Monday, April 23, 2012

വര്‍ഗബോധത്തിലൂന്നിയ സമരസാക്ഷ്യം

ചരിത്രരേഖകളില്‍ ഇടം നേടാതെപോയ സ്ത്രീകള്‍ നിരവധിയാണ്. മുഖ്യധാരാസാഹിത്യവും ചരിത്രവും എല്ലായ്പ്പോഴും ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആശയങ്ങളെ പിന്താങ്ങുകയും മുന്നോട്ടുവയ്ക്കുകയും മാത്രമാണ് ചെയ്യുക. പുരുഷാധിപത്യപരവും ചൂഷണാധിഷ്ഠിതവുമായ ഒരു വ്യവസ്ഥയുടെ ആശയങ്ങള്‍ ഏറ്റെടുക്കുകയാണ് ചരിത്രവും സാഹിത്യവും ചെയ്യുന്നത് എന്നര്‍ത്ഥം. അതിനൊരിക്കലും വസ്തുനിഷ്ഠമാകാന്‍ വയ്യ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും തമസ്കരിക്കപ്പെട്ടതുമായ യാഥാര്‍ഥ്യങ്ങളെ വീണ്ടെടുക്കുകയെന്നത് അര്‍പ്പണബോധവും സത്യസന്ധതയും ആവശ്യപ്പെടുന്നൊരു പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരക്കാര്‍ വരഞ്ഞിട്ട വഴികളിലൂടെ തിരിച്ചുനടന്നാല്‍ കെട്ടിച്ചമയ്ക്കലിന്റെയും കേട്ടുകേള്‍വിയുടെയും ചരിത്രഭൂമിയിലെ എത്തിനില്‍ക്കാനാകൂ. അതുകൊണ്ടുതന്നെ പുതുവഴികള്‍ വരയണം. അതിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതേവരെ ചരിത്രത്തിന്റെ ഇരുളില്‍ മറഞ്ഞുകിടക്കുന്ന സംഭവങ്ങളും വ്യക്തികളും വെളിച്ചപ്പെടും. ആ വെളിച്ചപ്പെടലിന്റെ ഭാഗമാണ് എ കൃഷ്ണകുമാരിയുടെ സമരപഥങ്ങളിലെ പെണ്‍പെരുമ എന്ന പുസ്തകം.

അനുഭവങ്ങളെ സ്ത്രീയും പുരുഷനും നോക്കിക്കാണുന്നത് ഒരേ തരത്തിലല്ല. ഇരുസമീപനങ്ങളും കൂടിച്ചേരുമ്പോഴാണ് സമഗ്രമായ ചരിത്രമാകുന്നത്. അതുകൊണ്ടുതന്നെ ചരിത്രപഠനം പൂര്‍ണമാകണമെങ്കില്‍ നമ്മള്‍ വായിച്ചതും പഠിച്ചതുമായ ചരിത്രപുസ്തകങ്ങളോടൊപ്പം ഇത്തരം പുസ്തകങ്ങള്‍കൂടി ചേര്‍ത്തുവയ്ക്കേണ്ടതുണ്ട്. സ്ത്രീകളായതുകൊണ്ടുമാത്രം ചരിത്രരേഖകളില്‍ ഇടം നേടാനാകാതെപോയ ഇരുപതുസ്ത്രീകളുടെ രേഖാചിത്രമാണ് ഈ പുസ്തകത്തിലെ പ്രധാന ഭാഗം. കേരളത്തെ ആധുനികമാക്കുന്നതില്‍ പുരുഷന്മാരോടൊപ്പം സംഘടനാപ്രവര്‍ത്തനത്തിലും സമരങ്ങളിലും പങ്കെടുക്കുകയും ത്യാഗം അനുഭവിക്കുകയുംചെയ്ത സ്ത്രീകളുടെ സമരസാക്ഷ്യമാണ് ഈ പുസ്തകം. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ടവര്‍, എഴുത്തുകാര്‍, കലാകാരികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, നേതാക്കള്‍, ഭരണാധികാരികള്‍ എല്ലാപേരെയും കൂട്ടിയിണക്കുന്ന കണ്ണി അവരുടെ സാമൂഹ്യബോധവും പൊതുഇടപെടലുമാണ്. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാല്‍, അവരുടെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളസൃഷ്ടിയിലുള്ള പങ്ക് നിര്‍ണായകമാണെന്ന് പുസ്തകം ഓര്‍മിപ്പിക്കുന്നു.

