Thursday, December 2, 2010

പോരാട്ടത്തിന്റെ അനുഭവസാക്ഷ്യങ്ങളുമായി

ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നത് ഇന്ത്യയിലെ യഥാര്‍ത്ഥ സ്ത്രീ ജീവിതം തൊട്ടറിയുന്ന അനുഭവമാണ് എന്നും നല്‍കിയിട്ടുള്ളത്. നവംബര്‍ 9 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍വെച്ചു നടന്ന ഒന്‍പതാം ദേശീയ സമ്മേളനത്തിന്റെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും തീവ്രതയും ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും ക്രൂരതകളും പുരുഷമേധാവിത്വത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ തീക്ഷ്ണാനുഭവങ്ങളും സമ്മേളനത്തില്‍ സ്ത്രീകള്‍ പങ്കുവെച്ചു. ആഗോളവത്കരണ സാമ്പത്തിക നയങ്ങളോടും സാമ്രാജ്യത്വ കയ്യേറ്റങ്ങളോടും സമ്പൂര്‍ണ വിധേയത്വം പുലര്‍ത്തുന്ന ഭരണവര്‍ഗ്ഗത്തിന്റെ ജനവിരുദ്ധവും അഴിമതിനിറഞ്ഞതുമായ നയങ്ങളുടെ ആഘാതങ്ങള്‍ സ്വന്തം ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് അവര്‍ വിവരിച്ചു. വിവേചനങ്ങളും അതിക്രമങ്ങളുംകൊണ്ട് കൂടുതല്‍ അസമമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ ഭൂപടമാണ് നാലുദിവസത്തെ ചര്‍ച്ചകളിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ വരച്ചുകാട്ടിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ സ്ത്രീകളുടെ അവസ്ഥ എത്ര സങ്കീര്‍ണമാണ് എന്ന് ജാഗ്രതപ്പെടുത്തുന്നതായിരുന്നു അത്.
23 സംസ്ഥാനങ്ങളിലായി ഒരു കോടി ഇരുപതുലക്ഷം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള സംഘടനയാണ് മഹിളാ അസോസിയേഷന്‍ (ഐഡ്വ). ഇതില്‍ ബഹുഭൂരിപക്ഷവും വളരെ സാധാരണക്കാരായ സ്ത്രീകളാണ്. എല്ലാ ജാതി മത വിഭാഗത്തില്‍പെട്ടവരും ഐഡ്വയില്‍ അംഗങ്ങളായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീകള്‍ നേരിടുന്ന വൈവിദ്ധ്യമാര്‍ന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് അതിനടിസ്ഥാനമായിട്ടുള്ള കാരണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുകയും പരിഹാരം കാണുകയും ചെയ്യുകയെന്ന ഉത്തരവാദിത്വമാണ് ഐഡ്വ ഏറ്റെടുത്തിട്ടുള്ളത്. പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരവും ആശ്വാസവും തേടുമ്പോള്‍തന്നെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന എല്ലാ അധികാര ബന്ധങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള വിപുലമായ പോരാട്ടംകൂടി ഐഡ്വ ലക്ഷ്യമാക്കുന്നുണ്ട്. ഐഡ്വയെപ്പോലുള്ള മഹിളാപ്രസ്ഥാനത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് ബൃന്ദകാരാട്ട് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ സ്ത്രീ പ്രശ്നത്തിന്റെ രാഷ്ട്രീയത്തിനാണ് ഊന്നല്‍ നല്‍കിയത്. സ്ത്രീകള്‍ ഏതു സാമൂഹ്യ സാമ്പത്തിക സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന പരിശോധന സ്ത്രീകളെ സംഘടിപ്പിക്കുമ്പോള്‍ പ്രധാനമാണ്. കോടിക്കണക്കിന് സ്ത്രീകള്‍ ദാരിദ്ര്യത്തിന്റെ ദുരിതം പേറുന്ന ഇന്ത്യയില്‍ ഇവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെ എങ്ങനെ ഒരു മഹിളാപ്രസ്ഥാനത്തിന് സ്ത്രീകളെ സംഘടിപ്പിക്കാനാകും? സ്ത്രീകള്‍ ദൈനംദിന ജീവിതത്തില്‍ നേരിടുന്ന ചൂഷണവും ദുരിതങ്ങളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതാണ് ഐഡ്വയുടെ സവിശേഷത എന്ന് ബൃന്ദ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടുവെന്ന പ്രചരണം മറുഭാഗത്തു നടക്കുന്നുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങളെ കേവലം വ്യക്തിപരവും ഒറ്റപ്പെട്ടതുമായ പ്രശ്നങ്ങളായി സമീപിക്കുകയും പ്രശ്നങ്ങള്‍ക്ക് ഹേതുവായ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇന്ന് വ്യാപകമായിട്ടുള്ളത്. പുത്തന്‍ ഉദാരവത്കരണനയങ്ങള്‍ സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇരകളാക്കുന്ന പുതിയ കമ്പോളങ്ങളെ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നു. അതേസമയം ജനാധിപത്യം നേടി 63 വര്‍ഷം കഴിഞ്ഞിട്ടും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ അവകാശമില്ലാതെ ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീകളും പുരുഷന്മാരും കൊലചെയ്യപ്പെടുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നു. ഇത്തരം പ്രശ്നങ്ങളുടെ രാഷ്ട്രീയത്തെ ചോദ്യംചെയ്യാതെ ഇവയെ നേരിടാനാകില്ല എന്ന് ബൃന്ദ ചൂണ്ടിക്കാണിച്ചു.

ഐഡ്വയുടെ ദേശീയ സമ്മേളനവേദികളുടെ സവിശേഷത അത് എല്ലാത്തവണയും പോരാട്ടങ്ങളുടെ അനുഭവസാക്ഷ്യങ്ങളുടെ നേര്‍ക്കാഴ്ച പ്രതിനിധികള്‍ക്കു നല്‍കുന്നു എന്നതാണ്. അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും ഇറാനിലെയുമെല്ലാം വനിതാ പോരാളികളെയും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ധീരരായ സ്ത്രീകളെയും ഇതിനുമുമ്പുനടന്ന പല സമ്മേളനങ്ങളിലായി പങ്കെടുപ്പിക്കുന്നതിന് ഐഡ്വയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് പോരാട്ടങ്ങളുടെ തീവ്ര അനുഭവങ്ങളുമായി വന്ന ആറു സ്ത്രീകളാണ് സമ്മേളനത്തിനുമുന്നില്‍ ആവേശമായത്. മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ അനുഭവം പങ്കുവെച്ച ലാല്‍ഗഢില്‍നിന്നുള്ള ഫൂലോറമണ്ഡല്‍ പശ്ചിമ മിഡ്നാപ്പൂര്‍ ഐഡ്വ ജില്ലാ സെക്രട്ടറിയാണ്. ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ സങ്കടങ്ങളെല്ലാം സഹിച്ചുകൊണ്ട് ജീവനൊഴിച്ച് സകലതും നഷ്ടപ്പെട്ട് ഗ്രാമത്തില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അനുഭവങ്ങളാണ് ഫൂലോറ അവതരിപ്പിച്ചത്.

