Sunday, June 30, 2013

ജനതാദളത്തിലെ പുഴുക്കുത്തുകള്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ജനതാദള്‍ വിട്ട് സോഷ്യലിസ്റ്റ് ജനതാദള്‍ എന്ന പാര്‍ടി രൂപീകരിച്ചതും വലതുപക്ഷത്ത് ചേക്കേറിയതും. അടുത്ത ലോകസഭാതെരഞ്ഞെടുപ്പിന് മുന്നെ ഇതാ ആ പാര്‍ടിയിലെ ഭൂരിപക്ഷം പേരും പാര്‍ടി വിടുകയോ പുറത്താക്കപ്പെടുകയോ ആണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് വലതുപക്ഷത്തേക്ക് വീരേന്ദ്രകുമാര്‍ മാറിയത് കേവലം ഒരു ലോക്സഭാ സീറ്റിന് വേണ്ടിയായിരുന്നു. അധികാരത്തിനും സ്ഥാനത്തിനുമായുള്ള ചേരിമാറ്റം അടുത്ത തെരഞ്ഞെടുപ്പിന് മുന്നെ ആ പാര്‍ടിയില്‍ വിള്ളല്‍വീഴ്ത്തി.

ആഗോളവല്‍ക്കരണത്തിനെതിരായും കുത്തകകള്‍ക്കെതി രായും ഗിരിപ്രഭാഷണങ്ങളും പുസ്തകങ്ങളും എഴുതിയ ആദര്‍ശശാലിയായ നേതാവ് യുഡിഎഫിന്റെയും യുപിഎയുടെയും ആഗോളവല്‍ക്കരണനയത്തിന്റെ പ്രചാരകനും പ്രയോക്താവുമായി മാറുന്നതാണ് നാലുവര്‍ഷമായി കാണാന്‍ കഴിയുന്നത്. ഗാട്ടും കാണാച്ചരടുമെഴുതിയ വീരന്റെ നയംമാറ്റത്തിന് പിന്നിലുള്ള കാണാച്ചരടുകളെന്താണ്. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനി പൂട്ടിച്ചത് തന്റെ ഇടപെടലാണെന്നാണ് വീരേന്ദ്രകുമാര്‍ അവകാശപ്പെടാറ്. എന്നാല്‍ കൊക്കകോളകമ്പനി തുറക്കാന്‍ വീരന്‍ കോഴ വാഗ്ദാനം ചെയ്തതായ വാര്‍ത്തകളാണ് ഇന്ന് പുറത്തുവരുന്നത്. മാതൃഭൂമി മാനേജിങ് ഡയറക്ടറായ വീരേന്ദ്രകുമാര്‍ കുറച്ചുവര്‍ഷം മുമ്പ് ടൈംസ് ഓഫ് ഇന്ത്യാഗ്രൂപ്പ് മാതൃഭൂമി ഓഹരികളില്‍ ചിലത് വാങ്ങിയപ്പോള്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. ദേശീയപത്രത്തെ വിഴുങ്ങാനിതാ കുത്തക വരുന്നേ രക്ഷിക്കണേ എന്ന് നെഞ്ചത്തടിച്ചു അദ്ദേഹം. എന്നാല്‍ പിന്നീട് ടൈംസ് ഓഫ് ഇന്ത്യാഗ്രൂപ്പില്‍ നിന്ന് ആ ഓഹരികള്‍ അദ്ദേഹവും മകനും ചേര്‍ന്ന് കൈക്കലാക്കി. വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായിരുന്ന വേളയിലാണ് ഈ ഇടപാട് നടന്നത്.

ജയിനില്‍നിന്ന് ഓഹരികള്‍ സംഘടിപ്പിച്ചതിന് പിന്നില്‍ കേന്ദ്രമന്ത്രിയുടെ അധികാരദുര്‍വിനിയോഗവും അഴിമതിയുമുണ്ടോ? ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ. കുത്തകയായ ടൈംസ്ഓഫ് ഇന്ത്യ ഇന്ന് കേരളത്തില്‍ അച്ചടിച്ചുവിതരണം ചെയ്യുന്നത് വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയുടെ അച്ചുകൂടത്തില്‍ന്നിന്നാണെന്നത് ഓഹരി ഇടപാടുമായി ചേര്‍ത്തുവായിക്കേണ്ടതല്ലേ. കേരളത്തില്‍ സോഷ്യലിസ്റ്റ് ജനാധിപത്യ ചേരി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കിയ അരങ്ങില്‍ ശ്രീധരന്‍, പി വിശ്വംഭരന്‍, തമ്പാന്‍ തോമസ്, പി ആര്‍ കുറുപ്പ് എന്നിവരെല്ലാം പാര്‍ടിയില്‍നിന്ന് പുറത്തായത് വീരേന്ദ്രകുമാറിന്റെ ഏകാധിപത്യശൈലിയെ ചോദ്യംചെയ്തതിനാണ്. മൈക്കിന് മുന്നിലെത്തിയാലും നാക്ക് പുറത്തെടുത്താലും സിപിഐ എമ്മില്‍ ജനാധിപത്യവിരുദ്ധത ആരോപിക്കുന്ന, നേതാക്കളെ അധിക്ഷേപിക്കുന്ന വീരന്‍ 20 വര്‍ഷമായി ഒരു പാര്‍ടിയുടെ പ്രസിഡന്റായി തുടരുന്നതിന് പിന്നിലെ ജനാധിപത്യസംസ്കാരമെന്താണ്.? -ദീര്‍ഘകാലം എം പി വീരേന്ദ്രകുമാറിന്റെ കൂടെ പ്രവര്‍ത്തിച്ച, സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് കെ കൃഷ്ണന്‍കുട്ടിയാണ് ഈ ചോദ്യം ഉയര്‍ത്തുന്നത്.

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സുനാമിത്തിരയായി അലറിയടിക്കവേ നമ്മുടെ നാടിനെയും രാഷ്ട്രീയത്തെയും സംരക്ഷിക്കാനായി പ്രതിഷേധത്തിന്റെയും,പ്രതിരോധത്തിന്റെയും വിശാല ജനകീയകൂട്ടായ്മകളാണ് ഇന്ന് ഉയര്‍ന്നുവരേണ്ടത് എന്ന് അദ്ദേഹം ചുണ്ടിക്കാട്ടുന്നു. കൃഷ്ണന്‍കുട്ടിയുടെ രാഷ്ട്രീയതട്ടകമായ പാലക്കാട് വച്ച് നടത്തിയ സംഭാഷണത്തില്‍നിന്ന് :

? വീരേന്ദ്രകുമാറുമായി ഇടയാനുണ്ടായ സാഹചര്യമെന്താണ്

കോണ്‍ഗ്രസിലാണ് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. സംഘടനാകോണ്‍ഗ്രസ് ആരംഭിച്ചു. അശോക്മേത്ത, മൊറാര്‍ജി ദേശായി തുടങ്ങിയവരെല്ലാമായി അഴിമതിക്കെതിരായ മുന്നേറ്റത്തിനും തുടക്കമായി. ജയപ്രകാശ് നാരായണന്‍ രംഗത്തുവന്നു. അതിന്റെ തുടര്‍ച്ചയായി അടിയന്തരാവസ്ഥയുടെ വരവ്. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഇവിടുത്തെ നേതാക്കള്‍ ശങ്കരനാരായണനും എബ്രഹാംമാഷും ടി ഒ ബാവയുമൊക്കെയാണ്. തുടര്‍ന്ന് തെരഞ്ഞെടുപ്പും ജനതാപാര്‍ടിയുടെ രൂപീകരണവുമെല്ലാമുണ്ടായി. അഴിമതിക്കെതിരായ സമരത്തിലാണ് ജനതാപാര്‍ടിയുടെ ജനനം തന്നെ. കുത്തകവിരുദ്ധതയും അധികാരവികേന്ദ്രീകരണവുമൊക്കെ അന്നേ സ്വീകരിച്ച നിലപാടുകളായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസ് കൊക്കകോള നിരോധിച്ചതും ജില്ലാവ്യവസായകേന്ദ്രങ്ങളുടെ തുടക്കവും അന്നാണ്. ഗ്രാമീണമേഖലക്ക് ബജറ്റിന്റെ അമ്പതുശതമാനം വിഹിതം നീക്കിവച്ചതും ജില്ലാവ്യവസായകേന്ദ്രങ്ങളുടെ ആരംഭവുമൊക്കെ അന്നത്തെ സംഭാവനയാണ്. ജനസംഘം ബിജെപിയാവുകയും മൊറാര്‍ജി രാജിവയ്ക്കുന്നതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രം. ഇടതുപക്ഷവുമായി സഹകരിച്ച് ജനതാപാര്‍ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

വി പി സിങ് പ്രധാനമന്ത്രിയായതടക്കം ഇടതുപക്ഷവുമായി ദേശീയതലത്തിലും സഹകരണം വര്‍ധിച്ചു. ജനതാദളായി അപ്പോഴേക്കും പാര്‍ടി മാറി. ഐ കെ ഗുജ്റാളും ദേവഗൗഡയും പ്രധാനമന്ത്രിമാരായി. പിന്നീട് കര്‍ണാടകത്തില്‍ ഗൗഡയും കൂട്ടരും ബിജെപിയുമായി ചേരുന്ന അവസ്ഥയായി. അന്ന് കേരളത്തില്‍ ഞങ്ങള്‍ എല്‍ഡിഎഫിലായതിനാല്‍ തന്നെ ഈ സഖ്യം അംഗീകരിക്കാനാവുമായിരുന്നില്ല. പുതിയ പാര്‍ടിയെക്കുറിച്ച് ആലോചിക്കാന്‍ സുരേന്ദ്രമോഹന്‍ കണ്‍വീനറായ സമിതിക്ക് രൂപംനല്‍കി. എന്നാല്‍ ദേവഗൗഡ യാതൊരു അച്ചടക്കനടപടിയുമെടുത്തില്ല. കുറച്ചുകാലത്തിനകം ഗൗഡ ബിജെപി ബന്ധം ഉപേക്ഷിച്ചു. അപ്പോള്‍ സുരേന്ദ്രമോഹനോട് യാത്രപോലും പറയാതെ വീരേന്ദ്രകുമാര്‍ ഗൗഡക്കൊപ്പം പോയി. ഇത് ശരിയാണോ.

ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത്. അതിന് കുറച്ചുമുന്നെ എം പി വീരേന്ദ്രകുമാറും സിപിഐ എമ്മുമായി ഇടച്ചില്‍ തുടങ്ങിയിരുന്നു. മാതൃഭൂമി സിപിഐ എമ്മിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വ്യക്തിപരമായി പിണറായി വിജയനെതിരായടക്കം മാതൃഭൂമിയില്‍ പരാമര്‍ശമുണ്ടായി. അപ്പോള്‍ ഞങ്ങളൊക്കെ ഇതേപ്പറ്റി ചോദിക്കുമ്പോള്‍ വീരേന്ദ്രകുമാര്‍ നല്‍കിയിരുന്ന മറുപടി മാതൃഭൂമി സ്വതന്ത്രമാണ്, ഞാനിടപെടാറില്ലെന്നാണ്.

? ജനതാദള്‍ എല്‍ഡിഎഫ് വിട്ടതിനെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്

"ദേശാഭിമാനി" വയനാട്ടിലെ ഭൂമിപ്രശ്നം പുറത്തുകൊണ്ടുവന്നു. ആദിവാസി ഭൂമി കൈയേറിയതാണെന്നതിന്റെ വിശദാംശങ്ങളായിരുന്നു വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇത്തരമൊരാരോപണവും പ്രശ്നവും പാര്‍ടിയില്‍ ചര്‍ച്ചചെയ്യപ്പെട്ടില്ല. ന്യായാന്യായങ്ങള്‍പോലും ചര്‍ച്ചയായില്ല. ശരിയോ തെറ്റോ എന്ന് ചര്‍ച്ചചെയ്ത് സാധാരണ ആരോപണമുണ്ടായാല്‍ പാര്‍ടിതലത്തിലെങ്കിലും കമീഷനെ നിയോഗിക്കും. എന്നാല്‍ വീരന്‍ പറഞ്ഞതിനപ്പുറം കാര്യങ്ങള്‍ അന്വേഷിക്കുന്ന സ്ഥിതിയുണ്ടായില്ല. ഇതിങ്ങനെ നില്‍ക്കുന്നവേളയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം. വയനാട് സീറ്റ് തരാമെന്നായിരുന്നു സിപിഐ എം അറിയിച്ചത്. കോഴിക്കോടിനായി വിട്ടുവീഴ്ച കാട്ടണമെന്നും. നേരത്തെ സിപിഐ എമ്മുമായി സ്വരച്ചേര്‍ച്ച കുറഞ്ഞിരുന്ന വീരന്‍ ഈയവസരമുപയോഗിച്ചു. സിറ്റിങ് സീറ്റ് വിട്ടുതരുന്നില്ലെന്ന വികാരം പാര്‍ടിയിലുന്നയിച്ചു. അന്ന് സീറ്റ് ചര്‍ച്ചക്ക് ഞാനാണ് പോയിരുന്നത്. വയനാട് തരാം, നിങ്ങള്‍ മത്സരിക്കൂ, തോല്‍വി സംഭവിച്ചാല്‍ രാജ്യസഭാസീറ്റ് പരിഗണിക്കാമെന്നും അറിയിച്ചു. എന്നാല്‍ വീരന്‍ മാനസികമായി പാര്‍ടി മുന്നണി വിടണമെന്ന അഭിപ്രായത്തിലെത്തിയിരുന്നു. ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും അന്നാ നിഗമനത്തിലെത്തി. എല്‍ഡിഎഫ് വിടാനാണ് പാര്‍ടി തീരുമാനിച്ചത്. യുഡിഎഫ് ബന്ധം ചര്‍ച്ച ചെയ്തിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ കോണ്‍ഗ്രസുമായി വീരന്‍ ചര്‍ച്ചകളിലേര്‍പ്പെട്ടിരുന്നു. യുഡിഎഫുമായി ചേരാന്‍ തീരുമാനിച്ചതോടെ മാത്യു ടി തോമസും ജോസ് തെറ്റയിലും സി കെ നാണുവുമടങ്ങുന്ന പാര്‍ടിയിലെ പ്രബല വിഭാഗം മാറിനിന്നു. അപ്പോള്‍ യുഡിഎഫ് പിന്തുണയില്‍ മത്സരിക്കണമെന്ന മോഹത്തിലായിരുന്നു വീരേന്ദ്രകുമാര്‍. വടകര സീറ്റ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ യുഡിഎഫ് ഒഴിച്ചിട്ടിരിക്കയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ക്ക് എന്നെയാണ് അയച്ചിരുന്നത്. ഞാന്‍ സംസാരിച്ചു. അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം അവരുടെ ചിഹ്നത്തില്‍ മത്സരിക്കണമെന്നതായിരുന്നു. കാരണം ആണവകരാറിനെയും മറ്റും വിമര്‍ശിച്ച ഞങ്ങടെ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നുവിത്. മറ്റൊരു പാര്‍ടിനേതാവായാലും കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുക എന്ന നിര്‍ദേശം വന്നതോടെയാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം പോയത്. എന്നിട്ടും യുഡിഎഫിന് ഏകപക്ഷീയമായി പിന്തുണ പ്രഖ്യാപിച്ചു.

? യുഡിഎഫ് ബാന്ധവം നഷ്ടക്കച്ചവടമായിരുന്നില്ലേ

ശരിയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമീപനം മോശമായിരുന്നു. എല്‍ഡിഎഫിലുണ്ടായിരുന്നപ്പോള്‍ കിട്ടിയതിന്റെ പകുതി സീറ്റ് മത്സരിക്കാന്‍ കിട്ടിയില്ല. ജയിച്ച പഞ്ചായത്ത് മെമ്പര്‍മാരുടെ എണ്ണവും വളരെകുറവായിരുന്നു. അതിനുശേഷമാണ് നിയമസഭാതെരഞ്ഞെടുപ്പ്. തിരുവല്ല, അങ്കമാലി സീറ്റുകള്‍ ഞങ്ങള്‍ക്ക് കിട്ടേണ്ടതായിരുന്നു. അതിനാവശ്യപ്പെട്ടില്ല. പ്രതിഷേധമുണ്ടായില്ല. ലോക്സഭയിലേക്ക് സ്വന്തം സീറ്റ് കിട്ടുന്നില്ല, പകരം സീറ്റ് തരാമെന്ന് പറഞ്ഞിട്ടും മുന്നണിബന്ധം ഉപേക്ഷിച്ചവര്‍ നിയമസഭാ സീറ്റ് പലതും നഷ്ടമായപ്പോഴും പ്രതിഷേധം പോയിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ പ്രതികരണംപോലും രേഖപ്പെടുത്തിയില്ല. ചിറ്റൂരുമില്ല. പകരം നെന്മാറ തന്നപ്പോള്‍ ഞാന്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞു. എന്നാല്‍ പകരം പാര്‍ടിനേതാക്കളെ മത്സരിപ്പിക്കാതെ സീറ്റ് തിരിച്ചുകൊടുക്കയാണുണ്ടായത്. പിന്നീട് മത്സരിക്കാന്‍ കിട്ടിയത് കല്‍പറ്റ, എലത്തൂര്‍, മട്ടന്നൂര്‍, കൂത്തുപറമ്പ് സീറ്റുകളാണ്. ഇതില്‍ കല്‍പറ്റ മാത്രമായിരുന്നു വിജയസാധ്യതയുള്ള മണ്ഡലം.

സ്വന്തം മകനായ എം വി ശ്രേയാംസ് കുമാര്‍ മാത്രം ജയിക്കുമെന്നുറപ്പാക്കാനുള്ള തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെ വീരനുണ്ടായിരുന്നുവെന്നു മനസ്സിലാക്കണം. തെരഞ്ഞെടുപ്പിന് ശേഷമുള്ള മന്ത്രിസഭാരൂപീകരണമടക്കം ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ കെ പി മോഹനന്‍ ജയിച്ചു. അച്ഛന്‍ പ്രസിഡന്റും മകന്‍ മന്ത്രിയുമാകുന്നത് പാര്‍ടിക്കുള്ളിലും പുറത്തും മോശം ചര്‍ച്ചയും പ്രതിച്ഛായയുമുണ്ടാക്കുമെന്ന് ഞാനാണന്ന് വീരേന്ദ്രകുമാറിനോട് പറഞ്ഞത്. അതിനാലാണിത്തവണ മോഹനന്‍ മന്ത്രിയായത്. ശ്രേയു മന്ത്രിയാകണമെന്നായിരുന്നു വീരന്റെ താല്‍പര്യം. കഴിഞ്ഞ തവണ ഇടതുമുന്നണിയിലുള്ളപ്പോഴും അദ്ദേഹത്തിന് മകനെ മന്ത്രിയാക്കാനായിരുന്നു ആഗ്രഹം. അന്ന് എന്‍ എം ജോസഫിനെയും എന്നെയുമാണ് എംഎല്‍എമാരുമായി ചര്‍ച്ച നടത്താനായി നിശ്ചയിച്ചത്. ഭാര്യക്ക് അസുഖമായതിനാല്‍ വീരന്‍ മാറിനിന്നു. അന്ന് ഞങ്ങള്‍ മകനെ തെരഞ്ഞെടുക്കുമെന്നാണദ്ദേഹം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എംഎല്‍എമാരുമായി ചര്‍ച്ച നടത്തി ജനാധിപത്യപരമായാണ് അന്ന് മന്ത്രിയെ തീരുമാനിച്ചത്. അന്ന് എംഎല്‍എമാരുടെ യോഗത്തിന് വരാതിരുന്ന ശ്രേയാംസ്കുമാര്‍ തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്നും തനിക്കതിന് യോഗ്യതയുണ്ടെന്നും അറിയിച്ചിരുന്നു. ഇങ്ങനെ രണ്ടുവേളകളില്‍ ഞാനടക്കമുള്ളവര്‍ കിട്ടിയ അധികാരം മകന് വേണ്ടി ഉപയോഗിക്കാത്തതില്‍ വീരേന്ദ്രകുമാറിന് വിഷമം സ്വാഭാവികമല്ലേ. അത് പ്രകടിപ്പിച്ചിട്ടില്ലെന്ന് മാത്രം. ഇപ്പോള്‍ ഞാന്‍ പാര്‍ടി ഭാരവാഹിത്വം രാജിവച്ചതായറിയിച്ചപ്പോള്‍ പ്രതികരണം ഓര്‍ക്കുന്നില്ലേ, അദ്ദേഹം മാറ്റുമായിരുന്നുവെന്ന്. ഞാനദ്ദേഹത്തിന്റെ കമ്പനിയിലെ ജീവനക്കാരനല്ല. അദ്ദേഹം പലപ്പോഴും ധരിക്കുന്നത് പാര്‍ടി പ്രവര്‍ത്തകര്‍ കമ്പനിയിലെ ജീവനക്കാരനാണെന്നാണ്. സ്വന്തം മകന് രണ്ടുതവണയും മന്ത്രിയാകാന്‍ സാധിക്കാതെ പോയതിലുള്ള നീരസം എല്ലാം മകനുവേണ്ടിയെന്ന് കരുതുന്ന നേതാവിനുണ്ടാകുമെന്നുറപ്പല്ലേ.

? ആഗോളവല്‍ക്കരണത്തോടും കോര്‍പറേറ്റ്വല്‍ക്കരണത്തോടും വ്യക്തമായ നിലപാട് സ്വീകരിക്കാന്‍ജനതാദളിന് കഴിയുന്നുണ്ടോ

രണ്ടാം യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധതയില്‍, അഴിമതിയില്‍,കര്‍ഷകദ്രോഹത്തില്‍ എല്ലാം റിക്കാഡാണ്. ലോകത്തിനാകെ നാണക്കേടാകും വിധമാണ് അഴിമതിയുടെ കുംഭമേളകള്‍ ഉയരുന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജനിച്ച പാര്‍ടിയുടെ പാരമ്പര്യം പറയുമ്പോള്‍ കേന്ദ്രത്തിലെ കോടികളുടെ അഴിമതിമേളകളെക്കുറിച്ച് മൗനംപാലിക്കുന്നത് ശരിയാണോ. പാര്‍ടിക്ക് ഇതേപ്പറ്റിയെല്ലാം എന്തെങ്കിലും അഭിപ്രായം വേണ്ടെ. ആഗോളവല്‍ക്കരണത്തിനെതിരെ വലിയ വര്‍ത്തമാനം പറഞ്ഞ നമ്മള്‍ കോര്‍പറേറ്റുകള്‍ നാടിനെ വിഴുങ്ങുമ്പോള്‍ പ്രതികരിക്കേണ്ടതല്ലേ. പകരം സിപിഐ എം വിരോധം മാത്രം പ്രസംഗിച്ചുനടക്കുന്നത് ആരുടെ നേട്ടത്തിനാണ്. എന്തിനെയും എതിര്‍ക്കുന്നതും അഭിപ്രായം പറയുന്നതുമെല്ലാം നിലപാടിന്റെയും വിഷയത്തിന്റെയും അടിസ്ഥാനത്തിലാകണം.

മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം രാജ്യത്ത് ചെറുകിട വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ചത് ഈയടുത്താണ്. എന്നാല്‍ 2009-ല്‍ കാര്‍ഷികമേഖലയില്‍ വിദേശനിക്ഷേപം വന്നു. നമ്മെയും രാജ്യത്തെയും തീറ്റിപ്പോറ്റുന്നത് 70 ശതമാനംവരുന്ന ചെറുകിടകര്‍ഷകരാണ്. കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് പരവതാനി വിരിക്കുന്ന സമീപനത്തിനുള്ള നയമാണ് വിദേശനിക്ഷേപം അനുവദിച്ചതിലൂടെ ശക്തിപ്രാപിച്ചത്. കൃഷിച്ചെലവ് വര്‍ധിച്ച് കൃഷി ഉപേക്ഷിച്ച് കൂട്ടത്തോടെ കൊഴിഞ്ഞുപോകയാണ് സാധാരണക്കാരായ കൃഷിക്കാര്‍. 2010-11ല്‍ ഒരേക്കര്‍ നെല്‍കൃഷിക്ക് ചെലവ് 1801 രൂപയായിരുന്നു. 2011-12ല്‍ ചെലവ് 5521 രൂപയായി. 2008-09 കാലത്ത് 96,603 കോടി രൂപ രാസവളത്തിന് സബ്സിഡി അനുവദിച്ചത് 49,999 കോടിയായി വെട്ടിക്കുറച്ചു. വളത്തിന്റെ വിലനിയന്ത്രണത്തില്‍ നിന്ന് പിന്മാറി കൃഷിക്കാരെ ദ്രോഹിക്കുന്നു. ജലവിതരണത്തിലും സകലസേവനങ്ങളും സ്വകാര്യവല്‍ക്കരിക്കയാണ്.

അതേസമയം കോര്‍പറേറ്റുകളെ സേവിക്കുന്നതില്‍ ബഹുദൂരം മുന്നിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍. 2005 മുതലുള്ള ആറ്വര്‍ഷം കോര്‍പറേറ്റ് കമ്പനികള്‍ക്ക് നല്‍കിയ നികുതിയിളവ് കൃഷിക്കാര്‍ക്ക് നല്‍കുന്നതിന്റെ പലമടങ്ങാണ്. ആദ്യവര്‍ഷം രണ്ടുലക്ഷം കോടി നല്‍കി. പിന്നീടത് ക്രമമായി വര്‍ധിച്ച് 5.6ലക്ഷം കോടിയായി ഉയര്‍ത്തി. അതായത് അഞ്ചുവര്‍ഷത്തിനകം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവ് 35 ലക്ഷം കോടി. അതൊന്നും വലിയ വാര്‍ത്തയേയായില്ല. അതേസമയം 70,000 കോടി കൃഷിക്കാര്‍ക്ക് കൊടുത്തപ്പോള്‍ ലോകം മുഴുവന്‍ പോസ്റ്ററൊട്ടിച്ചു.

കോര്‍പറേറ്റുകള്‍ക്ക് പരിഗണനയും കൃഷിക്കാരന് അവഗണനയുമെന്നതാണിന്നത്തെ നയം. നെല്ലും ഗോതമ്പുമൊഴികെ എല്ലാകൃഷിയും വന്‍കിട കമ്പനികളുടെ നിയന്ത്രണത്തിലാവുന്നു. കാര്‍ഷികരംഗമാകെ തകരുമ്പോള്‍ ജനങ്ങളോട് ബന്ധമുള്ള പാര്‍ടിക്ക് എങ്ങനെ മിണ്ടാതെയും നിലപാടെടുക്കാതെയും മുന്നോട്ടുപോകാനാവും. ഒരു ഹെക്ടറിന് 280 ടണ്‍ തക്കാളിയാണ് കമ്പനികള്‍ ഉത്പാദിപ്പിക്കുന്നത്. സാധാരണകൃഷിക്കാരന് ആറ് ടണ്ണേ സാധിക്കൂ. ഭൂപരിഷ്കരണ നിയമമാകെ അട്ടിമറിച്ച് പാവപ്പെട്ട കൃഷിക്കാര്‍ കുടിയൊഴിയുമ്പോള്‍ ആ ഭൂമി വാങ്ങിക്കൂട്ടുകയാണ് വന്‍കിടക്കാര്‍. നമ്മുടെ തൊട്ടടുത്ത് ഉദുമല്‍പേട്ടയില്‍ റിലയന്‍സും ജയിനും ഭൂമി വാങ്ങിക്കൂട്ടുകയാ. 1200 ഏക്കറാ ജയിന്‍കമ്പനി വാങ്ങിയത്. പ്രശസ്തമായ മുതലമട മാങ്ങ ഇനി കൃഷിക്കാരനില്‍നിന്നല്ല കിട്ടുക. വര്‍ധിച്ച ഉല്‍പാദനശേഷിയുള്ള മാവുകളുമായാണ് അവരെത്തുന്നത്. വിപണിയും വിലയുമെല്ലാം അവര്‍ കൈയടക്കി. നമ്മുടെ കൃഷിക്കാരനിതിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ല. അപ്പോള്‍ അവരെങ്ങനെ കൃഷി തുടരും. കൂട്ട ആത്മഹത്യയാണ് വരാന്‍പോകുന്നത്. നാടിതുവരെ കാത്തുസൂക്ഷിച്ച എല്ലാ മൂല്യങ്ങളും നയങ്ങളും ആശയങ്ങളും കൈയൊഴിയുന്ന ഈ ഭരണം നമുക്കുവേണ്ടിയല്ലെന്ന തിരിച്ചറിവ് എല്ലാവിഭാഗം ജനങ്ങളിലേക്കും അതിവേഗം പടര്‍ത്താനുള്ള വിശാല ജനകീയകൂട്ടായ്മയാണ് ഇന്നത്തെ ആവശ്യം. രാജ്യത്തെ കര്‍ഷകസമൂഹത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മന്‍മോഹന്‍ഭരണനയങ്ങള്‍ക്കെതിരെ സമ്പൂര്‍ണവിപ്ലവം അനിവാര്യമാണ്.

യൂറോപ്യന്‍ യൂണിയനുമായി പാല്‍ ഇറക്കാനുള്ള കരാര്‍വരികയാണ്. രാഷ്ട്രീയകക്ഷികളില്‍ സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോമാത്രമാണ് ഇതിനെ എതിര്‍ത്തു കണ്ടത്. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ്കമ്മിറ്റിയും എതിര്‍ത്തിട്ടുണ്ട്. പാലും പാലുല്‍പന്നങ്ങളും ഇറക്കാനാ പദ്ധതി. കുറഞ്ഞവിലക്ക് പാലും മറ്റും ഒഴുകുന്നതോടെ നമ്മുടെ ഗ്രാമീണസമ്പദ്ഘടനയുടെ നട്ടെല്ലൊടിയും. അമുലും മില്‍മയുമടക്കം നമ്മുടെ മാതൃകാസ്ഥാപനങ്ങളും തകരും. ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതമാര്‍ഗമാ ഈ നയത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്. ഗ്രാമീണഭാരതത്തെ നാമാവശേഷമാക്കുമീ നടപടി. പാറ്റന്റ് ഭേദഗതിയുടെ ദുര്യോഗം നാമിന്നനുഭവിക്കുന്നു. വിത്ത്, വളം, വെള്ളം എല്ലാം കുത്തകകള്‍ കൈയടക്കുന്നു. ഇതിനെല്ലാത്തിനും സര്‍ക്കാരിന്റെ പ്രോത്സാഹനം. പാവപ്പെട്ട കൃഷിക്കാരന് സബ്സിഡി നല്‍കുന്നത് വികസനവിരുദ്ധം. അതിന് പണമില്ല. 600 രൂപയുടെ തക്കാളിവിത്തിനിപ്പോ 54,000 രൂപയാണ്. ഒരുകിലോ കക്കിരി വിത്തിന് മൂന്നുലക്ഷം രൂപ. കോര്‍പറേറ്റുകള്‍ക്ക് ഈ മേഖല തുറന്നുകൊടുത്തതോടെ നമ്മുടെ സര്‍വകലാശാലകളും ഗവേഷണവും എല്ലാം അവസാനിച്ചില്ലേ. പാറ്റന്റ് നിയമം മാറ്റിയതിനാല്‍ നമുക്കിവിടെ ഗവേഷണമോ കുറഞ്ഞ ചെലവില്‍ വിത്ത് വികസിപ്പിക്കാനോ ആവില്ല. ശരിക്കും പറഞ്ഞാല്‍ ജീവിക്കാനാവാത്ത അവസ്ഥ. ഇതിനെയൊന്നും എതിര്‍ക്കാതെ എന്ത് സോഷ്യലിസവും കര്‍ഷകപ്രേമവും പറഞ്ഞ് എത്രകാലം ജനത്തെ വഞ്ചിക്കാനാവും.