സമൂഹത്തിലെ അനാചാരങ്ങളോട് ധീരമായി ചെറുത്തുനിന്ന് വിധവാവിവാഹത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വേണ്ടി വാദിച്ച പാര്‍വതി നെന്മേനിമംഗലം ഹരിജനങ്ങളെ അമ്പലക്കുളത്തില്‍ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ച് ക്ഷേത്രത്തിനകത്തുകൊണ്ടുപോകുകയും പില്‍ക്കാലത്ത് കമ്യൂണിസ്റ്റുപാര്‍ടിയുടെ സജീവപ്രവര്‍ത്തകയായി മാറുകയും ചെയ്ത ആര്യാപള്ളം, മുസ്ലിം സമുദായത്തില്‍നിന്ന് പത്രപ്രവര്‍ത്തനരംഗത്തേക്കുവരികയും മുസ്ലിം പെണ്‍കുട്ടികളുടെ ഉന്നമനത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന് വാദിക്കുകയും ചെയ്ത ഹമീലാബീവി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ചയില്ലാതെ സമരം നയിച്ച സുശീലാഗോപാലന്‍, സ്വാതന്ത്ര്യസമരകാലത്ത് കൈക്കുഞ്ഞുമായി ജയില്‍വാസം അനുഭവിക്കുകയും നിയമസഭയിലും സമരരംഗത്തും ഒരുപോലെ പ്രവര്‍ത്തിക്കുകയും ചെയ്ത കുട്ടിമാളു അമ്മ, പത്രപ്രവര്‍ത്തനവും അധ്യാപനവും സ്വാതന്ത്ര്യസമരത്തിനും സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തനത്തിനുമുള്ള ഉപാധിയായിക്കണ്ട യശോദ ടീച്ചര്‍, ബഹുമുഖപ്രതിഭയായിരുന്ന ആനി തയ്യില്‍, പതിനേഴാം വയസ്സില്‍ തന്റെ ആഭരണങ്ങള്‍ ഗാന്ധിജിയുടെ പര്യടനത്തിനിടയില്‍ സംഭാവന നല്‍കിയ കൗമുദി ടീച്ചര്‍, അസാധാരണമായ പീഢനങ്ങളിലൂടെ കടന്നുപോയ മന്ദാകിനി, മറക്കുടയില്‍നിന്ന് പുരോഗമനാശയങ്ങളുടെ മഹാകാശത്തേക്കുയര്‍ന്ന ഉമാദേവി അന്തര്‍ജനം, സ്വാതന്ത്ര്യസമരത്തിലെ ആവേശസാന്നിധ്യമായിരുന്ന ക്യാപ്ടന്‍ ലക്ഷ്മി, ആദ്യകാല കമ്യൂണിസ്റ്റുപാര്‍ടിയുടെ സമരനായികയായിരുന്ന ഗൗരിയമ്മ, സര്‍ സി പിയെപ്പോലുള്ളവരുടെ പിറന്നാളാഘോഷിക്കാന്‍ വിദ്യാര്‍ഥികളുടെ കൈയില്‍നിന്ന് പണം പിരിക്കുന്നത് തെറ്റാണെന്ന് പറഞ്ഞതിന് മാപ്പുപറയാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട കൂത്താട്ടുകുളം മേരി, ദാരിദ്ര്യത്തിന്റെ കയത്തില്‍നിന്ന് പുരോഗമനാശയപ്രചാരണത്തിന്റെ കലാപാത സ്വീകരിച്ച നിലമ്പൂര്‍ ആയിഷ, കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രത്തില്‍ വിപ്ലവഗാനത്തിന്റെ അധ്യായം എഴുതിച്ചേര്‍ത്ത പി കെ മേദിനി, ജീവിതംതന്നെ അക്ഷരാര്‍ത്ഥത്തില്‍ പോരാട്ടമാക്കി മാറ്റിയ ദേവകി നീലിയങ്ങോട്, കര്‍ഷകത്തൊഴിലാളി സമരങ്ങളിലൂടെ കമ്യൂണിസ്റ്റുപാര്‍ടിയുടെ പ്രവര്‍ത്തകയായി മാറിയ വേളത്ത് ലക്ഷ്മിക്കുട്ടി, വഴി നടക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന കൂട്ടംകുളം സമരത്തിലെ നായിക പി സി കുറുമ്പ, ക്രൂരമായ പൊലീസ് മര്‍ദനത്തെയും അതിജീവിച്ച് കര്‍ഷകത്തൊഴിലാളികള്‍ക്കായി പൊരുതിയ ഇറ്റ്യാനം, നവോത്ഥാനപ്രവര്‍ത്തകയും ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ പാര്‍വതി ടീച്ചര്‍ എന്നിവരെക്കുറിച്ചുള്ള ആവേശമുണര്‍ത്തുന്ന വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.