ജീവിതോപാധികള്‍ മാത്രമല്ല, ജീവിതംതന്നെ കവര്‍ന്നെടുക്കപ്പെടുന്ന അനുഭവങ്ങളുമായിട്ടാണ് ആന്ധ്രാപ്രദേശില്‍നിന്നുള്ള ശാന്തി വന്നത്. വമ്പന്‍ ഖനി മുതലാളിമാരുടെ അത്യാര്‍ത്തിയില്‍ ആദിവാസി ജീവിതം തകര്‍ക്കപ്പെടുന്നതും അതിനെതിരെ ആദിവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പും ശാന്തി വിവരിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള പൊന്നുത്തായി അയിത്തത്തിനെതിരെ സിപിഐ എമ്മും ഡിവൈഎഫ്ഐയും ഐഡ്വയും ചേര്‍ന്നു നടത്തുന്ന സമരങ്ങളുടെ മുന്നണിപ്പോരാളിതന്നെയാണ്. മേല്‍ ജാതിക്കാരുടെയും പൊലീസിന്റെയും മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടു നടത്തുന്ന ജാതിമതിലുകള്‍ക്കും കോട്ടകള്‍ക്കും എതിരായ സമരം സ്ത്രീ വിമോചനസമരത്തിന്റെ ഭാഗംതന്നെയാണെന്ന രാഷ്ട്രീയമാണ് പൊന്നുത്തായി ആവര്‍ത്തിച്ചുറപ്പിച്ചത്.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും സ്ത്രീകളോടുള്ള അതിക്രമത്തിന്റെയും ദളിതരോടുള്ള വിവേചനത്തിന്റെയുമെല്ലാം കാര്യത്തിലും രാജ്യത്തൊന്നാമതാണെന്ന യാഥാര്‍ത്ഥ്യമാണ് യുപിയില്‍നിന്നുള്ളവരുടെ ചര്‍ച്ചകളെല്ലാം വെളിപ്പെടുത്തിയത്. പോരാട്ടത്തിന്റെ അനുഭവവുമായി സമ്മേളനത്തില്‍ യുപിയില്‍നിന്നുള്ള ലല്ലിദേവി പങ്കെടുത്തിരുന്നു. ദളിതയായ ലല്ലിദേവി സംസാരിച്ചു തുടങ്ങിയപ്പോള്‍ വാക്കുകള്‍ക്കുവേണ്ടി തപ്പിത്തടഞ്ഞെങ്കിലും താനുള്‍പ്പെടെയുള്ള ദളിതര്‍ നേരിടുന്ന തീക്ഷ്ണമായ അനുഭവങ്ങള്‍ പറഞ്ഞുതുടങ്ങിയതോടെ വല്ലാത്തൊരു ഊര്‍ജ്ജം അവരുടെ വാക്കുകളിലും ശബ്ദത്തിലും നിറഞ്ഞു. കയറിക്കിടക്കാന്‍ ഒരു കൂരയ്ക്കുവേണ്ടി കൊതിച്ച ലല്ലിദേവി ഇന്ദിര ആവാസ് യോജനയിലൂടെ തനിക്ക് അനുവദിച്ച പണംകൊണ്ട് ഒരു മുറി പണിതു. ദളിതര്‍ക്ക് കല്ലും സിമന്റും കൊണ്ട് വീടുണ്ടാക്കാന്‍ എന്തവകാശം എന്നു ചോദിച്ച ജാതി പ്രമാണിമാര്‍ക്കുമുന്നില്‍ തോറ്റുകൊടുക്കാതെയാണ് ലല്ലിദേവി വീടുണ്ടാക്കിയത്. ഒറ്റമുറി വീടിന്റെ അഹങ്കാരം പൊറുക്കാനാവാതെ മേല്‍ജാതി പ്രമാണിമാരുടെ ഗുണ്ടകള്‍വന്ന് ലല്ലിദേവിയെ നഗ്നയാക്കി മര്‍ദ്ദിക്കുകയും അവരുടെമേല്‍ മൂത്രമൊഴിക്കുകയും ചെയ്തു. ഇതിനെതിരെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു പ്രയോജനവുമുണ്ടായിട്ടില്ല. ദളിതരുടെ രക്ഷയ്ക്കെന്നപേരില്‍ ഭരണം നടത്തുന്ന മായാവതിയുടെ ബിഎസ്പി സര്‍ക്കാര്‍ ദളിതരുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖംതിരിച്ചുനില്‍ക്കുന്ന അനുഭവങ്ങളാണ് ലല്ലിദേവി വിവരിച്ചത്.

