Tuesday, November 23, 2010

സ്പെക്ട്രം അഴിമതിയുടെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും

കൈക്കൂലിക്കാരേയും അഴിമതിക്കാരേയും പരസ്യമായി മുക്കാലിയില്‍ കെട്ടി ചാട്ടവാറുകൊണ്ട് അടിക്കണം എന്ന് പണ്ട് പ്രധാനമന്ത്രി നെഹ്റു പറയുകയുണ്ടായി. ഇന്നതിന് തുനിയുകയാണെങ്കില്‍ അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കന്മാരെ അണിനിരത്തിനിര്‍ത്താന്‍, പത്തുലക്ഷംപേര്‍ നിരന്നുനിന്നാലും നിറയാത്ത പാറ്റ്നയിലെ ഗാന്ധി മൈതാനംപോലും മതിയാകാതെവരും. കൈക്കൂലിയും കമ്മീഷനും വാങ്ങുകയും പൊതുമുതല്‍ അടിച്ചെടുക്കുകയുംചെയ്ത കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് മന്ത്രിമാരിലും നേതാക്കന്മാരിലും വളരെ ചെറിയ ഒരു അംശം മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളു. അവരുടെ നിരതന്നെ നീണ്ടതാണെങ്കില്‍ ബാക്കിയുള്ളവരുടെ കഥ ഊഹിക്കാവുന്നതേയുള്ളൂ.

ട്രക്ക് വിഴുങ്ങിയ പഞ്ചാബിലെ കൈറോണ്‍മാരും വൈരമാല വിഴുങ്ങിയ കേരളത്തിലെ പനമ്പള്ളിമാരും പാറ്റ്നയിലെ റെയില്‍വെസ്റ്റേഷനും ഗാന്ധി മൈതാനവുംവരെ പണയംവെച്ച് പണംതട്ടിയ മിശ്രമാരും റെയില്‍വെയുടെ സ്വത്ത് സ്വന്തം വീട്ടിലേക്കും സ്വന്തം മണ്ഡലത്തിലേക്കും കടത്തിയ ഘനിഖാന്‍ ചൌധരിമാരും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുവേണ്ടി റിസര്‍വ്ബാങ്കില്‍നിന്ന് പട്ടാപ്പകല്‍ ആയിരം രൂപയുടെ നോട്ടുകെട്ടുകള്‍ നിറച്ച ട്രങ്കുപെട്ടിയുമായി ഇറങ്ങിപ്പോന്ന നഗര്‍വാലമാരും പൊട്ടാത്ത ബൊഫോഴ്സ് തോക്കുവാങ്ങി കമ്മീഷനടിച്ച രാജീവ്ഗാന്ധിമാരും ഭരണം നിലനിര്‍ത്താന്‍ പണം നിറച്ച ട്രങ്ക് പെട്ടികള്‍ വിതരണംചെയ്ത നരസിംഹറാവുമാരും ബോംബെനഗരം അപ്പാടെ വിഴുങ്ങിയ ആന്തുലെമാരും കോണ്‍ഗ്രസ് പാര്‍ടിക്കുള്ളില്‍ നിരന്നുനില്‍ക്കുന്നു. മറ്റ് ബൂര്‍ഷ്വാ പാര്‍ടികളും അഴിമതിയുടെ കാര്യത്തില്‍ ഒട്ടും പിറകോട്ടല്ല. തെഹല്‍ക വെളിപ്പെടുത്തലുകളോടെ കുപ്രസിദ്ധനായിത്തീര്‍ന്ന, നോട്ടുകെട്ടുകള്‍ വാരിപ്പുണരുന്ന മുന്‍ ബിജെപി പ്രസിഡണ്ട് വെങ്കയ്യനായിഡു, രാജ്യരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതില്‍നിന്ന് കമ്മീഷനടിച്ച ജോര്‍ജ് ഫെര്‍ണാണ്ടസ്, ജവാന്മാര്‍ക്കുവേണ്ടി ശവപ്പെട്ടിയും ബൂട്ട്സും വാങ്ങിയതില്‍നിന്നുവരെ കമ്മീഷനടിച്ചവര്‍, ഒന്നുമില്ലായ്മയില്‍നിന്ന് നിമിഷങ്ങള്‍ക്കകം ആയിരംകോടി രൂപയുടെ ആസ്തിസമ്പാദിച്ച മായാവതിമാര്‍, രാജ്യത്തിന്റെ സമ്പദ്ഖനികള്‍ കവര്‍ന്നെടുക്കുന്ന റെഡ്ഡിമാര്‍, മുഖ്യമന്ത്രിയായിരിക്കെ ഒരു രൂപ മാത്രം ശമ്പളമായി എഴുതിയെടുക്കുമ്പോഴും സഹസ്രകോടികളുടെ സ്വത്ത് സമ്പാദിച്ച ജയലളിതമാര്‍... ബൂര്‍ഷ്വാ രാഷ്ട്രീയപ്പാര്‍ടി നേതാക്കന്മാര്‍ നടത്തുന്ന അഴിമതിയുടെ ചരിത്രം അങ്ങനെ നീണ്ടുപോവുകയാണ്.

