Thursday, December 2, 2010

എന്തുകൊണ്ട് ജെപിസി?

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പൂര്‍ണമായും സ്‌തംഭിച്ചിരിക്കുകയാണ്. നവംബര്‍ ഒമ്പതിന് ആരംഭിച്ച സമ്മേളനം അഴിമതിപ്രശ്‌നത്തില്‍ പ്രക്ഷുബ്‌ധമാവുകയായിരുന്നു. ആദ്യദിവസം മാത്രമാണ് ലോക്‌സഭ പ്രവര്‍ത്തിച്ചത്. എന്നാല്‍, സിറ്റിങ് അംഗമായ അര്‍ജുന്‍ സെന്‍ ഗുപ്‌ത മരിച്ചതുകാരണം രാജ്യസഭ ആദ്യദിവസവും പ്രവര്‍ത്തിച്ചില്ല. രണ്ടാംതലമുറ സ്‌പെക്‌ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നീ അഴിമതിക്കേസുകളില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പാര്‍ലമെന്റ് സ്‌തംഭിപ്പിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍, കേന്ദ്ര വാര്‍ത്താവിനിമയ വിവര സാങ്കേതികമന്ത്രി എ രാജ എന്നിവര്‍ രാജിവച്ചെങ്കിലും ജെപിസി അന്വേഷണത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ രണ്ടാം തലമുറ സ്‌പെക്‌ട്രത്തിന്റെ കാര്യത്തില്‍ ജെപിസി അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നിലപാട്. എന്നാല്‍, കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി നഷ്ടപ്പെടുത്തിയ സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ച് പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി (പിഎസി) യുടെ അന്വേഷണം മതിയെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. പിഎസിയെ സഹായിക്കാന്‍ അഞ്ചംഗ അന്വേഷണസംഘത്തെയും നല്‍കാമെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്‌തു. എന്നാല്‍, പിഎസി അന്വേഷണമല്ല അതിനേക്കാള്‍ അധികാരമുള്ള ജെപിസി അന്വേഷണംതന്നെ വേണമെന്ന സമീപനം മുറുകെ പിടിക്കുകയാണ് പ്രതിപക്ഷം.

ജെപിസി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പെട്ടെന്ന് അംഗീകരിച്ച ചരിത്രമില്ല. 45 ദിവസം സഭ തുടര്‍ച്ചയായി സ്‌തംഭിച്ചതിനുശേഷമാണ് ബൊഫോഴ്‌സ് പ്രശ്‌നത്തില്‍ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ വഴങ്ങിയത്. ഹര്‍ഷദ് മേത്തയുടെ ഓഹരികുംഭകോണത്തില്‍ ജെപിസിക്ക് വഴങ്ങിയത് പാര്‍ലമെന്റ് 17 ദിവസം സ്‌തംഭിച്ചതിനുശേഷമാണ്. കേതന്‍ പരേഖിന്റെ ഓഹരികുംഭകോണത്തില്‍ 14 ദിവസം സഭ സ്‌തംഭിച്ചിരുന്നു.

ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് പാര്‍ലമെന്റ് രൂപീകരിക്കുന്ന സമിതിയാണ് ജെപിസി. പാര്‍ലമെന്റിലെ ഇരുസഭയിലെയും അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുന്നതിനാലാണ് ഇതിന് സംയുക്ത പാര്‍ലമെന്ററി സമിതി എന്ന് വിളിക്കുന്നത്. സമിതിയില്‍ ഇത്ര അംഗങ്ങള്‍ വേണമെന്ന് പരിധിയില്ല. എന്നാല്‍, രാജ്യസഭയില്‍നിന്നുള്ള അംഗങ്ങളുടെ ഇരട്ടി അംഗങ്ങള്‍ ലോക്‌സഭയില്‍നിന്ന് ഉണ്ടാകണമെന്നുണ്ട്. ബൊഫോഴ്‌സ് അഴിമതി അന്വേഷിച്ച ജെപിസിയില്‍ 15 അംഗങ്ങളാണ് ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള രണ്ട് ജെപിസിയിലും 30 അംഗങ്ങളും. ജെപിസി രണ്ടു രീതിയിലാണ് രൂപീകരിക്കുക.

1. പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരുസഭയില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിലൂടെ ജെപിസിക്ക് രൂപം നല്‍കാം. അത് മറ്റേ സഭയും അംഗീകരിക്കണമെന്നുണ്ട്.

2. ലോക്‌സഭയുടെയും രാജ്യസഭയുടെയും അധ്യക്ഷന്മാര്‍ തമ്മില്‍ നടത്തുന്ന ആശയവിനിമയത്തിലൂടെയും ജെപിസിക്ക് രൂപം നല്‍കാം.

സമിതിയിലെ അംഗങ്ങളെ പാര്‍ലമെന്റ് നേരിട്ടോ അധ്യക്ഷന്മാര്‍ നോമിനേറ്റ് ചെയ്യുന്നതിലൂടെയോ നിശ്ചയിക്കാവുന്നതാണ്. ലോക്‌സഭയുടെ കാലാവധിക്കുമുമ്പ് ജെപിസി അന്വേഷണം പൂര്‍ത്തിയാകാത്ത പക്ഷം അക്കാര്യം സഭയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇത്തരം ഘട്ടങ്ങളില്‍ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടുകളും നോട്ടുകളും മറ്റും അടുത്ത സമിതിക്ക് കൈമാറും. ഭരണപക്ഷ എംപിയായിരിക്കും സാധാരണ നിലയില്‍ ജെപിസി ചെയര്‍മാന്‍.

പിഎസിയില്‍നിന്ന് വ്യത്യസ്‌തമായി വിപുലമായ അധികാരങ്ങളാണ് ജെപിസിക്കുള്ളത്. പ്രധാനമന്ത്രിയെപ്പോലും ചോദ്യംചെയ്യാനുള്ള അധികാരമുണ്ട്. 1991ലെ ഓഹരികുംഭകോണത്തില്‍ ധനമന്ത്രിയായ മന്‍മോഹന്‍സിങ്ങിനെയും 2000ലെ ഓഹരികുംഭകോണത്തില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയെയും ജെപിസി ചോദ്യംചെയ്‌തിരുന്നു. ഇക്കുറി രാജയെ അഴിമതി നടത്തുന്നതില്‍നിന്ന് തടയാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന ആരോപണം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജെപിസിതന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

മന്ത്രിമാര്‍ക്കു പുറമെ വിദഗ്ധരെയും സംഘടനകളെയും വിളിച്ചുവരുത്താന്‍ ജെപിസിക്ക് കഴിയും. ഏത് രേഖയും ആവശ്യപ്പെടാനും അന്വേഷണ ഏജന്‍സികളെ ചോദ്യംചെയ്യാനും സമിതിക്ക് കഴിയും. സ്വമേധയാ ജെപിസിക്കു മുമ്പില്‍ തെളിവ് നല്‍കാന്‍ ആര്‍ക്കും അധികാരമുണ്ടായിരിക്കും. ജെപിസി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാകാന്‍ വിസമ്മതിച്ചാല്‍ അത് സഭയെ അവഹേളിക്കുന്നതിനു തുല്യമായി കരുതപ്പെടും. തര്‍ക്കമുണ്ടാകുന്ന പക്ഷം അന്തിമ തീരുമാനം സ്പീക്കറുടേതായിരിക്കും. മറ്റ് അന്വേഷണസമിതികളില്‍നിന്ന് വ്യത്യസ്‌തമായി അന്വേഷിക്കുന്ന വിഷയത്തില്‍ പുതിയ നിയന്ത്രണസംവിധാനം സമിതിക്ക് മുന്നോട്ടുവയ്ക്കാം. ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണങ്ങള്‍ നടത്താനും പാര്‍ലമെന്റിനു കഴിയും. ഓഹരികുംഭകോണം അന്വേഷിച്ച ജെപിസിയുടെ നിര്‍ദേശമനുസരിച്ചാണ് സെബിയെ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടത്.