? പ്ലാച്ചിമടയിലെ കൊക്കകോള സമരം വീരേന്ദ്രകുമാറിന്റെ നേട്ടമായിട്ടാണല്ലോ വിലയിരുത്തപ്പെടുന്നത്

ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരായ സമരമാണ് വീരേന്ദ്രകുമാര്‍ മേനിനടിക്കുന്ന മറ്റൊരുകാര്യം. എന്താണ് സത്യം. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ സമരം നോക്കിയാല്‍പ്പോരേ. എല്‍ഡിഎഫ് ഭരണത്തിലാണ് കമ്പനിക്ക് ലൈസന്‍സ് കൊടുത്തത്. അന്നതിന് സഹായകമായ നിലപാടെടുത്തുവെന്നതൊന്നും ഞങ്ങളൊന്നും നിഷേധിക്കുന്നില്ല. ഞങ്ങളുടെ പഞ്ചായത്താണ്, ഞങ്ങളുടെ നിയന്ത്രണത്തിലാണ് പെരുമാട്ടി ഒക്കെ ശരിയാണ്. എന്നാല്‍ അവിടെയൊരു വിഷയമുണ്ടെന്ന് മനസ്സിലായ ഉടന്‍ ഞങ്ങളന്വേഷണത്തിന് വിദഗ്ധരെ നിയോഗിച്ചിച്ചു. ഷോകോസ് നോട്ടീസ് കൊടുത്തു. ലൈസന്‍സ് റദ്ദാക്കിയത് പെരുമാട്ടി പഞ്ചായത്താണ്. അതിനെതിരെ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. സിംഗിള്‍ ബഞ്ച് പഞ്ചായത്ത് നിലപാടംഗീകരിച്ചു. എന്നാല്‍ ഡിവിഷന്‍ ബഞ്ച് കൊക്കകോളക്കനുകൂലമായാ വിധിച്ചത്. ലൈസന്‍സ് കൊടുക്കാനായിരുന്നു ഉത്തരവ്. അന്ന് പഞ്ചായത്ത് 17 വ്യവസ്ഥകള്‍വച്ച് ലൈസന്‍സ് കൊടുത്തു. ഉല്‍പാദന ഘടകങ്ങളടക്കം രേഖപ്പെടുത്തണമെന്നതായിരുന്നു നിബന്ധനകള്‍. ഇതിനെതിരെ കമ്പനി സുപ്രീം കോടതിയില്‍ പോയി. ഹൈക്കോടതി ഡിവിഷന്‍ബഞ്ച് വിധിക്കെതിരെ പഞ്ചായത്തും. വിഷയം ഇപ്പോള്‍ സുപ്രീം കോടതിയിലാ. ഞങ്ങളുടെ പ്രസിഡന്റ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഇടപെടലിനാലാണിതെല്ലാം സാധിച്ചത്.

? വീരേന്ദ്രകുമാര്‍ രംഗം കൈയടക്കുന്നതെങ്ങനെയാണ്

കമ്പനിയുടെ ലൈസന്‍സ് റദ്ദായപ്പോഴാണ് വീരേന്ദ്രകുമാര്‍ അവിടെവന്നത്. അന്നവിടെ പ്രാദേശികമായി സമരമുണ്ടായിരുന്നു. ആ സമയത്താ വീരേന്ദ്രകുമാറിന്റെ രംഗപ്രവേശം. സമരം നമ്മള്‍ക്ക് നേട്ടമാവും ഏറ്റെടുക്കണമെന്ന് പറഞ്ഞു. എന്‍ജിഒകളുടെ വലിയ ഇടപെടലുണ്ടായി അന്ന്. എവിടെനിന്നൊക്ക ഫണ്ട് വന്നു, ആര്‍ക്കൊക്കെ കിട്ടി എന്നതിനെക്കുറിച്ച് കണക്കില്ല. ഞങ്ങള്‍ക്കുമറിവില്ല. ഞങ്ങള്‍ക്കോ പഞ്ചായത്തിനോ ഒരുപൈസ കിട്ടിയില്ല. ജലസമ്മേളനം നടത്തിയും പുസ്തകമെഴുതിയുമെല്ലാം വീരേന്ദ്രകുമാര്‍ ഉദ്ദേശിച്ച രൂപത്തില്‍ നേട്ടവുമുണ്ടായി. വിദേശരാജ്യങ്ങളിലെ പലപല സംഘടനകളുടെ ഒഴുക്കായിരുന്നു അന്ന്. പഞ്ചായത്ത് കോടതിയില്‍ കേസ് നടത്തിയാണ് കൊക്കകോളയെ നേരിട്ടതെന്നത് മറച്ച് സമരംകൊണ്ടാണ് കോളക്കമ്പനി പൂട്ടിയതെന്ന് പറയുന്നത് സത്യവുമായി പൊരുത്തപ്പെടാത്തതാണ്. ഈ കാലത്താണ് ഇതിലൊരു കൂടിയാലോചന വേണം കാണണമെന്ന് പറഞ്ഞ് വീരേന്ദ്രകുമാര്‍ വിളിക്കുന്നത്. വീരനും അദ്ദേഹത്തിന്റെ പി എ നന്ദനും വന്നു. കൂടെ കൊക്കകോളയുടെ ലെയ്സണ്‍ ഓഫീസര്‍ അഗര്‍വാളുമുണ്ടായിരുന്നു.കോളക്കമ്പനി തുറക്കാനനുവദിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഫ്രൂട്ജൂസ് കമ്പനിയാ തുറക്കുക അവര്‍ക്ക് അവസരംകൊടുക്കണമെന്നായിരുന്നു നിര്‍ദേശം. വെള്ളമവിടെ നിന്നെടുക്കില്ല. അവിടെയുള്ളവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാമെന്നും പറഞ്ഞു. അന്ന് പഞ്ചായത്ത് പ്രസിഡന്റും മറ്റുമായി പാര്‍ടിപ്രസിഡന്റ്് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതറിയിച്ചു. അപ്പോഴാണ് കൃഷ്ണന് ബംഗളൂരുവില്‍ ഫ്ളാറ്റും കോടിയും വാഗ്ദാനംചെയ്ത് നേരത്തെ സമീപിച്ചതും അവരത് തള്ളിയതും അറിഞ്ഞത്. ഇതുകൂടി അറിവായതോടെ കൊക്കകോളയുടെ വാഗ്ദാനം പറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഒരുമാസം കഴിഞ്ഞ് വീണ്ടും സംസാരിച്ചു. രണ്ടാമതൊരു ആലോചനയുടെ സാധ്യതയേയില്ലെന്ന് ആവര്‍ത്തിച്ചു. അതോടെയാ കൊക്കകോളക്കായുള്ള വീരന്റെ പദ്ധതി പൊളിഞ്ഞത്. കൊക്കകോളയുടെ വിഷയത്തില്‍ കോഴ വാഗ്ദാനംചെയ്തത് പറഞ്ഞപ്പോള്‍ എനിക്കെതിരെ ആരോപണമുന്നയിച്ചു വീരന്‍. വീരന്‍ വലിയ ഗുരുവായൂരപ്പ ഭക്തനാണ്. അപശകുനം കണ്ടാല്‍ ഗുരുവായൂരിലേക്ക് ഓടും. അതിനാല്‍ ഞാന്‍ പറഞ്ഞു ഞാന്‍ നുണപറയുകയാണെന്ന് ഗുരുവായൂരപ്പന്റെ പേരില്‍ സത്യം ചെയ്യണമെന്ന്. ഗുരുവായൂരപ്പ ഭക്തനായ വീരന്‍ അപ്പോള്‍ ഒഴിഞ്ഞുമാറി. രാഷ്ട്രീയത്തില്‍ ഗുരുവായൂരപ്പനെ സത്യംചെയ്യില്ലെന്ന ബാലിശ വാദമായിരുന്നദ്ദേഹത്തിന്.

? അട്ടപ്പാടി ആദിവാസി ഭൂപ്രശ്നത്തില്‍ ഇടപെടുമ്പോള്‍ വീരന്റെ ലക്ഷ്യമെന്തായിരുന്നു

വീരന്റെ കാപട്യം വെളിപ്പെടുത്തുന്ന മറ്റൊരു നിലപാടുണ്ടായത് അട്ടപ്പാടിയില്‍ ആദിവാസിഭൂമി സുസ്ലോണ്‍ കമ്പനി കൈയേറിയെന്ന പ്രശ്നത്തിലാണ്. എല്‍ഡിഎഫ് ഭരണത്തില്‍ വീരേന്ദ്രകുമാര്‍ ഒച്ചപ്പാടുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെയും കൊണ്ടിറങ്ങിയിരുന്നു. അന്നദേഹത്തിന്റെ ലക്ഷ്യമെന്താണെന്നറിയില്ല. കാരണം വയനാട്ടില്‍ ആദിവാസികളുടെ ഭൂമി കൈയടക്കിയെന്ന പ്രതിച്ഛായ അന്നുള്ള സമയമാ. അത് മാറ്റിമറിക്കാന്‍ അട്ടപ്പാടിയെ ഉപയോഗിക്കയായിരുന്നുവോയെന്നിപ്പോള്‍ തോന്നുന്നു. കാരണം യുഡിഎഫ് വന്നിട്ടും സുസ്ലോണിനനുകൂലമാണ് തീരുമാനം.

ആദിവാസികള്‍ക്ക് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. ഇപ്പോള്‍ ആദിവാസികള്‍ ഞങ്ങളോട് ചോദിക്കുന്നു നിങ്ങള്‍ സുസ്ലോണ്‍ കമ്പനിക്കാരോട് കാശ് വാങ്ങിയോ. ഒരുദിവസംപോലും വീരേന്ദ്രകുമാര്‍ ഇക്കാര്യം യുഡിഎഫിലോ പുറത്തോ ഉന്നയിച്ചോ. ഇതാണോ ആദിവാസികളോടുള്ള പ്രേമം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളം സ്വകാര്യവല്‍ക്കരിക്കുന്ന നയം പുറത്തുവന്നപ്പോള്‍ ഞങ്ങളൊക്കെ ആശങ്ക അറിയിച്ചു. അന്ന് പറഞ്ഞു ഞാനിത് സമ്മതിക്കില്ലെന്ന്. എന്നാല്‍ പിന്നീട് നിയമംവന്നു. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചോ. ആസിയാന്‍ കരാറിന്റെ ദോഷം ഇപ്പോഴനുഭവിക്കയല്ലേ. വെളിച്ചെണ്ണക്ക് നുറുശതമാനം നികുതി ചുമത്താം. എന്നാല്‍ നികുതിയില്ല. ഫിലിപ്പീന്‍സില്‍നിന്ന് വെളിച്ചെണ്ണ ഇറക്കുമതിയാ. ഇവിടെനിന്ന് സോപ്പുണ്ടാക്കാന്‍ വെളിച്ചെണ്ണ വാങ്ങിക്കാന്‍ വന്ന ടാറ്റയും മാരികോമുമെല്ലാം കേരളംവിട്ടു. കാരണം അവര്‍ക്ക് കുറഞ്ഞവിലക്ക് ഫിലിപ്പീന്‍സ് വെളിച്ചെണ്ണ കിട്ടുന്നു. നമുടെ തേങ്ങക്ക് കനത്ത വിലത്തകര്‍ച്ച. എങ്ങനെ ജീവിക്കുമെന്നത് കര്‍ഷകനുമുന്നില്‍ വലിയ പ്രശ്നമാണ്.

?തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടുപോകാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്

കേരളത്തെയാകെ ബാധിക്കുന്ന ഒരു നയം കേന്ദ്രഭരണം ഇപ്പോള്‍ നടപ്പാക്കയാണ്. സെപ്തംബര്‍ 30 ന് ശേഷം കാര്‍ഷികവായ്പ നല്‍കരുതെന്നാണ് നിര്‍ദേശം. സഹകരണമേഖല വഴി കാര്‍ഷികകടം നല്‍കരുതെന്ന റിസര്‍വ്ബാങ്ക് ഉത്തരവ് നടപ്പാകുന്നതോടെ കേരളമാകെ ബ്ലേഡുകാരുടെ വലയിലാകും. എച്ച്ഡിഎഫ്സി, ഐസിഐസി വഴി വായ്പയാകാമെന്ന ഉത്തരവും വന്നിട്ടുണ്ട്. ബയോമെട്രിക് സ്മാര്‍ട്കാര്‍ഡുള്ളവര്‍ക്ക് മാത്രം വായ്പ എന്നതാണ് മറ്റൊരുനിര്‍ദേശം. ഇതൊക്കെ കൃഷിക്കാര്‍ക്ക് കടംകൊടുക്കാനല്ല, പണം നല്‍കാതിരിക്കാനുള്ള - അതിന്റെ മറവില്‍ മറ്റുചിലര്‍ക്ക് കൈമാറാന്‍ ലക്ഷ്യമിട്ടുള്ള - തീരുമാനങ്ങളാണ്. സാധാരണകൃഷിക്കാരന് ബാങ്കുമില്ല വായ്പയുമില്ല എന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സ്വകാര്യപണമിടപാടുകാര്‍ വീണ്ടും തിരിച്ചുവരികയും നാടാകെ ദുരന്തത്തിലേക്ക് ചെന്നുവീഴുകയുമാകുമതിന്റെ ബാക്കിപത്രം. 47,000 കോടി രൂപ പ്രാഥമിക സഹകരണസംഘങ്ങളില്‍ നിക്ഷേപമുണ്ട്. ജില്ലാബാങ്കില്‍ 70,000 കോടിയും. ഇതൊക്കെ അട്ടിമറിച്ച് സഹകരണമേഖലയിലെ നിക്ഷേപത്തില്‍ കണ്ണുനട്ടുള്ളതാണിപ്പോഴത്തെ നയങ്ങള്‍. 1904-ല്‍ സഹകരണപ്രസ്ഥാനമുണ്ടാക്കിയത് തന്നെ ബ്ലേഡ് കമ്പനികളില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കുകയെന്നതടക്കം ലക്ഷ്യമിട്ടായിരുന്നു. ഇടതുപക്ഷമടക്കം ഈ വിഷയത്തില്‍ കുറേക്കൂടി ഗൗരവമായി ഇടപെടുകയും ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. സാധാരണക്കാരുടെ ജീവിതം അങ്ങേയറ്റം ഭീകരമായ സാഹചര്യത്തിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ ചെറിയ പാര്‍ടിയായ എസ്ജെഡിയിലൂടെയല്ല വിശാലമായ കൂട്ടായ്മയിലൂടെയേ നാടിനെ രക്ഷിക്കാനാകൂ. പി വിശ്വംഭരന്‍, തമ്പാന്‍ തോമസ്, എം കെ കണ്ണന്‍ എന്നിവരൊക്കെ ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഇത്തരമൊരാലോചനയും ലക്ഷ്യവുമായുള്ളതാണ്.

ജനകീയകൂട്ടായ്മ എന്ന പേരില്‍ ആഗോളവല്‍ക്കരണത്തിനും സാമ്പത്തിക നയത്തിനുമെതിരായാണ് കൊച്ചിയില്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി കൃഷിക്കാരുടെയും അഴിമതിയുടെയും ചെറുകിടവിദേശനിഷേപം ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജനകീയ കണ്‍വന്‍ഷനുകള്‍ വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനതീതമാണീ കൂട്ടായ്മ. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട് താനും. ഇത്തരം വിഷയങ്ങള്‍ നേരിടാന്‍ ചെറിയ പാര്‍ടിയായ എസ്ജെഡിയെക്കൊണ്ടാവുമെന്ന വിശ്വാസമില്ല. എല്ലാ വിഭാഗത്തിനെയും കൂട്ടിയോജിപ്പിക്കുക, അതില്‍ ഇടതുപക്ഷവുമായി സഹകരിപ്പിച്ച് മുന്നോട്ടുപോകാനാണ് ആലോചന.

?വീരേന്ദ്രകുമാറിലുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ചുവെന്നാണോ പറഞ്ഞുവരുന്നത്

വീരേന്ദ്രകുമാര്‍ വലിയ കുത്തകവിരുദ്ധനും ആഗോളവല്‍ക്കരണവിരുദ്ധനുമായാണ് രംഗത്തുവരുന്നത്. ഗാട്ടും കാണാച്ചരടുകളുമെന്ന പുസ്തകമെഴുതി വീരന്‍ ഇന്നതിലെഴുതിയതിന് കടലാസിന്റെ മൂല്യമെങ്കിലും കല്‍പിക്കുന്നുവെങ്കില്‍ ഇപ്പോഴത്തെ നയങ്ങള്‍ക്കെതിരെ വിയോജിക്കണ്ടേ. ടൈംസ് ഓഫ് ഇന്ത്യ, മാതൃഭൂമി പിടിക്കുന്നുവെന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടും പ്രചാരണവും വീരേന്ദ്രകുമാര്‍ സംഘടിപ്പിച്ചില്ലേ. എന്നിട്ടെന്താണ് പിന്നീടുണ്ടായതെന്ന കാര്യവും എല്ലാവര്‍ക്കുമറിയില്ലേ. സാംസ്കാരികനായകരെ, രാഷ്ട്രീയ നേതാക്കളെയൊക്ക മാതൃഭൂമിക്കായി അന്ന് രംഗത്തിറക്കിയില്ലേ. അതേ വീരന്‍ കേന്ദ്രമന്ത്രിയായപ്പോള്‍ അവരുടെ ഓഹരി വാങ്ങി. അതെങ്ങനെ നേടി. ജയിനില്‍നിന്ന് ഓഹരി വാങ്ങിയതെങ്ങനെയെന്ന് അദ്ദേഹം വെളിപ്പെടുത്തേണ്ടതല്ലേ. അതിന് തനിക്ക് കിട്ടിയ അധികാരമോ സ്വാധീനമോ പ്രയോഗിച്ചിട്ടുണ്ടോ. ഇതെല്ലാം വിശദീകരിക്കാന്‍ ബാധ്യസ്ഥനാണദ്ദേഹം.

ഏറ്റവുമൊടുവില്‍ അതേ കുത്തകയായ ടൈംസ് ഓഫ് ഇന്ത്യയുമായി ധാരണയുണ്ടാക്കിയപ്പോള്‍ കുത്തകയോടുള്ള ശത്രുത മാറിയോ എന്നെങ്കിലും തുറന്നു പറയേണ്ടിയിരുന്നു. കേരളത്തില്‍ മാതൃഭൂമിയുടെ സൗകര്യങ്ങളുപയോഗിച്ച് ടൈംസ് ഓഫ് ഇന്ത്യ അച്ചടിക്കാന്‍ സൗകര്യമൊരുക്കി കുത്തകവിരുദ്ധതാനാട്യം പൊള്ളയാണെന്ന് അദ്ദേഹം തെളിയിച്ചില്ലേ. ഇക്കാര്യത്തില്‍ വീരേന്ദ്രകുമാര്‍ മലയാളിസമൂഹത്തോട് മറുപടി പറയണം. കുത്തകയായിരുന്ന ജയിന്‍ കമ്പനിയുമായി എങ്ങനെ ഇന്ന് ഒന്നിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കേണ്ടതല്ലേ. നിങ്ങളുടെ പാര്‍ടി നേതാവെന്താ ഇങ്ങനെ എന്ന് മറ്റുപാര്‍ടിക്കാര്‍ ചോദിക്കുമ്പോള്‍ ഞങ്ങളെന്ത് ഉത്തരം നല്‍കും. അദ്ദേഹത്തിന്റെ വിചാരം പാര്‍ടിക്കാര്‍ തന്റെ ഓഫീസ് ജീവനക്കാരാണെന്നാണ്. എം കെ പ്രേമനാഥിനെതിരെ അന്വേഷണം, ഷോകോസ് നോട്ടീസ് ഇങ്ങനെ സംഘടനാപരമായ യാതൊരുനടപടിയും മര്യാദകളും പാലിച്ചിരുന്നില്ല.

ജനാധിപത്യത്തെക്കുറിച്ച്, സിപിഐ എമ്മിക്കുറിച്ച് നിരന്തരം ആക്ഷേപമുന്നയിക്കുന്നത് വീരേന്ദ്രകുമാറാണ്. സിപിഐ എമ്മില്‍ ജനാധിപത്യമില്ലെന്നാണ് ആവര്‍ത്തിച്ച് ആക്ഷേപിക്കാറ്. പിണറായി വിജയന്‍ സിപിഐ എം സെക്രട്ടറിയായി തുടരുന്നതില്‍ വേവലാതിപ്പെടുന്ന വീരേന്ദ്രകുമാര്‍ എത്രകാലമായി പ്രസിഡന്റ് സ്ഥാനത്തെത്തിയിട്ട്. 20 വര്‍ഷത്തിലധികമായി അദ്ദേഹമാണ്. എന്ത് ജനാധിപത്യമാണിതിലൊക്കെ പറയാനുള്ളത്. വയനാട്ടില്‍ ആദിവാസികളുടെ ഭൂമികൈയേറി പ്രശ്നം സജീവമായപ്പോഴും പാര്‍ടിതലത്തിലെങ്കിലും ഒരു വിശദീകരണം നല്‍കിയില്ല. കൃത്രിമമായി പാര്‍ടിയുണ്ടാക്കി അണികളെയും പ്രവര്‍ത്തകരെയുമെല്ലാം വഞ്ചിച്ചു വീരന്‍. അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ കുഞ്ഞ് ചെയര്‍മാനും നന്ദന്‍ സെക്രട്ടറിയുമായ കമ്മിറ്റിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ടിയിലാണ് ജനതാദള്‍ എസ് ലയിച്ചതായി പ്രഖ്യാപിച്ചത്. വീരന്റെ ജീവനക്കാര്‍ നിര്‍മിച്ച പാര്‍ടിയാണ് എസ്ജെഡി. നേരായ മാര്‍ഗത്തിലല്ല പാര്‍ടിപോലുമുണ്ടാക്കിയത്. വേറെയേതെങ്കിലും രാഷ്ട്രീയപാര്‍ടിയുടെ ജനനം ഇങ്ങനെയുണ്ടായിട്ടുണ്ടാകില്ല. പി ആര്‍ കുറുപ്പ്, അരങ്ങില്‍ ശ്രീധരന്‍, പി വിശ്വംഭരന്‍, കെ ചന്ദ്രശേഖരന്‍, തമ്പാന്‍തോമസ്....

കേരളത്തിലെ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ഒട്ടേറെ നേതാക്കള്‍ വേദനയോടെ, സങ്കടത്തോടെ പ്രസ്ഥാനത്തില്‍നിന്ന് മാറുകയോ വേര്‍പിരിയുകയോ ചെയ്തവരാണ്. എല്ലാത്തിനും കാരണക്കാര്‍ ആരാണെന്നും പാര്‍ടിയില്‍ നല്ലൊരുവിഭാഗത്തിനറിയാം. എല്ലാവരും എല്ലാം മറക്കുന്നില്ലെന്ന് എപ്പോഴെങ്കിലും ഓര്‍മിപ്പിക്കേണ്ടിവരും. ഞാന്‍ പാര്‍ടി ഭാരവാഹിത്വമൊഴിഞ്ഞപ്പോള്‍ പറഞ്ഞത് ഇല്ലെങ്കില്‍ എന്നെ ഒഴിവാക്കിയേനെയെന്നാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് കാലത്ത് അവിടെപ്പോയി വീരന്‍ പ്രസംഗിച്ചത് ദേവഗൗഡയുടെ മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ചാണെന്നത് കൗതുകകരമായ വസ്തുതയാണ്. കെ കരുണാകരന്റെ മകനായ കെ മുരളീധരന്‍ രാഷ്ട്രീയത്തിലെത്തിയപ്പോള്‍ കിങ്ങിണിക്കുട്ടനെന്ന് കേരളമാകെ പ്രസംഗിച്ചുനടന്നതില്‍ വീരനായിരുന്നു മുന്‍നിരയില്‍. മകനേ നിനക്കുവേണ്ടി എന്നതാണ് വീരന്റെ ആപ്തവാക്യവും അടിസ്ഥാനപ്രമാണവും. മൂല്യവും ധാര്‍മികതയുമാണ് സോഷ്യലിസ്റ്റ് വിശ്വാസികള്‍ക്ക് പ്രധാനം. ചിറ്റൂര്‍ സീറ്റ് കിട്ടാത്തതിനാലാണ് കൃഷ്ണന്‍കുട്ടിയുടെ നിലപാട് മാറ്റമെന്ന് പറയുന്ന വീരനും അറിയാം കെ കരുണാകരന്‍ കാസ്റ്റിങ് മന്ത്രിസഭയെ നയിക്കുമ്പോള്‍ നിലനില്‍പ്പിനായി എന്നെ സമീപിച്ചത്. അന്നും നിലപാടുകളിലുറച്ചുനിന്നു. അതാണിപ്പോഴും പറയാനുള്ളത്. കരുണാകരനെ പിന്തുണച്ചിരുന്നെങ്കില്‍ കിട്ടാവുന്ന വാഗ്ദാനങ്ങളിലോ അത് നഷ്ടമായല്ലോ എന്ന ദുഃഖമോ അല്ല രാഷ്ട്രീയധാര്‍മികതയ്ക്കാണ് മുന്‍ഗണന നല്‍കിയതെന്നതിലാണിന്നും ചാരിതാര്‍ഥ്യം.

ഇടതുപക്ഷ ജനാധിപത്യമുന്നണി വിട്ടതും യുഡിഎഫിനൊപ്പം വലതുപക്ഷത്തേക്ക് പോയതുമാണ് എന്റെ ജീവിതത്തിലെ എറ്റവുംവലിയ രാഷ്ട്രീയാബദ്ധം. യുഡിഎഫില്‍ കൊണ്ടുകെട്ടിയതിന്റെ പാപം അനുഭവിക്കുന്നു. അതില്‍ ഏറ്റവുമധികം ദുഃ:ഖവുമുണ്ട്. ഏറ്റവുമൊടുവില്‍ സോളാര്‍തട്ടിപ്പും സരിതാ നായരുമെല്ലാം ചേര്‍ന്ന് എന്തുമാത്രം മലീമസവും വഷളായതുമായ ഭരണരാഷ്ട്രീയമാണ് ഇവിടെ അരങ്ങേറുന്നത്. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലപോലും അതില്‍ പ്രതികരിക്കുന്നു. ഭരണമുന്നണിക്കാരാകെ തലയില്‍ മുണ്ടിട്ട്് നടക്കേണ്ട സാഹചര്യം. എന്നിട്ടും എന്തേ വീരേന്ദ്രകുമാര്‍ ഒരുവാക്ക് പ്രതികരിക്കുന്നില്ല. അധികാരത്തിനായി വിട്ടുവീഴ്ചയും അധഃപതനവുമെവിടെയെത്തുമെന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണ് വീരേന്ദ്രകുമാര്‍.

*
കെ കൃഷ്ണന്‍കുട്ടി / പി വി ജീജോ ദേശാഭിമാനി വാരിക

വൈലോപ്പിള്ളിയുടെ നഗരം

തൃശൂര്‍ നഗരത്തിലെ ഒരു റോഡിന് മഹാകവി വൈലോപ്പിള്ളിയുടെ പേര് നല്‍കാന്‍ തീരുമാനിച്ച വിവരം ഈയിടെ പത്രത്തില്‍ വായിച്ചു. പ്രൊഫ. എസ് കെ വസന്തന്‍ നേതൃത്വം നല്‍കുന്ന സ്മാരക സമിതിയുടെ അഭ്യര്‍ഥന മാനിച്ചാണ് നഗരസഭ തീരുമാനമെടുത്തതെന്നും അറിഞ്ഞു. സന്തോഷം അല്ല, ചെറിയ മട്ടില്‍ ഒരാശ്വാസമാണ് തോന്നിയത്. റോഡെങ്കില്‍ റോഡ്. അത്രയെങ്കിലുമായല്ലോ. ഇതെഴുതുന്നയാള്‍ രണ്ടു വര്‍ഷമായി തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ജീവിതത്തിലെ വര്‍ണശബളമായ കാലത്തിന് സാക്ഷിയായ നഗരം കുറച്ച് അകലെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഇടയ്ക്കൊക്കെ നിരാശ തോന്നും.

തിരുവനന്തപുരം കുഴപ്പമില്ല. എനിക്ക് പണ്ടേ ഇഷ്ടപ്പെട്ട നഗരമാണിത്. വലിയ എടുപ്പുകള്‍ക്കും ആള്‍ത്തിരക്കിനുമിടയില്‍ ഇപ്പോഴും എവിടെയൊക്കെയോ ഗ്രാമീണത ഒളിച്ചിരിക്കുന്നതുപോലെ തോന്നും. ചെറുപ്പകാലത്ത് ഇവിടെ വരുമ്പോഴെല്ലാം പാതയോരത്തെ കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കു ചാരെ ഓലമേഞ്ഞ വീടുകളും വാഴ നിറഞ്ഞ തൊടികളും കണ്ട് സന്തോഷിച്ചിട്ടുണ്ട്.

അന്ന് വീടുകള്‍ക്കെല്ലാം കയ്യാലകളും കൊട്ടിയമ്പലങ്ങളും (പടിപ്പുര) ഉണ്ടായിരുന്നു. അതു കാണുമ്പോള്‍ ഇതുപോലെ ഒരു കൊട്ടിയമ്പലത്തിന്റെ വാതിലാണല്ലോ "ഏണിപ്പടികളി"ലെ കേശവപിള്ളക്കു വേണ്ടി സഹപ്രവര്‍ത്തകയായ കാമുകി രാത്രിയില്‍ തുറന്നുവച്ചതെന്ന് ഓര്‍മിക്കും. ഇപ്പോള്‍ ഓല മേഞ്ഞ വീടുകളുമില്ല കൊട്ടിയമ്പലങ്ങളുമില്ല. അതുകൊണ്ട് അവയുടെ വാതിലുകള്‍ ആരെങ്കിലും തുറന്നുവയ്ക്കുന്ന പ്രശ്നമില്ല. നഗരത്തിലെ ഉള്‍വഴികളിലൂടെ നടക്കുമ്പോള്‍ കേശവപിള്ളയെ മാത്രമല്ല സാക്ഷാല്‍ തകഴി ശിവശങ്കരപിള്ളയെയും ഓര്‍മിക്കും. ഈ വഴികളിലൂടെയാണല്ലോ പ്ലീഡര്‍ഷിപ്പ് പരീക്ഷക്കു പഠിക്കാന്‍വേണ്ടി വന്ന അദ്ദേഹം നടന്നിരുന്നത്. അന്ന് കേസരി ബാലകൃഷ്ണപിള്ള നഗരത്തിലുണ്ടായിരുന്നു. അതുകൊണ്ട് തകഴി നിയമത്തേക്കാളേറെ നിയമവ്യവസ്ഥക്കു പിന്നാമ്പുറത്തുള്ള മനുഷ്യരെക്കുറിച്ചാണ് പഠിച്ചത്. അങ്ങനെ കുട്ടനാട്ടിലെ ഒരു കൊച്ചുപിള്ള തന്റെ അയലത്തെ കോരനെ തിരിച്ചറിഞ്ഞു. കഥയുടെ ജാതകം തിരുത്തപ്പെട്ടു. ആലപ്പുഴ പട്ടണത്തില്‍നിന്നും അമ്പലപ്പുഴ കടപ്പുറത്തുനിന്നും മനുഷ്യജീവിതം ഉയര്‍ന്നുവന്നു.

