Tuesday, October 9, 2012

വര്‍ഗീയത വളര്‍ത്തുന്നതില്‍ യുഡിഎഫില്‍ മത്സരം

ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പരസ്പരം മറനീക്കി മത്സരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുസ്ലിംലീഗ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന്റെ കുലുക്കല്ലൂര്‍ പഞ്ചായത്ത് സംഗമത്തിലെ പ്രസംഗം. പ്രസംഗം യുഡിഎഫിനെ കൈമെയ് മറന്ന് അനുകൂലിക്കുന്ന മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""ഭരണം നിയന്ത്രിക്കുന്നത് നമ്മളാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇത് നാം സമ്മതിക്കാറില്ല. എന്നാല്‍, സത്യമതാണ്. അള്ളാഹുവിന്റെ കാരുണ്യത്താല്‍ ലീഗിന് അഹിതമായ ഒരു സംഗതിയും ഇപ്പോള്‍ നടക്കുന്നില്ല. ഇക്കാര്യം പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണം. നമ്മളാണ് ഭരിക്കുന്നത്. നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്. നമ്മളാണ് കാര്യകര്‍ത്താക്കള്‍- മന്ത്രി പറഞ്ഞു"". മാതൃഭൂമി ലീഗ് നേതാവിന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ലീഗ് നേതാവിന്റെ പ്രസംഗം മാതൃഭൂമി വളച്ചൊടിക്കില്ല. എല്ലാ മുസ്ലിങ്ങളും മുസ്ലിംലീഗിന്റെ കൊടിക്കീഴില്‍ അണിനിരക്കണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. മുസ്ലിം വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തിയാല്‍ മാത്രമേ മുസ്ലിം ജനവിഭാഗത്തെ ഇസ്ലാമിന്റെ ഐക്യം പറഞ്ഞ് ഒന്നിച്ചണിനിരത്താന്‍ കഴിയൂ.

അഞ്ചാംമന്ത്രിയുടെ പ്രശ്നം ലീഗ് നേതാക്കള്‍ ഉന്നയിച്ച രീതി പരിശോധിച്ചാലും വര്‍ഗീയ ചേരിതിരിവാണ് ലക്ഷ്യമെന്ന് ബോധ്യപ്പെടും. അഞ്ചാംമന്ത്രിയുടെ പേര് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയല്ല. പാണക്കാട് തങ്ങളാണ്. അഞ്ചാംമന്ത്രിസ്ഥാനം ലീഗിന് നല്‍കരുതെന്ന് കെപിസിസി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗംചേര്‍ന്ന് തീരുമാനിച്ചു. വിവരം മാധ്യമങ്ങള്‍ക്ക് നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ ചേര്‍ന്ന് അഞ്ചാംമന്ത്രിസ്ഥാനം ഒരു കാരണവശാലും ലീഗിന് കൊടുക്കേണ്ടതില്ലെന്ന തീരുമാനം ആവര്‍ത്തിച്ചുറപ്പിച്ചു. രണ്ടു തീരുമാനവും തൃണസമാനം അവഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഞ്ചാംമന്ത്രിസ്ഥാനം വെള്ളിത്തളികയില്‍ വച്ച് ആദരപൂര്‍വം ലീഗിന് നല്‍കി. ഇതോടെ കോണ്‍ഗ്രസിലെ പടലപ്പിണക്കം മൂര്‍ഛിച്ചു. ചായക്കോപ്പയിലെ കൊടുങ്കാറ്റാണെങ്കിലും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തന്നെ ശക്തിയായി പ്രതികരിച്ചു. അഞ്ചാംമന്ത്രിയുടെ കാര്യത്തില്‍ എന്‍എസ്എസ് നേതാവ് സുകുമാരന്‍നായരാണ് പരസ്യമായി പൊട്ടിത്തെറിച്ച മറ്റൊരാള്‍. കോണ്‍ഗ്രസ് ന്യൂനപക്ഷത്തിന് കീഴടങ്ങിയെന്നാരോപിച്ച് പ്രസ്താവനയിറക്കി. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും അസംതൃപ്തി പ്രകടിപ്പിച്ചു. അതോടെ കീരിയും പാമ്പും കണക്കെ കലഹിച്ചുനിന്ന എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിച്ചായി. ഇരുസംഘടനയും ഭിന്നിപ്പു മറന്ന് യോജിച്ചു. പ്രശ്നം അവിടെ അവസാനിച്ചില്ല.