അതേ അവസരത്തില്‍, കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഭരണത്തിലിരുന്ന, ഭരണത്തില്‍ ഇരിക്കുന്ന ഇടതുപക്ഷ നേതാക്കന്മാര്‍ കളങ്കലേശമില്ലാതെ തെളിഞ്ഞുനില്‍ക്കുന്ന കാഴ്ച, പ്രത്യേകം ശ്രദ്ധേയമാണ്.

ബൂര്‍ഷ്വാ രാഷ്ട്രീയക്കാരുടെ അഴിമതി പരമ്പരയിലെ ഏറ്റവും പുതിയ അദ്ധ്യായമാണ്, കോണ്‍ഗ്രസിന്റെ ഒത്താശയോടെ, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അനുവാദത്തോടെ ഡി എം കെ നേതാവായ (മുന്‍) മന്ത്രി രാജ നടത്തിയ സ്പെക്ട്രം അഴിമതി. ഇസ്രയേലി ആയുധ ഇടപാടില്‍ കൈമാറിയ 9000 കോടി രൂപയുടെ കമ്മീഷന്‍, ഖനി മാഫിയകളുടെ തീവെട്ടിക്കൊള്ള, ആദര്‍ശ് ഫ്ളാറ്റ് അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ഐപിഎല്‍ അഴിമതി തുടങ്ങിയവയെത്തുടര്‍ന്ന് വെളിക്കുവന്ന 2 ജി സ്പെക്ട്രം അഴിമതിയില്‍ 1,76,645 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റിന് നഷ്ടം വന്നത് എന്ന് ഗവണ്‍മെന്റിന്റെ കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള പരമോന്നത ഭരണഘടനാസ്ഥാപനമായ സിഎജിയുടെ (ഈയിടെ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട) റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഗവണ്‍മെന്റിനുണ്ടായ നഷ്ടത്തില്‍ ഭൂരിഭാഗവും (മുന്‍) മന്ത്രി രാജയും കൂട്ടരും അടിച്ചെടുത്തിരിക്കുമെന്നതിനാല്‍, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിതന്നെയാണിത്. അഴിമതിനടന്ന 2008 ജനുവരി മാസത്തിനു തൊട്ടടുത്ത മാസം 2008 ഫെബ്രുവരി 29ന് ഈ പ്രശ്നം സിപിഐ (എം) നേതാവ് സീതാറാം യെച്ചൂരി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. തുടര്‍ന്ന് 2008 നവംബര്‍ 18നും 2010 മെയ് 31നും രണ്ടു കത്തുകള്‍കൂടി അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ചു. എന്നാല്‍ അതിനൊന്നിനുപോലും ഒരു മറുപടിയും നല്‍കാതെ രാജയുടെ അഴിമതിക്ക് കൂട്ടുനിന്ന പ്രധാനമന്ത്രി ഇപ്പോള്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ തീക്ഷ്ണമായ പരാമര്‍ശത്തിലൂടെ പ്രതികളുടെ പട്ടികയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ "ആശങ്കയുണര്‍ത്തുന്ന മൌനത്തിലും നിഷ്ക്രിയത്വത്തിലും'' ദുരൂഹത കണ്ടെത്തിയ സുപ്രീംകോടതി, രാജയെ പോസിക്യൂട്ട്ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുബ്രഹ്മണ്യസ്വാമിയുടെ കത്തിന് മറുപടിനല്‍കാന്‍ 16 മാസക്കാലം താമസംവരുത്തിയ (2008 നവംബര്‍ മുതല്‍ 2010 മാര്‍ച്ച്വരെ) പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരിക്കുകയാണ്. താന്‍ നടത്തിയ ലേലം ഇടപാട് പ്രധാനമന്ത്രിയുടെ അറിവോടും അനുവാദത്തോടുംകൂടിയാണെന്ന് പലതവണ രാജ പരസ്യമായി പ്രസ്താവിച്ചിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി, അഴിമതിക്കാരനായ രാജയെക്കൊണ്ട് രാജിവെപ്പിക്കുന്നതിനു അവസാനനിമിഷംവരെ വിസമ്മതിച്ചതില്‍നിന്ന് തെളിയുന്നത്, ഈ അഴിമതിയില്‍ അദ്ദേഹത്തിനും കോണ്‍ഗ്രസ് പാര്‍ടിക്കും ഉള്ള പങ്കാണ്. മന്ത്രിസഭയിലെ ഒരംഗത്തിനു മാത്രമായി ഇത്ര വലിയ വെട്ടിപ്പ് നടത്താന്‍ കഴിയില്ലല്ലോ.