ഹരിയാനയില്‍നിന്നുള്ള മുകേശും ത്രിപുരയില്‍നിന്നുള്ള പര്‍വീണയും അതിജീവനത്തിന്റെയും പോരാട്ട വിജയത്തിന്റെയും ആവേശവും പ്രതീക്ഷയും പങ്കുവെച്ചു. ഹരിയാനയില്‍നിന്നുള്ള മുകേശ് സമുദായ അഭിമാനത്തിന്റെപേരില്‍ കൊലചെയ്യപ്പെട്ട അനേകം പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന അനുഭവങ്ങളും അത്തരമൊരു ഇരയാകുന്നതില്‍നിന്ന് താനെങ്ങനെ രക്ഷപെട്ടുവെന്ന ആവേശകരമായ അനുഭവവുമാണ് വിവരിച്ചത്. നാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളും പുരുഷാധിപത്യമൂല്യങ്ങളും ഒരു ഭാഗത്തും പുത്തന്‍ മുതലാളിത്തത്തിന്റെ ചൂഷണം മറുഭാഗത്തും നേരിടുന്ന ശരാശരി ഇന്ത്യന്‍ സ്ത്രീയുടെ അവസ്ഥ മുകേശിന്റെ വാക്കുകളില്‍ തെളിഞ്ഞു. എന്നാല്‍ മുകേശ് തോറ്റുപിന്മാറില്ല എന്ന് പ്രഖ്യാപിക്കാന്‍ തന്റേടം കാണിക്കുന്ന പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് സമ്മേളന വേദിയില്‍നിന്നത്. ജീവിക്കണമെങ്കില്‍ പോരാടണം. പോരാടി വിജയിക്കണം എന്ന സന്ദേശമാണ് മുകേശിന്റെ ജീവിതം കോടിക്കണക്കായ സ്ത്രീകള്‍ക്ക് നല്‍കുന്നത്. ത്രിപുരയില്‍നിന്നുള്ള പര്‍വീണ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴും സിപിഐഎമ്മിന്റെയും ഐഡ്വയുടെയും പിന്തുണയോടെ താനടക്കം നിരവധി സ്ത്രീകള്‍ രാഷ്ട്രീയരംഗത്തേക്കും ഭരണരംഗത്തേക്കും കടന്നുവന്നതിന്റെ അനുഭവമാണ് പര്‍വീണ പങ്കുവെച്ചത്. വനിതാസംവരണ ബില്ലിനെ ദുര്‍ബലമാക്കാന്‍ ജാതിക്കുള്ളില്‍ സംവരണവും മുസ്ളീം വനിതാ സംവരണവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരവും വെളിവാക്കുന്നതായിരുന്നു പര്‍വീണയുടെ അനുഭവം. സ്ത്രീ മുന്നേറ്റത്തിനായുള്ള ഇടതുപക്ഷ പാര്‍ടികളുടെ രാഷ്ട്രീയ പ്രതിബദ്ധതയുടെ പ്രതിഫലനമായിട്ടാണ് ത്രിപുരയിലെയും പശ്ചിമബംഗാളിലെയും കേരളത്തിലെയും തദ്ദേശ ഭരണ രംഗത്തെ സ്ത്രീശാക്തീകരണത്തിന്റെ മാതൃകകളെ കാണേണ്ടതെന്ന വസ്തുതയ്ക്ക് അടിവരയിട്ടു ഈ വാക്കുകള്‍.

ആഗോളമായിത്തന്നെ സമകാലിക സമൂഹത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈവിദ്ധ പൂര്‍ണ്ണമായ അവസ്ഥകളും വെല്ലുവിളികളും ചര്‍ച്ചചെയ്യുന്നതായിരുന്നു ജനറല്‍സെക്രട്ടറി സുധാസുന്ദരരാമന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ആഗോളസാമ്പത്തികമാന്ദ്യം ഏറ്റവുമധികം തൊഴിലില്ലായ്മയും തൊഴില്‍ കുഴപ്പങ്ങളും സൃഷ്ടിച്ചത് സ്ത്രീകള്‍ക്കിടയിലാണെങ്കിലും സുരക്ഷാപാക്കേജുകളുടെയൊന്നും ഗുണഭോക്താക്കളായി സ്ത്രീകളെ അമേരിക്കന്‍ ഭരണകൂടമോ തൊഴിലുടമകളോ കണ്ടില്ലയെന്നത് വര്‍ദ്ധിക്കുന്ന സ്ത്രീ തൊഴിലില്ലായ്മയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സാര്‍വദേശീയ റിപ്പോര്‍ട്ട് വിവരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി വര്‍ദ്ധിക്കുന്ന ദാരിദ്ര്യവും യുദ്ധത്തിന്റെയും മതമൌലികവാദത്തിന്റെയും ആക്രമണങ്ങളും സാമ്രാജ്യത്വ കയ്യേറ്റത്തില്‍ നഷ്ടപ്പെടുന്ന ജീവിതസുരക്ഷിതത്വവുമാണ് വര്‍ത്തമാന സ്ത്രീ ജീവിതത്തിന്റെ ആഗോളചിത്രം നല്‍കുന്ന അനുഭവം.