ഇതുകൂടാതെ രണ്ടുഭാഗങ്ങള്‍കൂടി പുസ്തകത്തിനുണ്ട്. അതിലൊന്ന് കേരളത്തിലെ മഹിളാപ്രസ്ഥാനത്തെക്കുറിച്ചുള്ള ലഘുവിവരണമാണ്. അതെഴുതിയിരിക്കുന്നത് പി കെ ശ്രീമതിടീച്ചറാണ്.

മറ്റൊരുഭാഗം "ഓര്‍മയിലെ കനല്‍വഴികള്‍" എന്ന പേരില്‍ ധീരവനിതകളെക്കുറിച്ചുള്ള അനുസ്മരണങ്ങളാണ്. വ്യക്തിപരവും സാമുദായികവുമായ അനുഭവങ്ങളില്‍നിന്ന് പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും പാഠമുള്‍ക്കൊണ്ടവരാണ് ഈ പുസ്തകത്തിന് വിഷയമായ സ്ത്രീകള്‍. സ്വത്വബോധത്തെ വര്‍ഗബോധവുമായി കണ്ണിചേര്‍ക്കുകയാണ് അവര്‍ ചെയ്തത്. സ്വത്വവാദവും അതിലധിഷ്ഠിതമായ രാഷ്ട്രീയവും തള്ളിക്കയറാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത്, സ്ത്രീയുടെ സ്വത്വബോധം വിമോചനത്തിനും സാമൂഹ്യമാറ്റത്തിനും പ്രയോജനപ്പെടുത്തേണ്ടതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്നവരെ അടയാളപ്പെടുത്തുന്ന ദൗത്യമാണ് കൃഷ്ണകുമാരിയും ഈ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ "സമത"യും നിര്‍വഹിച്ചിരിക്കുന്നത്. ഈ പുസ്തകത്തിന്റെ റോയല്‍റ്റിയും വിറ്റുകിട്ടുന്ന പണവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കര്‍ഷകത്തൊഴിലാളി സമരനേതാവ് ഇറ്റ്യാനത്തിന് വീടുവച്ച് നല്‍കാനാണ്.

*
ഡോ. പി എസ് ശ്രീകല ദേശാഭിമാനി വാരാന്തപ്പതിപ്പ് 22 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചരിത്രരേഖകളില്‍ ഇടം നേടാതെപോയ സ്ത്രീകള്‍ നിരവധിയാണ്. മുഖ്യധാരാസാഹിത്യവും ചരിത്രവും എല്ലായ്പ്പോഴും ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആശയങ്ങളെ പിന്താങ്ങുകയും മുന്നോട്ടുവയ്ക്കുകയും മാത്രമാണ് ചെയ്യുക. പുരുഷാധിപത്യപരവും ചൂഷണാധിഷ്ഠിതവുമായ ഒരു വ്യവസ്ഥയുടെ ആശയങ്ങള്‍ ഏറ്റെടുക്കുകയാണ് ചരിത്രവും സാഹിത്യവും ചെയ്യുന്നത് എന്നര്‍ത്ഥം. അതിനൊരിക്കലും വസ്തുനിഷ്ഠമാകാന്‍ വയ്യ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും തമസ്കരിക്കപ്പെട്ടതുമായ യാഥാര്‍ഥ്യങ്ങളെ വീണ്ടെടുക്കുകയെന്നത് അര്‍പ്പണബോധവും സത്യസന്ധതയും ആവശ്യപ്പെടുന്നൊരു പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരക്കാര്‍ വരഞ്ഞിട്ട വഴികളിലൂടെ തിരിച്ചുനടന്നാല്‍ കെട്ടിച്ചമയ്ക്കലിന്റെയും കേട്ടുകേള്‍വിയുടെയും ചരിത്രഭൂമിയിലെ എത്തിനില്‍ക്കാനാകൂ. അതുകൊണ്ടുതന്നെ പുതുവഴികള്‍ വരയണം. അതിലൂടെ സഞ്ചരിക്കുമ്പോള്‍ ഇതേവരെ ചരിത്രത്തിന്റെ ഇരുളില്‍ മറഞ്ഞുകിടക്കുന്ന സംഭവങ്ങളും വ്യക്തികളും വെളിച്ചപ്പെടും. ആ വെളിച്ചപ്പെടലിന്റെ ഭാഗമാണ് എ കൃഷ്ണകുമാരിയുടെ സമരപഥങ്ങളിലെ പെണ്‍പെരുമ എന്ന പുസ്തകം.