Tuesday, April 3, 2012

ആഹാരത്തിന്റെ മൂല്യകല്‍പ്പന

അപ്പംകൊണ്ടു മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നതെന്നു പറയും. കാര്യം ശരിയുമാണ്. എന്നാല്‍ അത്രതന്നെ ശരിയാണ്, അപ്പം കൂടാതെ ജീവിക്കാന്‍ കഴിയുന്ന മനുഷ്യരാരും ഈ ഭൂമുഖത്തെങ്ങുമില്ലെന്നുള്ള കാര്യം. ജീവസന്ധാരണത്തിന് ഒഴിച്ചുകൂടാത്ത വസ്തുവാണ് ആഹാരം. അതുകൊണ്ട് ആഹാരത്തിന്റെ അടിസ്ഥാനമൂല്യം ജീവസന്ധാരണമാകുന്നു. മനുഷ്യചരിത്രത്തിന്റെ ഒരാദിമദശയില്‍, ലക്ഷോപലക്ഷം വര്‍ഷക്കാലം ഈ ഒരൊറ്റ മൂല്യമേ ഭക്ഷണത്തിനുണ്ടായിരുന്നുള്ളൂ. വേട്ടയായിരുന്നു ഇരപിടിത്തത്തിന്റെ പൊതുരീതി. അതുകൊണ്ട് ആഹാരം ഉറപ്പില്ല, ആഹാരകാര്യത്തില്‍ വിധിനിഷേധങ്ങളില്ല; ഉച്ചനീചത്വങ്ങളുമില്ല. എത്തിയേടത്തുചെന്ന്, കിട്ടിയതുകൊണ്ട് കത്തലടക്കി കഴിഞ്ഞുകൂടിയ ആ അവസ്ഥയ്ക്കൊരറുതി വന്നത് സ്ഥിരാധിവാസമുറച്ച് കാലിവളര്‍ത്തലും ഒട്ടൊട്ടു കൃഷിയും തുടങ്ങിയതോടെയായിരുന്നു. ഇര തേടലിന്റെ രീതി മാറി; വളര്‍ത്തു മൃഗങ്ങളുടെ ഇറച്ചിയും ഗോരസങ്ങളും ആഹാരത്തിന്റെ മുഖ്യപങ്കായി.

കൃഷിയുടെ വ്യാപനത്തോടെ കാര്‍ഷിക വിഭവങ്ങള്‍, ധാന്യങ്ങളും കായ്കനികിഴങ്ങുകളും ചേര്‍ന്ന് ആഹാരം അത്യന്തം സങ്കീര്‍ണമായതാണ് ഇക്കാലത്തിന്റെ ജീവിതസംബന്ധിയായ പ്രത്യേകത. അതോടൊപ്പം, വിളവുകളുടെ ഉല്‍പാദനമിച്ചംമൂലം ആഹാരം അപ്പപ്പോള്‍ തേടുന്ന പഴയ പതിവു വിട്ടു. ഭക്ഷ്യവിഭവങ്ങളില്‍ ഉല്‍പാദനമിച്ചം വന്നതോടെ സമുദായത്തില്‍ ഉച്ചനീചത്വം ഏര്‍പ്പെട്ടു. ഭക്ഷണകാര്യത്തിലേക്കും അതു വ്യാപിച്ചു. ആഹാരത്തിനു പുതിയൊരു മൂല്യം ഏര്‍പ്പെടുന്നത് ഇക്കാലത്താണ്. അന്നന്നത്തേക്കു വേണ്ടതില്‍ക്കവിഞ്ഞ് കൈവശമിരുന്നവര്‍ ഉയര്‍ന്നവരായി. അവരെ ആശ്രയിച്ചുകഴിഞ്ഞവര്‍ താണവരും. ഉയര്‍ന്നവര്‍ക്ക് ഉയര്‍ന്ന ആഹാരം; താണവര്‍ക്ക് താണതും. ആഹാരം പദവിയുടെ സൂചകമാവുന്നതങ്ങനെയാണ്. ജീവസന്ധാരണത്തിലും കവിഞ്ഞ് പദവിസൂചകവും കൂടിയായേടത്ത് ഭക്ഷണം വൈദ്യശാസ്ത്രത്തിന്റെ ചിന്താവിഷയമാവുന്നു. അതുപറയാനാണ് ആഹാരത്തിന്റെ ചരിത്രം ഒട്ടൊന്നു വിസ്തരിച്ചത്. ഉയര്‍ന്നവന്റെ അമിതാഹാരം അജീര്‍ണം തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് വഴിയൊരുക്കി. താണവന്റെ തികയാത്ത തീനോ, ധാതുക്ഷയത്തിനും തജ്ജന്യമായ രോഗങ്ങള്‍ക്കും നിമിത്തമായി. ഈ രണ്ടവസ്ഥകളും ആഹാരത്തിന്റെ അടിസ്ഥാന മൂല്യമായ ജീവസന്ധാരണത്തിനു ബാധകമായെന്ന് എടുത്തുപറയേണ്ടതില്ല.

