Monday, December 6, 2010

ഇന്നത്തെ ഒരു മാധ്യമവേല

ഇന്നു രാവിലെ (ഡിസംബര്‍ 5) ഒരു മലയാള പത്രം നോക്കിയപ്പോള്‍, ജനയുഗത്തിന്റെ പംക്തിയില്‍ എഴുതാന്‍ കരുതിവെച്ച വിഷയങ്ങളെക്കാള്‍ യോജിച്ച ഒരു വിഷയം എനിക്ക് കിട്ടി. അതിന്റെ പേരില്‍ ആ പത്രത്തിന് നന്ദി പറയട്ടെ.

ശനിയാഴ്ച കോഴിക്കോട്ട് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഒരു പരിപാടിയില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച എന്റെ ''ഭാരതീയവും സാഹിതീയവും'' എന്ന പുതിയ പുസ്തകം കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്തു. ഈ ലേഖകന്റെ നിലപാടുകളെയും ഇടപെടലുകളെയും പറ്റിയുള്ള ഒരു ചര്‍ച്ചയും ആ പരിപാടിയുടെ ഭാഗമായിരുന്നു. എന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു പറയുന്നുവെന്ന് നേരിട്ട് അറിയാനുളള കൗതുകത്താല്‍ മറ്റൊരു പരിപാടിയില്‍ സബന്ധിക്കുന്നതു മാറ്റിവെച്ച് ഞാന്‍ വേദിയില്‍തന്നെ ഇരുന്നു. ചര്‍ച്ച തീര്‍ന്നപ്പോള്‍ ഞാന്‍, അധ്യക്ഷനായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ പോക്കറുടെ സമ്മതത്തോടെ സ്ഥലം വിടുകയും ചെയ്തു.

ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയെന്ന നിലയ്ക്കാണല്ലോ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. എന്റെ അഭിപ്രായങ്ങള്‍, ചിന്താഗതികള്‍, ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കുന്ന പ്രഭാഷണങ്ങള്‍ അവിടെ നടന്നു. പോള്‍ മണലില്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഡോ ശ്രീകല തുടങ്ങിയവര്‍ എന്റെ നിലപാടിനെ അനുമോദിച്ചു പ്രസംഗിച്ചപ്പോള്‍ എം ജി എസ് നാരായണന്‍ മാത്രം ചില വശങ്ങളില്‍ എന്നോടുള്ള ഭിന്നത പ്രകടിപ്പിക്കുകയുണ്ടായി. പ്രഭാഷകന്‍ എന്ന നിലയിലും സാഹിത്യവിമര്‍ശകന്‍ എന്ന നിലയിലും എനിക്കുള്ള സ്ഥാനം പഞ്ഞമില്ലാതെ അദ്ദേഹം വ്യക്തമാക്കിയതോടൊപ്പം അഭിപ്രായങ്ങള്‍ മാറ്റിവെച്ചുകൊണ്ട് വിമര്‍ശനം നടത്തുന്നുവെന്നും ഭരണകക്ഷിയെ പ്രീതിപ്പെടുത്തുകയാണ് ''ഉന്നം'' എന്നും അദ്ദേഹം കൂട്ടിപ്പറഞ്ഞു. പിന്നീട് പ്രസംഗിച്ച എല്ലാവരും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ എതിര്‍ക്കുകയുണ്ടായി. ഡോ ശ്രീകല എം ജി എസ്സിന്റെ എല്ലാ വാദങ്ങള്‍ക്കും മറുപടി കൊടുത്തു.