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയായി നാല് ജെപിസികളാണുണ്ടായിട്ടുള്ളത്. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് ആദ്യ ജെപിസി രൂപംകൊണ്ടത്. 62 കോടി രൂപയുടെ ബൊഫോഴ്‌സ് കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഇത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന കെ സി പന്താണ് ഇതു സംബന്ധിച്ച പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. 1987 ആഗസ്‌ത ആറിന്. കോണ്‍ഗ്രസ് നേതാവ് ബി ശങ്കരാനന്ദായിരുന്നു ജെപിസി ചെയര്‍മാന്‍. 1988 ഏപ്രില്‍ 26ന് സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു. എന്നാല്‍, കോണ്‍ഗ്രസ് അംഗങ്ങളെ കുത്തിത്തിരുകിയ ഈ ജെപിസി പ്രതിപക്ഷം ബഹിഷ്കരിച്ചു. സര്‍ക്കാരിനെ രക്ഷിക്കുന്ന റിപ്പോര്‍ട്ടും പ്രതിപക്ഷം തള്ളിക്കളഞ്ഞു.

ഹര്‍ഷദ് മേത്തയുടെ നേതൃത്വത്തില്‍ നടന്ന ഓഹരികുംഭകോണത്തെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ ജെപിസി. ഹര്‍ഷദ് മേത്തയെപ്പോലുള്ള ഓഹരിവിപണിയിലെ ഇടനിലക്കാരെ നിയന്ത്രിക്കാന്‍ ധനമന്ത്രാലയത്തിനു കഴിഞ്ഞില്ലെന്ന പ്രതിപക്ഷാരോപണത്തെ തുടര്‍ന്നാണ് ജെപിസി രൂപംകൊണ്ടത്. അന്ന് പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. ധനമന്ത്രി മന്‍മോഹന്‍ സിങ്ങും. രാജസ്ഥാനില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രാം നിവാസ് മിര്‍ധയായിരുന്നു സമിതിയുടെ അധ്യക്ഷന്‍. അന്നത്തെ പാര്‍ലമെന്ററി മന്ത്രിയായിരുന്ന ഗുലാംനബി ആസാദാണ് 1992 ആഗസ്‌ത് ആറിന് ഇതുസംബന്ധിച്ച പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഭാവിയില്‍ ഓഹരികുംഭകോണം തടയാന്‍ പല നിര്‍ദേശവും ഈ സമിതി മുന്നോട്ടു വച്ചെങ്കിലും അതൊന്നും പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തും ജെപിസി രൂപംകൊണ്ടു. കേതന്‍ പരേഖിന്റെ നേതൃത്വത്തില്‍ നടന്ന ഓഹരികുംഭകോണത്തെക്കുറിച്ചായിരുന്നു ഈ ജെപിസി. അന്നത്തെ പാര്‍ലമെന്ററി മന്ത്രി പരേതനായ പ്രമോദ് മഹാജനാണ് അന്വേഷണത്തിന് ലോക്‌സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. 2001 ഏപ്രില്‍ 26ന്. മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ്‌മണി ത്രിപാഠിയായിരുന്നു ചെയര്‍മാന്‍. 105 യോഗം ചേര്‍ന്ന ഈ സമിതി 2002 ഡിസംബര്‍ 19ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഹരികമ്പോളത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പല നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചു. ഏറ്റവും അവസാനത്തെ ജെപിസി രൂപംകൊണ്ടത് 2003ലാണ്. ശീതളപാനീയങ്ങളിലെ കീടനാശിനികളെക്കുറിച്ച് അന്വേഷിക്കാനായിരുന്നു എന്‍സിപി നേതാവ് ശരദ് പവാര്‍ അധ്യക്ഷനായുള്ള ജെപിസി. 2004 ഫെബ്രുവരി നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശീതളപാനീയങ്ങളില്‍ വിഷാംശങ്ങളുണ്ടെന്നാണ് സമിതി കണ്ടെത്തിയത്.

