Saturday, October 8, 2011

വാച്ചാത്തിയുടെ വേദന

തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ആദിവാസികളുടെ കൊച്ചു ഗിരിവര്‍ഗ ഗ്രാമമായ വാച്ചാത്തി, അച്ചടിമാധ്യമങ്ങളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പ്രമുഖ സ്ഥാനത്ത് ഇടം നേടിയത് പെട്ടെന്നാണ്. റിപ്പോര്‍ട്ടുകളുടെ പ്രളയം; സ്ഥലത്തുചെന്ന് നടത്തിയ റിപ്പോര്‍ട്ടുകള്‍ ; മുഖപ്രസംഗങ്ങള്‍പോലും ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ, ധര്‍മപുരി ജില്ലാ കോടതി സെപ്തംബര്‍ 29ന് നടത്തിയ ഒരു വിധിയെക്കുറിച്ചുള്ളതായിരുന്നു - തമിഴ്നാട് സംസ്ഥാനത്തിലെ വനം, റവന്യൂ, പോലീസ് വകുപ്പുകളിലെ 215 ഉദ്യോഗസ്ഥന്മാരെ വിവിധ കാലയളവുകളിലേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ച്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്നുണ്ട്. ഏതെങ്കിലും ക്രിമിനല്‍ കുറ്റങ്ങളെ സംബന്ധിച്ച ഒരു സാധാരണ കേസായിരുന്നില്ല അത്.

സംസ്ഥാനത്തിലെ നിയമപാലകരായ ഉദ്യോഗസ്ഥന്മാര്‍ ഈ ഗിരിവര്‍ഗ ഗ്രാമത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടത്തിയ പൈശാചികവും ലജ്ജാകരവുമായ ആക്രമണത്തെ സംബന്ധിച്ച കേസായിരുന്നു അത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; പുരുഷന്മാരെ ആക്രമിച്ചു; കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. വീട്ടുമൃഗങ്ങളെയും കോഴികളെയും പിടിച്ചുകൊണ്ടുപോയി. വീടുകള്‍ കൊള്ള ചെയ്തു; കൊള്ളിവെച്ചു. കുടിവെള്ളത്തിനുള്ള കിണറുകള്‍ മലിനമാക്കി. ചന്ദനമരം വെട്ടിവീഴ്ത്തുന്നതു കണ്ടുപിടിക്കുന്നതിനുള്ള സര്‍ച്ചിന്റെപേരിലാണ് ഇതെല്ലാം നടത്തപ്പെട്ടത്. തുടര്‍ച്ചയായി മൂന്നുദിവസമാണ് ആ ഗ്രാമത്തില്‍ ഈ ആക്രമണം നടന്നത് - 1992 ജൂണ്‍ 20, 21, 22 തീയതികളില്‍ . അവിടെ ഏതുതരത്തിലുള്ള അക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പുറംലോകത്തിന് അറിയാമായിരുന്നില്ല. ശരീരശേഷിയുള്ള പുരുഷന്മാരെയെല്ലാം അടിച്ചോടിച്ചു. സ്ത്രീകളെയും കുട്ടികളെയും പൈശാചികമായ ക്രൂരതയ്ക്കിരയാക്കി. അതിനൊക്കെശേഷം ഒരു കള്ളക്കേസ് കെട്ടിച്ചമച്ച് 233 പേരെ പിടിച്ച് ജയിലിലിട്ടു. 15 വൃദ്ധരും 28 കുട്ടികളും 90 സ്ത്രീകളും അതില്‍ ഉള്‍പ്പെടുന്നു.

