Thursday, December 2, 2010

സ്പെക്ട്രം അഴിമതിയും മാധ്യമ പ്രവര്‍ത്തകരും

മാധ്യമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രധാന കാര്യകര്‍ത്താക്കളായി മാറുന്നത് അടുത്തകാലത്താണ്. മാധ്യമങ്ങളുടെമേല്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ നിയന്ത്രണം വളര്‍ന്നുവന്നതെങ്ങനെയെന്ന് റോബര്‍ട്ട് മക്ചെസ്നി തന്റെ ഗ്ളോബല്‍ മീഡിയയെക്കുറിച്ചുള്ള പഠനത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാത്രമല്ല, വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും വാര്‍ത്തകള്‍ക്കാധാരമായ വസ്തുതകള്‍ വരെ സൃഷ്ടിക്കുന്നതിലും മാദ്ധ്യമങ്ങള്‍ക്കുള്ള പങ്കും ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഏറ്റവും അവസാനമായി, ഇന്ത്യയെയാകമാനം പിടിച്ചുകുലുക്കിയ സ്പെക്ട്രം അഴിമതി പ്രശ്നത്തില്‍ വീര്‍ സിംഘ്വി, ബര്‍ഖാ ദത്ത് എന്നീ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിന്റെ വിവരവും പുറത്തുവന്നിരിക്കുന്നു.

അനില്‍ അംബാനിയുടെയും രത്തന്‍ ടാറ്റയുടെയും ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുന്ന നീര റാഡിയ എന്ന കമ്മീഷന്‍ ഏജന്റുമായി സംഘ്വിയും ബര്‍ഖാദത്തും നടത്തിയ മൊബൈല്‍ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. സ്പെക്ട്രം കേസില്‍ കോണ്‍ഗ്രസിനുള്ള പങ്കാളിത്തത്തെ സംബന്ധിച്ചും രാജയെ മന്ത്രിയാക്കി നിലനിര്‍ത്തുന്നതില്‍ അവര്‍ക്കുള്ള താല്‍പര്യത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഈ രണ്ടു മാധ്യമ പ്രവര്‍ത്തകരും നീര റാഡിയയെ അറിയിക്കുന്ന സംഭാഷണശകലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭാഷണങ്ങള്‍ മാധ്യമങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി മാത്രമല്ല ചോദ്യമുയര്‍ത്തുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ വക്താക്കളായി ഇവര്‍ ഭരണതലത്തില്‍ നടത്തുന്ന ഇടപാടുകളെക്കുറിച്ചും ചോദ്യമുയര്‍ത്തുന്നു.

ഇന്നത്തെ രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമായുള്ള ബന്ധം ഏവര്‍ക്കും അറിയാവുന്നതാണ്. കേന്ദ്ര ഭരണകൂടത്തില്‍ പി ചിദംബരം മുതല്‍ രാഹുല്‍ഗാന്ധിവരെയുള്ള പല പ്രമുഖരും മാധ്യമങ്ങളുടെ കണ്ണിലുണ്ണികളാണ്. കരണ്‍ താപ്പര്‍, ബര്‍ഖാ ദത്ത്, രാജ്ദീപ് സര്‍ദേശായ്, പ്രണയ് റോയ് മുതലായവരുമായുള്ള അഭിമുഖം കൊതിക്കുന്ന രാഷ്ട്രീയക്കാരും പൊതു പ്രവര്‍ത്തകരും നിരവധിയാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ലഭിക്കുന്ന മാധ്യമപ്പുട്ടേജ് അവരുടെ അഖിലേന്ത്യാ ഇമേജ് നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിനോടൊപ്പം രാഷ്ട്രീയ പ്രചാരണത്തിനായി മാധ്യമങ്ങള്‍ വിലകൊടുത്തുള്ള വാര്‍ത്തകള്‍ (ുമശറ ിലം) പ്രസിദ്ധീകരിക്കാനാരംഭിച്ചതോടെ ഈ ബന്ധം വളരെ ശക്തമായി. റൂപര്‍ട്ട് മര്‍ഡോക്കും സി എന്‍ എന്നും മറ്റ് അന്താരാഷ്ട്ര കുത്തകകളും ഇന്ത്യന്‍ വിപണിയില്‍ കടന്നുവന്നതോടെ മാധ്യമങ്ങള്‍ ആഗോളവല്‍ക്കരണത്തിന്റെ ശക്തരായ വക്താക്കളായി. അതില്‍ വലിയ അത്ഭുതമില്ല. ലോക വ്യാപാരസംഘടന വെയ്ക്കുന്ന നിബന്ധനകളുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ത്യയുടെ അന്തരീക്ഷം മുഴുവനും കമ്യൂണിക്കേഷന്‍ ശൃംഖലകള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ വെള്ളിക്കരണ്ടികളുമായി വിലസുന്ന വരേണ്യവിഭാഗമായി മാറുന്നതും അതിനുശേഷമാണ്. സ്വാഭാവികമായും അവരെ വളര്‍ത്തിവലുതാക്കിയ ഒരു വ്യവസ്ഥയെ ന്യായീകരിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണല്ലോ.