ഇന്ത്യയില്‍ പട്ടിണിയിലേക്കു തള്ളിവീഴ്ത്തപ്പെട്ടിരിക്കുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ഏറ്റെടുക്കുന്ന കുടുംബ ഉത്തരവാദിത്വവും കൂലി കുറഞ്ഞ അധ്വാനവും സ്ത്രീകളുടെ തകരുന്ന ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍പോലും ഭക്ഷ്യ വിതരണത്തെ ദുര്‍ബലമാക്കുന്ന സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനിടയില്‍ ഐഡ്വ ഏറ്റവും ശക്തമായ സമരങ്ങളാണ് ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി നടത്തിയിട്ടുള്ളത്. വര്‍ദ്ധിക്കുന്ന വിലക്കയറ്റം ദൈനംദിന ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വനിതാ സംവരണബില്‍ 14 വര്‍ഷത്തിനുശേഷവും യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള രാഷ്ട്രീയ പ്രതിബദ്ധത കോണ്‍ഗ്രസ് കാണിക്കുന്നില്ല. ഈ സാഹചര്യത്തില്‍ അധികാര സ്ഥാനങ്ങളിലുള്‍പ്പെടെ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം നടപ്പാക്കിയ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ജനറല്‍സെക്രട്ടറി അഭിനന്ദിച്ചു.

23 സംസ്ഥാനങ്ങളില്‍നിന്നായി നാല്‍പതിലേറെ പ്രതിനിധികള്‍ പങ്കെടുത്ത പൊതു ചര്‍ച്ച ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ പരിഛേദം കാഴ്ചവെച്ചു. ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും അതിക്രമങ്ങളുടെയും രാഷ്ട്രീയം വിലയിരുത്തിക്കൊണ്ടുള്ള ചര്‍ച്ചകളാണ് നടന്നത്. ആദിവാസി ഭൂസമരത്തിന്റെ വേദിയില്‍നിന്നും തൊഴിലുറപ്പു പദ്ധതിയില്‍ കൂലികൊടുക്കാതെ പണിയെടുപ്പിക്കുന്ന രാജസ്ഥാനില്‍ ഐഡ്വ നടത്തുന്ന സമരരംഗത്തുനിന്നും പോരാളികള്‍ അവരുടെ തീക്ഷ്ണമായ അനുഭവം പങ്കുവെച്ചു. കര്‍ണാടകയിലും ഒറീസയിലും ആന്ധ്രയിലും ബിജെപിയെയും കോണ്‍ഗ്രസിനെയും മറ്റും ഒരുപോലെ തീറ്റിപ്പോറ്റുകയും ഭരണത്തില്‍ കുതിരക്കച്ചവടം നടത്തുകയും ചയ്യുന്ന ഖനി മുതലാളിമാരുടെയും ഭരണക്കാരുടെയും കയ്യേറ്റങ്ങളെക്കുറിച്ച് ഈ സംസ്ഥാനങ്ങളില്‍നിന്ന് പങ്കെടുത്തവര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. വര്‍ഗ്ഗ-ജാതി-ലിംഗ വിവേചനങ്ങളാല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്ന ഇന്ത്യന്‍ സ്ത്രീയുടെ വിമോചനത്തിന് ഇവയ്ക്കെതിരായ രാഷ്ട്രീയ സമരമല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഐഡ്വ സമ്മേളനത്തിലുയര്‍ന്ന ഓരോ ശബ്ദവും.

