിരുന്നു പൊലീസ് അതിക്രമം. ഓറിഗോണില്‍ പോര്‍ട്ട്‌ലാന്റ് നഗരത്തില്‍ പ്രകടനക്കാരെ പിരിച്ചുവിടാന്‍ അശ്വാരൂഢസേനയെ നിയോഗിച്ചു. മാസാച്യുസെറ്റില്‍ ബോസ്റ്റണ്‍ നഗരപിതാവ് ആഴ്ചകളായി സമരരംഗത്ത് തമ്പടിച്ചിരിക്കുന്നവരോട് കടുത്ത മഞ്ഞും കാറ്റും കണക്കിലെടുത്ത് ഒഴിഞ്ഞുപോവാന്‍ അഭ്യര്‍ഥിച്ചു. അഭ്യര്‍ഥന നിരസിച്ച സമരക്കാര്‍ കടുത്ത തണുപ്പിനെയും അവഗണിച്ച് സമരടെന്റുകളില്‍ തുടരുകയാണ്.

ലണ്ടനിലെ സെന്റ് പോള്‍സ് കത്തിഡ്രലിന്റെ ചാന്‍സിലര്‍ ഗിലെസ് ഫ്രേസര്‍ കാനോന്‍ ചാന്‍സിലര്‍ പദവി രാജിവച്ച് പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സെന്റ് പോള്‍സ് കത്തീഡ്രല്‍ വളപ്പില്‍ തമ്പടിച്ചിരിക്കുന്ന സമരക്കാരെ ഒഴിപ്പിക്കാനുള്ള ദേവാലയ അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഗിലെസ് ഫ്രേസര്‍ തന്റെ സ്ഥാനം രാജിവച്ചത്.

മുന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് കെറിയും പ്രക്ഷോഭകരെ ഒഴിപ്പിക്കാനുള്ള കത്തീഡ്രല്‍ അധികൃതരുടെ നീക്കത്തെ വിമര്‍ശിച്ചു. അത് ക്രൈസ്തവ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'ഈ നീക്കം ക്രൈസ്തവരുടെ സല്‍പ്പേരിന് കളങ്കമാകും. അത് സമാധാനപരവും ഫലപ്രദവുമായി നടത്തിവരുന്ന സമരത്തിന് അപകീര്‍ത്തികരമാകും' അദ്ദേഹം ഡെയ്‌ലി ടെലിഗ്രാഫ് പത്രത്തില്‍ എഴുതി.


*****

കടപ്പാട്: ജനയുഗം

ജീവനൊടുക്കുന്ന കര്‍ഷകര്‍

രാജ്യത്തെ കര്‍ഷക ആത്മഹത്യയെക്കുറിച്ച് ഭീതിദമായ കണക്കാണ് പുറത്തുവരുന്നത്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുപ്രകാരം 1995 മുതല്‍ 2010 വരെ 2,56,913 കര്‍ഷകരാണ് കടം കയറി ഗത്യന്തരമില്ലാതെ ആത്മഹത്യചെയ്തത്. 2010ല്‍ 15,964 പേര്‍ ജീവനൊടുക്കി. ആത്മഹത്യയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിട്ടും കേന്ദ്ര യുപിഎ സര്‍ക്കാരിന് നോക്കുകുത്തിയുടെ റോള്‍ മാത്രമാണുള്ളതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടും നല്‍കുന്ന വസ്തുത. ആത്മഹത്യകളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ടുകള്‍ മുറയ്ക്ക് സമര്‍പ്പിക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന നടപടികളൊന്നും കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. മറിച്ച് അവരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്ന നടപടികള്‍ അനുസ്യൂതം നടപ്പാക്കുകയുമാണ്. കര്‍ഷക ആത്മഹത്യകളില്‍ മൂന്നില്‍ രണ്ടും അഞ്ച് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, കര്‍ണാടകം, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ . കടവും നഷ്ടവും കാരണം കര്‍ഷകര്‍ കൃഷിയില്‍നിന്ന് വിടവാങ്ങുമ്പോഴും ആത്മഹത്യയുടെ തോത് കൂടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്.

1991ന് ശേഷമുള്ള പത്ത് വര്‍ഷത്തിനിടെ 70 ലക്ഷം കര്‍ഷകരാണ് കൃഷി ഉപേക്ഷിച്ചത്. പുതിയ സെന്‍സസിന്റെ വിശദമായ കണക്ക് വരുമ്പോള്‍ ഇത് ഇനിയും കുറയുമെന്ന് വ്യക്തമാണ്. സമ്പന്ന സംസ്ഥാനമെന്ന് ഖ്യാതിയുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കര്‍ഷകര്‍ ജീവനൊടുക്കിയത്. 1995ന് ശേഷമുള്ള ഔദ്യോഗിക കണക്കു പ്രകാരം അരലക്ഷത്തിലേറെ പേരാണ് അവിടെ ആത്മഹത്യചെയ്തത്. ഇന്ത്യയുടെ കോട്ടണ്‍ ബെല്‍റ്റ് എന്നറിയപ്പെടുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലാണ് ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതല്‍ . ഈ വര്‍ഷം ഇതുവരെ വിദര്‍ഭയില്‍ ഇരുനൂറോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. 2010 ല്‍ വിദര്‍ഭയിലെ 748 കര്‍ഷകര്‍ ജീവനൊടുക്കി. 2011 ഏപ്രിലില്‍മാത്രം നടന്നത് 41 കര്‍ഷക ആത്മഹത്യ. കൃഷിനാശവും വിലയിടിവും വര്‍ധിച്ചുവരുന്ന കടബാധ്യതകളും വിദര്‍ഭയിലെ പരുത്തിക്കര്‍ഷകരെ നയിക്കുന്നത് ആത്മഹത്യയിലേക്കാണ്.

ബാങ്കുവായ്പകള്‍ക്കു പുറമെ കഴുത്തറുപ്പന്‍ പലിശ ഈടാക്കുന്ന ഹുണ്ടികക്കാരില്‍നിന്നും ഇവര്‍ കടം വാങ്ങുന്നു. 25 ശതമാനം വരെയാണ് ഇത്തരക്കാര്‍ ഈടാക്കുന്ന പലിശ. ഒരിക്കലും ബാധ്യതകള്‍ കുറയുന്നേയില്ല. പരുത്തിയുടെ വില കുറയുമ്പോള്‍ കര്‍ഷകന്റെ കടം കൂടിവരുന്നു. രാജ്യം ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച നേടിയതായി തുടരെ പ്രഖ്യാപനങ്ങള്‍ വരുമ്പോഴും വിദര്‍ഭയിലെ നാല്‍പ്പതുലക്ഷത്തിലധികം വരുന്ന പരുത്തിക്കര്‍ഷകര്‍ ദിവസം 100 രൂപപോലും വരുമാനം ലഭിക്കാതെ ജീവിതപ്രയാസങ്ങള്‍ നേരിടുകയാണ്. കയറ്റുമതി നിരോധിച്ചത് കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കി. ലോകകമ്പോളത്തില്‍ ഇന്ത്യന്‍ പരുത്തിക്ക് ആവശ്യക്കാര്‍ യഥേഷ്ടം ഉള്ളപ്പോഴാണ് യുപിഎ സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. ടെക്സ്റ്റൈല്‍ കുത്തകകളാണ് കയറ്റുമതി നിരോധനത്തിന് പിന്നില്‍ . ചില കേന്ദ്രമന്ത്രിമാര്‍ക്ക് ഈ ടെക്സ്റ്റൈല്‍ ലോബിയുമായി ബന്ധമുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയങ്ങളാണ് രാജ്യത്തെ കര്‍ഷകന്റെ നട്ടെല്ലൊടിക്കുന്നത്. കോര്‍പറേറ്റ് പിണിയാളരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദാസന്മാരുമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് കര്‍ഷക ആത്മഹത്യ പെരുകുന്നതിലൂടെ വ്യക്തമാകുന്നത്.

രാസവളത്തിന്റെ അമിതമായ വിലവര്‍ധനയും കര്‍ഷകരുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാസവള വില നിയന്ത്രണാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതോടെ അവര്‍ തോന്നുന്ന രീതിയില്‍ വില വര്‍ധിപ്പിക്കുകയാണ്. യൂറിയ ഉള്‍പ്പെടെയുള്ള വളങ്ങളുടെ വില അടുത്തവര്‍ഷം മുതല്‍ ക്രമാതീതമായി ഉയരുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. യൂറിയയുടെ വില നിയന്ത്രണം 2012 മാര്‍ച്ചോടെ പൂര്‍ണമായും എടുത്തുകളയാനാണ് സര്‍ക്കാര്‍നീക്കം. ഇക്കാര്യം ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കര്‍ഷകരെ മാത്രമല്ല, രാജ്യത്തെ പാവപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.

വിലക്കയറ്റം, സബ്സിഡി നിര്‍ത്തലാക്കല്‍ , പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം തുടങ്ങി മുതലാളിത്തത്തിന്റെ തീട്ടൂരമനുസരിച്ചുള്ള സകല ജനവിരുദ്ധ പദ്ധതികളും ഒന്നൊന്നായി നടപ്പാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സമ്പത്തില്‍ കണ്ണുവയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഇങ്ങനെ മന്‍മോഹന്‍ സിങ്ങിന്റെ ഓരോ നടപടിയും രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം വഴിമുട്ടിക്കുന്നതാണ്. അഴിമതിയും കെടുകാര്യസ്ഥതയും ഒരുവശത്ത്. വിലക്കയറ്റവും ജനദ്രോഹ നടപടികളും മറുവശത്ത്. രാജ്യത്തെ ജനങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് തന്റെ യജമാനന്മാരായ അമേരിക്കയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍നിന്നെങ്കിലും മന്‍മോഹന്‍ സിങ് പഠിക്കണം. അല്ലെങ്കില്‍ അതിരൂക്ഷമായ പ്രക്ഷോഭത്തിനായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുക.


*****


ദേശാഭിമാനി മുഖപ്രസംഗം 31102011

Sunday, October 30, 2011

ഓര്‍മകള്‍ മരിക്കുന്നില്ല

"എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ സംഘാടകനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേകസംഭവം ഒരു പ്രത്യേകപ്രദേശത്തുണ്ടായാല്‍ എന്നെപ്പോലുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെയെത്തിക്കുകയും ചെയ്യും. അവിടെ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച് എല്ലാം പ്ലാന്‍ചെയ്തിട്ടാവും സി എച്ച് അവിടെ എത്തുക. അവിടത്തെ പാര്‍ടിയെ ആകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസരണമായ ജോലി സഖാവ് വിശദമായി പ്ലാന്‍ചെയ്യും"(എ കെ ജി). ചില ജീവിതങ്ങള്‍ അങ്ങനെയാണ്. മണ്‍മറഞ്ഞാലും ആ ഓര്‍മകള്‍ വീണ്ടും വീണ്ടും ജ്വലിച്ചുകൊണ്ടിരിക്കും. പര്‍വതസമാനമായ ആ ജീവിതത്തെ അടുത്തറിയുമ്പോള്‍ നാം വല്ലാതെ വിസ്മയിച്ചുപോകും. കൂടുതല്‍ അറിയാനും പകര്‍ത്താനും മനസ്സ് കൊതിക്കും. അത്തരമൊരു ജീവിതമാണ് അക്ഷരാര്‍ഥത്തില്‍ സ. സി എച്ച് കണാരന്റേത്.

ജന്മശതാബ്ദിവര്‍ഷത്തില്‍ സി എച്ചിന്റെ കാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതുല്യനായ പോരാളിയുടെ, ത്യാഗധനനായ നേതാവിന്റെ ഓര്‍മകളാണ് വിളക്കുപോലെ കാലത്തിന് വഴികാട്ടുന്നത്. ഏതെങ്കിലുമൊരു വിശേഷണത്തില്‍ തളച്ചിടാനാവാത്ത ഔന്നത്യം നിറഞ്ഞ ജീവിതം. എല്ലാ അര്‍ഥത്തിലും അടിമുടി പോരാളിയായിരുന്ന കമ്യൂണിസ്റ്റ്. കാലവും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സമരഭരിതമായ ഓര്‍മയാണ് സിഎച്ച്. ആധുനിക കേരളത്തിന്റെ പിറവിയുടെ, വളര്‍ച്ചയുടെ, നവോത്ഥാനത്തിന്റെ ഒളിമങ്ങാത്ത ചരിത്രത്തിലേക്കാണ് മഹാനായ ആ നേതാവിന്റെ ജീവിതത്തിലേക്കുള്ള അന്വേഷണം അവസാനിക്കുക. ആ തലമുറയിലെ മറ്റുപല ദേശീയനേതാക്കളെയും പോലെ നവോത്ഥാനപ്രസ്ഥാനത്തിലൂടെ പടിപടിയായി തൊഴിലാളിവര്‍ഗത്തിന്റെ അമരക്കാരനായ ചരിത്രമാണ് സിഎച്ചിന്റേതും.

ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടം, ജാതിവിവേചനത്തിനെതിരെ നടത്തിയ സമരങ്ങള്‍ , യുക്തിവാദത്തിലൂടെ ദേശീയപ്രസ്ഥാനത്തിലേക്കും തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിച്ച് കമ്യൂണിസ്റ്റ്പാര്‍ടിയിലേക്കുമുള്ള വളര്‍ച്ചയുടെ കൃത്യമായ വഴി സിഎച്ചിന്റെ ജീവിതചിത്രത്തിലുണ്ട്. ഒളിവിലും ജയിലിലും ത്യാഗത്തിന്റെയും സഹനത്തിന്റെയും കനല്‍വഴികള്‍ താണ്ടിയുള്ള വളര്‍ച്ച. മിടുക്കനായ വിദ്യാര്‍ഥി മാഹിക്കടുത്ത അഴിയൂരിലെ വ്യാപാരിയായ അനന്തന്റെയും കോടിയേരി പുന്നോലിലെ ചീക്കോളി കാരായി നാരായണിയുടെയും മകനായി 1911 ജൂലൈ 29നാണ് ജനനം. ജാതീയമായ വേര്‍തിരിവുകള്‍ ബാല്യകാലത്തുതന്നെ അദ്ദേഹത്തെ മുറിവേല്‍പ്പിച്ചിരുന്നു. മുതിര്‍ന്നപ്പോള്‍ സാമൂഹ്യതിന്മകള്‍ക്കെതിരായ മുന്നണിയില്‍ നിലയുറപ്പിക്കാന്‍ സിഎച്ചിനെ പ്രേരിപ്പിച്ചത് ഒരുപക്ഷേ, ഇത്തരം ദുരനുഭവങ്ങളാകാം. മാഹിയിലെ സിബി സ്കൂളിലാണ് തേര്‍ഡ് ഫോറംവരെ പഠിച്ചത്. കണാരന്‍ ചീക്കോളി എന്നായിരുന്നു സ്കൂള്‍ റെക്കോഡിലെ പേര്. ചീക്കോളി എന്ന തറവാട്ട് പേരിന്റെ ചുരുക്കമാണ് കേരളത്തിന്റെ മനസ്സില്‍ ഇടംതേടിയ ആ ദ്വയാക്ഷരം-സിഎച്ച്.

1925ലാണ് സിഎച്ച് തലശേരി ബിഇഎംപി സ്കൂളില്‍ ചേരുന്നത്. പഠനത്തില്‍ മിടുക്കനായിരുന്ന സിഎച്ചിനെ നെട്ടൂര്‍ പി ദാമോദരന്‍ അനുഭവചുരുളുകള്‍ എന്നആത്മകഥയില്‍ ഇങ്ങനെ അടയാളപ്പെടുത്തുന്നുണ്ട്: "ഞാന്‍ ഫിഫ്ത്ഫോമിലായിരുന്നപ്പോള്‍ സിക്സ്ത്ഫോമില്‍ കറുത്ത്, മുഖം മുഴുവന്‍ വസൂരിക്കലയുള്ള ഒരു വിദ്യാര്‍ഥി ഒപ്പം പഠിച്ചിരുന്നു. ആ കുട്ടി പഠിപ്പില്‍ , വിശേഷിച്ച് കണക്കില്‍ മിടുക്കനായിരുന്നു. അന്യോന്യം പരിചയമില്ലായിരുന്നുവെങ്കിലും ആ കുട്ടിയെപ്പോലെ കണക്കില്‍ മിടുക്കനാവണമെന്നുള്ള ആഗ്രഹം എന്നില്‍ ഉളവായി. ആ കൊല്ലം ആ കുട്ടി എസ്എസ്എല്‍സി പരീക്ഷക്കിരിക്കുകയും 100ല്‍ 99 മാര്‍ക്ക് നേടുകയും ചെയ്തു. ആ കുട്ടിയാണ് ആദ്യം കോണ്‍ഗ്രസുകാരനായും പിന്നീട് കമ്യൂണിസ്റ്റുകാരനായും ഭവിച്ചിട്ട് ഇപ്പോള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സെക്രട്ടറിയായിരിക്കുന്ന സഖാവ് സിഎച്ച് കണാരന്‍".

ബൈബിള്‍ പരീക്ഷയില്‍ സ്കോളര്‍ഷിപ്പ് ലഭിച്ച രസകരമായ ഒരു കഥയും സിഎച്ചിന്റെ സ്കൂള്‍ ജീവിതത്തിലുണ്ട്. ഒരു ദിവസം ഒരു മെമ്മോ അധ്യാപകന്‍ ക്ലാസില്‍ വായിച്ചു. ബൈബിള്‍ പരീക്ഷ നാളെയാണ്. പേര് കൊടുക്കാത്തവരുണ്ടെങ്കില്‍ ഇന്നുച്ചക്ക് മുമ്പ് കൊടുക്കണം. ഇതായിരുന്നു അറിയിപ്പ്. കറുത്തുമെലിഞ്ഞ ചെറുപ്പക്കാരന്‍ ഉടന്‍ പേര് നല്‍കി. ബൈബിള്‍ പരീക്ഷക്കുള്ള പ്രത്യേക ക്ലാസില്‍ ഒരിക്കലും ഇരിക്കാത്ത വിദ്യാര്‍ഥി പരീക്ഷ എഴുതുന്നുവെന്നത് എല്ലാവര്‍ക്കും ഒരു കൗതുകമായിരുന്നു. ചിലരെങ്കിലും പരിഹസിക്കുകയും ചെയ്തു.

വൈകുന്നേരം സ്കൂള്‍വിട്ടു പോകുമ്പോള്‍ മാര്‍ക്കോസിന്റെ സുവിശേഷത്തിന്റെ ഒരു പുതിയ ഇംഗ്ലീഷ്ഷ് പതിപ്പുമായാണ് ആ കുട്ടി മടങ്ങിയത്. രാത്രി മുട്ടവിളക്കിന്റെ മങ്ങിയവെളിച്ചത്തില്‍ അധ്വാനിക്കുന്നവര്‍ക്കും ഭാരംചുമക്കുന്നവര്‍ക്കും വേണ്ടി കുരിശേറിയ യേശുവിന്റെ കഥ ഉറക്കംതൂങ്ങുംവരെ വായിച്ചു. ബാക്കി ഭാഗങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെയും. വെറുതെ ഒരു രസത്തിനുവേണ്ടി എഴുന്നേറ്റുനിന്ന വിദ്യാര്‍ഥി ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ അറിവിന്റെ പുതിയ ചക്രവാളങ്ങളാണ് കണ്ടെത്തിയത്. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ആ അക്രൈസ്തവ വിദ്യാര്‍ഥിക്കായിരുന്നു. അതായിരുന്നു സിഎച്ച് കണാരന്‍ .

സ്കൂളിലെ ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു സിഎച്ച്. ബിഇഎംപിക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച ഫുട്ബോളര്‍ .

ജയിലിലേക്ക്

ബിഇഎംപി സ്കൂളില്‍നിന്ന് 1929ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ മികച്ച നിലയില്‍ പാസായ കുട്ടിയെ സഹപാഠികള്‍ പിന്നീട് കണ്ടത് തലശേരി ടൗണില്‍ വിദേശവസ്ത്രങ്ങള്‍ വില്‍ക്കുന്ന രാമന്‍കമ്പനിയുടെയും പിഎ ചെട്ട്യാര്‍ ആന്‍ഡ് സണ്‍സിന്റെയും മുന്നില്‍ പിക്കറ്റിങ്ങ് നടത്തുന്ന കോണ്‍ഗ്രസ് വളണ്ടിയര്‍മാര്‍ക്കൊപ്പമാണ്. അമ്മയുടെ നാടായ പുന്നോലില്‍ ഒരു വായനശാല ആരംഭിച്ചതും ഇതേ കാലത്താണ്. കൈയെഴുത്ത്മാസികയും തുടങ്ങി. യുവാക്കളെ ദേശീയസ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. അങ്ങനെ തന്റെ വഴി ഏതാണെന്ന് അദ്ദേഹം നിശ്ശബ്ദം പ്രഖ്യാപിച്ചു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം നിര്‍ണായകമായ ചില പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ട കാലമായിരുന്നു അത്. 1930കളിലെ ഉപ്പുസത്യഗ്രഹം, 31ലെ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടി, വട്ടമേശസമ്മേളനങ്ങള്‍ തുടങ്ങി ദേശീയരാഷ്ട്രീയം സംഭവബഹുലമായിരുന്നു. തിരുവിതാംകൂറില്‍ നിവര്‍ത്തനപ്രക്ഷോഭം, സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ രൂപീകരണം എന്നിവയൊക്കെയായി സ്വാതന്ത്ര്യസമരത്തിന്റെ അലയൊലി കേരളമാകെ ഉയരുമ്പോള്‍ മനസ്സില്‍ വിപ്ലവത്തിന്റെ കനലുകള്‍ സൂക്ഷിച്ച സിഎച്ചിനും അടങ്ങിയിരിക്കാനായില്ല. ഒരു കാര്യം നിശ്ചയിച്ചാല്‍ അത് ഏതുവിധേനയും വിജയകരമായി ചെയ്തുതീര്‍ക്കാനുള്ള ഇഛാശക്തി ചെറുപ്പത്തിലേ സിഎച്ചിനുണ്ടായിരുന്നു. രണ്ടാം സിവില്‍നിയമലംഘനം ആരംഭിച്ചതോടെ അതുവരെയില്ലാത്ത മര്‍ദനമുറകളാണ് ബ്രിട്ടീഷ്സാമ്രാജ്യത്വം അഴിച്ചുവിട്ടത്. കോൺഗ്രസുകാര്‍ക്ക് ഒന്നും അടിച്ചുകൊടുക്കരുതെന്ന് പ്രസ്സുകളുടെ മേല്‍ നിരോധനം വന്നു. പ്രതിഷേധയോഗങ്ങളെ തടയാന്‍ ഇതുകൊണ്ടൊന്നും സാധിച്ചില്ല. പ്രതിഷേധയോഗത്തിന്റെ വിവരങ്ങള്‍ക്ക് എങ്ങനെ പ്രചാരം കൊടുക്കുമെന്നാണ് യുവകോണ്‍ഗ്രസ് ഭടനായ സിഎച്ച് ചിന്തിച്ചത്. അധികം ആലോചിക്കേണ്ടിവന്നില്ല. നോട്ടീസിന്റെ നൂറുകണക്കിന് കോപ്പികള്‍ കാര്‍ബണ്‍പേപ്പര്‍ വെച്ചെഴുതാന്‍ ഉറച്ചു. എഴുതേണ്ട ആളെയും സിഎച്ച്തന്നെ കണ്ടെത്തി. അഞ്ചാമത്തെ വയസില്‍ പോളിയോ വന്ന് രണ്ടുകാലിനും ശേഷി നഷ്ടപ്പെട്ട കിഴക്കയില്‍ രാഘവന്‍ . ഒറ്റരാത്രികൊണ്ട് നോട്ടീസിന്റെ 500 കോപ്പികള്‍ .

കതിരൂരിലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ നോട്ടീസ് എഴുതിയതും പുന്നോലില്‍വെച്ച്. കതിരൂരില്‍ സര്‍ക്കാരിനെതിരെ പ്രസംഗിച്ചതിന് സിഎച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു കൊല്ലത്തെ തടവ്. 1933ന്റെ പിറവി കണ്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ .

യുക്തിവാദത്തിന്റെ വഴിയില്‍

പതിനൊന്ന് മാസത്തെ ജയില്‍ജീവിതം സിഎച്ചിനെ പലതും പഠിപ്പിച്ചു. ബംഗാളിലെ തീവ്രവാദികളുമായി പരിചയപ്പെട്ടു. യുക്തിവാദസന്ദേശവുമായാണ് ജയിലില്‍ നിന്നുള്ള മടക്കം. സമപ്രായക്കാരായ കോണ്‍ഗ്രസുകാരോട് പറഞ്ഞു: ഈശ്വരവിശ്വാസമാണ് എല്ലാറ്റിന്റെയും കുഴപ്പം. ഈശ്വരവിശ്വാസം ഇല്ലാതായാല്‍ ജാതിയില്ല, മതമില്ല, അന്ധവിശ്വാസമില്ല... അതുകൊണ്ട് നമ്മുക്കിനി നിരീശ്വരവാദം പ്രചരിപ്പിക്കണം. യുക്തിവാദി സംഘം ഉണ്ടാക്കണം. ആശയപ്രചാരണത്തിന് കോട്ടയം താലൂക്ക് സ്വതന്ത്രചിന്താസമാജം എന്ന സംഘടനയുണ്ടാക്കി. പ്രസിഡന്റ്: സര്‍ദാര്‍ ചന്ത്രോത്ത് കുഞ്ഞിരാമന്‍നായര്‍ . സെക്രട്ടറി: സിഎച്ച് കണാരന്‍ . കേന്ദ്ര ആപ്പീസ് പുന്നോലില്‍ . താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനഞ്ച് അംഗങ്ങള്‍ . എവിടെ തിരിഞ്ഞാലും യുവാക്കളുടെ ഇടയിലെ സംസാരം നിരീശ്വരവാദം. നൂറുകണക്കിന് ചര്‍ച്ചായോഗങ്ങള്‍ . ചില സ്ഥലങ്ങളില്‍ തെറിഅഭിഷേകം. കൂവല്‍ , അത്യാവശ്യം തല്ലും. തലശേരി ടൗണ്‍ഹാളില്‍ എം സി ജോസഫിനെയടക്കം പങ്കെടുപ്പിച്ച് സമ്മേളനം ചേര്‍ന്നു. സ്വാതന്ത്രചിന്തയെന്ന കൈയെഴുത്ത് മാസികയുടെ പത്ത് കോപ്പി താലൂക്കിന്റെ നാനാഭാഗങ്ങളില്‍ ചെന്നെത്തി. ഈശ്വരവാദികളും നിരീശ്വരവാദികളും തമ്മിലുള്ള വാഗ്വാദം കോട്ടയം താലൂക്ക് മുഴുവന്‍ പടര്‍ന്നുകയറി. യുവാക്കളുടെ ഇടയിലെ പ്രധാന സംസാരവിഷയം നിരീശ്വരവാദം മാത്രം. മധ്യസ്ഥന്മാര്‍ ഇടപെട്ടു. ഒടുവില്‍ തീരുമാനമായി. ഒരേ വേദിയില്‍ രണ്ടുകൂട്ടരുടെയും വാദഗതികള്‍ അവതരിപ്പിക്കുക. അങ്കക്കളരി തീരുമാനിക്കപ്പെട്ടു. കോടിയേരി ഓണിയന്‍ ഹയര്‍എലിമെന്ററി സ്കൂള്‍ . ഇരുകൂട്ടര്‍ക്കും ഓരോ അധ്യക്ഷന്‍ . നിരീശ്വരവാദികളുടേത് അന്ന് ബ്രണ്ണന്‍ കോളേജില്‍ അധ്യാപകനായിരുന്ന 57ലെ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍നിന്ന് കമ്യൂണിസ്റ്റ് പിന്തുണയോടെ ജയിച്ച പി കെ കോരുമാസ്റ്റര്‍ . ഈശ്വരവാദികളുടേത് കെ ടി ചന്തുനമ്പ്യാര്‍ . ഈശ്വരവാദികളുടെ പ്രാസംഗികന്‍ സുപ്രസിദ്ധ വാഗ്മി വാഗ്ഭടാനന്ദന്‍ . നിരീശ്വരവാദികളുടേത് ചന്ത്രോത്ത് കുഞ്ഞിരാമന്‍നായരും. ദൈവം ഉണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ ചൂടേറിയ സംവാദം നടന്നു. തര്‍ക്കം അവിടെ അവസാനിച്ചില്ല. വീണ്ടും തുടര്‍ന്നു. ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും കൊടികുത്തിവാണ മുപ്പതുകളില്‍ ജാതിനശീകരണപ്രവര്‍ത്തനങ്ങള്‍ പഴയ കോട്ടയംതാലൂക്കില്‍ ശക്തമായത് സിഎച്ചിന്റെ നേതൃത്വത്തിലായിരുന്നു. നാടുനീളെ വായനശാലകള്‍ കെട്ടിപ്പടുത്ത് ജനങ്ങളെ യുക്തിബോധത്തിലേക്ക് നയിക്കാനാണ് സിഎച്ച് യത്നിച്ചത്.

യുക്തിവാദപ്രസ്ഥാനത്തിന്റെ മലബാറിലെ പ്രധാനനായകരില്‍ ഒരാളായി സിഎച്ച് വളര്‍ന്നു. കോടിയേരി മുഴിയില്‍നടയിലെ ഐക്യപ്രദായിനി വായനശാല, പാറാലിലെ സൗഹാര്‍ദപോഷിണി വായനശാല, ഇടയില്‍പീടിക കേരളചന്ദ്രിക വായനശാല എന്നീ സ്ഥാപനങ്ങള്‍ സിഎച്ചിന്റെ കൂടി മേല്‍നോട്ടത്തില്‍ വളര്‍ന്നുവന്നവയാണ്. സഹോദരന്‍ അയ്യപ്പന്റെ ആശയങ്ങള്‍ കോരപ്പുഴക്ക് വടക്കോട്ട് കടത്തില്ലെന്ന സവര്‍ണമേധാവികളുടെ ശ്രമത്തെ തടയിട്ടതും സിഎച്ചും കൂട്ടരുമാണ്. കേരളത്തില്‍ ജനകീയ സാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കമായി ഗണിക്കാവുന്ന തലശേരിയിലെ യുവജനസാഹിത്യസമ്മേളനത്തിന്റെ അണിയറയിലും സിഎച്ചായിരുന്നു. 1935 മെയ്മാസം മിഷന്‍ ഹൈസ്കൂളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് പി കേശവദേവിന്റെ വിവാദപ്രഖ്യാപനം ഉണ്ടായത്. രാമായണവും മഹാഭാരതവും തുപ്പല്‍കോളാമ്പികളാണെന്നും അത് ചുട്ടെരിക്കണമെന്നുമായിരുന്നു ആഹ്വാനം.

ലക്ഷ്മണരേഖ വരച്ച പോരാളി

ജയിലില്‍നിന്ന് പുറത്തുവന്ന 1933-35 കാലത്ത് സിഎച്ച് തലശേരിയിലെ രണ്ട് വിദ്യാലയങ്ങളില്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായിരുന്നു. സെന്‍ട്രല്‍കോടിയേരി എലിമെന്ററി സ്കൂളിലും കല്ലറ തലായി എലിമെന്ററി സ്കൂളിലും. ആദ്യം ജോലിചെയ്ത കല്ലറ തലായി എലിമെന്ററി സ്കൂളില്‍ ഒമ്പത് രൂപയായിരുന്നു നിശ്ചയിച്ച ശമ്പളം. മാസങ്ങളോളം ജോലിചെയ്തിട്ടും ഒരു പൈസപോലും മാനേജര്‍ നല്‍കിയില്ല. ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടശേഷം മാനേജര്‍ പുറത്തിറങ്ങുന്നതും കാത്തിരുന്നു. മാനേജര്‍ പുറത്തിറങ്ങിയപ്പോള്‍ അടുത്ത്ചെന്ന് കിട്ടാനുള്ള ശമ്പളത്തിന് ചോദിച്ചു. കൈയില്‍ ഇപ്പോള്‍ പണമില്ല, കുറച്ചുകഴിഞ്ഞ് തരാമെന്ന് പറഞ്ഞ് പതിവുപോലെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സിഎച്ച് വിട്ടില്ല. അദ്ദേഹം കാലന്‍കുടകൊണ്ട് മാനേജര്‍ക്ക്ചുറ്റും ഒരു വൃത്തം വരഞ്ഞശേഷം പറഞ്ഞു: "മാഷേ, ഇത് ലക്ഷ്മണരേഖയാണ്. എന്റെ ശമ്പളം തന്നില്ലെങ്കില്‍ ഇതിനപ്പുറം കടക്കാന്‍ കഴിയില്ല. ഇത് സിഎച്ച് കണാരനാണ് പറയുന്നത്". ഭയന്നുവിറച്ചുപോയ മാനേജര്‍ ബാഗ് തുറന്ന് മുഴുവന്‍ തുകയും അവിടെവച്ചു തന്നെ നല്‍കി. അക്കാലത്ത് സ്വകാര്യസ്കൂള്‍ മാനേജര്‍മാര്‍ക്കെതിരെയുള്ള അധ്യാപകരുടെ അങ്കംകുറിക്കല്‍കൂടിയായിരു ന്നു ഈ സംഭവം.

അയിത്തോച്ചാടനപ്രസ്ഥാനത്തിലെ മലബാറിലെ പ്രധാന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സിഎച്ച്. തലശേരി തിരുവങ്ങാട്ടെ പ്രസിദ്ധമായ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ അക്കാലത്ത് അവര്‍ണര്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. സിഎച്ചിന്റെ നേതൃത്വത്തില്‍ ഇരുന്നൂറോളം പേര്‍ ജാഥയായി എത്തി ക്ഷേത്രക്കുളത്തില്‍ കുളിച്ച് ദര്‍ശനം നടത്തി ശാന്തിക്കാരനില്‍നിന്ന് പ്രസാദം വാങ്ങിയതോടെയാണ് അവര്‍ണര്‍ക്കുള്ള വിലക്ക് നീങ്ങിയത്. 1935ലാണ് സിഎച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്പാര്‍ടിയില്‍ ചേരുന്നത്. പാര്‍ടി നിര്‍ദേശപ്രകാരം യുക്തിവാദംവിട്ട് മുഴുവന്‍ സമയവും ബീഡി-നെയ്ത്ത് തൊഴിലാളികളെയും കര്‍ഷകരെയും സംഘടിപ്പിക്കാനുള്ള യജ്ഞത്തില്‍ മുഴുകി. തലശേരി ബീഡിത്തൊഴിലാളി യൂണിയന്‍ , തലശേരി നെയ്ത്തുതൊഴിലാളി യൂണിയന്‍ , തലശേരി മുനിസിപ്പല്‍തൊഴിലാളി യൂണിയന്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ നേതൃത്വപരമായ പങ്കാണ് സിഎച്ച് വഹിച്ചത്.

അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയുടെ തിരുവിതാംകൂര്‍ -കൊച്ചി സംസ്ഥാനകമ്മിറ്റി അംഗവും കേരള സംസ്ഥാനകമ്മിറ്റി അംഗവും 1943ല്‍ ദേശാഭിമാനി മാനേജരുമായിരുന്ന തലശേരി സ്വദേശി എം പത്മനാഭന്‍(പപ്പുവേട്ടന്‍) സിഎച്ചിനെ അനുസ്മരിച്ച് ഇങ്ങനെ എഴുതി:

ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യഘട്ടങ്ങളില്‍ ഒരു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സ. സിഎച്ച് അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തണുപ്പന്‍ നയങ്ങളില്‍ നിരാശനായിരുന്നു. തലശേരിയില്‍ പുരോഗമന കോണ്‍ഗ്രസ് വിഭാഗത്തെ നയിച്ചത് സിഎച്ചായിരുന്നു. 1936-37 കാലത്ത് തലശേരി ടൗണിലെ കോണ്‍ഗ്രസ് സംഘടനക്കകത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് യുവാക്കളെ നേതൃത്വത്തിനെതിരെ സംഘടിപ്പിച്ചതിന്റെ ഫലമായി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയാകെ നേതൃത്വത്തിന്റെ കൈയിലമര്‍ന്നു. ആ ചെറുപ്പക്കാരുടെ നേതൃത്വമാണ് മൂന്ന് കൊല്ലത്തിനുശേഷം 1940 സെപ്തംബര്‍ 15 സംഭവത്തിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ തലശേരിയുടെ പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്".

ബ്രിട്ടനെ നടുക്കിയ മലബാറിന്റെ സിംഹഗര്‍ജനമായി മാറിയ 1940 സെപ്തംബര്‍ 15 പോരാട്ടത്തിന്റെ അണിയറശില്‍പ്പിയും മറ്റാരുമായിരുന്നില്ല. ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സ്തുത്യര്‍ഹമായ പങ്കാണ് സിഎച്ച് വഹിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍നിന്നും സംഘടനാസാമര്‍ഥ്യത്തില്‍നിന്നും ആവേശഭരിതരായി മുന്നോട്ട് വന്ന ബീഡിതൊഴിലാളി നേതാക്കന്മാരില്‍ ചിലര്‍ ആ ഘട്ടത്തില്‍ ബംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളില്‍ പോയി തൊഴിലാളി സംഘടന കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കി. ആലപ്പുഴയിലെ തൊഴിലാളി സംഘടനകളും പ്രത്യേകിച്ച് കയര്‍ തൊഴിലാളി സംഘടനയും കെട്ടിപ്പടുക്കുന്നതിലും ഇവരാണ് നേതൃത്വം വഹിച്ചതെന്ന് പപ്പുവേട്ടന്‍ അനുസ്മരിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ പുനംകൃഷിക്കാരുടെ സമരകാലത്ത് തലശേരിയിലെ ബീഡിത്തൊഴിലാളികളുടെ വളണ്ടിയര്‍സേനയെ കുറ്റ്യാടിയിലേക്ക് നയിച്ചതും സിഎച്ചായിരുന്നു. 1939 നവംബറില്‍ തലശേരിയിലെ ന്യൂ ഡര്‍ബാര്‍ ബീഡിക്കമ്പനി സമരത്തോടനുബന്ധിച്ച് സിഎച്ചിനെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ജയിലില്‍നിന്ന് പുറത്തുവന്നശേഷം ഒളിവില്‍പോയി. കമ്യൂണിസ്റ്റ്പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം വിളംബരംചെയ്ത പാറപ്രം സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖന്‍ . 1942 സെപ്തംബര്‍ 15 മുതല്‍ ഒമ്പത് ദിവസം നീണ്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുംബൈ പ്ലീനത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പി കൃഷ്ണപിള്ളക്കൊപ്പം പങ്കെടുത്തു.

മെട്രിക്കുലേഷന്‍ പരീക്ഷയില്‍ നൂറില്‍ തൊണ്ണൂറ്റിയൊമ്പത് മാര്‍ക്ക് വാങ്ങിയ സിഎച്ച് കണാരന്റെ രാഷ്ട്രീയത്തിലെ കണക്കുകൂട്ടലും ഒരിക്കലും പിഴക്കാറില്ല. തെരഞ്ഞെടുപ്പ് രംഗം വിശകലനംചെയ്യുന്നതില്‍ സിഎച്ച് കാട്ടിയ മിടുക്ക് ഏറെ പ്രശസ്തമാണ്. ഓരോ മണ്ഡലത്തിലെ ജയപരാജയ സാധ്യത കൃത്യമായി പറയും. ഇടതുകൈയിലെ തള്ളവിരലും ചെറുവിരലും ചേര്‍ത്തുതിരുമ്മിക്കൊണ്ട് കാര്യങ്ങള്‍ കണക്കുകൂട്ടിപറയുമ്പോള്‍ സഹപ്രവര്‍ത്തകര്‍ ശ്രദ്ധയോടെ കേട്ടിരിക്കും. 1957ലെ തെരഞ്ഞെടുപ്പ്. സിഎച്ച് നാദാപുരം മണ്ഡലത്തിലും വിആര്‍ കൃഷ്ണയ്യര്‍ തലശേരിയിലും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്‍പ് വിആര്‍ കൃഷ്ണയ്യരുടെ വീട്ടില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വ്യക്തമായ സൂചന അദ്ദേഹം നല്‍കിയിരുന്നു. തലശേരി അടക്കം മലബാര്‍ ഭാഗത്തുനിന്ന് 25 പേരും തിരുകൊച്ചിഭാഗത്തുനിന്ന് നാല്‍പ്പതുപേരും ജയിക്കുമെന്ന് കണക്ക് സഹിതം വ്യക്തമാക്കി. അഞ്ചില്‍ താഴെ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ സ്വതന്ത്രരുടെ പിന്തുണയോടെ കമ്യൂണിസ്റ്റ്പാര്‍ടിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു പ്രവചനം.

മദിരാശി നിയമസഭയിലേക്ക് മദിരാശി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോട്ടയം-വയനാട് പൊതുനിയോജകമണ്ഡലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിയായിരുന്നു സിഎച്ച്. 1946 മാര്‍ച്ച് 21നായിരുന്നു തെരഞ്ഞെടുപ്പ്. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സിഎച്ചിന് 11,280 വോട്ടും എതിരാളി കോണ്‍ഗ്രസിലെ പഴയ സഹപ്രവര്‍ത്തകന്‍ എം പി ദാമോദരന് 27,640 വോട്ടും. മൈതാനിയില്‍ തെരഞ്ഞെടുപ്പ്ഫലം കാത്തുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പുഞ്ചിരിയോടെ സിഎച്ച് കടന്നുവന്നു. സഖാക്കളെ, നമ്മള്‍ തോറ്റിരിക്കുന്നു. ഏതായാലും ടൗണില്‍ ഒരു പ്രകടനം നടത്താം. സിഎച്ചിന്റെ കഴുത്തില്‍ രക്തഹാരങ്ങള്‍ വന്നുവീണു. സഖാവ് സിഎച്ച് കണാരന്‍ സിന്ദാബാദ്, കമ്യൂണിസ്റ്റ്പാര്‍ടി സിന്ദാബാദ് എന്നീ മുദ്രാവാക്യവുമായി ജാഥ വരുന്നത് കണ്ടതോടെ കോണ്‍ഗ്രസുകാര്‍ ഞെട്ടി. സിഎച്ച് കണാരന്‍ ജയിച്ചോ എന്ന സംശയത്തിലായിരുന്നു കോണ്‍ഗ്രസുകാര്‍ .

മദിരാശി അസംബ്ലിയിലേക്ക് 1952ല്‍ സിഎച്ച് വലിയ ഭൂരിപക്ഷത്തോടെയാണ് തലശേരിയില്‍നിന്ന് ജയിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കോഴിക്കോട്ടേക്ക് ഒന്നിച്ച് പോയതിന്റെ ഓര്‍മ കമ്യൂണിസ്റ്റ്പാര്‍ടിയുടെ ആദ്യകാല പ്രവര്‍ത്തകന്‍ കോടിയേരിയിലെ എന്‍ രാഘവന്‍ പങ്കിടുന്നുണ്ട്. മദിരാശിയില്‍ സത്യപ്രതിജ്ഞ നടക്കുമ്പോഴും ഒന്നിച്ചു പോയിരുന്നു. ഒരേ നാട്ടുകാരും പരിചയക്കാരുമാണെങ്കിലും മദിരാശിയില്‍വെച്ചാണ് സിഎച്ചുമായി ഏറെ അടുത്തത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ സിഎച്ചിനൊപ്പം കഴിഞ്ഞ ദിവസങ്ങളൊന്നും മറക്കാനാവില്ല. നിയമസഭയിലെ നടപടികളും പ്രസംഗവും കേള്‍ക്കാന്‍ മിക്കദിവസവും സന്ദര്‍ശക ഗ്യാലറിയിലെത്തും. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളും സാധാരണക്കാരുടെ കഷ്ടപ്പാടുമാണ് സിഎച്ചിലൂടെ സഭ കേട്ടത്. മദിരാശിയില്‍ ദേശാഭിമാനി ഏജന്‍സി എടുക്കാന്‍ നിര്‍ദേശിച്ചതും അദ്ദേഹം തന്നെയായിരുന്നുവെന്ന് എന്‍ രാഘവന്‍ ഓര്‍ക്കുന്നു.

ഓര്‍മയില്‍ ഒളിമങ്ങാതെ

കോടിയേരി ഓണിയന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് യുക്തിവാദചിന്തയിലേക്ക് പവനന്‍ ഉള്‍പ്പെടെയുള്ള ഞങ്ങളുടെ തലമുറയെ നയിച്ചത് സിഎച്ചും സര്‍ദാര്‍ ചന്ത്രോത്തും കൊളുത്തിവിട്ട ആശയങ്ങളായിരുന്നു. വടക്കെമലബാറിനെയാകെ ഇളക്കിമറിച്ച ആശയസമരങ്ങളുടെ കേന്ദ്രമായിരുന്നു അന്ന് കോടിയേരി. സങ്കീര്‍ണമായ വിഷയങ്ങള്‍പോലും ലളിതമായി അവതരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ്, അവസാനത്തെ അനുഭാവിയെ പോലും ഇളക്കാനുള്ള ശേഷി-ഇതൊക്കെ ഒത്തുചേര്‍ന്ന അനിതരസാധാരണമായ കമ്യൂണിസ്റ്റ് ശൈലിയായിരുന്നു സിഎച്ചിന്റേതെന്നും രാഘവേട്ടന്‍ അനുസ്മരിച്ചു.

നാദാപുരം മണ്ഡലത്തില്‍ നിന്നാണ് 1957ല്‍ കേരള നിയമസഭയിലേക്ക് സിഎച്ച് തെരഞ്ഞെടുക്കപ്പെട്ടത്. ഭൂപരിഷ്കരണബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖന്‍ സിഎച്ചായിരുന്നു. രാജ്യരക്ഷാനിയമപ്രകാരം ജയിലില്‍ കിടക്കുമ്പോഴാണ് 65ല്‍ നാദാപുരത്തുനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. തിരുത്തല്‍വാദികളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ 1963-64 കാലത്ത് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ഇടതുപക്ഷ വ്യതിയാനത്തിനെതിരെ 1967-69 കാലത്തു നടന്ന ആശയസമരത്തിന്റെ നേതാവും മറ്റാരുമായിരുന്നില്ല. സിപിഐ എം രൂപംകൊണ്ടത് മുതല്‍ ചെറിയ ഒരു ഇടവേള ഒഴിച്ചാല്‍ മരിക്കും വരെ സംസ്ഥാന സെക്രട്ടറി സി എച്ചായിരുന്നു. 1974ല്‍ പ്രസിദ്ധീകരിച്ച അനുസ്മരണക്കുറിപ്പില്‍ എകെജി എഴുതി: "ജീവിതത്തിന്റെ അവസാനിമിഷംവരെ തന്നെയോ തന്റെ കുടുംബത്തെയോ പറ്റി ചിന്തിക്കാതെ സ്വന്തം ലക്ഷ്യത്തിനുവേണ്ടി പണിയെടുത്ത സിഎച്ച് വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകയാണ്. അന്ത്യനിമിഷം വരെ, അബോധാവസ്ഥയില്‍പോലും സ. സിഎച്ച് പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയു പറയുകയും ചെയ്തിട്ടുണ്ട്. മരണശയ്യയില്‍ കിടക്കുന്ന സിഎച്ചിനെ അവസാനമായി ചെന്നുകണ്ടപ്പോള്‍ ഏതാണ്ട് അര്‍ധബോധാവസ്ഥയില്‍ പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെക്കുറിച്ചാണ് സംസാരിച്ചത്.

ഇക്കാലത്ത്(1935-36) കണ്ടുമുട്ടിയവരില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച വ്യക്തി സഖാവ് സിഎച്ച് കണാരനായിരുന്നു. അദ്ദേഹം യുക്തിവാദത്തില്‍ കൂടിയാണ് സോഷ്യലിസത്തിലേക്ക് വന്നത്. നിരീശ്വരവാദി എന്ന നിലയില്‍ അദ്ദേഹത്തെ ചിലര്‍ വെറുത്തു. അദ്ദേഹത്തിന് എഴുതാനും പ്രസംഗിക്കാനും കഴിവുണ്ടായിരുന്നു. നല്ല സംഘടനാസാമര്‍ഥ്യമുള്ള, വളരെ നല്ല ഒരു പ്രക്ഷോഭകാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് പ്രവര്‍ത്തകരെ പരിശീലിപ്പിക്കാനുള്ള കഴിവുണ്ടായിരുന്നു. എനിക്ക് സഖാവില്‍ നിന്ന് അനേകം കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു(എന്റെ ജീവിതകഥ-എകെജി). "

പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് വേഗത പോര, പോരാ എന്ന ചിന്തയാണ് അദ്ദേഹത്തെ സദാ നയിച്ചിരുന്നത്. അത് കൂടുതല്‍ ദ്രുതഗതിയിലാക്കുന്നതിനുവേണ്ടിയുള്ള ചിന്തകളായിരുന്നു തലയില്‍ മുഴുക്കെ. ആ ചിന്തകള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ഓട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് ഇ എം എസും നിരീക്ഷിക്കുന്നുണ്ട്. 74ല്‍ എഴുതിയ അനുസ്മരണക്കുറിപ്പില്‍ ബഹുജനസമരങ്ങളുടെ സംഘാടകനായ പാര്‍ടി നേതാവെന്നാണ് സിഎച്ചിനെ ഇ എം എസ് വിശേഷിപ്പിക്കുന്നത്.

"പരിതഃസ്ഥിതികളില്‍ വരുന്ന മാറ്റങ്ങളെല്ലാം കണക്കിലെടുത്ത് ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനരീതി അംഗീകരിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ച വിപ്ലവനേതാക്കളില്‍ കൃഷ്ണപിള്ളയൊഴിച്ചാല്‍ ഏറ്റവും സമര്‍ഥനായ സഖാവായിരുന്നു സിഎച്ച്".

"അദ്ദേഹം ഏറ്റവുമധികം ദയാശീലനായ ഭ്രാതാവായിരുന്നു. പുറമെ പരുപരുപ്പ്കാണുന്ന ആ മനുഷ്യന്റെ ഉള്ളിലെ സ്നേഹവായ്പ് പലരും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. തലശേരി ബീഡിത്തൊഴിലാളി യൂണിയന്‍ ഓഫീസിലെ ബെഞ്ചുകളില്‍ പത്രം വിരിച്ചു കിടന്നുറങ്ങിയ മൂന്നുപേരെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. സഖാക്കള്‍ കണാരന്‍ , ടി എല്‍ കരുണാകരന്‍ , കൃഷ്ണാജി എന്നിവര്‍ . ഞാനും ഇടയ്ക്കിടെ കൂട്ടാളിയായിരുന്നു. ചില ദിവസങ്ങളില്‍ ഞങ്ങള്‍ ആഹാരം കഴിച്ചുറങ്ങിയിട്ടുണ്ട്. പല ദിവസങ്ങളിലും പട്ടിണി കിടന്നാണുറങ്ങിയത്. ഉറക്കംവരാതെ പല കഥകളും പറഞ്ഞു സമയം കഴിക്കും. ഒടുക്കം അങ്ങ് മയങ്ങും. നേരം പുലര്‍ന്നാല്‍ അരച്ചായ കിട്ടാനാണ് വിഷമം. അപ്പോഴുള്ള മനോവേദന ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ, ഇന്നക്കഥ പറയാന്‍ സഖാവ് കണാരന്‍ എന്റെ കൂടെയില്ല.
(എന്നും മുന്നില്‍ നടന്നവര്‍ എന്ന ഗ്രന്ഥത്തില്‍ എന്‍ ഇ ബാലറാം).

ധര്‍മടത്ത് 1952ല്‍ ചേര്‍ന്ന ഒരു യോഗത്തിന്റെ ഓര്‍മ സിഐടിയു കണ്ണൂര്‍ ജില്ലാ പ്രസിഡന്റും ജില്ലയിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ പുഞ്ചയില്‍ നാണു ഓര്‍ത്തെടുക്കുമ്പോഴും തെളിയുന്നത് സിഎച്ചിന്റെ അനിതരസാധാരണമായ സംഘടനാവൈഭവംതന്നെ. ഒന്നാം പെതുതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടി കിസാന്‍മസ്ദൂര്‍പ്രജാപാര്‍ടിയുമായി സഖ്യമായാണ് മത്സരിച്ചത്. തലശേരിയില്‍നിന്ന് മദിരാശി അസംബ്ലിയിലേക്ക് സിഎച്ച് കണാരനും ലോക്‌സഭയിലേക്ക് നെട്ടൂര്‍ പി ദാമോദരനും. കമ്യൂണിസ്റ്റ്-കെഎംപി സഖ്യത്തിനെതിരെ ധര്‍മടം വില്ലേജിലെ പാര്‍ടി പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് നൂറ്കണക്കിനാളുകള്‍ വിട്ടുനിന്നു. കെ കേളപ്പന്റെ അനുയായികളുടെ ഭീകര നരനായാട്ട് അനുഭവിച്ചവരായിരുന്നു ധര്‍മടം വില്ലേജിലെ കമ്യൂണിസ്റ്റുകാര്‍ . ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്കാണ് തെരഞ്ഞെടുപ്പിലെ പാര്‍ടിനയം വിശദീകരിക്കാന്‍ സിഎച്ച് എത്തിയത്. ഓരോ പ്രവര്‍ത്തകന്റെയും ഉള്ളില്‍ തട്ടുംവിധം ഉദാഹരണസഹിതമുള്ള സിഎച്ചിന്റെ വിശദീകരണം കേട്ടതോടെ പ്രതിഷേധത്തിന്റെ മഞ്ഞുരുകി. സിഎച്ചിന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഹാളില്‍ പൂര്‍ണനിശ്ശബ്ദത. എല്ലാ എതിര്‍പ്പും ഒരു നിമിഷംകൊണ്ട് അലിഞ്ഞില്ലാതായി. എതിര്‍പ്പിന്റെ അവസാനത്തെ കണികയും പ്രവര്‍ത്തകരുടെ മനസ്സില്‍നിന്ന് തുടച്ചുമാറ്റി ആവേശത്തിന്റെ അലകള്‍ തീര്‍ത്താണ് അദ്ദേഹം മടങ്ങിയതെന്ന് പുഞ്ചയില്‍ ഇന്നും ഓര്‍ക്കുന്നു.

എന്റെ ജീവിതത്തിലെ മാര്‍ഗദര്‍ശിയായ നേതാവാണ് സിഎച്ച് കണാരനെന്ന് സെപ്തംബര്‍ 15 പോരാട്ടത്തിന്റെ ധീരനായകന്‍ കുനിയില്‍ കൃഷ്ണന്‍ അനുസ്മരിച്ചു. ഞങ്ങളുടെ തലമുറയില്‍ ദേശീയബോധത്തിന്റെ അഗ്നി പകര്‍ന്നത് സിഎച്ചും മൊയാരത്ത് ശങ്കരനുമാണ്. കോണ്‍ഗ്രസെന്ന് പറയാന്‍ തന്നെ ആളുകള്‍ ഭയന്ന കാലമായിരുന്നു അത്. ബഹുഭൂരിപക്ഷവും കോണ്‍ഗ്രസിന് എതിര്. അങ്ങനെയൊരു ഘട്ടത്തിലാണ് നാടെമ്പാടും വായനശാലകള്‍ തുടങ്ങുന്നത്. ന്യൂമാഹി ഏടന്നൂരില്‍ വിജ്ഞാനവര്‍ധിനി വായനശാല ആരംഭിക്കാന്‍ നിര്‍ദേശിച്ചതും സിഎച്ചായിരുന്നു. ഈ വായനശാലയാണ് പിന്നീട് ടാഗോര്‍ മെമ്മോറിയല്‍ ലൈബ്രറിയായത്. തലശേരി ജവഹര്‍ഘട്ട് പോരാട്ടത്തിന് നേതൃത്വം നല്‍കിയ കുനിയില്‍ കൃഷ്ണന്‍ ആറ്മാസത്തെ വിചാരണതടവും പിന്നെ രണ്ട്വര്‍ഷത്തെ തടവ്ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വീട് വിഷമത്തിലായിരുന്നു. ആ ഘട്ടത്തിലാണ് സിഎച്ചിന്റെ ഉപദേശം തേടിയത്. എന്തെങ്കിലും ജോലിനോക്കണമെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അങ്ങനെയാണ് പെരിങ്ങാടിയിലെ മരക്കമ്പനിയില്‍ കണക്കെഴുത്തുകാരനായതെന്ന് കുനിയില്‍ കൃഷ്ണന്‍ പറഞ്ഞു.

കോഴിക്കോട് വ്യാപാരിയായിരുന്ന ധര്‍മടം മേലൂരിലെ രൈരുനായര്‍ മറ്റൊരു സംഭവമാണ് പറഞ്ഞത്: കോഴിക്കോടുനിന്ന് തലശേരിയിലേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ വരികയാണ്. ഒപ്പം പരേതനായ തൂവച്ചേരി പെരച്ചനുമുണ്ട്. ചോറോട് ഗേറ്റിലെത്തിയപ്പോള്‍ സിഎച്ച് കണാരന്‍ ബസ്സില്‍ കയറി. ഇതിനിടെ ഒരു യുവാവ് എകെജിയെ വല്ലാതെ ചീത്തപറയാന്‍ തുടങ്ങി. അസഹ്യമായപ്പോള്‍ രൈരുനായര്‍ എഴുന്നേറ്റ് ഒറ്റ അടി. രണ്ടാമത് അടിക്കാന്‍ ഓങ്ങിയപ്പോള്‍ സിഎച്ച് പിടിച്ചു. തലശേരി സ്റ്റാന്‍ഡില്‍ ബസ് എത്തിയപ്പോള്‍ അടിച്ചവനെയും കൊണ്ടവനെയും കൂട്ടി നേരെ ഹോട്ടലിലേക്ക്. പ്രശ്നം പറഞ്ഞുതീര്‍ത്തേ സിഎച്ച് വിട്ടുള്ളൂ. അടികൊണ്ട യുവാവിന് എകെജിയോടുണ്ടായിരുന്ന തെറ്റിദ്ധാരണയും മാറി. യുവത്വത്തിന്റെ ചോരത്തിളപ്പുമായി നടന്ന കാലത്ത് സിഎച്ചുമായി പരിചയപ്പെട്ട കാലം ഓര്‍ക്കുമ്പോള്‍ മേലൂര്‍ പുറത്തലത്ത്വീട്ടില്‍ സി രൈരുനായര്‍ക്ക് ഇന്നും സിഎച്ചിനോടുള്ള ആദരവ്പ്രകടം. 1965ല്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് കാലിക്കറ്റ് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയകാലത്താണ് അദ്ദേഹവുമായി ഏറെ അടുത്തതെന്നും രൈരുവേട്ടന്‍ പറഞ്ഞു.

മകനെ കാത്തിരുന്ന അമ്മ

സിഎച്ചിന്റെ കാലവും ഓര്‍മയും തേടിയുള്ള യാത്ര അവസാനിക്കുക കോടിയേരി പുന്നോലിലെ ഈ വീടിന് മുന്നിലാണ്. സിഎച്ച് ജീവിച്ച വീട് അതേപടി സംരക്ഷിച്ചിട്ടുണ്ട്. ഒരു അമ്മയുടെ കാത്തിരിപ്പിന്റെയും വിരഹവേദനയുടെയും നിശ്വാസങ്ങള്‍ പുന്നോലിലെ ഈ വീടിന്റെ അകത്തളങ്ങളിലെവിടെയോ ഇന്നും തളംകെട്ടിക്കിടക്കുന്നുണ്ട്. നാടിനായി സ്വയം സമര്‍പ്പിച്ച ഏക മകന്‍ വരുമെന്ന പ്രതീക്ഷയില്‍ ഓരോ ദിവസവും അടുക്കളയിലെ ഉറിയില്‍ ചോറും കറികളും സൂക്ഷിച്ച് കാത്തിരുന്ന അമ്മയുടെ ചിത്രം മരുമക്കളായ അംബുജാക്ഷിയുടെയും അനുജത്തി ഭാനുമതിയുടെയും മനസ്സില്‍ മായാതെയുണ്ട്. സിഎച്ച് കണാരനും അമ്മയും തമ്മിലുള്ള സ്നേഹബന്ധം അത്രമേല്‍ ദൃഢമായിരുന്നു, ഊഷ്മളവും. കര്‍ഷകരുടെയും തൊഴിലാളികളുടെയും കണ്ണീരും ദുരിതവും അകറ്റാന്‍ രാപ്പകല്‍ ഓടിനടന്ന സിഎച്ച് അപൂര്‍വമായി മാത്രമേ വീട്ടില്‍ എത്താറുള്ളൂ. പലപ്പോഴും രാത്രി വൈകിയാവും വരവ്. മുഷിഞ്ഞ കുറേ വസ്ത്രങ്ങളും സഞ്ചിയിലുണ്ടാവും. പരാതിയും പരിഭവങ്ങളുമില്ലാതെ മകനെ കണ്‍കുളിര്‍ക്കെ അമ്മ കണ്ടുനില്‍ക്കും. കഞ്ഞികഴിച്ച ശേഷം അകത്തെ പഴയ പത്തായത്തിന്മേല്‍ കിടന്നുറങ്ങും. പിറ്റേന്ന് രാവിലെ വീണ്ടും യാത്രയാവും. വൈകിട്ട് അലക്കി ഉണക്കിയ വസ്ത്രവുമായി മരുമകളുടെ മകന്‍ പ്രഭാകരന്‍ മാക്കൂട്ടത്ത് കാത്തുനില്‍ക്കും. അതുവഴി പോകുന്ന ഏതെങ്കിലും വാഹനത്തില്‍ സിഎച്ചുണ്ടാവും. അലക്കിയ വസ്ത്രങ്ങളടങ്ങിയ ബാഗ് കൈമാറി മടക്കം. ആരോടും ദേഷ്യപ്പെടില്ല. എല്ലാവരോടും സ്നേഹംമാത്രം. പുസ്തകം വാങ്ങാന്‍ എത്ര പണവും തരും. അമ്മാമനെക്കുറിച്ച് പറയുമ്പോള്‍ മരുമക്കള്‍ക്ക് നൂറ് നാവ്.

വീട്ടില്‍ അമ്മാമന്‍ എത്തിയാല്‍മുറ്റംനിറയെ ആളുകളാവും. പല ആവശ്യത്തിന് വരുന്നവര്‍ . എല്ലാവരുടെയും ആവലാതികള്‍ കേള്‍ക്കും. തിന്നാനും കുടിക്കാനുമൊന്നും നേരമുണ്ടാവില്ല. വീട്ടിലെത്തി അമ്മയെ കണ്ടാല്‍ പിന്നെ മടക്കയാത്രക്കുള്ള തിരക്കാവും. വിഷുവിനാണ് വരുന്നതെങ്കില്‍ പടക്കം വാങ്ങാനെല്ലാം പൈസ തരും. എന്തും ചോദിക്കാം. ശാന്തമായി മറുപടി പറയും. ഒരിക്കലും ശകാരിച്ചിട്ടില്ല. ശാന്തസ്വഭാവം.

തലശേരി-മാഹി ദേശീയപാതയില്‍ മാക്കൂട്ടത്തുനിന്ന് പാറാലിലേക്കുള്ള റോഡില്‍ പുന്നോല്‍ പള്ളേരി ലക്ഷ്മിഅമ്മ സ്കൂളിന് വിളിപ്പാടകലെയാണ് ഭൂപരിഷ്കരണബില്ലിന്റെ ശില്‍പ്പികളില്‍ പ്രമുഖനും അതുല്യനായ കമ്യൂണിസ്റ്റ് സംഘാടകനുമായ സിഎച്ച് കണാരന്‍ വളര്‍ന്ന ചീക്കോളി തറവാട്. സാധാരണ നാട്ടിന്‍ പ്രദേശം. സിഎച്ച് നടന്നുപോയ പഴയ ഇടവഴി റോഡായി മാറിയിട്ടുണ്ട്. വഴിവരമ്പിലൂടെ നടന്നെത്തുക ചരിത്രം സ്പന്ദിക്കുന്ന ആ തറവാട്ടില്‍ . പഴമയുടെ ഗന്ധമുള്ള കല്‍പ്പടവുകള്‍ കയറുന്നത് വിശാലമായ മുറ്റത്തേക്കാണ്. ഓടുമേഞ്ഞ ഇരുനില മാളികവീട്. മരംപാകിയ മച്ചും ചായ്പ്പോടുംകൂടിയ പഴയ നിര്‍മാണശൈലി. ഒന്നരനൂറ്റാണ്ടിന്റെ പഴക്കമുള്ള തറവാട് ഇന്നും അതേപടി സംരക്ഷിച്ചിരിക്കുന്നു. പൂമുഖത്തുനിന്ന് അകത്തേക്ക് കയറുമ്പോള്‍ വലതുഭാഗത്തെ ചുമരില്‍ സിഎച്ചിന്റെ കാലംമായ്ക്കാത്ത ഒരു ചിത്രമുണ്ട്. കുമ്മായംതേച്ച പഴമ വിളിച്ചറിയിക്കുന്ന മുറികള്‍ .

അമ്മാമന്റെ കല്യാണത്തിന് പുന്നോലില്‍നിന്ന് നടന്ന് അഴിയൂരിലേക്ക് പോയതെല്ലാം മരുമക്കള്‍ ഓര്‍ത്തെടുക്കുന്നു. 1944ലായിരുന്നു വിവാഹം. അമ്മാമന്റെ മകള്‍ പാര്‍വതിടീച്ചറായിരുന്നു വധു. അങ്ങനെ ചില സ്വകാര്യ ഓര്‍മകളിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ഇടയ്ക്ക് അവരുടെ കണ്ണുകളില്‍ നേരിയ നനവ്. അത്രമേല്‍ സ്നേഹിച്ച അമ്മാമനെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ മരുമക്കളുടെ മനസ്സുകളില്‍ തിരയടിച്ചെത്തുന്നുണ്ട്. ജയില്‍ , ഒളിവ്, നിയമസഭാപ്രവര്‍ത്തനം, സമരങ്ങള്‍ ... അങ്ങനെ നീളുന്ന യാത്രക്കിടയില്‍ അമ്മയെയും വീടിനെയുംകുറിച്ചുള്ള ഓര്‍മ സിഎച്ചിന് എന്നുമുണ്ടായിരുന്നു. അമ്മ മരിച്ചാല്‍ ഉപയോഗിക്കേണ്ട വസ്ത്രമടക്കം വാങ്ങി സൂക്ഷിച്ച മകന്‍ . പക്ഷേ, ആ അമ്മയുടെ അന്ത്യയാത്രക്ക് കാത്തുനില്‍ക്കാതെ മകന്‍ ചരിത്രത്തിലേക്ക്മറഞ്ഞതും കേരളം നിറമിഴികളോടെ കണ്ടു. അമ്മാമനെ അവസാനമായി ഈ വീട്ടുമുറ്റത്ത് കിടത്തിയ നാള്‍ ഇടയ്ക്കിടെ ഇവരുടെ ഓര്‍മകളെ അസ്വസ്ഥമാക്കുന്നുണ്ട്. കണ്ണീരുമായി തടിച്ചുകൂടിയ ജനങ്ങള്‍ , നേതാക്കള്‍ ... ഇന്നും ഒക്ടോബര്‍ ഇരുപതിന് വീടിനോട് ചേര്‍ന്ന സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താനെത്തുന്നവര്‍ .

സ്നേഹത്തിന്റെ നനുത്ത ഓര്‍മയാണ് ഇവര്‍ക്ക് സിഎച്ചെന്ന ദ്വയാക്ഷരി. ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ , മുഷിഞ്ഞ വേഷത്തോടെ ബാഗുമായി പുന്നോല്‍ മാക്കൂട്ടത്ത് വന്നിറങ്ങുന്ന സിഎച്ചിന്റെ ചിത്രമാണ് അയല്‍ക്കാരനായ പെയ്യേരി വാസുവേട്ടന്റെ മനസ്സില്‍ . മാസങ്ങള്‍ക്ക് ശേഷമാവും പലപ്പോഴും ആ വരവ്. മാക്കൂട്ടത്തെ പഴയ നവോദയ കലാസമിതിയിലോ സമീപത്തെ ചായക്കടയിലോ എന്നും ഞങ്ങള്‍ നാലഞ്ചുപേരുണ്ടാവും. ഒരു കീശയില്‍ തീപ്പെട്ടിയും മറുകൈയില്‍ മെഴുകുതിരിയും കരുതിയാവും ബസ്സിറങ്ങുക. മിക്കവാറും രാത്രി വൈകും. വീട് വരെ ഒന്നിച്ചുണ്ടാവും. നാട്ടില്‍ നടക്കുന്ന പല കാര്യങ്ങളും സിഎച്ച് പറയും. കേരളത്തെ മാറ്റിമറിച്ച എത്രയോ സമരങ്ങള്‍ക്കും സാമൂഹ്യപരിഷ്കരണ പ്രവര്‍ത്തനത്തിനും സിഎച്ചെന്ന വിപ്ലവകാരി ഇറങ്ങിത്തിരിച്ചത് പുന്നോലിലെ ഈ വീട്ടില്‍ നിന്നാണ്. സിഎച്ചിനൊപ്പം ഈ വീടും അങ്ങനെ ചരിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

നാടിന്റെ സ്വന്തം സിഎച്ച്

ഞങ്ങള്‍ക്ക് മാത്രമായി അച്ഛനെ അധികമൊന്നും ലഭിച്ചില്ലെങ്കിലും നാടിനും ജനങ്ങള്‍ക്കുമായി സ്വയം സമര്‍പ്പിച്ച ആ മഹാന്റെ മകളാണെന്ന് പറയുമ്പോള്‍ അഭിമാനം മാത്രമാണെന്ന് ഇളയ മകള്‍ വടകരയിലെ സി കെ ശ്യാമള പറഞ്ഞു. എവിടെയും സിഎച്ചിന്റെ മകളെന്ന പരിഗണന ലഭിക്കുന്നു. അച്ഛന്‍ വടകരയിലെ വീട്ടില്‍ എന്നും ഒരു അതിഥിയായിരുന്നു. ഇടയ്ക്ക് വന്ന് അതേ വേഗത്തില്‍ തിരിച്ചുപോകുന്ന ഒരാള്‍ . ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛനെ അധികമൊന്നും കണ്ടിട്ടില്ല. മാസത്തിലൊരിക്കലാവും വരവ്. മറ്റു കുട്ടികളെപ്പോലെ അച്ഛനൊപ്പം ദീര്‍ഘകാലം താമസിക്കാനും കഴിഞ്ഞില്ല. ബാല്യകാലത്തെല്ലാം അതോര്‍ത്ത് ഏറെ സങ്കടപ്പെട്ടിരുന്നു. ഉയര്‍ന്ന ക്ലാസിലെത്തിയപ്പോഴാണ് അച്ഛന്റെ രാഷ്ട്രീയപ്രവര്‍ത്തനവും പോരാട്ടവുമെല്ലാം അറിഞ്ഞത്.

ഞങ്ങള്‍ പഠിക്കുന്ന ക്ലാസ്പോലും അച്ഛന് ഓര്‍മയുണ്ടായിരുന്നില്ല. ഒരുദിവസം വീട്ടില്‍ വന്നപ്പോള്‍ പതിവുപോലെ ചോദിച്ചു: മോള് ഏത് ക്ലാസിലാ പഠിക്കുന്നേ. ഇത് കേട്ട് അമ്മ ഏറെ വഴക്കുപറഞ്ഞു. എല്ലാം കേട്ടിട്ടും അച്ഛന്‍ ചിരിക്കുകമാത്രം ചെയ്തു. അച്ഛന്റെ മനസ്സില്‍ രാഷ്ട്രീയവും പാര്‍ടിയുമേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയും മക്കളും കുടുംബവുമെല്ലാം അതിന് ശേഷം മാത്രം. മക്കളെയെല്ലാം അച്ഛന് അതിരറ്റ സ്നേഹമായിരുന്നു. പക്ഷേ, അതൊന്നും പ്രകടിപ്പിക്കാന്‍ അറിയില്ല. എന്റെ കല്യാണം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിയുമ്പോഴേക്കും അച്ഛന്‍ മരിച്ചിരുന്നു. വടകര സ്വദേശിയായ ഭര്‍ത്താവ് സി ബാലകൃഷ്ണന്‍ തലയോലപ്പറമ്പ് ദേവസ്വംകോളേജില്‍ അധ്യാപകനായിരുന്നു. കോട്ടയം ജില്ലയില്‍ പരിപാടികള്‍ക്ക് വന്നാല്‍ വീട്ടില്‍ കയറാതെ പോകുമായിരുന്നില്ല. അച്ഛന്റെ രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അമ്മയാണ് കുടുംബം പോറ്റിയതും ഞങ്ങളെയെല്ലാം പഠിപ്പിച്ചതും.

സിഎച്ചിന്റെ കാരണവര്‍ ചീക്കോളി കാരായി അച്യുതന്റെ മകളായിരുന്നു ഭാര്യ പാര്‍വതി. വടകര ശങ്കര്‍ ഗുരിക്കള്‍ സ്മാരക ബേസിക് സ്കൂള്‍ അധ്യാപികയായ അവര്‍ 2000 ഒക്ടോബര്‍ 26നാണ് മരിച്ചത്. സിഎച്ച്-പാര്‍വതിടീച്ചര്‍ ദമ്പതികള്‍ക്ക് നാല് മക്കള്‍ . ആണ്‍മക്കളായ സി കെ ശശിധരനും സി കെ സുരേന്ദ്രനും അകാലത്തില്‍ മരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ശശി. വടകരയില്‍ സാഗര്‍ ട്യൂട്ടോറിയല്‍ കോളേജ് നടത്തിയിരുന്ന ശശിധരന്‍ 1995ലാണ് മരിച്ചത്. ഭാര്യ സാവിത്രിയാണ് ഇപ്പോള്‍ കോളേജ് നടത്തുന്നത്. സുരേന്ദ്രന്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. സുരേന്ദ്രന് ഭാര്യയും ഒരു മകളുമുണ്ട്. മൂത്തമകള്‍ സരോജിനി നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍ ഹിന്ദി അധ്യാപികയും പിന്നീട് ടിടിഐ പ്രിന്‍സിപ്പലുമായി 2002ല്‍ വിരമിച്ചു. ഇവര്‍ നടക്കാവിലാണ് താമസം. അവരുടെ ഭര്‍ത്താവ് റിട്ടയേഡ് അധ്യാപകന്‍ കമലാസനന്‍ .

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ സിപി അബൂബക്കര്‍ കെഎസ്എഫ് സംസ്ഥാന പ്രസിഡന്റ്. സിഎച്ചിന്റെ മകന്‍ സുരേന്ദ്രന്‍ വടകര ബിഇഎം ഹൈസ്കൂളില്‍ കെഎസ്‌യു നേതാവും. കെഎസ്എഫിന് സംഘടനാപ്രവര്‍ത്തനം നടത്താന്‍ സ്കൂളില്‍ കെഎസ്‌യു അനുവദിക്കുന്നില്ലെന്ന വിവരമറിഞ്ഞ് സിപി അബൂബക്കറും രണ്ട് സുഹൃത്തുക്കളും സ്കൂളിലെത്തി. തിരിച്ചുവരുമ്പോള്‍ അവര്‍ ആക്രമിക്കപ്പെട്ടു. അബൂബക്കറിന് പരിക്കേറ്റു. തുടര്‍ന്നുള്ള സംഘട്ടനത്തില്‍ സുരേന്ദ്രനും ഏതാനും കെഎസ്‌യുക്കാര്‍ക്കും മര്‍ദനമേറ്റു. എല്ലാവരും വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ . സിപിഐ എം സംസ്ഥാന സെക്രട്ടറിയായ സിഎച്ച് അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സിഎച്ച് അബൂബക്കറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. തൊട്ടടുത്ത വാര്‍ഡില്‍ കടിക്കുന്ന "രാഷ്ട്രീയഎതിരാളി"യായ മകനെ തിരിഞ്ഞുനോക്കിയതുപോലുമില്ല.

ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് 61-ആം വയസ്സിലായിരുന്നു സിഎച്ചിന്റെ അന്ത്യം. രോഗാവസ്ഥയിലായ സിഎച്ചിനെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു അഴീക്കോടന്‍ രാഘവന്റെ കൊലപാതകം. ആ സമയത്ത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സിഎച്ച്. ഏറെ ക്ലേശിച്ചാണ് അഴീക്കോടന്റെ മൃതദേഹം കാണാന്‍ പോയത്. അഴീക്കോടനെ അവസാനമായി കാണാന്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിവന്ന രംഗം ഹൃദയഭേദകമായിരുന്നു. സിഎച്ചും അഴീക്കോടനും തമ്മില്‍ അത്രമേല്‍ ഹൃദയബന്ധമായിരുന്നു. അഴീക്കോടന്റെ മരണത്തോടെ തളര്‍ന്നുപോയ സിഎച്ചിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ചായിരുന്നു അന്ത്യം. കേരളത്തിലെ ഓരോ ഗ്രാമത്തിനും ഓര്‍ക്കാനും പറയാനും ഒരുപാട് ബാക്കിവെച്ചാണ് 1972 ഒക്ടോബര്‍ 20ന് അറുപത്തൊന്നാംവയസ്സില്‍ അദ്ദേഹം അകാലത്തില്‍ യാത്രയായത്.

*****


പി ദിനേശന്‍, കടപ്പാട് : ദേശാഭിമാനി വാരിക

കാറ്റുപോലെ സര്‍വവ്യാപി; അദൃശ്യന്‍

കാറ്റുപോലെ സര്‍വവ്യാപി; അദൃശ്യന്‍ . പി കൃഷ്ണപ്പിള്ളയെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയത് കെ മാധവനാര്‍; സഖാവിനെ തൊട്ടറിഞ്ഞ, സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാല സഹപ്രവര്‍ത്തകന്‍; പില്‍ക്കാലത്ത് അകന്നുനിന്ന് സൂക്ഷ്മമായി നോക്കിക്കണ്ടയാള്‍ . ഇത്ര കൃത്യമായി, പൂര്‍ണമായി സഖാവിന്റെ പ്രവര്‍ത്തനരീതിയെ മറ്റാരെങ്കിലും വിലയിരുത്തിയതായി കണ്ടിട്ടില്ല. അത്രയ്ക്ക് ശക്തമാണാ വിവരണം; സത്യസന്ധവും. സൂക്ഷ്മമായി പരിശോധിച്ചാല്‍ പില്‍ക്കാലത്ത് കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് ആ പ്രവര്‍ത്തനശൈലി ഒരു വലിയ കാന്തശക്തിയായിരുന്നതായി കാണാം. ഈ പ്രവര്‍ത്തന ശൈലിക്കൊപ്പം അദ്ദേഹമന്നുയര്‍ത്തിപ്പിടിച്ച- അന്നു പുത്തനായിരുന്ന-രാഷ്ട്രീയ വീക്ഷണവും ഈ മാറ്റങ്ങള്‍ക്കുള്ള മൗലികമായ പ്രേരണാശക്തിയായിരുന്നു. എന്തായിരുന്നു അദ്ദേഹമന്നുയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ വീക്ഷണം?

തൊഴിലാളി വര്‍ഗത്തെ ഭരണാധികാരി വര്‍ഗമായി വളര്‍ത്തുക; ഉയര്‍ത്തുക. അദ്ദേഹമത് പറഞ്ഞ് ഒരു പന്തീരാണ്ടു കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ ആ ആശയം സ്വായത്തമാക്കി. എന്തൊക്കെ ആനുകൂല്യങ്ങള്‍ സര്‍ സി പി നല്‍കാന്‍ തയ്യാറായിട്ടും അവര്‍ ഒറ്റക്കെട്ടായി പറഞ്ഞു: രാഷ്ട്രീയാധികാരമല്ലാതെ മറ്റൊന്നുകൊണ്ടും തങ്ങള്‍ പിന്‍വാങ്ങില്ല. സഖാവിന്റെ ഈ പ്രവര്‍ത്തനശൈലിയും രാഷ്ട്രീയ നിലപാടും അതേതോതില്‍ സി എച്ച് കണാരനിലാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സി എച്ചില്‍ മാത്രം കാണുന്ന വലിയൊരു സിദ്ധി. സംഘാടകനെന്ന നിലയില്‍ അദ്ദേഹം കാട്ടിയ മികവ് എതിരാളികള്‍ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റിയുള്ള അനുസ്മരണങ്ങളില്‍ വിവിധ പത്രങ്ങള്‍ ചൂണ്ടിക്കാട്ടിയ ഒരു കാര്യവും ഇതുതന്നെ. സംഘാടകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രത്യേകതകളും എടുത്തുപറയുന്നുണ്ട്. ചിലത് നോക്കുക:. "പാര്‍ടി നിയമവിധേയമായതോടെ പരസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അദ്ദേഹം പാര്‍ടിയുടെ സംഘടനാ യന്ത്രത്തിന്റെ പ്രധാന ചുമതലക്കാരനായി. കമ്യൂണിസ്റ്റ് പാര്‍ടി രണ്ടായപ്പോള്‍ കണാരന്റെ സംഘാടനാപാടവം പരമോച്ച നില പ്രാപിക്കുകയും മാര്‍ക്സിസ്റ്റ് പാര്‍ടിയെ സ്റ്റേറ്റിലെ ഏറ്റവും കെട്ടുറപ്പുള്ള കക്ഷിയായി അദ്ദേഹം രൂപപ്പെടുത്തുകയും ചെയ്തു"

(മലയാള മനോരമ).

"ബഹുജന സംഘടനകളുടെയും ബഹുജന പ്രക്ഷോഭങ്ങളുടെയും സമര്‍ഥനായ ഒരു സംഘാടകനായിരുന്നു സി എച്ച് കണാരന്‍ . പാര്‍ടി സംഘടിപ്പിക്കപ്പെടുന്നതിലും പാര്‍ടി കമ്മിറ്റികളെയും പാര്‍ടി മെമ്പര്‍മാരെയും ബഹുജന പ്രവര്‍ത്തനങ്ങളിലേക്ക് ഇറക്കുന്നതിലും അദ്ദേഹം തന്റെ കഴിവുകള്‍ അന്യാദൃശമായി പ്രകടിപ്പിച്ചിട്ടുണ്ട്"

(ജനയുഗം).

"പ്രഗത്ഭനായ ഒരു സംഘാടകനായിരുന്നു പരേതന്‍"

(കേരള കൗമുദി).

ഈ സംഘടനാപാടവവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളുണ്ട്. ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നതതാണ്:

"സംഘടനയുടെയും പ്രക്ഷോഭപരിപാടികളുടെയും വിശദാംശങ്ങളിലുള്ള താല്‍പ്പര്യം, കാഡറുകളെ വിമര്‍ശിച്ചും സ്നേഹിച്ചും വിലയിരുത്തി കൈകാര്യം ചെയ്യാനുള്ള സവിശേഷ സാമര്‍ഥ്യം, പ്രഖ്യാപനങ്ങളേക്കാള്‍ ഫലപ്രാപ്തിയിലുള്ള കണ്ണ്, കേരളത്തിലെ സകല മുക്കും മൂലയും സഖാവ് കൃഷ്ണപിള്ളയെ ഓര്‍മിപ്പിക്കുംവിധം അറിഞ്ഞ് നേതൃത്വം നല്‍കാനുള്ള കഴിവ്, അങ്ങോട്ടു തീര്‍ക്കാനുള്ളതിനേക്കാള്‍ കേട്ടറിയാനുള്ള ക്ഷമയും വിവേകവും-എന്നിങ്ങനെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘാടകനാക്കിത്തീര്‍ത്ത ഘടകങ്ങള്‍ പലതാണ്".

സി എച്ച് കണാരനെപ്പറ്റി എഴുതുമ്പോള്‍ ഇ എം എസും ഈ സവിശേഷഗുണത്തെപ്പറ്റി തന്നെ പറയുന്നു:

"സമര്‍ഥനായ ഒരു ബഹുജനസമര നേതാവ്, തൊഴിലാളി കര്‍ഷകാദി ബഹുജന സംഘടനകളുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഊര്‍ജസ്വലനായ സംഘാടകന്‍ , പാര്‍ടിയുടെ മൗലിക നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റു ജനാധിപത്യ ശക്തികളെ യോജിപ്പിക്കാന്‍ കഴിവുള്ള നയകോവിദന്‍ - ഈ നിലയ്ക്കെല്ലാമാണ് പൊതുജനങ്ങളുടെ ഇടയില്‍ സി എച്ച് അറിയപ്പെട്ടിരുന്നത്". സി എച്ചിന്റെ സംഘടനാ പ്രവര്‍ത്തനമെന്തായിരുന്നു, എങ്ങനെയായിരുന്നു എന്നൊക്കെ നാം വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്; പഠിക്കേണ്ടതുണ്ട്. പാര്‍ടിക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന നിരവധി പ്രശ്നങ്ങളുണ്ട്. പ്രശ്നം തന്റെ അരികിലേക്ക് വരട്ടെ എന്ന സമീപനമായിരുന്നില്ല സി എച്ചിന്റേത്. പ്രശ്നം എവിടെയുണ്ടോ അവിടെ ഓടിയെത്തുക, അതു പരിഹരിക്കാന്‍ വേണ്ടതെന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുക, അതിന് പറ്റുന്ന പ്രവര്‍ത്തകരെ രംഗത്തിറക്കുക, ആ പ്രശ്നം പരിഹരിക്കാനുള്ള തീവ്രമായ പരിപാടികള്‍ തയ്യാറാക്കി പരിഹരിക്കുക. പ്രശ്നപരിഹാരത്തോടെ അവിടെ പ്രസ്ഥാനവും പ്രവര്‍ത്തകരും ഉഷാറാവുകയും ചെയ്യുന്നു. ഇതായിരുന്നു സി എച്ചിന്റെ സംഘടനാപ്രവര്‍ത്തനത്തിന്റെ പൊതുസ്വഭാവം.

എ കെ ജി സി എച്ചിന്റെ ഈ പ്രത്യേകത എടുത്തുപറയുന്നു:

"എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്ര സമര്‍ഥനായ ഒരു സംഘാടകനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രത്യേക പ്രദേശത്തുണ്ടായാല്‍ എന്നെപ്പോലുള്ളവര്‍ പെട്ടെന്ന് ഓടിയെത്തും. സ. സിഎച്ച് അവിടെ ഓടിയെത്തുമെന്ന് മാത്രമല്ല എത്തിക്കേണ്ടവരെയെല്ലാം അവിടെയെത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ചും അതിന്റെ പ്രചാരണത്തെ സംബന്ധിച്ചും എല്ലാം പ്ലാന്‍ ചെയ്തിട്ടാവും സി എച്ച് അവിടെയെത്തുക. അവിടത്തെ പാര്‍ടിയെയാകെ കോര്‍ത്തിണക്കി രംഗത്തിറക്കാന്‍ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി സഖാവ് വിശദമായി പ്ലാന്‍ ചെയ്യും. വളരെ പരിമിതമായി മാത്രമേ സഖാവ് പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളൂ. അതുപോലെ പ്രസംഗങ്ങളും പരിമിതമായി മാത്രമേ ചെയ്യാറുള്ളു. പക്ഷേ മറ്റുള്ളവരെക്കൊണ്ട് പ്രസ്താവന ഇറക്കിക്കുന്നതിനും അവര്‍ എവിടെയായാലും അവരുമായി ബന്ധപ്പെട്ട് അതു ചെയ്യുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള മിക്കവാറും സമര്‍ഥരായ പ്രവര്‍ത്തകരെയെല്ലാം സഖാവിനറിയാം. ഓരോരുത്തരുടെ കഴിവും ദുര്‍ബലതയും സഖാവ് അളന്നു തൂക്കിവച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രതിസന്ധിയില്‍ ഏത് സഖാവ് അല്ലെങ്കില്‍ ഏതനുഭാവി രംഗത്തിറങ്ങിയാല്‍ പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ കഴിയുമെന്ന് സഖാവിന് തീര്‍ച്ചയുണ്ട്. പിന്നെ അവരെ രംഗത്തിറക്കുന്നതിലാണ് സഖാവിന്റെ ശ്രദ്ധ".

ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒക്കെ പ്രേരകമായ ഒരു രാഷ്ട്രീയ വീക്ഷണം അദ്ദേഹം നേരത്തെ തന്നെ സായത്തമാക്കിയിരുന്നു എന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. പി കൃഷ്ണപിള്ള ഉയര്‍ത്തിപ്പിടിച്ചിരുന്ന അതേ വീക്ഷണം, അതേ തെളിമയോടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. 1936ല്‍ തന്നെ ഈ വീക്ഷണത്തിനുവേണ്ടി സി എച്ച് കണാരന്‍ വാദിക്കുന്നത് എം എസ് ദേവദാസ് കേട്ടിട്ടുണ്ട്. അദ്ദേഹം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയും അബ്ദുര്‍റഹിമാന്‍ ഗ്രൂപ്പും ചേര്‍ന്ന് ഒറ്റപ്പാലത്തുവച്ച് നടത്തിയ സമ്മേളനത്തിലാണ് സി എച്ചിന്റെ പ്രസംഗം ദേവദാസ് കേട്ടത്. ദേവദാസ് അതിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

"ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കെട്ടുകെട്ടിക്കാനുള്ള രാഷ്ട്രീയ സ്വാതന്ത്ര്യസമരം നടത്തുന്നതിന് പുറമെ, തൊഴിലാളികള്‍ , കൃഷിക്കാര്‍ തുടങ്ങിയ ചൂഷിത ബഹുജനങ്ങളുടെ വര്‍ഗസംഘടനകള്‍ കെട്ടിപ്പടുത്ത്, ഇവിടത്തെ പ്രഭുവര്‍ഗങ്ങളായ ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കുമെതിരായി അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ സംഘടിതസമരങ്ങള്‍കൂടി നടത്തിയാല്‍ മാത്രമേ നമ്മുടെ രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവുമില്ലാത്ത ഒരു സോഷ്യലിസ്റ്റ് സമുദായം കെട്ടിപ്പടുക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹമാണ് മറ്റാരേക്കാളുമധികം ദൃഢമായും വിട്ടുവീഴ്ചയില്ലാതെയും അന്നുതന്നെ വാദിച്ചതെന്നു ഞാന്‍ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ശക്തിയായ പ്രസംഗശൈലിയും കൈയാംഗ്യങ്ങളും കത്തിജ്വലിക്കുന്ന കണ്ണുകളും ഇപ്പോഴും എന്റെ മനസ്സിലുണ്ട്.

അധ്വാനിക്കുന്ന ദരിദ്രജനതയുടെ പക്ഷത്ത് എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുക, ചൂഷിത ബഹുജനങ്ങളുടെ വര്‍ഗതാല്‍പര്യങ്ങളും ആ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള സമരവുമാണ് നമ്മുടെ രാജ്യത്ത് ഏത് വിപ്ലവപാര്‍ടിയുടെയും ഏത് വിപ്ലവപ്രസ്ഥാനത്തിന്റെയും ശക്തിക്കാസ്പദമെന്ന് ഏത് പരിതഃസ്ഥിതിയിലും വിസ്മരിക്കാതിരിക്കുക; എല്ലാറ്റിലുമുപരി ഈ രാജ്യത്തിലെ ആഭ്യന്തര വര്‍ഗശത്രുക്കളെക്കുറിച്ചും അവരുടെ രാഷ്ട്രീയ നേതൃത്വമായ കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ചും ഒരിക്കലും വ്യാമോഹങ്ങള്‍ പുലര്‍ത്താതിരിക്കുക-ഈ രാഷ്ട്രീയ ഗുണങ്ങള്‍ ആദ്യം മുതല്‍ക്കേ സഖാവ് സി എച്ചിന്റെ വളര്‍ച്ചയില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടു തുടങ്ങിയിരുന്നു. ഒരു ഘട്ടത്തിലും ബഹുജനങ്ങളെ മറന്നുകൊണ്ടുള്ള കളി കളിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ സുപ്രധാനമായ ഒരു വ്യക്തി വൈശിഷ്ട്യമായിരുന്നു".

പി കൃഷ്ണപിള്ളയെപ്പോലെ അദ്ദേഹം സര്‍വവ്യാപിയായിരുന്നു; അദൃശ്യനാവാന്‍ മടിച്ചതുമില്ല.


*****


ആണ്ടലാട്ട്, കടപ്പാട്:ദേശാഭിമാനി വാരിക

സയ്യദ് പറഞ്ഞ അമേരിക്കന്‍ കഥ

ചിക്കാഗോ നഗരത്തിന്റെ ഏതാണ്ട് ഹൃദയഭാഗത്താണ് മിഷിഗന്‍ അവന്യൂ. അമേരിക്കന്‍ സാമ്പത്തിക ഉന്നതിയുടെ പ്രതീകമായ അംബരചുംബികള്‍ നിറഞ്ഞ, മനോഹരമായ തെരുവ്. അവിടെ ടാക്‌സിയും കാത്തു നില്‍ക്കുകയാണ് ഞാന്‍.

നൂറു കണക്കിന് സമരക്കാര്‍ ആ തെരുവീഥികളില്‍ ഒരു മാസമായി തമ്പടിച്ചിരിക്കുന്നു. ന്യൂയോര്‍ക്കില്‍ തുടങ്ങിയ വാള്‍ സ്ട്രീറ്റ് ഉപരോധ സമരത്തിന്റെ അനുഭാവികളാണ് 'ഒക്കുപൈ വാള്‍ സ്ട്രീറ്റ്' ഉപരോധ സമരത്തിന്റെ അനുഭാവികളാണ് 'ഒക്കുപ്പൈ ഷിക്കാഗോ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സമരക്കാര്‍.

പറഞ്ഞ സമയത്തു തന്നെ ടാക്‌സി എത്തി. ഡ്രൈവറുടെ മുഖത്ത് നോക്കിയപ്പോള്‍ ഇന്ത്യക്കാരനെന്നാണ് ആദ്യം തോന്നിയത്. സംസാരം തുടങ്ങിയപ്പോള്‍ മനസ്സിലായി സയ്യദ് ഹാഷിം പാകിസ്ഥാനില്‍ നിന്നാണ്. ഏതാണ്ട് അര മണിക്കൂര്‍ നീണ്ട യാത്രക്കുള്ളില്‍ സയ്യദ് തന്റെ അമേരിക്കന്‍ ജീവിതത്തെക്കുറിച്ചു പറഞ്ഞ അമേരിക്കയുടെ തന്നെ പരിപ്രേക്ഷ്യം ആയിരുന്നു.

സമരക്കാരുടെ ഇടയിലൂടെ കാര്‍ നീങ്ങുകയാണ്. ഒരു പ്രകടനക്കാരന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: 'നിങ്ങള്‍ കടത്തിലാണെങ്കില്‍, ബാങ്കുടമകളുടെ അമിത ലാഭത്തിനു എതിരാണെങ്കില്‍, നിങ്ങളുടെ കാറിന്റെ ഹോണ്‍ അടിക്കൂ!'

അമേരിക്കയില്‍ കാറിന്റെ ഹോണ്‍ അടിക്കുന്നത് വളരെ വിരളമാണ്. ഒരുതരം മര്യാദകേടായാണ് ഹോണടിയെ ഇവിടെ കണക്കാക്കുന്നത്. സയ്യദ് പൂര്‍ണ മനസ്സോടെ ഹോണടിച്ചു. മറ്റു പല കാറുകളിലും ട്രക്കുകളിലും നിന്നും ഹോണടി കേട്ടു. അത് കേട്ട് സന്തോഷിച്ചു സമരക്കാരില്‍ ചിലര്‍ കയ്യടിച്ചു.

അപ്പോഴാണ് സയ്യദ് എന്നോട് 'പ്രസംഗിച്ചു' തുടങ്ങിയത്:

'ഇവിടെ എങ്ങനെ ഇത്തരം സമരങ്ങള്‍ നടക്കാതിരിക്കും സാര്‍? കഴിഞ്ഞ മൂന്നു നാല് കൊല്ലങ്ങളായി സാമ്പത്തിക പ്രശ്‌നം നടക്കുമ്പോഴും ബാങ്കുകളും വന്‍ കോര്‍പറേറ്റ്കളും കോടിക്കണക്കിനു ഡോളര്‍ ലാഭമല്ലേ ഉണ്ടാക്കിയത്. സാധാരണക്കാരന്റെ കാശു കൊടുത്തു ഉണ്ടാക്കിയ ബാങ്കുകള്‍ ഇപ്പോള്‍ ലാഭത്തിലായി. പോരാത്തതിന് എന്തൊക്കെയാ ഇവരുടെ ഫീസുകള്‍. നമ്മുടെ കാശ് നമ്മുടെ സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിന് മാസാമാസം ഒരു ബാങ്കിന്റെ ഫീസ് പന്ത്രണ്ടു ഡോളറാണ്. നമ്മുടെ മാസസമ്പാദ്യം അമ്പത് ഡോളര്‍ വരില്ല. അതില്‍ പന്ത്രണ്ടു ഡോളര്‍ ഇങ്ങനെ മെയിന്റ്‌നന്‍സ് ഫീസ് എന്ന് പറഞ്ഞു ഇവര്‍ എടുക്കും. ഇങ്ങനെ നാല് മാസം എടുത്താല്‍ നമ്മുടെ ഡിപോസിറ്റ് തന്നെ തീരില്ലേ. പിന്നെ ഇപ്പൊ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചു വല്ലതും വാങ്ങിയാല്‍ അതിനു അഞ്ചു ഡോളര്‍ ചാര്‍ജ് വേറെയും!'