മാധ്യമങ്ങള്‍ക്ക് കോര്‍പറേറ്റ് സ്വഭാവം കൈവന്നതോടെ അവര്‍ തമ്മിലുള്ള മത്സരവും ശക്തിപ്പെടും. ഭരണകൂടത്തിനകത്തും രാഷ്ട്രീയപാര്‍ടികള്‍ക്കുള്ളിലുമുള്ള ഒരു ചാരവലയത്തെ (മോളുകള്‍ എന്നവരെ വിളിക്കും) തീറ്റിപ്പോറ്റാന്‍ മാദ്ധ്യമങ്ങള്‍ ഉത്സാഹിച്ചു. വാര്‍ത്തകള്‍ കിട്ടാനായി എന്തും ചെയ്യുകയും അതിനിടയില്‍ ജീവന്‍ ബലികൊടുക്കുകയും ചെയ്ത ശിവാനി ഭട്നാഗറിനെപ്പോലുള്ളവര്‍ മാദ്ധ്യമ മത്സരത്തിന്റെ ഇരകളാണ്. മാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ സപ്ളൈചെയ്യുന്ന നെറ്റ്വര്‍ക്ക് ടീമുകള്‍ വളര്‍ന്നുവന്നു. അതില്‍ പലരും വെബ്മാഗസിനുകളും പുറത്തിറക്കി. ജയാജെറ്റ്ലിയുടെ കിടപ്പുമുറിയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെ കണ്ടെത്തിയ തെഹല്‍ക്കാ ഡോട്ട് കോം ഉദാഹരണമാണ്. അതിനുശേഷം തെഹല്‍ക്കയുടെ ഉടമ തരുണ്‍ തേജ്പാല്‍ സ്വയം ഒരു മാദ്ധ്യമ മേലാളനായി മാറുന്നതും നാം കണ്ടു.