മുസ്ലിംലീഗിന് പകരം ഹിന്ദുലീഗ് രൂപീകരിക്കണമെന്ന നൂതനാശയവും പുറത്തുവന്നു. പട്ടികജാതിക്കാരുടെ ഒരു സംഘടനയും ഹിന്ദുലീഗ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇതോടൊപ്പം തന്നെയാണ് വിചിത്രമായ ഒരു വകുപ്പുമാറ്റം സംഭവിച്ചത്. മുഖ്യമന്ത്രിയുടെ കൈവശമുള്ള ആഭ്യന്തരവകുപ്പ് നായരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. രണ്ടുപേരും കോണ്‍ഗ്രസുകാരാണെങ്കിലും ജാതിയുടെ പേരില്‍ വകുപ്പുമാറ്റം നടത്താന്‍ 126 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് തയ്യാറായി. ഒരു പാര്‍ടിയുടെ അധഃപതനം നെല്ലിപ്പടിവരെ എത്തിയത് ജനങ്ങള്‍ക്കാകെ കാണാന്‍ കഴിഞ്ഞു. കേരള നിയമസഭയില്‍ ഒരുനാള്‍ രസകരമായ ഒരു സംഭവമുണ്ടായി. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ചോദ്യോത്തരവേളയില്‍ ഉത്തരം പറയവെ 35 സ്കൂള്‍ എയ്ഡഡ് സ്കൂളുകളാക്കി മാറ്റാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തി. ഉടന്‍ തന്നെ മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉത്തരം ശരിയല്ലെന്നു പറഞ്ഞ് തിരുത്തി. അതോടൊപ്പം ഞാനാണ് മുഖ്യമന്ത്രി എന്നുകൂടി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞുകളഞ്ഞു. ഒരു നിയമസഭയിലും മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് "ഞാനാണ് മുഖ്യമന്ത്രി" എന്നു പറഞ്ഞ അനുഭവം ഉണ്ടാകാനിടയില്ല. മുഖ്യമന്ത്രിസ്ഥാനം മുസ്ലിംലീഗിനല്ല കോണ്‍ഗ്രസിനാണെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ യഥാര്‍ഥ പൊരുള്‍. മുഖ്യമന്ത്രി ആരാണെന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നുവന്ന സാഹചര്യംകൂടി കണക്കിലെടുത്തായിരിക്കണം ഉമ്മന്‍ചാണ്ടി ഇങ്ങനെ പറയാന്‍ പ്രേരിതനായത്.

ഒരുഭാഗത്ത് മുസ്ലിംവര്‍ഗീയത വളര്‍ത്താന്‍ മുസ്ലിംലീഗ് കൊണ്ടുപിടിച്ച് ശ്രമിക്കുന്നു. എല്ലാ മുസ്ലിങ്ങളും ഒന്നിച്ചുനില്‍ക്കണമെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ലീഗിനെതിരെ ഹിന്ദുക്കള്‍ യോജിക്കുന്നു എന്നാണ് കാരണമായി പറയുന്നത്. ഈ ന്യൂനപക്ഷവര്‍ഗീയതയുടെ പേരു പറഞ്ഞാണ് ഹിന്ദുലീഗ് രൂപീകരിക്കണമെന്ന ശക്തിയായ ആവശ്യം ചില കോണുകളില്‍ നിന്നുയര്‍ന്നത്. ആര്‍എസ്എസ്- ബിജെപി ശക്തികളാണ് ഹിന്ദു ഏകീകരണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അവരുടെ പുതിയ മുദ്രാവാക്യമല്ല. മുസ്ലിംലീഗിന്റെ അതിരുകവിഞ്ഞ അവകാശവാദം ആര്‍എസ്എസിന് വളരാന്‍ വളക്കൂറുള്ള മണ്ണൊരുക്കുകയാണ് ചെയ്യുന്നത്. ഒരേനാണയത്തിന്റെ രണ്ടുവശമാണ് ഇത്. ഇരുവരുടെയും ലക്ഷ്യം ഒന്നാണ്. ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയുണ്ട്. യുഡിഎഫ് ഭരണത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം ദുരിതപൂര്‍ണമായിരിക്കുന്നു. വിലക്കയറ്റം രൂക്ഷമായി. വൈദ്യുതികട്ടും ലോഡ്ഷെഡിങ്ങും മൂലം ജനങ്ങള്‍ വിഷമിക്കുന്നു. വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. വൈദ്യുതിച്ചാര്‍ജും കുത്തനെ കൂട്ടി. ഡീസല്‍വിലയും വര്‍ധിപ്പിച്ചു. പാചകവാതകം സബ്സിഡിയോടെ ആറ് സിലിണ്ടറാക്കി പരിമിതപ്പെടുത്തി. അടിക്കടി വില വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പൊതുമേഖലാ വ്യവസായങ്ങള്‍ നഷ്ടത്തിലാക്കുന്നു. പലതും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കര്‍ഷക ആത്മഹത്യ തുടരുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വ്യവസായ തൊഴിലാളികളും പണിയെടുക്കുന്ന സര്‍വരും സമരത്തിന്റെ പാതയിലാണ്. കോണ്‍ഗ്രസിനകത്തും ഗ്രൂപ്പുവഴക്ക് ശക്തിപ്പെടുന്നു. ലീഗിനകത്തും സ്ഥിതി വ്യത്യസ്തമല്ല. ബിജെപിയും കുഴപ്പത്തിലാണ്. ഭൂമാഫിയകളെ സഹായിക്കാന്‍ കണ്ടെത്തിയ എമര്‍ജിങ്കേരള ചീറ്റിപ്പോയി. കേന്ദ്രസര്‍ക്കാരാകട്ടെ ഇതിലും വലിയ പ്രതിസന്ധിയിലാണ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളുടെ ഘോഷയാത്രയാണ്. യുപിഎയിലെ രണ്ടാമത്തെ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യത്തില്‍നിന്ന് പുറത്തുപോയി. അവിശ്വാസപ്രമേയം വരുമെന്ന് കേട്ടപ്പോള്‍ എംപിമാരെ ദിവസക്കൂലി കൊടുത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്ന ചിന്തയിലാണ് അവര്‍. ഇതില്‍നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ ഏറ്റവുംനല്ല വഴി വര്‍ഗീയമായി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. ജാതിമതവികാരം ആളിക്കത്തിക്കാനാണ് ശ്രമം. ജാതിമതവികാരം ഇളക്കിവിട്ടാല്‍ ചിന്താശക്തി മരവിക്കും. വികാരം വിചാരത്തിന് വഴിമാറും. ഒപ്പം മതതീവ്രവാദവും സഹായത്തിനുണ്ട്. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ള പൊടിക്കൈകള്‍ മാധ്യമപിന്തുണയോടെ പ്രയോഗിച്ചുനോക്കി. അതിനാകട്ടെ ദീര്‍ഘായുസ്സില്ല. മഴപ്പാറ്റയുടെ ആയുസ്സേയുള്ളൂ. ഈ പശ്ചാത്തലത്തില്‍ വേണം പൊതുമരാമത്തു മന്ത്രിയുടെ പ്രസംഗത്തെയും കാണാന്‍.