19 കൊല്ലമെങ്കിലും കഴിഞ്ഞിട്ടാണ് വിധി വരുന്നത് എന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ അണിനിരത്തുന്നതിനും ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു എന്ന് അവര്‍ കാണുന്നില്ല. പൈശാചിക സംഭവങ്ങളെല്ലാം നടന്ന് എത്രയോ ദിവസം കഴിഞ്ഞാണ് വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ (എഐകെഎസ്) ഭാഗമായ തമിഴ്നാട് ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷന്‍ തഹസില്‍ദാരുടെ ഓഫീസിനുമുന്നില്‍ 1992 ജൂലൈ 13ന് പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണത്. സര്‍ക്കാരിന്റെഭീഷണികളെയും ഇടപെടലുകളെയും എതിര്‍പ്പിനെയും അവഗണനയേയും എല്ലാം നേരിട്ടുകൊണ്ട് ഇരുപതുകൊല്ലക്കാലത്തോളം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെതുടക്കമായിരുന്നു അത്. 1992 ജൂലൈ 14ന് വാച്ചാത്തി ഗ്രാമത്തിലെത്തിയ ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ ജനങ്ങളോട് സംസാരിച്ചു; വിവരങ്ങള്‍ ശേഖരിച്ചു. അന്ന് സിപിഐ എമ്മിന്റെസംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന എ നല്ലശിവന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഐ എം നേതാക്കന്മാര്‍ ജൂലൈ 28ന് ഗ്രാമം സന്ദര്‍ശിച്ചു. കര്‍ഷകസംഘം നേതാക്കളായ കെ വരദരാജന്‍ , ജി വീരയ്യന്‍ തുടങ്ങിയവരും പാപ്പാ ഉമാനാഥും മൈഥിലീ ശിവരാമനും ആ സംഘത്തിലുണ്ടായിരുന്നു. വാച്ചാത്തിയിലെ ഹതഭാഗ്യരായ ആദിവാസികളുടെ മേല്‍ നടത്തപ്പെട്ട പൈശാചികമായ ആക്രമണത്തിന്റെവിശദാംശങ്ങള്‍ വെളിയില്‍ അറിയിച്ചത് ഈ നേതാക്കന്മാരാണ്. എന്നാല്‍ അതൊന്നും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ ഒരു താല്‍പര്യവും കാണിച്ചില്ല.

അന്നത്തെ ജയലളിതാ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന ചെങ്കോട്ടിയന്‍ സിപിഐ എം നേതാക്കളെ പരിഹസിക്കുകയാണുണ്ടായത്. മലയുടെ മുകളിലുള്ള ഒരു ഗ്രാമമാണ് വാച്ചാത്തി, നല്ലശിവനെപോലെയുള്ള ഒരു വയസ്സന്‍ അവിടെ ചെന്നിട്ടേയുണ്ടാവില്ല എന്ന് മന്ത്രി പരിഹസിച്ചു. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തോടുള്ള ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രതികരണമാണത്! സിപിഐ എം ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ടിയും ഈ പ്രശ്നം ഗൗരവമായിട്ടെടുത്തില്ല. മദിരാശി ഹൈക്കോടതിയില്‍ എ നല്ലശിവന്‍ ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതിനുമുമ്പ് ട്രൈബല്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. ദേശീയ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്റെ ദക്ഷിണമേഖലാ കമ്മീഷണറുടെ മുന്നില്‍ മൈഥിലി ശിവരാമന്‍ ഈ പ്രശ്നം കൊണ്ടുവന്നു. ഐഎഎസ്സുകാരിയായ കമ്മീഷണര്‍ പാമാത്തി ആഗസ്ത് 6, 7, 8 തീയതികളില്‍ ഗ്രാമം സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ സംഭരിച്ചു. ആഗസ്ത് 5ന് ഈ പ്രശ്നം പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ടു. സെപ്തംബര്‍ 3ന് സുപ്രീംകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യപ്പെട്ടു.

