Wednesday, December 15, 2010

പത്രാധിപരെ തേടാത്ത കവിതകള്‍

കുറച്ചുമുമ്പ് ഒരു പുസ്തകം കണ്ടതോര്‍ക്കുന്നു. 'പത്രാധിപര്‍ തിരിച്ചയച്ച കൃതികള്‍.' ബാവ താനൂരിന്റേതായിരുന്നു എന്നാണോര്‍മ. പത്രാധിപര്‍ തിരിച്ചയച്ചിട്ടും ആ കവിതകള്‍ പുസ്തകമാക്കാന്‍ ബാവ തീരുമാനിച്ചു എന്നത് കാണിക്കുന്നത് ബാവയ്ക്ക് തന്റെ കവിതകളിലുള്ള ആത്മവിശ്വാസം തന്നെയാണ്. പുസ്തകത്തിന്റെ പേരില്‍തന്നെ ഇവ പത്രാധിപന്മാരാല്‍ തിരിച്ചയക്കപ്പെട്ടതാണെന്നുകൂടി പ്രഖ്യാപിക്കുന്നതിലൂടെ പത്രാധിപര്‍ എന്ന പൊതു സംജ്ഞകൊണ്ട് മനസ്സിലാക്കുന്ന സമൂഹത്തോട് ഒരു വെല്ലുവിളി ഉയര്‍ത്തുകകൂടി ചെയ്യുന്നു, ബാവ.

ഒരു കവിത എവിടെയോ ആരുടെ മനസ്സിലോ മുളപൊട്ടുന്നു. അത് വാക്കുകളിലായി, വരികളിലായി സാക്ഷാത്കരിക്കപ്പെടുന്നു. ഇതറിയാതെ ഒരു വായനക്കാരന്‍ കാത്തിരിപ്പുണ്ട്. ഇവരുടെ ഇടയില്‍ വലിയൊരു കടലാണുള്ളത്. പരസ്പരാപരിചിതത്വത്തിന്റേതായ ഒരു കടല്‍. ഈ കടലില്‍ ഒരു പാലം തീര്‍ക്കുക എന്നതാണ് ഒരു പത്രാധിപരുടെ ദൌത്യം, ധര്‍മം. ഇത് പലപ്പോഴും സംഭവിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. പ്രത്യേകിച്ചും കുറച്ചുകാലമായി മലയാളത്തിലെ ആനുകാലികങ്ങളില്‍വരുന്ന കവിതകളും ബ്ളോഗുകളില്‍ വരുന്ന കവിതകളും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത ഉള്ളില്‍ നിറയുന്നു.

ഓരോ വാക്കും വരിയും തൊടുക്കപ്പെടുന്നത് അജ്ഞാതനായൊരു വായനക്കാരനെ /വായനക്കാരിയെ ഉന്നമാക്കിയാണ്. ഇത് കൃത്യമായും ശരിയാകുന്നത് കവിതയുടെ കാര്യത്തിലാണ്. ഒരു കഥയോ നോവലോ ലക്ഷ്യം വെക്കുന്നത് ഒരു വലിയ വായനാ സമൂഹത്തെയാണ്. കവിതയാകട്ടെ ഏതോ ഒരു വായനക്കാരന്റെ ഉള്‍ക്കാതുകളെ ലക്ഷ്യമാക്കിയുള്ള ഒരു സ്വകാര്യം ആയാണ് രൂപംകൊള്ളുന്നത്. ഇപ്പറഞ്ഞതിന് പൂര്‍ണാര്‍ഥം കൈവരുന്നു, ബ്ളോഗ് കവിതകളില്‍.

സ്മിത മീനാക്ഷി 'നീയും ഞാനും' എന്ന കവിതയില്‍ എഴുതുന്നു.

'ഞാന്‍ നിന്നെയും
നീ എന്നെയും വായിക്കുമ്പോള്‍
അക്ഷരത്തെറ്റുകള്‍
പരിഭവിച്ചും പറഞ്ഞും മുന്നേറുമ്പോള്‍
ഇത്, ചിതലരിച്ചു ദ്രവിച്ചൊരു വാക്കെന്ന് ഞാന്‍
ഇവിടിതാ പരമ്പരാഗത ചിന്താവഴിയില്‍നിന്ന്
കടമെടുത്തൊരു വരിയെന്ന് നീ...

വായിക്കുന്ന ഓരോ 'നീയും ഞാനും' അക്ഷരത്തെറ്റുകള്‍ അവരുടേതായി അനുഭവിക്കുന്നു. അതൊരിക്കലും ഞങ്ങളുടേതും നിങ്ങളുടേതുമല്ല. അത് ഓരോരുത്തരുടെയും സ്വകാര്യ അനുഭവമാകുന്നു. അക്ഷരത്തെറ്റുകള്‍ വരുത്താത്തവരായി ഏറെ പേര്‍ ഉണ്ടാവാനിടയില്ലല്ലോ.

സ്മിതയുടെതന്നെ 'വേലി' എന്ന കവിത നോക്കുക:

'വേലി
അതിരിലെ അവകാശ പ്രഖ്യാപനം
മറവിന്റെ ഹരിതക നിര്‍മിതി
പിന്നെ
സ്വാതന്ത്ര്യത്തിന്റെ നിലവിളിയും'

വേലി അത് മണ്ണിലായാലും മനസ്സിലായാലും സ്വാതന്ത്ര്യത്തിന്റെ നിലവിളി തന്നെ. എന്നാല്‍ വേലിയെ നുഴഞ്ഞുകയറ്റവും വേലിചാട്ടവുമായി ചേര്‍ത്തുവെക്കുമ്പോള്‍ അത് വ്യക്തിയുടെ സൂക്ഷ്മജീവിതവുമായി ബന്ധപ്പെടുന്ന ഒന്നായി മാറുന്നു.