ഇന്ന് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെമേല്‍ നിര്‍ണായക സ്വാധീനം നേടിക്കഴിഞ്ഞിരിക്കുന്നു. ഈ സ്വാധീനം ഏതാനും ഊര്‍ജ്ജസ്വലരായ മാധ്യമപ്രവര്‍ത്തകര്‍ നേര്‍വഴിയിലൂടെയും വളഞ്ഞ വഴിയിലൂടെയും സൃഷ്ടിക്കുന്ന സ്വാധീനം മാത്രമല്ല. ഇന്ന് മാധ്യമങ്ങളെയും വിവര വിനിമയത്തെയും മുഴുവന്‍ നിയന്ത്രിക്കുന്ന നെറ്റ്വര്‍ക്ക്-ഡിജിറ്റല്‍ ഘടനയുടെമേലുള്ള കോര്‍പ്പറേറ്റ് താല്‍പര്യങ്ങളാണ് ഈ മാധ്യമ നിയന്ത്രണത്തിന്റെ പ്രധാനഘടകം. സ്പെക്ട്രം രണ്ടാം തലമുറയുടെ ലൈസന്‍സുകള്‍ "ആദ്യം വന്നവര്‍ക്ക് ആദ്യം'' എന്ന രീതിയില്‍ നല്‍കാന്‍ തീരുമാനിച്ചപ്പോള്‍തന്നെ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വ്യക്തമായിരുന്നു. ലൈസന്‍സിന് അപേക്ഷകരായി ധാരാളം പേരുള്ളപ്പോള്‍ അത് ലേലംചെയ്യുന്നതാണ് നല്ലതെന്ന് അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനുപകരം അഴിമതിക്കുള്ള ഒരു സാധ്യതയായി ഈ അപേക്ഷകബാഹുല്യത്തെ കാണുകയാണ് ഭരണകൂടം ചെയ്തത്. അതിനോടൊപ്പം അഴിമതിയുടെയും ലൈസന്‍സിങ്ങിന്റെയും ഭാരത്തെ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരുടെ തലയില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു. അഴിമതി നടന്നിട്ട് രണ്ടുവര്‍ഷമായിട്ടും ഈ കാലയളവത്രയും അനങ്ങാപ്പാറനയമാണ് ഗവണ്‍മെന്റ് സ്വീകരിച്ചതും.

സ്വാഭാവികമായും നീര റാഡിയക്ക് അഴിമതിക്കാരെ നിലനിര്‍ത്തുന്നതിലുള്ള താല്‍പര്യം മനസ്സിലാക്കാം. ഇവര്‍ രണ്ടുവര്‍ഷം മുമ്പുതന്നെ പത്രങ്ങളില്‍ സ്ഥാനംപിടിച്ചതുമാണ്. അവരും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഭാഷണങ്ങളില്‍നിന്ന് മനസ്സിലാകുന്നത് വീര്‍ സംഘ്വിയും ബര്‍ഖാ ദത്തും അവരുടെ കയ്യിലുള്ള വിവരങ്ങള്‍ ഈ അഴിമതിയെ നിലനിര്‍ത്തുന്നതിനായി നല്‍കുകയിരുന്നുവെന്നാണ്. ഒരു ലാഭാധിഷ്ഠിത വ്യവസായത്തിന്റെ ഭാഗമാകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരാവുന്ന മാറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വിവരങ്ങള്‍ സമാഹരിച്ച് ജനങ്ങളിലെത്തിക്കുകയും അതുവഴി ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുകയും ചെയ്യുക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു വശമാണ്; വിവരങ്ങളെ ജനങ്ങളുടെ മുമ്പില്‍ തമസ്കരിക്കുകയും അതേ വിവരങ്ങള്‍ കോര്‍പറേറ്റ് ഏജന്റുമാരുടെ കൈകളിലെത്തിച്ച് അഴിമതിയെയും കോര്‍പ്പറേറ്റ് ആധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ്റൊരു വശവുമാണ്. ഇതില്‍ തികച്ചും ജനവിരുദ്ധമായ രണ്ടാമത്തെ വശമാണ് ഈ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്.