മ്യൂസിയത്തിനു ചാരെയുള്ള വഴിയിലൂടെ നന്തന്‍കോട് വഴി പട്ടത്തേക്കു നടക്കുമ്പോള്‍ വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പടിപ്പുര കണ്ണില്‍പ്പെടും. നഗരത്തില്‍ എനിക്കു കുറച്ചു മുന്‍പരിചയമുള്ള സ്ഥലമാണിത്. സംസ്കൃതി ഭവനും അനുബന്ധമായുള്ള ഭാരത് ഭവനും സജീവമാവുന്ന ചില കാലങ്ങളില്‍ തൃശൂരുനിന്നും ഞാന്‍ അവിടെ പോയിട്ടുണ്ട്. ഇപ്പോഴും ഒട്ടുമിക്ക വൈകുന്നേരങ്ങളിലും അവിടെ തിരുവനന്തപുരത്തെ സാഹിത്യകാരന്മാരുടെ കൂട്ടായ്മകള്‍ നടക്കുന്നു. ഒഴിവുകാലത്താണെങ്കില്‍ കുട്ടികളുടെ സാഹിത്യക്യാമ്പ് കാണും. പ്രതിവാര കാവ്യസായാഹ്നങ്ങളും കഥാചര്‍ച്ചയും ഉണ്ട്. വൈലോപ്പിള്ളിക്ക് തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു സ്മാരകം ഉണ്ട് എന്നത് അക്ഷരവുമായി ബന്ധമുള്ള ഏതൊരു മലയാളിയുടെയും അഭിമാനമാണ്. സ്വകാര്യമായി പറഞ്ഞാല്‍ ഞങ്ങള്‍ തൃശൂര്‍ക്കാരുടെ ഒരഹങ്കാരവും. ഓരോ തവണ ആ വഴി നടക്കുമ്പോഴും ആ സ്മാരക സമുച്ചയത്തിന്റെ കാരണഭൂതനായ മുന്‍ സാംസ്കാരിക വകുപ്പുമന്ത്രി ടി കെ രാമകൃഷ്ണന് ഞാന്‍ മനസ്സുകൊണ്ട് നന്ദി പറയും. തിരുവനന്തപുരത്തിന്റെ പരമ്പരാഗത സ്വഭാവവും ഔദ്യോഗിക സംവിധാനത്തിലെ അഴിയാക്കുരുക്കുകളും കുറച്ചൊക്കെ അറിയാവുന്ന ഒരാളായതുകൊണ്ട് എനിക്ക് ടി കെ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിന്റെ കടുപ്പം ഊഹിക്കാന്‍ കഴിയും. വൈലോപ്പിള്ളിയെ ആഴത്തില്‍ തിരിച്ചറിഞ്ഞ ഒരു വായനക്കാരനായിരുന്നു ടി കെ എന്ന കാര്യത്തില്‍ സംശയമില്ല. അഭിമാനത്തോടൊപ്പം ചെറിയ, അല്ല വലിയ ഒരു ചമ്മലും ഉണ്ട്്. ഇത്ര കാലമായിട്ടും തന്റെ പ്രിയപ്പെട്ട നഗരമായ തൃശൂരില്‍ മഹാകവിക്ക് ഉചിതമായ ഒരു സ്മാരകം ഉണ്ടായില്ലല്ലോ എന്ന സംഗതിയാണത്. കേരള സാഹിത്യ അക്കാദമിയില്‍ പകല്‍നേരം ആപ്പീസായി പ്രവര്‍ത്തിക്കുകയും സന്ധ്യക്ക് സാഹിത്യ ചര്‍ച്ചകള്‍ക്കായി വാടകക്കു നല്‍കുകയും ചെയ്യുന്ന താരതമ്യേന വലുപ്പമുള്ള ഒരു മുറിയാണ് വൈലോപ്പിള്ളിയെ ഓര്‍മിക്കാന്‍ തൃശൂരിലുള്ള ഒരു ഇടം. വലിയ വായില്‍ "വൈലോപ്പിള്ളി ഹാള്‍" എന്നൊക്കെ ആളുകള്‍ അതിനെ വിളിക്കുന്നുണ്ട്.

കവിക്ക് തൃശൂരില്‍ ഒരു സ്മാരകം ഉണ്ടാക്കാനുള്ള ആലോചനകള്‍ പല മട്ടില്‍ നടന്നിട്ടുണ്ട്. ഒന്നും ഫലവത്തായില്ല. ഒരു സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ ലേഖകനും അക്കാര്യത്തില്‍ കുറ്റവാളിയാണ്. മഹാകവി ജനിച്ചതും വളര്‍ന്നതും എറണാകുളത്താണ്. കലൂരുള്ള തറവാട്ടുവീട്ടില്‍ പോകാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. മൂന്നു ദശാബ്ദം മുമ്പാണത്. "അങ്കണത്തൈമാവ്" വളര്‍ന്ന് അന്ന് ഒരു പടുകൂറ്റന്‍ വൃക്ഷമായിക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ അത് മുറിച്ചു മാറ്റിക്കാണും. അങ്ങനെയൊരു വലിയ മാവിനെ സഹിക്കാനുള്ള ക്ഷമയൊന്നും നമ്മുടെ നഗരവല്‍ക്കരണത്തിനില്ല. ഡിവൈഎഫ്ഐയുടെ ഒരു ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട വച്ചു നടക്കുന്നു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടത് വൈലോപ്പിള്ളിയാണ്. അതിനിടക്ക് അദ്ദേഹം കലൂരില്‍ പോവുകയും അവിടെ വച്ച് പനി ബാധിക്കുകയും ചെയ്തു. പനി കുറഞ്ഞുവോ, സമ്മേളനത്തിനു വരാന്‍ കഴിയുമോ എന്നൊക്കെ തഞ്ചത്തില്‍ അറിയാനുള്ള ശ്രമവുമായി അവിടെ ചെന്നതാണ്. പഴയ മട്ടിലുള്ള ഒരു മാളിക വീടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ അദ്ദേഹം ഇരിക്കുന്നു. "വൃത്തി വെണ്‍കളിയിട്ട ഗേഹഭിത്തി"യിലേക്കു ഞാന്‍ നോക്കി. സത്യം പറയാമല്ലോ. കടുത്ത നീരസത്തോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. ഇയാളെന്തിന് ഇവിടെ വന്നു എന്ന ഭാവം. അദ്ദേഹത്തിന്റെ സഹോദരിക്കു തോന്നിയ വാത്സല്യംകൊണ്ട് ഒരു ഗ്ലാസ് ചായ കിട്ടി. നീരസത്തോടെയാണെങ്കിലും ഇടമുറിയാതെ അദ്ദേഹം എന്നോട് സംസാരിച്ചു. സംസാരം മുറിച്ച് എഴുന്നേറ്റു പോരാന്‍ കഴിയാതെ അന്നു ഞാന്‍ കുഴങ്ങി. കുറച്ചൊരു കണ്ടുപരിചയം ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന് എന്നെക്കുറിച്ച് യാതൊന്നും അറിയില്ല. അറിയാന്‍ മാത്രം ഞാന്‍ യാതൊന്നും ആയിരുന്നുമില്ല. പക്ഷേ ചങ്ങമ്പുഴയുടേയും ജീയുടേയും എന്‍ വിയുടേയും വ്യക്തി സവിശേഷതകളെക്കുറിച്ച് ആ സായാഹ്നത്തില്‍ ഞാന്‍ കുറേയൊക്കെ അറിഞ്ഞു. ചിലതൊക്കെ രസകരവും രഹസ്യ സ്വഭാവമുള്ളതുമാണ്.

തിരിച്ചുപോരാന്‍ ബസ്സു കിട്ടാത്തതുകൊണ്ട് ആ രാത്രി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് ഞാന്‍ ഉറങ്ങിയത്. മുല്ലനേഴിമാഷുടെ ചങ്കൂറ്റത്തിന്റെ പിന്‍ബലത്തിലാണ് അക്കാലത്ത് ഞങ്ങള്‍ -രാവുണ്ണിയും ഉണ്ടാവും- തൃശൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്സിലുള്ള വീട്ടില്‍ ചെന്ന് വൈലോപ്പിള്ളിയെ കാണുക പതിവ്. നീരസത്തോടെത്തന്നെയായിരിക്കും ഓരോ തവണത്തേയും സ്വീകരണങ്ങള്‍. പക്ഷേ ആ നീരസവും ദേഷ്യവും വഴക്കുമെല്ലാം ഏറ്റുവാങ്ങാന്‍ പാകത്തിന് അദ്ദേഹത്തിന്റെ വത്സല ശിഷ്യന്‍ മുന്നിലുള്ളതുകൊണ്ട് പ്രശ്നമില്ല. വാതില്‍ തുറന്നപാടെ പറയും: ""ദാ, വന്നല്ലോ. തന്നെക്കൊണ്ട് തോറ്റു ഞാന്‍. താനിങ്ങനെ ഭൂതഗണങ്ങളേയുംകൊണ്ട് കേറി വരും. എന്റെ സമയം മെനക്കെടുത്താന്‍. എനിക്കിവടെ എന്തൊക്കെ ജോലികളുണ്ടെന്നോ? അരി കഴുകണം."" "ഞാന്‍ കഴുകാം മാഷെ." മുല്ലനേഴി പറയും. "തന്റെ ഔദാര്യമൊന്നും എനക്കാവശ്യല്ല്യ". ഒരു വട്ടം ചെല്ലുമ്പോള്‍ വൈലോപ്പിള്ളി മാഷ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന്റെ ക്ഷീണത്തിലായിരുന്നു. നന്നായി ദേഷ്യം പിടിച്ച മട്ട്. അദ്ദേഹം പറഞ്ഞു: ""വധുവിനാണെങ്കില്‍ ഒരു ഭംഗിയുമില്ല. സല്‍ക്കാരത്തിലാവട്ടെ ആകെ ഉണ്ടായിരുന്നത് വാടിയ വെള്ളത്തിന്റെ ചുവയുള്ള ചായയും ബിസ്ക്കറ്റും മാത്രം. ചെല്ലുന്നവര്‍ക്ക് എന്തെങ്കിലും ഒരു നല്ല ഭക്ഷണം കൊടുത്താല്‍ എന്താ കുഴപ്പം? ഇല്ലാത്തവരൊന്നുമല്ലേ."" വിവാഹങ്ങള്‍ക്ക് സദ്യയും സല്‍ക്കാരവും ആവാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ""മരങ്ങളുടെ കല്യാണം ശ്രദ്ധിച്ചിട്ടുണ്ടോ? എത്രമാത്രം മധുരമാണ് അവര്‍ വാരി വലിച്ചു വിളമ്പുന്നത്. വരണോരുക്കും പോണോരുക്കും. വണ്ടുകള്‍ക്കും, തുമ്പികള്‍ക്കും, പൂമ്പാറ്റകള്‍ക്കും കിളികള്‍ക്കും ഇഷ്ടംപോലെ തേന്‍. ഒരു ലുബ്ധുമില്ല"". കാലത്ത് ഭാരത് ഹോട്ടലില്‍ പ്രാതല്‍ കഴിക്കാന്‍ ചെന്നപ്പോള്‍ അവിടെ കണ്ട ചില ഭരണ രാഷ്ട്രീയ നേതാക്കള്‍ തന്നെ തറച്ചുനോക്കിയതായി അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥാ കാലമാണ്. "മാവേലി നാടു വാണീടും കാലം" എഴുതിക്കഴിഞ്ഞ സമയം. അതു വായിച്ചിട്ടാണ് അവര്‍ തന്നെ ശത്രുതയോടെ തറച്ചു നോക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ""എന്തോ ഒരു സമ്മേളനം നടക്കണുണ്ട് അവിടെ. ഓരോരുത്തരും കുപ്പായത്തില് വട്ടത്തിലുള്ള ബാഡ്ജ് കുത്തീട്ടുണ്ട്. ബാഡ്ജിന്റെ വലുപ്പം കണ്ടിട്ട് കേമായ സമ്മേളനം ആവണം. ചെറിയ സദ്യക്ക് ചെറിയ പപ്പടം. വലിയ സദ്യക്ക് വല്യ പപ്പടം. അങ്ങനെത്തന്ന്യാണല്ലോ ബാഡ്ജിന്റേം രീതി"". പൂത്തുലഞ്ഞ് തേന്‍ പൊഴിച്ചുനില്‍ക്കുന്ന ഒരു വനവൃക്ഷമായിട്ടാണ് എനിക്ക് വൈലോപ്പിള്ളിക്കവിത അനുഭവപ്പെടുന്നത്. ജീവാമൃതമായ ഫലത്തെയാണ് അത് എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നത്. ഞാന്‍ അത്ര മികച്ച കാവ്യാസ്വാദകനല്ല. കഥകളും നോവലുകളുമാണ് കൂടുതല്‍ വായിക്കുന്നത്. വൈലോപ്പിള്ളിയെ കഥയായിട്ടാണ് ഞാന്‍ വായിച്ചെടുക്കുന്നത്. "കണ്ണീര്‍പ്പാട"ത്തിലെ ദമ്പതികളെപ്പോലെ എന്നെ സ്വാധീനിച്ച മറ്റൊരു കഥാപാത്രത്തെയും ഫിക്ഷനുകളില്‍നിന്നു വായിച്ചിട്ടില്ല. ചെറുകാടിനെപ്പറ്റി പണ്ട് ബി രാജീവന്‍ എഴുതിയത് അനുകരിച്ച് ഞാന്‍ പറയും: മലയാളത്തിലെ ഏറ്റവും ആധുനികനായ കവി വൈലോപ്പിള്ളിയാണ്. സാമൂഹ്യപരിവര്‍ത്തനത്തിന്റെ സ്പന്ദനങ്ങള്‍ മലയാള കവിത അവസാനമായി കേട്ടത് അറുപത് കൊല്ലം മുന്‍പ് എഴുതപ്പെട്ട "കുടിയൊഴിക്കലി"ല്‍ നിന്നാണ്. കാലങ്ങളുടെ നീണ്ട അകലത്തില്‍ തനിക്കു പിറകേ വന്ന ഒരു സാധാരണ കഥാകൃത്തിനെ ഈ കവി എന്തുകൊണ്ടാണ് ഇത്രമേല്‍ സ്വാധീനിച്ചതെന്ന് ഞാന്‍ ആലോചിക്കാറുണ്ട്. ഈയിടെ ശ്രദ്ധയില്‍പ്പെട്ട വൈലോപ്പിള്ളിയുടെ ഒരു കുറിപ്പ് എന്റെ ചിന്തയെ കുറച്ചൊന്നു സഹായിച്ചു. "എല്ലാ പ്രക്ഷോഭങ്ങളില്‍ നിന്നും അകന്നിരുന്ന് ജീവിതത്തെ സമഗ്രമായി വിലയിരുത്തി തത്വചിന്താത്മകങ്ങളായ കൃതികള്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ നാടിന്റെ ചെറുതും വലുതുമായ ഭൗതിക പ്രശ്നങ്ങളില്‍നിന്ന് മനസ്സിനെ പിടിച്ചടക്കിയിരുത്താന്‍ കഴിയുന്നില്ല. ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്നേഹത്തേക്കാള്‍ നീതിയെ, ധര്‍മത്തെയാണ് ഞാന്‍ സര്‍വാത്മനാ ആശ്രയിക്കുന്നത്. ("വൈലോപ്പിള്ളിക്കവിതകള്‍" എന്ന പുസ്തകത്തിനെഴുതിയ ആമുഖത്തില്‍നിന്ന്. 1984)

തൃശൂരിലെ പ്രധാനപ്പെട്ട രാജപാതകള്‍ ഏതെങ്കിലും ഒന്നല്ല വൈലോപ്പിള്ളിക്കു വേണ്ടി നഗരസഭ നീക്കിവച്ചിട്ടുള്ളത്. എല്ലാ അര്‍ഥത്തിലും അതൊരു കുറുക്കു വഴിയാണ്. പാലസ് റോഡില്‍ നിന്ന് വടക്കേ ബസ്സ്റ്റാന്‍ഡിലേക്കു കടക്കാനുള്ള കുറുക്കുവഴി. പക്ഷേ വൈലോപ്പിള്ളി മാഷ് ധാരാളമായി തന്റെ സൈക്കിളുരുട്ടിയും അല്ലാതെയും നടന്ന വഴിയാണ് അതെന്ന് സമ്മതിക്കണം. സാഹിത്യ അക്കാദമിയില്‍നിന്ന് മാഷ് താമസിച്ചിരുന്ന ദേവസ്വം ക്വാര്‍ട്ടേഴ്സിലേക്ക് എളുപ്പത്തില്‍ കടക്കാന്‍ കഴിയും. അക്കാദമിയില്‍ എത്തിയിരുന്ന അന്നത്തെ മഹാ സാഹിത്യകാരന്മാര്‍ പലരും വൈലോപ്പിള്ളിയെ സന്ദര്‍ശിക്കാന്‍ ഈ വഴിയിലൂടെ നടന്നിട്ടുണ്ടാവും. ഈ വഴിയിലൂടെ തന്നെയാവണം "ജീവിതപ്പാത"യുടെ പ്രൂഫ് നോക്കാന്‍ വരുന്ന ചെറുകാട് മാഷ് കവിയെ നിരന്തരം സന്ദര്‍ശിച്ചിട്ടുണ്ടാവുക. കൊണ്ടുവന്ന ടിഫിന്‍ കാരിയറിലെ ഭക്ഷണം താന്‍ നല്‍കിയ കടുമാങ്ങക്കറി കൂട്ടി ചെറുകാട് ഉണ്ടതും അബദ്ധത്തില്‍ തന്റെ സ്പൂണ്‍ തോള്‍സഞ്ചിയില്‍ വച്ച് കൊണ്ടുപോയതും വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. സ്വര്‍ണസ്പൂണായിരുന്നോ എന്ന് എന്‍ വി കളിയാക്കിയെന്നും എഴുതി. ഈ വഴിയിലൂടെയാവണം മലയാളത്തിലെ കരുത്തനായ നിരൂപകന്‍ എം തോമസ്മാത്യുവിനെ അക്കാദമിയില്‍നിന്ന് നിര്‍ബന്ധിച്ച് കവി തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്.

വീട്ടിലെ തുരുമ്പെടുത്ത മടക്കുകത്തി നിവര്‍ത്താനാവുമോ എന്നു പരീക്ഷിക്കാനായിരുന്നു ആ യത്നം. "കരുത്തനായ നിരൂപകന്‍" അവിടെ പരാജയപ്പെട്ടു. ഈ വഴിയിലൂടെ തന്നെയാണ് "കാവ്യലോക സ്മരണകള്‍" പകര്‍ത്തിയെടുക്കാനുള്ള തീവ്ര യജ്ഞമേറ്റെടുത്ത് എം എന്‍ കുറുപ്പ് നടന്നുവന്നത്. ഈ വഴിയുടെ ഓരത്താണ് തൃശൂരിലെ കേരള എന്‍ജിഒ യൂണിയന്‍ ആപ്പീസ് കെട്ടിടം. ഇപ്പോള്‍ അതിന്റെ അനുബന്ധമായി ഇ പത്മനാഭന്‍ സ്മാരക ഹാള്‍ ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാ കേന്ദ്രം എന്നതിലുപരി ജില്ലയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ മുഖ്യ ആലോചനാ വേദിയാണിത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകുന്നതിനു മുമ്പും ഞാന്‍ അവിടത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റേയും പിന്നീട് പുരോഗമന കലാ സാഹിത്യ സംഘത്തിന്റേയും കമ്മിറ്റി മീറ്റിങ്ങുകള്‍ അവിടെയാണ് ചേരുക.

പണ്ട് ഓടുമേഞ്ഞ ഒരു ഇരുനില മാളികയായിരുന്നു അത്. കുത്തനെയുള്ള ഗോവണി ശ്രമപ്പെട്ട് കയറണം. ആലോചനകള്‍ നടക്കുന്ന മുകളിലത്തെ മുറിയിലേക്ക് പലവട്ടം വൈലോപ്പിള്ളി മാഷ് കയറി വന്നിട്ടുണ്ട്. സംഘത്തിന്റെ സമുന്നതനായ പ്രസിഡന്റായിരുന്നു അന്ന് അദ്ദേഹം. സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന നാടക മത്സരം നടത്തുന്നകാലത്ത് പണത്തിനു മുട്ടുവന്നപ്പോള്‍ "കുട്ടികളേ, എന്റെ വക ചെറിയൊരു സംഭാവന ഇരിക്കട്ടെ" എന്നു ജില്ലാ സെക്രട്ടറിയായിരുന്ന ആര്‍ ഗോപാലകൃഷ്ണനോട് പറയുന്നതു ഞാന്‍ കേട്ടു. വൈലോപ്പിള്ളിയുടെ സൗകര്യം പ്രമാണിച്ച് സംഘത്തിന്റെ സംസ്ഥാനതല ആലോചനാ യോഗങ്ങള്‍ പലതും അവിടെ നടത്തും. അന്ന് തായാട്ടും പി ജിയും ഉണ്ടാവും. ചിലപ്പോള്‍ വൈലോപ്പിള്ളി തന്റെ അയല്‍വാസിയായ വി ടി ഇന്ദുചൂഡനേയും കൂട്ടിയാണ് വരിക. എഴുത്തിനെ സംബന്ധിച്ച് പുരോഗമന സാഹിത്യ നിലപാടുകള്‍ക്കു വിമര്‍ശനമുണ്ടാവുമ്പോള്‍ തായാട്ട് എഴുന്നേറ്റുനിന്ന് പറയും: അതൊക്കെ ഈ ഇരിക്കുന്ന ഇന്ദുചൂഡന്റെ "കലയും സാഹിത്യവു"മാണ്. ഞങ്ങളാരും അതിന് ഉത്തരവാദികളല്ല. രാഷ്ട്രീയ വനവാസത്തിലായിരുന്ന വി ടി ഇന്ദുചൂഡന്‍ അങ്ങനെ വൈലോപ്പിള്ളിയുമായുള്ള സഹവാസംകൊണ്ട് ചെറിയൊരു ഇടവേളയില്‍ തൃശൂരിലെ ഇടതുപക്ഷ സഹയാത്രികനായി. കവിയുടെ മരണത്തോടെ അതവസാനിപ്പിച്ച് അദ്ദേഹം ആര്‍എസ്എസ് ക്യാമ്പിലേക്കു പോയി.

കെട്ട കാലത്തിന്റെ മൂക പ്രതീകമായി വൈലോപ്പിള്ളി മാഷ് സദാ ദര്‍ശിച്ചിരുന്ന തൃശൂരിലെ പ്രസിദ്ധമായ വടക്കേച്ചിറയും ഈ വഴിയുടെ അരികിലാണ്. ""പണ്ടാ വടക്കേച്ചിറയൊന്നു ചെന്നു കണ്ടാല്‍ കുളിച്ചീടണമെന്നു തോ ന്നും; പണ്ടാരമാം വാഴ്ചയിലിന്നതൊന്നു കണ്ടാല്‍ കുളിച്ചീടണമെന്നു തോ ന്നും."" ഈ വഴിയിലൂടെ ഒരു യൗവനം നടന്നു തീര്‍ത്തതിന്റെ സൗഭാഗ്യം ഈ ലേഖകനുണ്ട്. നഗരത്തില്‍നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് എന്റെ ഗ്രാമത്തിലേക്ക്. എന്നും കാലത്ത് ബസ്സിറങ്ങി അക്കാദമിക്കു പിറകിലുള്ള എന്റെ ആപ്പീസിലേക്ക് നടന്നിരുന്നത് ഈ നിരത്തിലൂടെയാണ്. ചിന്മയാമിഷന്‍കാരുടെ നവരത്ന ക്ഷേത്രാങ്കണത്തില്‍നിന്നുള്ള എച്ചിലിന്റെ ദുര്‍ഗന്ധം സഹിച്ച് ദേവസ്വം ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടു മുറിച്ചു കടന്ന് എന്‍ജിഒ യൂണിയന്‍ ആപ്പീസിനരികിലൂടെയാണ് എന്റെ യാത്ര. അക്കാലത്ത് വൈലോപ്പിള്ളി ഇല്ല. "ഹേമന്തത്താല്‍ മെലിഞ്ഞ കുളിര്‍നീരിന്‍ കൈകളാല്‍" നിളാനദി അവനെക്കൂടി സ്വീകരിച്ചു കഴിഞ്ഞിരുന്നു. പക്ഷേ വൈലോപ്പിള്ളി മാഷ് താമസിച്ച വീട് അതുപോലെ അവിടെ ഉണ്ട്. മുന്‍വശത്തെ മരയഴികളിലേക്ക് അലക്ഷ്യമായി പടര്‍ന്ന പാല്‍വളളികളാല്‍ മറയപ്പെട്ട്. മാഷ് നട്ടുനനച്ചു വളര്‍ത്തിയ മരങ്ങള്‍ പൂക്കള്‍ നീട്ടി എന്നെ ക്ഷണിക്കും; ഒട്ടും നീരസമില്ലാതെ.

*
അശോകന്‍ ചരുവില്‍ ദേശാഭിമാനി വാരിക

Saturday, June 29, 2013

കൊലയാളിയായ നരേന്ദ്രമോഡി

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാന്‍ പദ്ധതിയിട്ട ലഷ്കര്‍ ഭീകരരെന്ന് ആരോപിച്ചാണ് 2004 ജൂണ്‍ 15ന് അഹമ്മദാബാദിനടുത്ത് നാലുപേരെ വെടിവച്ചുകൊന്നത്. ഇസ്രത് ജഹാന്‍, പ്രാണേഷ്കുമാര്‍ (ജാവേദ് ഗുലാം ഷേഖ്), അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് ഗുജറാത്ത് ക്രൈംബ്രാഞ്ച് കൊല്ലുകയാണെന്ന് ഇതിനകം തെളിഞ്ഞു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് 2009 സെപ്തംബറില്‍ അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് എസ്പി തമാങ് അഭിപ്രായപ്പെട്ടു. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ തലവനായ പ്രത്യേക അന്വേഷണസംഘം ഇത് അന്വേഷിക്കണമെന്ന് തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ രാഘവന്റെ സംഘം വിസമ്മതം പ്രകടിച്ചപ്പോള്‍, ഹൈക്കോടതി പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ടു. ഈ വിധിയെ ചോദ്യംചെയ്ത് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി നിരാകരിച്ചു. അതോടെയാണ്, സാക്ഷികളുടെയും കേസിലുള്‍പ്പെട്ട പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തി പ്രത്യേകസംഘം അന്വേഷണം തുടങ്ങിയത്.

ആ സംഘത്തിലെ അംഗം സതീഷ്വര്‍മയ്ക്ക് അല്‍പ്പനാളുകള്‍കൊണ്ടുതന്നെ, ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ബോധ്യപ്പെട്ടു. അത് വ്യക്തമാക്കി കാണിക്കുന്ന സത്യവാങ്മൂലം നല്‍കിയ അദ്ദേഹം, മറ്റു രണ്ടംഗങ്ങള്‍ നിഷ്പക്ഷ അന്വേഷണം തടസ്സപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തി. സത്യം പുറത്തുവരാതിരിക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഇടപെടല്‍ എല്ലാ പരിധിയും വിടുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തെ നിഷ്പക്ഷ അന്വേഷണത്തിന് അനുവദിച്ചില്ലെങ്കില്‍ സിബിഐക്കോ എന്‍ഐഎക്കോ കേസ് കൈമാറുമെന്ന് 2011 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാരിന് ഗുജറാത്ത് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. എസ്ഐടി തലവനായി ആവര്‍ഷം ജൂലൈയില്‍ ചുമതലയേറ്റ രാജീവ് രഞ്ജന്‍വര്‍മ ഏറ്റുമുട്ടല്‍ വ്യാജമെന്ന നിഗമനം ആവര്‍ത്തിച്ചു. ഏറ്റുമുട്ടല്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ചടക്കം പുതിയ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവിടുകയും ചെയ്തു. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് എസ്ഐടി കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് സിബിഐ അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിലും ആസൂത്രിത കൊലപാതകംതന്നെയാണ് തെളിഞ്ഞത്. ഐപിഎസുകാരനായ ജി എല്‍ സിംഗാള്‍, ഡിഐജി വന്‍സാര എന്നിവരെ സിബിഐ അറസ്റ്റുചെയ്തു. ഇപ്പോള്‍, വ്യാജ ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ നരേന്ദ്രമോഡിക്ക് പങ്കുണ്ടെന്ന് സിബിഐ സംശയരഹിതമായി വ്യക്തമാക്കിയിരിക്കുന്നു.

മുഖ്യപ്രതിയായ ഡിഐജി വന്‍സാരയുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനുമുമ്പ് മോഡി ബന്ധപ്പെട്ടിരുന്നുവെന്ന് സിബിഐ തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു. മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഏറ്റുമുട്ടലിനുമുമ്പും പിമ്പും വന്‍സാരയുമായി ബന്ധപ്പെട്ടതിന്റെ തെളിവും സിബിഐക്ക് ലഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വംശഹത്യ മോഡി ആസൂത്രണംചെയ്തതാണെന്നതിനുള്ള തെളിവുകള്‍ നേരത്തെ പുറത്തുവന്നതാണ്. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വംശഹത്യയിലെ മോഡിയുടെ പങ്കാളിത്തത്തിന് അടിവരയിടുന്നുണ്ട്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലും മറ്റൊന്നായിരുന്നില്ല. മോഡി ഇന്ന് സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ്. ഗുജറാത്തിലെ അനുഭവം രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള താല്‍പ്പര്യവുമായി ആര്‍എസ്എസ് നേതൃത്വം മോഡിയെ അവതരിപ്പിക്കുന്നു. തികഞ്ഞ വര്‍ഗീയവാദിമാത്രമല്ല, ചോരക്കൊതിയനായ കൊലയാളിയും ഉപജാപകനുമാണ് മോഡി എന്ന വസ്തുത ആര് വിചാരിച്ചാലും മൂടിവയ്ക്കാനാകില്ല. ഇസ്രത് ജഹാന്‍ കേസില്‍ ഒന്നാംപ്രതിതന്നെയായി മോഡിയുടെ പേരാണ് വരേണ്ടത്. ശരിയായ അന്വേഷണം നടത്തി നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഗുജറാത്തിലെ മോഡിസര്‍ക്കാരിനുമാത്രമല്ല, ഹിന്ദുത്വരാഷ്ട്രീയത്തിനുതന്നെ കനത്ത തിരിച്ചടിയാണ് വ്യാജ ഏറ്റുമുട്ടല്‍കേസില്‍ പുറത്തുവരുന്ന ഓരോ വിവരങ്ങളും. നരേന്ദ്രമോഡി മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം, പൊലീസ് ഉദ്യോഗസ്ഥര്‍കൂടിയായ പ്രതികളെ രക്ഷിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ശ്രമം തുടരുകതന്നെ ചെയ്യും. ജനങ്ങളെ കൊല്ലുന്ന ഒരു മുഖ്യമന്ത്രി തുടരണോ വേണ്ടയോ എന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഗൗരവമായി നടക്കണം. കൊല്ലപ്പെട്ടവര്‍ക്കും പീഡിപ്പിക്കപ്പെട്ടവര്‍ക്കും നീതി ഉറപ്പുവരുത്തണമെങ്കില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ ഒരുനിമിഷം തുടരാന്‍ പാടില്ല. മോഡിയെ സംരക്ഷിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യാനുള്ള ഏത് ശ്രമവും രാജ്യത്തിനും ജനങ്ങള്‍ക്കും നേരെയുള്ള യുദ്ധപ്രഖ്യാപനമായി വിലയിരുത്തപ്പെടണം. മോഡി പ്രതിനിധാനംചെയ്യുന്നത് ആര്‍എസ്എസ് അജന്‍ഡയാണെന്നും അത് വിദ്വേഷത്തിന്റെയും സംഹാരത്തിന്റെയും രാഷ്ട്രീയമാണെന്നുമുള്ള യാഥാര്‍ഥ്യം ജനങ്ങളുടെ മനസ്സില്‍ എത്തിക്കാനുള്ള ഊര്‍ജിതമായ പ്രചാരണത്തിന്റെ ആവശ്യകതയിലേക്കുകൂടിയാണ് ഗുജറാത്തില്‍നിന്നുള്ള വാര്‍ത്തകള്‍ വിരല്‍ചൂണ്ടുന്നത്.