ട്രൈബല്‍ അസോസിയേഷന്റെജനറല്‍ സെക്രട്ടറി പി ഷണ്‍മുഖം സെപ്തംബര്‍ 4ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഇക്കാര്യത്തില്‍ കഴിയുന്ന വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് സെപ്തംബര്‍ 8ന് സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ വാദം കേള്‍ക്കല്‍ നീണ്ടുപോയി. ഒടുവില്‍ ഐഎഎസ് ഓഫീസറായ പാമാത്തിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. സിബിഐ അന്വേഷണം നടത്തണം എന്ന് മദിരാശി ഹൈക്കോടതി 1995 ഫെബ്രുവരി 24ന് ഉത്തരവിട്ടു. ഈ ഘട്ടത്തില്‍പോലും സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന ഗവണ്‍മെന്‍റ് അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. അത് തള്ളപ്പെട്ടു. അതിനുശേഷമാണ് 1995ല്‍ 269 പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ബലാല്‍സംഗക്കുറ്റം ആരോപിക്കപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള പരേഡ് നടത്താന്‍ സിബിഐ തീരുമാനിച്ചപ്പോള്‍ , പ്രതികള്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്തു. കോടതി അവരുടെ ആവശ്യം തള്ളിക്കളഞ്ഞു. 269 പ്രതികളില്‍ 155 പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും 108 പേര്‍ പോലീസ് ഉദ്യോഗസ്ഥന്മാരും 6 പേര്‍ റവന്യൂ ഉദ്യോഗസ്ഥന്മാരും ആയിരുന്നു. കേസ് നടത്തിപ്പിനെ തടയുന്നതിനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റിനോക്കി. സിപിഐ എമ്മിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ , അക്രമത്തിന്നിരയായവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ , ഈ പ്രയത്നങ്ങളെല്ലാം തകരുകയും കുറ്റവാളികള്‍ വിജയിക്കുകയും ചെയ്യുമായിരുന്നു.

വിചാരണ ശരിയായ വിധത്തില്‍ നടക്കുന്നതിനുവേണ്ടി എത്രയോ പെറ്റീഷനുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു; പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തപ്പെട്ടു. മറ്റ് ജില്ലകളിലെ വിവിധ കോടതികളിലേയ്ക്കും ഈ കേസ് നീണ്ടു. ഒരു സ്പെഷ്യല്‍ പ്ലീഡറെ നിയമിക്കുന്നതിന് സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. 2002ല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. പട്ടികജാതി - പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്നനുസരിച്ച്, ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള പെറ്റീഷന്‍ 2002 നവംബറില്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതി അതിന് നിര്‍ദ്ദേശിച്ചിട്ടുപോലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്ന് കര്‍ശനമായ മറ്റൊരു കല്‍പനയുണ്ടായതിനുശേഷമാണ് 124 ലക്ഷം രൂപ ഇരകള്‍ക്ക് നല്‍കിയത്.
നിരവധി കോടതികളില്‍നിന്ന് എത്രയോ ഇടപെടലുകള്‍ ഉണ്ടായതിനുശേഷമാണ് ഒടുവില്‍, 2008ല്‍ ധര്‍മപുരി ജില്ലാ കോടതിയില്‍ ശരിക്കുള്ള വിചാരണ ആരംഭിച്ചത്. എല്ലാ പ്രതികളെയും ശിക്ഷിച്ചുകൊണ്ടുള്ള വിധി ഒടുവില്‍ ഉണ്ടായിരിക്കുന്നു. ഈ കാലത്തിന്നിടയില്‍ 269 പ്രതികളില്‍ 54 പേര്‍ മരിച്ചുപോയിരുന്നു. ശിക്ഷിക്കപ്പെട്ട 215 പ്രതികളില്‍ 12 പേര്‍ 10 വര്‍ഷത്തെ കഠിനതടവ് അനുഭവിക്കണം; 17 പേര്‍ 7 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. മറ്റുള്ളവരെ വിവിധ കാലയളവുകളിലേക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വിവിധ കാലയളവുകളിലേയ്ക്കാണ് ഓരോരുത്തരും ശിക്ഷിയ്ക്കപ്പെട്ടിട്ടുള്ളതെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കുപുറമെ പ്രതികള്‍ 6.55 ലക്ഷം രൂപ പിഴ കൊടുക്കുകയും വേണം. ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകള്‍ ഓരോരുത്തര്‍ക്കും ആശ്വാസമെന്ന നിലയില്‍ 15,000 രൂപ വീതം ലഭിക്കും. ഏറെ വൈകിയിട്ടാണ് വിധി വന്നതെങ്കിലും എല്ലാ പ്രതികളെയും ശിക്ഷിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ആശ്വാസം തന്നെയാണ്.