മാധ്യമങ്ങളുടെ നിലപാടുകളെ ഭരണവര്‍ഗ്ഗതാല്‍പര്യങ്ങളുമായി അനുരഞ്ജിപ്പിക്കുന്ന ഈ വെളിപ്പെടുത്തലിനെ കേരളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കുന്നുവെന്നതും പ്രധാനമാണ്. സ്പെക്ട്രം അഴിമതിയെ യെദ്യൂരപ്പയുടെ മക്കളുടെ ഭൂ വിനിയോഗക്കേസില്‍ മുക്കുന്ന മാധ്യമങ്ങളാണ് നമുക്കുള്ളത്. രണ്ടും അഴിമതിയാണ്. രണ്ടും ഒരുപോലെ എതിര്‍ക്കേണ്ടതാണ് എന്ന നിലപാടല്ല അവര്‍ സ്വീകരിക്കുന്നത്. എന്തിന് സ്പെക്ട്രം അഴിമതി മലയാളി മാധ്യമങ്ങള്‍ക്ക് അപ്രധാനമാകണം? പ്രധാനമന്ത്രിയടക്കമുള്ള ഭരണാധികാരികളില്‍ അതിന്റെ കുറ്റം ആരോപിക്കുന്നതുകൊണ്ടോ? അത്തരത്തിലുള്ള രാഷ്ട്രീയ പക്ഷപാതം നമ്മുടെ പ്രധാന മാധ്യമങ്ങള്‍ക്കെല്ലാമുണ്ടെന്നത് സുവിദിതമാണ്. പ്രശ്നം അവിടെയൊതുങ്ങുന്നില്ല. സ്വന്തം ഗണത്തില്‍പെട്ട രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണമുയരുമ്പോള്‍ അത് തമസ്കരിക്കുന്നത് എത്രമാത്രം ശരിയാണ്? സ്പെക്ട്രം അഴിമതി മാധ്യമങ്ങള്‍ക്ക് നേരിട്ടു താല്‍പര്യമുള്ള ടെലികോം വകുപ്പിലാണെന്നത് ഈ മൌനത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. അഴിമതിയെ എതിര്‍ക്കുമ്പോള്‍ അതിന് കൂട്ടുനിന്ന മാദ്ധ്യമ പ്രവര്‍ത്തകരെയും, അവര്‍ നല്‍കിയ വിവരങ്ങളുടെ ഗുണഭോക്താക്കളായ കോര്‍പറേറ്റ് കുത്തകകളെയും തള്ളിപ്പറയേണ്ടിവരും. അതിന് ചില മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണമെന്നില്ല. അതുകൊണ്ട് യദ്യൂരപ്പയും ഒരു മറയായി. ചില മാധ്യമങ്ങള്‍ എസ്എന്‍സി ലാവ്ലിനെയും സ്പെക്ട്രം അഴിമതിയെയും 'താരതമ്യപ്പെടുത്തി' ഒരു നാടകത്തിനും ശ്രമിക്കാതിരുന്നില്ല. ഇത്തരം വിദ്യകളിലൊന്നും വീര്‍ സിംഘ്വിയും ബര്‍ഖാദത്തും പുറത്തു വന്നതേയില്ല.

ഇത്തരം സര്‍ക്കസുകളിലൊന്നും താല്‍പര്യമില്ലാത്ത, ജനാധിപത്യ വാദികളായ മാധ്യമ പ്രവര്‍ത്തകര്‍ ഉണര്‍ന്നു ചിന്തിക്കേണ്ട ഘട്ടമാണിത്. കോര്‍പ്പറേറ്റ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചാലും ഇല്ലെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചുമതല ജനങ്ങളുടെ മുമ്പില്‍ വിവരമെത്തിക്കുക എന്നതും അവരെ യുക്തിസഹമായി വിവരങ്ങള്‍ വിലയിരുത്താന്‍ പഠിപ്പിക്കുക എന്നതുമാണ്. ഇതിന്റെ അര്‍ത്ഥം അഴിമതിക്കാര്‍ക്ക് ഒത്താശ ചെയ്യുക എന്നതല്ല. ഭരണകൂടത്തില്‍ നേരിട്ടും സ്വന്തം "ഇന്‍ഫോര്‍മര്‍'' വഴിയായും മാധ്യമങ്ങള്‍ചെലുത്തുന്ന സ്വാധീനം ഇന്ന് ദുരുപയോഗം ചെയ്യുവാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മടിയില്ല എന്നാണ് സ്പെക്ട്രം അഴിമതിയെ സംബന്ധിച്ച വിവരങ്ങള്‍ കാണിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ തള്ളിപ്പറയാന്‍ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകുമോ? കോര്‍പറേറ്റ് കുത്തകകള്‍ക്കുവേണ്ടി എന്തു വിടുപണിയും ചെയ്യാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ നെട്ടോട്ടം തുറന്നുകാണിക്കാന്‍ ജനാധിപത്യവാദികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയുമോ? അതിനുവേണ്ടി വാര്‍ത്തകള്‍ ചമയ്ക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന സംസ്കാരത്തില്‍നിന്ന് പിന്തിരിയാന്‍ അവര്‍ക്കു സാധിക്കുമോ?