സ്മിതയുടെ തന്നെ 'തനിച്ച്' എന്ന കവിതയും നഗരത്തിരക്കില്‍ തനിച്ചായി പോകുന്ന ഒരു വ്യക്തിയുടെ സ്വകാര്യ സങ്കടങ്ങള്‍ തന്നെ.

'തനിച്ചാണ്,
നഗരമധ്യത്തിലെ
തിരക്കിന്റെ തിരകളെടുത്തുപോയ
പഴയ തുരുത്തില്‍തന്നെ...
പിന്നിലളന്ന ദൂരങ്ങളത്രയും
മറവിയില്‍ കളഞ്ഞുപോയി'

കാഴ്ചക്കൊരു കാക്കച്ചിറകിന്റെ ഇരുള്‍പോലുമില്ലാതെ, കണ്ണില്‍ തിമിരമാകുന്ന വെളിച്ചം മാത്രം പകരുന്ന നഗരം. പറയുന്നത് ഒരു വ്യക്തിയുടെ കാര്യമാവുമ്പോഴും അത് ഒരുപാട് വ്യക്തികളുടേതായി മാറുന്നു.

മുംബൈ നഗരത്തിന്റെ നിരവധി കാഴ്ചകള്‍ വളരെ സൂക്ഷ്മതയോടെ, കാവ്യാത്മകമായി സന്നിവേശിപ്പിച്ച വാങ്മയ ചിത്രങ്ങളുമായാണ് സന്തോഷ് പല്ലശ്ശന ബ്ളോഗില്‍ നിലകൊള്ളുന്നത്. പക്ഷേ ഈ ചിത്രങ്ങളിലൂടെ മറ്റേതൊരു നഗരത്തിന്റെയും അതിലെ മനുഷ്യരുടെയും അതിലേറെ അതിലൂടെ മനുഷ്യന്റെ പൊതുവായ അവസ്ഥ തന്നെയാണ് സന്തോഷ് പറയുന്നത്. തന്റെ 'ദ റോഡ് ടു ചര്‍ച്ച്ഗേറ്റ്' എന്ന കവിതയില്‍ നഗരത്തിന്റെ ഒരിക്കലും വറ്റാത്ത ഉടലൊഴുക്കിനെ ശക്തിയായി വരച്ചിടുന്നു, സന്തോഷ് പല്ലശ്ശന.

'കരയല്ലേ കരയല്ലേ നഗരമേയെന്ന്
ശബ്ദമില്ലാതെ ഒഴുകാന്‍ വിടാം
ഈ ഉടല്‍നദിയില്‍
നമ്മുടെ ഉടലിനെ'

മുംബൈ നഗരത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചവര്‍ക്കറിയാം ഉടല്‍ നദിയുടെ ഒഴുക്കും പരപ്പും. ഉടല്‍നദിയില്‍ സ്വയം ഒഴുകിത്തീരുന്നവനാണ് ഒരു ശരാശരി മുംബൈ വാസി. 'ഉടലൊഴുക്കുണ്ട് ഒരു വേനലിലും വറ്റാത്ത ഈ ജീവപ്പരപ്പിന്' എന്ന് സന്തോഷ് എഴുതുമ്പോള്‍ മുംബൈ നഗരത്തിലെ ആള്‍ത്തിരക്കിനെ ഇതിലും നന്നായി വരച്ചിടാന്‍ ആര്‍ക്കാകും എന്ന് അത്ഭുതം കൂറുന്നു ഞാന്‍.

സന്തോഷിന്റെ 'ഉപ്പ്' എന്ന കവിത പറയുന്നത്, കടലിന്റെ അടിവാരം വിട്ട് അക്വേറിയത്തിന്റെ അടിയില്‍ കുടുങ്ങിയ സ്വര്‍ണമീനിനെപ്പറ്റി.
സ്വര്‍ണമീനിനോട് സന്തോഷ് ചോദിക്കുന്നു.

'മറന്നുവോ നീ
ഉപ്പുകാറ്റിന്റെ വീട്
പവിഴപ്പുറ്റ്
കാക്കപ്പൊന്ന് ചിതറി
നിലാമുല ചുരന്നപോലെന്നും മിനുമിനുങ്ങുന്ന
ആഴി തന്നണിവയര്‍ ചുളിവ്

തന്റെ ഭൂമികയില്‍നിന്ന് പറിച്ചുമാറ്റപ്പെടുന്ന ഓരോരുത്തരും ചോദിക്കുന്ന ചോദ്യംതന്നെ. ഇത്തരം സ്വര്‍ണമീനുകളെ കാണാന്‍ നമ്മള്‍ ചുറ്റും നോക്കുക, സ്വന്തം ഉള്ളിലേക്കും.

സന്തോഷിന്റെ 'തീപിണ്ഡം' എന്ന കവിത പറയുന്നത് ലഹള -അത് വര്‍ഗീയമാവാം വംശീയമാവാം -നടക്കുന്ന തെരുവുകളെക്കുറിച്ചാണ്. ലഹള കഴിഞ്ഞ തെരുവിനെ സന്തോഷ് കണുന്നത് 'ഇപ്പോള്‍ ലോറികേറി ചതഞ്ഞ ഒരു പ്രാവിന്റെ തിരുജഡം പോലെ'യാണ്. മുംബൈയില്‍ താമസിക്കുന്ന സന്തോഷിന്റെ കവിതകളില്‍ നഗരത്തിലെ ബീഭത്സ ദൃശ്യങ്ങള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നു.