*
ദേശാഭിമാനി മുഖപ്രസംഗം

എന്റെ സഹോദരന്‍

എ സി ഷണ്‍മുഖദാസും ഞാനും തമ്മിലുള്ള ബന്ധത്തിന് സഹോദരനിര്‍വിശേഷമായ സുഗന്ധമാണുള്ളത്. കെഎസ്യുവിന്റെ പ്രവര്‍ത്തനരംഗത്തുകൂടിയാണ് പരിചയം നാമ്പെടുക്കുന്നത്; പിന്നെ യൂത്ത് കോണ്‍ഗ്രസിലൂടെ, തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിശാലമായ പ്രവര്‍ത്തനരംഗത്തിലൂടെ. 1978ലാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസില്‍ പുതിയ ധ്രുവീകരണം ഉടലെടുക്കുന്നത്. അന്നത്തെ ദേശീയ നേതൃത്വത്തില്‍ വളര്‍ന്നുവന്ന നയപരവും രാഷ്ട്രീയവുമായ വിയോജിപ്പ് വലിയ പ്രതികരണവും പ്രതിധ്വനിയും സൃഷ്ടിച്ചു. എ കെ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, പി സി ചാക്കോ, സുധീരന്‍, ഷണ്‍മുഖദാസ് ഉള്‍പ്പെടെ ഞങ്ങളെല്ലാം ഒരു നിലപാടില്‍ എത്തി. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംവിധാനത്തിന്റെ ഭാഗമായി ഒരു വേദിയില്‍ ഒന്നിക്കണം. 1978ലെ രാഷ്ട്രീയ സമ്മേളനത്തില്‍ എല്‍ഡിഎഫിന്റെ ആവശ്യകതയിലധിഷ്ഠിതമായ പ്രമേയം അംഗീകരിച്ചു. തുടര്‍ന്ന് നായനാര്‍ മന്ത്രിസഭയില്‍ സാന്നിധ്യം. അധികം വൈകാതെ ഒരു ഭാഗം എല്‍ഡിഎഫ് ഉപേക്ഷിച്ച് മറുപക്ഷത്തേക്ക്.

എന്നാല്‍ ഷണ്‍മുഖദാസ് ഉള്‍പ്പെടെ ഞങ്ങളെല്ലാം എല്‍ഡിഎഫിന്റെ ഭാഗമായി തുടരാന്‍ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സംഭവങ്ങളെല്ലാം കേരളം കണ്ടതാണ്. കോണ്‍ഗ്രസ് എസ് എല്‍ഡിഎഫിന്റെ ഭാഗമായി. പിന്നീട് അധികാരത്തിലേറിയ എല്‍ഡിഎഫ് മന്ത്രിസഭകളില്‍ ഷണ്‍മുഖദാസ് മന്ത്രിയായിരുന്നു. 1978ല്‍ ആന്റണിയുള്‍പ്പെടെയുള്ളവര്‍ എടുത്ത രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനിന്നവരാണ് കോണ്‍ഗ്രസ് എസ്. എന്നാല്‍ പിന്നീടുണ്ടായ രാഷ്ട്രീയവ്യതിയാനങ്ങളില്‍ ഷണ്‍മുഖദാസും സുഹൃത്തുക്കളും മറ്റൊരു സംഘടനയുടെ ഭാഗമായി. എന്നാല്‍ വ്യക്തിബന്ധം, സ്നേഹം അതുപോലെ നിലനിന്നു; കാലുഷ്യമില്ലാതെ. ഓര്‍ക്കാനും ഓര്‍മിക്കാനും ഏറെയുണ്ട്.

ഷണ്‍മുഖദാസും പാറുക്കുട്ടിയും മാതൃകാ ദമ്പതിമാരാണ്. അവരുടെ പ്രണയം പൂത്തുലഞ്ഞ കാലം മുതലുള്ള ഒരുപാട് ഓര്‍മ്മകള്‍ എന്റെ മനസ്സിലെത്തുന്നു. ഞാന്‍ കെഎസ്യു ജനറല്‍ സെക്രട്ടറിയായ കാലം. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ചിക്കന്‍പോക്സ് പിടിപെട്ട് തന്നടയിലെ അമ്മവീട്ടില്‍ കിടപ്പാണ്. ഈ രോഗമായതിനാല്‍ സന്ദര്‍ശകര്‍ കുറഞ്ഞു. ഒരുച്ചനേരത്ത് ഷണ്‍മുഖദാസ് ഏതാണ്ട് രണ്ടരകിലോമീറ്റര്‍ നടന്ന് എന്റെ വീട്ടില്‍ വന്നു. പകരുന്ന രോഗം കാണാന്‍ വരണമായിരുന്നോ എന്ന ചോദ്യത്തിന് തനിക്കിതൊന്നും പകരില്ല എന്നായിരുന്നു മറുപടി. പോരാത്തതിന് കുടിക്കാന്‍ എന്തെങ്കിലും വേണമെന്ന ആവശ്യവും. സംശയത്തോടെ എന്റെ ഇളയമ്മ അത് നല്‍കി. രോഗം പകരില്ലെന്ന പ്രാര്‍ഥനയോടെ. ഒരു തരം സാഹസികത- നിര്‍ബന്ധബുദ്ധി, വീറും വാശിയും- അതാണ് ഷണ്‍മുഖദാസിന്റെ സവിശേഷത. ഇനിയുമുണ്ട് ഓര്‍ക്കാന്‍, ഓമനിക്കാന്‍. ഓര്‍മകള്‍ക്ക് മുന്നില്‍ നിറകണ്ണുകളോടെ...

*
രാമചന്ദ്രന്‍ കടന്നപ്പള്ളി

ഹിമാലയന്‍ അവാര്‍ഡ് തട്ടിപ്പ്

"വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും ഗള്‍ഫിലെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനാ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി. യുഎന്‍ സാമൂഹിക, ധനകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോങ്ങ്ബോ ആണ് പുരസ്കാരം സമ്മാനിച്ചത്."- മലയാള മനോരമ ഒന്നാംപുറത്ത് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ്. ആവേശം കൊണ്ട് ഭാഷാശുദ്ധി മനോരമ മറന്നു. അത്തരം പാളിച്ചയില്ലാതെ മാതൃഭൂമി, ""കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്കാരം ഏറ്റുവാങ്ങി"" എന്നെഴുതി. സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് പത്രങ്ങള്‍ക്ക് നല്‍കിയ വര്‍ണ പരസ്യത്തില്‍, "ഓരോ മലയാളിക്കും അഭിമാനിക്കാം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അവാര്‍ഡ്" എന്നും "ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആദ്യമായി ഈ അംഗീകാരം" എന്നുമാണുള്ളത്. സര്‍ക്കാര്‍ പരസ്യത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അവാര്‍ഡ് സമ്മാനിക്കുന്നു എന്നാണ്. ബാന്‍ കി മൂണ്‍ ബഹ്റൈനിലേക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടേയില്ല എന്നാണ് പക്ഷെ, യുഎന്‍ വൃത്തങ്ങള്‍ പറയുന്നത്.
സര്‍ക്കാരും സര്‍ക്കാര്‍ വിലാസം പത്രങ്ങളും രണ്ടുകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒന്ന്- അവാര്‍ഡ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുള്ളതാണ്. രണ്ട്- അത് പൊതുജന സേവനത്തിനുള്ളതാണ്. രണ്ടും തെറ്റാണ്. Preventing and Combating Corruption in the Public Service വിഭാഗത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. അതായത്, "പൊതു സേവനരംഗത്തെ അഴിമതി തടയുകയും അതിനെതിരെ പൊരുതുകയും ചെയ്തതിന്". അതല്ലാതെ പൊതുജനസേവനത്തിനുള്ള അംഗീകാരമല്ല അത്. കേരളത്തില്‍ ഇന്നു നടക്കുന്ന സമര വേലിയേറ്റത്തിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം ഇതിനെ കാണാന്‍. അഴിമതിയുടെ ചെളിക്കുണ്ടില്‍ മുങ്ങി നില്‍ക്കുന്ന ഒരാള്‍ അഴിമതിക്കെതിരെ "യുദ്ധം ചെയ്ത"തിന് അവാര്‍ഡ് വാങ്ങുന്നു! ആ നാണക്കേട് മറയ്ക്കാനാണ്, "പൊതുജന സേവനം" എന്ന മുഖംമൂടി അവാര്‍ഡിന് വച്ചുകൊടുത്തത്.

ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരെ വിട്ട് അന്വേഷിപ്പിച്ച്, ഉമ്മന്‍ചാണ്ടി എന്നൊരു മുഖ്യമന്ത്രി കേരളത്തിലുണ്ടെന്നും അദ്ദേഹം നാടുനീളെ സഞ്ചരിച്ച് "ജനസമ്പര്‍ക്കം" നടത്തി അഴിമതിയെ ചെറുക്കുന്നുണ്ടെന്നും കണ്ടെത്തി വന്ന അവാര്‍ഡല്ല ഇത്. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി മികച്ച അഴിമതി നിര്‍മാര്‍ജന നീക്കമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് രേഖയുണ്ടാക്കി ചില ഇടനിലക്കാരുടെ സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ഫോറത്തിലേക്ക് അവാര്‍ഡിന് അപേക്ഷിച്ചു. അത് അംഗീകരിച്ച്, അഞ്ച് അവാര്‍ഡ് വിഭാഗങ്ങളില്‍ ഒന്നായ "അഴിമതി തടയലി"ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്തുകയാണുണ്ടായത്. ആഫ്രിക്ക, എഷ്യാ- പസിഫിക്ക്, യൂറോപ്പും വടക്കേ അമേരിക്കയും ലാറ്റിനമേരിക്കയും കരീബിയയും പടിഞ്ഞാറന്‍ ഏഷ്യ എന്നിങ്ങനെ ലോകത്തെ അഞ്ചാക്കി തിരിച്ചാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇതേ അവാര്‍ഡുകള്‍ മറ്റു നാല് സ്ഥാപനങ്ങള്‍ക്ക് വേറെ കിട്ടിയിട്ടുണ്ട്. ഇന്നുവരെ ഈ അവാര്‍ഡ് ഒരു വ്യക്തിക്ക് ലഭിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് അവാര്‍ഡ് എന്ന പ്രചാരണം പച്ചക്കള്ളമെന്നര്‍ഥം.

വാദത്തിനായി, മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിക്കല്ലേ അവാര്‍ഡ് എന്നു ചോദിച്ചാലും രക്ഷയില്ല. ആ പരിപാടിയില്‍ എവിടെയാണ് "അഴിമതി വിരുദ്ധ പോരാട്ടം" എന്ന് കേരളത്തിലെ ജനങ്ങളോടെങ്കിലും വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് ആയിരവും രണ്ടായിരവും കൊടുത്തതാണല്ലോ ബഹുജന സമ്പര്‍ക്കപരിപാടിയുടെ ഏറ്റവും "വലിയ" നേട്ടം. ദുരിതാശ്വാസ വിതരണത്തില്‍ എന്തഴിമതിയാണ് മുമ്പ് നടന്നിരുന്നത്? ഏത് അഴിമതിയെയാണ് ഉമ്മന്‍ചാണ്ടി ചെറുത്ത് തോല്‍പ്പിച്ചത്?

മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച അംഗീകാരം മുഖ്യമന്ത്രിക്കുതന്നെ എന്നു പറയാനാകുമോ? എങ്കില്‍, ആ ഓഫീസിനെതിരെ വന്ന ആക്ഷേപങ്ങളും ഉമ്മന്‍ചാണ്ടി ഏറ്റെടുക്കേണ്ടതല്ലേ? സഹായികളായ ജോപ്പനും ജിക്കുമോനും സലിംരാജും ഗിരീഷും ഇപ്പോള്‍ പുറത്താണ്. അവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയതായി തെളിഞ്ഞ സരിത എസ് നായര്‍ എന്ന തട്ടിപ്പുകാരി പൊലീസ് കസ്റ്റഡിയിലും. സോളാര്‍ തട്ടിപ്പുകേസിലെ പ്രധാന പ്രതി ബിജു രാധാകൃഷ്ണനുമായി അടച്ചിട്ടമുറിയില്‍ "കുടുംബകാര്യം" ചര്‍ച്ചചെയ്തു എന്ന് ഉമ്മന്‍ചാണ്ടി സമ്മതിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ തട്ടിപ്പുകളില്‍നിന്ന് ഉമ്മന്‍ചാണ്ടിക്കുമാത്രം ഒഴിഞ്ഞു നില്‍ക്കാനാകുമോ? അവാഡ് വന്നാല്‍ എനിക്ക്, ആരോപണം വന്നാല്‍ ആരാനും എന്ന ന്യായം "പുരസ്കൃത പൊതുജന സേവന"ത്തിന്റെ പട്ടികയില്‍ വരുമോ?

പൊതുസേവനം ജനങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയില്‍ ലഭ്യമാക്കിയതിന് ഉത്തര്‍പ്രദേശിലെ ആരോഗ്യം എന്ന ജില്ലാ ഹെല്‍ത്ത് സൊസൈറ്റിക്കാണ് കഴിഞ്ഞ വര്‍ഷം ഈ അവാര്‍ഡ് കിട്ടിയത്. അതിനു മുമ്പത്തെ വര്‍ഷം ഡല്‍ഹിയിലെ സാമാജിക് സുവിധാ സംഘത്തിനും സ്വന്‍ ചേതന്‍ സൊസൈറ്റി എന്ന എന്‍ജിഒയ്ക്കും. 2009ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട പദ്ധതിക്കായിരുന്നു പുരസ്കാരം. അതിനുമുമ്പ് നാഗാലാന്‍ഡ് സര്‍ക്കാരിനും ആന്ധ്രാപ്രദേശിലെ ഐടി വകുപ്പിനുമൊക്കെ ഇത്തരം പുരസ്കാരം കിട്ടിയിട്ടുണ്ട്. അന്നൊന്നും ഷീലാ ദീക്ഷിതോ മറ്റാരെങ്കിലുമോ നരേന്ദ്രമോഡിപോലുമോ വ്യക്തിപരമായ നേട്ടമായി അതിനെ കാണുകയോ കൊട്ടിഘോഷിക്കുകയോ അതിശയോക്തി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. മുനിസിപ്പാലിറ്റികള്‍ക്ക്, വിവിധ വകുപ്പുകള്‍ക്ക്, സംഘടനകള്‍ക്ക്, പൊതുകര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്ന സ്ഥാപനങ്ങള്‍ക്ക്- അവാര്‍ഡിനായി ഇവര്‍ക്കെല്ലാം അപേക്ഷിക്കാം. അതിന് ശുപാര്‍ശവേണം. മാനേജ്മെന്റ് വേണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ച് ലോബിയിങ്ങ് നടത്തി സംഘടിപ്പിച്ച അവാര്‍ഡിന് ഇല്ലാത്ത മഹത്വം ചാര്‍ത്തി ഉമ്മന്‍ചാണ്ടി ഞെളിയുമ്പോള്‍, കണ്ടുനില്‍ക്കുന്ന എല്ലാവരെയും പൊട്ടന്‍മാരാക്കുകയല്ലേ? ഈ അവാഡിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഇന്റര്‍നെറ്റ് തപ്പിയാല്‍ ആര്‍ക്കും ലഭിക്കുമെന്നിരിക്കെയാണ് ഈ തട്ടിപ്പ് എന്നത്, മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും അമ്പരപ്പിക്കുന്ന തൊലിക്കട്ടിയെ സൂചിപ്പിക്കുന്നു.

അഴിമതിയാരോപണങ്ങളുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും ദുരൂഹ ബന്ധങ്ങളുടെയും ഊരാക്കുരുക്കില്‍ ശ്വാസംമുട്ടുന്ന ഉമ്മന്‍ചാണ്ടിക്കുള്ള ഓക്സിജന്‍ സിലിണ്ടറായാണ് ഈ അവാര്‍ഡിനെ മലയാള മനോരമയടക്കമുള്ള മാധ്യമങ്ങള്‍ എഴുന്നള്ളിച്ചത്. അത് അവരുടെ ജന്‍മോദ്ദേശ്യമെന്ന് കരുതി സമാധാനിക്കാം. എന്നാല്‍, ഖജനാവില്‍ കയ്യിട്ടുവാരി ഈ അവാഡ് നാടകത്തിന് നല്‍കിയ പ്രചാരണ ഘോഷത്തെ അങ്ങനെ തള്ളിക്കളയാനാകില്ല. പരസ്യങ്ങള്‍ക്കും ഫ്ളക്സ് ബോഡുകള്‍ക്കും ഉമ്മന്‍ചാണ്ടിയുടെ സഹായികളായി ബഹ്റൈനില്‍ പോയ മന്ത്രി കെ സി ജോസഫടക്കമുള്ളവരുടെ ധൂര്‍ത്തിനും ജനങ്ങളോട് കണക്കുപറയേണ്ടിവരും. മുഖ്യമന്ത്രിയുടെ ബഹുജന സമ്പര്‍ക്ക പരിപാടിതന്നെ വലിയ തട്ടിപ്പാണ്. ആ തട്ടിപ്പിനുമേല്‍ മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ് ഇപ്പോള്‍ നടന്നത്. കഴുത്തിനു പിടിച്ചുനിര്‍ത്തി ജനങ്ങള്‍ സമാധാനം പറയിക്കേണ്ട തോന്ന്യാസമാണിത് എന്നതില്‍ സംശയമില്ല.

നരേന്ദ്ര മോഡി തന്റെ പ്രാമാണിത്തം തെളിയിച്ച് അധികാരമുറപ്പിക്കാന്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി മനുഷ്യക്കുരുതിയാണ് നടത്തിയത്. ഇവിടെ ഉമ്മന്‍ചാണ്ടി അഴിമതിക്കുരുക്കില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ മുതല്‍ എടുത്ത് കള്ളപ്രചാരണം നടത്തുന്നു. ആദ്യത്തേത് ക്രൂരനായ ഫാസിസ്റ്റിന്റെ ശൈലിയെങ്കില്‍ രണ്ടാമത്തേത് നുണപറച്ചിലില്‍ നിലനില്‍പ്പ് കണ്ടെത്തുന്ന ബൂര്‍ഷ്വാരാഷ്ട്രീയക്കാരന്റെ രീതി. ഉമ്മന്‍ചാണ്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും സ്നേഹവുമൊന്നും ഇന്ന് നിലനില്‍ക്കുന്ന കാര്യങ്ങളല്ല. അതാക്കെ പഴങ്കഥ. നുണ പറയുന്നവനും നുണകള്‍ക്ക് കാതുകൊടുക്കുന്നവനും തന്റെയുള്ളിലുള്ളതോ, തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാകാത്ത വിധത്തിലാകുകയും തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോകുകയും ചെയ്യുമെന്ന ഫിയോദര്‍ ദസ്തയേവ്സ്കിയുടെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ നൂറുശതമാനം ശരിയാവുകയാണ്.


*
പി എം മനോജ്

Friday, June 28, 2013

രണ്ടെന്നു കണ്ടളവില്‍ ഇണ്ടല്‍

ടാഡി ഷാപ്പ് നമ്പ്ര 32ല്‍ വിളമ്പുകാരന്‍ നാണു അസ്വസ്ഥനായിരുന്നു. പല രീതിയില്‍ നാണു ആലോചിച്ചു. ഉപനിഷത്തുകള്‍, വേദങ്ങള്‍, ഇതിഹാസങ്ങള്‍ വഴി ഭഗവദ്ഗീതയിലെത്തി. ഇല്ല. ഒരു മാര്‍ഗവും തെളിയുന്നില്ല. കര്‍മ മാര്‍ഗം, ജ്ഞാന മാര്‍ഗം, മോക്ഷമാര്‍ഗം... അരിച്ചുപെറുക്കി. അകന്നു നില്‍ക്കുന്നു മോചന മാര്‍ഗം. സാംഖ്യം, യോഗം, ആരണ്യകം വഴിയും അന്വേഷിച്ചു നോക്കി. അടഞ്ഞുതന്നെ കിടക്കുന്നു മോക്ഷമാര്‍ഗം.

അവസാനത്തെ ആശ്രയമായി അദൈ്വതത്തിലെത്തി. ശൂന്യം. ഉത്തരമില്ല. സ്വന്തം ചിന്തകളുടെ തടവുമുറിയില്‍ നാണു കടുത്ത പീഡനം അനുഭവിച്ചു. ഒടുവില്‍ നാണു മാനേജരുടെ അടുത്തെത്തി. "എനിക്ക് ഇന്ന് അടിയന്തര ലീവ് വേണം." ശരാശരി നിലവാരം മാത്രമുള്ള മാനേജര്‍ ഒട്ടും ബുദ്ധിപരമല്ലാതെ ചോദിച്ചു. "എന്തിന്?" പൊള്ളയായ ചോദ്യത്തില്‍ നാണുവിന് സഹതാപം തോന്നിയെങ്കിലും തന്റെ ബുദ്ധിപരമായ ഔന്നത്യം പുറത്തു പ്രകടിപ്പിക്കാതെ വിനയാന്വിതനായി പറഞ്ഞു. "ആവശ്യോണ്ട.്" "അതുമനസ്സിലായി. എന്താണെന്നാണ് അറിയേണ്ടത്?"

താഴ്ന്ന നിലവാരത്തിലുള്ള ഉത്തരംകൊണ്ട് ഇത്തരം ആളുകളുടെയടുത്ത് പിടിച്ചു നില്‍ക്കാനാവില്ല എന്ന് നാണുവിന് മനസ്സിലായി. അടവ് മാറ്റി. "വെളിപ്പെടുത്താനാവില്ല." "ഓഹോ !" മാനേജര്‍ക്ക് ദേഷ്യംവന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ എന്റെ ഔദാര്യംകൊണ്ട് മാത്രം ഇവിടെ പാത്രം കഴുകാന്‍ നിറുത്തുകയും എന്റെതന്നെ സ്വാധീനമുപയോഗിച്ച് അവസരം കിട്ടിയപ്പോള്‍ വിളമ്പുകാരനായി സ്ഥാനക്കയറ്റം കൊടുക്കകയും ചെയ്ത എന്നോടാണോ ഇവന്റെ ധിക്കാരം.

"പഴമൊഴി വഴക്കപ്രകാരം പാല് തന്ന കൈക്കാണോടാ കടി." മാനേജര്‍ ചരിത്രം വിളമ്പി. നാണു അക്ഷോഭ്യനായി. വര്‍ത്തമാന യാഥാര്‍ഥ്യങ്ങളെ നേരിടാനാവാതെ ഭൂതകാലത്തിന്റെ നിലവറയില്‍ ഒളിസങ്കേതങ്ങള്‍ തേടുന്ന ബുദ്ധിശോഷണമുള്ള ഇവറ്റകള്‍ പണ്ഡിതനായ എനിക്ക് ശത്രു പോലുമല്ല എന്ന മട്ടിലായിരുന്നു ആ അക്ഷോഭ്യത്തിന്റെ നില്‍പ്. മാനേജരുടെ ചരിത്രപ്രഖ്യാപനങ്ങള്‍ക്കു ശേഷവും നാണു തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മാനേജര്‍ ആവര്‍ത്തിച്ചു. "പറയൂ, എന്തിനാ ലീവ്?"

"രാഷ്ട്രീയവും മതപരവുമായ കാരണത്താല്‍ അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ല". ഇപ്പോള്‍ മാനേജര്‍ ശരിക്കും വിരണ്ടു. ശബ്ദം താണു. താണുവീണുകേണു. "നാണൂ... നീ ഇപ്പോള്‍ എവിടെയാണ്?" നാണു അഭിമാനംകൊണ്ട് ഒന്നു വളഞ്ഞു. "നാം എങ്ങോട്ടേക്കാണ് ഒഴുകുന്നതെന്ന് നമുക്കുപോലും അറിയില്ല. ഈ സംസാരസാഗരത്തില്‍, ഈ മായാ പ്രപഞ്ചത്തില്‍, ഈ ബ്രഹ്മാണ്ഡകോടിയില്‍... കാമക്രോധമദലോഭങ്ങള്‍ തേടി... ആര്‍ത്തി പൂണ്ട്..."

"നിര്‍ത്തു നാണു. നാം ഈശ്വരചൈതന്യമെന്തെന്ന് മനസ്സിലാക്കുന്നു. ആവശ്യത്തിന് ലീവെടുക്കൂ. ലക്ഷ്യപ്രാപ്തി കൈവരിച്ചിട്ട് മതി ഇനി ഷാപ്പിലെ കാര്യങ്ങള്‍..." മാനേജര്‍ പറഞ്ഞു. "എങ്കില്‍ മാനേജര്‍ജി നാം യാത്ര തുടങ്ങട്ടെ...." "എങ്ങോട്ടേക്കാണെന്ന് ചോദിച്ചാല്‍ കോപിക്കുമോ ആവോ..." " ഇല്ല ഭക്താ... നാം യാത്രയിലാണ്..." "ഷാപ്പ് മുതലാളി ചോദിച്ചാല്‍ ഞാന്‍ എന്തുപറയും?"

"യാത്രയിലാണെന്ന് പറഞ്ഞേക്കൂ" "എങ്ങോട്ടേക്ക്?" "നാം ഉത്തരങ്ങള്‍ തേടി പുറപ്പെടുകയാണ്". " കിഴക്കെത്തലയ്ക്കല്‍ വേലായുധന്റെ മകന്‍ നാണു എന്ന നാണുക്കുട്ടന്‍ എന്നു മുതലാണ് സിദ്ധാര്‍ഥ രാജകുമാരനായത്?"

"തുടക്കവും ഒടുക്കവും ഒരിക്കലും ഒരുപോലെയാവില്ല മാനേജര്‍ജി. നാം ജനിക്കുമ്പോള്‍ ഉള്ളതു പോലെയാണോ മരിക്കുമ്പോള്‍? എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാവുന്നു, ശരീരത്തിലും മനസ്സിലും. ഒന്നും നമ്മുടെ കൈകളിലല്ല മാനേജര്‍ജി. അല്‍പനായ മനുഷ്യന്‍ അങ്ങനെ അഹങ്കരിക്കുന്നു. നാം പറഞ്ഞിട്ടാണോ വേനലും മഴയുമുണ്ടാവുന്നത്. നാം പറഞ്ഞിട്ടാണോ പ്രളയവും കൊടുങ്കാറ്റും ഉണ്ടാവുന്നത്?" "എല്ലാം ഈശ്വരനിശ്ചയം.

ഈ പ്രപഞ്ചത്തിന് ഒരു ചൈതന്യമുണ്ടെന്നും ആ ചൈതന്യമാണ് എല്ലാത്തിനും നിദാനമെന്നും മനസ്സിലാക്കുന്നവന്‍ മുക്തി പ്രാപിക്കുന്നു. അല്ലാത്തവന്‍ ഇഹലോകസുഖങ്ങളില്‍ ആറാടി ആ അനശ്വര ചൈതന്യമെന്തെന്ന് മനസ്സിലാക്കാതെ ജരാനരകള്‍ ബാധിച്ച് നാനാവിധ പീഡനങ്ങളിലൂടെ കടന്നുപോവുന്നു."

"നീചമായ ആത്മാവിനെ അഥവാ അപരാപ്രകൃതിയെ ഉച്ചമായ ആത്മാവിനാല്‍ അഥവാ ദിവ്യപ്രകൃതികൊണ്ട് ജയിച്ച് ഈശ്വരനില്‍ ജീവിക്കാന്‍ പഠിക്കുക. ആത്മശുദ്ധി നേടി ദിവ്യമായ ഒരു ജീവിതം നയിക്കുക..." " നാണൂ... നീയിതൊക്കെ എങ്ങനെ പഠിച്ചെടാ..?" " ഗതികെട്ടാല്‍ ഏതു പുലിയും എന്തുംചെയ്യും എന്ന് മനസ്സിലാക്കൂ മാനേജര്‍ശിഷ്യാ..." "നീ ഇവിടെ വിളമ്പേണ്ടവനല്ല..." "അല്ല... നാം ദേവലോകത്തെ വിളമ്പുകാരനാവേണ്ടതാണ്. ഖരദ്രാവകങ്ങളല്ല മാനേജര്‍ജി ജ്ഞാനമാണ് നാം വിളമ്പേണ്ടത്... ഇഹലോകത്തിലെ എല്ലാ സുഖസൗകര്യങ്ങളും നാം ത്യജിക്കുന്നു. ഉത്തരം തേടിയുള്ള നമ്മുടെ യാത്ര തുടങ്ങുന്നു.

ഡി എ കുടിശ്ശിക അനുവദിച്ചാല്‍ പിടിച്ചുവയ്ക്കരുത് മാനേജര്‍ജി.. " "നാണുശ്രീ എന്തിനാണ് അങ്ങ് ഉത്തരം തേടുന്നത്?" "പറഞ്ഞുവല്ലോ... അത് രാഷ്ട്രീയവും മതപരവുമാണ്... ജ്ഞാനോദയം നേടിയ ശേഷം കിട്ടിയ ജ്ഞാനത്തില്‍ നിന്ന് ഞാന്‍ കുറച്ചു തരാം..." നാണു ഇറങ്ങി. ഗൃഹസ്ഥാശ്രമത്തില്‍ നിന്നും വാനപ്രസ്ഥത്തിലേക്കെന്ന മട്ടിലായിരുന്നു യാത്ര. കര്‍മകാണ്ഡപര്‍വങ്ങളിലൂടെ ജ്ഞാനകാണ്ഡപര്‍വം നേടി മോക്ഷകാണ്ഡപര്‍വം പൂകാനുള്ള യാത്ര. ഒരു തപോവനത്തിലേക്കാണ് യാത്ര. തപോവന്‍ ഹൗസ് എന്നാണ് ശരിക്കും വിലാസം. അവിടെ ഗുരുജിയുണ്ട്. പൂര്‍വാശ്രമം ഉപേക്ഷിച്ചപ്പോള്‍ പുതിയ പേര് സ്വീകരിച്ചില്ല. ഗുരുജി എന്ന് തന്നെ വിളിക്കപ്പെടാനാണ് ആഗ്രഹിച്ചത്. ഒറ്റ നാമം മാത്രമേയുള്ളൂ. അത് ഈശ്വരനാമം മാത്രമാണെന്ന് ഗുരുജി വിശ്വസിക്കുന്നു.

സര്‍വരോഗസംഹാരിയാണ് ഗുരു. സമസ്തസംശയങ്ങള്‍ക്കും ഉത്തരം. ജ്ഞാനഗോപുരം. നാണു തപോവനത്തിന്റെ പടിക്കലെത്തി. കാവല്‍ക്കാരന്‍ നോക്കിയതുപോലുമില്ല... നാണു തോറ്റുകൊടുത്തില്ല. അര്‍ജുനവിഷാദയോഗത്തിലെ ആദ്യ ശ്ലോകം ചൊല്ലി. "ധര്‍മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ മാമകാഃ പാണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ" അതോടെ കാവല്‍ക്കാരന്‍ തലപൊക്കി. "കിം?" "ഗുരുജിയെ ഒന്നു ദര്‍ശിക്കണം" "കണ്‍സല്‍ട്ടിങ് സമയം കഴിഞ്ഞു." "അരുത്. സ്വാമിപാദ ദര്‍ശനത്തിനു വേണ്ടി കാതങ്ങള്‍ താണ്ടി, പരിക്ഷീണനായി വരികയാണ്. അടിയനെ തടുക്കരുത്. ദൂരെ നിന്നെങ്കിലും കണ്ട് സായൂജ്യമടയാന്‍ അനുവദിച്ചാലും..."

"വെറുതെ ദര്‍ശനം മാത്രം മതിയോ?" " എന്താണാവോ അങ്ങനെ ചോദിക്കാന്‍?" " ഓരോന്നിനും ഓരോ ചാര്‍ജുണ്ട്" " തരപ്പെട്ടാല്‍ ഒരു ഡിസ്കഷന്‍ കൂടി വേണം." കാവല്‍ക്കാരന് ദക്ഷിണ കൊടുത്തു. പണം ഇരുകണ്ണിലും മുത്തി പോക്കറ്റിലിട്ട് ഉരുവിട്ടു. "ഓം ശാന്തി... ഓം ശാന്തി..." തപോവനത്തിന്റെ പൂമുഖത്തെത്തി. കോളിങ് ബെല്ലടിച്ചു. പരിചാരകന്‍ വന്നു. "ന്താ..?"