മുസ്ലിം ഐക്യംകൊണ്ട് ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട മുസ്ലിമിന് പ്രയോജനമൊന്നുമില്ല. ഹിന്ദു ഏകീകരണം പാവപ്പെട്ട ഹിന്ദുവിനെയും സഹായിക്കുന്നതല്ല. അതുകൊണ്ട് ദോഷമേയുള്ളൂ. വസ്തുതകള്‍ തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഐക്യവും സമരവുമാണ് മോചനമാര്‍ഗം- അതാണ് നാം നാടെങ്ങും കാണുന്നത്. കുടുംബശ്രീ അംഗങ്ങള്‍ വര്‍ഗമെന്ന നിലയിലാണ് ഒന്നിച്ചുനില്‍ക്കുന്നത്. ജാതിമതചിന്തകള്‍ അവരെ അകറ്റുന്നില്ല. 2013 ഫെബ്രുവരിയില്‍ തൊഴിലാളിസംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബഹുജന ഐക്യവും സമരവും അനിവാര്യമാണ്. അതിനെ തകര്‍ക്കാനുള്ള മതവര്‍ഗീയ കൂട്ടുകെട്ടിനെയും അതിന്റെ പിറകിലെ യഥാര്‍ഥശക്തികളെയും തിരിച്ചറിയേണ്ടതുണ്ട്.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 09 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യജനാധിപത്യമുന്നണിയിലെ ഘടകകക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും പരസ്പരം മറനീക്കി മത്സരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുസ്ലിംലീഗ് നേതാവും പൊതുമരാമത്ത് മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞിന്റെ കുലുക്കല്ലൂര്‍ പഞ്ചായത്ത് സംഗമത്തിലെ പ്രസംഗം. പ്രസംഗം യുഡിഎഫിനെ കൈമെയ് മറന്ന് അനുകൂലിക്കുന്ന മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ""ഭരണം നിയന്ത്രിക്കുന്നത് നമ്മളാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇത് നാം സമ്മതിക്കാറില്ല. എന്നാല്‍, സത്യമതാണ്. അള്ളാഹുവിന്റെ കാരുണ്യത്താല്‍ ലീഗിന് അഹിതമായ ഒരു സംഗതിയും ഇപ്പോള്‍ നടക്കുന്നില്ല. ഇക്കാര്യം പ്രവര്‍ത്തകരും അനുഭാവികളും മനസ്സിലാക്കണം. നമ്മളാണ് ഭരിക്കുന്നത്. നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്. നമ്മളാണ് കാര്യകര്‍ത്താക്കള്‍- മന്ത്രി പറഞ്ഞു"". മാതൃഭൂമി ലീഗ് നേതാവിന്റെ പ്രസംഗം വളച്ചൊടിച്ചെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ലീഗ് നേതാവിന്റെ പ്രസംഗം മാതൃഭൂമി വളച്ചൊടിക്കില്ല. എല്ലാ മുസ്ലിങ്ങളും മുസ്ലിംലീഗിന്റെ കൊടിക്കീഴില്‍ അണിനിരക്കണമെന്നാണ് ലീഗ് നേതാക്കളുടെ ആവശ്യം. മുസ്ലിം വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തിയാല്‍ മാത്രമേ മുസ്ലിം ജനവിഭാഗത്തെ ഇസ്ലാമിന്റെ ഐക്യം പറഞ്ഞ് ഒന്നിച്ചണിനിരത്താന്‍ കഴിയൂ.