രാജ്യത്തെ മൊത്തം മൊബൈല്‍ ഫോണ്‍ വരിക്കാരുടെ സംഖ്യ 2001ല്‍ 40 ലക്ഷത്തില്‍ താഴെയായിരുന്നത് 2008ല്‍ 30 കോടിയായി ഉയര്‍ന്ന സന്ദര്‍ഭത്തിലാണ്, 21 ടെലകോം കമ്പനികള്‍ക്ക് 122 പുതിയ സ്പെക്ട്രം ലൈസന്‍സുകളും 35 ഇരട്ട സാങ്കേതികവിദ്യാ ലൈസന്‍സുകളും മന്ത്രി രാജ, തുച്ഛമായ വിലയ്ക്ക് 2008 ജനുവരി 10ന് വിതരണംചെയ്തത്. 2001ല്‍ ബിജെപി സര്‍ക്കാരിന്റെകാലത്ത് നിലവിലുണ്ടായിരുന്ന നിരക്കില്‍ ഫീസ് വാങ്ങി "ആദ്യം വന്നവര്‍ക്ക് ആദ്യം'' എന്ന അന്നത്തെ നയത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് നല്‍കിയത് തികഞ്ഞ ക്രമക്കേടാണെന്ന് അന്നുതന്നെ സിപിഐ (എം) ചൂണ്ടിക്കാണിച്ചതാണ്. കുറഞ്ഞ ലൈസന്‍സ് ഫീസ് വാങ്ങുന്നത്, വരിക്കാര്‍ക്ക് കുറഞ്ഞനിരക്കില്‍ സേവനം ലഭിക്കുന്നതിനുവേണ്ടിയാണെന്നും അതുവഴി താന്‍ ഏറ്റവും വലിയ ജനസേവനമാണ് ചെയ്യുന്നതെന്നും ആയിരുന്നു രാജയുടെ ന്യായീകരണം. സബ്സിഡിനിരക്കില്‍ റേഷന്‍ കടകളിലൂടെ പാവങ്ങള്‍ക്ക് ഭക്ഷ്യധാന്യം വിതരണംചെയ്യുന്നില്ലേ, 20 രൂപയുടെ അരി 2 രൂപയ്ക്ക് ഇങ്ങനെ വിതരണംചെയ്യുന്നതുകൊണ്ട് ഖജനാവിന് നഷ്ടമുണ്ടായി എന്ന് പറയുന്നത് തെറ്റല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരുവാദം. മുന്‍ ഗവണ്‍മെന്റ് തുടര്‍ന്നുവന്ന ടെലകോം നയം വള്ളിപുള്ളി വിടാതെ താന്‍ കര്‍ശനമായി നടപ്പാക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും യാതൊരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. താനൊരു ദളിതനായതുകൊണ്ട് മാധ്യമ തമ്പ്രാക്കന്മാര്‍തന്നെ വേട്ടയാടുകയാണെന്ന ന്യായവും അദ്ദേഹം ഉന്നയിക്കുകയുണ്ടായി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും ഡിഎംകെ പ്രസിഡന്റ് കരുണാനിധിയുടെയും പൂര്‍ണ്ണ പിന്‍തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങളെയെല്ലാം തള്ളിക്കളഞ്ഞ്, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ അതിനെ തികഞ്ഞ അഴിമതിയായി, ഖജനാവിന് വരുത്തിയ നഷ്ടമായി എടുത്തുകാണിക്കുന്നു. സ്വജന പക്ഷപാതങ്ങളുടെയും ക്രമക്കേടുകളുടെയും നിയമലംഘനങ്ങളുടെയും ഒത്തുകളിയുടെയും വലിയ പരമ്പരതന്നെ, ഈ ഒരൊറ്റ ഇടപാടില്‍ ഉണ്ടായിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒന്നാമത് മൊബൈല്‍ വരിക്കാരുടെ എണ്ണം ഏഴുകൊല്ലത്തിനുള്ളില്‍ ഏതാണ്ട് നൂറിരട്ടിയായി വര്‍ദ്ധിച്ചതുകൊണ്ട്, 2 ജി സ്പെക്ട്രത്തിന് വിലയും ഡിമാന്റും കൂടിയതുകൊണ്ട്, 2001ലെ വിലയ്ക്ക് വില്‍ക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര നിയമമന്ത്രാലയവും ധനകാര്യ മന്ത്രാലയവും ടെലകോം ഡിപ്പാര്‍ട്ടുമെന്റും പ്രധാനമന്ത്രിയുടെ കാര്യാലയവും ടെലകോം റെഗുലേറ്ററി അഥോറിറ്റിയും (ട്രായ്) ലേലത്തിന് ഏറെ മുമ്പുതന്നെ മന്ത്രി രാജയെ അറിയിച്ചിരുന്നു. മന്ത്രാലയങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍, വിഷയം മന്ത്രിസഭയില്‍ കൊണ്ടുവരണം. എന്നാല്‍ അതുചെയ്യാതെ, ഏകപക്ഷീയമായി രാജ തീരുമാനമെടുക്കുകയാണ് ചെയ്തത്.