"ഒരു പുണ്യദര്‍ശനം വേണം" "ഗുരുജി ധ്യാനത്തിലാണ്." "എപ്പ്ളാ ഉണരുക?" "പറയാനാവില്ല. ചിലപ്പോള്‍ അത് ഉഗ്രതപസ്സിലേക്കും വീഴും.." "അപ്പോ.." "..ന്നാലും കാപ്പിക്കുള്ള സമയമാവുമ്പോ എഴുന്നേല്‍ക്കും." "എന്നാല്‍ അടിയന്‍ ഇവ്ടെ കാത്തിരിക്കാം." "വായിക്കാന്‍ ഇതിഹാസങ്ങളെന്തെങ്കിലും..?"

"വേണ്ട... അടിയന്‍ ചിന്തിച്ചോളാം" "സബ്ജെക്റ്റെന്താ?" "ദൈ്വതാദൈ്വതങ്ങളെ കുറിച്ചാണ്" "ശരി. ആയിക്കോളൂ" പരിചാരകന്‍ പോയി. നാണു ചിന്ത തുടങ്ങി. എപ്പോഴാണെന്നറിയില്ല. പരിചാരകന്‍ എത്തി. അറിയിച്ചു. "സജ്ജമാവുക... ഗുരുജി എഴുന്നള്ളാറായി..." നാണു ജാഗ്രത്തായി. ഗുരുജി പ്രത്യക്ഷനായി.

നാണു ആ ചേവടികളില്‍ വന്ദിച്ചു. പിന്നെ സാഷ്ടാംഗം പ്രണമിച്ചു. ഗുരുജി നിഷ്കാമനായി സംതൃപ്തി രേഖപ്പെടുത്തി. എഴുന്നേല്‍ക്കും മുമ്പ് നാണു ഒരു കാച്ച്കാച്ചി. "മൂകം കരോതി വാചാലം പങ്ഗും ലംഘയതേ ഗിരിം യത് കൃപാ തപഹം വന്ദേ പരമാനന്ദ മാധവം." മലയാളത്തില്‍ വ്യാഖ്യാനം കൂടി പറഞ്ഞാണ് നാണു എഴുന്നേറ്റത്. " ഏതൊരു ദേവന്റെ കൃപ മൂകനെ വാചാലനാക്കുന്നുവോ, മുടന്തനെ മലകടത്തുന്നുവോ പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു." ഗുരുജി മനസ്സില്‍ കുറിച്ചു. "ഡാ... ഇവന്‍ വേന്ദ്രന്‍" പിന്നെ വാത്സല്യപൂര്‍വം ചോദിച്ചു. "പറയൂ.. ഭക്താ... എന്താ നിന്റെ സംശയങ്ങള്‍?"

നാണു എഴുന്നേറ്റു. വിനയപൂര്‍വം ചോദിച്ചു. "തേര് ഒരു പുരാണവാഹനമാണോ ഗുരോ?" "എന്താ സംശയം. നമ്മുടെ ദേവന്മാര്‍ അതിലല്ലേ സഞ്ചരിച്ചിരുന്നത്." " അതില്‍ കയറുന്നവര്‍ക്ക് പൊതുവെ കഷ്ടകാലമാണോ ഗുരോ?"

"ഭക്താ എന്താ നിന്റെ ചോദ്യത്തിന്റെ അടിസ്ഥാനം?" "ദശരഥ മഹാരാജാവ് കയറിയല്ലോ. ഫലം ശ്രീരാമചന്ദ്രന് വനവാസം. അര്‍ജുനന്‍ കയറി ഫലം യുദ്ധമുഖത്ത് തളര്‍ന്ന് വീണു." "നീയിതെല്ലാം എന്നെയോര്‍മിപ്പിക്കുന്നത.്..?" "വേറെയൊരാള്‍ കൂടി തേരില്‍ കയറിയല്ലോ. അദ്ദേഹത്തിന്റെ കാര്യവും ഇപ്പോള്‍ കഷ്ടത്തിലല്ലേ!" " നീ ഉദ്ദേശിക്കുന്നത്?"

"ലാല്‍ജി അദ്വാന്‍ജി" "ഭക്താ നീ അതിരുവിടുന്നു." "ഗുരുജി നമ്മുടെ രാജ്യം എന്താണ്?" "ഹൈന്ദവരാഷ്ട്രം" " ഹിന്ദുക്കളെല്ലാം ഒന്നിക്കേണ്ടതല്ലേ ഗുരുജി?" " തീര്‍ച്ചയായും. അതിനാണല്ലോ നാം യത്നിക്കുന്നത്.ഹൈന്ദവശക്തി ഉണരേണ്ടിയിരിക്കുന്നു." "അപ്പോള്‍ നമ്മള്‍ ഹിന്ദുക്കള്‍ എല്ലാം മറന്ന് ഒന്നിക്കണം അല്ലേ ഗുരോ?" "അതെ ഭക്താ... എന്താ സംശയം?" " എന്നിട്ടെന്താ ഗുരോ ഹിന്ദുവായ അദ്വാന്‍ജിയും ഹിന്ദുവായ മോഡിജിയും ഒന്നിക്കാത്തത്?" "ഭക്താ... നമുക്ക് ധ്യാനത്തിനുള്ള നേരമായി.. ഓം ശാന്തി... ശാന്തി..."

*
എം എം പൗലോസ് ദേശാഭിമാനി വാരിക

ഒരു കാവിത്തൊപ്പി; രണ്ടു തൂവലുകള്‍

ഗോവയിലെ പനാജി വീണ്ടും രാഷ്ട്രീയചരിത്രത്തിന്റെ വിധി മാറ്റിവരച്ചു. വംശീയകലാപത്തിന്റെ രക്തക്കറയില്‍ ഹൃദയംതുടിക്കുന്ന നരേന്ദ്ര മോഡിയെ ഒരു ദശകത്തിന്റെ ഇടവേളയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതിന് പനാജിയാണ് വേദി. നേരത്തേ മോഡിക്ക് ഉദയമൊരുക്കിയതും ഇതേ പനാജിയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2002ല്‍ ബിജെപിയുടെ ഗോവ സമ്മേളനം. മിതവാദി പരിവേഷമണിഞ്ഞ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മോഡിയുടെ രാജധര്‍മം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അര്‍ഥം രാജിവച്ചൊഴിയണമെന്നായിരുന്നു. പുറത്താക്കപ്പെടുമെന്ന ഭീതിയില്‍ അന്നത്തെ സമ്മേളനത്തിന് ആദ്യം മോഡി വന്നില്ല. അരുണ്‍ ജെയ്റ്റ്ലിയെ ദൂതനാക്കി അയച്ച് കാത്തുരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി മോഡിയെ സമ്മേളനത്തില്‍ കൂട്ടിക്കൊണ്ടു വന്നത് പാര്‍ടിയിലെ തീവ്രവാദിപരിവേഷമുള്ള എല്‍ കെ അദ്വാനി. വംശീയതയും ന്യൂനപക്ഷവേട്ടയും നടത്തി പാര്‍ടിയുടെ വ്യക്തിമുദ്ര പതിപ്പിച്ച മോഡിയുടെ ചെയ്തികളില്‍ അദ്ദേഹം അങ്ങേയറ്റം ചാരിതാര്‍ഥ്യത്തിലായിരുന്നു. അക്ഷരാര്‍ഥത്തില്‍ തനിക്കു തുല്യം വയ്ക്കാവുന്ന ഒരു ശിഷ്യനായി അദ്വാനി മോഡിയെക്കരുതി. മുഖ്യമന്ത്രിപദത്തില്‍നിന്നു പുറത്താക്കപ്പെടാതെ നരേന്ദ്ര മോഡിയെ അദ്വാനി രക്ഷിച്ചെടുത്തു.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അതേ പനാജിയില്‍ ബിജെപിയുടെ സമ്മേളനം നടക്കുമ്പോള്‍ നരേന്ദ്ര മോഡിയാണ് താരം. പാലൂട്ടി വളര്‍ത്തിയ ഗുരുവിന്റെ കൈകള്‍ വെട്ടി വികലാംഗനാക്കി അദ്ദേഹം അധികാരക്കസേരയിലേക്കുള്ള അരങ്ങേറ്റം പ്രഖ്യാപിച്ചു. ഒടുവില്‍ നേതാക്കള്‍ക്ക് വ്യക്തിപരമായ അജണ്ടകളാണെന്ന് ചൊടിച്ച് അദ്വാനി കലഹിച്ചുപോയത് ബിജെപിയുടെ വീട്ടുപോരിന്റെ ലക്ഷണമായി. പക്ഷേ, അത് രാജ്യത്തിന്റെ അധികാരത്തെച്ചൊല്ലിയാവുമ്പോള്‍ ഫാസിസത്തിന്റെ ഉള്‍പ്പോരുകളെക്കുറിച്ചുള്ള വിശകലനമാണ് അനിവാര്യം. പ്രധാനമന്ത്രിപദത്തിലേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച് രാജി വച്ച് പിന്മാറാന്‍ ശ്രമിച്ച അദ്വാനിക്ക് പിന്തിരിയേണ്ടി വന്നു. ബിജെപി നേതാക്കളുടെ നിര്‍ബന്ധമായിരുന്നില്ല, ആര്‍എസ്എസ്സിന്റെ തിട്ടൂരമായിരുന്നു അദ്വാനി രാജി പിന്‍വലിച്ചതിന്റെ മുഖ്യകാരണം. തിങ്കളാഴ്ച രാജിവച്ച അദ്വാനിക്ക് ചൊവ്വാഴ്ച നാഗ്പൂരില്‍നിന്നും ഒരു വിളിയെത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതായിരുന്നു അപ്പുറത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ഭാഗവത് നിര്‍ദേശിച്ചു. അടിയുറച്ച സംഘബോധവും വിധേയത്വവുമുള്ള അദ്വാനിക്ക് അനുസരിക്കാതെ വയ്യ. ഇല്ലെങ്കില്‍ ഉള്ളതും ഉപേക്ഷിച്ച് വീട്ടിലിരുത്താന്‍ ആര്‍എസ്എസ് മടി കാണിക്കില്ലെന്നുമറിയാം.

ഒരു കാലത്ത് ആര്‍എസ്എസ്സിന്റെ കണ്ണിലുണ്ണിയായ അദ്വാനിയെ സംഘപരിവാറിന്റെ സ്വഭാവം പഠിപ്പിക്കേണ്ടതുമില്ല. രാജിയില്‍ ഒന്നും നേടാതെ അദ്വാനി പിന്മാറി. ഗുജറാത്തില്‍ പരീക്ഷിച്ച വംശഹത്യയുടെ പാഠം ആര്‍ എസ്എസ്സിന് മോഡിയെ പ്രിയങ്കരനാക്കിയിരുന്നു. അതുകൊണ്ടുതന്നെ മോഡിയെ രക്ഷിച്ച് പ്രധാനമന്ത്രിപദത്തില്‍ വാഴിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ കരുതി. ഇതായിരുന്നു മോഹന്‍ ഭാഗവതിന്റെ ഇടപെടലിന്റെ അര്‍ഥം. മോഡിക്കുവേണ്ടി അദ്വാനി വഴിമാറേണ്ടി വരുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിന്റെ തിരയിളക്കം സൃഷ്ടിച്ചായിരുന്നു അദ്വാനിയുടെ മുന്നേറ്റം. ഇന്ത്യയുടെ മതേതരമുഖം തല്ലിപ്പൊട്ടിച്ചതില്‍ അദ്വാനിയുടെ പങ്കു ചെറുതല്ല. 1986ല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്വാനിയായിരുന്നു രഥയാത്രയുമായി രാജ്യമെമ്പാടും സഞ്ചരിച്ച് ഹിന്ദുത്വഫാസിസത്തിന്റെ വേരുറപ്പിച്ചത്. രക്തപ്പുഴയൊഴുക്കി രഥയാത്ര മുന്നേറി. ഒടുവില്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത്, രാജ്യത്തെ കുരുതിക്കളമാക്കി. ആ വികാരതരംഗത്തില്‍ ബിജെപി അധികാരത്തിലെത്തി. ഫാസിസ്റ്റ് രാഷ്ട്രീയം ജ്വലിപ്പിച്ച ബിജെപിയുടെ ഗര്‍ജനമായിരുന്നു അദ്വാനി. നിലപാടുകളിലെ കാര്‍ക്കശ്യത്തില്‍ അദ്ദേഹം സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ഉപമിക്കപ്പെട്ടു. ബിജെപിയുടെ ഉരുക്കുമനുഷ്യന്‍ എന്നായിരുന്നു അദ്വാനിയുടെ അപരനാമം. പരമ്പരാഗതവിശ്വാസങ്ങളില്‍ വേരൂന്നിക്കിടന്ന ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ ശ്രീരാമനെ മുഖംമൂടിയാക്കി അദ്വാനി ഉണര്‍ത്തിവിട്ട അന്യമതവിദ്വേഷം ബിജെപിയെ ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാക്കി. അക്രമത്തിന്റെ പേരില്‍ പാകിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന അദ്വാനി പിന്നീട് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി. കറാച്ചിയാണ് അദ്വാനിയുടെ സ്വദേശം. 1947 സെപ്തംബറില്‍ അവിടുത്തെ ശികാര്‍പുര്‍ കോളനിയിലെ ഒരു ബോംബ് സ്ഫോടനക്കേസില്‍ ആര്‍എസ്എസ്സുകാര്‍ അറസ്റ്റു ചെയ്യപ്പെട്ടു. കൂടുതല്‍ പേര്‍ പിടിയിലാവാതിരിക്കാന്‍ സംഘപരിവാര്‍ നിര്‍ദേശമനുസരിച്ച് അദ്വാനി കറാച്ചി വിട്ട് ഇന്ത്യയില്‍ അഭയം തേടി. ഡല്‍ഹിയിലെത്തിയ അദ്ദേഹം പിന്നീട് തിരിച്ചുപോയിട്ടില്ല. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച ജനസംഘത്തില്‍ അംഗമായി. പിന്നീട് 1980ല്‍ ബിജെപി രൂപവല്‍ക്കരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാള്‍. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റു മാത്രമാണ് ബിജെപിക്കു ലഭിച്ചത്. 1986 ല്‍ പാര്‍ടിയുടെ ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ അദ്വാനിയാണ് ബിജെപിയെ മുന്നോട്ടു കുതിപ്പിച്ച പടക്കുതിര. തീവ്ര ഹൈന്ദവ പ്രത്യയശാസ്ത്രവുമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. 1989ല്‍ വി പി സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതില്‍ അദ്വാനിയുടെ തന്ത്രമുണ്ടായിരുന്നു. ഇതേ വേളയില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിനായുള്ള രഥയാത്ര സമാപിച്ച ശേഷമുള്ള പൊതുതെരഞ്ഞെടുപ്പില്‍ ദേശീയരാഷ്ട്രീയത്തിലെ രണ്ടാമത്തെ കക്ഷിയായി ബിജെപി മാറി. പിന്നീട് 1998ല്‍ 13 ദിവസത്തേക്കെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരമേറി. 1998ല്‍ ബിജെപി വീണ്ടും കേന്ദ്രഭരണത്തിലെത്തി. ഇങ്ങനെ വര്‍ഗീയാഗ്നി ആളിക്കത്തിച്ച് പാര്‍ടിയെ വളര്‍ത്തിയ ഭീഷ്മാചാര്യന്‍ ഇന്ന് ശരശയ്യയില്‍ കിടക്കുമ്പോള്‍ രാഷ്ട്രീയത്തിലെ വൈരുധ്യം ഓര്‍ക്കാതെ വയ്യ.

ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയിക്ക് മിതവാദിയുടെ മുഖമായിരുന്നു. അദ്വാനിയാവട്ടെ അന്ന് തീവ്രതയുടെ പര്യായമായി. അധികാരക്കസേര വീണ്ടെടുക്കാനുള്ള സമവാക്യങ്ങള്‍ക്ക് തീവ്രവാദിമുഖം ശകുനം മുടക്കിയാണെന്ന തിരിച്ചറിവിലാണ് അദ്വാനി അടവുമാറ്റുന്നത്. ഡിസംബര്‍ ആറിന് ജീവിതത്തിലെ ദുഃഖാര്‍ദ്രമായ ദിനമാണെന്ന് വിലപിച്ചതും മുഹമ്മദലി ജിന്ന മതേതരവാദിയാണെന്ന് വെറുംവാക്കു പറഞ്ഞതുമൊക്കെ ഇതിനായിരുന്നു. മതേതരനിലപാടു തോന്നിപ്പിക്കുന്ന ഈ പ്രസ്താവനകളാണ് അദ്വാനിയെ ആര്‍എസ്എസ്സില്‍ നിന്നകറ്റിയതെന്ന് മറ്റൊരു വസ്തുത. പക്ഷേ, കൂട്ടുകക്ഷി സര്‍ക്കാരിന്റെ തലപ്പത്തിരിക്കാന്‍ ഇത്തരം തന്ത്രങ്ങളാണ് നല്ലതെന്ന തോന്നലില്‍ അദ്വാനി മിതവാദിയുടെ മുഖംമൂടി മാറ്റിയില്ല. അതിന്റെ പേരിലുള്ള നാടകങ്ങളാണ് സമീപദിവസങ്ങളില്‍ അരങ്ങേറിയത്. പണ്ടത്തെ വാജ്പേയിയുടെ വേഷം ഇന്ന് അദ്വാനി അണിഞ്ഞിരിക്കുന്നു. പഴയ അദ്വാനിയാണ് ഇന്നത്തെ നരേന്ദ്ര മോഡി. ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ ധ്രുവീകരിച്ച് വോട്ടുകളായി മാറുമെന്നു തന്നെയാണ് ബിജെപിയുടെ ചരടുവലിക്കുന്ന ആര്‍എസ്എസ്സിന്റെ വിശ്വാസം. ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കാന്‍ മോഡിയെ മുന്നില്‍ നിര്‍ത്തുന്നതാണ് ഉചിതമെന്നാണ് കണക്കുകൂട്ടല്‍. മാത്രവുമല്ല, ഗുജറാത്തിലെ കൊട്ടിഘോഷിക്കപ്പെട്ട വികസനതന്ത്രം അധികാരത്തിലേക്കുള്ള വഴി തുറക്കുമെന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെപ്പോലുള്ള രാഷ്ട്രീയദുര്‍ബലരെ കോണ്‍ഗ്രസ് എതിര്‍നിരയില്‍ രംഗത്തിറക്കുന്നത് ആര്‍എസ്എസ്സിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മോഡിയുടെ പുറംമോടി ഗുരുക്കന്മാരെ വെട്ടിവീഴ്ത്തി തനിക്കുള്ള വഴി തുറക്കുന്ന മോഡിയുടെ സ്വഭാവം ഇതാദ്യമല്ല. സംഘത്തില്‍ ഗുരുസ്ഥാനീയരായ ശങ്കര്‍ സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും പുകച്ചുചാടിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം നരേന്ദ്ര മോഡി ആദ്യം ചെയ്തത്. ഗുജറാത്ത് വംശഹത്യയുടെ രക്തക്കറയിലും പാര്‍ടിയിലും അധികാരത്തിലും തണലായിനിന്ന അദ്വാനിക്കും കൂച്ചുവിലങ്ങിട്ടു.

പനാജി സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ തന്റെ ഭാവിക്കു വളക്കൂറൊരുക്കിയ അദ്വാനിയെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാനുള്ള മര്യാദ പോലും നരേന്ദ്ര മോഡി കാണിച്ചില്ല. ഇങ്ങനെ അധികാരത്തോടുള്ള ആര്‍ത്തിയില്‍ സ്വയമൊരു അവതാരപുരുഷനായി വ്യക്തിപ്രഭാവം നേടാനുള്ള ശ്രമങ്ങളിലാണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പാര്‍ടിയെ ചൊല്‍പ്പടിക്കു നിര്‍ത്തിയ മോഡിയുടെ അടവുകള്‍ ദേശീയതലത്തിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ തരംഗത്തിലായിരുന്നു മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍. രാജ്നാഥ് സിങ്ങിന് പാര്‍ടി പ്രസിഡന്റ് പദവിയില്‍ ഔദ്യോഗികാംഗീകാരം നല്‍കാന്‍ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ നരേന്ദ്ര മോഡിയുടെ പ്രതിച്ഛായയ്ക്കു മാറ്റുകൂട്ടാനുള്ള വേദിയായി വഴിമാറി. മോഡിയുടെ നേതൃത്വത്തില്‍ പാര്‍ടി പിന്നെയും അധികാരത്തിലെത്തിയതിന്റെ ആവേശം രാഷ്ട്രീയപ്രമേയത്തില്‍ പ്രതിഫലിച്ചു. കേന്ദ്രഭരണകക്ഷിക്കു നേരെയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ വികസനവും കാഴ്ചപ്പാടുമൊന്നും മുഖ്യപ്രതിപക്ഷപാര്‍ടിയുടെ രാഷ്ട്രീയപ്രമേയത്തില്‍ കണ്ടില്ല. ദരിദ്രരെയും അവശവിഭാഗങ്ങളെയും കുറിച്ചോ അവരുടെ അവസ്ഥയെക്കുറിച്ചോ ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. കര്‍ഷകനേതാവായി വാഴ്ത്തപ്പെടുന്ന രാജ്നാഥ് സിങ് പ്രസിഡന്റായിട്ടും കര്‍ഷകരെക്കുറിച്ചും രാജ്യത്തെ കാര്‍ഷികപ്രതിസന്ധിയെക്കുറിച്ചും ഒരു വരിയുണ്ടായില്ല.

സാമ്പത്തികനയത്തെ തൊടാത്ത ബിജെപി പുത്തന്‍പരിഷ്കാരനാണയത്തിന്റെ മറുവശമാണ് തങ്ങളെന്ന് സ്വയം സമ്മതിച്ചു. ദേശീയ കൗണ്‍സിലിലും പുറത്തും നരേന്ദ്ര മോഡിയെ കേന്ദ്രബിന്ദുവാക്കിയതിലൂടെ ഗുജറാത്ത് മോഡല്‍ വികസനമാണ് തങ്ങളുടെ വഴിയെന്ന് പാര്‍ടി പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു. നരേന്ദ്ര മോഡിയുടെ താരപ്പകിട്ടില്‍ മതിമറന്ന മാധ്യമങ്ങളാവട്ടെ ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു. നരേന്ദ്ര മോഡി എങ്ങനെയോ അങ്ങനെയാവണം നേതാക്കളെന്നായിരുന്നു ബിജെപി ദേശീയ കൗണ്‍സിലില്‍ ഉയര്‍ന്ന മുദ്രാവാക്യം. മോഡി മോഡല്‍ വികസനം രാജ്യമെമ്പാടും വേണമെന്നാണ് ബിജെപി നേതാക്കളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ഉദ്ഘോഷം. 2002ല്‍ ഗുജറാത്ത് കലാപം കൊളുത്തിവിട്ട കുറ്റവാളിയുടെ വേഷത്തില്‍ നിന്നും 2012ല്‍ ഹാട്രിക് വിജയത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പേരായി ഉയര്‍ന്നത് നരേന്ദ്ര മോഡിയുടെ മാത്രം നേട്ടമായി കരുതാനാവില്ല.

തടസ്സങ്ങളില്ലാതെ മൂലധനമൊഴുക്കാന്‍ എളുപ്പവഴി തേടുന്ന കോര്‍പറേറ്റുകളുടെ കുടിലബുദ്ധിയും സമാനസമീപനം പുലര്‍ത്തുന്ന മാധ്യമപ്രചാരണവും മോഡിയുടെ താരപ്രഭയ്ക്ക് വളക്കൂറൊരുക്കി. രാജ്യത്തിന് പുതിയൊരു വികസനപാത വെട്ടിത്തുറന്നുവെന്ന ദുര്‍വ്യാഖ്യാനത്തില്‍ മോഡി വാര്‍ത്തകളുടെ തലക്കെട്ടില്‍ തിളങ്ങി. നരേന്ദ്ര മോഡി തുറന്നിട്ട വികസനമാതൃക വിലയിരുത്താം. ഔദ്യോഗിക നൂലാമാലകളില്‍ കുരുങ്ങാതെ ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ ഏകജാലകസമ്പ്രദായം നടപ്പാക്കിയ മോഡി വ്യവസായികള്‍ക്കു വരാന്‍ ഗുജറാത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടതാണ് ഈ സൗഹൃദത്തിലേക്കുള്ള എളുപ്പവഴി.

രാഷ്ട്രീയവൈരത്തിന്റെ നടുവില്‍പ്പെട്ട് പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി തുടങ്ങാനാവാതെ രത്തന്‍ ടാറ്റ വലഞ്ഞപ്പോള്‍ "ഇവിടേയ്ക്കു വരാം, ആരും എതിര്‍ക്കില്ല" എന്നു ധൈര്യം നല്‍കി, മോഡി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ സമ്മതമുണ്ടെങ്കില്‍ മറ്റൊരു നിയമവും തടസ്സമാവില്ലെന്ന തിരിച്ചറിവില്‍ വ്യവസായികള്‍ അവിടേയ്ക്കൊഴുകി. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുമായി ഗുജറാത്തിലെ ജാംനഗറിലേക്ക് റിലയന്‍സെത്തി. വഡോദരയ്ക്കു സമീപം ഹലോലില്‍ ജനറല്‍ മോട്ടോഴ്സിന്റെ കാര്‍ നിര്‍മാണഫാക്ടറിയും അഹമ്മദാബാദിനടുത്തെ സനന്ദില്‍ ടാറ്റായുടെ നാനോ ഫാക്ടറിയും ഭുജില്‍ എഎംഡബ്ല്യു ട്രക്ക് നിര്‍മാണവും സൂറത്തിലെ വജ്രവ്യാപാരവുമൊക്കെയായി വന്‍കിടവ്യവസായങ്ങള്‍ക്ക് ഗുജറാത്ത് വഴിയായി. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഐടി ഹബ്ബുകളാവുന്നതിന്റെ മാറ്റം മോഡി മനസ്സിലാക്കി. ഐടി സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയായി തുടര്‍ന്നുള്ള ലക്ഷ്യം. ഇങ്ങനെ അഭൂതപൂര്‍വമായ തൊഴില്‍വളര്‍ച്ച വിഭാവനം ചെയ്്ത മോഡിക്ക് യുവാക്കള്‍ക്കിടയില്‍ വീരപരിവേഷം!

പാതയും പാലവും ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളുമൊക്കെയായി വികസനം തോന്നിപ്പിക്കാനും മോഡി മറന്നില്ല. ഇതിലൊന്നാണ് അഹമ്മദാബാദിലെ ബിആര്‍ടി കോറിഡോര്‍. തലസ്ഥാന നഗരത്തില്‍ ഇങ്ങനെ ഒട്ടേറെ കാഴ്ചകള്‍. എങ്ങനെ ഇതു മോഡി സാധ്യമാക്കിയെന്നു ചോദിച്ചാല്‍ എളുപ്പവഴികളുടെ പൊരുളറിയാം. സംസ്ഥാനത്ത് പ്രത്യേക നിക്ഷേപക മേഖല  സ്ഥാപിക്കാന്‍ പ്രത്യേകം നിയമം തന്നെ പാസ്സാക്കി. കുറഞ്ഞത് അരലക്ഷം ഹെക്ടര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതാണ് എസ്ഐആര്‍ മേഖലകള്‍. ഇവിടെ വ്യവസായം തുടങ്ങാനുള്ള ഭൂമി ഏതു കമ്പനിക്കും ഭൂവുടമകളില്‍ നിന്നും നേരിട്ടു വാങ്ങാന്‍ വ്യവസ്ഥയുണ്ടാക്കി. പ്രത്യേക സാമ്പത്തിക മേഖല (സെസ്)യിലെപ്പോലെ നികുതിയൊന്നും ഈ മേഖലയില്‍ ഈടാക്കില്ല. വ്യവസായം തുടങ്ങുന്നതിനു മുമ്പ് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്നു മാത്രമാണ് കമ്പനികളോട് സര്‍ക്കാരിന്റെ ഉപാധി. ഇങ്ങനെ സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകളില്ലാതെ തന്നെ വ്യവസായശാലകള്‍ തുടങ്ങാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമായി.

വ്യവസായികളെ കൈയയച്ചു സഹായിക്കാന്‍ "വൈബ്രന്റ് ഗുജറാത്ത്" എന്ന മുദ്രാവാക്യത്തില്‍ നിക്ഷേപക ഉച്ചകോടി നടത്തി. 2007ലെ ആദ്യ ഉച്ചകോടിയില്‍ രണ്ടരലക്ഷം കോടിയിലേറെ നിക്ഷേപസാധ്യതയുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങാന്‍ 104 ധാരണാപത്രം ഒപ്പിട്ടു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഉച്ചകോടിയായപ്പോഴേയ്ക്കും വിദേശസംരംഭകര്‍ പറന്നെത്തി. പന്ത്രണ്ടരലക്ഷം കോടി രൂപ നിക്ഷേപസാധ്യത തുറന്നു. ഇത്തരം വ്യവസായങ്ങള്‍ക്കായി 8668 ധാരണാപത്രങ്ങള്‍, വാഗ്ദാനം ചെയ്യപ്പെട്ടത് 25 ലക്ഷം തൊഴിലവസരങ്ങള്‍! 2011 ഓടെ ആഗോളസംരംഭകര്‍ വഴിയുള്ള നിക്ഷേപസാധ്യത 463 ശതകോടി അമേരിക്കന്‍ ഡോളറായി കുതിച്ചു. ഇങ്ങനെ വ്യാവസായികമുന്നേറ്റത്തിലൂടെ വികസനം എന്ന സന്ദേശം മോഡി ഗുജറാത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിച്ചു. സ്വാശ്രയത്വം പഠിപ്പിച്ച മഹാത്മജിയുടെ ജന്മദേശമായ ഗുജറാത്തിനെ, സാങ്കേതികനൂലാമാലകളും നിയമനടപടികളുമൊക്കെ മറികടന്ന് ഏതു വ്യവസായിക്കും സ്വാഗതമരുളുന്ന നാടാക്കി മോഡി മാറ്റിയെടുത്തു. തൊഴില്‍സമരങ്ങള്‍ അനുവദിക്കാതിരുന്നത് മോഡിയുടെ മിടുക്കാക്കി. തിന്നു മുടിക്കുന്ന കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടത് പാടിപ്പുകഴ്ത്തപ്പെട്ടു. എതിര്‍ശബ്ദങ്ങളെ ആട്ടിപ്പായിച്ച് മോഡി സൃഷ്ടിച്ചെടുത്ത തണലില്‍ വ്യവസായശാലകള്‍ തഴച്ചുവളര്‍ന്നു. എന്നാല്‍ ഗുണപരമായ വളര്‍ച്ച ഗുജറാത്തില്‍ ഇല്ലെന്നതാണ് സത്യം. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുരക്ഷ, മനുഷ്യാവകാശം തുടങ്ങി അടിസ്ഥാനമാനദണ്ഡങ്ങളുടെ അളവുകോലില്‍ ഗുജറാത്തിലെ വികസനസൂചിക ഇനിയും ഉയര്‍ന്നിട്ടില്ല.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളോഹരിവരുമാനത്തിന്റെ വളര്‍ച്ചയില്‍ 11-ാം സ്ഥാനമേ ഗുജറാത്തിനുള്ളൂ. 2012 വരെയുള്ള സ്ഥിതിവിവരക്കണക്കില്‍ 6.9 ശതമാനം മാത്രമാണ് ഗുജറാത്തിലെ ആളോഹരിവരുമാനം. ഏറ്റവും പിന്നോക്കസംസ്ഥാനമായി കരുതപ്പെടുന്ന ബിഹാറാണ് ഏറ്റവും മുന്നില്‍- 11.75 ശതമാനം. ബിജെപി തന്നെ ഭരണത്തിലുള്ള മധ്യപ്രദേശ് ആളോഹരിവരുമാനവളര്‍ച്ചയില്‍ 10.43 ശതമാനം കൈവരിച്ച് ഗുജറാത്തിനെ ഏറെ പിന്നിലാക്കി. കേരളം (9.08 ശതമാനം), മഹാരാഷ്ട്ര (8.73), അരുണാചല്‍ പ്രദേശ് (8.62), ഗോവ (7.81), ജാര്‍ഖണ്ഡ് (7.8), മിസോറം (7.66), ത്രിപുര (7.37), സിക്കിം (6.97) എന്നിവയ്ക്കു ശേഷമേ ഗുജറാത്തിനു സ്ഥാനമുള്ളൂ. സംസ്ഥാനങ്ങളുടെ മൊത്തം വളര്‍ച്ചാനിരക്കു പരിശോധിച്ചാലും ഗുജറാത്തിന് മൂന്നാം സ്ഥാനമേയുള്ളൂ. ഇക്കാര്യത്തിലും ബിഹാറാണ് മുന്നില്‍-11.4 ശതമാനം വളര്‍ച്ച. 10.8 ശതമാനം വളര്‍ച്ച നേടിയ തമിഴ്നാടിനും പിന്നിലാണ് 10.3 ശതമാനം മാത്രം വളര്‍ച്ച കൈവരിച്ച ഗുജറാത്തിന്റെ സ്ഥാനം. ഒരു ദശകമായി ഗുജറാത്ത് ഭരിക്കുന്ന മോഡി തന്റെ മുന്‍ഗാമികളേക്കാള്‍ 3.6 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് നേടിക്കൊടുത്തിട്ടുള്ളത്. ഇതേ അളവുകോലില്‍ നിതീഷിനെ വിലയിരുത്തിയാല്‍ ബിഹാറില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ആറരശതമാനം വളര്‍ച്ച കൈവരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. വാസ്തവങ്ങള്‍ ഇങ്ങനെയായിരിക്കേ ഗുജറാത്തിലെ വളര്‍ച്ചയുടെ നേട്ടം ആരു കൊയ്തെടുക്കുന്നുവെന്നു ചോദിച്ചാല്‍ ഒട്ടും അതിശയോക്തിയാവില്ല.