ഭാരതഭൂഖണ്ഡത്തില്‍ ഈ ചരിത്രദശയുടെ തെളിവുകള്‍ ലഭ്യമായിട്ടുള്ളത് ഹിമാലയത്തിന്റെ അടിക്കുന്നുകള്‍ക്കും വിന്ധ്യാപര്‍വതനിരകള്‍ക്കും ഇടയിലുള്ള സമതടദേശങ്ങളിലാണ്. രണ്ടാം നഗരവല്‍ക്കരണത്തിന്റെ ദശയാണ് ഇപ്പറഞ്ഞ മാറ്റങ്ങളുടെ കാലം. പഴയ വൈദിക സംസ്കൃതിയെ കവച്ചുകടന്ന് ജൈന-ബൗദ്ധ സംഘങ്ങളും അവരുടെ വിഹാരങ്ങളും പെരുകുന്ന കാലവും ഇതുതന്നെ. ആയുര്‍വേദത്തെ സംബന്ധിച്ച് അടിസ്ഥാനപരമായ പരിവര്‍ത്തനം സംഭവിച്ച കാലം കൂടിയായിരുന്നു അത്. വൈദിക പാരമ്പര്യത്തിലെ ദൈവവ്യപാശ്രയരീതി ജൈന-ബൗദ്ധവിഹാരങ്ങളില്‍ വികസിച്ചുവന്ന യുക്തിവ്യപാശ്രയരീതിക്ക് വഴിയൊഴിഞ്ഞത് ഇക്കാലത്താണ്. ആഹാരജന്യമായ ആമാശയ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ ചിന്തയും ഔഷധവിജ്ഞാനവും പുഷ്ടിപ്പെട്ടത് വിഹാരങ്ങളിലാണ്.