സമ്മേളനത്തെയാകെ പിടിച്ചിരുത്തിയ സാന്നിദ്ധ്യമായിരുന്നു ജമ്മുകാശ്മീരില്‍നിന്നുള്ള ബില്‍ക്കീസിന്റേതും മണിപ്പൂരില്‍നിന്നുള്ള നാലു പ്രതിനിധികളുടേതും. രാജ്യ സുരക്ഷയുടെ പേരില്‍ ആര്‍മിക്കു നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ ഒരു ഭാഗത്തു സാധാരണ പൌരന്മാരുടെ, വിശേഷിച്ച് സ്ത്രീകളുടെ സ്വൈരജീവിതത്തെ തകര്‍ക്കുമ്പോള്‍ മറുഭാഗത്ത് തീവ്രവാദികളുടെയും മതമൌലികവാദികളുടെയും ആക്രമണം ജീവനുതന്നെ ഭീഷണിയാകുന്നതാണ് ജമ്മുകാശ്മീരിന്റെയും മണിപ്പൂരിന്റെയും അനുഭവങ്ങള്‍ കാണിക്കുന്നത്. ഇറോം ശാര്‍മ്മിളയുടെ നിരാഹാര സത്യഗ്രഹത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മണിപ്പൂരില്‍നിന്നുള്ള പ്രതിനിധി മണിപ്പൂരില്‍ സ്ത്രീകളുടെ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. കാശ്മീരില്‍നിന്നുള്ള ബില്‍ക്കീസ് ജീവിതം തോക്കിന്റെ മുള്‍മുനയില്‍ ജീവിച്ചുതീര്‍ക്കേണ്ടിവരുമ്പോഴും ജനാധിപത്യത്തിനും വികസനത്തിനും വേണ്ടിയുള്ള പുതിയ തലമുറയുടെ പ്രതീക്ഷയും ആവേശവും പങ്കുവെച്ചു.

ഏഴു കമ്മീഷനുകളിലായി മാവോയിസ്റ്റ് ആക്രമണവും സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നങ്ങളും നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ സ്ത്രീ പ്രശ്നങ്ങളും ആഗോള സാമ്പത്തിക പ്രതിസന്ധിയും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ രാഷ്ട്രീയവും പെണ്‍കുഞ്ഞുങ്ങളുടെ പ്രശ്നങ്ങളും സ്ത്രീകളും നിയമങ്ങളും പ്രതിനിധികള്‍ ചര്‍ച്ചചെയ്തു. ഈ വിഷയങ്ങളോരോന്നും തങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് പ്രതിനിധികള്‍ ചര്‍ച്ചചെയ്തത്. കമ്മീഷന്‍ പേപ്പറുകളുടെമേല്‍ നടന്ന ചര്‍ച്ചയുടെ ക്രോഡീകരണത്തില്‍ ഈ അനുഭവങ്ങളുടെ വൈവിധ്യവും പ്രാധാന്യവും അവതരിപ്പിക്കപ്പെട്ടു.