ഇതാണ് സംഭവം. കൂട്ടിപ്പറയലോ വെട്ടിച്ചുരുക്കലോ ഒന്നും ആവശ്യമില്ലാത്ത ലളിതമായ ഒരു സംഭവം. പക്ഷേ തൃശൂരില്‍ പതിവുള്ള 'മകരാദിയായ ഒരു പത്ര (പേര് ചൂണ്ടിക്കാണിക്കുകയല്ല ഉദ്ദേശം) ത്തിലെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സംഭവം മറ്റൊന്നാണ് എന്ന സംശയം തോന്നിപ്പോയി. വേദിയിലോ പങ്കെടുത്ത വ്യക്തികള്‍ക്കോ ചടങ്ങുകള്‍ക്കോ ഒന്നും മാറ്റമില്ലെങ്കിലും സംഭവത്തിന്റെ ഗതിയും സ്വഭാവവും ഒട്ടൊന്നുമല്ല വ്യത്യാസപ്പെട്ടിരിക്കുന്നത്. എം ജി എസ് നാരായണന്‍ എന്റെ സംഭാവനകളെ സ്‌നേഹപൂര്‍വം എടുത്തു പറഞ്ഞതിനിടയില്‍ രാഷ്ട്രീയമായ നിലപാടുകള്‍ ഇപ്പോള്‍ ഒരു വിഭാഗത്തിന് അനുകൂലമായി കാണാമെന്ന ഒരു വിമര്‍ശനം കൂടെ അദ്ദേഹം ഉന്നയിച്ചു. ഇതിനെപ്പറ്റി പത്രത്തില്‍ കണ്ടത് എം ജി എസ് അഴീക്കോടിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നാണ്. അദ്ദേഹം വിമര്‍ശിച്ചത് തന്റെ വ്യക്തിപരമായ ആദരത്തെ ഇടയ്ക്കിടെ എടുത്തുപറഞ്ഞുകൊണ്ടാണ്. ഒരാള്‍ വിമര്‍ശനം നടത്തിയാല്‍ അതെങ്ങിനെയാണ് ''രൂക്ഷമായ വിമര്‍ശനം'' ആവുക. നമ്മുടെ ലേഖകന്‍മാര്‍ക്ക് വിമര്‍ശനമാണെങ്കില്‍ അതു രൂക്ഷമായ വിമര്‍ശനമല്ലാതെ മറ്റൊന്നുമായിക്കൂടെന്ന് തോന്നുന്നു. രൂക്ഷം എന്നല്ലാതെ വെറൊരു വാക്ക് വിമര്‍ശനത്തെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കാറുണ്ടോ എന്ന് സംശയമാണ്. വായനക്കാര്‍ക്ക് എത്ര തെറ്റായ ധാരണയാണ് ഇതു നല്‍കുക എന്ന് ആലോചിച്ചു നോക്കുക.

തെറ്റിദ്ധാരണ ഇരട്ടിപ്പിക്കുന്നതിന് പത്രം മറ്റൊരു അസത്യസൂചനയും നല്‍കി. ചര്‍ച്ചയില്‍ ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതിനെ എതിര്‍ത്തു സംസാരിച്ചവരുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പത്രത്തിന്റെ ധര്‍മമാണ്. ഇവിടെ ആ ധര്‍മവും ഉപേക്ഷിക്കപ്പെട്ടു. മറ്റൊരു പ്രഭാഷകനായ പോള്‍ മണലില്‍ തുടങ്ങിയവര്‍ എം ജി എസിന്റെ നിലപാടിനെ ''രൂക്ഷമായി'' വിമര്‍ശിച്ചത് റിപ്പോര്‍ട്ടര്‍ അറിഞ്ഞില്ല. ഡോ ശ്രീകല അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഉദാഹരണങ്ങളോടെ എണ്ണിയെണ്ണി എതിര്‍ത്തതും അദ്ദേഹം കേട്ടില്ല.

ഇതിനൊക്കെ മകുടം ചൂടുന്ന ഒരു കണ്‍കെട്ടു കൂടെ പത്രം നടത്തി. മറുപടി പറയാന്‍ അവസരം ഉണ്ടായിട്ടും അഴീക്കോട് ഒടുവില്‍ യോഗത്തില്‍ നിന്ന് 'ഇറങ്ങിപോയി' എന്ന്. മികച്ച കണ്ടുപിടുത്തം തന്നെ! സത്യം എഴുതിയാല്‍ ആളുകള്‍ വായിക്കില്ലെന്നും കള്ളമായി വാര്‍ത്തയെ മാറ്റിയാലല്ലാതെ തന്റെ റിപ്പോര്‍ട്ടുകള്‍ക്ക് വായനക്കാരെ കിട്ടുകയില്ലെന്നുമുള്ള ഒരു പത്രലേഖകന്റെ മറിമായങ്ങള്‍ ഇമ്മട്ടില്‍ തുടര്‍ന്നാല്‍ പത്രം വെറും കള്ള പ്രമാണമായി അറിയപ്പെടാന്‍ അധികകാലം വേണ്ടിവരില്ല. ലേഖകനുവേണ്ടി പത്രം നിര്‍വാണമടയേണ്ടിവരും. ഒരു സെമിനാറില്‍ പങ്കെടുക്കുന്നത് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ്. ഭിന്നാഭിപ്രായങ്ങള്‍ കേട്ടാല്‍ ഭയപ്പെട്ട് സ്ഥലം വിട്ടോടി പോകുന്ന ആളാണ് ഞാനെന്ന് സൂചിപ്പിച്ച ലേഖകന്‍ എനിക്ക് മാനനഷ്ടം വരുത്തുകയും സ്വന്തം പത്രവാര്‍ത്ത മലിനീകരിക്കുകയും പത്രപ്രവര്‍ത്തനത്തിന് കളങ്കം വരുത്തുകയും ചെയ്തിരിക്കുന്നു.