ബ്രാഹ്മണീയേതര മതങ്ങളുടെ കരുണാതത്വം പുതിയ ചികിത്സാപദ്ധതിക്ക് മതപരമായ ഒരുള്ളടക്കം കൂടി കല്‍പ്പിച്ചു കൊടുത്തു. ചികിത്സയും ഔഷധപ്രയോഗവും മതപരമായ മനുഷ്യസേവനമായി. ആ മട്ടില്‍ മനുഷ്യസേവനമായിട്ടാണ് അശോക മൗര്യന്‍ ഭരണകൂടം മുഖേന ഭാരതഖണ്ഡത്തിന്റെ തെക്കന്‍ മൂലകളിലും ശ്രീലങ്കവരെയുള്ള പ്രദേശങ്ങളിലും വിഹാരവൈദ്യത്തിന്റെ തത്വവും പ്രയോഗവിജ്ഞാനവുമെത്തിച്ചത്. ജീവസന്ധാരണം, പദവി എന്നീ രണ്ടു മൂല്യങ്ങള്‍ക്കു പുറമെ തിരിച്ചറിവിനുള്ള അടയാളം എന്നൊരു മൂല്യംകൂടി ആദ്യമായി ആഹാരത്തിനേര്‍പ്പെട്ടത് വിഹാരചികിത്സയുടെ ദശാരംഭത്തോടെയാണ്. അഹിംസാതത്വത്തിന്റെ സ്വീകാരവും മാംസഭക്ഷണത്തിന്റെ ത്യജനവുമാണ് ഇക്കാലത്ത് ആഹാരരീതിയില്‍ വന്ന മാറ്റം. സഹസ്രാബ്ദങ്ങളോളം നിലവിലിരുന്ന ഈ മൂല്യകല്‍പനയുടെ കാര്യം മാറ്റമില്ലാത്തതായിരുന്നില്ല. ആര്യാവര്‍ത്തഭൂമിയിലെ രണ്ടാം നഗരവല്‍ക്കരണത്തെപ്പറ്റി സൂചിപ്പിച്ചല്ലോ. വടക്ക് ആര്യവര്‍ത്തത്തെയും തെക്ക് ദക്ഷിണാപഥ പ്രദേശത്തെയും നെടുകെയും കുറുകെയും മുറിച്ചുകൊണ്ടോടുന്ന കച്ചവടപ്പാതകള്‍ നാടെങ്ങും മുളച്ചുവന്ന നഗരങ്ങളെയും ചന്തകളെയും തമ്മില്‍ ബന്ധിപ്പിച്ചു. നഗരങ്ങളെപ്പോലെത്തന്നെ തീര്‍ഥസ്ഥാനങ്ങള്‍ പെരുകിവന്ന കാലവും ഇതുതന്നെ. ഈ മാറ്റത്തില്‍ വൈദ്യശാസ്ത്രത്തിനെന്തു കാര്യം എന്നതാണ് ചിന്തിക്കാനുള്ളത്. നഗരങ്ങളില്‍ കച്ചവടത്തിനായും തീര്‍ഥകേന്ദ്രങ്ങളിലേക്ക് തീര്‍ഥയാത്രയായും നാടും വീടും വിട്ടു ദൂരയാത്ര പോകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഇക്കാലത്തുണ്ടാവുന്നത്. വണികച്ചാര്‍ത്തുകള്‍ അഥവാ സ്വാര്‍ഥവാഹകസംഘങ്ങളായിട്ടാണ് ദൂരയാത്രകളധികവും. വണികച്ചാര്‍ത്തുകളോടൊപ്പം അവരുടെ രക്ഷയ്ക്കായി പോരാളികളും വിനോദത്തിനായി നടീനടന്മാരും ആട്ടക്കാരികളും ഇന്ദ്രജാലക്കാരും എന്നുവേണ്ട, വലിയ സന്നാഹങ്ങളോടെയാണീ യാത്രകള്‍. ബൗദ്ധ ജാതക കഥകളില്‍ പലതിലും അക്കാലത്തെ ദൂരയാത്രകളുടെ തെളിവാര്‍ന്ന വാങ്മയചിത്രങ്ങള്‍ കാണാം.

വീടും കൂടും വിട്ടുപോകുന്നവര്‍ക്ക് ആഹാരവും മറ്റും നല്‍കുന്ന സത്രങ്ങളും ഭോജനാപണങ്ങളും ഉണ്ടായിവന്നു. ഭക്ഷണം ഒരു പുണ്യവസ്തുവാകുന്ന സാഹചര്യം ഇതാണ്. വിപണനം വന്നതോടെ ആഹാരത്തിന് മറ്റൊരു മൂല്യം കൂടി ഏര്‍പ്പെട്ടു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ആഹാരത്തില്‍ ലാഭചേതങ്ങളുടെ താല്‍പര്യം വന്നു. വില്‍ക്കാന്‍ വേണ്ടിയുള്ള തീന്‍പണ്ടങ്ങളുടെ ഗുണം നോക്കേണ്ടതില്ലല്ലൊ. പുണ്യാഹാരം ത്യജിക്കണമെന്ന വൈദ്യശാസ്ത്രവിധി ഈ പുതിയ ആഹാരപദ്ധതിയോടുള്ള പ്രതികരണമായിട്ടുകൂടി മനസിലാക്കേണ്ടതുണ്ട്. ശ്രദ്ധിക്കാനുള്ളതിതാണെന്നു തോന്നുന്നു, മാറിവരുന്ന ജീവിത സാഹചര്യങ്ങളിലുണ്ടാകുന്ന രോഗങ്ങളെ ജീവിതശൈലീജന്യമെന്ന നീതീകരണംകൊണ്ടു സാധുവാക്കാനല്ല, മറിച്ച് അവയുടെ ശമനത്തിനായി ജീവിതശൈലി മാറ്റാനാണ് ആയുര്‍വേദം ഉപദേശിക്കുന്നത്. അടിമവേലയെ ആസ്പദമാക്കി നിലവില്‍വന്ന സാമ്രാജ്യങ്ങളുടെ കാലത്തും അതിനെത്തുടര്‍ന്ന് ഫ്യൂഡല്‍ എന്നു വിശേഷിപ്പിച്ചുപോരുന്ന മധ്യയുഗങ്ങളിലുടനീളവും ആഹാരത്തിന്റെ മൂല്യകല്‍പനയിലുണ്ടായ പരിവര്‍ത്തനങ്ങളെയാണ് ചുരുക്കിപ്പറഞ്ഞത്. ആയിരത്താണ്ടുകള്‍ നീണ്ടുനിന്ന ഈ കല്‍പനകളെ പിന്തള്ളിക്കൊണ്ടാണ് ആധുനിക മുതലാളിത്തത്തിന്റെ പുതിയൊരു മൂല്യകല്‍പന ആഹാരകാര്യത്തില്‍ ഏര്‍പ്പെടുന്നത്. അന്നേയ്ക്ക് ഭാരതഖണ്ഡത്തിലെ രാഷ്ട്രീയസ്ഥിതിയും സാമൂഹ്യവ്യവസ്ഥയും സാംസ്കാരികാദര്‍ശങ്ങളും അടിസ്ഥാനപരമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കഴിഞ്ഞിരുന്നു.