എന്നാല്‍, പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിക്ക് ജെപിസിക്കുള്ള അധികാരങ്ങളൊന്നും ഇല്ല. പാര്‍ലമെന്റിന്റെ ധനപരമായ സമിതികളില്‍ ഒന്നുമാത്രമാണ് ഇത്. 22 അംഗങ്ങളാണ് ഇതിലുള്ളത്. 15 അംഗങ്ങള്‍ ലോക്‌സഭയില്‍നിന്നും ഏഴ് അംഗങ്ങള്‍ രാജ്യസഭയില്‍നിന്നും. പ്രതിപക്ഷ നേതാക്കളില്‍ ഒരാളായിരിക്കും പിഎസിയുടെ ചെയര്‍മാന്‍. ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയാണ് നിലവില്‍ സമിതിയുടെ അധ്യക്ഷന്‍. പാര്‍ലമെന്റാണ് ഈ സമിതിയെ തെരഞ്ഞെടുക്കുക. സഭയുടെ മേശപ്പുറത്ത് വയ്ക്കുന്ന സര്‍ക്കാരിന്റെ ധനാഭ്യര്‍ഥനകളും സിഎജി റിപ്പോര്‍ട്ടുകളും പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ കണക്കുകള്‍ പരിശോധിക്കാനുള്ള സമിതി മാത്രമാണിത്. സര്‍ക്കാര്‍ വകയിരുത്തുന്ന പണം അതിനായി തന്നെയാണോ, ചട്ടമനുസരിച്ചാണോ ചെലവഴിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പിഎസി പരിശോധിക്കുക. പിഎസിയുടെ റിപ്പോര്‍ട്ട് ഒരിക്കല്‍പ്പോലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, ജെപിസി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരുസഭയിലും ചര്‍ച്ച ചെയ്യപ്പെടുകയും സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് വയ്ക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്‌തിട്ടുണ്ട്.

*****

വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 02 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പിഎസിയില്‍നിന്ന് വ്യത്യസ്‌തമായി വിപുലമായ അധികാരങ്ങളാണ് ജെപിസിക്കുള്ളത്. പ്രധാനമന്ത്രിയെപ്പോലും ചോദ്യംചെയ്യാനുള്ള അധികാരമുണ്ട്. 1991ലെ ഓഹരികുംഭകോണത്തില്‍ ധനമന്ത്രിയായ മന്‍മോഹന്‍സിങ്ങിനെയും 2000ലെ ഓഹരികുംഭകോണത്തില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയെയും ജെപിസി ചോദ്യംചെയ്‌തിരുന്നു. ഇക്കുറി രാജയെ അഴിമതി നടത്തുന്നതില്‍നിന്ന് തടയാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന ആരോപണം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ജെപിസിതന്നെ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.

മന്ത്രിമാര്‍ക്കു പുറമെ വിദഗ്ധരെയും സംഘടനകളെയും വിളിച്ചുവരുത്താന്‍ ജെപിസിക്ക് കഴിയും. ഏത് രേഖയും ആവശ്യപ്പെടാനും അന്വേഷണ ഏജന്‍സികളെ ചോദ്യംചെയ്യാനും സമിതിക്ക് കഴിയും. സ്വമേധയാ ജെപിസിക്കു മുമ്പില്‍ തെളിവ് നല്‍കാന്‍ ആര്‍ക്കും അധികാരമുണ്ടായിരിക്കും. ജെപിസി ആവശ്യപ്പെട്ടതനുസരിച്ച് ഹാജരാകാന്‍ വിസമ്മതിച്ചാല്‍ അത് സഭയെ അവഹേളിക്കുന്നതിനു തുല്യമായി കരുതപ്പെടും. തര്‍ക്കമുണ്ടാകുന്ന പക്ഷം അന്തിമ തീരുമാനം സ്പീക്കറുടേതായിരിക്കും. മറ്റ് അന്വേഷണസമിതികളില്‍നിന്ന് വ്യത്യസ്‌തമായി അന്വേഷിക്കുന്ന വിഷയത്തില്‍ പുതിയ നിയന്ത്രണസംവിധാനം സമിതിക്ക് മുന്നോട്ടുവയ്ക്കാം. ഈ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നിയമനിര്‍മാണങ്ങള്‍ നടത്താനും പാര്‍ലമെന്റിനു കഴിയും. ഓഹരികുംഭകോണം അന്വേഷിച്ച ജെപിസിയുടെ നിര്‍ദേശമനുസരിച്ചാണ് സെബിയെ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ കൈക്കൊണ്ടത്.