ബ്ളോഗ് പലരുടെയും ജീവിതത്തില്‍ ചെയ്തത് എന്താണെന്ന് വളരെ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് സെറീന തന്റെ 'ഡിസംബര്‍' എന്ന പിറന്നാള്‍ പോസ്റ്റില്‍. കവയിത്രിയുടെ തന്നെ വാക്കുകള്‍ ഇങ്ങനെ: 'പെട്ടെന്നാരു ദിവസം അവളുടെ വീട്ടിലേക്ക് ആരൊക്കെയോ വന്നു കുറയുന്നു. കവിത, സ്നേഹം, കൂട്ട്, കള്ളം, മുറിവ്, മരുന്ന്, വഴക്ക്, പ്രണയം, സന്തോഷം, കരച്ചില്‍, പിന്നെയും സ്നേഹം, കവിത, കവിത. ഇറച്ചിക്കടയിലേക്ക് തുറക്കുന്ന ജനാലയില്‍ അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു. ഡിസംബറേ, എന്റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്നെ പ്രിയപ്പെട്ട മഞ്ഞുമാസമേ നന്ദി. ബ്ളോഗ് തുടങ്ങിയിട്ട് ഒരുവര്‍ഷം.' അതാണ് ബ്ളോഗ് പലര്‍ക്കും. ശബ്ദമില്ലാത്തവരുടെ ശബ്ദം അടച്ചിട്ട വാതിലിനുള്ളില്‍ നിന്നുയരുന്ന ഒരു ചുടുനിശ്വാസം. മൌനം കുടിയിരുന്ന വീടകം നിറയെ ഒച്ചയനക്കങ്ങള്‍.

സെറീന തന്റെ ശക്തമായ കവിതകളിലൂടെ, തീവ്രമായ അവതരണത്തിലൂടെ ബ്ളോഗിലെ നിരന്തര സാന്നിധ്യമാണ്. 'ഉപ്പിലിട്ടത്' എന്ന കവിത നോക്കുക.

'ഉപ്പെന്ന് കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു
ആഴ്ന്നുകിടന്നു
കാന്താരി നീറുന്ന കയ്പ്പുവെള്ളം
കൊതിക്കല്ലുകള്‍ വന്നുകൊണ്ട
ഉടല്‍മിനുപ്പിന്റെ മുറിവായതോറും'

കല്ലേറുകൊണ്ടുവീണ മാങ്ങയില്‍നിന്ന് തുടങ്ങിയ കവിത ഏതെല്ലാം സൂക്ഷ്മതലങ്ങളില്‍ ചെന്നുതൊടുന്നു എന്ന് നോക്കുക. 'കൊതിക്കല്ലുകള്‍','ആള്‍ പിരിഞ്ഞ ഖബറിടം പോലൊരാകാശം' ഇങ്ങനെ ശക്തിയുള്ള ധാരാളം ബിംബകല്‍പ്പനകള്‍. ഒടുവില്‍ കവിത അവസാനിപ്പിക്കുന്നത് 'മരിച്ചുപോയാലും തീരാത്ത പാകപ്പെടലോ ജീവിതം'എന്ന് ആശ്ചര്യപ്പെട്ടുകൊണ്ടാണ്.

സെറീനയുടെ തന്നെ 'അടക്കം' എന്ന കവിത നോക്കുക. മരിച്ചുപോയവള്‍ക്ക് വന്ന കത്താണ് വിഷയം.

'ഹൃദയം നിലച്ചുപോകുംവിധം
അമര്‍ത്തിവെച്ച ഒരുമ്മ ഇതിലുണ്ടാവും
സ്റ്റാമ്പിലെ തലചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.'

മരിച്ചുപോയവളുടെ വിലാസത്തില്‍ ഒരു കത്ത് വന്നാല്‍ അത് കാണുന്നവരുടെയും അതെടുക്കാന്‍ നിയോഗപ്പെട്ടവരുടെയും ഒക്കെ ഉയരുന്ന ഹൃദയമിടിപ്പ് അനുഭവപ്പെടുത്തിത്തരുന്നു, ഈ കവിത. ബ്ളോഗിലെ കവികളില്‍ ഒറ്റയാനാണ് സനല്‍ ശശിധരന്‍ എന്ന സനാതനന്‍. കവിതയെക്കുറിച്ച് പഴയതും പുതിയതുമായ ധാരണകളെ തെല്ലും കൂസാതെ തന്റേതായ വഴിയില്‍ നടപ്പ് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മൂര്‍ച്ചയുള്ള ആക്ഷേപഹാസ്യമാണ് സനാതനന്റെ ആയുധവും ശക്തിയും. 'കറിക്കത്തിദാമ്പത്യം' എന്ന ഈ കവിത ശ്രദ്ധിക്കുക.

'ഉറക്കത്തില്‍ സ്വപ്നം കണ്ടു
സ്വപ്നത്തിലവനെക്കണ്ടു
കറിക്കത്തി മോഷ്ടിച്ച് അവന്‍ തന്റെ
തലയറുത്തെടുക്കുന്നു.
നിലവിളിച്ചുണരുന്നു ഭാര്യ.
ഭയന്നു വിറച്ച് ഭര്‍ത്താവ്.
ഉറങ്ങാതിരിക്കുന്നിപ്പോള്‍ സസുഖം
കറിക്കത്തി ദാമ്പത്യം.'

ഒരേ കൂരക്ക് കീഴില്‍ താമസിക്കുമ്പോഴും മനസ്സുകൊണ്ടെങ്കിലും തന്റെ ഇണയെ കൊല്ലാന്‍ ആലോചിച്ച ദമ്പതികള്‍ ഏറെയുണ്ടാവും. പരസ്പരം അവിശ്വസിക്കുന്ന, എന്നാല്‍ ഒപ്പം പൊറുക്കേണ്ടിവരുന്ന പങ്കാളികളെ കണക്കിന് കളിയാക്കുന്നു, ഈ കവിത. അതിശയോക്തി ആക്ഷേപഹാസ്യത്തിന്റെ ഭാഗമാണല്ലോ.