രാജ്യത്തുടനീളം താന്താങ്ങളുടെ തട്ടകങ്ങളില്‍ നാട്ടധികാരം ഉറപ്പിച്ചിരുന്ന നാട്ടുരാജ്യങ്ങളും അവയിലെ രാജകുടുംബങ്ങളും അവയുടെ ആന്തരിക വൈരുധ്യങ്ങളാല്‍ത്തന്നെ ക്ഷീണിച്ചു നിലംപൊത്താന്‍ നേരംകാത്തു കഴിയുകയായിരുന്നു. അവിടേയ്ക്കാണ് കുത്തകമോഹങ്ങളുമായി വിദേശ വാണിജ്യക്കമ്പനികള്‍ വന്നുകയറിയത്. വാണിജ്യക്കമ്പനികള്‍ ചതുരുപായങ്ങളും പയറ്റി നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ചു തളര്‍ത്തി ക്രമേണ അവയുടെമേല്‍ അധീശാധികാരമുറപ്പിച്ചു. ഭാരതഖണ്ഡം യൂറോപ്പിന്റെ കോളനിയായി. കോളനിവാഴ്ചയെന്നത് കേവലം മേല്‍ക്കോയ്മാധികാരത്തിലൊതുങ്ങുന്ന ഒന്നായിരുന്നില്ല. ദാസ്യനിര്‍മിതിയുടെ വിപുലമായ കാര്യപരിപാടികളോടെ ഒരു ജനതയെ ആത്മദാസ്യത്തിലാഴ്ത്തുന്ന പദ്ധതിയായിരുന്നു അത്. ഭരണാധികാരമുള്‍പ്പെടെ നാനാതരം പ്രവര്‍ത്തനസ്വാതന്ത്ര്യങ്ങളില്‍ പിടിമുറുക്കി പാശ്ചാത്യശക്തികള്‍ ആദ്യം കായദാസ്യം സ്ഥാപിച്ചു. ജീവനോപാധികളില്‍ അധീശത്വം കൈയടക്കി ജീവനദാസ്യം അടിച്ചേല്‍പ്പിച്ചു. ഭാരതീയമായ ജ്ഞാനവിജ്ഞാനങ്ങളെല്ലാം യാഥാസ്ഥിതികവും അശാസ്ത്രീയവുമെന്നു മുദ്രകുത്തി ജ്ഞാനദാസ്യവും സാധിച്ചു. ഇപ്പറഞ്ഞ അവസ്ഥയില്‍ രാഷ്ട്രം ആത്മദാസ്യത്തിലമര്‍ന്നു. കോളനി മേധാവികള്‍തന്നെ അന്നേക്ക് നവോത്ഥാനമൂല്യങ്ങളുടെയും അവയില്‍നിന്നു രൂപംകൊണ്ട ജ്ഞാനോദയാധുനികതയുടെയും സ്വാധീനത്തിലമര്‍ന്നുകഴിഞ്ഞിരുന്നു. ആ ജ്ഞാനോദയാധുനികതയുടെ ആദര്‍ശങ്ങളാണ് കോളനിജനതയുടെ ദുരിതമോചനത്തിനായി പാശ്ചാത്യമേധാവികള്‍ നിരന്തരം ശുപാര്‍ശ ചെയ്തത്. ആധുനികതയെന്നത് പലരും കരുതുന്നതുപോലെ പരിഷ്കൃത ജീവിതത്തിന്റെ രൂപം മാത്രമല്ല. അത് സര്‍വാശ്ലേഷിയായ ഒരു വ്യവസ്ഥയാണ്. മുതലാളിത്ത സമ്പദ്വ്യവസ്ഥ മുമ്പോട്ടുവച്ച ഒരു ലോകബോധമാണത്. മുതലാളിത്തമെന്നത് ഏതാനും പണക്കാരുടെ രാജ്യഭാരമല്ല എന്നു തെറ്റിദ്ധരിക്കാതിരിക്കാന്‍ എടുത്തുപറയട്ടെ. അത് വിഭവോല്‍പാദനത്തിന്റെയും വിപണനത്തിന്റെയും മേഖലയില്‍ ഏര്‍പ്പെടുന്ന ഒരു പരിവര്‍ത്തനദശയാണ്.