അന്താരാഷ്ട്ര തുറമുഖങ്ങളുമായി നേര്‍ക്കുനേര്‍ വ്യാപാരബന്ധം സ്ഥാപിക്കാനാവുന്ന ചെറുതും വലുതുമായ 40 തുറമുഖങ്ങളും 1800 കിലോമീറ്ററോളം കടല്‍ത്തീരവുമൊക്കെ ഭൂമിശാസ്ത്രപരമായിത്തന്നെ ഗുജറാത്തിന് വികസനസാധ്യതകള്‍ തുറന്നിട്ടുണ്ട്. വ്യവസായരംഗത്ത് ഒരുകാലത്തും ഗുജറാത്ത് പിറകോട്ടടിച്ചില്ലെന്നാണ് ചരിത്രത്തിലെ അനുഭവം. വ്യവസായക്കുതിപ്പാണ് എന്നും ഗുജറാത്തിന്റെ ശീലം. അതു മോഡിയുണ്ടാക്കിയ നേട്ടമല്ല. വ്യവസായവളര്‍ച്ചയുണ്ടെന്ന് അവകാശപ്പെടുമ്പോഴും തൊഴിലാളികളുടെ വേതനം കഴിഞ്ഞ ദശകത്തിനുള്ളില്‍ ഒന്നര ശതമാനമേ വര്‍ധിച്ചിട്ടുള്ളൂ. അതേസമയം, ദേശീയതലത്തില്‍ തൊഴിലാളി വേതനത്തില്‍ 3.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇങ്ങനെ, ദേശീയശരാശരിയേക്കാള്‍ പകുതിയില്‍ താഴെ മാത്രമേ ഗുജറാത്തില്‍ തൊഴിലാളികളുടെ വേതനം വര്‍ധിച്ചിട്ടുള്ളൂ. കരാര്‍ തൊഴിലാളികളുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ 19ല്‍ നിന്നും 34 ശതമാനമായി ഉയര്‍ന്നു. മോഡി ഭരണത്തില്‍ തൊഴില്‍തര്‍ക്കങ്ങള്‍ 600 ശതമാനമായി കൂടി. വ്യവസായശാലകള്‍ കൂടിയതോടെ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 100 ശതമാനം കൂട്ടുന്നതിനു പകരം 40 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു സര്‍ക്കാര്‍. തൊഴില്‍സുരക്ഷിതത്വത്തിന്റെ അഭാവം സ്വാഭാവികമായും ജീവിതനിലവാരത്തെ സാരമായി പോറലേല്‍പ്പിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

ഒരു ഗുജറാത്തിയുടെ പ്രതിമാസവരുമാനം 1388 രൂപയാണെന്ന് 2009-10 ലെ ഒരു പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഹരിയാണയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ 1549 രൂപയുമാണ്. രണ്ടു വര്‍ഷം മുമ്പു വരെയുള്ള കണക്കുകളില്‍ ഉപഭോക്തൃസൂചികയില്‍ ഏറെ പിന്നിലാണ് ഗുജറാത്തിന്റെ ഇടം. ഏതു വികസനത്തിന്റെയും ആണിക്കല്ല് കാര്‍ഷികരംഗമാണ്. ദേശീയ ശരാശരി വളര്‍ച്ച 3.3 ശതമാനം മാത്രം നേടിയപ്പോള്‍ ഗുജറാത്തിലെ കാര്‍ഷികവളര്‍ച്ച ശരാശരി 10.8 ശതമാനമാണെന്നാണ് നരേന്ദ്ര മോഡിയുടെ അവകാശവാദം. എന്നാല്‍, ഇതു കണക്കിലെ മായാജാലം മാത്രമാണെന്ന് പല കോണുകളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 2007 മുതല്‍ 2012 വരെയുള്ള 11-ാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.08 ശതമാനം മാത്രമാണെന്ന് ആസൂത്രണ കമീഷന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ഗുജറാത്തിലെ ശരാശരി വാര്‍ഷിക കാര്‍ഷിക വളര്‍ച്ച ആറു ശതമാനം മാത്രമാണെന്ന് വെളിപ്പെടുത്തലുണ്ടായി. 2007-08 വര്‍ഷത്തില്‍ 10.5 ശതമാനം, 2010-11ല്‍ 17 ശതമാനം, 2011-12ല്‍ 5.2 ശതമാനം എന്നിങ്ങനെ വ്യതിയാനപ്പെട്ടു കിടക്കുന്നതാണ് ഗുജറാത്തിലെ കാര്‍ഷികവളര്‍ച്ച. 2004-09 വരെയുള്ള കാലയളവില്‍ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കാര്‍ഷികവളര്‍ച്ച രേഖപ്പെടുത്തിയത്- 8.1 ശതമാനം. ഇതേ കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചയേ ഗുജറാത്തിന് കൈവരിക്കാനായുള്ളൂ. എന്നാല്‍, വ്യതിചലിച്ച വളര്‍ച്ചാനിരക്കിലും അവ്യക്തമായ കണക്കുകളിലും ഈ വികസനവാദം എത്രമാത്രം വിശ്വസനീയമാണെന്ന് പറയാനാവില്ല. വ്യാവസായിക ഉച്ചകോടി പോലെ കൃഷിമഹോത്സവങ്ങള്‍ സംഘടിപ്പിച്ച് കാര്‍ഷിക വിപണി പച്ച പിടിപ്പിക്കാന്‍ മോഡി നടത്തിയ ശ്രമങ്ങള്‍ എന്തു ഫലം ചെയ്തുവെന്നതിന്റെ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു.

മാനവിക വികസനസൂചികയിലും 11-ാമതാണ് ഗുജറാത്തിന്റെ സ്ഥാനം. ആസൂത്രണ കമീഷന്‍ നിയോഗിച്ച സുരേഷ് പി ടെണ്ടുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഗുജറാത്തിലാണ്. 29.2 ശതമാനം ജനതയ്ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് 2011ലെ സെന്‍സസ് വ്യക്തമാക്കിയിട്ടുണ്ട്. 3.98 ലക്ഷം കര്‍ഷകര്‍ക്ക് വൈദ്യുതി കണക്ഷനില്ല. വികസനപ്പൊലിമയില്‍ ആത്മഹത്യകള്‍ വാര്‍ത്താമുറികളുടെ ചവറ്റുകൊട്ടയില്‍ പിന്തള്ളപ്പെടുന്നു. നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് 9829 തൊഴിലാളികളും 5447 കര്‍ഷകരും ജീവനൊടുക്കിയെന്നാണ് സമീപകാലറിപ്പോര്‍ട്ടുകളിലെ വെളിപ്പെടുത്തല്‍. കുട്ടികളിലെ പോഷകാഹാരപ്രശ്നം 48 ശതമാനമാണ് ഗുജറാത്തില്‍. ദേശീയശരാശരിയേക്കാള്‍ കൂടുതല്‍.

ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയയിലും എതോപ്യയിലും 33 ശതമാനം കുട്ടികളിലെ പോഷകക്കുറവുള്ളൂ. 48 ശതമാനം ശിശുമരണനിരക്കും ഗുജറാത്തില്‍ രേഖപ്പെടുത്തി. ഈ ഗണത്തിലുള്ള ഇന്ത്യയിലെ പത്താമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഏറ്റവും കൂടുതല്‍ ഗര്‍ഭസ്ഥമരണങ്ങളും അവിടെ നടക്കുന്നു. ഗ്രാമങ്ങളില്‍ 51 ശതമാനവും പട്ടികവര്‍ഗക്കാരില്‍ 57 ശതമാനവും പട്ടികജാതിക്കാരില്‍ 49 ശതമാനവും മറ്റു പിന്നോക്കവിഭാഗങ്ങളില്‍ 42 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു. ഗുജറാത്തിലേത് തൊലിപ്പുറമേയുള്ള വികസനമാണെന്നു തെളിയാന്‍ ഇതില്‍പ്പരമൊരു സാക്ഷ്യപത്രം വേണ്ടിവരില്ല. ഒരേ മുഖത്തിന് രണ്ടു പേരുകള്‍ വികസനനായകനെന്നുള്ള വിളിപ്പേരിനിടയിലും മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ചരിത്രധാര ഏറെ പ്രധാനമാണ്.

മോഡിയെയും ഈ രാഷ്ട്രീയത്തെയും കവച്ചുവയ്ക്കുന്ന മറക്കുടയാണ് ഗുജറാത്ത് മോഡല്‍ വികസനം. ഇന്ത്യക്കാര്‍ മതപരമായ വിഭജനങ്ങളെ അപ്രസക്തമാക്കി ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരത്തില്‍ അണിനിരക്കുമ്പോഴാണ് 1925 സെപ്തംബര്‍ 27ന് ഒരു വിജയദശമിനാളില്‍ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചിത്പാവന്‍ ബ്രാഹ്മണഗോത്രവിഭാഗത്തില്‍പ്പെട്ട ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) രൂപവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീവ്രവലതുപക്ഷധാരയെയാണ് എക്കാലവും ആര്‍എസ്എസ് പ്രതിനിധാനം ചെയ്തിട്ടുള്ളത്. ഇന്ത്യയെ ആധുനികസംസ്കാരത്തിലേക്കു നയിക്കുന്നതിനു പകരം, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികമൂല്യങ്ങള്‍ക്കും നേരെ വെല്ലുവിളിയുയര്‍ത്തി സമൂഹത്തെ ഭൂതകാലത്തിലേക്കു ചലിപ്പിക്കുന്നതാണ് കാവിപ്പടയുടെ പ്രത്യയശാസ്ത്രം.

ഇന്ത്യന്‍ ദേശീയത എന്ന മൗലികവാദമാണ് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയം. ഈ വലതുപക്ഷ-ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താവാണ് അദ്വാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതു പരീക്ഷിച്ചു വിജയിപ്പിക്കാനും അദ്വാനിക്കു കഴിഞ്ഞു. ബിജെപി പ്രതിനിധീകരിക്കുന്ന വര്‍ഗീയപ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് അദ്വാനിയെന്നാല്‍, ഈ പ്രത്യയശാസ്ത്രത്തിന്റെ മുഖവും കോര്‍പറേറ്റ് ചൂഷണത്തിന്റെ ശരീരവുമാണ് മോഡി. ആര്‍എസ്എസ് പ്രതീകവല്‍ക്കരിച്ച വിഭജനരാഷ്ട്രീയത്തിന്റെ ചരിത്രമാണ് ലാല്‍കൃഷ്ണ അദ്വാനിയെങ്കില്‍, ഈ പ്രതിലോമരാഷ്ട്രീയത്തിന്റെയും ആധുനിക ഇന്ത്യയിലെ കോര്‍പറേറ്റ് ബ്രാന്‍ഡിന്റെയും വര്‍ത്തമാനമാണ് നരേന്ദ്ര മോഡി. അതായത് ഒരു തൊപ്പിയിലെ രണ്ടു തൂവലുകളാണ് അദ്വാനിയും മോഡിയും.

*
പി വി ഷെബി ദേശാഭിമാനി വാരിക

നാടിനെ മറന്നു; ജനങ്ങളെയും

കേരളത്തില്‍ ഭരണമുണ്ടെന്നതിനുള്ള ഏക തെളിവ് തലങ്ങും വിലങ്ങും ചീറിപ്പായുന്ന കൊടിവച്ച മന്ത്രിവാഹനങ്ങളാണ്. സംസ്ഥാനവും ജനങ്ങളും നേരിടുന്ന ഒരു പ്രശ്നത്തിലെങ്കിലും പരിഹാരത്തിനായി ഇടപെടാന്‍ ഇവിടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇല്ല; ഭരണസംവിധാനമേയില്ല. ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ട മലയാളികളെ രക്ഷപ്പെടുത്തിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ല.

മണിപ്പാലില്‍ മാനഭംഗംചെയ്യപ്പെട്ട കുട്ടിക്ക് നീതിയുറപ്പാക്കാന്‍വേണ്ടി ഇടപെടാന്‍ ഒരു ഉദ്യോഗസ്ഥനെപ്പോലും അയച്ചില്ല. ആയിരക്കണക്കിനു മലയാളികള്‍ക്ക് നിതാഖാത്തുമൂലം തിരിച്ചുവരേണ്ട ഗൗരവപൂര്‍ണമായ അവസ്ഥ മുന്‍നിര്‍ത്തി ഒരു നടപടിയും സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടില്ല. പടരുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കാനോ ആവശ്യമായ ചികിത്സാസംവിധാനങ്ങളുണ്ടാക്കാനോ സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല. രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ തുടരെ വന്‍നാശനഷ്ടമുണ്ടാകുന്നു. ജീവഹാനിയുണ്ടാകുന്നു. ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരില്ല.

അട്ടപ്പാടിയില്‍ പോഷകാഹാരമില്ലാതെ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിന് കണ്ട മട്ടില്ല. എന്തിനാണ് ഇങ്ങനെ ഇവിടെ ഒരു സര്‍ക്കാര്‍. പല വിഷയങ്ങളാല്‍ മലയാളിസമൂഹത്തിന്റെ ആധി വര്‍ധിക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതിക്കേസുകള്‍, കുറ്റവാളിബന്ധങ്ങള്‍ എന്നിവ തേച്ചുമായ്ചുകളയുന്നതിലാണ് താല്‍പ്പര്യം. ഉപമുഖ്യമന്ത്രിസ്ഥാനം വേണമോ വേണ്ടയോ എന്നത് ചര്‍ച്ചചെയ്യാനും ഗ്രൂപ്പുകള്‍ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്താനുമാണ് വ്യഗ്രത. ഇവര്‍ക്ക് നാടിനെക്കുറിച്ച് എന്തുകരുതല്‍; ജനങ്ങളെക്കുറിച്ച് എന്തുകരുതല്‍? എല്ലാം നന്നായി ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ഇവരുടെ ശ്രദ്ധ. എലിപ്പനിയും ഡെങ്കിപ്പനിയുമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ, അത് തടയുന്നതിലും അവശ്യമരുന്നുകളെത്തിക്കുന്നതിലുമല്ല, മറിച്ച് അത് മുന്‍നിര്‍ത്തി പരസ്യപ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിലാണ് സര്‍ക്കാര്‍ കേന്ദ്രീകരിച്ചത്. രോഗപ്രതിരോധ നടപടികള്‍ക്കായി ഒരു കോടി രൂപ. പരസ്യം കൊടുക്കാന്‍ ഒന്നരക്കോടി രൂപ. ഇങ്ങനെ ചെയ്യുന്ന ഒരു സര്‍ക്കാര്‍ വേറെവിടെയെങ്കിലുമുണ്ടാകുമോ? വിസാചട്ടലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍നിന്നും സൗദിയില്‍നിന്നുമൊക്കെ ആയിരക്കണക്കിനാളുകള്‍ മടങ്ങിവരവിന് കാത്തിരിക്കുന്നു. ഇവര്‍ക്ക് വിമാനസൗകര്യമൊരുക്കാനോ കുറഞ്ഞ ടിക്കറ്റില്‍ അവരെ എത്തിക്കാനോ ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തില്ല. സൗദിയില്‍തന്നെ 72,421 പേര്‍ മടങ്ങിവരാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ചെയ്ത് കാത്തുനില്‍ക്കുന്നു. ഇതില്‍ 5167 മലയാളികളുണ്ട്. ഇവരുടെ മടങ്ങിവരവ് ഏകോപിപ്പിക്കാനോ വേണ്ടത്ര യാത്രാസൗകര്യങ്ങളുണ്ടാക്കാനോ എംബസിയിലേക്ക് കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ അയക്കാനോ ഒന്നും ഒരു ശുഷ്കാന്തിയുമില്ല. മലയാളികള്‍ അവിടെ കൂട്ടത്തോടെ ജയിലിലായാലും തങ്ങള്‍ക്കൊന്നുമില്ല എന്ന മനോഭാവത്തിലാണ് സര്‍ക്കാര്‍.

നിരവധി മലയാളികള്‍ ഉത്തരേന്ത്യന്‍ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് പലയിടങ്ങളിലായി ഒറ്റപ്പെട്ട് വിഷമിക്കുന്നു. എട്ടുപേരെ കാണാനില്ല എന്നുവന്നിരിക്കുന്നു. 27 പേര്‍ അപകടമേഖലയില്‍ ഒറ്റപ്പെട്ടുപോയതായി സ്ഥിരീകരിച്ചിരിക്കുന്നു. ഇവരുടെ രക്ഷയ്ക്കായി ഒരു നീക്കവുമില്ല. രുദ്രപ്രയാഗയില്‍ സ്വാമി മംഗളാനന്ദയടക്കമുള്ളവര്‍. ബദരീനാഥിലും കേദാര്‍നാഥിലുമൊക്കെ മലയാളി തീര്‍ഥാടകര്‍. ആകെ എത്രപേര്‍ എന്നതിന്റെ കണക്കുപോലും സര്‍ക്കാരിന്റെ പക്കലില്ല. സൈന്യവുമായി ചേര്‍ന്ന് ഏകോപിത രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ കേരളത്തില്‍നിന്ന് ഉത്തരവാദപ്പെട്ട ആരുമില്ല. മറ്റു പല സംസ്ഥാനങ്ങളിലെയും മന്ത്രിതലസംഘങ്ങളും ഉന്നത ഉദ്യോഗസ്ഥസംഘങ്ങളും നേരിട്ടുചെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നാട്ടില്‍നിന്നുള്ളവരിലേക്കുകൂടി എത്തുന്നു എന്നതുറപ്പിക്കാന്‍ ഇടപെട്ടു. ഇവിടെനിന്ന് ഒരു മന്ത്രിയോ പ്രമുഖനായ ഒരു ഉദ്യോഗസ്ഥനെങ്കിലുമോ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഇടുക്കി ജില്ലയിലടക്കം പലയിടത്തും ഉരുള്‍പൊട്ടല്‍. ഏഴേക്കര്‍ ഭൂമി ഒലിച്ചുപോയി. അമ്പത്തെട്ടുപേരെങ്കിലും മരിച്ചു. 3481 ഏക്കര്‍ കൃഷി നശിച്ചു. 200 വീട് നശിച്ചു. പുനരധിവാസക്യാമ്പുകള്‍ ഫലപ്രദമാകുന്നില്ല. അവിടെ ആവശ്യത്തിന് ആഹാരമോ മരുന്നോ ഇല്ല. നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാനോ അത് കേന്ദ്രത്തെ അറിയിക്കാനോ; പര്യാപ്തമായതോതില്‍ പ്രകൃതി ദുരിതാശ്വാസഫണ്ട് വാങ്ങിയെടുക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

മണിപ്പാല്‍ കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്നതില്‍ അവിടത്തെ പൊലീസിന് ഒരു താല്‍പ്പര്യവുമില്ല എന്നത് വ്യക്തമായി. അരക്ഷിതബോധത്തോടെയാണ് അവിടെ കുട്ടികള്‍ കഴിയുന്നത്. അവരാകെ സമരരംഗത്താണ്. കേരളത്തിന് ഈ പ്രശ്നത്തിലുള്ള ഉല്‍ക്കണ്ഠയറിയിക്കാന്‍ ഇവിടെനിന്ന് ഒരു പൊലീസ് ഓഫീസറെപ്പോലും അവിടത്തെ ഡിജിപിയുടെ ഓഫീസിലേക്കയച്ചില്ല. മന്ത്രിതലത്തില്‍ ഒരു ഇടപെടലും ഉണ്ടായില്ല. ഗുരുതരമായ പ്രശ്നങ്ങള്‍ ആളിപ്പടരുമ്പോഴും യുഡിഎഫ് മന്ത്രിസഭയ്ക്ക് താല്‍പ്പര്യം ഭരണനിര്‍വഹണത്തിലല്ല; മറിച്ച് ഭരണമുപയോഗിച്ച് കള്ളക്കേസുകളുണ്ടാക്കുക, പൊലീസിനെ ഉപയോഗപ്പെടുത്തി തങ്ങള്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കുക, നിയമസഭയില്‍നിന്ന് ഒളിച്ചോടുക, ക്രിമിനലുകളെയും അവരുമായി ബന്ധമുള്ള പേഴ്സണല്‍ സ്റ്റാഫിനെയും രക്ഷിക്കുക, ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുക; സ്ഥാനങ്ങള്‍ വീതിക്കുക തുടങ്ങിയ കാര്യങ്ങളിലാണ്. എന്തിനാണ് ജനങ്ങള്‍ക്ക് ഭാരമായി ഇങ്ങനെ ഒരു സര്‍ക്കാര്‍?

*
ദേശാഭിമാനി മുഖപ്രസംഗം

16ല്‍ വേണ്ടത് വിവാഹമല്ല, വിദ്യാഭ്യാസം

അവള്‍ക്ക് 10 വയസ്സായിരുന്നു; പേര് നുജൂദ് അലി. ഒമ്പതാം വയസ്സില്‍ വിവാഹമെന്ന കുരുക്കില്‍പ്പെട്ട് പഠിക്കാനും കളിക്കാനുമുള്ള അവകാശം അടിയറവയ്ക്കപ്പെട്ടവളായിരുന്നു അവള്‍. കണ്‍മുന്നില്‍ ബാലവിവാഹമെന്ന കൊടുംപാതകം നടക്കുമ്പോള്‍ കണ്ടില്ലെന്നു നടിച്ചു നൂജൂദിന്റെ നാട്ടിലെ, യെമനിലെ ഭരണകൂടം. പക്ഷേ, ആ പത്തു വയസ്സുകാരി പ്രതികരിച്ചപ്പോള്‍, പോരാടിയപ്പോള്‍ അവള്‍ക്ക് വിവാഹമോചനം നല്‍കാനും അവളെ ദ്രോഹിച്ചവരെ ജയിലിലടയ്ക്കാനും അവിടത്തെ നീതിന്യായസംവിധാനം തയ്യാറായി. മാത്രമല്ല, അനേകായിരം ബാലവിവാഹങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുത്തു, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ആ രാജ്യംപോലും. പക്ഷേ, ഇവിടെ പ്രബുദ്ധകേരളത്തിലെ ഭരണകൂടം ബാലവിവാഹങ്ങളെ സംരക്ഷിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവും സാമൂഹ്യജീവിതവും വേണ്ടതില്ല, വേണ്ടത് വിവാഹമാണ് എന്ന പ്രഖ്യാപനമാണ് മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറച്ച സര്‍ക്കാര്‍ സര്‍ക്കുലര്‍. ഇതിലൂടെ ബാലവിവാഹമെന്ന നിയമലംഘനത്തിനും ബാലപീഡകര്‍ക്കും നിയമപരിരക്ഷതന്നെയാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നത്.

ജൂണ്‍ 14നാണ് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ബാലവിരുദ്ധവും കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിപ്പിക്കുന്നതുമായ ഈ സര്‍ക്കുലര്‍ ഒപ്പുവച്ചത്. 18 വയസ്സിനു താഴെയുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തു നല്‍കണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായായിരുന്നു സര്‍ക്കുലര്‍. 1978ലെ ചൈല്‍ഡ് മാരേജ് രജിസ്ട്രേഷന്‍ ആക്ട്, 2006ലെ ചൈല്‍ഡ് മാരേജ് പ്രൊഹിബിഷന്‍ ആക്ട് എന്നിവ ഇന്ത്യയില്‍ ജാതിമത- വര്‍ണ- വര്‍ഗ വ്യത്യാസമില്ലാതെ വിവാഹസമയത്ത് വധൂവരന്മാര്‍ക്ക് എത്രയായിരിക്കണം പ്രായമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ആണ്‍കുട്ടിക്ക് 21 വയസ്സും പെണ്‍കുട്ടിക്ക് 18ഉം. 1957ലെ മുസ്ലിം മാരേജ് ആക്ടിലും 1970ലെ അബൂബക്കര്‍ മരിക്കാര്‍ കേസിലെ വിധിയിലും മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം എത്രയായിരിക്കണമെന്ന് പരാമര്‍ശിച്ചിട്ടില്ല എന്നതാണ് സര്‍ക്കുലറിന് അടിസ്ഥാനമായി പറയുന്ന പ്രധാന ന്യായം. 1978ലും 2006ലും നിയമങ്ങള്‍ നിലവില്‍വന്നതോടെ, മേല്‍പറഞ്ഞ നിയമത്തിന്റെയും വിധിയുടെയും സാധുത ഇല്ലാതായെന്ന വസ്തുത അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. നിയമങ്ങളെയും വ്യവസ്ഥകളെയും ലംഘിച്ചും വളച്ചൊടിച്ചുമുള്ള ഈ നീക്കം ആരെ തൃപ്തിപ്പെടുത്താനാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ ബാലവിവാഹങ്ങള്‍ കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ചെയ്യാന്‍ സൗകര്യമൊരുക്കുകമാത്രമാണ് സര്‍ക്കുലറിന്റെ ഉദ്ദേശ്യമെന്ന് വകുപ്പുമന്ത്രി ആവര്‍ത്തിക്കുമ്പോഴും, ഏത് തീയതിക്കുമുമ്പ് വിവാഹംചെയ്തവര്‍ക്ക് വേണ്ടിയാണിതെന്ന് സര്‍ക്കുലറിലെവിടെയും പറയുന്നില്ല. ഇനി നടക്കുന്ന ബാലവിവാഹങ്ങളെ നിയമപരമാക്കാനും രജിസ്റ്റര്‍ചെയ്യാനും സര്‍ക്കാര്‍ ഈ സര്‍ക്കുലര്‍വഴി തദ്ദേശസ്ഥാപനങ്ങളെ നിര്‍ബന്ധിക്കുകയാണ്. ചുരുക്കത്തില്‍, പതിറ്റാണ്ടുകള്‍മുമ്പുള്ള നിയമങ്ങളും വിധികളും പൊടിതട്ടിയെടുക്കുകയും അവയെ ദുര്‍വ്യാഖ്യാനിച്ച് ഇന്നലെവരെയുള്ള നിയമലംഘനങ്ങള്‍ക്കും ഇനി നടക്കുന്നവയ്ക്കും നിയമപരിരക്ഷയും പ്രോത്സാഹനവും ഉറപ്പുവരുത്തുകയാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏത് മതത്തില്‍പ്പെട്ടവരായാലും 18 തന്നെയായിരിക്കണമെന്ന് വിവിധ ഹൈക്കോടതികളും സുപ്രീംകോടതിയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ വിവാഹം രജിസ്റ്റര്‍ചെയ്ത് നല്‍കാത്ത ശിശുക്ഷേമ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ച സീമബീഗം എന്ന പെണ്‍കുട്ടിയുടെ അപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി ഉന്നയിച്ച ചോദ്യംപ്രസക്തമാണ്. "16 വയസ്സില്‍ വിവാഹിതയാകുമ്പോള്‍ പെണ്‍കുട്ടിക്ക് നഷ്ടമാകുന്നത് അവളുടെ ശൈശവംതന്നെയാണ്. അത് തിരിച്ചുകൊടുക്കാന്‍ കഴിയുമോ" എന്ന്.

ശക്തമായ നിയമസംവിധാനങ്ങളുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ പലയിടത്തും ബാലവിവാഹങ്ങള്‍ ഇപ്പോഴും നടക്കാറുണ്ട് എന്നത് സത്യമാണ്. ശൈശവവിവാഹങ്ങളെ പുതിയ ഒരു സര്‍ക്കുലര്‍കൂടി ഇറക്കി തടയുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്. വിവാഹപ്രായം കുറച്ചതിനെതിരെ കേരളമാകെ പ്രതികരിച്ചപ്പോള്‍ പരുങ്ങലിലായ സര്‍ക്കാരിന്റെ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായേ ഇനി വാരാനിരിക്കുന്ന സര്‍ക്കുലറിനെ കാണാനാകൂ. അതിശക്തമായ നിയമങ്ങളുണ്ടാകുമ്പോള്‍, അതേകാര്യം പറയുന്ന മറ്റൊരു സര്‍ക്കുലറിന്റെ ആവശ്യകത എന്താണ്? ബാലവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തൊട്ടടുത്ത മജിസ്ട്രേട്ടിനെ സമീപിക്കണമെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമുള്‍പ്പെടെ ശിക്ഷ ലഭിക്കുമെന്നുമുള്ള ഒരു നിയമമാണ് നിലവിലുള്ളത്. ശൈശവവിവാഹിതരായ ആയിരക്കണക്കിന് ആളുകളുടെ അപേക്ഷ രജിസ്റ്റര്‍ചെയ്യാതെ കെട്ടിക്കിടക്കുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത്രയും ശൈശവവിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും ഒരു നിയമനടപടിയും സ്വീകരിച്ചില്ല എന്നതുതന്നെ ഇവരുടെ പൊള്ളയായ ശിശുസ്നേഹമാണ് വെളിവാക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയും ബാലനീതിനിയമമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നിയമങ്ങളും 18 വയസ്സിനു താഴെയുള്ളവരെയെല്ലാം കുട്ടികളായാണ് പരിഗണിക്കുന്നത്. അവര്‍ക്ക് സൈ്വര്യജീവിതവും ചൂഷണത്തില്‍നിന്ന് സുരക്ഷയും ഉറപ്പുവരുത്താനുള്ള ചുമതല സര്‍ക്കാരുകള്‍ക്കാണ്. UNICEF പറയുന്നത് 18 വയസ്സിനുതാഴെയുള്ള കുട്ടികളുടെ മുഴുവന്‍ വിവാഹങ്ങളും ശൈശവവിവാഹങ്ങളാണെന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് 2013ല്‍ പാസാക്കിയതുള്‍പ്പെടെയുള്ള സ്ത്രീസുരക്ഷാ നിയമങ്ങളെല്ലാം നിഷ്കര്‍ഷിക്കുന്നത് 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധംപോലും ബലാത്സംഗത്തിന്റെ പരിധിയില്‍വരുമെന്നാണ്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാര്‍തന്നെ, അവരെ നിയമത്തിന്റെ കണ്ണിലെ ബലാത്സംഗത്തിന് വിട്ടുകൊടുക്കുകയാണിവിടെ.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംസ്ത്രീകള്‍. പക്ഷേ, ഉന്നതവിദ്യാഭ്യാസവും സാങ്കേതികവിദ്യാഭ്യാസവും ഉന്നതവിജയങ്ങളും മത്സരപരീക്ഷകളിലെ റാങ്ക് തിളക്കങ്ങളുമൊക്കെയായി മുസ്ലിം പെണ്‍കുട്ടികള്‍ അതിശയിപ്പിക്കുന്ന രീതിയില്‍ മുന്നോട്ടുപോയ നാടാണ് കേരളം. ഈ വിദ്യാഭ്യാസമുന്നേറ്റം മുസ്ലിംസ്ത്രീകളുടെ സമസ്തമേഖലകളിലുമുള്ള മുന്നേറ്റമായി രൂപാന്തരപ്പെട്ടു. മുസ്ലിംവനിതകള്‍ മാതൃകാപരമായി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുണ്ടാകുന്നു കേരളത്തില്‍. സാങ്കേതികമേഖലയിലും സാഹസിക തൊഴിലുകളിലും ഉള്‍പ്പെടെ മുസ്ലിംസ്ത്രീകളുടെ സജീവ സാന്നിധ്യമുണ്ട്. സ്ത്രീയുടെ മുന്നേറ്റം കുടുംബത്തിന്റെയും അതുവഴി സമുദായത്തിന്റെതന്നെ മുന്നേറ്റമായി മാറി.