സിജി സുരേന്ദ്രന്റെ 'കുടിയിറക്കല്‍' എന്ന കവിത ആ വിഷയത്തിന്റെ നമ്മള്‍ കാണാത്ത വിവക്ഷകളെ അവതരിപ്പിക്കുന്നു.

'ഞാനിതാ പലവട്ടം കുടിയിറക്കപ്പെട്ടിരിക്കുന്നു,
ആദ്യമായി അമ്മയുടെ ഉദത്തില്‍നിന്നും
പിന്നെ അച്ഛന്റെ നെഞ്ചില്‍നിന്നും
ഒടുവില്‍ ആരുടെയൊക്കെയോ മനസ്സില്‍നിന്നും
ഇപ്പോള്‍ എന്റെ ഉള്ളില്‍ നിന്നുതന്നെ'

എല്ലാ കുടിയിറക്കങ്ങളും ദുരിതങ്ങള്‍ മാത്രമാണ് തരുന്നത്. എന്നാല്‍ ഏറ്റവും വേദനാജനകം ആരുടെയെങ്കിലും മനസ്സില്‍നിന്നുള്ള കുടിയിറക്കമല്ലേ?

'എന്നെങ്കിലും ഒരിക്കല്‍ കുറിച്ചിടും
സ്വയം നാടുകടത്തപ്പെട്ടവളുടെ
ദുരിതങ്ങളെക്കുറിച്ച്
വീണ്ടും വീണ്ടും കുടിയിറക്കപ്പെട്ടതിന്റെ
വേദനയെക്കുറിച്ച്'

ബ്ളോഗില്‍ നിന്ന് ഇടക്കിടെ അപ്രത്യക്ഷമാവുകയും വീണ്ടും സജീവമാവുകയും ചെയ്യുന്ന കവയിത്രിയാണ് 'നീലാംബരി' എന്ന പേരില്‍ (നീലാംബരി' എന്ന ബ്ലോഗില്‍ - വര്‍ക്കേഴ്സ് ഫോറം‍) എഴുതുന്ന തേജസ്വിനി. ഒരുവരി എഴുതുമ്പോള്‍ പോലും ഉള്ളിലെ വിങ്ങല്‍ അതില്‍ നിറയ്ക്കുന്നു. കവിത ഉള്ളില്‍ സംഭവിക്കുകയും അത് പുറത്തുവരാന്‍ സ്വയം ഹൃദയം പിളര്‍ത്തി വഴിയൊരുക്കുകയുമാണ് തേജസ്വിനി ചെയ്യുന്നത് എന്ന് തോന്നിപ്പോകും, ആ കവിതകള്‍ വായിച്ചാല്‍. തേജസ്വിനിയുടെ 'രക്തവര്‍ണപ്പൂക്കള്‍‘ എന്ന കവിത.

'ആഴ്ന്നിറങ്ങിയ ആയുധത്തിന്റെ
മൂര്‍ച്ചയുള്ള തണുപ്പില്‍ വിറച്ച മരം
ഭൂമിക്കുമ്മയേകിയുറങ്ങുന്ന നേരം
ദാനമേകും രക്തവര്‍ണപ്പൂക്കള്‍'

ദുരന്തചിത്രങ്ങളുടെ ഘോഷയാത്രയാണ് തേജസ്വിനിയുടെ എല്ലാ കവിതകളിലും. ചതഞ്ഞരഞ്ഞ പൂക്കള്‍, കട്ടപിടിച്ച ചോരയില്‍ മുങ്ങിമരിച്ച പരാഗരേണുക്കള്‍ ഒക്കെയാണ് ഈ കവിതയിലും. എങ്കിലും കവിത അവസാനിക്കുന്നത് പ്രത്യാശയിലാണെന്നത് ആശ്വാസം തരുന്നു.

'മനോവീണയില്‍ സ്മൃതിതന്ത്രികള്‍ മീട്ടി
പാതിരാമഴയില്‍ നീലാംബരി മൂളി
ചുംബിച്ചുണര്‍ത്താന്‍ അവന്‍ വരുന്ന ദിനം
കാഴ്ചവെക്കണം ഒരു നുള്ള് പൂമ്പൊടി.'

ചെറിയ അമൂര്‍ത്തമായ കാവ്യബിംബങ്ങളിലൂടെ വലിയ ജീവിത സത്യങ്ങള്‍ മന്ത്രിക്കുന്ന കവിയാണ് ടി എ ശശി. ശശിയുടെ 'ശവത്തോല്‍' എന്ന കവിത ശ്രദ്ധിക്കുക.

'അദൃശ്യമായ ഒരു ശവത്തെ
പൊതിഞ്ഞ ഒരു തോല്
മാത്രമാകുന്നു ഉടല്‍

നടക്കുകയും ഇരിക്കുകയും
കിടക്കുകയും ചെയ്യുന്ന
ഒരു ശവത്തോല്‍'

അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒക്കെ ഉള്ളില്‍ ശവമായി കഴിഞ്ഞവരല്ലേ? അതറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ നമ്മള്‍ക്ക് കഴിയുന്നില്ല. മറ്റൊരു കവിതയാണ് 'കളവ് മുതല്‍'

'ഇക്കണ്ട മനുഷ്യരൊക്കെയും
ഒടുങ്ങിത്തീര്‍ന്നിട്ടും
ശ്മശാനങ്ങളുടെ
ശേഷിപ്പുകള്‍ ഇത്രയും
മതിയോ?

മണ്ണ് കീഴ്മേല്‍ മറിച്ചിട്ടാലും
കണ്ടെടുക്കുവാന്‍ കഴിയാതെ
ഒളിപ്പിച്ചു വെച്ച
കളവുമുതല്‍ പോലെ ചില
ശ്മശാനങ്ങള്‍.