ജീവിതത്തിന്റെ സമസ്ത വ്യവഹാരങ്ങളിലും അതിന്ന് അതിന്റേതുമാത്രമായ ആദര്‍ശങ്ങളുണ്ട്. ഉല്‍പാദനരൂപത്തില്‍ വ്യവസായം, ഉല്‍പാദന ശക്തിയില്‍ യന്ത്രസമുച്ചയം, ഉല്‍പാദനരംഗം ഫാക്ടറി, വിഭവവിനിമയത്തിന് കമ്പോളം, ഭരണസ്വരൂപം ജനായത്തം, കുടുംബമെന്നാല്‍ അണുകുടുംബം ഇങ്ങനെ പോകുന്നു വ്യവസായത്തിലടിത്തറയിട്ട മുതലാളിത്ത വ്യവസ്ഥയുടെ വ്യവഹാരരൂപങ്ങള്‍. ലാഭമാണ് മുതലാളിത്തത്തിെന്‍റ പരമാദര്‍ശം. എന്തിലും ലാഭക്കണ്ണോടെയേ മുതലാളിത്തത്തിനു നോക്കാന്‍ പറ്റൂ. ആഹാരകാര്യത്തിലും മുതലാളിത്തയുഗത്തിനു ലാഭമായി പരമാദര്‍ശം എന്ന കാര്യം ഊന്നിപ്പറയാനാണ് ഇക്കാര്യം ഇത്ര വിസ്തരിച്ചത്. ആഹാരമെന്നല്ല, ആരോഗ്യരക്ഷയും ചികിത്സാവിധികളും ഔഷധപ്രയോഗവുമെല്ലാം ലാഭത്തെ മുന്‍നിര്‍ത്തിയായതാണ് പടിഞ്ഞാറന്‍ കോളനിവാഴ്ചയുടെയും അതു നടപ്പില്‍ വരുത്തിയ ആധുനികതയുടെയും ആത്യന്തികഫലം. വര്‍ധിച്ച മിച്ചോല്‍പാദനവും വിപുലമായ കമ്പോളസൗകര്യവും മുതലാളിത്തവ്യവസ്ഥയ്ക്ക് ഒഴിച്ചുകൂടാത്ത ഉപാധികളാണ്. ധാന്യങ്ങള്‍, കായ്കനികിഴങ്ങുകള്‍ എന്നീ ഭക്ഷ്യവിഭവങ്ങളുടെ മിച്ചോല്‍പാദനത്തെ ബാധിക്കുന്നതു മുഖ്യമായും കൃമികീടാദികളും അണുജീവികളുമാണ്. അതുകൊണ്ട് കീടബാധയെത്തടയുക എന്നത് ഉല്‍പാദന പ്രക്രിയയുടെ നട്ടെല്ലായിത്തീരുന്നു. ഇതിനു പരമ്പരാഗതരീതികള്‍ നടപ്പിലുണ്ടായിരുന്നു. അവയുടെ പ്രയോഗത്തിന് പ്രചാരലോപം വന്നു. പുതിയ പ്രയോഗരീതികള്‍ ആവശ്യമായി. ആധുനികശാസ്ത്രം കാര്‍ഷികോല്‍പാദന രംഗത്തേക്കു കടന്നുവരുന്നതങ്ങനെയാണ്. കീടനാശകങ്ങളുടെ വര്‍ധിച്ച ഉപയോഗമായി അതിന്റെ ഫലം. വിഷത്തിനു ബന്ധു-ശത്രുഭേദമില്ല. വിഷപ്രയോഗം കൊണ്ട് ഭക്ഷ്യവസ്തുക്കളിലെ ഗുണകാരികളും ദോഷകാരികളും ഒരുപോലെ ഒടുങ്ങിപ്പോവും. ഇതുകൊണ്ടുള്ള അപായം രണ്ടാണ്. ഭക്ഷ്യവിഭവങ്ങളുടെ ജീവകമൂല്യം അപായകരമാംവിധം ചുരുങ്ങും. വിഷാംശങ്ങള്‍ ക്രമാതീതമായിപ്പെരുകും. സാമൂഹ്യക്രമത്തില്‍ വന്ന മാറ്റങ്ങളും ഭക്ഷണസംസ്കാരത്തെയും ശീലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.