ഒന്‍പതാം ദേശീയ സമ്മേളനത്തിന് കാണ്‍പൂര്‍ വേദിയായതിനുപിന്നിലുള്ള ഏറ്റവും വലിയ പ്രേരണ ഐഡ്വയുടെ സ്ഥാപക നേതാവും സ്വാതന്ത്ര്യസമരധീരനായികയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുമായ ക്യാപ്റ്റന്‍ ലക്ഷ്മി സെയ്ഗാളാണ്. തൊണ്ണൂറ്റാറാം വയസിലും സമരത്തിന്റെ ആവേശം പുതിയ തലമുറയിലേക്ക് പകരാന്‍ ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സാന്നിദ്ധ്യത്തിനു കഴിഞ്ഞു. തന്റെ പ്രസംഗം തുടങ്ങിക്കൊണ്ട് ബൃന്ദ പറഞ്ഞത് സമരം മുന്നോട്ട് നയിക്കുമ്പോള്‍ നമുക്ക് ചരിത്രത്തെക്കുറിച്ച് അറിവും ബോധ്യവുമുണ്ടാകണം എന്നാണ്. ഇന്ത്യയിലെ സ്ത്രീ വിമോചനസമരത്തിന്റെയും സ്വാതന്ത്യ്ര പോരാട്ടത്തിന്റെയും ചരിത്രം സൃഷ്ടിച്ച ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സാന്നിദ്ധ്യത്തില്‍ ബൃന്ദയുടെ വാക്കുകള്‍ക്ക് അര്‍ത്ഥവും ആഴവും ഏറെയായിരുന്നു. ഇന്ത്യയില്‍ നാനാവിധ ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരാകുന്ന കോടിക്കണക്കായ സ്ത്രീകളെ സംഘടിപ്പിക്കുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്വവും എല്ലാ ജാതിമത വിഭാഗത്തിലുംപെട്ട സ്ത്രീകള്‍ നേരിടുന്ന വൈവിദ്ധ്യപൂര്‍ണ്ണമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനുള്ള ആര്‍ജ്ജവവും ഏറ്റെടുത്തുകൊണ്ട് സംഘടനയെ കൂടുതല്‍ ശക്തമാക്കണമെന്ന സന്ദേശമാണ് 9-ാം ദേശീയ സമ്മേളനം നല്‍കിയത്. വിവേചനങ്ങള്‍ക്കും തിരിച്ചടികള്‍ക്കും നടുവിലും പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പ്രഖ്യാപനങ്ങളാണ് ജീവിതത്തിന്റെ അനുഭവങ്ങളിലൂടെ സ്ത്രീകള്‍ ഉയര്‍ത്തിയത്.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാരിക 03 ഡിസംബര്‍ 2010

സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ thunderbolt ബ്ലോഗില്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആള്‍ ഇന്ത്യാ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നത് ഇന്ത്യയിലെ യഥാര്‍ത്ഥ സ്ത്രീ ജീവിതം തൊട്ടറിയുന്ന അനുഭവമാണ് എന്നും നല്‍കിയിട്ടുള്ളത്. നവംബര്‍ 9 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍വെച്ചു നടന്ന ഒന്‍പതാം ദേശീയ സമ്മേളനത്തിന്റെ അനുഭവവും വ്യത്യസ്തമായിരുന്നില്ല. ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും തീവ്രതയും ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും ക്രൂരതകളും പുരുഷമേധാവിത്വത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ തീക്ഷ്ണാനുഭവങ്ങളും സമ്മേളനത്തില്‍ സ്ത്രീകള്‍ പങ്കുവെച്ചു. ആഗോളവത്കരണ സാമ്പത്തിക നയങ്ങളോടും സാമ്രാജ്യത്വ കയ്യേറ്റങ്ങളോടും സമ്പൂര്‍ണ വിധേയത്വം പുലര്‍ത്തുന്ന ഭരണവര്‍ഗ്ഗത്തിന്റെ ജനവിരുദ്ധവും അഴിമതിനിറഞ്ഞതുമായ നയങ്ങളുടെ ആഘാതങ്ങള്‍ സ്വന്തം ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് അവര്‍ വിവരിച്ചു. വിവേചനങ്ങളും അതിക്രമങ്ങളുംകൊണ്ട് കൂടുതല്‍ അസമമായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിലെ ഭൂപടമാണ് നാലുദിവസത്തെ ചര്‍ച്ചകളിലൂടെ സാധാരണക്കാരായ സ്ത്രീകള്‍ വരച്ചുകാട്ടിയത്. ഇന്ത്യന്‍ സമൂഹത്തിന്റെ സ്ത്രീകളുടെ അവസ്ഥ എത്ര സങ്കീര്‍ണമാണ് എന്ന് ജാഗ്രതപ്പെടുത്തുന്നതായിരുന്നു അത്.