Friday, April 13, 2012

ചുവപ്പ് ഒലിച്ചിറങ്ങിയ ഏപ്രില്‍ 13

പഞ്ചാബിലെ അമൃത്‌സറില്‍ ജല്ല എന്നു പേരുള്ള വ്യവസായി നിര്‍മ്മിച്ച ഒരു പൂന്തോട്ട മൈതാനം ഇന്ന് ലോകമറിയുന്ന വിപ്ലവ സ്മാരകമായി ഘോഷിക്കപ്പെടുന്നത് ഏപ്രില്‍ 13 എന്ന രക്തപങ്കില തീയതിയുമായി ചേര്‍ത്ത് വായിക്കപ്പെടുമ്പോള്‍ മാത്രമല്ല, 'ജനാധിപത്യം' എന്ന അടിസ്ഥാന മതത്തിലേക്കുള്ള ഒരു ജനതയുടെ മുന്നേറ്റത്തിനുള്ള ഊര്‍ജ്ജം കാലപരിധിയില്ലാതെ പകര്‍ന്നു നല്‍കിയ സമരഭൂമി എന്ന നിലയ്ക്കു കൂടിയാണ്. ജല്ലയുടെ ഉദ്യാനത്തെ നമ്മള്‍ 'ജാലിയന്‍ വാലാബാഗ്' എന്നു വിളിച്ചു ശീലിച്ചു.

പൊക്കമേറിയ പഴഞ്ചന്‍ വീടുകളുടെ പിന്‍മതിലുകളാല്‍ ചുറ്റപ്പെട്ട്, അകത്തേക്കും പുറത്തേക്കും പ്രാണവായുപോലും ഞെങ്ങിഞെരുങ്ങി മാത്രം സഞ്ചരിക്കുന്ന ഒരു പ്രവേശന കവാടം മാത്രമുള്ള, കുറേ സ്വകാര്യ വ്യക്തികളുടെ സ്വന്തമായിരുന്ന ജാലിയന്‍ വാലാബാഗിനുള്ളില്‍ ആഴമേറിയ ഒരു കിണറുണ്ടായിരുന്നു. 1919 ഏപ്രില്‍ മാസം പതിമൂന്നാം തീയതി ആ കിണര്‍ നിറഞ്ഞു കവിഞ്ഞത് തലേന്നാള്‍ പെയ്തിറങ്ങിയ പേമാരിയിലായിരുന്നില്ല. തുളവീണ നെഞ്ചുകളും പൊട്ടിത്തറകര്‍ന്ന കവിളെല്ലുകളുമായി പിടഞ്ഞു മരിച്ച ഒരു കൂട്ടം ജനാധിപത്യ മോഹികളുടെ നിശ്ചല ദേഹങ്ങള്‍ ഒന്നിനുമീതെ ഒന്നെന്ന നിലയില്‍ വീണു നിറയുകയായിരുന്നു.