പതിനാറാം വയസ്സില്‍ വിവാഹമെന്ന തീരുമാനത്തിലൂടെ മുസ്ലിം പെണ്‍കുട്ടികള്‍ 10-ാം ക്ലാസുവരെയോ 12 വരെയോ പഠിച്ചാല്‍ മതിയെന്ന കൊടിയ അവകാശനിഷേധമാണ് കേരളത്തില്‍ ഇപ്പോള്‍ നടപ്പാകുന്നത്. 10-ാം ക്ലാസില്‍ ഭാര്യയും അടുത്ത വര്‍ഷങ്ങളില്‍ അമ്മയുമാകുന്ന ഒരു വിദ്യാര്‍ഥിനിക്ക് ഉന്നത വിദ്യാഭ്യാസമെന്നത് സ്വപ്നമായിമാത്രം അവസാനിക്കും. കേരളത്തിലെ മുസ്ലിംസ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിലും സാമൂഹ്യജീവിതം നയിക്കുന്നതിലും ഭയംപൂണ്ട ദുഷ്ടശക്തികളാണ് ഇത്തരം നീക്കങ്ങള്‍ക്കുപിന്നില്‍. കരിപിടിച്ച അടുക്കളയുടെ ഇരുട്ടറകളില്‍ മറ്റുള്ളവര്‍ക്കുവേണ്ടി വിയര്‍പ്പൊഴുക്കി അധ്വാനിക്കാനും പുരുഷന്റെ ആസക്തികള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാകാനും മക്കളെ പ്രസവിക്കാനും പോറ്റി വളര്‍ത്താനുംവേണ്ടിയുള്ള അടിമകളായിരിക്കണം സ്ത്രീകള്‍ എന്ന് വിശ്വസിച്ചുപോരുന്ന പിന്തിരിപ്പന്മാര്‍ മാത്രമാണ് ഈ സര്‍ക്കുലറിനെ ന്യായീകരിക്കുന്നത്.

ഐക്യരാഷ്ട്ര വനിതാസംഘടന പറയുന്നത് 18 വയസ്സിനു താഴെയുള്ള ഏതൊരു വിവാഹവും അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവാഹമാണെന്നാണ്. കാരണം 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സ്വന്തമായി ചിന്തിച്ച് യുക്തസഹമായ തീരുമാനങ്ങളെടുക്കാന്‍ വേണ്ടത്ര ബുദ്ധിവികാസം ഇല്ലെന്നതുതന്നെ. ഒട്ടകത്തിന്റെ മണമുള്ള വയസ്സന്‍ അറബിയെക്കാട്ടി ഉമ്മയും ഉപ്പയും "പുയ്യാപ്ള" എന്നു പറയുമ്പോള്‍ എട്ടാംക്ലാസുകാരി കുഞ്ഞാമിനയുടെ ഉള്ള് "ഉപ്പൂപ്പ" എന്നാണ് മന്ത്രിച്ചതെന്ന് എഴുതിയ കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞുവച്ചതുമതുതന്നെയാണ്. ചെറിയ പ്രായത്തില്‍ത്തന്നെ ഒരു കുടുംബത്തിന്റെ ഭാരം താങ്ങേണ്ടിവരുന്ന കുട്ടി എത്ര വലിയ മാനസികസംഘര്‍ഷത്തെയാണ് അനുഭവിക്കേണ്ടിവരിക? ബാലവിവാഹമെന്നത് കുട്ടികളുടെ ശാരീരിക മാനസിക ബൗദ്ധിക ആരോഗ്യങ്ങളെ ക്ഷയിപ്പിക്കുന്ന പ്രതിഭാസമാണ്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ വുമണ്‍ ഇന്ത്യയിലെ ശൈശവ വിവാഹത്തെപ്പറ്റി നടത്തിയ പഠനം പ്രകാരം 19 വയസ്സിനു താഴെയുള്ള അമ്മമാരുടെ പ്രസവസമയത്തെ മരണനിരക്ക് 20- 24 വയസ്സുള്ള അമ്മമാരേക്കാള്‍ ഇരട്ടിയാണ്്. ജനിക്കുന്ന കുട്ടി ഉടന്‍ മരിക്കാന്‍ 60 ശതമാനം സാധ്യത അധികവുമുണ്ട്. 19ന് താഴെയുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് ഭാരക്കുറവും വിളര്‍ച്ചയുമുള്‍പ്പെടെയുള്ള ഗുരുതരപ്രശ്നങ്ങള്‍ നേരിടാനും സാധ്യതയുണ്ട്. 18 വയസ്സില്‍ താഴെയുള്ള ഭാര്യമാര്‍ക്ക് സമൂഹ്യബന്ധം പൊതുവെ കുറവായിരിക്കുമെന്നതുകൊണ്ടുതന്നെ ഭര്‍തൃവീടുകളില്‍ അവര്‍ ഗുരുതര ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ.

ശൈശവവിവാഹം ഒരു സാമൂഹ്യതിന്മയാണ്. ജാതിയോ മതമോ പ്രദേശമോ അതിന്റെ കെടുതികളെ ലഘൂകരിക്കുന്നില്ല. ഒരേ ബെഞ്ചില്‍ ഒരുമിച്ചിരുന്ന് പഠിക്കുന്ന കൂട്ടുകാരി തട്ടമിട്ട് ശീലിച്ചുപോയതിനാല്‍ തനിക്കുള്ളതുപോലുള്ള ജീവിതാവകാശങ്ങള്‍ അവള്‍ക്കില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്? അത് അംഗീകരിക്കാന്‍ കേരളത്തിലെ കുട്ടികളുടെ സമൂഹം തയ്യാറല്ല. അവള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസവും ജീവിതവും ഉറപ്പുവരുത്താന്‍ നമ്മുടെ സമൂഹത്തിന് കഴിയണം. അതിനാല്‍ത്തന്നെ അവള്‍ക്കുനേരെയുള്ള ഈ നീതിനിഷേധം മുസ്ലിങ്ങളുടെമാത്രം പ്രശ്നമല്ല; നമ്മളോരോരുത്തരുടേതുമാണ്. മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കാനും ശൈശവ വിവാഹങ്ങള്‍ തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം. അല്ലെങ്കില്‍ ഒരുപക്ഷേ നാളെ മാലിവിവാഹങ്ങളും അറബികല്യാണങ്ങളും നമ്മുടെ നാട്ടില്‍ വീണ്ടും തലപൊക്കിയേക്കാം.

*

പി ജെ അഭിജിത് (ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍) ദേശാഭിമാനി

ഐക്യരാഷ്ട്രസഭയെയും കബളിപ്പിക്കുന്നു

തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ നിരന്ന ഫ്ളക്സുകളില്‍ ഫയലുംതാങ്ങി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയുടെ കട്ടൗട്ടിനടിയിലെ വാചകം "ഇതാ, ഇതാദ്യമായി ഒരു ഇന്ത്യന്‍ ഭരണാധികാരിക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം" എന്നാണ്. പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കുന്ന പരസ്യത്തില്‍, 36 രാജ്യങ്ങളെ പിന്തള്ളി കേരളം കരസ്ഥമാക്കിയ അംഗീകാരം എന്നും. 2010ലെ യുഎന്‍ പബ്ലിക് സര്‍വീസ് അവാര്‍ഡ് 2011ല്‍ ഏറ്റുവാങ്ങിയ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ്സിങ് ചൗഹാനും 2009ലെ അവാര്‍ഡ് 2010ല്‍ ഏറ്റുവാങ്ങിയ നരേന്ദ്രമോഡിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഭരണാധികാരികള്‍ കാണാതിരിക്കാന്‍ പരസ്യം മലയാള പത്രങ്ങളിലും ഏതാനും ചില ഇംഗ്ലീഷ് പത്രങ്ങളിലും മാത്രമാക്കിയത് ഉമ്മന്‍ചാണ്ടിയുടെ "കരുതല്‍" എന്ന മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

മുഖ്യമന്ത്രിക്ക് ഒരു മൊബൈല്‍ഫോണ്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഡയറിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും കാണാം. വാസ്തവത്തില്‍ ആ നമ്പര്‍ പ്രവര്‍ത്തിക്കുന്നില്ല. തന്റെ ഓഫീസ് ദുരുപയോഗംചെയ്തവരെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയ ജോപ്പന്‍, ജിക്കു, സലിംരാജ് എന്നിവരിലൂടെമാത്രം ഫോണില്‍ ജനങ്ങള്‍ക്ക് ലഭ്യമായിരുന്ന "സമ്പര്‍ക്കം" എന്ന തട്ടിപ്പിനാണ് യഥാര്‍ഥത്തില്‍ അവാര്‍ഡ് നല്‍കേണ്ടത്. കോടിക്കണക്കിന് രൂപ ജനങ്ങളെ കൊള്ളയടിക്കുകയും ഭാര്യയെ നിഷ്കരുണം കൊല്ലുകയും ചെയ്ത ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂറോളമാണ് എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി സംസാരിച്ചത്. അവിടെ സംസാരിച്ചത് ഞങ്ങളുടെ കുടുംബകാര്യമാണ്, അത് എന്താണെന്ന് ആരോടും പറയില്ലെന്നാണ് നിയമസഭയിലും പത്രസമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കിയത്. നിയമവാഴ്ചയെത്തന്നെ വെല്ലുവിളിക്കാന്‍ ആട് ആന്റണിമാര്‍ക്കും ബണ്ടിചോര്‍മാര്‍ക്കും ബിട്ടി മൊഹന്തിമാര്‍ക്കും മാതൃകയായ ഈ സുതാര്യക്കാരന് ഇതിലും വലിയ അവാര്‍ഡിന് അര്‍ഹതയുണ്ട്. ഉമ്മന്‍ചാണ്ടി നടത്തിയ ബഹുജനസമ്പര്‍ക്ക പരിപാടിയാണ് ഐക്യരാഷ്ട്രസഭയെപ്പോലും കോരിത്തരിപ്പിച്ചതെന്നാണ് വീമ്പിളക്കുന്നത്. ആറുകോടി രൂപ സംസ്ഥാന ഖജനാവില്‍നിന്ന് മുടക്കിയാണ് ജില്ലകള്‍തോറും ബഹുജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ചത്. 40 കോടിയോളം രൂപ വിവിധ ധനസഹായങ്ങളായി വിതരണംചെയ്ത ഈ പരിപാടിമൂലം കാലാകാലങ്ങളായി വില്ലേജ് ഓഫീസുകള്‍വഴി ലഭ്യമാക്കിയിരുന്ന ചികിത്സാസഹായം ബഹുജനസമ്പര്‍ക്കപരിപാടിയില്‍വച്ച് വിതരണംചെയ്താല്‍മതിയെന്ന് മുകളില്‍നിന്ന് ഉത്തരവുണ്ടായതുനിമിത്തം ഈ തുക പിടിച്ചുവച്ച വില്ലേജ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും ജനങ്ങളില്‍നിന്ന് കേട്ട ചീത്തവിളിയുടെകൂടെ "വിജയമാണ്" ഈ ബഹുജനസമ്പര്‍ക്ക പരിപാടിയുടെ വിജയമെന്ന് യുഎന്നിലെ മാര്‍ക്കിട്ടവര്‍ക്ക് അറിയില്ലല്ലോ. ഇത് അവാര്‍ഡിനായി എടുക്കുന്ന സിനിമയിലെ തിരക്കഥയുടെ ഒരു ഭാഗംമാത്രമാണെന്നും അനേകംപേര്‍ക്ക് മാസങ്ങള്‍ക്കുമുമ്പ് നല്‍കേണ്ടിയിരുന്ന ധനസഹായം വളരെ വൈകിച്ചതിന്റെയും തൊട്ടടുത്ത വില്ലേജില്‍നിന്ന് കിട്ടേണ്ട സഹായം മേടിക്കാന്‍ ജില്ലാ ആസ്ഥാനത്തേക്ക് പണംമുടക്കി പോയതിന്റെയും പാതിരാവരെ കാത്തുനിന്ന് ബുദ്ധിമുട്ടിച്ചതിന്റെയും വിജയംകൂടിയാണിതെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞാല്‍ അവാര്‍ഡ് തിരിച്ചുമേടിക്കാതെ നിര്‍വാഹമില്ല.

നിയമസഭയില്‍ ഒരിക്കല്‍ കെ രാജു എംഎല്‍എ പ്രസംഗിച്ചു: ""എന്റെ കൈയില്‍ ഒരു 10 കോടി രൂപ തന്നാല്‍ ഇതില്‍കൂടുതല്‍ ആളുകളെ ഞാന്‍ കൂട്ടി കാണിച്ചുതരാമെന്ന്"". സൗജന്യറേഷനുവേണ്ടിപോലും തടിച്ചുകൂടുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് 2000 രൂപ കിട്ടാന്‍ ഇതേ വഴിയുള്ളൂവെന്ന് വന്നാല്‍ അവര്‍ ഏതു സമ്പര്‍ക്കത്തിലും തടിച്ചുകൂടും. ജനക്കൂട്ടത്തിനിടയില്‍നിന്ന് കിട്ടിയ പരാതികളില്‍ "ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുത്തിട്ടുണ്ട്" എന്ന മറുപടിയുമായി ജനം തേരാ-പാരാ അലയുന്ന കാഴ്ചയാണ് കേരളം കാണുന്നത്. യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളില്‍നിന്നായിരുന്നു "സമ്പര്‍ക്കം" തുടങ്ങേണ്ടിയിരുന്നതെന്നും അതാണ് മഹാത്മാഗാന്ധി ചെയ്തതെന്നും അതുകൊണ്ട് ഗാന്ധിത്തൊപ്പിയും വച്ച് പട്ടികജാതി കോളനികളിലേക്ക് ഗാന്ധിഗ്രാമം പരിപാടി സംഘടിപ്പിച്ച രമേശ് ചെന്നിത്തലയ്ക്ക് ഒരു യുഎന്‍ അവാര്‍ഡ് നേടിക്കൊടുക്കാന്‍ "ഐ" ഗ്രൂപ്പും ശ്രമിക്കാതിരിക്കില്ല. പത്ത് ബജറ്റ് അവതരിപ്പിച്ച മാണിസാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏതോ ഒരു സമിതി പുരസ്കാരം നല്‍കിയപ്പോള്‍ ഒന്നാമനാകാന്‍ താന്‍ മിടുക്കനാണെന്ന പ്രഖ്യാപനംവന്നു. അപ്പോള്‍ ശശി തരൂര്‍ വഴി ഒപ്പിച്ചെടുത്ത ഈ അവാര്‍ഡുവഴി ഒന്നാമനാകാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. അതാണ് "കരുതല്‍".

ഭീഷ്മാചാര്യന്‍ കെ കരുണാകരനെയും സുസമ്മതനായ എ കെ ആന്റണിയെയും അധികാരക്കസേരയില്‍നിന്ന് നീക്കംചെയ്യാന്‍ ഉപജാപങ്ങള്‍ സംഘടിപ്പിച്ച ഈ രാജകുമാരന്‍, കേരളയാത്രയിലൂടെ "ഭൂമിയോളം" വലുതായ രമേശ് ചെന്നിത്തല എന്ന ബൂലൂണിന്റെ കാറ്റ് കുത്തിക്കളഞ്ഞ് "ശൂ" ആക്കിയതിലൂടെ കുടിലതകളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ശത്രുപക്ഷത്തെ നീക്കങ്ങള്‍ അപ്പപ്പോള്‍ അറിയാനും ശത്രുവിനെ വരച്ചവരയില്‍ നിര്‍ത്താനും ആഭ്യന്തരവകുപ്പിനുള്ള പ്രാധാന്യം നന്നായി അറിയാവുന്ന ഉമ്മന്‍ചാണ്ടിയുടെ "കരുതല്‍" എത്രത്തോളമുണ്ടെന്ന് ഇപ്പോഴെങ്കിലും രമേശ് ചെന്നിത്തലയ്ക്ക് മനസ്സിലായിക്കാണും. തിരുവഞ്ചൂരിനേക്കാള്‍ എത്രയോ വലിയ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരംമാത്രം തരില്ലെന്നുപറയാന്‍ ഉമ്മന്‍ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ഭരണയന്ത്രത്തിലെ അഴിമതി ഇല്ലാതാക്കാന്‍ ബഹുജനസമ്പര്‍ക്ക പരിപാടിക്ക് കഴിഞ്ഞുവെന്നാണ് യുഎന്‍ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. തന്റെ മന്ത്രിസഭയിലെ ഒരോ വകുപ്പിലെയും അഴിമതി അറിഞ്ഞിട്ടും അതൊന്നും തടയാതെ അവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുകയും തന്റെ അഴിമതി വേഗത്തില്‍ മനസ്സിലാക്കാന്‍ ആര്‍ക്കും ഇടവരാത്ത തരത്തിലുള്ള "സുതാര്യക്കാരന്‍" എന്ന സൂത്രക്കാരന്റെ മുഖംമൂടി അണിയാനുള്ള ഉമ്മന്‍ചാണ്ടിയുടെ മെയ്വഴക്കം യുഎന്നിലെ ഒരു അംഗരാജ്യത്തെയും ഭരണാധികാരിക്കില്ല. 2011ലെ യുഎന്‍ പൊതുസേവന അവാര്‍ഡ് മേടിക്കാന്‍ ബഹ്റൈനിലേക്ക് വിമാനം കയറുമ്പോള്‍ 2011ലെതന്നെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയിലെതന്നെ രണ്ടുപേര്‍കൂടി ആ വിമാനത്തില്‍ കണ്ടേക്കാം. അവരോട് ഒരു പരിചയവും കാട്ടേണ്ട. സ്ത്രീശാക്തീകരണത്തിനായി ഗ്രാമീണ ഹട്ടുകള്‍ക്ക് മുന്‍കൈയെടുക്കുന്ന മധ്യപ്രദേശിലെ കോട്ടേജ് ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് വകുപ്പുമന്ത്രിയോ മധ്യപ്രദേശ് മുഖ്യമന്ത്രിയോ ആയിരിക്കാം ഒരാള്‍. മികച്ച പെന്‍ഷന്‍വിതരണത്തിന് ധന്‍ബാധിലെ ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ "സ്വാലംബവന്‍" സംവിധാനത്തിനുള്ള അവാര്‍ഡ്് ഏറ്റുവാങ്ങാന്‍ വരുന്നതാണ് മറ്റൊരാള്‍. രണ്ടുപേര്‍ക്കും കിട്ടിയത് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ അതേ അവാര്‍ഡുതന്നെ- "പൊതുസേവന അവാര്‍ഡ്". യുഎന്‍ സെക്രട്ടറി ജനറലില്‍നിന്ന് താന്‍മാത്രമേ ഈ അവാര്‍ഡിന് അര്‍ഹനായുള്ളൂവെന്ന് പൊങ്ങച്ചം അടിച്ചിട്ടാണ് വരുന്നതെന്ന് അവര്‍ അറിയാതിരുന്നാല്‍ മതി.

കേരളീയരെ കബളിപ്പിച്ചിട്ട് വരുന്ന ഒരു കള്ളലക്ഷണവും മുഖത്ത് ഉണ്ടാകാതെ നോക്കുമെന്നറിയാം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ക്ക് അന്താരാഷ്ട്രതലത്തിലും കേന്ദ്രസര്‍ക്കാരും വിവിധ മാധ്യമങ്ങളും ഏജന്‍സികളും ഏര്‍പ്പെടുത്തിയ അവാര്‍ഡുകളെക്കുറിച്ച് ഈ ലേഖകന്‍ നിയമസഭയില്‍ പ്രസംഗിച്ചപ്പോള്‍, ഉമ്മന്‍ചാണ്ടി ""മി. ആരിഫ് ഇതൊന്നും ഒരവാര്‍ഡല്ല. ഇതില്‍ ഒരു കാര്യവുമില്ല. ജനങ്ങളുടെ അവാര്‍ഡ്, അതാണ് വലുത്. അത് നിങ്ങള്‍ക്കില്ല"" എന്ന് പറഞ്ഞ് കളിയാക്കി. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് വിനയപൂര്‍വം തിരിച്ചുചോദിക്കട്ടെ. ജനങ്ങളുടെ അവാര്‍ഡ് ഇപ്പോള്‍ നിങ്ങള്‍ക്കുണ്ടോ? സ്വന്തം ഗ്രൂപ്പിനും ഇഷ്ടക്കാര്‍ക്കുംവേണ്ടി മാത്രമായി നിങ്ങള്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം നിങ്ങളുടെ പാര്‍ടിയില്‍നിന്ന് ഉയരുകയാണ്. ഒന്നരക്കൊല്ലമായി നിങ്ങളുടെ സര്‍ക്കാരിനെ വിശ്വസിച്ച് ഒരു പദ്ധതിയും ഏല്‍പ്പിക്കാന്‍ ധൈര്യമില്ലെന്ന് എ കെ ആന്റണിയും വ്യക്തമാക്കിയിരിക്കുന്നു. എത്ര അവാര്‍ഡ് നിങ്ങള്‍ സംഘടിപ്പിച്ചാലും ജനം നിങ്ങളെ വെറുത്തുകഴിഞ്ഞു.

*
എ എം ആരിഫ് ദേശാഭിമാനി

Thursday, June 27, 2013

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

 അധ്യാപനവും മനുഷ്യാവകാശ ലംഘനവും: ഒരു മലയാള മാതൃക

കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കൊടിയ ചൂഷണത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും മേഖലകളിലൊന്നാണ് അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍. പീടികത്തൊഴിലാളികളായി പണിയെടുക്കുന്ന പതിനായിരങ്ങളെ (അതോ ലക്ഷങ്ങളോ?) മാറ്റിനിര്‍ത്തിയാല്‍ അണ്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരോളം ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു തൊഴില്‍വിഭാഗം കേരളത്തിലുണ്ടാവില്ല. രാവിലെ ഒമ്പതു മണിക്കാരംഭിച്ച് വൈകീട്ട് അഞ്ചുമണിവരെ നീളുന്ന പ്രത്യക്ഷ ജോലിയുടെയും പരീക്ഷാ പേപ്പറുകളുടെയും അനുബന്ധ കാര്യങ്ങളുമായി വീട്ടിലേക്ക് കൊണ്ടുപോയി ചെയ്തു തീര്‍ക്കേണ്ടി വരുന്ന പരോക്ഷജോലികളുടെയും കണക്കെടുത്താല്‍ പ്രതിദിനം പത്തും പന്ത്രണ്ടും മണിക്കൂര്‍ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് ഈ ഹതഭാഗ്യരില്‍ ഭൂരിപക്ഷവും. ഇത്രയേറെ പണിയെടുത്താലും പ്രതിദിന വരുമാനമായി നൂറു രൂപ പോലും തികച്ചു ലഭിക്കാത്തവര്‍ അവരിലൊട്ടേറെയുണ്ട്.

കേരളത്തില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഏതൊരാള്‍ക്കും ഏറ്റവും ചുരുങ്ങിയത് 310-350 രൂപയെങ്കിലും (എന്തെങ്കിലും സവിശേഷ വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലാണെങ്കില്‍ 500 രൂപ) ലഭിക്കുമെന്നിരിക്കെയാണ് ബിരുദവും അധ്യാപന യോഗ്യതയും എല്ലാമുള്ള ദിവസം എട്ടും പത്തും മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന നിസ്സഹായരായ സ്ത്രീകള്‍ക്ക് പ്രതിമാസ ശമ്പളമായി രണ്ടായിരവും മൂവായിരവും രൂപ നല്‍കുന്ന മ്ലേച്ഛവും അപമാനകരവുമായ സ്ഥിതിവിശേഷം നമ്മുടെ കണ്‍മുന്നില്‍ നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാമൂഹിക നീതിക്കായുള്ള സമരങ്ങളുടെ ഇത്രയും വലിയ ചരിത്രമുള്ള കേരളത്തില്‍, ഇത്രയേറെ സംഘടിത പ്രസ്ഥാനങ്ങളും തൊഴിലാളി-ബഹുജന സംഘടനകളും സജീവമായി തുടരുന്ന കേരളത്തില്‍ പതിറ്റാണ്ടുകളായി അടിമപ്പണിക്ക് സമാനമായ ഈ ചൂഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നത് നാം പാടിപ്പുകഴ്ത്തുന്ന എല്ലാ പ്രബുദ്ധതയുടെയും പൊള്ളത്തരം കൂടി പുറത്തുകൊണ്ടുവരുന്നുണ്ട്. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച്, അധ്യാപകര്‍ക്കുനേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് എം ഷാജര്‍ഖാനും ഗീതയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (മെയ് 26 ലക്കം) എഴുതിയ ലേഖനങ്ങള്‍ ഈ പ്രശ്നത്തിന്റെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നവയായിരുന്നു.

പ്രീ-പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെയുള്ള ക്ലാസുകളില്‍ പ്രതിമാസം ആയിരക്കണക്കിന് രൂപ ഫീസിനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നു വാങ്ങുന്ന സ്ഥാപനങ്ങള്‍ ആയമാര്‍ക്ക് 600 രൂപയും പ്രീ-പ്രൈമറി അധ്യാപകര്‍ക്ക് പരമാവധി മൂവായിരം രൂപയും നല്‍കുന്നതിന്റെ കണക്കുകള്‍ ഔദ്യോഗിക രേഖകള്‍ മുന്‍നിര്‍ത്തി തന്നെ ഷാജര്‍ഖാന്‍ വിശദീകരിക്കുന്നുണ്ട്. അതുപോലെ ക്ലാസ് മുറികളില്‍ ഒരിക്കല്‍പോലും ഇരിക്കാന്‍ അനുവാദമില്ലാത്ത, സദാസമയവും ഒളിക്യാമറകളുടെ നിരീക്ഷണത്തില്‍ കഴിയുന്ന, എതിര്‍വാക്കുകള്‍ ഉരിയാടാനാവാത്ത പതിനായിരക്കണക്കിന് അധ്യാപകരുടെ (മഹാഭൂരിപക്ഷവും അധ്യാപികമാരാണതില്‍) പീഡിതമായ ജീവിതാവസ്ഥകളിലേക്കാണ് ഗീതയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. ഈ പീഡനങ്ങള്‍ക്കും കഴുത്തറപ്പന്‍ ചൂഷണത്തിനും അറുതി വരുത്താനായില്ലെങ്കില്‍ ഒരു ജനാധിപത്യ സമൂഹമായി നാം മേനിനടിക്കുന്നതില്‍ യാതൊരു കാര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സി എന്‍ കരുണാകരന്റെ കലാലോകം

ഗ്രന്ഥാലോകത്തിന്റെ മെയ്മാസപ്പതിപ്പ് പ്രശസ്ത മലയാള ചിത്രകാരനായ സി എന്‍ കരുണാകരനെക്കുറിച്ചുള്ളതായിരുന്നു. സി എന്‍ കരുണാകരനുമായി പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ നടത്തിയ അഭിമുഖ സംഭാഷണം, വിജയകുമാര്‍ മേനോന്‍, സി എസ് ജയറാം എന്നീ പ്രമുഖരായ കലാവിമര്‍ശകരുടെ പഠനങ്ങള്‍, എന്‍ എ മണി, എസ് രമേശന്‍ എന്നിവരുടെ ലേഖനങ്ങള്‍, സി എന്‍ കരുണാകരന്റെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ (അവയുടെ വര്‍ണ്ണസംവിധാനം അടിയില്‍ കലങ്ങിപ്പോയിട്ടുണ്ടെങ്കിലും) എന്നിങ്ങനെ സി എന്‍ കരുണാകരന്റെ കലാജീവിതത്തെക്കുറിച്ചുള്ള ഒരു സമഗ്രാവലോകനമായി "ഗ്രന്ഥാലോക"ത്തിന്റെ മെയ്മാസപ്പതിപ്പ് മാറിയിട്ടുണ്ട്. അരനൂറ്റാണ്ടോളം വരുന്ന കാലം നിരന്തരമായി കലാജീവിതത്തില്‍ മുഴുകിക്കഴിഞ്ഞ വലിയ ഒരു കേരളീയ കലാകാരനെ ആദരിക്കാനുള്ള ഗ്രന്ഥാലോകത്തിന്റെ തീരുമാനം അങ്ങേയറ്റം ഉചിതമായി.

സി എന്‍ കരുണാകരന്റെ കലയ്ക്കും കലാജീവിതത്തിനും ധാരാളം സന്ദിഗ്ധതകളുള്ളതായി തോന്നാം. അദ്ദേഹത്തിന്റെ കലയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലപ്പോഴും ഈ സന്ദിഗ്ധതകളെ മുന്‍നിര്‍ത്തിയുള്ളതും അതിന്റെ ആന്തരിക വൈരുധ്യങ്ങളെ അഭിസംബോധന ചെയ്യാത്തതുമായ പ്രസ്താവനകളുമായിത്തീരാറുമുണ്ട്. ആധുനികതാ പ്രസ്ഥാനം (ാീറലൃിശൊ) ഇന്ത്യന്‍ ചിത്രകലയില്‍ വേരു പിടിക്കുന്ന കാലത്താണ് സി എന്‍ കരുണാകരന്‍ ചിത്ര രചന പരിശീലിക്കുന്നത്. ഡി പി റോയ് ചൗധരിയും കെ സി എസ് പണിക്കരും ആധുനികതയുടെ ലാവണ്യദര്‍ശനത്തിലേക്കും രൂപനിര്‍മ്മാണ സങ്കേതങ്ങളിലേക്കും വിദ്യാര്‍ഥികളെ ആനയിച്ച മദ്രാസ് ഫൈനാര്‍ട്സ് കോളേജില്‍ നിന്നാണ് സി എന്‍ കരുണാകരന്‍ കലാപരിശീലനം നേടിയത്. പാരീസ് വിശ്വനാഥനും അക്കിത്തം നാരായണനും കെ ദാമോദരനും ഉള്‍പ്പെടെയുള്ളവര്‍ വിദേശത്തേക്ക് പോയി കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോള്‍ കാനായി കുഞ്ഞിരാമനും എം വി ദേവനും നമ്പൂതിരിയും സി എന്‍ കരുണാകരനും കേരളത്തിലേക്ക് മടങ്ങി. ചിത്രകലാ ജീവിതം ഒട്ടും സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് പടം വരച്ചുതന്നെ കേരളത്തില്‍ ജീവിക്കാം എന്ന് സി എന്‍ കരുണാകരന്‍ തീരുമാനിക്കുകയും കേരളത്തിലെ ആധുനിക ചിത്രകലയുടെ പ്രതിനിധികളില്‍ ഒരാളായി മാറുകയും ചെയ്തു. അതേസമയം, പടിഞ്ഞാറന്‍ ആധുനികതയുടെ അടയാളങ്ങളൊന്നും പതിഞ്ഞിട്ടില്ലാത്ത കലയാണ് സി എന്‍ കരുണാകരന്റെത്. ഒരു ഭാഗത്ത് പടിഞ്ഞാറന്‍ വസ്തുനിഷ്ഠതയോടും രേഖീയ പരിപ്രേക്ഷ്യത്തോടും എതിരിട്ടുനില്‍ക്കുമ്പോള്‍ മറുഭാഗത്ത് ആധുനികതാ പ്രസ്ഥാനം പാശ്ചാത്യകലയില്‍ ആവിഷ്കൃതമായ സന്ദര്‍ഭത്തില്‍ അവിടെ വികസിച്ചുവന്ന കലാസമ്പ്രദായങ്ങളെ പിന്‍പറ്റാനും സി എന്‍ കരുണാകരന്‍ ശ്രമിച്ചില്ല.