'ഒളിപ്പിച്ചുവെച്ച കളവുമുതല്‍പോലുള്ള ശ്മശാനങ്ങള്‍' എന്ന് പറയുമ്പോള്‍ കവിത ഒരുപാട് തലങ്ങളില്‍ വായിച്ചെടുക്കേണ്ടതായിവരുന്നു.'ബുള്ളറ്റ് ഫ്രീ' എന്ന കവിത ഒരര്‍ഥത്തില്‍ ഇരുണ്ട നര്‍മത്തിലൂടെയാണ് ഒരു സത്യം അവതരിപ്പിക്കുന്നത്.

'ചര്‍ക്കയില്‍ ബാക്കിയായ
ഒരു നൂലിഴപോലും
നെഞ്ചില്‍ തൊട്ടുകൂടെന്ന്
ഗാന്ധിജിക്ക്
നിരാഹാരമായിരുന്നു.'

ഗാന്ധിജിക്ക് നിരാഹാരം തന്റെ നിര്‍ബന്ധങ്ങള്‍ പ്രകടിപ്പിക്കാനുള്ള രീതിയായിരുന്നു. 'നെഞ്ച് തുളയുമ്പോള്‍ ഒരു നൂലിഴപോലും തടസ്സമാകരുതെന്ന് ഗാന്ധിജി കരുതിയിരുന്നെന്ന് കവി. കവിത അവസാനിപ്പിക്കുന്ന രീതി നോക്കുക.

'ഗോഡ്സെയെ
അത്രക്കും അറിഞ്ഞിരുന്നു
ഗാന്ധിജി.'

'ഇട്ടിമാളു' ശക്തിയുള്ള പെണ്‍നോട്ടവുമായാണ് 'ആരാണ് ആദ്യം പിറന്നത്' എന്ന കവിതയില്‍ വരുന്നത്. അരക്കെട്ടിന്റെ വിവിധ പരിപ്രേക്ഷ്യങ്ങളിലൂടെ ഒരു പെണ്‍പക്ഷ എഴുത്ത്.

'അരക്കെട്ട് പുകയില കുറഞ്ഞതിനാണ്
സ്ത്രീധനക്കമ്മിയില്‍ അമ്മൂമ്മ
പണ്ട് പീഡിപ്പിക്കപ്പെട്ടത്

അമ്മയുടെ അരക്കെട്ടില്‍
തലേക്കെട്ടിന്റെ ബലത്തില്‍
ആരോ കൈ വെച്ചതാണ്
അവനായി പരിണമിച്ചത്'

സ്ത്രീധനവും തലേക്കെട്ടെന്ന പുരുഷ ചിഹ്നവും 'അരക്കെട്ട് കവിയുന്ന മുടിക്കുമപ്പുറം' എന്ന പ്രയോഗവും എല്ലാം കൂടി കൃത്യമായി തന്റെ പക്ഷപാതിത്വം ഇട്ടിമാളു വെളിപ്പെടുത്തുന്നു. 'കാല്‍ നോക്കികള്‍' എന്ന കവിതയില്‍ ഇട്ടിമാളു കാഴ്ച തിരിച്ചുവെച്ചിരിക്കുന്നത് ചെരുപ്പുകുത്തികള്‍ എന്ന അസ്പൃശ്യരുടെ നേര്‍ക്കാണ്. ചെരുപ്പ് നോക്കുമ്പോഴും ചെരുപ്പുകുത്തികളെ കാണാതിരിക്കുക എന്നതാണ് വിപണി സംസ്കാരം എന്ന് നമ്മോട് നിരന്തരം പറയുന്നുണ്ട്. എന്നാല്‍ കവിത വിപണിയുടെ വിളിയ്ക്കല്ല കാതോര്‍ക്കേണ്ടതെന്ന് ഈ കവിത ഓര്‍മപ്പെടുത്തുന്നു.

'ഊര്‍ന്നുവീഴുന്ന ഉടയാടകള്‍
അവര്‍ കണ്ടില്ലെന്നിരിക്കാം
പക്ഷേ, ഇളകിമാറാവുന്ന ഒരു തുന്നല്‍
അതവര്‍ നിങ്ങളെ വിളിച്ചറിയിക്കും

പരന്ന പാദങ്ങള്‍ പറയാതെ പറയുന്നത്
തള്ളയേക്കാള്‍ വളര്‍ന്ന ചൂണ്ടാണികള്‍
ഒരു പുള്ളിക്കുത്തില്‍ വിധി എഴുതുന്ന്
മറഞ്ഞിരിക്കുന്ന മറുകിന് മറയ്ക്കാനാകാത്തത്
അവരുടെ കണ്ണില്‍ അതും ശാസ്ത്രമാണ്.'

ഒടുവില്‍, 'അരുത് അങ്ങനെ പറയരുത്, വെറും ചെരുപ്പുകുത്തികളെന്ന് അവരെ അപമാനിക്കരുത്' എന്ന് കവിത അവസാനിപ്പിക്കുന്നു.

'ഒരു ചെരുപ്പുകുത്തിയുടെ ജീവിതം' എന്ന പേരില്‍ ഒരു കവിത ദിനേശന്‍ വരിക്കോളി എഴുതിയിട്ടുണ്ട്. ആളുകള്‍ ഹോളി കളിച്ചതിന്റെ ചിഹ്നങ്ങള്‍ ഉടലില്‍ പേറിക്കൊണ്ട് (കീറിപ്പറിഞ്ഞവസ്ത്രങ്ങള്‍, രക്തം പൊടിയുന്ന ദേഹം) ഒരു പെണ്‍കുട്ടി നടന്നുവരുന്നു. ഇതു കാണുന്ന ചെരുപ്പുകുത്തി ആലോചിക്കുകയാണ്.

'അവളിപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുക
ആളുകളൊക്കെ ഹോളി കളിക്കുന്നവരും
ഹോളി കളിക്കുന്നവരൊക്കെ
ഇത്തരം ആള്‍ക്കൂട്ടമാണെന്നുമാവും.'

'പക്ഷേ ഞാന്‍ ഇങ്ങനെയാണ്
നിറങ്ങള്‍ ചാലിക്കാനറിയാത്ത
വരയ്ക്കാനറിയാത്ത
കൊത്തുപണികളൊന്നുമറിയാത്ത
ഒരു ചെരുപ്പുകുത്തി
തേഞ്ഞ ചെരുപ്പുകളില്‍ നോക്കുകയോ
വള്ളിപൊട്ടുന്നതില്‍
ശ്രദ്ധകേന്ദ്രീകരിക്കുകയോ തന്നെയാണ് !'

വളരെ ലളിതമായി എന്നാല്‍ ശക്തമായി ദിനേശന് പറയാനുള്ളത് പറയുന്നു. ചുറ്റും പല കളികളും നടക്കുമ്പോഴും അതിന് സാക്ഷിയാകേണ്ടിവരുമ്പോഴും ഒന്നിലും ഇടപെടാനാവാതെ നമ്മള്‍ നമ്മളുടെ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വാഹനമോടിച്ചുവന്ന രണ്ട് ചെറുപ്പക്കാര്‍ നടന്നുപോകുന്ന അമ്മയുടെയും മകളുടെയും ദേഹത്ത് മനഃപൂര്‍വം ചെളി തെറിപ്പിച്ചത് നിസ്സഹായനായി കണ്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഉള്ളില്‍ ഒരു ചെരുപ്പിന്റെ വള്ളി പൊട്ടിയെന്നും അത് ഈ കവിതയായി പരിണമിച്ചെന്നും കവി.

ബ്ളോഗ്കവിതകളില്‍ സാധാരണ കാണാത്ത ഒരു വിഷയമാണ് 'കശ്മീരിലെ കല്ലുകള്‍' എന്ന കവിതയില്‍ ചിത്ര പറയുന്നത്. കവിത ഇങ്ങനെ.

'കുളത്തില്‍ കല്ലിട്ട് കളിച്ച രണ്ടു കുട്ടികള്‍
ഇന്ന് മുതിര്‍ന്നിരിക്കുന്നു
നരകയറിയിട്ടും
അവര്‍ കളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
കുളത്തിന് മടുത്തുകാണണം
അതിലെ ജീവികള്‍ക്ക്
കല്ലേറ് കൊണ്ടു മുറിവേറ്റിരിക്കണം
പൊറുതിമുട്ടിയവര്‍ തിരികെ എറിയുന്നത്
കുളത്തിന്റെ വയറ്റിലെ കല്ലുകള്‍ തന്നെ
രക്തത്തിന്റെ സുഗന്ധവും
മാംസത്തിന്റെ മാര്‍ദവവുമുള്ള കല്ലുകള്‍'

കശ്മീര്‍ എന്ന കുളവും അവിടെ കല്ലിട്ടു കളിക്കുന്നവരുടെ പരിണാമവും ഒക്കെ തീരെ സംസ്കരിച്ച് ശുദ്ധീകരിക്കാത്ത ഭാഷയില്‍ ഈ കവിത പറയുന്നു. കല്ലുകളുടെ കൂര്‍ത്ത അറ്റങ്ങള്‍കൊണ്ട് അവര്‍ മഞ്ഞണിഞ്ഞ ജലാശയങ്ങളുടെ ചരിത്രം കോറിയിടുന്നു എന്ന് കവയിത്രി പറയുമ്പോള്‍ കശ്മീര്‍ വിഷയത്തിന്റെ തീവ്രതയോടൊപ്പം അതിന് കവിതയുടെ ചാരുതയുമുണ്ട്.

'മറ്റാരായാലും മലയാളികളല്ല അവര്‍, നാളും നേരവും കുറിച്ച് കല്ലെറിയുകയല്ല അവരുടെ ഒരു രീതി' നമ്മുടെ പല സമരങ്ങളും വഴിപാടുകള്‍ എന്ന രീതിയില്‍ ആയിപ്പോകുന്ന ഒരു അവസ്ഥ നിലനില്‍ക്കുന്നു എന്നുള്ളതല്ലേ സത്യം. അതിന് കാരണങ്ങള്‍ എന്തൊക്കെ ആയാലും സമരങ്ങള്‍ക്ക് ആര്‍ജവം നഷ്ടപ്പെടന്നു. 'മണല്‍ക്കിനാവ്' എന്ന പേരില്‍ ബ്ളോഗ് എഴുതുന്ന രഞ്ജിത് ചെമ്മാട് മഴച്ചിത്രങ്ങള്‍കൊണ്ടൊരു കൊളാഷ് തീര്‍ത്തിട്ടുണ്ട്.

'നീ ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞുപെയ്യുന്ന
കണ്ണീര്‍ മഴ

നീ എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിറ്റിത്തീരുന്ന
വിയര്‍പ്പുമഴ!'

എത്ര മനോഹരമായാണ് ഒരു പ്രണയഭംഗം രഞ്ജിത് വരച്ചിടുന്നത് എന്ന് നോക്കുക. സുഗമമായ ഒഴുക്കിനെ അണകെട്ടി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന വട്ടംതിരിച്ചിലും ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെയുള്ള ഇറ്റിത്തീരലും ഒക്കെ.

കവിതയേത്, ജീവിതമേത് എന്ന് തിരിച്ചറിയാനാകാത്തവിധം കുഴഞ്ഞുമറിഞ്ഞതായിരുന്നു, ജോനവന്‍ എന്ന നവീന്‍ ജോര്‍ജിന്റെ ബ്ളോഗ് ജീവിതം. കവിതയും ജീവിതവും അതിനുള്ള ചൂരും ചൂടും ഉള്ള പ്രതികരണവും പ്രതി പ്രതികരണവും മൂര്‍ധന്യത്തില്‍ നില്‍ക്കെ 'ഞാന്‍ ഇനി മിണ്ടില്ല' എന്ന് പറഞ്ഞ് ജോനവന്‍പോയി. ബൂലോകത്തെ ഈ കളികള്‍ കണ്ടുനിന്നവരോ കൈയടിച്ച് പ്രോത്സാസിപ്പിച്ചവരോ കൂകി വിളിച്ചവരോ ആരും ആ യാത്ര പറച്ചിലിന്റെ അര്‍ഥം അറിഞ്ഞില്ല. ദിവസങ്ങള്‍ക്കുള്ളില്‍ ജോനവന്‍ റോഡപകടത്തില്‍ മരിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍ ബൂലോകം ഞെട്ടിത്തെറിച്ചു. ജോനവന്‍ ഒരുപക്ഷേ തന്റെ യാത്രാമൊഴിയുടെ മറ്റുള്ളവര്‍ കാണാത്ത അര്‍ഥം മുന്‍കൂട്ടി അറിഞ്ഞുകാണുമായിരിക്കും. മുമ്പൊരിക്കല്‍ ഇങ്ങനെ എഴുതിയതായിരുന്നല്ലോ...

കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ട് വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത,
ആഞ്ഞുചവിട്ടിയതിന്റെ സ്തോഭങ്ങള്‍
ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്ത പറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
"പൊറുക്കണം ഞാനൊരു
കവിയാണ്. സ്വപ്നജീവിയാണ്''

കവിതയില്‍ ഇങ്ങനെ എഴുതിയെങ്കിലും നേര്‍ക്കുനേര്‍ വരുന്ന രണ്ട് വേഗതകളോട് ഒരു കവിയാണ് താനെന്ന് പറയാനുള്ള ഒരു നിമിഷാര്‍ധംപോലും അദ്ദേഹത്തിന് കിട്ടിയില്ല. വാക്കുകളോടും കവിതയോടുമുള്ള സത്യസന്ധത തന്റെ ജീവിതംകൊണ്ടുതന്നെ നിറവേറ്റിക്കൊണ്ട് ജോനവന്‍ പോയി. ഇതൊരു കവിതാനിരൂപണമല്ല. അതിനുള്ള പാണ്ഡിത്യമോ പരിചയമോ എനിക്കില്ല. ഒരു ശരാശരി വായനക്കാരനായ ഞാന്‍ ബ്ളോഗ് കവിതകളിലൂടെ കടന്നുപോകുമ്പോള്‍ തോന്നിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയാണ് ചെയ്യുന്നത്. ഉള്ളില്‍ തറച്ച കവിതകള്‍, അതെഴുതിയ കവികള്‍; കവയിത്രികള്‍ അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഈ കുറിപ്പിന്റെ ദൌത്യം.

ആരെ വായിക്കുമ്പോഴും എന്ത് വായിക്കുമ്പോഴും ഒരു മുന്‍വിധി അറിയാതെ വന്നുപെടാറുണ്ട്. പത്രാധിപസമൂഹത്തിനും ഇത് ബാധകമായിരിക്കും. കൈയില്‍ വന്നുപെടുന്ന കൃതികളുടെ വെള്ളപ്പൊക്കത്തില്‍ പൊങ്ങിക്കിടക്കുന്നത് ഏത്, കനമുള്ളത് ഏത് എന്ന് തിരിച്ചറിയുക എളുപ്പമല്ല. അതുകൊണ്ട്തന്നെയാകണം മിനിമം ഗ്യാരണ്ടിയുള്ള ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ നിലവാരമില്ലാത്ത സൃഷ്ടികള്‍പോലും പ്രസിദ്ധീകരിക്കപ്പെടുന്നതും പുതിയ എഴുത്തുകാര്‍ അവര്‍ എത്ര മൌലിക പ്രതിഭകളായാലും പരിഗണിക്കപ്പെടാതെ പോവുന്നതും. ഇങ്ങനെ പരിഗണിക്കപ്പെടാതെ പോകുന്ന എഴുത്തുകാര്‍ക്കുള്ള ഒരു ജാലകമാണ് ബ്ളോഗ്. ആരുടെയും സഹായമില്ലാതെ കത്രികയ്ക്ക് അടിപ്പെട്ട് അംഗവൈകല്യം സംഭവിക്കാതെ പറയാനുള്ളത് പറയാന്‍ ഒരു വേദി.

എന്തും എഴുതാം, ആരോടും ചോദിക്കാതെ തന്നെ പോസ്റ്റ് ചെയ്യാം എന്ന കാരണം കൊണ്ടുതന്നെ വളരെ ബാലിശമായ ധാരാളം എഴുത്തുകള്‍ ബ്ളോഗില്‍ കയറി പറ്റുന്നുണ്ട്. പക്ഷേ അതോടൊപ്പം മലയാളത്തിലെ ഇന്നുള്ള നല്ല കവികള്‍ക്കൊപ്പം നില്‍ക്കാന്‍ എന്തുകൊണ്ടും പ്രാപ്തിയുള്ള എഴുത്തുകാരും ഉണ്ട്. ഇതിലെ കവികളും കവയിത്രികളും കഥാകൃത്തുക്കളും ഏറ്റവും പുതിയ തലമുറയുടെ പ്രശ്നങ്ങളെ അവരുടേതായ പുതിയ ഭാഷയില്‍ വരച്ചിടാന്‍ ശ്രമിക്കുന്നുണ്ട്. ഈ പുതിയ ഭാഷയിലേക്ക് മാറാന്‍ നമ്മുടെ അച്ചടി പ്രസിദ്ധീകരണങ്ങള്‍ ഇനിയും തയാറായിട്ടില്ലെന്ന് തോന്നുന്നു. ഈ നല്ല എഴുത്തുകാര്‍ ബ്ളോഗില്‍ തന്നെ ഒതുങ്ങിനില്‍ക്കുന്നതിന് ഇതും ഒരു കാരണമായിരിക്കും.

ബ്ളോഗില്‍ തന്നെയുള്ള എല്ലാ നല്ല എഴുത്തുകാരെയും ഈ കുറിപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ആനുകാലികങ്ങളിലോ പുസ്തകരൂപത്തിലോ പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ കുഴൂര്‍ വിത്സന്‍, ടി പി വിനോദ് തുടങ്ങിയവരെ ചേര്‍ത്തിട്ടില്ല. നല്ല കവിതകള്‍ എഴുതുന്ന ഉമ്പാച്ചി, നന്ദ, വിശാഖ് ശങ്കര്‍,നസീര്‍ കടിക്കാട്, ലതീഷ് മോഹന്‍, മയൂര, രാമചന്ദ്രന്‍ വെട്ടിക്കാട് അങ്ങനെ നിറയെ പേര് ഇതില്‍ പരാമര്‍ശവിധേയരാകാതെ പോയിട്ടുണ്ട്. ഈ കുറിപ്പിന്റെ നീളം ഇനിയും കൂടാന്‍ വയ്യെന്നത് തന്നെ കാരണം.

ആനുകാലികങ്ങളില്‍ അച്ചടിച്ചുവരുന്ന കവിതകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പലരും സംസാരിച്ച് കേട്ടിട്ടുണ്ട്. അവര്‍ ബൂലോകത്തേക്ക് ഒന്നെത്തിനോക്കിയെങ്കിലെന്ന് ആശിച്ചുകൊണ്ട് ഈ കുറിപ്പ് നിര്‍ത്തുന്നു.

*
വിനോദ്കുമാര്‍ തള്ളശേരി കടപ്പാട്: ദേശാഭിമാനി വാരിക 12 ഡിസംബര്‍ 2010

6 comments:

വര്‍ക്കേഴ്സ് ഫോറം said...

കുറച്ചുമുമ്പ് ഒരു പുസ്തകം കണ്ടതോര്‍ക്കുന്നു. 'പത്രാധിപര്‍ തിരിച്ചയച്ച കൃതികള്‍.' ബാവ താനൂരിന്റേതായിരുന്നു എന്നാണോര്‍മ. പത്രാധിപര്‍ തിരിച്ചയച്ചിട്ടും ആ കവിതകള്‍ പുസ്തകമാക്കാന്‍ ബാവ തീരുമാനിച്ചു എന്നത് കാണിക്കുന്നത് ബാവയ്ക്ക് തന്റെ കവിതകളിലുള്ള ആത്മവിശ്വാസം തന്നെയാണ്. പുസ്തകത്തിന്റെ പേരില്‍തന്നെ ഇവ പത്രാധിപന്മാരാല്‍ തിരിച്ചയക്കപ്പെട്ടതാണെന്നുകൂടി പ്രഖ്യാപിക്കുന്നതിലൂടെ പത്രാധിപര്‍ എന്ന പൊതു സംജ്ഞകൊണ്ട് മനസ്സിലാക്കുന്ന സമൂഹത്തോട് ഒരു വെല്ലുവിളി ഉയര്‍ത്തുകകൂടി ചെയ്യുന്നു, ബാവ.

ഒരു കവിത എവിടെയോ ആരുടെ മനസ്സിലോ മുളപൊട്ടുന്നു. അത് വാക്കുകളിലായി, വരികളിലായി സാക്ഷാത്കരിക്കപ്പെടുന്നു. ഇതറിയാതെ ഒരു വായനക്കാരന്‍ കാത്തിരിപ്പുണ്ട്. ഇവരുടെ ഇടയില്‍ വലിയൊരു കടലാണുള്ളത്. പരസ്പരാപരിചിതത്വത്തിന്റേതായ ഒരു കടല്‍. ഈ കടലില്‍ ഒരു പാലം തീര്‍ക്കുക എന്നതാണ് ഒരു പത്രാധിപരുടെ ദൌത്യം, ധര്‍മം. ഇത് പലപ്പോഴും സംഭവിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. പ്രത്യേകിച്ചും കുറച്ചുകാലമായി മലയാളത്തിലെ ആനുകാലികങ്ങളില്‍വരുന്ന കവിതകളും ബ്ളോഗുകളില്‍ വരുന്ന കവിതകളും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത ഉള്ളില്‍ നിറയുന്നു.

Unknown said...

Email അയക്കാന്‍ ലിങ്ക് കാണുനില്ല. വളരെ നല്ല ബ്ലോഗ്‌. എനിക്ക് ഒരു സഹായം വേണമായിരുന്നു. ഒരു നിമിഷം കിട്ടുകയാനെങ്ങില്‍ എന്നെ ഒന്ന് email ചെയ്യുമോ? My email is harvard.jannah @ gmail . com. നന്ദി

വര്‍ക്കേഴ്സ് ഫോറം said...

Dear Harvard

Please sdend your mails to workersforum@gmail.com

Unknown said...

:)

Vinodkumar Thallasseri said...

നന്ദി. ഞാന്‍ ബ്ളോഗിനെക്കുറിച്ച്‌ ബ്ളോഗിന്‌ പുറത്ത്‌ എഴുതിയ ലേഖനം തിരിച്ച്‌ ബ്ളോഗ്‌ വായനക്കാറ്‍ക്കായി തിരിച്ചുവെച്ചതിന്‌.

Unknown said...

നന്ദി...........
വിനോദ് കുമാർ എന്റെ കവിതയും ഉൾപ്പെടുത്തിയതിന്‌,
ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്‌,
വർക്കേഴ്സ ഫോറം റീ പോസ്റ്റിനും ലിങ്കുകൾക്കും