*
ഡോ. കെ എന്‍ ഗണേശ് കടപ്പാട്: ചിന്ത വാരിക 2010 ഡിസംബര്‍ 3

6 comments:

വര്‍ക്കേഴ്സ് ഫോറം said...

മാധ്യമങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രധാന കാര്യകര്‍ത്താക്കളായി മാറുന്നത് അടുത്തകാലത്താണ്. മാധ്യമങ്ങളുടെമേല്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ നിയന്ത്രണം വളര്‍ന്നുവന്നതെങ്ങനെയെന്ന് റോബര്‍ട്ട് മക്ചെസ്നി തന്റെ ഗ്ളോബല്‍ മീഡിയയെക്കുറിച്ചുള്ള പഠനത്തില്‍ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാത്രമല്ല, വാര്‍ത്തകള്‍ ചമയ്ക്കുന്നതിലും വാര്‍ത്തകള്‍ക്കാധാരമായ വസ്തുതകള്‍ വരെ സൃഷ്ടിക്കുന്നതിലും മാദ്ധ്യമങ്ങള്‍ക്കുള്ള പങ്കും ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഏറ്റവും അവസാനമായി, ഇന്ത്യയെയാകമാനം പിടിച്ചുകുലുക്കിയ സ്പെക്ട്രം അഴിമതി പ്രശ്നത്തില്‍ വീര്‍ സിംഘ്വി, ബര്‍ഖാ ദത്ത് എന്നീ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തിന്റെ വിവരവും പുറത്തുവന്നിരിക്കുന്നു.

Anonymous said...

മദനിക്കെതിരെയുള്ള സാക്ഷിമൊഴികള്‍ വ്യാജമാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്ന കേരളീയ പത്റ പ്റവറ്‍ത്തക പഴയ ഏഷ്യാനെറ്റ്‌ വാറ്‍ത്താവായനക്കാരി ഷാഹിനയെ ഇപ്പോള്‍ മത്‌ മൌലിക വാദി ആക്കി ചിത്റീകരിക്കുന്നുണ്ടല്ലോ , ഈ കാര്യത്തില്‍ ഇടതു പക്ഷം എന്തേ മൌനം പുലറ്‍ത്തുന്നു, ആക്ച്വലി ഇനി ഷാഹിന ടെററിസ്റ്റ്‌ ആണോ?

Anonymous said...

ബറ്‍ഖാ ദത്തിണ്റ്റെ പത്മശ്രീ തിരിച്ചെടുക്കണം, അതു പ്റാഞ്ചി ഏട്ടനു കൊടുക്കണം

Unknown said...

ഈ മാധ്യമ ഭീകരതയുടെ മറ്റൊരു വശം കാണാന്‍ ഈ ബ്ലോഗ് ദയവാറ്യി സ്ന്ദര്‍ശിക്കുക പ്രതികരിക്കുക http://baijuvachanam.blogspot.com/2010/11/blog-post_27.html

*free* views said...

THe biggest victim of Media-corporate nexus is left parties and left movements. When left talks about media bias everyone thinks it is another conspiracy theory.

Media world over is corrupted by the corporate and most of them exist only to propogate what they want to say. There is also a media mafia threatening to "thejovadham" someone.

But media is also part of the society, when we have such bad system how can be expect them to be clean. I think people expect too much from media, when they themselves are so corrupt, why expect media to be angels?

Unknown said...

How did Bakhra Dutt get Padmashree Award ?
Please click on this link : http://www.youtube.com/watch?v=gjm_TOhNIxc&feature=player_embedded