മറുപടി പറയാന്‍ അവസരമുള്ളത് ഉപയോഗിക്കാതെ ഇറങ്ങിപ്പോയെന്ന്! മറുപടി പറയാന്‍ എന്നോട് അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ ആ അവസരം ഞാന്‍ ഉപേക്ഷിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഞാന്‍ വേദി വിട്ടത് (ഇറങ്ങിപ്പോയെന്ന് ലേഖകപക്ഷം) അധ്യക്ഷനോട് ചോദിച്ചിട്ടാണ്. ചര്‍ച്ച അവസാനിച്ച് പുസ്തക പരിചയ പ്രസംഗങ്ങളുടെ ഊഴം വന്നപ്പോള്‍ ദൂരയാത്ര ചെയ്യേണ്ടതുകൊണ്ട് സമയം കളയാതെ ഞാന്‍ സ്ഥലം വിട്ടതാണ്. ഇറങ്ങിപ്പോക്ക് പ്രതിഷേധ സൂചകമാണ്. ഞാന്‍ പ്രതിഷേധിച്ചാണ് പോയതെന്ന് ലേഖകന്‍ എങ്ങിനെയാണ് മനസിലാക്കിയത്. എഴുത്തു ലൈസന്‍സില്ലാത്ത തൂലികാ ക്രീഡയല്ല, അതു ആത്മ നിയന്ത്രണവും ഉത്തരവാദിത്വവും ആവശ്യപ്പെടുന്നു. ഞാന്‍ ഏതു പത്രത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് പത്രത്തിലുള്ളവര്‍ക്ക് ഗ്രഹിക്കാനായെങ്കില്‍ ഈ തൊഴിലറിയാത്ത പത്രപ്രവര്‍ത്തകനെ നിലയ്ക്കു നിര്‍ത്താന്‍ നടപടി എടുക്കുന്നത് ലോകോപകാരമായിരിക്കും.

ഇനി ഈ സെമിനാറില്‍ എം ജി എസ് ഇല്ലായിരുന്നെന്ന് വെയ്ക്കുക. സെമിനാര്‍ എത്ര ഏകപക്ഷീയമാകുമെന്ന് ഈ പത്രപ്രവര്‍ത്തകന്‍ ആലോചിച്ചിട്ടുണ്ടോ? വെറും പ്രശംസമാത്രമാകുന്നതാണ് ഞാനിഷ്ടപ്പെടുക എന്ന് അദ്ദേഹം ധരിച്ചതെങ്ങിനെ!

സ്വന്തം പക്ഷപാതങ്ങളോ മൂഢതകളോ പ്രകടിപ്പിക്കുന്നതിനുള്ള സ്വകാര്യ ലേഖകരുടെ എണ്ണം കൂടിവരുന്നെന്ന് പേടിക്കണം. ജേണലിസ്റ്റുകളെപറ്റി പല ആവലാതികളും പൊട്ടി വളര്‍ന്നുവരുന്ന ഇക്കാലത്ത് പുതിയൊരു ആപത്താണ് മേലെ പറഞ്ഞത്. വാര്‍ത്തയിലും മറ്റും സ്വന്തം സങ്കുചിത അഭിപ്രായങ്ങളുടെ ചായം കലര്‍ത്തിവിടുന്ന ദുശ്ശീലം ഏറെക്കാലം കൊണ്ടുനടക്കാന്‍ കൊള്ളില്ല. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തിയുടെ വാര്‍ത്തയും പടവും കൊടുക്കാതിരിക്കുക, അപ്രധാനമായി കൊടുക്കുക, ഒടിച്ചുവളച്ച് കൊടുക്കുക മുതലായ ദുര്‍വൃത്തികള്‍ സ്വന്തം നിലനില്‍പിനെ തന്നെ അപായപ്പെടുത്തും. പത്രത്തെയും ബാധിക്കും.

മുളച്ചുതുടങ്ങിയ ഈ ദുഃസ്വഭാവത്തിനുനേരെ പ്രധാന പത്രാധിപന്‍മാരുടെയും പത്ര ഉടമകളുടെയും ഒരു കണ്ണ് ഉണ്ടായിരിക്കുന്നത് നന്ന്.

