Friday, December 3, 2010

തൊഴിലുറപ്പു പദ്ധതിയും മിനിമം കൂലിയും

ഗ്രാമീണ ജനതയുടെ ദാരിദ്ര്യത്തിന് വലിയൊരളവു വരെ മോചനം നല്‍കാന്‍ കഴിയുന്നതാണ് മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി. ഈ സാമ്പത്തിക വര്‍ഷം 40100 കോടി രൂപ ഇതിന് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ജനപക്ഷ പദ്ധതി എന്നാണിത് അറിയപ്പെടുന്നത്. 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വിജയത്തിന് കോണ്‍ഗ്രസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ഈ പദ്ധതിയാണെന്ന് പരക്കെ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അരുണറോയി, യാന്‍ഡ്രീസ് തുടങ്ങിയ സാമൂഹ്യ പ്രവര്‍ത്തകരും വൃന്ദ കാരാട്ട്, സുഭാഷിണി അലി, ആനിരാജ തുടങ്ങിയ കമ്യൂണിസ്റുകാരും ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. ഇവരുടെ എല്ലാം സജീവമായ പങ്കാളിത്തം തൊഴിലെടുക്കുന്നവര്‍ക്ക് പ്രാധാന്യം നല്‍കുന്ന നിയമമായി ദേശീയ തൊഴിലുറപ്പ് നിയമം രൂപപ്പെടുന്നതില്‍ സഹായകമായിട്ടുണ്ട്. കായികാധ്വാനത്തിനു തയ്യാറുള്ള ഒരു കുടുംബത്തിന് വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ ഉറപ്പു നല്‍കുക, തൊഴിലിന് മിനിമം കൂലി ഉറപ്പാക്കുക, തൊഴില്‍ അവകാശമാക്കുക, തൊഴിലിടം തൊഴിലാളി സൌഹൃദമാക്കുക എന്നിങ്ങനെ നിരവധി ഗുണപരമായ ഘടകങ്ങള്‍ ഈ നിയമത്തിനുണ്ട്. കാര്‍ഷിക മേഖലയിലെ തകര്‍ച്ചമൂലം തൊഴിലും വരുമാനവും ഇല്ലാതെ കൊടിയ ദാരിദ്ര്യത്തിലും കടക്കെണിയിലുംപെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്ന കാലഘട്ടത്തിലാണ് തൊഴിലുറപ്പു പരിപാടി ആവിഷ്കരിച്ചത്. തൊഴില്‍ തേടിയുള്ള പലായനം അവസാനിപ്പിക്കാനും ഈ പദ്ധതി സഹായകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നു.

ഓരോ സംസ്ഥാനത്തും നിലവിലുള്ള മിനിമം കൂലി തൊഴിലുറപ്പു പദ്ധതിയിലെ കൂലിയായി അംഗീകരിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. ആദ്യഘട്ടത്തില്‍ 60 രൂപയെങ്കിലും കൂലി നല്‍കണമെന്നും തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ കൂടുതല്‍ കുടുംബങ്ങള്‍ പങ്കാളികളാവുകയും നിരവധി സംസ്ഥാനങ്ങളില്‍ മിനിമം കൂലി വര്‍ധിപ്പിക്കുകയുമുണ്ടായി.