അമൃത്‌സറിലെ ആ പൊതു കിണറിനെ മരണക്കിണറെന്ന് വിഖ്യാതമാക്കി. ദൃക്‌സാക്ഷിയായിരുന്ന ആര്‍തര്‍ സ്വിന്‍സണ്‍ എന്ന ഇംഗ്ലീഷുകാരന്‍ പില്‍ക്കാലത്ത് ഇങ്ങനെ എഴുതി: 'രക്ഷപ്പെടാനുള്ള വ്യഗ്രതമൂലം ആളുകള്‍ ചിന്നിച്ചിതറി ഓടുകയായിരുന്നു. ഒരു പട്ടാളക്കാരന്‍ ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മൈക്കിള്‍ ഓ ഡയര്‍ അവരെ ആക്രമിക്കാന്‍, നേരിട്ടു വെടിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരാളുടെയും അരയ്ക്കു താഴെ വെടിവയ്ക്കരുതെന്നും നെഞ്ചോ, തലയോ ലക്ഷ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.' തോക്കുകളേന്തിയ ഓരോ പട്ടാളക്കാരനും മുപ്പത്തിമൂന്ന് തവണവീതം നിരായുധ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്തു. ഏതാണ്ട് ഇരുപതു മിനുട്ടോളം അതു നീണ്ടുനിന്നു. മരണപ്പെട്ടവരും മരിച്ചു ജീവിച്ചവരുമായ രണ്ടായിരത്തോളം രക്തസാക്ഷികള്‍ ജാലിയന്‍വാലാബാഗിന്റെ മണ്ണിനെ ചുവപ്പിച്ചു. അന്നേദിവസം പഞ്ചാബികള്‍ക്ക് വര്‍ഷത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസമായിരുന്നു.
ഏപ്രില്‍ 13 വൈശാഖി ഉത്സവദിനമാണ്. അന്നാണ് ഗോതമ്പുവിളകളുടെ കൊയ്ത്തു നടക്കുന്നതും. പഞ്ചാബിലെ തെരുവുകളില്‍ സന്തോഷം വിളവറിയിക്കുന്നതും. എന്നാല്‍ പിന്നീടൊരു വൈശാഖി ദിനവും പഞ്ചാബെന്ന കഠിനാധ്വാനികളുടെ നാടിനെ മുമ്പത്തേപ്പോലെ സന്തോഷിപ്പിച്ചില്ല.

ആ വര്‍ഷം മാര്‍ച്ച് പതിനെട്ടിനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യത്ത് റൗലക്ട് ആക്ട് എന്ന കരിനിയമം നിയമവിധേയമെന്ന നിലയില്‍ നടപ്പിലാക്കുന്നത്. മാര്‍ച്ച് 24 മുതല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ആക്ടിനെതിരെ സമരമാരംഭിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഏതു ജനകീയ മുന്നേറ്റത്തിലും ആരെക്കാളും മുമ്പിലണിചേരുന്ന പഞ്ചാബ് ജനത റൗലക്ട് ആക്ടിനെതിരെ സമരപാതയിലെത്തുകയും പഞ്ചാബാകെ കലുഷിതമാകുകയും ചെയ്തു. ആ സമര മനസ്സുകളാണ് ജല്ലയുടെ ഉദ്യാനത്തില്‍ ഒത്തുചേര്‍ന്നതും മണ്ണില്‍ രക്തചരിത്രം രചിച്ചതും.
ജാലിയന്‍വാലാബാഗില്‍ വെടിയേല്‍ക്കാതെ, നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട ഒരു ഇരുപതുകാരന്റെ മനസ്സില്‍ മൈക്കിള്‍ ഓ ഡയറിന് ഒരു പ്രത്യേക സ്ഥാനം ലഭിച്ചിരുന്നു. വെടിവയ്പ്പിനു നിര്‍ദ്ദേശം നല്‍കിയ ഡയറും അയാളുടെ ആജ്ഞ ശിരസ്സാ വഹിച്ച വെള്ള പട്ടാളച്ചെന്നായകളും പില്‍ക്കാലത്ത് ലണ്ടനിലേക്കു പോയപ്പോഴും ഉധം സിംഗ് എന്ന ആ അനാഥ യുവാവ് ഡയറിനെ കണ്ടെത്താന്‍ ലണ്ടനിലെത്തി. പ്രതികാരം നിറഞ്ഞ നെഞ്ചുമായി ആ പോരാളി ലക്ഷ്യത്തിനുവേണ്ടി മാത്രം കഷ്ടപ്പെട്ടു പണം സമ്പാദിച്ചു. ലണ്ടനിലെ അന്നത്തെ പ്രശസ്തമായ കാക്സ്റ്റണ്‍ ഹാളില്‍ ഉയരത്തിലുള്ള ഒരു പടിക്കെട്ടില്‍ നിന്നു കൊണ്ട് ആയിരത്തിത്തൊള്ളായിരത്തി നാല്പത് മാര്‍ച്ച് 13ന് ഉധംസിംഗിന്റെ വെടിയുണ്ട ഉന്നം തെറ്റാതെ ഡയറിന്റെ മുഖത്തെ രക്തമയമാക്കി. നിരായുധ ജനക്കൂട്ടത്തിനു മുന്നില്‍ ആയുധധാരിയായി നിന്ന് അട്ടഹസിച്ച ഡയറിനെ പോലെയല്ല, ചുറ്റും തോക്കേന്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഡയറിനു കാവല്‍ നില്‍ക്കുമ്പോഴാണ്, ഉധംസിംഗ് ഇന്ത്യന്‍ ജനതയുടെ പേരില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ചെറു കൈത്തോക്ക് ആ കാട്ടുമൃഗത്തിനുനേരെ നീട്ടിപ്പിടിച്ചത്. ഉധംസിംഗ് ബ്രിട്ടീഷ് കോടതിയില്‍ ഇപ്രകാരം ബോധിപ്പിച്ചു.'എന്റെ രാജ്യത്തെ മനോവീര്യം കെടുത്തി നശിപ്പിക്കാന്‍ ശ്രമിച്ച അയാള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ഞാന്‍ നല്‍കിയത്. അതിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ മരണശിക്ഷയില്‍ കുറഞ്ഞൊന്നും എനിക്ക് ബഹുമതിയാകുന്നില്ല...'

*
വി സി അഭിലാഷ് ജനയുഗം 13 ഏപ്രില്‍ 2012

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പഞ്ചാബിലെ അമൃത്‌സറില്‍ ജല്ല എന്നു പേരുള്ള വ്യവസായി നിര്‍മ്മിച്ച ഒരു പൂന്തോട്ട മൈതാനം ഇന്ന് ലോകമറിയുന്ന വിപ്ലവ സ്മാരകമായി ഘോഷിക്കപ്പെടുന്നത് ഏപ്രില്‍ 13 എന്ന രക്തപങ്കില തീയതിയുമായി ചേര്‍ത്ത് വായിക്കപ്പെടുമ്പോള്‍ മാത്രമല്ല, 'ജനാധിപത്യം' എന്ന അടിസ്ഥാന മതത്തിലേക്കുള്ള ഒരു ജനതയുടെ മുന്നേറ്റത്തിനുള്ള ഊര്‍ജ്ജം കാലപരിധിയില്ലാതെ പകര്‍ന്നു നല്‍കിയ സമരഭൂമി എന്ന നിലയ്ക്കു കൂടിയാണ്. ജല്ലയുടെ ഉദ്യാനത്തെ നമ്മള്‍ 'ജാലിയന്‍ വാലാബാഗ്' എന്നു വിളിച്ചു ശീലിച്ചു.

shibinjith said...

നിരായുധ ജനക്കൂട്ടത്തിനു മുന്നില്‍ ആയുധധാരിയായി നിന്ന് അട്ടഹസിച്ച ഡയറിനെ പോലെയല്ല, ചുറ്റും തോക്കേന്തിയ ബ്രിട്ടീഷ് പട്ടാളക്കാര്‍ ഡയറിനു കാവല്‍ നില്‍ക്കുമ്പോഴാണ്, ഉധംസിംഗ് ഇന്ത്യന്‍ ജനതയുടെ പേരില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് ചെറു കൈത്തോക്ക് ആ കാട്ടുമൃഗത്തിനുനേരെ നീട്ടിപ്പിടിച്ചത്. ഉധംസിംഗ് ബ്രിട്ടീഷ് കോടതിയില്‍ ഇപ്രകാരം ബോധിപ്പിച്ചു.'എന്റെ രാജ്യത്തെ മനോവീര്യം കെടുത്തി നശിപ്പിക്കാന്‍ ശ്രമിച്ച അയാള്‍ക്ക് അര്‍ഹിച്ച ശിക്ഷയാണ് ഞാന്‍ നല്‍കിയത്. അതിന്റെ പേരില്‍ നിങ്ങള്‍ എനിക്ക് നല്‍കിയ മരണശിക്ഷയില്‍ കുറഞ്ഞൊന്നും എനിക്ക്ബഹുമതിയാകുന്നില്ല...'