*
സുകുമാര്‍ അഴീക്കോട് കടപ്പാട്: ജനയുഗം ദിനപത്രം 06 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തൃശൂരില്‍ പതിവുള്ള 'മകരാദിയായ ഒരു പത്ര (പേര് ചൂണ്ടിക്കാണിക്കുകയല്ല ഉദ്ദേശം) ത്തിലെ റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ സംഭവം മറ്റൊന്നാണ് എന്ന സംശയം തോന്നിപ്പോയി. വേദിയിലോ പങ്കെടുത്ത വ്യക്തികള്‍ക്കോ ചടങ്ങുകള്‍ക്കോ ഒന്നും മാറ്റമില്ലെങ്കിലും സംഭവത്തിന്റെ ഗതിയും സ്വഭാവവും ഒട്ടൊന്നുമല്ല വ്യത്യാസപ്പെട്ടിരിക്കുന്നത്. എം ജി എസ് നാരായണന്‍ എന്റെ സംഭാവനകളെ സ്‌നേഹപൂര്‍വം എടുത്തു പറഞ്ഞതിനിടയില്‍ രാഷ്ട്രീയമായ നിലപാടുകള്‍ ഇപ്പോള്‍ ഒരു വിഭാഗത്തിന് അനുകൂലമായി കാണാമെന്ന ഒരു വിമര്‍ശനം കൂടെ അദ്ദേഹം ഉന്നയിച്ചു. ഇതിനെപ്പറ്റി പത്രത്തില്‍ കണ്ടത് എം ജി എസ് അഴീക്കോടിനെ രൂക്ഷമായി വിമര്‍ശിച്ചു എന്നാണ്. അദ്ദേഹം വിമര്‍ശിച്ചത് തന്റെ വ്യക്തിപരമായ ആദരത്തെ ഇടയ്ക്കിടെ എടുത്തുപറഞ്ഞുകൊണ്ടാണ്. ഒരാള്‍ വിമര്‍ശനം നടത്തിയാല്‍ അതെങ്ങിനെയാണ് ''രൂക്ഷമായ വിമര്‍ശനം'' ആവുക. നമ്മുടെ ലേഖകന്‍മാര്‍ക്ക് വിമര്‍ശനമാണെങ്കില്‍ അതു രൂക്ഷമായ വിമര്‍ശനമല്ലാതെ മറ്റൊന്നുമായിക്കൂടെന്ന് തോന്നുന്നു. രൂക്ഷം എന്നല്ലാതെ വെറൊരു വാക്ക് വിമര്‍ശനത്തെ വിശേഷിപ്പിക്കാന്‍ ഇവര്‍ ഉപയോഗിക്കാറുണ്ടോ എന്ന് സംശയമാണ്. വായനക്കാര്‍ക്ക് എത്ര തെറ്റായ ധാരണയാണ് ഇതു നല്‍കുക എന്ന് ആലോചിച്ചു നോക്കുക.

തെറ്റിദ്ധാരണ ഇരട്ടിപ്പിക്കുന്നതിന് പത്രം മറ്റൊരു അസത്യസൂചനയും നല്‍കി. ചര്‍ച്ചയില്‍ ഒരാള്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതിനെ എതിര്‍ത്തു സംസാരിച്ചവരുണ്ടെങ്കില്‍ അതു ചൂണ്ടിക്കാണിക്കേണ്ടത് പത്രത്തിന്റെ ധര്‍മമാണ്. ഇവിടെ ആ ധര്‍മവും ഉപേക്ഷിക്കപ്പെട്ടു. മറ്റൊരു പ്രഭാഷകനായ പോള്‍ മണലില്‍ തുടങ്ങിയവര്‍ എം ജി എസിന്റെ നിലപാടിനെ ''രൂക്ഷമായി'' വിമര്‍ശിച്ചത് റിപ്പോര്‍ട്ടര്‍ അറിഞ്ഞില്ല. ഡോ ശ്രീകല അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ഉദാഹരണങ്ങളോടെ എണ്ണിയെണ്ണി എതിര്‍ത്തതും അദ്ദേഹം കേട്ടില്ല.

ഇതിനൊക്കെ മകുടം ചൂടുന്ന ഒരു കണ്‍കെട്ടു കൂടെ പത്രം നടത്തി. മറുപടി പറയാന്‍ അവസരം ഉണ്ടായിട്ടും അഴീക്കോട് ഒടുവില്‍ യോഗത്തില്‍ നിന്ന് 'ഇറങ്ങിപോയി' എന്ന്. മികച്ച കണ്ടുപിടുത്തം തന്നെ!