പുതിയ ജീവിതക്രമത്തില്‍ വന്ന മാറ്റങ്ങളും ഭക്ഷണസംസ്കാരത്തെയും ശീലങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പുതിയ ജീവിതക്രമത്തില്‍ വീട്ടിലെ അടുക്കളയുടെ ഉപയോഗം പഴയ വഴക്കത്തെ അപേക്ഷിച്ച് നന്നെച്ചുരുങ്ങി. അങ്ങാടിത്തീന്‍പണ്ടങ്ങള്‍ക്ക് അടുക്കള കൈയേറാന്‍ പറ്റിയ സാഹചര്യമാണ് ഇതുകൊണ്ടേര്‍പ്പെട്ടത്. ഫലം, വിശേഷദിവസങ്ങളില്‍പോലും വീട്ടുഭക്ഷണം കാറ്ററിങ് ഏജന്‍സികള്‍ വിളമ്പുന്ന സര്‍വാണിച്ചോറായി. ചെലവു കുറയ്ക്കാനോ ആരോഗ്യരക്ഷയ്ക്കോ ഏതെങ്കിലും തരത്തില്‍ ഉതകിയതായിരുന്നുവെങ്കില്‍ പുതുതായേര്‍പ്പെട്ട ആഹാരശീലങ്ങളെ കൈപിടിച്ചിരുത്താമായിരുന്നു. അനുഭവം മറിച്ചായെന്നുമാത്രമല്ല, മാറാരോഗങ്ങളിലേക്കുള്ള കുറുക്കുവഴികളായി ആഹാരശീലങ്ങള്‍ മാറുകയാണുണ്ടായത്. ഭക്ഷണത്തിന്റെ ജീവസന്ധാരണമൂല്യം മുമ്പെന്നെത്തേക്കാളും അപായപ്പെട്ടു. മുതലാളിത്തം കടന്ന് പില്‍ക്കാല മുതലാളിത്തം പുലര്‍ന്നപ്പോഴുണ്ടായ അവസ്ഥയാണിത്. കുറ്റം താങ്ങാന്‍ വ്യവസ്ഥ ഒരുക്കമല്ല.

രോഗങ്ങള്‍ക്ക് വേറെ വിശദീകരണം വേണം. അങ്ങനെയാണ് പുതുരോഗങ്ങള്‍ക്ക് ജീവിതശൈലീരോഗങ്ങളെന്ന പദവി കൈവരുന്നത്. അതോടെ വ്യവസ്ഥയ്ക്ക് നില്‍ക്കക്കള്ളിയായി. രോഗമേതും ജീവിതശൈലി കൊണ്ടുണ്ടാവുന്നതാണ്. അതുകൊണ്ട്, രോഗം വന്നാല്‍ അതിനു നിമിത്തമായ ശൈലി മാറണം. അതായിരുന്നു പഴയ ശാസ്ത്രത്തിന്റെ ശാസന. പുതുമുതലാളിത്ത വ്യവസ്ഥയുടെ ശാസ്ത്രജ്ഞാനം പുതിയ ജീവിതശൈലികളെ നീതീകരിക്കുന്നു. രോഗം വന്നാല്‍ അത് കൊണ്ടുനടക്കാന്‍ പഠിക്കുക എന്നതാണ് പുതിയ ആപ്തവാക്യം. രോഗശമനമെന്ന വൈദ്യധര്‍മത്തില്‍ നിന്നുള്ള പിന്‍മടക്കമാണത്. ജീവിതശൈലി മാറിയാലേ രോഗം ശമിയ്ക്കൂ എന്നുണ്ടെങ്കില്‍ ശൈലി മാറുകതന്നെ വേണം. പോന്നുപിറന്ന കാലം, ആഹാരകാര്യങ്ങളിലുള്‍പ്പെടെ സമസ്ത വ്യവഹാരങ്ങളും ആധുനികതയുടെ പരമാദര്‍ശങ്ങളില്‍നിന്നു മാറിപ്പോവുകയാണ്. മാത്രമല്ല, കടകവിരുദ്ധമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നുമുണ്ട്. ജ്ഞാനോദയാധുനികതയുടെ പരമാദര്‍ശം പരാശ്രയമുക്തിയായിരുന്നു. ഇമാനുവല്‍ കാന്റ് ജ്ഞാനോദയത്തെ നിര്‍വചിക്കുന്നുണ്ട്. പരാശ്രയത്തില്‍നിന്നുള്ള മുക്തിയാണ് ജ്ഞാനോദയം". എന്നാല്‍ പുതുമുതലാളിത്തം തൊട്ടതിനൊക്കെ അങ്ങാടിയെ ആശ്രയിക്കാന്‍ പഠിപ്പിക്കുന്നു.

യുക്തിയും അതിലടിത്തറയിട്ട ശാസ്ത്രവുമായിരുന്നു ആധുനികതയുടെ ഇടവും വലവും അകമ്പടി ചെന്നത്. പുതിയ കാലത്തിന് ലാഭത്തില്‍ക്കവിഞ്ഞ യുക്തി വേണ്ടെന്നായി. ലാഭം വര്‍ധിപ്പിക്കാന്‍ ശാസ്ത്രം മനുഷ്യത്വത്തിന്റെ മാര്‍ഗം വെടിയുന്നത് നിത്യാനുഭവവുമായി. പുതിയ വഴക്കങ്ങള്‍ക്ക് കൊട്ടിപ്പാടിസ്സേവയ്ക്കു മാധ്യമങ്ങളും മുതലാളിത്തത്തിനു കൂട്ടായി. കോളനിപ്പകിട്ടിന്റെ മത്തിറങ്ങാത്ത മധ്യവര്‍ഗക്കാരും പുതുമടിശ്ശീലക്കാരും കള്ളപ്പണക്കാരും എല്ലാം ചേര്‍ന്ന് അങ്ങാടി സംസ്കാരത്തിന്റെ പരിഷ്കാരക്കമ്പം പെരുപ്പിച്ചതോടെ മുതലാളിത്തം വച്ചുനീട്ടുന്ന ധൂര്‍ത്തജീവിതമായി അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും അടയാളം. അടുക്കള പഴഞ്ചനും അങ്ങാടിത്തീറ്റ സാമൂഹ്യപദവിയുടെ ചിഹ്നവുമായി. ആഹാരത്തെ ബാധിച്ച ഈ പുതുപദവി മൂല്യം പഴയ ജന്മി-നാടുവാഴി കാലത്തെ പദവിപോലെയല്ല. ആരോഗ്യത്തിന് അത്യന്തം ഹാനികരമായ ആഹാരശീലങ്ങളെയാണ് പുതിയ പരിഷ്കാരപ്പൊങ്ങച്ചം പ്രചാരപ്പെടുത്തിയത്. പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിച്ച ആഹാരമുള്‍പ്പെടെയുള്ള പുതിയ ശീലങ്ങള്‍ അവയുടെ അടിമകളായവരെ മാത്രമല്ല ബാധിക്കുന്നത്. തലമുറകളിലേക്ക് സംക്രമിച്ചെത്തുന്ന ശാരീരികവും മാനസികവുമായ വൈകല്യങ്ങളാണ് ആഹാരത്തിലെ പുതിയ വഴക്കങ്ങള്‍ വരാനിരിക്കുന്ന തലമുറകള്‍ക്കായി കരുതിയിരിക്കുന്നത് എന്ന കാര്യം ആവുന്നത്ര ഉച്ചത്തില്‍ വിളംബരപ്പെടുത്തേണ്ടിയിരിക്കുന്നു.