വിവിധ വിഭാഗങ്ങളിലുള്ളവര്‍ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന കാലത്ത് തമിഴ്നാട്ടില്‍ എഐഎഡിഎംകെ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തിലെത്തി. എന്നാല്‍ അതിലൊരു സര്‍ക്കാരും ആക്രമണത്തിന് ഇരയായവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല. പത്തൊമ്പത് കൊല്ലക്കാലത്തെ ഈ കൊടിയ ദുഃഖത്തിലെല്ലായ്പ്പോഴും, ആക്രമണത്തിന് ഇരയായവരോടൊപ്പം നിന്നത് സിപിഐ എമ്മും ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷനും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും തന്നെയാണ്. കേസ് നടത്തുന്നതിന് ആവശ്യമായ ഫണ്ട് സംഭരിക്കുന്നതിന് സിഐടിയു യൂണിയനുകള്‍ , പ്രത്യേകിച്ചും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍, ഉദാരമായ സംഭാവന നല്‍കി. ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനിലെ അഭിഭാഷകര്‍ നല്‍കിയ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

"വാച്ചാത്തി ആവര്‍ത്തിക്കുന്നത് പരിഷ്കൃത രാഷ്ട്രമായ ഇന്ത്യയ്ക്ക് അസഹ്യമാണെ"ന്ന് പറയാമെങ്കിലും, വിവിധ സ്ഥലങ്ങളില്‍ , വിവിധ രൂപങ്ങളില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവയില്‍ വളരെ കുറച്ച് സംഭവങ്ങളേ പുറംലോകം അറിയുന്നുള്ളൂ. ഇത്തരം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും അവസാനിക്കുമെന്ന് ഉറപ്പുവരുത്താന്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാച്ചാത്തി സംഭവത്തിലെ ഇരകളെ സഹായിക്കുന്നതിനും പ്രതികളെ ശിക്ഷിപ്പിക്കുന്ന തരത്തില്‍ ഇരകളെ അണിനിരത്തി തിരിച്ചടിക്കുന്നതിനും സിപിഐ എമ്മും വിവിധ ബഹുജന സംഘടനകളും വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ഈ മാസം (ഒക്ടോബര്‍) നടക്കാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്, ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകളില്‍ ഒരാളാണ് എന്നത് എടുത്തുപറയേണ്ടതാണ്.


*****


എ കെ പത്മനാഭന്‍, കടപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"വാച്ചാത്തി ആവര്‍ത്തിക്കുന്നത് പരിഷ്കൃത രാഷ്ട്രമായ ഇന്ത്യയ്ക്ക് അസഹ്യമാണെ"ന്ന് പറയാമെങ്കിലും, വിവിധ സ്ഥലങ്ങളില്‍ , വിവിധ രൂപങ്ങളില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവയില്‍ വളരെ കുറച്ച് സംഭവങ്ങളേ പുറംലോകം അറിയുന്നുള്ളൂ. ഇത്തരം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും അവസാനിക്കുമെന്ന് ഉറപ്പുവരുത്താന്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാച്ചാത്തി സംഭവത്തിലെ ഇരകളെ സഹായിക്കുന്നതിനും പ്രതികളെ ശിക്ഷിപ്പിക്കുന്ന തരത്തില്‍ ഇരകളെ അണിനിരത്തി തിരിച്ചടിക്കുന്നതിനും സിപിഐ എമ്മും വിവിധ ബഹുജന സംഘടനകളും വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ഈ മാസം (ഒക്ടോബര്‍) നടക്കാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്, ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകളില്‍ ഒരാളാണ് എന്നത് എടുത്തുപറയേണ്ടതാണ്.