'ടാക്‌സി ഓടിക്കുന്നത് വേറെ വഴിയില്ലാത്തത് കൊണ്ടാണ് സാര്‍. സ്വന്തമായി ചെറിയ എന്തെങ്കിലും ഒരു കടയോ മറ്റോ തുടങ്ങാന്‍ ഇവിടെ എന്തൊരു പാടാണെന്ന് അറിയാമോ? പിന്നെ ചെയ്യാന്‍ പറ്റുന്നത് മക്‌ഡോണാള്‍ഡ് പോലെയുളള വല്ല വന്‍ കമ്പനികളുടെയും ഫ്രാഞ്ചൈസികള്‍ തുടങ്ങുക എന്നതാണ്. എനിക്കറിയാവുന്ന പല ചെറുകിട കച്ചവടക്കാരും ഇപ്പോള്‍ കഷ്ടത്തിലാണ്. വാള്‍ മാര്‍ട്ട് പോലെയുള്ള ഷോപ്പിംഗ് ഭീമന്മാര്‍ ചെറിയ കച്ചവടക്കാരെ തകര്‍ക്കുന്നു. ഇപ്പോള്‍ അവര്‍ നമ്മുടെ ഏരിയയില്‍ ഷോപ്പിംഗ് മാള്‍ തുടങ്ങാന്‍ പോവുന്നു പോലും. ഷോപ്പിംഗ് മാള്‍ എന്ന് പറഞ്ഞാല്‍ സൂചി മുതല്‍ സൈക്കിള്‍ വരെ അതിനുള്ളില്‍ കിട്ടും. പല പല സാധനങ്ങള്‍ വിറ്റ് ചെറിയ കടകള്‍ നടത്തിയിരുന്ന പലരും വാള്‍ മാര്‍ട്ടിന്റെ വരവിനെ എതിര്‍ത്തു. നമ്മുടെ പ്രദേശത്ത് നൂറു ജോലി പുതുതായി സൃഷ്ടിക്കും എന്നാണു അവര്‍ പറയുന്നത്. കൂടിയാല്‍ ആയിരം ഡോളര്‍ മാസ ശമ്പളം കൊടുക്കും. ഇവിടെ ചെറിയ കട നടത്തുന്ന ഓരോ ആളും രണ്ടോ അതിലേറെയോ പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നു. കൂടാതെ മാസം അവര്‍ കുറഞ്ഞത് മൂവായിരം ഡോളര്‍ ലാഭം ഉണ്ടാക്കുന്നു. ഒരാളുടെ ജോലി കൊണ്ട് സ്വന്തം കുടുംബത്തെ പോറ്റുന്നു, കുട്ടികളെ സ്‌കൂളിലും കോളേജിലും അയക്കുന്നു. വാള്‍ മാര്‍ടിന് അതുപോലെ ഒരു സാഹചര്യം ഉണ്ടാക്കാന്‍ പറ്റുമോ? ഇല്ല. പക്ഷെ അവര്‍ വരുക തന്നെ ചെയ്യും. അത്രയ്ക്ക് രാഷ്ടീയ പിടിപാടാണ് അവര്‍ക്കുള്ളത്.'

ഒന്ന് നിറുത്തിയിട്ടു സയ്യദ് ചോദിച്ചു: 'സാര്‍ എന്താ കാര്‍ എടുക്കാത്തത്? ടാക്‌സിയൊക്കെ വലിയ ചെലവല്ലേ?'

'നോക്കുന്നുണ്ട്. എടുക്കണം.'

'എന്ത് വിശ്വസിച്ചു എടുക്കും, അല്ലേ. പെട്രോള്‍ വില ഇവിടെ പലപ്പോഴും ഊഹാപോഹങ്ങളുടെ ബലത്തിലല്ലേ കുതിച്ചു കയറുന്നത്. ലിബിയയില്‍ യുദ്ധം നടക്കും എന്ന് ഒരു വാര്‍ത്ത വന്നാല്‍ മതി, ഉടനെ അതിന്റെ പേരും പറഞ്ഞു ബ്രിട്ടീഷ് പെട്രോളിയവും ഷെല്ലും മറ്റും ഇന്ധനവില കൂട്ടും. മറ്റെല്ലാ കമ്പനികളും മാന്ദ്യത്തില്‍ ആയപ്പോഴും പെട്രോള്‍ കമ്പനികള്‍ക്ക് ഉണ്ടായത് കോടിക്കണക്കിനു രൂപയുടെ ലാഭമാണ്.'പിന്നെ സയ്യദ് പറഞ്ഞതെല്ലാം സ്വന്തം നാട് വിട്ടു അമേരിക്കന്‍ സ്വപ്‌നത്തിന്റെ പിന്നാലെ പോയ ഒരു മനുഷ്യന്റെ വ്യഥകളായിരുന്നു.

'എല്ലാത്തിനും ചെലവ് കൂടി സാര്‍. ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് കൂടിയത് കാരണം ചികില്‍സച്ചെലവ് കൂടി. അമേരിക്കയില്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ചികില്‍സ കിട്ടില്ല. പണ്ട് ഇരുനൂറു ഡോളറിനു കിട്ടിയിരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് ഇപ്പോള്‍ മാസം എഴുന്നൂറ് ഡോളര്‍ കൊടുത്താലേ കിട്ടൂ.'

'പക്ഷെ മറ്റു പല കാര്യങ്ങള്‍ക്കും ഇവിടെ ചെലവ് കുറവാണല്ലോ. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങള്‍...?', വെറുതെ ഒരു ചോദ്യം ഇട്ടു കൊടുത്തു.

'അതിനു കാരണം വേറെയാണ് സര്‍. അമേരിക്ക ചെലവ് കുറച്ചു നടന്നു പോകുന്നത് തന്നെ മെക്‌സിക്കോയില്‍ നിന്നും, മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന 'ഹിസ്പാനിക്ക്' തൊഴിലാളികളുടെ കഠിനാധ്വാനം കൊണ്ടാണ്. ദേ കണ്ടില്ലേ റോഡ് പണി നടത്തുന്നവര്‍. ഇതില്‍ പലരും മെക്‌സിക്കോക്കാരാണ്. അവിടെ നിന്ന് ലക്ഷക്കണക്കിന് നിയമവിരുദ്ധ കുടിയേറ്റക്കാരാണ് എല്ലാ വര്‍ഷവും അമേരിക്കയിലേക്ക് വരുന്നത്. നമ്മുടെ ഭക്ഷണത്തിന്റെയെല്ലാം പിന്നില്‍ ഈ 'ലാറ്റിനോ'കളുടെ അധ്വാനം ഉണ്ട്. അവരാണ് ഇവിടെ കൃഷി വിളവെടുക്കുന്നത്, പാടങ്ങളിലും പറമ്പുകളിലും കായ്കനികള്‍ പറിക്കുന്നത്. അവര്‍ അമേരിക്കക്കാരന്‍ ചോദിക്കുന്നതിന്റെ പകുതി കൂലിയ്ക്കു പണിയെടുത്തോളും. അമേരിക്കയിലെ വെള്ളക്കാരും കറുത്തവരും ഏറ്റവും കുറഞ്ഞ വേതനം അഥവാ മിനിമം വെയ്ജില്‍ പണി എടുക്കില്ല. ആ പ്രശ്‌നം ലാറ്റിനോകള്‍ക്ക് ഇല്ല. അത് കാരണം വലിയ കൃഷിയുടമകളും ഫാക്ടറി മുതലാളിമാരും ബിസിനസ് സംരംഭകരുമെല്ലാം നിയമവിരുദ്ധ കുടിയേറ്റക്കാരെ ജോലിക്ക് നിറുത്തുന്നു. നമ്മുടെ വീട്ടിനു മുന്നിലെ പുല്ലു ചെത്തുന്നത് മുതല്‍ ചവറു വാരുന്നത് വരെ ഇവരാണ്. എന്നാലിപ്പോള്‍ നിയമ വിരുദ്ധ കുടിയേറ്റത്തിനു എതിരെ പല സ്‌റ്റേറ്റ്കളിലും നിയമങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. ഹിസ്പാനിക്കുകളെ മുഴുവന്‍ പറഞ്ഞു വിട്ടാല്‍ ഇന്നാട്ടില്‍ സാധനങ്ങളുടെ വിലയും കൂടും. അമേരിക്ക തന്നെ നിലച്ചു പോകും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.'

'ഇതൊക്കെ ഒഴിവാക്കാനാണ് ഇപ്പോള്‍ എല്ലാം കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നത്. പണ്ടൊക്കെ എയര്‍പോര്‍ട്ടില്‍ പോയാല്‍ നിങ്ങളുടെ ടിക്കറ്റ് തരാനും മറ്റും ഒന്ന് രണ്ടു സ്റ്റാഫ് ഉണ്ടാവും. ഇന്ന് എയര്‍പോര്‍ട്ടില്‍ ഒരു കമ്പ്യൂട്ടര്‍ കിയോസ്‌ക് വച്ചിട്ടുണ്ട്. അതില്‍ നിങ്ങള്‍ തന്നെ നിങ്ങളുടെ വിവരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ ആ കിയോസ്‌ക് ടിക്കറ്റ് പ്രിന്റ് ചെയ്തു തരും. അങ്ങനെ ഒരു യന്ത്രം വന്നപ്പോള്‍, കുറഞ്ഞത് രണ്ടു പേരുടെ ജോലി പോയിക്കാണില്ലേ?'

'ഇന്ന് അമേരിക്കയിലെ മിക്കവാറും എല്ലാ പെട്രോള്‍ പമ്പിലും നിങ്ങള്‍ സ്വയം പെട്രോള്‍ അടിക്കണം. എല്ലാം കമ്പ്യൂട്ടര്‍വല്ക്കരിച്ചിരിക്കുന്നു. ആ മേഖലകളില്‍ ആര്‍ക്കും ഇനി തൊഴില്‍ കിട്ടില്ല.'

കാര്‍ വീടിനടുത്തെത്തി. സയ്യദ് ചോദിച്ചു: 'ആരാണ് ഈ പ്രതിഷേധ റാലികള്‍ നടത്തുന്നത് എന്ന് സാര്‍ ശ്രദ്ധിച്ചോ?'

'ഉവ്വ്. കൂടുതലും യുവാക്കളാണ്.'

'കോളേജ് കുട്ടികളാണ് സാര്‍. അല്ലെങ്കില്‍ അടുത്തിടയ്ക്ക് കോളേജ് വിട്ടിറങ്ങിയവര്‍. അവരൊക്കെ പതിനായിരക്കണക്കിനു ഡോളര്‍ കടം എടുത്താണ് പഠിച്ചത്, അഥവാ പഠിക്കുന്നത്. അത് തിരിച്ചടക്കണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും ജോലി സാധ്യത വേണ്ടേ? ഈ സാമ്പത്തിക മാന്ദ്യത്തിനിടയില്‍ അവര്‍ക്ക് എന്ത് ജോലി കിട്ടാനാണ്? അപ്പോള്‍ അവര്‍ തെരുവില്‍ ഇറങ്ങിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.'

സയ്യദ് പരാതികള്‍ നിരത്തി തീര്‍ന്നില്ല. പക്ഷേ കാര്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു.

കാശ് കൊടുക്കുന്നതിനിടയില്‍ മറ്റു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ഇരുപതു കൊല്ലം മുമ്പ് അമേരിക്കയില്‍ വന്നു. ഇന്ത്യാക്കാരും പാകിസ്ഥാനികളും ഒന്നിച്ചു പാര്‍ക്കുന്ന ഡിവോന്‍ സ്ട്രീറ്റിലാണ് താമസം.

കൈ വീശി വിട പറയുമ്പോള്‍ ഒന്ന് തോന്നി: വലിയ വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും സയ്യദ് താന്‍ കുടിയേറി പാര്‍ത്ത രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ വളരെ വ്യക്തമായി മനസ്സിലാക്കുന്നു, ചര്‍ച്ച ചെയ്യുന്നു. വലിയ ധനതത്വത്തിന്റെ കണക്കുകള്‍ നിരത്താതെ, ബുദ്ധിജീവി ജാടകള്‍ ഇല്ലാതെ. ഒരു പക്ഷെ ഓരോ അമേരിക്കക്കാരനും ഇന്ന് തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കുന്നുണ്ടാവാം. അതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്ന കോര്‍പറേറ്റ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും ആണ് ഇന്ന് സാധാരണക്കാരനെ തെരുവില്‍ ഇറക്കിയത്.

സയ്യദിനെ പോലെ പാവപ്പെട്ടവരും അധ്വാനിക്കുന്നവരും എല്ലാം അറിയുന്നുണ്ട്, എല്ലാത്തിനെയും പറ്റി പറയുന്നുണ്ട് എന്ന തിരിച്ചറിവ് കുത്തക മുതലാളിമാര്‍ക്കും ഭരണകൂടത്തിനും എത്രയും പെട്ടെന്നുണ്ടാകുന്നുവോ അത്രയും നല്ലത്.

*****


ഡോ. വിനോദ് ജനാര്‍ദ്ദനന്‍, കടപ്പാട് : ജനയുഗം

(ഐക്യരാഷ്ട്ര സഭ, ബി ബി സി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍ ഇപ്പോള്‍ അമേരിക്കയില്‍ സ്വതന്ത്ര മാധ്യമ, രാഷ്ട്രീയ ഗവേഷകനാണ്.)

Saturday, October 29, 2011

കേരളത്തിന്റെ നവോത്ഥാന ശില്‍പ്പി

ഇന്ന് വാഗ്ഭടാനന്ദന്റെ എഴുപത്തിരണ്ടാമത് ചരമ വാർഷികദിനം

പണിയെടുക്കാതെ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നവര്‍ കൊല്ലും കൊലയും നടത്തി സൃഷ്ടിച്ച രാജനീതിക്കെതിരെ പണിയാളരുടെ പടയണി ഉയരുന്ന കാലത്താണ് മലയാളികളുടെ വിചാരവിപ്ലവത്തിന് വാഗ്ഭടാനന്ദന്‍ തിരികൊളുത്തിയത്. 54 കൊല്ലം നിറഞ്ഞുകത്തിയ പ്രകാശപൂര്‍ണമായ ആ ജീവിതം 1939 ഒക്ടോബര്‍ 29ന് അവസാനിച്ചു. ആത്മീയവും മതപരവുമായ നവീകരണ പ്രവര്‍ത്തനങ്ങളെയും നവോത്ഥാന പ്രസ്ഥാനത്തെയും സ്വാതന്ത്ര്യസമരവുമായി സമന്വയിപ്പിച്ച് ജീവിതത്തിന് ദിശാബോധം നല്‍കിയ പ്രതിഭാശാലിയായിരുന്നു ആ ഗുരു.

പണ്ഡിതനും പ്രഭാഷകനും അധ്യാപകനും പത്രാധിപരുമായിരുന്ന വാഗ്ഭടാനന്ദന്‍ കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് വയലേരി തറവാട്ടില്‍ 1885 ലാണ് ജനിച്ചത്. ചെറുപ്പത്തിലേ ഹിന്ദുമത ഗ്രന്ഥങ്ങളിലും തത്വശാസ്ത്രത്തിലും തല്‍പ്പരനായിരുന്നു. 1906ല്‍ കീഴ്ജാതിക്കാര്‍ക്കും ദരിദ്രര്‍ക്കുമായി കോഴിക്കോട്ടെ കാരപ്പറമ്പില്‍ തത്വപ്രകാശിക എന്ന വിദ്യാലയം സ്ഥാപിച്ച വാഗ്ഭടാനന്ദന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ബ്രഹ്മാനന്ദ ശിവയോഗിയുമായുള്ള കൂടിക്കാഴ്ചയാണ്. അദ്ദേഹമാണ് വാഗ്ഭടാനന്ദനെന്ന പേര് നല്‍കിയത്. പിന്നീട് ശിവയോഗിയുമായി അകന്ന വാഗ്ഭടാനന്ദന്‍ കേരളമെങ്ങും മതാന്ധതയ്ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രഭാഷണങ്ങളുമായി സഞ്ചരിച്ചു. 1917 ല്‍ ആത്മവിദ്യാസംഘം രൂപീകരിച്ചു. "അഭിനവ കേരളം", "ആത്മവിദ്യാകാഹളം", "ശിവയോഗി വിലാസം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

സാമൂഹ്യപരിവര്‍ത്തനത്തിന്റെ സന്ദേശമുയര്‍ത്തിയ പ്രഭാഷണങ്ങളും പ്രവര്‍ത്തനങ്ങളുമായി മംഗലാപുരംമുതല്‍ മദിരാശിവരെ നിറഞ്ഞുനിന്ന വാഗ്ഭടാനന്ദന്‍ സംസ്കൃതം, ആയുര്‍വേദം, ജ്യോതിശാസ്ത്രം, സംഗീതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സമഗ്ര വിപ്ലവത്തിന് നേതൃത്വം നല്‍കി. ജാതിവ്യവസ്ഥയ്ക്കും അന്ധവിശ്വാസത്തിനും അനാചാരത്തിനും വിഗ്രഹാരാധനയ്ക്കുമെതിരായ പോരാട്ടത്തിന്റെ സന്ദേശമാണ് വാഗ്ഭടാനന്ദന്‍ ഉയര്‍ത്തിയത്. പൂജാദികര്‍മങ്ങള്‍ അര്‍ഥശൂന്യമാണെന്ന് ആ അദ്വൈതി പ്രഖ്യാപിച്ചു. ആലുവ ശിവരാത്രി ദിനത്തില്‍ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ മതസമ്മേളനം നടക്കുകയുണ്ടായി. വിഗ്രാഹാരാധനയെ അനുകൂലിച്ച് ശ്രീനാരായണ ശിഷ്യനായ ശിവപ്രസാദനും എതിര്‍ത്ത് വാഗ്ഭടാനന്ദനും സംസാരിച്ചു. വിജ്ഞര്‍ക്ക് വാഗ്ഭടാനന്ദന്റെയും അജ്ഞര്‍ക്ക് ശിവപ്രസാദന്റെയും പ്രസംഗമാണ് ശരിയെന്ന് നാരായണഗുരു പറഞ്ഞു.

പലരും ഖദറുപേക്ഷിച്ച് കാഷായ വസ്ത്രമണിയാന്‍ മത്സരിക്കുന്ന ഇക്കാലത്ത് ഒരു വ്യാഴവട്ടക്കാലം ധരിച്ച കാഷായം ഉപേക്ഷിച്ച് ഖദര്‍ ധരിച്ചയാളാണ് വാഗ്ഭടാനന്ദന്‍ . ശ്രീനാരായണനും വാഗ്ഭടാനന്ദനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ , "അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്യുന്നത് അദ്വൈത ചിന്തകള്‍ക്കെതിരല്ലേ" എന്ന് വാഗ്ഭടാനന്ദന്‍ ചോദിക്കുകയുണ്ടായി. "ജനങ്ങള്‍ സ്വൈരം തരേണ്ടേ, അവര്‍ക്ക് ക്ഷേത്രം വേണം, പിന്നെ കുറേ ശുചിത്വമെങ്കിലുമുണ്ടാവുമല്ലോ എന്ന് നാമും വിചാരിച്ചു" - എന്ന മറുപടിയാണ് ഗുരു നല്‍കിയത്.

യാത്രയില്‍ ഒരു ക്രൈസ്തവ പണ്ഡിതന്‍ വാഗ്ഭടാനന്ദനുമായി പരിചയപ്പെട്ടു. പുനര്‍ജന്മത്തെക്കുറിച്ച് വാദപ്രതിവാദമായി. പരാജിതനായ പുരോഹിതന്‍ പറഞ്ഞു. "ഈ തോല്‍വി ഞാന്‍ മഹത്തായ വിജയമായി പരിഗണിക്കുന്നു. അങ്ങയുടെ അനുഗ്രഹം ലഭിക്കട്ടെ. നിരന്തരം ഞാന്‍ പഠിക്കും. വരുന്ന കൊല്ലം കാണുമ്പോള്‍ ഞാന്‍ അങ്ങയെ തോല്‍പ്പിക്കും". ഇതിനു മറുപടിയായി വാഗ്ഭടാനന്ദന്‍ പറഞ്ഞു, "എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി പഠിക്കരുത്. പഠിക്കുന്നത് നന്ന്. നിങ്ങളും ഞാനും ഇന്നുള്ള വ്യത്യാസം ഒരു വര്‍ഷം കഴിഞ്ഞാലും ഉണ്ടായിരിക്കും. നിങ്ങള്‍ പഠിക്കുന്ന ഒരു വര്‍ഷം ഞാന്‍ ഉറങ്ങുകയായിരിക്കില്ലല്ലോ. ഞാനും സദാ പഠിച്ചുകൊണ്ടിരിക്കും".

അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശം നിഷേധിച്ച സവര്‍ണ തമ്പ്രാക്കളോടും വാഗ്ഭടാനന്ദന്‍ പ്രതിഷേധിച്ചു. ഹിന്ദുവായി ജനിച്ച ആര്‍ക്കും ക്ഷേത്രത്തില്‍ കയറാന്‍ അവകാശമുണ്ടെന്നും അതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രം അധഃകൃതര്‍ക്ക് തുറന്നുകൊടുക്കാന്‍ ആരംഭിക്കുന്ന പ്രക്ഷോഭത്തെ സാമൂതിരി രാജാവ് കണ്ടില്ലെന്ന് നടിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികളുടെയും കൃഷിക്കാരുടെയും നിലനില്‍പ്പിനായുള്ള അവകാശ പോരാട്ടങ്ങളിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. ഫറോക്കിലെ ഓട്ടുകമ്പനിയില്‍ തൊഴിലാളിയെ തെങ്ങില്‍ വരിഞ്ഞുകെട്ടി തല്ലിക്കൊന്ന സംഭവത്തില്‍ കെ പി ഗോപാലന്‍ ആരംഭിച്ച നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി സംസാരിച്ചതും സമരം വിജയത്തിലെത്തിയപ്പോള്‍ നാരങ്ങാനീര് നല്‍കി നിരാഹാരം അവസാനിപ്പിച്ചതും വാഗ്ഭടാനന്ദനായിരുന്നു.

എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ 1934 ല്‍ കരിവെള്ളൂരില്‍ രൂപീകൃതമായ അഭിനവ ഭാരത് യുവക് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പിന്തുണയുണ്ടായി. സംഘത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആധ്യക്ഷ്യം വഹിച്ച് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ സമരത്തിലും വാഗ്ഭടാനന്ദനുണ്ടായിരുന്നു. നിയമലംഘന സമരങ്ങളില്‍ പങ്കെടുത്തതിന് കലക്ടര്‍ പലപ്പോഴും അദ്ദേഹത്തെ താക്കീതു ചെയ്യുകയുണ്ടായി. മദ്യവിപത്തിനെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി.

അനാചാരങ്ങളുടെ മഹാഖ്യാനങ്ങള്‍ക്ക് തീകൊളുത്തിക്കൊണ്ടാണ് കേരളീയ നവോത്ഥാനം അതിന്റെ ചരിത്രദൗത്യം നിര്‍വഹിച്ചത്. വഴിതടയുന്നവരെ തട്ടിമാറ്റി അയ്യങ്കാളിയും അവര്‍ണരെ പ്രവേശിപ്പിക്കാത്ത അമ്പലങ്ങള്‍ക്ക് തീകൊടുക്കാന്‍ ആഹ്വാനം ചെയ്ത് സഹോദരന്‍ അയ്യപ്പനും പൂണൂല്‍ കത്തിച്ച് അതിന്റെ ചാരം പുരോഹിത പ്രമുഖന് പാഴ്സല്‍ അയച്ചുകൊടുത്ത് ഇ എം എസ് അടക്കമുള്ളവരും കേരളീയ സമൂഹത്തില്‍ തീജ്വാലകളാവുകയായിരുന്നു. അനീതിയോട് ഏറ്റുമുട്ടിയ വാഗ്ഭടാനന്ദന്‍ അക്ഷരാര്‍ഥത്തില്‍ അറിവ് അടിസ്ഥാന ജനവിഭാഗങ്ങളിലെത്തിക്കുകയായിരുന്നു. ഈ ജനാധിപത്യവല്‍ക്കരണമാണ് തുടര്‍ന്നുവന്ന സാമൂഹ്യപ്രസ്ഥാനങ്ങള്‍ സാധ്യമാക്കിയത്.

വാഗ്ഭടാനന്ദനും നവോത്ഥാന പ്രസ്ഥാന നായകരും രൂപപ്പെടുത്തിയ മലയാളിയുടെ ആത്മാഭിമാനത്തിന്റെ പതാക വലിച്ചുതാഴ്ത്താനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. നവോത്ഥാനത്തെ പുനരുദ്ധാനം തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണതകള്‍ ആഗോള മൂലധനത്തിന്റെ അജന്‍ഡകളില്‍ പുതിയ രൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കിയിരുന്ന ഒരു ജനത ആള്‍ദൈവങ്ങളിലും ഉദാരവല്‍കൃത ലോകത്തിന്റെ വര്‍ണനകള്‍ക്കും മുന്നില്‍ അന്ധാളിച്ചുപോകുന്നു. ആധുനികതയുടെ യുക്തിബോധത്തില്‍നിന്ന് ഊര്‍ജം സംഭരിച്ച നവോത്ഥാന പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളാണ് എങ്ങും. ജാതിയും ഉപജാതിയും സംഘടിച്ചു തുടങ്ങിയിരിക്കുന്നു. അനാചാരങ്ങളും മാമൂലുകളും തലപൊക്കുകയായി. നവോത്ഥാന കാലം കുഴിച്ചുമൂടിയിരുന്ന ജീര്‍ണതകള്‍ പൊതുജീവിതത്തിലേക്ക് വര്‍ണപ്പകിട്ടോടെ എഴുന്നള്ളിക്കപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വാഗ്ഭടാനന്ദ ദര്‍ശനങ്ങള്‍ ആകാശം മുട്ടിനില്‍ക്കുന്ന ഓര്‍മപ്പെടുത്തലുകളാണ്.


******


എം സുരേന്ദ്രന്‍, കടപ്പാട് :ദേശാഭിമാനി


അധിക വായനയ്‌ക്ക് : വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും

വികസിത രാജ്യങ്ങളിലെ പ്രക്ഷോഭമുയര്‍ത്തുന്ന രാഷ്ട്രീയ ചോദ്യങ്ങള്‍

ഉപഭോഗാസക്തിക്കെതിരായ ആഡ്ബസ്റ്റേഴ്സ് എന്ന സംഘം ഇന്റര്‍നെറ്റ് വഴി നടത്തിയ ആഹ്വാനത്തെ തുടര്‍ന്ന് പലതരക്കാരായ ആളുകളുടെ ഒരു ഒത്തുചേരലായാണ് സെപ്തംബര്‍ മധ്യത്തില്‍ അമേരിക്കയിലെ പ്രക്ഷോഭം ആരംഭിച്ചത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രസ്ഥാനം അന്ന് അസംതൃപ്തരും ഒരുപക്ഷേ "അറബ് വസന്ത"ത്താല്‍ പ്രചോദിതരുമായ ഒരു ചെറു ന്യൂനപക്ഷത്തിന്റെ പ്രവര്‍ത്തനമായാണ് കാണപ്പെട്ടത്. അത് ഉടനെ തന്നെ ശിഥിലമായി തിരോഭവിക്കുമെന്നും കരുതപ്പെട്ടു. അത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെ ഒരു ശല്യമായേക്കുമെന്ന കാരണത്താല്‍ മാത്രമാണ്; അക്രമാസക്തരാകാവുന്ന അരാജകവാദികള്‍ക്ക് ഒരു വേദിയായി എന്ന നിലയ്ക്ക് വിശേഷിച്ചും. എന്നാല്‍ ഈ പ്രസ്ഥാനം അതിജീവിക്കുകയും ശക്തിപ്പെടുകയും ചെയ്തു എന്നുമാത്രമല്ല ലോകവ്യാപകമായി പടരുകയും ചെയ്തു എന്നതാണ് എല്ലാവരെയും അദ്ഭുതപ്പെടുത്തിയത്. റോമിലെന്ന പോലെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളുമുണ്ടായി. പ്രക്ഷോഭത്തിന്റെ അസംഘടിത സ്വഭാവം അതിന്റെ ദൗര്‍ബല്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പെട്ടെന്നുണ്ടായതാണെങ്കിലും അത് ശക്തിയാര്‍ജിക്കുന്നതും തുടരുന്നതും അതിന്റെ ബലമാണ്. ഇതേ തുടര്‍ന്ന് കോര്‍പറേറ്റ് മൂലധനവും അതിന്റെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ഇത് ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതമായി എന്നത് അത്ഭുതമുളവാക്കുന്നതല്ല. ഈ പ്രസ്ഥാനത്തെ ശ്രദ്ധേയമാക്കുന്നത് അതിന്റെ മുദ്രാവാക്യങ്ങളാണ്.

ധനികരെ വീണ്ടും കൊഴുപ്പിക്കുകയും മറ്റുള്ളവരെ ദരിദ്രരാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കര്‍മാര്‍ക്കും ധനമേലാളന്മാര്‍ക്കും ലഭ്യമായ നീതീകരിക്കാനാത്തത്ര ഭീമമായ "നഷ്ടപരിഹാര"ത്തെയും ധനമൂലധനത്തിന്റെ സാധുതയേയും അത് ചോദ്യം ചെയ്യുന്നു. സമ്പന്നരായ ഒരുശതമാനം ആളുകളിലേക്ക് സാമൂഹ്യ വരുമാനം വഴിതിരിച്ചുവിടുന്നത് വര്‍ധിക്കുമ്പോള്‍(അതില്‍ തന്നെ അതിസമ്പന്നരായ 0.1 ശതമാനം ഏറിയപങ്കും കൈയടക്കുന്നു) മുതലാളിത്തത്തിന്റെ സവിശേഷതയായ വന്‍ അസമത്വത്തെ ഈ പ്രസ്ഥാനം തിരിച്ചറിയുകയും അപലപിക്കുകയും ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജപ്തിക്കെണിയിലാവുകയും തൊഴില്‍രഹിതരാവുകയും ചെയ്തവര്‍ക്ക് ഒരു സഹായവും ലഭിക്കാതിരുന്നപ്പോള്‍ ധനസ്ഥാപനങ്ങള്‍ക്കും "ബാങ്കര്‍മാര്‍ക്കും" ഭീമമായ "ജാമ്യത്തിലെടുക്കല്‍" നടപ്പാക്കിയതിനെതിരെ അവര്‍ അണിനിരക്കുന്നു. ബജറ്റ് പരിമിതികളുടെ പേരില്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യ ഇടപെടലുകളും പെന്‍ഷനുകളും വെട്ടിക്കുറയ്ക്കുകയും സബ്സിഡികള്‍ പിന്‍വലിക്കുകയും അടിസ്ഥാന സാമൂഹ്യ സേവനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ പോലും ധനമാടമ്പിമാര്‍ക്കും കോര്‍പറേറ്റ് മൂലധനത്തിനും കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും മറ്റും അസാധാരണമാം വിധം ഭീമമായ നികുതിയിളവുകള്‍ നല്‍കുന്ന നയം സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിലെ പരാജയത്തെയും ഇത് "വേണ്ടത്ര കഴിവില്ലാത്ത" ചിലരുടെ അനിവാര്യ വിധിയാണെന്ന വാദത്തെയും അവര്‍ ചോദ്യം ചെയ്യുന്നു. ഈ മുദ്രാവാക്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതായ ഗുണാത്മകമായ നിരവധി വശങ്ങളുണ്ട്.

ആധുനിക സമൂഹങ്ങള്‍ക്ക് ലഭ്യമായ ഏക സാമൂഹ്യ-സാമ്പത്തിക ക്രമം ഏതെങ്കിലും തരത്തിലുള്ള മുതലാളിത്തമാണെന്ന വീക്ഷണത്തിന് വ്യക്തമായ വിമര്‍ശമൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും മുതലാളിത്ത ചലനാത്മകതയുടെ പരിണതഫലങ്ങള്‍ സ്വീകാര്യമല്ലെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. വിജയകരമായി സമ്പത്താര്‍ജിക്കുന്നത് സ്വയമേവ നീതീകരിക്കുന്നു എന്ന വാദമുയര്‍ത്തി പ്രകടമായും അനധികൃത മാര്‍ഗങ്ങളിലൂടെ മൂലധനം കുന്നുകൂട്ടുന്നതിന് നിയമസാധുത നല്‍കുന്നതിനെ അവര്‍ തള്ളിക്കളയുന്നു. അവര്‍ എതിര്‍ക്കുന്നത് ഭരണകൂടത്തിന്റെ സാന്നിധ്യത്തെയും പ്രവര്‍ത്തനത്തെയുമല്ല(മുമ്പ് വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം എതിര്‍ത്തത് അവയാണ്); മറിച്ച് ഭരണകൂടത്തെ വന്‍കിട കോര്‍പറേഷനുകളും അതിസമ്പന്നരും കൈയടക്കുന്നതിനെയാണ്. നൊബേല്‍ പുരസ്കാര ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് വിശേഷിപ്പിച്ചതുപോലെ, രണ്ടാം ലോകയുദ്ധാനന്തര "സുവര്‍ണ യുഗത്തിലെ" മുതലാളിത്തത്തിന്റെ സവിശേഷതയായ ക്ഷേമരാഷ്ട്രത്തെ കോര്‍പറേറ്റ് ക്ഷേമരാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിനെയാണ്.

ഇപ്പറഞ്ഞ വശങ്ങളൊക്കെയുണ്ടെങ്കിലും മാര്‍ക്സിസ്റ്റ് ധാരയിലുള്ളവരെല്ലാം, ഒരു പ്രസ്ഥാനമെന്നതിലുപരി ഒരു പ്രതിഷേധമായ ഇതിന്റെ ചില പരിമിതികളില്‍ അല്‍പം നിരാശരാവും. ഇതിന് നിരവധി കാരണങ്ങളുണ്ട്. ഒരു വ്യവസ്ഥ എന്ന നിലയില്‍ , അരാജകത്വവും പ്രതിസന്ധിയും മുഖമുദ്രയായ, മുതലാളിത്തത്തോടല്ല അതിന്റെ പരിണിത ഫലങ്ങളോടാണ് ഈ കലാപത്തിന്റെ രോഷവും എതിര്‍പ്പും എന്നതാണ് ഒന്നാമത്തെ കാര്യം. പ്രതീകാത്മക രൂപത്തിലുള്ള നശീകരണമല്ലാതെ സ്വകാര്യ സ്വത്തിനെ താത്വികമായി ചോദ്യചെയ്യുന്നില്ലെന്നതാണ് രണ്ടാമത്തെ കാര്യം. മുതലാളിത്തത്തിന്റെ സവിശേഷതയായ "അരാജകത്വം" ചാക്രിക പ്രതിസന്ധികളിലേക്കും പരിഹാരമില്ലാത്ത തൊഴിലില്ലായ്മയിലേക്കും നയിക്കുമെന്ന വീക്ഷണം ഉയരുന്നത് അത് സ്വകാര്യ സ്വത്തിനെ അടിസ്ഥാനമാക്കിയുള്ളതായതിനാലും ഭിന്നമായ തീരുമാനമെടുക്കലുകളാല്‍ നയിക്കപ്പെടുന്നതിനാലുമാണെന്നത് കാണാതെ പോവുന്നു.

മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, വ്യക്തികളായ മുതലാളിമാര്‍ നിക്ഷേപ തീരുമാനങ്ങളെടുക്കുന്നത് ഉരുത്തിരിയുന്ന ഭാവിയെക്കുറിച്ച് ഒരറിവുമില്ലാതെയും മറ്റ് മുതലാളിമാര്‍ എടുക്കാവുന്ന തീരുമാനങ്ങളെ കുറിച്ച് അവ്യക്തമായ നിഗമനങ്ങള്‍ മാത്രം വച്ചുമായതിനാലാണ് വില്‍പനപ്രശ്നം - അധിക ചരക്ക്, മൂല്യവും പണവും മൂലധനവുമായി പരിവര്‍ത്തിപ്പിക്കുന്നതിലെ കഴിവുകേട് - ഉയരുന്നത്. അവസാനമായി, ഈ പ്രതിഷേധത്തിന് വ്യവസ്ഥയെ മറികടക്കാനുള്ള പ്രകടമായ അഭിലാഷത്തിന്റെ അഭാവമുണ്ട്. അതിനാല്‍ മുതലാളിത്തത്തിന്റെ സവിശേഷമായ ദുരന്തഫലങ്ങളെയും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന അതിന്റെ സ്വഭാവത്തെയും മറികടക്കാനാവശ്യമായ ബദല്‍ സാമ്പത്തിക വ്യവസ്ഥയുടെയും സമൂഹത്തിന്റെയും നിര്‍ണായക വശങ്ങള്‍ സംബന്ധിച്ച് അവ്യക്തമായി പോലും ഒരു ധാരണയുമില്ല. അതിനാല്‍ ധനത്തെ അസാധുവാക്കുന്നതിനും ഭരണകൂടം സമൂഹത്തില്‍ ഇടപെടുന്ന രീതിയില്‍ നീതിയുടെ തരിമ്പെങ്കിലും ഉറപ്പുവരുത്താനും ജനമുന്നേറ്റത്തിന് കഴിഞ്ഞാലും മുതലാളിത്തം തന്നെ വെല്ലുവിളിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ഉടനെ മാറ്റം ഉറപ്പുവരുത്താന്‍ അതിന് കഴിയില്ല. സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യത്തിലുള്ള സംശയങ്ങള്‍ക്ക് ഈ അടിസ്ഥാനങ്ങളുള്ളപ്പോഴും വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലും അതിന്റെ പൊടിപ്പുകളിലും അന്തര്‍ലീനമായ രാഷ്ട്രീയ മുന്നേറ്റം അംഗീകരിക്കപ്പെടേണ്ടതുണ്ട്.

അറബ് വസന്തത്താല്‍ പ്രചോദിതമായതാണെങ്കില്‍ പോലും ഈ പ്രസ്ഥാനങ്ങളുണ്ടായത് ലോകത്തിലെ അല്‍പവികസിത രാജ്യങ്ങളിലോ അവികസിത രാജ്യങ്ങളിലോ അല്ല, വികസിത രാജ്യങ്ങളിലാണ് എന്നത് ശ്രദ്ധിക്കുക. വികസിത രാജ്യങ്ങളില്‍ തന്നെ, കലാപത്തിന്റെ ആദ്യ സൂചനകള്‍ കണ്ടത് സ്പെയിന്‍ പോലുള്ള രാജ്യങ്ങളിലായിരുന്നെങ്കിലും ഇപ്പോള്‍ പ്രക്ഷോഭം കേന്ദ്രീകരിച്ചിരിക്കുന്നത് മുതലാളിത്തം കൂടുതല്‍ പുരോഗതി നേടിയ മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളില്‍ , വിശേഷിച്ച് ആഗോള ധനകേന്ദ്രങ്ങളായ ന്യൂയോര്‍ക്കിലും ലണ്ടനിലും ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. ആധുനിക മുതലാളിത്തം തൊഴിലാളിവര്‍ഗ പ്രക്ഷോഭങ്ങളെ ഗണ്യമായി ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഭാഗികമായി അത് തൊഴിലാളികളുടെ കൂട്ടത്തെ ഒന്നിപ്പിക്കുന്ന തൊഴിലന്തരീക്ഷം കുറഞ്ഞു എന്നതിനാലാണ്. സ്ഥിരമല്ലാത്ത തൊഴിലും ഭീമമായ തൊഴിലില്ലായ്മയും തൊഴില്‍സേനയില്‍ സംഘടിതവും യൂണിയനുകളുള്ളതുമായ തൊഴിലാളികളുടെ അനുപാതം കുറച്ചു എന്നതാണ് മറ്റൊരു കാരണം.

ഇത് സംഭവിക്കുന്നത് മുതലാളിത്തത്തിന്റെ അനിവാര്യമായ ചലനനിയമങ്ങളുടെ ഫലമായിട്ടായിരിക്കുമ്പോള്‍ തന്നെ, തൊഴിലാളിവര്‍ഗത്തെ ദുര്‍ബലമാക്കുന്നതും അതിന്റെ അനുഭവത്തിന്റെയും നേതൃത്വത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപിക്കാവുന്ന ഒരു പ്രത്യയശാസ്ത്രത്തിനുള്ള സാധ്യതകള്‍ തകര്‍ക്കുകയും ചെയ്യുന്ന രണ്ട് പ്രധാന സംഭവവികാസങ്ങളുടെ ഇടപെടലുണ്ട്.1960കളിലെ പ്രതിസന്ധിയോടുള്ള പ്രതികരണമായി തൊഴിലാളിവര്‍ഗത്തിന്റെ നേര്‍ക്ക് റീഗന്‍ -താച്ചര്‍ കടന്നാക്രമണം പ്രതിനിധാനം ചെയ്ത വര്‍ഗ പദ്ധതിയാണ് ആദ്യത്തേത്. ഇംഗ്ലണ്ടില്‍ കല്‍ക്കരിഖനി തൊഴിലാളികള്‍ക്ക് നേര്‍ക്ക് മാര്‍ഗരറ്റ് താച്ചറുടെ ഭരണത്തിലുണ്ടായ ആക്രമണമാണ് വര്‍ഗ ഏകീകരണത്തിന്റെ ഈ പുതിയ ഘട്ടത്തെ ദൃഷ്ടാന്തീകരിക്കുന്നത്. വലിയ രാജ്യങ്ങളായ ഇന്ത്യയും ചൈനയുമടക്കം ഗണ്യമായ തോതില്‍ അധിക തൊഴില്‍സേനയുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തികാതിര്‍ത്തികള്‍ വിദേശനിക്ഷേപത്തിന് വേണ്ടി തുറന്നിടുന്നതിലേക്ക് നയിച്ച നവ ഉദാരവാദത്തിലേക്കുള്ള പ്രതിയശാസ്ത്ര മാറ്റമാണ് ഈ "രാഷ്ട്രീയ" പ്രവണതയ്ക്ക് വഴിയൊരുക്കിയത്. ഇതിന്റെ ഫലമായി സാമ്രാജ്യത്വ മൂലധനത്തിന് ലോകത്തെ കൂലികുറഞ്ഞ തൊഴിലാളികളുടെ മൊത്തം കരുതല്‍സേനയെ ലഭ്യമായത് വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗത്തിന്റെ വിധിയെഴുതി.

മൂലധനം ചരക്കുകളുടെ ഉല്‍പാദനവും സേവനങ്ങള്‍ പോലും അല്‍പവികസിത രാജ്യങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ വികസിത രാജ്യങ്ങളിലെ തൊഴിലാളികളുടെ ശക്തി ഗണ്യമായി ചോര്‍ത്തപ്പെട്ടു. ഇതിനുപുറമെയാണ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലും യഥാര്‍ഥത്തിലുണ്ടായിരുന്ന സോഷ്യലിസത്തിന്റെ തകര്‍ച്ചയും ചൈന സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ നടപ്പാക്കാനാരാംഭിച്ചതും ഏല്‍പിച്ച പ്രത്യയശാസ്ത്ര പ്രഹരം. കമ്യൂണിസ്റ്റ് ബദലിലേക്ക് പരിവര്‍ത്തനം ചെയ്യുകയായിരുന്ന സമ്പദ്‌വ്യവസ്ഥകളുടെ, യഥാര്‍ഥത്തില്‍ നിലവിലുണ്ടായിരുന്ന, പതിപ്പുകള്‍ തിരോഭവിക്കുകയോ അവയ്ക്ക് സാധുത നഷ്ടപ്പെടുകയോ ചെയ്തതോടെ മുതലാളിത്തത്തിന് ബദലില്ലെന്ന വാദത്തിന് വേരുപിടിച്ചു. അതിന്റെ വക്താക്കള്‍ "ചരിത്രത്തിന്റെ അന്ത്യം" പോലും പ്രഖ്യാപിച്ചു.1960കളുടെ രണ്ടാം പകുതിയിലെ പ്രതിഷേധങ്ങളുടെ ഇടക്കാലത്തിന് ശേഷം ഇത് വിപ്ലവശ്രമങ്ങളുടെ ശ്രദ്ധാകേന്ദ്രം നിര്‍ണായകമായും മൂന്നാംലോകത്തേക്ക് തിരിഞ്ഞതായി ചില നിരീക്ഷകര്‍ വിശ്വസിക്കുന്നതിനിടയാക്കി. ഈ പശ്ചാത്തലത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കുള്ള മടക്കത്തിന്റെ ഏത് സൂചനയും തീര്‍ച്ചയായും സോഷ്യലിസ്റ്റ് പ്രതീക്ഷയുണര്‍ത്തുന്നതാണ്.

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭത്തില്‍ ഏറ്റവും ആവേശകരമായ കാര്യം പ്രസ്ഥാനത്തിന്റെ പ്രതിഷേധം പൊതുവില്‍ മൂലധനത്തിനും വിശേഷിച്ച് ധനമൂലധനത്തിനും നേര്‍ക്കുള്ളതാണ് എന്നതാണ്. ഇതിനെ ഭരണകൂടത്തിന് നേര്‍ക്കുള്ളതും മൂലധനത്തെ ലക്ഷ്യമിടാത്തതുമായ ഗണ്യമായ പൗരസമൂഹ പ്രക്ഷോഭങ്ങളുമായി താരതമ്യം ചെയ്യേണ്ടതാണ്. ഇവിടെ ഭരണകൂടവും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രധാനമായും മൂലധനത്തെ സഹായിക്കുന്നതിന്റെ പേരിലാണ്. അല്ലാതെ വലതുപക്ഷ ടീപാര്‍ടി പ്രസ്ഥാനം ചെയ്തതുപോലെ ഭരണകൂട ഇടപെടലിന് എതിരായല്ല. ഈ മൂലധന വിരുദ്ധ അന്തരീക്ഷം ഉയര്‍ന്നുവന്നത് ഈ പ്രസ്ഥാനത്തിന് ഉദയം നല്‍കിയ സാഹചര്യങ്ങള്‍ മൂലമാണ്.

1930കളിലെ മഹാമാന്ദ്യം മാറ്റിവച്ചാല്‍ മുതലാളിത്തം തീര്‍ച്ചയായും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ പ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയപ്പോഴല്ല ഈ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. മറിച്ച് പുതിയ പ്രതിസന്ധി ആവിര്‍ഭവിച്ച് നാലുവര്‍ഷത്തിന് ശേഷം, ഭരണകൂടത്തിന്റെ ഭീമമായ ജാമ്യത്തിലെടുക്കല്‍ നടപടികളും ഉത്തേജന പദ്ധതികളും സാമ്പത്തിക തകര്‍ച്ച തടഞ്ഞ് വീണ്ടും വളര്‍ച്ചയ്ക്കിടയാക്കുമെന്ന വിശ്വാസം നഷ്ടപ്പെട്ടപ്പോഴാണ്. പ്രതിസന്ധി മൂര്‍ഛിക്കാനുള്ള സാധ്യതയാണ് കാണപ്പെടുന്നത്. അതിനാല്‍ മുതലാളിത്തത്തിന് യഥാര്‍ഥത്തില്‍ അതിന്റെ സാമ്പത്തിക സാധുത നഷ്ടപ്പെട്ട വേളയിലുയര്‍ന്ന പ്രക്ഷോഭം അതിന് മുതലാളിത്ത വിരുദ്ധ സ്വാഭാവം നല്‍കുന്നുണ്ട്. കൂടാതെ പ്രതിസന്ധി നേരിടാന്‍ വന്‍തോതില്‍ ഒഴുക്കിയ വിഭവങ്ങള്‍ പ്രധാനമായും പ്രതിസന്ധിക്ക് ഉത്തരവാദികളായവരെ കൊഴുപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ പ്രതിസന്ധിക്ക് ഉത്തരവാദികളല്ലാതിരുന്നിട്ടും അതിന്റെ ദുരിതം പേറേണ്ടിവന്നവര്‍ ഇപ്പോഴും അതിന്റെ ഏറ്റവും മോശമായ ഫലങ്ങള്‍ അനുഭവിക്കുകയാണ്. പ്രക്ഷോഭം ഇങ്ങിനെമാത്രം പോര എന്നത് പറയേണ്ടതില്ല. പ്രാഥമികമായും മുതലാളിത്ത വിരുദ്ധമായി ആരംഭിച്ച് പടരുന്ന പ്രക്ഷോഭം ധനമൂലധത്തിന്റെ പ്രതാപത്തെയും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടത്തെയും നേരിടാനുള്ള കരുത്ത് നേടണം. അതിന് യഥാര്‍ത്ഥത്തില്‍ വാള്‍സ്ട്രീറ്റ്-ട്രഷറി(അമേരിക്കന്‍ ധനവകുപ്പ്) കൂട്ടുകെട്ടിന്റെ ശക്തിയെ മറികടക്കാനാവണം. അതിന് കൂടുതല്‍ വിപുലമായ ഏകോപനവും സംഘടനാ രൂപവും അതിനെല്ലാമുപരി കേവല രോഷത്തിനപ്പുറം ഒരു പരിപാടിയും കണ്ടെത്തണം.