*
എം ആര്‍ രാഘവവാരിയര്‍ ദേശാഭിമാനി വീക്ലി

1 comment:

suneer said...

വൃക്കരോഗികള്‍ കൂടുതലുള്ളത് മലപ്പുറത്ത്: ഉമാദേവി
അഹമ്മദ് പാതിരിപ്പറ്റ
Posted on: 03 Apr 2012

ദോഹ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൃക്കരോഗികളുള്ളത് മലപ്പുറം ജില്ലയിലാണെന്ന് ജില്ലാ പഞ്ചായത്ത് നടത്തിയ പഠനത്തില്‍ ബോധ്യപ്പെട്ടതായി വൃക്കരോഗികള്‍ക്ക് സഹായം നല്‍കാനായി രൂപവത്കരിച്ച ശാന്തി സംഘടനാ ഡയറക്ടര്‍ ഉമാദേവി പറഞ്ഞു. 1540 പേര്‍ ഇപ്പോള്‍ ഡയാലിസിസിന് വിധേയമാകുന്നുണ്ട്. ഓരോ രോഗിക്കും ജില്ലാ പഞ്ചായത്ത് 2000 രൂപ വീതം പ്രതിമാസം സഹായധനം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്ത്യന്‍ മീഡിയാ ഫോറം ഹോട്ടല്‍ ഭാരതില്‍ നടത്തിയ മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫിലിപോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ നേതൃത്വത്തില്‍ ശാന്തി ഒരുക്കുന്ന വൃക്ക രോഗികള്‍ക്കായുള്ള പദ്ധതിയുടെ പ്രചാരണാര്‍ഥം ഇവിടെ എത്തിയതായിരുന്നു അവര്‍.

ഭക്ഷണരീതിയിലുള്ള മാറ്റമാണ് മലപ്പുറം ജില്ലയില്‍ രോഗം വര്‍ധിക്കാന്‍ കാരണം. ആട്ടിറച്ചിയും മാട്ടിറച്ചിയും കൂടുതല്‍ ഉപയോഗിക്കുന്നതാണ് രോഗം വര്‍ധിക്കാന്‍ കാരണം.

കേരളത്തിലുടനീളമുള്ള രോഗികളെക്കുറിച്ച് പഠനം നടത്തി വിവരം ശേഖരിക്കാനും സഹായമെത്തിക്കാനുമുള്ള പദ്ധതിയുമായിട്ടാണ് കനിവ് രംഗത്തിറങ്ങുന്നത്. മാര്‍ ക്രിസ്റ്റോസം തിരുമേനിയുടെ 95-ാം പിറന്നാളോടനുബന്ധിച്ച് 2012 ഏപ്രില്‍ 27ന് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും. അദ്ദേഹം ഒരു ലക്ഷം രൂപയാണീ സഹായ പദ്ധതിക്ക് സംഭാവന നല്‍കിയത്. 5000 പേരില്‍ നിന്നായി ഒരു ലക്ഷം രൂപ വീതം സമാഹരിച്ച് അതിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെ രോഗികള്‍ക്ക് സഹായമെത്തിക്കാനാണ് ഉദ്ദേശ്യം.

പ്രതിമാസം 1700 വൃക്കരോഗികള്‍ക്കാണ് ശാന്തിയുടെ നേതൃത്വത്തില്‍ ഡയാലിസിസ് നടത്തുന്നത്. അതില്‍ 950 പേര്‍ക്ക് പൂര്‍ണമായും സൗജന്യമാണ്. ഗള്‍ഫ് മലയാളികളുടെ പിന്തുണ ഈ കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നു.

വൃക്കരോഗം വരുന്നതിനുള്ള സാധ്യതകളെക്കുറിച്ചും, പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനും ഗള്‍ഫിലെ മലയാളികളുടെ സഹായവും സഹകരണവും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രമേഹ രോഗത്തെക്കുറിച്ചും, രക്തസമ്മര്‍ദത്തെക്കുറിച്ചും പരിശോധന നടത്തേണ്ട ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കുകയും അതിനുള്ള സൗകര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തുകയുമാണീ സംഘടനയുടെ ലക്ഷ്യം എന്ന് ഉമ പ്രസ്താവിച്ചു.