ഈ സാഹചര്യത്തില്‍ മിനിമം കൂലി പരിഗണിക്കാതെ തൊഴിലുറപ്പു പദ്ധതിയുടെ കൂലി 100 രൂപയില്‍ കൂടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ സമയത്ത് കേരളത്തിലെ മിനിമം കൂലി 125 രൂപയായിരുന്നു. ഈ കൂലിതന്നെയായിരുന്നു തൊഴിലുറപ്പു പദ്ധതിക്ക് നല്‍കിയിരുന്നതും. 2009-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തപ്പോള്‍ കേരളമടക്കം മിനിമം കൂലി 100 രൂപയില്‍ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ടി വന്നു. ഈ പ്രതിഷേധം കണക്കിലെടുത്ത് 2009 ജനുവരി ഒന്നിന് ഏതെങ്കിലും സംസ്ഥാനത്ത് നിലനില്‍ക്കുന്ന മിനിമം കൂലി 100 രൂപയില്‍ കുടുതലാണെങ്കില്‍ ആ കൂലി തൊഴിലുറപ്പു പദ്ധതിയില്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി. ഇതിനപ്പുറം വര്‍ദ്ധിപ്പിച്ചാല്‍ അധികം തുക സംസ്ഥാന സര്‍ക്കാര്‍തന്നെ നല്‍കണമെന്നും ഇതു സംബന്ധിച്ച ഉത്തരവ് പറയുന്നു. എന്നാല്‍ മിനിമം കൂലി എന്നത് ഓരോ സംസ്ഥാനത്തും വ്യവസ്ഥാപിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്. കേരളത്തിലാണെങ്കില്‍ മിനിമം കൂലി 125 രൂപയായി നിശ്ചയിച്ചത് 2003ല്‍ ആണ്. അഞ്ചുകൊല്ലം കഴിയുമ്പോള്‍ ഇത് പരിഷ്കരിക്കേണ്ടതായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതമായ രീതിയില്‍ ഇത് പരിഷ്കരിച്ച് 200 രൂപയാണെന്ന് വിജ്ഞാപനവും ചെയ്തു. പക്ഷേ ഇത് തൊഴിലുറപ്പു പദ്ധതിയുടെ മിനിമം കൂലിയായി അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വാസ്തവത്തില്‍ മിനിമം കൂലിയെന്നത് തൊഴിലുറപ്പു പദ്ധതിയില്‍ ലഭ്യമാകാവുന്ന ഏറ്റവും കൂടിയ കൂലിയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവുവഴി മിനിമം കൂലിയേക്കാള്‍ കുറഞ്ഞ ഒരു കൂലി ഏറ്റവും കൂടിയ കൂലിയായി നിശ്ചയിക്കുകയാണ് ചെയ്തത്. ഇത് 1948ലെ മിനിമം കൂലി നിയമത്തിനും അതുസംബന്ധിച്ച് 1983ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ന്യായത്തിനുമെതിരാണ്. കോടതി പറഞ്ഞു.

"Where a person provide labour or service to another for remuneration which is less than the minimum wage, the labour or service provided by him clearly fall within the meaning of the word 'forced labour' and attract the condemnation of Article 23''.

മിനിമം കൂലിയേക്കാള്‍ കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കുന്നത് നിര്‍ബന്ധിതവേലയായും ഭരണഘടനയിലെ 23-ാം അനുഛേദത്തിന്റെ ലംഘനമായും വരുന്നതാണ്.

ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ആന്ധ്രാ ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശിനെ സംബന്ധിച്ചിടത്തോളം കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സസ്പെന്റു ചെയ്യപ്പെട്ടു. എന്നാല്‍ മിനിമം കൂലി നല്‍കേണ്ടത് അത് വിജ്ഞാപനംചെയ്ത സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം നിര്‍ദ്ദേശിച്ച കൂലിയില്‍ കുടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്നുമാണ് ഇതിനു മറുപടിയായി കേന്ദ്ര ഗ്രാമവികസന വകുപ്പ് പ്രതികരിച്ചത്. ഈ തീരുമാനം തൊഴിലുറപ്പു നിയമത്തിന്റെ 22(1) എ വകുപ്പിന്റെ ലംഘനമാണ്. ഈ വകുപ്പു പറയുന്നത് അവിദഗ്ധ കായിക തൊഴിലിനു നല്‍കേണ്ട കൂലി പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ്. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട തുക നല്‍കാതെ മിനിമം കൂലി നല്‍കേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരുകളുടെമേല്‍ കെട്ടിവെയ്ക്കാനാണ് ശ്രമം. ഇത് മിനിമം കൂലി കാലോചിതമായി പരിഷ്കരിക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാരുകളെ തടയാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലോക ശ്രദ്ധ പിടിച്ചുപറ്റിയ തൊഴിലുറപ്പു നിയമം പാസ്സാക്കിയത്. ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ഈ നിയമത്തോട് ആസൂത്രണ കമ്മീഷനിലും കേന്ദ്ര ധനമന്ത്രാലയത്തിലുമുള്ള പല പ്രമുഖര്‍ക്കും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇടതുപാര്‍ടികളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി ഇത്തരമൊരു നിയമമുണ്ടാക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. രണ്ടാം യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനമില്ലാത്തതുകൊണ്ടാണ് വളരെ പുരോഗമനപരമായ തൊഴിലുറപ്പു നിയമത്തെ ആറുപതിറ്റാണ്ടിലേറെ പഴക്കമുള്ള മിനിമം കൂലി നിയമത്തെ അട്ടിമറിക്കുന്നതിന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. 1948ലെ മിനിമം കൂലി നിയമത്തില്‍ എന്തുതന്നെ പറഞ്ഞിരുന്നാലും തൊഴിലുറപ്പു പദ്ധതിയില്‍ മിനിമം കൂലിയേക്കാള്‍ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ തൊഴിലുറപ്പു നിയമം കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുവെന്നാണ് വ്യാഖ്യാനം.

ഇത് തൊഴിലാളികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മൌലികാവകാശം ധ്വംസിക്കലാണ്. ഇത് ചെയ്യുന്നത് പുരോഗമനപരമായ ഒരു നിയമത്തെ ദുരുപയോഗം ചെയ്തുകൊണ്ടാണ് എന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആന്ധ്രാപ്രദേശ് ഹൈക്കോടതി കേന്ദ്ര നടപടിയിലെ തെറ്റ് ചൂണ്ടിക്കാട്ടി ഉത്തരവ് സസ്പെന്റുചെയ്തിട്ടും തിരുത്തല്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല.

സോണിയാഗാന്ധി അദ്ധ്യക്ഷയായ ദേശീയ ഉപദേശകസമിതിയിലെ അംഗങ്ങള്‍ ഈ കേന്ദ്ര നിലപാടിനെ ശക്തമായി ചോദ്യം ചെയ്തിരിക്കുകയാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ നിയമവിദഗ്ധരും പ്രമുഖ പൌരന്മാരും എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുകയാണ്. തൊഴിലാളികളുടെ മാഗ്നാകാര്‍ട്ടയായ മിനിമം കൂലി നിയമത്തെ ദുര്‍ബലമാക്കാനുള്ള ശ്രമത്തെ എതിര്‍ത്തുതോല്‍പിച്ചേ പറ്റൂ. കേരളം വിജ്ഞാപനം ചെയ്തിട്ടുള്ള മിനിമം കൂലി തൊഴിലുറപ്പു പദ്ധതിയിലും അംഗീകരിക്കണമെന്ന് മുഖ്യമന്ത്രിയും തദ്ദേശഭരണ വകുപ്പുമന്ത്രിയും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഉപദേശക സമിതിയിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സോണിയാഗാന്ധി ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കെഴുതിയിട്ടുള്ളതായി അറിയുന്നു. തൊഴിലുറപ്പു പദ്ധതിയുടെപേരില്‍പോലും തൊഴിലാളികളുടെ മൌലികാവകാശം നിഷേധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ കുത്സിത നീക്കം എതിര്‍ത്തു തോല്‍പിക്കാന്‍ എല്ലാവരും രംഗത്തു വരേണ്ടതാണ്.

*
പ്രൊഫ. പി കെ രവീന്ദ്രന്‍ കടപ്പാട്: ചിന്ത വാരിക 03 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...