"എന്തു ചെയ്യണം" എന്നകാര്യത്തില്‍ അതിന് പ്രയോഗക്ഷമമായ ഒരാശയം വേണം. അല്ലെങ്കില്‍ അവ യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികള്‍ പോലെ നിലവിലെ മധ്യ ഇടതുസംഘടനകളിലെ വിപ്ലവകാരികളായ വിഭാഗങ്ങളെ ഉത്തേജിപ്പിക്കുകയും അവയെ ശക്തിപ്പെടുത്തി സോഷ്യല്‍ ഡെമോക്രസിയുടെ ജീര്‍ണ രൂപത്തിലേക്കുള്ള മടക്കം തടയുകയും വേണം. അത് സംഭവിച്ചില്ലെങ്കില്‍ പ്രസ്ഥാനം ശിഥിലമാവുകയും മറ്റ് താല്‍പര്യങ്ങളുള്ളവരുടെ ചൂഷണത്തിനിരയാവുക പോലും ചെയ്യും. അറബ് വസന്തത്തിന് ശേഷം, പ്രക്ഷോഭം അവസാനിച്ചിടത്ത് നിന്ന് നേതൃത്വം കൈയടക്കാന്‍ മൗലികവാദികളും സൈന്യത്തിലെ ദുഷ്ടശക്തികളും ശ്രമിക്കുന്ന ഈജിപ്തിലെ സംഭവവികാസങ്ങള്‍ ശക്തമായ ഒരു നങ്കൂരമില്ലാത്ത പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പാതയിലെ അപകടങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണ്.

*****


സി പി ചന്ദ്രശേഖര്‍, കടപ്പാട് :ദേശാഭിമാനി വാരിക

Friday, October 28, 2011

പൊതുമേഖലാ ബാങ്കുകള്‍ - ജര്‍മനിയില്‍ നിന്ന് പഠിക്കേണ്ട പാഠങ്ങള്‍

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ ജര്‍മന്‍ സമ്പദ്ഘടനയെ പോഷിപ്പിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ നിര്‍ണായക പങ്കു വഹിച്ചു. കഴിഞ്ഞ പതിറ്റാണ്ടില്‍ പരിമിതമായി സ്വകാര്യവല്‍കരണത്തിന് വിധേയമാകുമ്പോഴും പൊതുമേഖലയുടെ പ്രസക്തി ഉയര്‍ത്തി പിടിക്കുന്നതില്‍ ജര്‍മ്മന്‍ പൊതുമേഖലാബാങ്കുകള്‍ ക്രിയാത്മകമായി ഇടപെട്ടു. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറിയ സാഹചര്യത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രസക്തി വളരെ വലുതാണ്. ബാങ്കുകള്‍ പൊതുഉടമയില്‍ ആയിരിക്കണം എന്നും സമൂഹത്തിന്റെ സമഗ്രപുരോഗതി ഉറപ്പുവരുത്താന്‍ സ്വകാര്യ മേഖലക്ക് സാധിക്കില്ല എന്നതും അനുഭവം.

2010 മെയ് മാസത്തിലെ The Economist മാസികയില്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം വിശദമായി വിലയിരുത്തുന്നുണ്ട്. ആ രാജ്യങ്ങളിലൊന്നും ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ബാങ്കുകള്‍ ഒന്നും തകര്‍ന്നില്ല. അമേരിക്കയില്‍ പൊതുമേഖലാബാങ്ക് നോര്‍ത്ത് ഡക്കോട്ടയില്‍ മാത്രമാണുള്ളത്. അമേരിക്കയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നോര്‍ത്ത് ഡക്കോട്ടയില്‍ തൊഴിലില്ലായ്മാനിരക്ക് തീരെ കുറവാണ്. മാത്രമല്ല വര്‍ഷങ്ങളായി മിച്ചബജറ്റാണ് നോര്‍ത്ത് ഡക്കോട്ടയില്‍. ഈ വിജയത്തിന് പിന്നില്‍ പൊതുമേഖലാബാങ്ക് തന്നെയാണ്.

യൂറോപ്പില്‍ ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലവില്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് ജര്‍മ്മനിയില്‍. പൊതുഉടമയില്‍ 11 പ്രാദേശിക ബാങ്കുകളും (Regional Public Banks) ആയിരക്കണക്കിന് സേവിംഗ്സ് ബാങ്കുകളും ജര്‍മനിയില്‍ പ്രവര്‍ത്തിക്കുന്നു. യൂറോസോണില്‍പെട്ട രാജ്യങ്ങളില്‍ സാമ്പത്തികസ്ഥിതി മെച്ചം ജര്‍മ്മനിയില്‍ തന്നെയാണ്. ഉല്പാദനമേഖല ജി.ഡി.പി.യുടെ 25 ശതമാനം. ബ്രിട്ടണില്‍ ഉല്പാദനമേഖലയുടെ പങ്ക് ഇതില്‍ പകുതിയാണ്. സാമ്പത്തിക പ്രതിസന്ധി സാര്‍വദേശീയമായി വ്യാപിക്കുമ്പോള്‍ ജര്‍മനിയിലെ തൊഴിലില്ലായ്മ 6.8 ശതമാനം. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

1999ല്‍ ജര്‍മനിയിലെ ബാങ്കിംഗ് മേഖലയില്‍ 20 ശതമാനം സ്വകാര്യബാങ്കുകള്‍ ആയിരുന്നു. ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 40 ശതമാനം. രണ്ടാം ലോകമഹായുദ്ധത്തിലെ തകര്‍ച്ചകള്‍ക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ യൂറോപ്പിലെ സാമ്പത്തിക ശക്തിയായി മാറാന്‍ ജര്‍മനിക്ക് കഴിഞ്ഞു. 1947 ല്‍ ജര്‍മനിയിലെ വ്യാവസായിക ഉല്പാദനം 1938 ലെ ഉല്പാദനത്തിന്റെ മൂന്നിലൊന്നായി കുറഞ്ഞു. 2003ല്‍ എത്തുമ്പോള്‍ ഒരു പ്രധാനകയറ്റുമതി രാജ്യമായി മാറാന്‍ ജര്‍മനിക്ക് സാധിച്ചു. ഉന്നതനിലവാരം പുലര്‍ത്തുന്ന ഓട്ടോമൊബൈല്‍സ്, യന്ത്രഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ് തുടങ്ങിയ ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ തുടങ്ങി. 2010 ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ ലോകരാജ്യങ്ങള്‍ എരിപിരി കൊള്ളുമ്പോള്‍ ജര്‍മനി 3.6 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി.

സാമ്പത്തികരംഗത്തിന്റെ വളര്‍ച്ച സൂക്ഷ്മമായി പരിശോധിച്ചാല്‍ ശക്തമായ പൊതുമേഖലാ സംവിധാനം നിലനിര്‍ത്തിയതുകൊണ്ടാണ് സാമ്പത്തിക വളര്‍ച്ച സാധ്യമായതെന്ന് ആര്‍ക്കും ബോദ്ധ്യപ്പെടും. സ്വകാര്യലാഭത്തേക്കാള്‍ സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പൊതുമേഖലബാങ്കുകള്‍ ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രധാനപങ്കു വഹിച്ചു. ഉല്പാദനം വര്‍ധിപ്പിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അനുയോജ്യമായ പദ്ധതികള്‍ പൊതുമേഖലാബാങ്കുകള്‍ ആത്മാര്‍ത്ഥമായി നടപ്പിലാക്കി. സാധാരണക്കാരുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സമാഹരിക്കാനും അവര്‍ക്ക് ആവശ്യമായ വായ്പകള്‍ യഥേഷ്ടം നല്‍കാനും സേവിംഗ്സ് ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇത്തരം ബാങ്കുകള്‍ രൂപീകൃതമായത്. 1778ല്‍ Hamberg ല്‍ ഏതാനും കച്ചവടക്കാരാണ് ആദ്യത്തെ Savings Bankന് തുടക്കം കുറിച്ചത്. പൊതുഉടമയില്‍ ആദ്യത്തെ സേവിംഗ്സ് ബാങ്ക് 1801 ല്‍ Geottungen ല്‍ ആരംഭിച്ചു. ജനങ്ങളുടെ സഹകരണം കൊണ്ട് പൊതുഉടമയില്‍ ഇത്തരം ബാങ്കുകള്‍ 1850ല്‍ 630 ആയിരുന്നത് 1903 ആകുമ്പോള്‍ 2834 ആയി ഉയര്‍ന്നു. ഇന്ന് ജര്‍മ്മനിയില്‍ പൊതുഉടമയില്‍ 15600 ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.

യൂറോപ്യന്‍ യൂനിയനും, അന്താരാഷ്ട്രധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാബാങ്കിംഗ് അലര്‍ജിയാണ്. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന് അവര്‍ നിര്‍ബന്ധിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ നാഴികമണി പിറകോട്ട് തിരിക്കാന്‍ ശ്രമം നടത്തി. 1999ന് ശേഷം ബാങ്കിംഗ് രംഗം ദിശമാറി ഒഴുകാന്‍ തുടങ്ങി. സ്വകാര്യബാങ്കുകള്‍ വര്‍ധിക്കുകയും തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് നിഷ്ക്രിയ ആസ്തി പെരുകുകയും ചെയ്തു. എന്നാല്‍ പരമാവധി നിയന്ത്രണം ഏര്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ജര്‍മനിയില്‍ സ്വകാര്യബാങ്കുകളുടെ സ്വാധീനം 28.4 ശതമാനം. മത്സരം വളര്‍ത്താന്‍ സ്വകാര്യബാങ്കുകളെ പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്രനാണയനിധി (IMF) സജീവമായി രംഗത്തുണ്ട്. ഇത്തരം നടപടികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങാത്തതുകൊണ്ടാണ് ജര്‍മനിക്ക് പിടിച്ചു നില്‍കാന്‍ സാധിക്കുന്നത്.

അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് യുദ്ധക്കളമായി മാറുകയാണ്. ശക്തമായ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം നിലനിന്നിരുന്നുവെങ്കില്‍ ഇന്നത്തെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പോറലുകള്‍ ഏല്‍ക്കാതിരുന്നത് ശക്തമായ പൊതുമേഖലാബാങ്കിംഗ് സംവിധാനം നിലനിന്നതു കൊണ്ടാണെന്ന് ആണയിടുന്ന യു.പി.ഏ. സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് പുതിയ ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കാനും ബാങ്കിംഗ് നിയമഭേദഗതിയിലൂടെ ബാങ്കിംഗ് മേഖല ദേശവിദേശ കുത്തകകള്‍ക്ക് തീറെഴുതാനും ഒരുങ്ങുകയാണ്. മുഴുവന്‍ ഇന്ത്യക്കാരും പ്രതിഷേധം ഉയര്‍ത്തേണ്ട ഒരു വിഷയമാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നമ്മുടെ ഭരണാധികാരികള്‍ ഒരു പാഠവും പഠിച്ചില്ല എന്നാണ് അവരുടെ ചെയ്തികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും പോരാട്ടം ശക്തിപ്പെടുത്തുക.



*****



കെ.ജി.സുധാകരന്‍ കരിവെള്ളൂര്‍

ചെറുകാട്: കാലത്തിന്റെ സര്‍ഗാത്മക ശക്തി

ഇന്ന് ചെറുകാടിന്റെ മുപ്പത്തിഅഞ്ചാമത് ചരമ വാർഷിക ദിനം

1976ന് മുമ്പുള്ള ഏകദേശം നാല് പതിറ്റാണ്ടുകാലം നിര്‍ഭയവും രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചോദിതവും സാമൂഹ്യ നിഷ്ഠയുമാര്‍ന്ന സപര്യയിലൂടെ മലയാള സാഹിത്യത്തെ പുരോഗമന വഴിത്താരയിലൂടെ നയിച്ച വിപ്ലവസാഹിത്യകാരനാണ് ചെറുകാട്. വള്ളുവനാടന്‍ മണ്ണിന്റെ വീര്യവും അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യദാഹവും ഇച്ഛാശക്തിയും ചെറുകാടിന്റെ സാഹിത്യകൃതികളില്‍ പ്രതിഫലിക്കുന്നു. അധീശ മേല്‍ക്കോയ്മയ്ക്കും ജാതീയവും വര്‍ഗീയവുമായ അടിച്ചമര്‍ത്തലുകള്‍ക്കും ജന്മിത്ത ചൂഷണത്തിനും വിധേയരായ പാവപ്പെട്ട കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിമോചനത്തിന്റെ പാത തുറന്നുകൊടുത്ത സാമൂഹ്യവും രാഷ്ട്രീയവുമായ വിപ്ലവാശയങ്ങള്‍ നിറഞ്ഞതാണ് ചെറുകാടിന്റെ സാഹിത്യസൃഷ്ടികള്‍ . കമ്യൂണിസ്റ്റ് സാഹിത്യകാരനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച്, നെഞ്ചുവിരിച്ച് തൊഴിലാളികളോടും കൃഷിക്കാരോടും ഒപ്പം നടന്ന ചെറുകാട് തൊഴിലാളിവര്‍ഗത്തിന്റേതായ പുതിയ ജീവിതബോധം ആവിഷ്കരിക്കുകയാണ് തന്റെ കൃതികളിലൂടെ ചെയ്തത്.

ചെറുകാടിന്റെ കൃതികളില്‍ അധ്വാനവര്‍ഗത്തിന്റെ വേദനാജനകമായ ജീവിതചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വര്‍ഗസംഘര്‍ഷത്തിലെ രാഷ്ട്രീയ പരിപ്രേക്ഷ്യം സര്‍ഗാത്മകമായി അവതരിപ്പിക്കാന്‍ ചെറുകാടിന് കഴിഞ്ഞിരുന്നു. രാഷ്ട്രീയം സാഹിത്യകാരന് അന്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി തിരുത്തിക്കുറിച്ച എഴുത്തുകാരനാണ് ചെറുകാട്. രാഷ്ട്രീയം സാഹിത്യകാരന്റെ സര്‍ഗാത്മകശക്തിയെയും വീക്ഷണത്തെയും ചുരുക്കുമെന്ന വലതുപക്ഷ ചിന്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. കവിത, നാടകം, ചെറുകഥ, നോവല്‍ , ആത്മകഥ എന്നീ വിവിധ സാഹിത്യമേഖലകളില്‍ സൂര്യപ്രഭയോടെ പ്രകാശിക്കുന്നതാണ് ചെറുകാടിന്റെ സാഹിത്യലോകം. സമസ്ത ബോധത്തിന്റെ മുള പൊട്ടുന്നവയാണ് ചെറുകാടിന്റെ കവിതകള്‍ . പുതുയുഗത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഉള്‍ച്ചൂട് അദ്ദേഹത്തിന്റെ കവിതകളുടെ ശക്തിയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടപൊരുതിയ ചെറുകാടിന്റെ ആത്മവീര്യം ആ കവിതകളില്‍ പ്രതിഫലിക്കുന്നു. അദ്ദേഹം ജീവിച്ച കാലത്തെ രാഷ്ട്രീയ-സാമൂഹ്യ ജീവിത സമസ്യകളോട് ചടുലമായും സരസമായും ചെറുകാട് പ്രതികരിച്ചത് തന്റെ തുള്ളല്‍കവിതകളിലൂടെയാണ്. മരണപത്രം, മണ്ണിന്റെ മാറില്‍ , ശനിദശ, മരുമകള്‍ , മുത്തശ്ശി, ഭൂപ്രഭു, പ്രമാണി, ദേവലോകം എന്നിവയാണ് ചെറുകാടിന്റെ നോവലുകള്‍ . വള്ളുവനാട്ടിലെ നമ്പൂതിരി ഇല്ലങ്ങളിലെ ആഭ്യന്തര സമരങ്ങളാണ് "മരണപത്ര"ത്തില്‍ പ്രതിപാദിക്കുന്നത്. മണ്ണിനോട് പടവെട്ടി ജീവിക്കുന്ന വള്ളുവനാട്ടിലെ കൃഷിക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് "മണ്ണിന്റെ മാറി"ലെ ഇതിവൃത്തം. ഈ നോവലിന്റെ തുടര്‍ച്ചയാണ് "ഭൂപ്രഭു". സ്വാതന്ത്ര്യസമരകാലത്തിന് ശേഷമുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരികളെ പൊലീസ് നിര്‍ദയം മര്‍ദിക്കുന്ന അനുഭവങ്ങളുടെ ആവിഷ്കാരമാണ് "ശനിദശ". 1959 ലെ വിമോചനസമരമാണ് "ശനിദശ"യ്ക്ക് ആധാരം. "മരുമകള്‍" തകര്‍ന്നുകൊണ്ടിരിക്കുന്ന മരുമക്കത്തായത്തിന്റെ കഥ പറയുന്നു. മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ കഥയാണ് "മുത്തശ്ശി"യില്‍ പ്രതിപാദിക്കുന്നത്.

പുരോഗതിക്ക് വിഘാതമായ ഏതു ശക്തിയോടും കലാപമുയര്‍ത്തുന്ന സാഹിത്യകാരനാണ് ചെറുകാട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇത്തരം കലാപങ്ങളുടെ ചലനാത്മകമായ ഘടകങ്ങളാണ്. മുദ്രമോതിരം, ചൂട്ടല്‍മൂരി, ചെകുത്താന്റെ കൂട് എന്നീ കഥാസമാഹാരങ്ങളില്‍ അധ്യാപകരുടെയും കൃഷിക്കാരുടെയും ജീവിതം യഥാതഥമായി ചിത്രീകരിക്കുന്നു. കൂട്ടുകുടുംബ ജീവിതത്തിന്റെ താളവും താളപ്പിഴകളും ജന്മിത്വത്തിന്റെ നാശവുമെല്ലാം കഥകളില്‍ തീവ്രതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. നമ്മളൊന്ന്, തറവാടിത്തം, മനുഷ്യഹൃദയങ്ങള്‍ , വിശുദ്ധനുണ, കുട്ടിത്തമ്പുരാന്‍ , അണക്കെട്ട് തുടങ്ങിയ ചെറുകാടിന്റെ നാടകങ്ങള്‍ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും വള്ളുവനാടന്‍ കൃഷിക്കാരുടെ മുന്നേറ്റവും മതസൗഹാര്‍ദവും പ്രത്യേകിച്ച് ഹിന്ദു- മുസ്ലിം മൈത്രിയും മാനവികവും വൈകാരികവുമായ തലത്തില്‍ ചെറുകാട് ചിത്രീകരിക്കുന്നു.

ചെറുകാടിന്റെ ആത്മകഥയായ "ജീവിതപ്പാത" സ്വന്തം ജീവിതകഥയേക്കാളേറെ താന്‍ വളര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യ ജീവിത പശ്ചാത്തലത്തിന്റെയും ഒരു സാമൂഹ്യാവ്യവസ്ഥയ്ക്കുവേണ്ടി രാഷ്ട്രീയമായും സര്‍ഗാത്മകമായും നടത്തിയ പോരാട്ടത്തിന്റെയും വികാരതീക്ഷ്ണമായ ആവിഷ്കാരമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രത്യയശാസ്ത്രത്തിന്റെയും ക്രമാനുഗത വളര്‍ച്ചയില്‍ പുരോഗതിയും സംഭാവനകളും ഈ ആത്മകഥയില്‍ വായിച്ചറിയാം. കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ചരിത്രരേഖകൂടിയാണിത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ തുടക്കംമുതല്‍ ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തായിരുന്നു ചെറുകാട്. പുരോഗമന സാഹിത്യ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാഹിത്യവീക്ഷണം എഴുത്തുകാരിലും സമൂഹത്തിലും എത്തിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ അദ്ദേഹം പ്രയത്നിച്ചു. സ്റ്റഡി സര്‍ക്കിളിന്റെ വേദികളില്‍ ചെറുകാടിന്റെ സാന്നിധ്യം ആവേശവും ശക്തിയുമായിരുന്നു. അക്ഷോഭ്യമായ ആ രാഷ്ട്രീയ സാഹിത്യ നിലപാട് പുതിയ തലമുറയ്ക്ക് വെളിച്ചം നല്‍കി. സാഹിത്യ സംബന്ധിയായ ആശയസമരത്തില്‍ ചെറുകാട് മുന്‍പന്തിയില്‍ നിന്നു. അനുഭവങ്ങളുടെയും പ്രത്യയശാസ്ത്രപരമായ ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ ജീവിതത്തില്‍ അധിഷ്ഠിതമായ പുതിയ സാഹിത്യാവബോധം വളര്‍ത്തുകയായിരുന്നു ചെറുകാടിന്റെ ലക്ഷ്യം.

കമ്യൂണിസ്റ്റ് രാഷ്ട്രീയ ദര്‍ശനത്തെ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാക്കി, ആ വെളിച്ചത്തില്‍ പുതിയ സാമൂഹ്യ സൃഷ്ടിക്ക് പ്രേരകമായ സര്‍ഗാത്മകജീവിതമാണ് അദ്ദേഹം നയിച്ചത്. വ്യക്തിപരവും സര്‍ഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊര്‍ജം പുരോഗമന സാഹിത്യപ്രസ്ഥാനം ശരിയായി ഉള്‍ക്കൊള്ളണം. അത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. മുഖംമൂടി ധരിച്ച് രംഗത്തുവരാന്‍ അദ്ദേഹത്തിനറിയില്ല. സ്വന്തം മാളത്തില്‍ വലകെട്ടി അത് തന്റെ സിംഹാസനമാണെന്ന് കരുതി ഊറ്റം കൊള്ളാന്‍ ചെറുകാട് തയ്യാറായില്ല. അദ്ദേഹത്തിന് തനതായ മാളങ്ങളില്ല. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ തുറന്ന ജീവിതത്തില്‍ ചെറുകാട് കൂടുറപ്പിച്ചിരുന്നു. അവിടെ ചെന്നെത്തുന്ന പുതിയ എഴുത്തുകാരെ ആചാര്യന്റെയും ഉത്തമസുഹൃത്തിന്റെയും തെളിഞ്ഞ മനസ്സോടെ വിളിച്ചിരുത്തി സൃഷ്ടിയുടെയും സൃഷ്ടിക്ക് പ്രേരകമായി നിലകൊള്ളുന്ന സാമൂഹ്യ പ്രതിഭാസങ്ങളെയും കുറിച്ച് ഉള്‍ക്കനത്തോടെ അദ്ദേഹം സംസാരിക്കും. അത്തരക്കാരുടെ ഏക "ഷെല്‍ട്ടര്‍" ചെറുകാട് തന്നെ.