തദ്ദേശീയമായ ഒരു രൂപകല്‍പനയും വര്‍ണഭാവനയും വികസിപ്പിച്ചെടുത്തുകൊണ്ടാണ് സി എന്‍ ന്റെ കല നിലനിന്നത്. വിജയകുമാര്‍ മേനോന്‍ സൂചിപ്പിക്കുന്നതുപോലെ മിക്കവാറും ചലനരഹിതമായ വിഗ്രഹപരതയുള്ള രൂപങ്ങളാണ് സി എന്‍ കരുണാകരന്‍ ഉപയോഗിക്കുന്നത്. അധൃഷ്യമായ പ്രതാപത്തോടെയും വേഗത്തോടെയും കുതിച്ചുപായുന്ന ആധുനിക നാഗരിക സംസ്കൃതിയോട് അടിമുടി ഇടയുന്ന രൂപാവലികളാണ് അവ. ആധുനികതാ വാദത്തിന്റെ ഓരോ ഘടകസാമഗ്രിയേയും രൂപരേഖാ, വര്‍ണതലങ്ങളിലോരോന്നിനെയും പ്രാദേശികതയുടെ ഘടകസാമഗ്രികള്‍ കൊണ്ട് പുതുക്കിയെടുത്തുകൊണ്ടാണ് സി എന്‍ തന്റെ രൂപങ്ങള്‍ പണിതീര്‍ക്കുന്നത്. അതുകൊണ്ട് പാരമ്പര്യതിനകമേതന്നെ ആധുനികമാവാനും അപ്പോള്‍ത്തന്നെ പടിഞ്ഞാറന്‍ ആധുനികതാ പ്രസ്ഥാനത്തിന്റെ പകര്‍പ്പും അനുകരണവും ആകാതിരിക്കാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞു. വൈരുധ്യാത്മകമായ ഈയൊരു രചനാസമ്പ്രദായത്തിന്റെ സാധ്യതകളെയപ്പാടെ ഉപയോഗപ്പെടുത്താനോ ജാമിനിറായ് കാളിഘട്ട് ചിത്രങ്ങളില്‍നിന്നും ആധുനിക ഭാരതീയ കലയെ അടിമുടി പുതുക്കിപ്പണിയുന്നതിനുള്ള ആധാരസാമഗ്രികള്‍ കണ്ടെടുത്തതുപോലെ കേരളീയമായ ചിത്രരചനാ സാമഗ്രികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ കലയിലെ വലിയൊരു വഴിത്തിരിവിന് കാരണമാവാനോ സി എന്‍ ന്റെ രചനാ സമ്പ്രദായത്തിന് കഴിഞ്ഞുവെന്ന് പറയാനാവില്ല. അതേസമയം തന്നെ ചുമര്‍ചിത്രങ്ങള്‍, കളമെഴുത്ത്, വീരാളിപ്പട്ടിന്റെ അലങ്കാര രൂപങ്ങള്‍ എന്നിവ മുതല്‍ നാട്ടു പാരമ്പര്യത്തില്‍നിന്ന് കണ്ടെടുത്ത ബൊമ്മക്കണ്ണുകളെ വരെ തന്റെ കലയില്‍ യഥാവിധി സന്നിവേശിപ്പിച്ചുകൊണ്ട് ക്ലാസിക് - നാടോടി പാരമ്പര്യത്തിലും ആധുനികതയിലും ഒരുപോലെ വേരോടി നില്‍ക്കുന്നതും പ്രകൃതിബദ്ധവും പ്രസാദാത്മകവും വര്‍ണ്ണശബളവും അലങ്കാര സമൃദ്ധവുമായ ഒരു ലാവണ്യമാനം തന്റെ രചനകളിലുടനീളം സി എന്‍ കരുണാകരന്‍ നിലനിര്‍ത്തിപ്പോന്നിട്ടുമുണ്ട്. ഈ ഘടകങ്ങളുടെ അനുപാതഭേദങ്ങള്‍ അദ്ദേഹത്തിന്റെ കലയില്‍ പല ഘട്ടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി സി എന്‍ ന്റെ കല ഇവയുടെ രൂപാന്തരങ്ങളാണ്.

വര്‍ണ്ണശബളതയെയും അലങ്കാര ഭംഗിയെയും മുന്‍നിര്‍ത്തി കൂടുതല്‍ കൂടുതല്‍ ആസ്വദിക്കപ്പെട്ടതുമൂലം സി എന്‍ കരുണാകരന്റെ കലയുടെ ചരിത്രപരവും സാമൂഹികവുമായ ഉള്ളടക്കം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്. നമ്മുടെ കലാവിമര്‍ശനത്തിന്റെ പരാധീനതകളെക്കുറിച്ച് തന്നെയാണത് സൂചിപ്പിക്കുന്നത്. ഗ്രന്ഥാലോകത്തിന്റെ പ്രത്യേക പതിപ്പ് അതിനുള്ള ചെറിയ പരിഹാരങ്ങളിലൊന്നായി. അത്രയും നല്ലത്.

"മുസ്ലിം ഭീകരത"യുടെ നിര്‍മ്മാണ ചരിത്രം

"ഈ കഥകള്‍ കള്ളമല്ല" എന്ന ശീര്‍ഷകത്തില്‍ ഡോ. സെബാസ്റ്റ്യന്‍പോള്‍ പാഠഭേദത്തില്‍ (മെയ് 2013) എഴുതിയ, ചെറുതെങ്കിലും വളരെ ശ്രദ്ധേയമായ, ലേഖനം ഭരണകൂടത്തിന്റെ "ഭീകരതാനിര്‍മ്മാണ"ത്തിന്റെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരുന്നു. ഡല്‍ഹിയിലെ "ജാമിയ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിയേഷന്‍" പ്രസിദ്ധീകരിച്ച 'Framed, Damned and Acquitted - Dossiers of a very special cell" എന്ന ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനത്തെ (ഇവര്‍ ഭീകരന്‍! അന്വേഷണ ഏജന്‍സികള്‍ തകര്‍ത്ത ജീവിതങ്ങള്‍) മുന്‍നിര്‍ത്തി എഴുതിയ കുറിപ്പാണ് പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഭീകരരെന്ന് മുദ്രകുത്തി അന്വേഷണ ഏജന്‍സികള്‍ പിടികൂടുകയും അതികഠിനമായി പീഡിപ്പിക്കപ്പെടുകയും പിന്നീട് തെളിവില്ലെന്നു കണ്ട് വിട്ടയക്കപ്പെടുകയും അതിനിടയില്‍ ജീവിതമപ്പാടെ തകര്‍ന്നുപോവുകയും ചെയ്ത പതിനാറുപേരുടെ ജീവിതാനുഭവങ്ങളുടെ സമാഹാരമാണീ പുസ്തകം. നമുക്കു ചുറ്റും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്, കേരളത്തിലെയും ഇന്ത്യയിലെയും മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തുന്ന കുറ്റകരമായ മൗനത്തിനിടയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ന്യൂനപക്ഷ വേട്ടയെക്കുറിച്ച്, നമ്മെ ഓര്‍മ്മിപ്പിക്കാനാണ് ഈ പുസ്തകവും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനവും ശ്രമിക്കുന്നത്.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഹിതത്തിലല്ല മറ്റുള്ളവരെക്കുറിച്ചുള്ള കരുതലിലാണ് (concern for the other) നിലനില്‍ക്കുന്നതെന്ന പ്രഖ്യാതമായ നിരീക്ഷണത്തിന്റെ നൈതികോര്‍ജ്ജം ഈ ചെറിയ കുറിപ്പിലുമുണ്ട്. വാസ്തവത്തില്‍ ആധുനിക ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം മുതല്‍ക്കേ നിലനിന്നുപോരുന്ന അപരവത്കരണത്തിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്ലിം ജനസമൂഹം. "ദേശീയ മുസ്ലിം" എന്ന പഴയ സംജ്ഞപോലും ഒരു നിലയില്‍ ഈ അപരവത്കരണത്തിന്റെ മുദ്രകള്‍ പേറുന്ന ഒന്നാണ്. മുസ്ലിംലീഗ് ഉയര്‍ത്തിയ വിഭജനവാദത്തിന്റെ സന്ദര്‍ഭത്തിലാണ് ഇത്തരമൊരു ആശയം പ്രാബല്യം നേടിയത് എന്ന വസ്തുത ശരിയാണെങ്കിലും ദേശീയ പാരമ്പര്യത്തിന്റെ സ്വാഭാവിക പ്രതിനിധികളായി ഹിന്ദുക്കളെ പരിഗണിക്കുന്ന ഒരു വീക്ഷണഗതി അതിലടങ്ങിയിട്ടുണ്ട് എന്നതും അത്രത്തോളം തന്നെ ശരിയാണ്. (വിഭജനത്തെ അംഗീകരിക്കാതിരുന്ന ഹിന്ദുക്കളെ "ദേശീയഹിന്ദുക്കള്‍" എന്ന് ആരും അക്കാലത്ത് വിളിച്ചില്ല. സവര്‍ക്കര്‍ പോലും വലിയ ദേശീയവാദിയായി പരിഗണിക്കപ്പെടുകയും ചെയ്തു!) പില്‍ക്കാലത്തുടനീളം ഏറിയും കുറഞ്ഞും തുടര്‍ന്നുപോന്ന ഈ അപരവത്കരണം ഇന്ത്യയിലെ മുഖ്യധാരാ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ച ഒന്നാണ് താനും. ഒരു മുസ്ലിമിന്റെ ദേശീയത എപ്പോഴും സംശയാസ്പദവും നിരന്തരം തെളിയിക്കപ്പെടേണ്ടതുമാണെന്ന അബോധ ധാരണയെ മൗനത്തിലൂടെ നാം വകവച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോഴും വകവച്ചു കൊടുക്കുന്നുമുണ്ട്.

ഒരു പതിറ്റാണ്ടോളം വരുന്ന കാലയളവ് വിചാരത്തടവുകാരനായി കഴിയുകയും പിന്നീട് നിരപരാധി എന്നു കണ്ട് വിട്ടയക്കപ്പെടുകയും ചെയ്ത അബ്ദുനാസര്‍ മദനി വീണ്ടും ജയിലിലടയ്ക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മദനിക്ക് നേരിടേണ്ടി വന്ന അന്യായത്തടങ്കലോ അദ്ദേഹത്തിന്റെ ജീവിതം അതുവഴി തകര്‍ത്തെറിയപ്പെട്ടതോ കേരളീയ പൊതുസമൂഹത്തെ ഏറെയൊന്നും ഉത്കണ്ഠപ്പെടുത്തിയില്ല. ഐപിഎല്ലില്‍ വാതുവയ്പിലും ഒത്തുകളിയിലും പങ്കുചേര്‍ന്നതായി ആരോപിക്കപ്പെട്ട് ജയിലിലായ ശ്രീശാന്തിനെക്കുറിച്ച് വച്ചുപുലര്‍ത്തിയ ഉത്കണ്ഠയുടെ പത്തിലൊരംശം പോലും ഒരു പതിറ്റാണ്ടുകാലത്തെ അന്യായത്തടങ്കലിന് ഇരയായി, പിന്നാലെ വീണ്ടും ജയിലിലടക്കപ്പെട്ട്, മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട നിലയില്‍ കഴിയുന്ന മദനിയെക്കുറിച്ച് മലയാളത്തിലെ മാധ്യമങ്ങളോ കേരളീയ പൊതുസമൂഹമോ പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നുതന്നെയല്ല, സെബാസ്റ്റ്യന്‍പോള്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ, മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കി മദനിക്കും മറ്റുള്ളവര്‍ക്കും നീതി നല്‍കണമെന്നാവശ്യപ്പെടുന്നവരെയും ഭീകരരായി മുദ്ര കുത്തുന്ന ഹീനമായ മനോഭാവമാണ് നമ്മുടെ മുഖ്യധാരാ സമൂഹം വച്ചുപുലര്‍ത്തിപ്പോരുന്നത്. ഒറ്റതിരിഞ്ഞ ഒരു പ്രശ്നം എന്നതിനപ്പുറം കേരളീയ പൊതുസമൂഹത്തിന്റെ പൊതുവായ ആശങ്കകളിലൊന്നായി മദനിയുടെ മനുഷ്യാവകാശം ഇപ്പോഴും മാറിത്തീര്‍ന്നിട്ടില്ല എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്.

മുസ്ലിംങ്ങളാണ് എന്നതുകൊണ്ടുമാത്രം ഭീകരരായി മുദ്ര കുത്തപ്പെടുകയും നാനാതരം പീഡനങ്ങള്‍ക്ക് ഇരയായിത്തീരുകയും ചെയ്യേണ്ടി വരുന്നവര്‍ ഈ രാജ്യത്തുണ്ടെന്ന കാര്യം വാസ്തവത്തില്‍ നമ്മെ എത്രയോ അസ്വസ്ഥമാക്കേണ്ടതാണ്. പ്രൊഫ. ഗിലാനി മുതല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീകരനെന്ന് മുദ്രകുത്തി ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി വെറുതെ വിടുകയും ചെയ്ത ലിയാഖത്ത് അലിഷാ വരെയുള്ളവര്‍ ഈ വേട്ടയുടെ സമീപകാല ഇരകളാണ്. (പുനരധിവാസ പാക്കേജിന്റെ ഭാഗമായി കീഴടങ്ങിയ, ആയുധമുപേക്ഷിച്ച് കാശ്മീരിലേക്ക് മടങ്ങിയ ആളായിരുന്നു ലിയാഖത്ത് അലിഷാ. കാശ്മീര്‍ പൊലീസും അതിര്‍ത്തി രക്ഷാസേനയും പറഞ്ഞിട്ടും ഡല്‍ഹി പൊലീസ് അതൊന്നും വകവയ്ക്കാതെ അയാളെ ഭീകരനാക്കി ജയിലിലടച്ചു!). ഇന്ത്യയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി അരലക്ഷത്തിലധികം മുസ്ലിങ്ങള്‍ ഇപ്പോഴും കഴിയുന്നുണ്ട്. പതിറ്റാണ്ടുകള്‍ വിചാരണത്തടവുകാരായി കഴിയേണ്ടി വരികയും ഒടുവില്‍ കുറ്റവിമുക്തരാക്കപ്പെടുകയും ചെയ്യുന്നവരുടെ പാഴായിപ്പോയ ജീവിതത്തിന് ആരാണ് വില നല്‍കുക? എങ്ങനെയാണവരെ കൊണ്ടാടപ്പെടുന്ന ദേശസ്നേഹത്തിലേക്ക് മടക്കിക്കൊണ്ടുവരിക?

നിശ്ചയമായും ഇന്ത്യയിലരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുസ്ലിംങ്ങള്‍ക്കെതിരെ മാത്രമുള്ളമതല്ല. വികസനത്തിന്റെ കാര്യം മുതല്‍ ദേശസുരക്ഷയുടെ പേരുവരെ പറഞ്ഞുകൊണ്ടുള്ള ഭരണകൂട നടപടികള്‍ക്ക് എല്ലാവിഭാഗം ജനങ്ങളും ഇരകളായിത്തീരുന്നുണ്ട്. ബിനായക്സെന്‍ മുതല്‍ ഇറോം ശര്‍മ്മിള വരെ എത്രയോപേര്‍ അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ടുതാനും. അപ്പോള്‍ത്തന്നെ മതത്തിന്റെ പേരില്‍ ഭീകരവാദികളായി സംശയിക്കപ്പെടുന്നവര്‍ മുസ്ലിംങ്ങള്‍ തന്നെയാണ് എന്ന വസ്തുത അവശേഷിക്കുകയാണ്. "എല്ലാ മുസ്ലിംങ്ങളും ഭീകരരല്ല; എന്നാല്‍ എല്ലാ ഭീകരരും മുസ്ലിംങ്ങളാണ്" എന്ന വാചകം പുറമേക്ക് മുസ്ലിംങ്ങളെയപ്പാടെ ഭീകരരാക്കുന്നതിനെതിരാണ് എന്നു തോന്നിപ്പിക്കുന്നുമെങ്കിലും ഫലത്തില്‍ അത് എല്ലാ ഭീകരരേയും മുസ്ലിങ്ങളാക്കുകയാണ് ചെയ്യുന്നത്. മലേഗാവിന്റെയും സംഝോത സ്ഫോടനത്തിന്റെയും മക്കാ മസ്ജിദിന്റെയും മറ്റും തെളിവുകള്‍ മുന്നിലുണ്ടെങ്കിലും നമ്മുടെ പൊതുബോധം ഇപ്പോഴും മേല്‍പ്പറഞ്ഞു തന്നെയാണ്. ഈ പൊതുബോധത്തിനെതിരായ നിശിത വിമര്‍ശനമായിത്തീരുന്നു എന്നതു തന്നെയാണ്, പലവട്ടം ഇതിനുമുമ്പും ഉന്നയിക്കപ്പെട്ട കാര്യമാണെങ്കിലും ഡോ. സെബാസ്റ്റ്യന്‍ പോളിന്റെയും അദ്ദേഹം ചര്‍ച്ചയ്ക്കെടുത്ത പുസ്തകത്തിന്റെയും പ്രസക്തി.

ഈ അപരവത്കരണത്തിനും അതുവഴി നടത്തുന്ന "ഭീകരതാനിര്‍മ്മാണം" ഉള്‍പ്പെടെയുള്ള നൃശംസതകള്‍ക്കും എതിരായ സമരം ജനാധിപത്യപരവും സംവാദാത്മകവുമായ മാര്‍ഗങ്ങളിലൂടെതന്നെയാവണം എന്നതും ഇത്രതന്നെ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ സമുദായത്തിന് മൊത്തത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാതിരിക്കാനുള്ള കരുതലും ജാഗ്രതയും വളരെ പ്രധാനമാണ്. ഇപ്പോഴാകട്ടെ മേല്‍പറഞ്ഞ ഭരണകൂട പ്രവൃത്തികളെ മറയാക്കി മതസ്വത്വവാദവും വര്‍ഗീയ സംഘാടനവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍പോലും പ്രബലമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയതയെ അപ്പാടെ ബ്രാഹ്മണികമെന്ന് മുദ്രകുത്താനും അപരവത്കരണത്തിന്റെ യുക്തിയെ ആന്തരികമായി സ്വാംശീകരിക്കാനും മുസ്ലിം ജനതയെ പ്രേരിപ്പിക്കുന്ന മതസ്വത്വവാദത്തിന്റെ ആശയാവലികള്‍ അങ്ങേയറ്റം ചരിത്രവിരുദ്ധമാണ്. അതിവിപുലമായ സാമ്രാജ്യവിരുദ്ധ സമരങ്ങളില്‍ വേരോടിപ്പടര്‍ന്ന ഒന്നാണ് ഇന്ത്യന്‍ ദേശീയത. അതിന്റെ സാംസ്കാരിക മൂലധനം വലിയൊരളവോളം വൈദിക - ബ്രാഹ്മണിക പാരമ്പര്യത്തില്‍ നിന്നായിരുന്നു എന്നത് ശരിതന്നെയാണ്. അതേസമയം സാമ്രാജ്യവിരുദ്ധ സമരങ്ങളുടെ വിശാലമായ അടിത്തറയും ജനകീയതയും ഇന്ത്യന്‍ ദേശീയതയ്ക്കുണ്ട് എന്നതും അത്രതന്നെ ശരിയാണ്. ഈ വൈരുധ്യം കണക്കിലെടുക്കാതെ ദേശീയത സമം ഹിന്ദുത്വം എന്ന സമവാക്യം വികസിപ്പിച്ചെടുക്കുന്നത് ഫലത്തില്‍ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ വകവച്ചു കൊടുക്കുന്നതിലേ ചെന്നവസാനിക്കുകയുള്ളൂ. ചരിത്രാനുഭവങ്ങളെ അവയുടെ വൈരുധ്യങ്ങള്‍ക്കുള്ളില്‍ വച്ചുതന്നെ വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് അത് ജനാധിപത്യപരമാവുക. അതിനുപകരം ഏകമുഖമായ ആശയരൂപീകരണങ്ങളും വര്‍ഗീയവും മതതീവ്രവാദപരവുമായ സംഘാടനങ്ങളും മുസ്ലിംങ്ങളെ അപരവത്കരിക്കുന്ന മുഖ്യധാരാ സമീപനത്തെ മറികടക്കാന്‍ ഏതെങ്കിലും നിലയില്‍ ഉപയോഗപ്പെടില്ല. ഇക്കാര്യം വിവേകപൂര്‍വം ഓര്‍മ്മപ്പെടുത്താനും സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ശ്രമിച്ചിട്ടുണ്ട്. നമ്മുടെ കാലം വച്ചുപുലര്‍ത്തേണ്ട നൈതികമായ ജാഗ്രതയെക്കുറിച്ചുള്ള അര്‍ത്ഥവത്തായ ഓര്‍മ്മപ്പെടുത്തലാണത്.

ശാസ്ത്രവും സംസ്കാര ചരിത്രവും

ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള സാംസ്കാരിക വിമര്‍ശനങ്ങളാണ് കഴിഞ്ഞ രണ്ട്-മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ ശാസ്ത്രവിചാരങ്ങളെ സജീവമാക്കിയ ഒരു ധാര. 1960 കളില്‍ "ശാസ്ത്രവിപ്ലവങ്ങളുടെ ഘടന" (Structure of Scientific Revolutions) എന്ന ഗ്രന്ഥത്തില്‍ തോമസ് കൂന്‍ അവതരിപ്പിച്ച ആശയങ്ങളെയും വിചാരമാതൃകാ വ്യതിയാനം (paradigm shift) എന്ന പരികല്പനയെയും ആധാരമാക്കിക്കൊണ്ട് ഒട്ടനവധി പഠനങ്ങള്‍ ഇക്കാലത്ത് പുറത്തുവരികയുണ്ടായി. റൊമില ഥാപ്പര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ, സാമൂഹികശാസ്ത്ര പഠനമേഖലയിലാണ് കൂന്‍ - ന്റെ മേല്‍പറഞ്ഞ ആശയം വളരെ കൂടുതല്‍ ഉപയോഗിക്കപ്പെട്ടതെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്യുന്നതിനും ശാസ്ത്രത്തിന്റെ സത്യാത്മകതയെ പ്രശ്നവല്‍ക്കരിക്കുന്നതിനും അത് വലിയ തോതില്‍ വഴിതുറന്നു എന്നതും കാണാതിരിക്കാനാവില്ല. വസ്തുനിഷ്ഠത, യുക്തിപരത, സത്യാത്മകത തുടങ്ങിയവയെല്ലാം തള്ളിപ്പറയുന്ന ഉത്തരാധുനിക ചിന്തയുടെ വേലിയേറ്റത്തിനിടയില്‍ കൂന്‍ - ന്റെ ആശയങ്ങള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരായിപ്പോലും ഉപയോഗിക്കപ്പെടുകയും ചെയ്തു. (തന്റെ ഗ്രന്ഥത്തിന്റെ പില്‍ക്കാല പതിപ്പില്‍ ഉള്‍പ്പെടുത്തിയ post scriptല്‍ കൂന്‍ തന്നെ ഇത്തരം ദുരുപയോഗങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്). എന്തായാലും ശാസ്ത്രത്തെ സാമൂഹിക നിര്‍മ്മിതി മാത്രമായി കാണുകയും ഏതുതരം അറിവും ഒരുപോലെ സാധുവാണ് എന്ന് വാദിക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ അസംബന്ധ പ്രലപനങ്ങളിലേക്കുവരെ ശാസ്ത്രവിമര്‍ശനം വഴിതെറ്റിയെത്തി. തൊട്ടുപിന്നാലെ ലോകമെമ്പാടുമുള്ള മതമൗലികവാദികള്‍ ആധുനിക ശാസ്ത്ര വിമര്‍ശനത്തിന്റെ വക്താക്കളായി രംഗത്തെത്തുകയും ചെയ്തു!

ഇത്തരമൊരു സ്ഥിതിവിശേഷത്തെ ആധുനികശാസ്ത്ര ചിന്തകര്‍ നേരിട്ടത് ശാസ്ത്രത്തിന്റെ സത്യാത്മകതയെയും വസ്തുനിഷ്ഠതയെയും ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. ശാസ്ത്ര തത്വങ്ങളുടെ പ്രകരണപരവും സാമൂഹികവുമായ ഉള്ളടക്കത്തെക്കുറിച്ചുള്ള എംഗല്‍സിന്റെ നിരീക്ഷണങ്ങള്‍ മുതല്‍ ആധുനിക ശാസ്ത്രത്തിന്റെ അടിവേരുകളെക്കുറിച്ച് ജോസഫ് നീധാമും മാര്‍ട്ടിന്‍ ബര്‍ണലും ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫും ഉള്‍പ്പെടെയുള്ളവര്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ വരെ ഇതിനിടയില്‍ പരിഗണിക്കപ്പെടാതെ പോയി. ആധുനികശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സാമൂഹിക ബന്ധങ്ങളും സംഘര്‍ഷങ്ങളും അതില്‍ സന്നിഹിതമാകുന്നതെങ്ങനെയെന്ന് വിവേകപൂര്‍വം ആരായാനോ ആധുനിക ശാസ്ത്രവാദികള്‍ പൊതുവെ തയ്യാറായില്ല. അലന്‍സോക്കല്‍ തന്റെ കൃത്രിമ പ്രബന്ധം വഴി ഉത്തരാധുനികരുടെ ശാസ്ത്രവിമര്‍ശനത്തിന്റെ പൊള്ളത്തരം പുറത്തുകൊണ്ടുവന്നതോടെ, ആധുനികശാസ്ത്ര വിമര്‍ശനമപ്പാടെ ഇത്തരം തട്ടിപ്പുകളാണെന്ന് വിലയിരുത്താനാണ് ശാസ്ത്രവാദികള്‍ മുതിര്‍ന്നത്. ഫലത്തില്‍ ശാസ്ത്രവിജ്ഞാനത്തെ കേവലവും ചരിത്രനിരപേക്ഷവുമായി കാണുന്ന ഒരു കാഴ്ചവട്ടം ഉത്തരാധുനികരുടെ അതിവാദങ്ങളുടെ മറുപുറമായി നിലവില്‍ വന്നു.

ഈ ഇരു നിലപാടുകളിലേക്കും വഴുതിപ്പോകാതെ, ആധുനികശാസ്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള സൈദ്ധാന്തികവും ചരിത്രപരവുമായ വിമര്‍ശനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് വി വിജയകുമാറിന്റെ "ശാസ്ത്രം, ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം. ശാസ്ത്രത്തെ ചരിത്രപരമായി നോക്കിക്കാണാന്‍ ശ്രമിക്കുകയും അതേസമയം തന്നെ മതവിശ്വാസമടക്കമുള്ള ഏതുതരം ധാരണകളെയും പോലെ ഒരു ആപേക്ഷികധാരണ മാത്രമാണ് ശാസ്ത്രവും എന്ന ഉത്തരാധുനിക/മതമൗലികവാദ നിലപാടുകളെ നിശിതമായി തള്ളിക്കളയുകയും ചെയ്യുന്ന പഠനങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്. ആധുനിക ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയേയും സത്യാത്മകതയേയും വിശകലന വിധേയമാക്കുന്ന രണ്ട് പ്രബന്ധങ്ങള്‍, ചൈനീസ് ശാസ്ത്രചരിത്ര രചനയില്‍ ജോസഫ് മിഥാം സ്വീകരിച്ച സമീപനത്തിന്റെ ഉള്ളടക്കവും അതിലെ സന്ദിഗ്ധതകളും ചര്‍ച്ച ചെയ്യുന്ന പ്രബന്ധം, ജെ സി ബോസ്, പി സി റേ, സി വി രാമന്‍ എന്നീ ആധുനിക ഇന്ത്യന്‍ ശാസ്ത്രകാരന്മാരെ ചരിത്രപരമായി സ്ഥാനനിര്‍ണയം ചെയ്യുന്ന മൂന്ന് പ്രബന്ധങ്ങള്‍, ഇന്ത്യയിലെ ശാസ്ത്രവ്യാപനവും കൊളോണിയലിസത്തിന്റെ താല്‍പര്യങ്ങളും തമ്മിലുള്ള പരസ്പര വിനിമയങ്ങള്‍ വിശകലന വിധേയമാക്കുന്ന പ്രബന്ധം, ശാസ്ത്രാഭ്യസനം മാതൃഭാഷയിലാവേണ്ടതിന്റെ ആവശ്യകത അടിവരയിട്ട് പറയുന്ന പ്രബന്ധം എന്നിങ്ങനെ എട്ട് സൂക്ഷ്മപഠനങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ബ്രഹ്ത്തിന്റെ ഗലീലിയോ എന്ന നാടകത്തെയും മനു ജോസഫിന്റെ Serious Men എന്ന നോവലിനെയും (ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉള്ളറ രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണിത്) കുറിച്ചുള്ള രണ്ട് പഠനങ്ങള്‍ അനുബന്ധമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആകെത്തുകയില്‍ ശാസ്ത്രവിമര്‍ശനത്തിന്റെ സമകാലിക സന്ദര്‍ഭത്തെ ഏറ്റവും അര്‍ത്ഥവത്തായും ചരിത്രവിവേകത്തോടെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് ഈ ഗ്രന്ഥം എന്നുപറയാം.

ശാസ്ത്രസാഹിത്യം മലയാളത്തില്‍ കുറവല്ലെങ്കിലും ആധുനിക ശാസ്ത്രത്തിന്റെ അറിവുകള്‍ പങ്കുവയ്ക്കുന്ന തരത്തിലാണ് അവ പൊതുവെ രചിക്കപ്പെട്ടിട്ടുള്ളത്. ശാസ്ത്രചരിത്രമോ ശാസ്ത്രദര്‍ശനമോ മലയാളത്തിന്റെ സമകാലിക വൈജ്ഞാനിക പാരമ്പര്യത്തില്‍ ഏറെയൊന്നുമില്ലെന്ന് തന്നെ പറയണം. ജെ സി ബര്‍ണലിന്റെ ബൃഹദ് ഗ്രന്ഥം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശ്രമങ്ങള്‍ ഉണ്ടെങ്കിലും ശാസ്ത്രത്തെ ചരിത്രവല്‍ക്കരിക്കാനോ സൈദ്ധാന്തിക പഠനത്തിന് വിധേയമാക്കാനോ മലയാളത്തിന് പൊതുവില്‍ കഴിഞ്ഞിട്ടില്ല. പ്രയോജനവാദപരമായ നിലയിലാണ് മലയാളത്തിലെ ശാസ്ത്രവിജ്ഞാനം ഏറിയകൂറും നിലനില്‍ക്കുന്നത്. മാര്‍ക്സിസത്തിന്റെ പ്രബലമായ സ്വാധീനം ഉള്ളപ്പോഴും എംഗല്‍സ് മുതലാരംഭിക്കുന്ന മാര്‍ക്സിസ്റ്റ്് ശാസ്ത്രവിചിന്തനത്തിന്റെ ലോകവും മലയാളത്തില്‍ ഒട്ടും ബലിഷ്ഠമല്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് വിജയകുമാറിന്റെ "ശാസ്ത്രം ദര്‍ശനം സംസ്കാരം" എന്ന ഗ്രന്ഥം കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക! എപ്പോഴും ചരിത്രവല്‍ക്കരിക്കുക!" എന്ന പ്രസ്താവന മാര്‍ക്സിസത്തിന്റെ ആധാരതത്ത്വമാണെന്നും ശാസ്ത്രവിജ്ഞാനവും ഈ ചരിത്രവത്കരണത്തിന് പുറത്തല്ലെന്നും അത് നമ്മോട് പറയുന്നു.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക