കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്ത്തകന് യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.
നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന് ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.
മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള് ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര് പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന് നായര്‍, എന്‍ ആര് എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര് ശക്തിധരന്, എം പി അച്യുതന് എം പി, എന്‍ മാധവന് കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്, എന്‍ പി രാജേന്ദ്രന്, കെ പി മോഹനന്, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്, എന്‍ പത്മനാഭന്, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന് മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.
സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന് ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്ടര്മാര് അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.
ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.
*
ജി പി രാമചന്ദ്രന്
Friday, December 3, 2010
തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?
Subscribe to:
Post Comments (Atom)
4 comments:
കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നല്ല ലേഖനം ....താങ്ക്സ് ..
good one......
പ്രതികരിച്ചതിനു നന്ദി ജീ പി, ഷാഹിനയെ ആരും മുസ്ളീം പക്ഷക്കാരിയായി കാണാന്‍ ഇടയില്ല പൊട്ടൊക്കെ തൊടുന്ന കക്ഷിയാണു പര്‍ദ ഇടാറുമില്ല , തെഹല്‍ക്കയില്‍ റിപ്പോറ്ട്ടറ് ആയി എന്നീയിടെ ആണറിയുന്നത് ,മദനിയുടെ ബോഡീ ഗാറ്ഡുകള് ആയിരുന്ന പോലീസുകാരെ ചോദ്യം ചെയ്തതിണ്റ്റെ ഫോളോ അപ് ഒരു മീഡീയയും ചെയ്തിട്ടില്ല , മദനി ജയിലിലായതോടെ ഗ്രന്ഥം അടച്ചു ചരടും കെട്ടി വച്ചു എന്നു തോന്നുന്നു ഇടതുപക്ഷവും, പൂന്തുറ സിറാജും മറ്റും
ഈ പോലീസുകാരുടെ തെളിവാണു കേസില്‍ പ്റധാനം , ഏതായാലും മദനി ഒരു നിറ്ഭാഗ്യവാന് ആണു ആരോഗ്യം ക്ഷയിച്ചു ഇറങ്ങി വരുമ്പോള്‍ പാറ്ട്ടിയും കാണില്ലാ ആരും കാണില്ല എന്നു തോന്നുന്നു
Post a Comment