*****


എരുമേലി പരമേശ്വരന്‍പിള്ള, ദേശാഭിമാനി 28-10-2011

യുഡിഎഫിന്റെ വിധേയത്വം കേരളത്തിന്റെ നഷ്ടം

കേരളത്തിന് അര്‍ഹമായതൊക്കെ നിഷേധിക്കുന്ന കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും വിധേയത്വമനോഭാവത്തോടെ മൗനംകൊണ്ട് അതൊക്കെ അംഗീകരിച്ചുകൊടുക്കുന്ന കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളുടെ താല്‍പ്പര്യങ്ങളെ തുടരെ ബലികഴിക്കുകയാണ്. അതിശക്തമായി എതിര്‍ക്കേണ്ടതും തിരുത്തിക്കേണ്ടതുമായ നിരവധി നടപടികളാണ് കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടായത്. രാഷ്ട്രീയദാസ്യമനോഭാവത്തോടെ ഇതെല്ലാം അപ്പാടെ വിഴുങ്ങിക്കൊണ്ട് കേന്ദ്രത്തിനുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുകയാണ് യുഡിഎഫ് ഭരണകര്‍ത്താക്കള്‍ . കേരളജനതയുടെ പ്രതിഷേധമറിയിക്കുന്നതിന് രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ തടസ്സമാവുകയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ആപല്‍ക്കരമാണിത്. സ്വാഭാവിക റബറിന്റെ ഇറക്കുമതിച്ചുങ്കം താഴ്ത്തിയാല്‍ അത് കേരളത്തിലെ റബര്‍കര്‍ഷകരുടെ മാത്രമല്ല, കേരളത്തിന്റെ സമ്പദ്ഘടനയുടെതന്നെ താല്‍പ്പര്യങ്ങള്‍ ഹനിക്കും. കര്‍ഷകര്‍ക്ക് ന്യായവില കിട്ടാത്തതുകൊണ്ട് റബര്‍കൃഷി പ്രതിസന്ധിയിലാവും. റബര്‍വില്‍പ്പനയില്‍നിന്ന് ലഭിക്കേണ്ട വില്‍പ്പനനികുതി ഇടിയുന്നതുകൊണ്ട് ഖജനാവ് ശോഷിക്കും. എന്നാല്‍ , റബര്‍ ഇറക്കുമതിച്ചുങ്കം കേന്ദ്രസര്‍ക്കാര്‍ ഇരുപതുശതമാനത്തില്‍നിന്ന് ഏഴരശതമാനമാക്കി കുറച്ചു. ഇതോടെ വിദേശത്തുനിന്ന് സ്വാഭാവികറബര്‍ ഇറക്കുമതിയുടെ മലവെള്ളപ്പാച്ചിലാണ് ഇവിടേക്കുണ്ടായത്. നമ്മുടെ കര്‍ഷകരുടെ റബര്‍ ഇവിടെ കെട്ടിക്കിടന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ പേരിനൊരു പ്രതിഷേധമറിയിക്കാന്‍പോലും തയ്യാറായില്ല. ഇറക്കുമതിച്ചുങ്കം താഴ്ത്തിയതിനുപുറമെയാണ് 40,000 ടണ്‍ സ്വാഭാവിക റബര്‍ ഇറക്കുമതിചെയ്തത്. മുംബൈ കേന്ദ്രമായുള്ള ടയര്‍ വ്യവസായലോബിയുടെ താല്‍പ്പര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കേന്ദ്രം ഇത് ചെയ്തത്. നമ്മുടെ റബര്‍കൃഷിയെ ഹാനികരമായി ബാധിക്കുന്ന ഈ നടപടിക്കെതിരെയും കേരളത്തിലെ സര്‍ക്കാര്‍ ഒരക്ഷരം ഉരിയാടിയിട്ടില്ല. നാലായിരം കോടി രൂപയ്ക്കു മേലെയുള്ള സമഗ്രമായ പദ്ധതിയായാണ് കുട്ടനാട് പാക്കേജ് വിഭാവനം ചെയ്യപ്പെട്ടിരുന്നത്. ഡോ. എം എസ് സ്വാമിനാഥന്‍ റിപ്പോര്‍ട്ടുപ്രകാരം കാര്യങ്ങള്‍ നടക്കണമെങ്കില്‍ ആ പാക്കേജ് തന്നെ വേണം. എന്നാല്‍ , ഇത് വെട്ടിച്ചുരുക്കി ആയിരത്തിച്ചില്വാനം കോടി രൂപയുടേതാക്കി. ഇത് ഇനി ഏത് രൂപത്തില്‍ നടപ്പാവുമെന്നത് കണ്ടറിയണം. അപ്പര്‍ കുട്ടനാടിനായുള്ള 42.5 കോടി രൂപയുടെയും 65 കോടി രൂപയുടെയും പരിപാടികള്‍ പദ്ധതിക്ക് പുറത്തായി. കാര്‍ഷികവികസനത്തിനും പുറംബണ്ടുനിര്‍മാണത്തിനുമുള്ള സമഗ്രപദ്ധതികള്‍ ഉപേക്ഷിക്കപ്പെട്ടു. ഇരുപത്തൊന്ന് പാടശേഖരങ്ങളുടെ ഔട്ടര്‍ബണ്ട് നിര്‍മിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയുണ്ട്; പക്ഷേ സാങ്കേതികാനുമതിയില്ല. കുട്ടനാട് പാക്കേജ് താറുമാറാവുകയാണെന്ന് ചുരുക്കം. നാലായിരം കോടി രൂപയുടെ പദ്ധതി വെട്ടിച്ചുരുക്കി 1242 കോടിയിലാണിപ്പോള്‍ എത്തിനില്‍ക്കുന്നത്. അതിന്റെതന്നെ ഗതി എന്താകുമെന്ന് നിശ്ചയമില്ല. കേന്ദ്രനിലപാടിന്റെ കാര്‍ക്കശ്യംമൂലം അതിരപ്പിള്ളി വൈദ്യുതപദ്ധതി അനിശ്ചിതത്വത്തിലായി. അത് അപ്പാടെ ഉപേക്ഷിച്ചേക്കാമെന്നായി യുപിഎ സര്‍ക്കാര്‍ . 4756 കോടി രൂപ ചെലവുവരുന്ന ചീമേനി പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചു. എങ്കില്‍ പദ്ധതി വേണ്ട എന്നായി യുഡിഎഫ് സര്‍ക്കാര്‍ . മാധവ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശയ്ക്ക് അനുസൃതമായി പശ്ചിമഘട്ട വികസനത്തിന്റെ പൊതുസ്വഭാവത്തിന് നിരക്കുന്ന വിധത്തില്‍ പദ്ധതി പുതുക്കി സമര്‍പ്പിക്കാനോ പ്രകൃതിവാതകബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനോ ഒരു ശ്രമവുമില്ല.

മഴക്കെടുതിമൂലം കേരളത്തില്‍ 2420 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി ഉദ്യോഗസ്ഥര്‍ വിലയിരുത്തി. കേന്ദ്ര നിബന്ധനകള്‍ പ്രകാരം 1693 കോടിയുടെ നഷ്ടപരിഹാരം ചോദിക്കാനേ അര്‍ഹതയുള്ളൂ എന്നായി കേന്ദ്രം. അത് ഏത് കണക്കുപ്രകാരം എന്നു തിരിച്ചുചോദിച്ചില്ല. കേന്ദ്രത്തെ യഥാര്‍ഥ അവസ്ഥ ബോധ്യപ്പെടുത്താന്‍ ഒരു ഔദ്യോഗികസംഘത്തെ ഡല്‍ഹിക്കയച്ചതുപോലുമില്ല. അങ്ങനെയെങ്കില്‍ അങ്ങനെ എന്ന മട്ടില്‍ അതും തലകുലുക്കി സമ്മതിച്ചുകൊടുത്തു കേരളത്തിലെ ഭരണക്കാര്‍ . ചോദിക്കുന്നതിന്റെ നാലിലൊന്നുപോലും കേന്ദ്രം നഷ്ടപരിഹാരമായി കേരളത്തിനു തരുന്ന പതിവില്ല എന്നിരിക്കെ ചോദിക്കുന്ന തുകതന്നെ വെട്ടിക്കുറച്ചാല്‍ എന്താവും സ്ഥിതി? ഉത്തരേന്ത്യയിലെ വിളവുകള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്ന മാനദണ്ഡം കേരളത്തിന് ചേരുന്നതല്ല. ഗോതമ്പോ ചോളമോ മഴയില്‍ നശിച്ചാല്‍ അത് ആ സീസണിലെ താല്‍ക്കാലിക നഷ്ടമാവുന്നതേയുള്ളൂ. ഏലവും കുരുമുളകും റബറുമൊക്കെ നശിച്ചാല്‍ അതുകൊണ്ടുള്ള നഷ്ടം ഒരു സീസണിലൊതുങ്ങുന്നതല്ല, വരുംവര്‍ഷങ്ങളിലേക്ക് കൂടിയുള്ള നഷ്ടമാണത്. അതുകൊണ്ട്, അക്കാര്യം പരിഗണിച്ച് കേരളത്തിന് പ്രത്യേക മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്. രാഷ്ട്രീയവിധേയത്വംമൂലം യുഡിഎഫ് സര്‍ക്കാര്‍ അതിന് ധൈര്യം കാണിക്കുന്നില്ല. ചരക്കുനീക്കം സംബന്ധിച്ച കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍മൂലം കേരളത്തിന് അനേകകോടികളുടെ നഷ്ടമുണ്ടാവുന്നു. കബോട്ടാഷ് എന്നറിയപ്പെടുന്ന കേന്ദ്രനിയമം കാരണം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് പൂര്‍ണശേഷിയോടെ പ്രവര്‍ത്തിക്കാനാകുന്നില്ല. വിഴിഞ്ഞം പ്രവര്‍ത്തനസജ്ജമായാലും ഇതുതന്നെയാവും അവസ്ഥ. ഇന്ത്യയിലെ ആഭ്യന്തര ചരക്കുഗതാഗതം - തുറമുഖങ്ങള്‍ തമ്മിലുള്ളത് - നിശ്ചിത കപ്പലുകളേ നടത്താവൂ എന്നാണ് വ്യവസ്ഥ. ആ വ്യവസ്ഥയ്ക്കനുസൃതമായി പ്രവര്‍ത്തിക്കാവുന്ന കപ്പലുകള്‍ വളരെ ചുരുക്കംമാത്രം. ഇതുമൂലം കണ്ടെയ്നറുകള്‍ നീക്കംചെയ്യാന്‍ മാസങ്ങളുടെ കാലതാമസമുണ്ടാവുന്നു. ചരക്കുകപ്പലുകള്‍ കൊച്ചിയെ ഒഴിവാക്കി മറ്റ് തുറമുഖങ്ങളിലടുക്കുന്നു. കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്ന പതിനാറ് കപ്പലുകളേ ഇന്ത്യയിലുള്ളൂ. അതില്‍തന്നെ പതിമൂന്ന് എണ്ണത്തിന്റെ കണ്ടെയ്നര്‍ ശേഷി 12,156 ടി ഇ യൂണിറ്റാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ ഈ വര്‍ഷം 7.75 ലക്ഷം ടി ഇ ശേഷി കൈകാര്യം ചെയ്യണമെന്നാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതെങ്ങനെ നടക്കാന്‍ ? സാധാരണ കര്‍ഷകര്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില ഒരു വര്‍ഷത്തിനിടെ അഞ്ചുതവണ ഉയര്‍ത്തി. കേരളത്തിലെ കര്‍ഷകര്‍ക്ക് ഇതുമൂലം ഉണ്ടായിട്ടുള്ള ദുരിതം കേന്ദ്രത്തെ ഇന്നേവരെ യുഡിഎഫ് സര്‍ക്കാര്‍ അറിയിച്ചിട്ടില്ല.

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഇക്കഴിഞ്ഞ 23ന് തറക്കല്ലിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ , അതുണ്ടായില്ല. എന്തുകൊണ്ട് എന്ന് ഭരണാധികാരികള്‍ അന്വേഷിച്ചതുമില്ല. ഏറ്റവും ഒടുവിലിതാ ദേശീയ പാതാവികസനപദ്ധതി പൂര്‍ണമായും റദ്ദാക്കിയിരിക്കുന്നു. കേരളത്തിന്റെ ദേശീയപാത വികസനം സ്തംഭിക്കുകയാണ്. സംസ്ഥാനത്തിന്റെ അനാസ്ഥകൊണ്ടാണിതെന്നാണ് കേന്ദ്രം പറയുന്നത്. ഈ അവസ്ഥ മാറ്റാമെന്ന് പറയാന്‍പോലും കേരളഭരണം തയ്യാറാവുന്നില്ല. ദ്രോഹനടപടികളുമായി കേന്ദ്രവും, അതെല്ലാം അപ്പാടെ അംഗീകരിക്കുന്ന മനോഭാവവുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാരും. ഇരുകൂട്ടരും ചേര്‍ന്ന് കേരളത്തിന്റെ താല്‍പ്പര്യങ്ങളെ തുടരെ ഹനിക്കുകയാണ്.


*****


ദേശാഭിമാനി മുഖപ്രസംഗം 28-10-2011

Thursday, October 27, 2011

വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍

സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗരാജ്യം എന്ന് വലതുപക്ഷത്താല്‍ വാഴ്ത്തപ്പെടുന്ന മുതലാളിത്തം സ്വതന്ത്രവും നിഷ്പക്ഷവും നിര്‍ഭയവുമായ മാധ്യമപ്രവര്‍ത്തനത്തെ എങ്ങനെ ഞെരിച്ചുകൊല്ലും എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് വിക്കിലീക്സ് നേരിടുന്ന പ്രതിസന്ധി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലോകമെമ്പാടുമുള്ള ഞെട്ടിക്കുന്ന ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടിവരികയായിരുന്നു കുറേക്കാലമായി വിക്കിലീക്സ്. വികസ്വരരാജ്യങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വം ഇടപെടുന്നതിന്റെ രീതികളും അവിടങ്ങളിലെ സര്‍ക്കാരുകളെ വിധേയരാക്കുന്നതിന്റെ രീതികളും ആധികാരികമായ ഔദ്യോഗിക രേഖകള്‍ ചോര്‍ത്തിയെടുത്ത് വിക്കിലീക്സ് ലോകസമക്ഷം അവതരിപ്പിച്ചു. ഇത് അമേരിക്കന്‍ ഭരണകൂടത്തിനും അവരുമായി ചങ്ങാത്തത്തിലേര്‍പ്പെട്ട വികസ്വരരാജ്യങ്ങളിലെ വിധേയഭരണങ്ങള്‍ക്കും സൃഷ്ടിച്ച അലോസരം ചെറുതല്ല. ഒരു രേഖയുടെപോലും ആധികാരികത നിഷേധിക്കാന്‍ കഴിയാതിരുന്ന അമേരിക്കന്‍ ഭരണാധികാരികള്‍ കേസുകളിലൂടെയും അറസ്റ്റിനുള്ള ശ്രമങ്ങളിലൂടെയും വിക്കിലീക്സിന്റെയും അതിന്റെ നേതൃത്വത്തിലുള്ള ജൂലിയന്‍ അസാന്‍ജെയുടെയും വായടപ്പിക്കാന്‍ ശ്രമിച്ചു. അത് ഫലിച്ചില്ല എന്നുമാത്രമല്ല, കൂടുതല്‍ രേഖകള്‍ പുറത്തുവരികകൂടി ചെയ്തു. അതോടെയാണ് സാമ്പത്തിക ഉപരോധം എന്ന ആയുധം പ്രയോഗിച്ച് വിക്കിലീക്സിനെ ഞെരുക്കിക്കൊല്ലാനുള്ള ശ്രമങ്ങളാരംഭിച്ചത്.

ബാങ്ക് ഓഫ് അമേരിക്ക അടക്കമുള്ള പ്രധാന സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന തന്ത്രമാണ് ഒരുവര്‍ഷമായി നടന്നുവരുന്നത്. വിസ, മാസ്റ്റര്‍കാര്‍ഡ്, പേ പാല്‍ , വെസ്റ്റേണ്‍ യൂണിയന്‍ എന്നിവകൂടി അമേരിക്കന്‍ സമ്മര്‍ദഫലമായി ഫണ്ട് നിഷേധിച്ചപ്പോള്‍ വിക്കിലീക്സിന്റെ വരവിന്റെ തൊണ്ണൂറ്റഞ്ചുശതമാനവും നിലച്ചു. കരുതല്‍ശേഖരത്തിന്റെ മാത്രം ബലത്തില്‍ പ്രവര്‍ത്തിക്കേണ്ടിവന്നു. അതും ശോഷിച്ചുതുടങ്ങിയ ഘട്ടത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയാണെന്ന് വിക്കിലീക്സിന്റെ അധിപന്‍ ജൂലിയന്‍ അസാന്‍ജെ പ്രഖ്യാപിച്ചത്.

ഉല്‍പ്പാദന ഉപകരണങ്ങള്‍ കൈയടക്കിവയ്ക്കുന്ന വര്‍ഗത്തിന് തങ്ങളുടെ ആധിപത്യം ഉറപ്പിച്ചുനിര്‍ത്താന്‍ ആശയരംഗത്തെ ആധിപത്യംകൂടി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നറിയാം. ആ ആധിപത്യശ്രമങ്ങളെ ചോദ്യംചെയ്യാതിരിക്കുന്നിടത്തോളം മാത്രമേ അത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കൂ. ഇത് മുന്‍കൂട്ടി ചൂണ്ടിക്കാണിച്ചത് കാള്‍ മാര്‍ക്സും എംഗല്‍സുമാണ്. ഉല്‍പ്പാദന ഉപകരണങ്ങള്‍ക്കുമേലുള്ള ആധിപത്യം ആശയരംഗത്ത് കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന ആധിപത്യത്തിന്റെ അഭാവത്തില്‍ തകര്‍ക്കപ്പെടാം എന്ന് സാമ്രാജ്യത്വത്തിനറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ രംഗത്ത് ആധിപത്യമുറപ്പിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ അവര്‍ ശ്രമിക്കും. അങ്ങനെയാണ് മൂലധനത്തിന്റെ വ്യാപനമെന്നത് മുതലാളിത്ത രാഷ്ട്രീയത്തിന്റെ വ്യാപനമായി മാറുന്നത്. ലെനിന്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. ലോകത്ത് എവിടെ മുതലാളിത്തശക്തികളുണ്ടോ, അവിടെയൊക്കെ അവര്‍ക്ക് മാധ്യമസ്വാതന്ത്ര്യമെന്നത് പത്രങ്ങളെയും എഴുത്തുകാരെയും വിലയ്ക്കെടുക്കാനും പൊതുജനാഭിപ്രായത്തെ വികലമാക്കി ബൂര്‍ഷ്വാസിക്ക് അനുകൂലമാക്കിയെടുക്കാനുമുള്ള സ്വാതന്ത്ര്യമാണ് എന്ന് ലെനിന്‍ പറഞ്ഞു. മാര്‍ക്സും എംഗല്‍സും ലെനിനും പറഞ്ഞത് സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചുകാട്ടുകയാണ് മുതലാളിത്തം ഇന്ന് വിക്കിലീക്സിന്റെ വായടപ്പിക്കുമ്പോള്‍ .

ലോകത്തെക്കുറിച്ചുള്ള മുതലാളിത്ത വ്യാഖ്യാനംമാത്രമേ ജനങ്ങളറിയാവൂ എന്നും മറിച്ചുള്ളതെല്ലാം ജനങ്ങളില്‍നിന്ന് മറച്ചുവെക്കണമെന്നുമുള്ള കാര്യത്തില്‍ മുതലാളിത്തത്തിനും അതിന്റെ ഉയര്‍ന്നരൂപമായ സാമ്രാജ്യത്വത്തിനും നിര്‍ബന്ധബുദ്ധിയുണ്ട്. മനുഷ്യരാശിയുടെ ഭൂരിപക്ഷവും വസിക്കുന്നത് ഏഷ്യന്‍ , ആഫ്രിക്കന്‍ , ലാറ്റിനമേരിക്കന്‍ നാടുകളിലാണ്. എന്നാല്‍ , അവിടെനിന്ന് ലോകത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് ഒഴുകിയെത്തുന്ന വാര്‍ത്തകളുടെ നൂറിരട്ടിയാണ് അമേരിക്കയില്‍നിന്നും മറ്റുമായി ഈ നാടുകളിലേക്ക് ഒഴുകിയെത്തുന്നത്. വാര്‍ത്താവിതരണത്തിലെ ഈ അസന്തുലിതാവസ്ഥ നിലനിര്‍ത്താനുള്ള വ്യഗ്രത സാമ്രാജ്യത്വം എപ്പോഴും പ്രകടിപ്പിക്കാറുണ്ട്.

വിക്കിലീക്സ് ഇന്ത്യയെ സംബന്ധിക്കുന്ന അയ്യായിരത്തോളം യുഎസ് കേബിളുകളാണ് പുറത്തുവിട്ടത്. ആണവകരാറിലെ കള്ളക്കളികള്‍ തുറന്നുകാട്ടുന്നതുമുതല്‍ ലോക്സഭയിലെ വിശ്വാസവോട്ടിനുപിന്നിലെ കോഴയിടപാടുവരെ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. ഇത് യുപിഎ സര്‍ക്കാരിനെയും അമേരിക്കന്‍ ഭരണത്തെയും ഒരുപോലെ വിഷമത്തിലാക്കി. ഗ്വാണ്ടനാമോയിലെ യുഎസ് സൈന്യത്തിന്റെ നിഷ്ഠുരത മുതല്‍ ബഹുരാഷ്ട്ര കമ്പനി ഐവറികോസ്റ്റില്‍ വിഷമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുവരെ വിക്കിലീക്സ് രേഖകളിലൂടെ പുറത്തുവന്നു. അബുഗറൈബില്‍ ഇറാഖി തടവുകാരോടുചെയ്ത ക്രൂരതകള്‍ മുതല്‍ ബാഗ്ദാദിലെ പത്രപ്രവര്‍ത്തകന്റെ കൊലപാതകംവരെയുള്ളവ പുറത്തുവന്നു. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ഭരണത്തിന് നിത്യതലവേദനയായി മാറി വിക്കിലീക്സ്. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ അധികാരികളുടെ സമ്മര്‍ദഫലമായുണ്ടായ സാമ്പത്തിക ഉപരോധം.

വിക്കിലീക്സിനെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുന്നതിന് ഏതെങ്കിലും നിയമത്തിന്റെ പിന്തുണയില്ല. ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്രിയ സുതാര്യമല്ല. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് വിക്കിലീക്സിനെതിരായ ഒരു കുറ്റപത്രവും ചുമത്തപ്പെട്ടിട്ടില്ല. സാമ്പത്തിക ക്രമക്കേടുണ്ടായതായി ആരോപണമില്ല. എന്നിട്ടും വിക്കിലീക്സിനെതിരായി സാമ്പത്തിക സ്ഥാപനങ്ങളെക്കൊണ്ട് നടപടിയെടുപ്പിച്ചതിലൂടെ അമേരിക്കന്‍ഭരണം ധനകാര്യസ്ഥാപനങ്ങളെക്കൂടി രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്.

സ്വതന്ത്രമായ വിവര വിതരണത്തിനും അഭിപ്രായപ്രകടനത്തിനും ഇടമില്ലാത്ത അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയാണ് അമേരിക്കയെന്നും ഇത് ചോദ്യം ചെയ്യപ്പെടാതെപോയാല്‍ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കലാവും അതെന്നും അസാന്‍ജെ പറഞ്ഞിട്ടുണ്ട്. ലോകം ശ്രദ്ധിക്കേണ്ട വാക്കുകളാണത്. സാമ്പത്തിക ഉപരോധത്തെ മുറിച്ചുകടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആരായുമെന്ന് അസാന്‍ജെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ , ദുര്‍ബലമായ സാമ്പത്തിക അടിത്തറയ്ക്കുമേല്‍ നില്‍ക്കുന്ന വിക്കിലീക്സിന് ആ വഴിക്ക് എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം.

2010 നവംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായുള്ള അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അമേരിക്കയിലേക്കയച്ച കേബിളുകള്‍ വിക്കിലീക്സ് കണ്ടെടുത്ത് എത്തിക്കുകയും ദ ഗാര്‍ഡിയന്‍ , ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പത്രങ്ങള്‍ അത് ജനങ്ങളിലെത്തിക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെതന്നെ അമേരിക്ക വിക്കിലീക്സിനെതിരായ വേട്ടയാടലാരംഭിച്ചിരുന്നു. ചാരപ്രവര്‍ത്തനനിരോധന നിയമം ലംഘിച്ചുവെന്നുപറഞ്ഞ് അസാന്‍ജെയെ കുരുക്കാനായിരുന്നു ആദ്യശ്രമം. അസാന്‍ജെയെ വേട്ടയാടിപ്പിടിക്കണമെന്ന് സാറാപാലിനും വധിക്കണമെന്ന് മൈക്ക് ഹക്കാബിയും മറ്റും പറയുന്നിടത്ത് കാര്യങ്ങളെത്തി. ഇതിനിടെ വിക്കിലീക്സിനെയും അസാന്‍ജെയെയും നിയമപരമായി കുരുക്കാനുള്ള ശ്രമങ്ങള്‍ പൊളിഞ്ഞു. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്മെന്റും പൊലീസും മുതല്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസുവരെ അസാന്‍ജെക്കെതിരെ കേസുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് സാമ്പത്തിക ഉപരോധത്തിലൂടെ വിക്കിലീക്സ് പൂട്ടിക്കാന്‍ ശ്രമങ്ങളാരംഭിച്ചത്. അത് വിജയിക്കുന്ന നിലയാണിപ്പോഴുള്ളത്. ഇത് അനുവദിച്ചുകൂടാ. ഇതിനെതിരായി ലോകപൊതുജനാഭിപ്രായം ഉയരണം.


*****


ദേശാഭിമാനി മുഖപ്രസംഗം , ഒക്ടേബർ 27, 2011