പുതിയ ലൈസന്‍സ് ഫീസിന്റെ കാര്യത്തിലെന്നപോലെ "ആദ്യം വന്നവര്‍ക്ക് ആദ്യം'' എന്ന നയത്തിന്റെ കാര്യത്തിലും നിയമമന്ത്രാലയവും ധനകാര്യ മന്ത്രാലയവും മറ്റും എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. 2001ല്‍ ലൈസന്‍സിനുള്ള അപേക്ഷകരുടെ എണ്ണം കുറവായിരുന്നു; എന്നാല്‍ 2007 ആയപ്പോഴേക്ക് അവരുടെ എണ്ണം 500-ല്‍ ഏറെ വര്‍ദ്ധിച്ചു. അതിനാല്‍ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നയം പ്രായോഗികമല്ല. പരസ്യമായ ലേലംതന്നെ വേണം എന്ന് മറ്റ് മന്ത്രാലയങ്ങളും തന്റെ വകുപ്പുതന്നെയും രാജയോട് ആവശ്യപ്പെട്ടു. അതും നിരസിക്കപ്പെട്ടു. അങ്ങനെ മറ്റ് വകുപ്പുകളുടെ അഭിപ്രായം തള്ളിക്കളഞ്ഞ്, കാലഹരണപ്പെട്ട നയത്തിന്റെ അടിസ്ഥാനത്തില്‍, ചുളുവിലയ്ക്ക് സ്പെക്ട്രം സ്വന്തക്കാര്‍ക്കും കുത്തകകള്‍ക്കും വിറ്റ രാജ, ഈ നടപടിയില്‍ നിരവധി ക്രമക്കേടുകളും കള്ളക്കളികളും ഒത്തുകളികളും നടത്തുകയുണ്ടായി. ചിലതുമാത്രം നോക്കു:

* അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി 2007 ഒക്ടോബര്‍ ഒന്ന് എന്നാണ് 2007 സെപ്തംബര്‍ 24ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തനിക്ക് വേണ്ടപ്പെട്ടവരുടെയെല്ലാം അപേക്ഷ ലഭിച്ചുകഴിഞ്ഞപ്പോള്‍, യാതൊരു കാരണവും പറയാതെ അവസാന തീയതി 2007 സെപ്തംബര്‍ 25 എന്നാക്കി മാറ്റി. രാജയുടെ ഈ നടപടി നിയമവിരുദ്ധമാണെന്ന് 2009 നവംബര്‍ 24ന് ഡല്‍ഹി ഹൈക്കോടതി വിധിക്കുകയുണ്ടായി. "കളി തുടങ്ങിയതിനുശേഷം നിയമങ്ങള്‍ മാറ്റുന്ന'' നടപടിയാണിതെന്ന് കോടതി കുറ്റപ്പെടുത്തി. സ്വന്തക്കാരെ അനര്‍ഹമായി സഹായിക്കുന്നതിനുവേണ്ടിയായിരുന്നു അത്.

* അപേക്ഷകള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, അപേക്ഷിച്ച തീയതിക്കനുസരിച്ച് സീനിയോറിറ്റി ലിസ്റ്റ് ഉണ്ടാക്കുമെന്നും ആ ലിസ്റ്റ് അനുസരിച്ച് സ്പെക്ട്രം വിതരണംചെയ്യുമെന്നും അതിന് ആവശ്യമായ ഡെപ്പോസിറ്റ് തുക കെട്ടിവെയ്ക്കാനും മറ്റുമായി 15 ദിവസത്തെ സമയം അനുവദിക്കുമെന്നും ആദ്യം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സീനിയോരിറ്റിലിസ്റ്റ് ഉണ്ടാക്കികഴിഞ്ഞപ്പോള്‍ വീണ്ടും നിലപാട് മാറ്റി. ലിസ്റ്റിലുള്ളവരില്‍ത്തന്നെ, ഡെപ്പോസിറ്റ് കെട്ടിവെച്ചതിന്റെ ഡിഡിയുംമറ്റുമായി ആദ്യം വരുന്ന ആള്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുമെന്ന വ്യവസ്ഥ വെച്ചു. അതായത് സീനിയോറിറ്റിയില്‍ ഒന്നാമനാണെങ്കിലും ഡിഡിയുമായി വരാന്‍ വൈകിയാല്‍ ലൈസന്‍സ് കിട്ടില്ല എന്നര്‍ഥം.

* ലിസ്റ്റ് പ്രസിദ്ധീകരിച്ച് കഴിഞ്ഞാല്‍ പണം ബാങ്കിലടച്ച് ഡിഡിയും മറ്റുമായി വരാന്‍ 15 ദിവസം നല്‍കുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, അവസാന നിമിഷത്തില്‍, അതിന് നല്‍കപ്പെട്ട സമയം മൂന്നു മണിക്കൂര്‍ മാത്രമാക്കി - അതായത് 2008 ജനുവരി 10ന് ഉച്ചയ്ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; വൈകുന്നേരത്തിനുമുമ്പ് ഡിഡിയുമായി വരണം. ഈ മാറ്റത്തെക്കുറിച്ച് മുന്‍കൂട്ടി അറിവു ലഭിച്ചിരുന്നവര്‍ക്കു മാത്രമേ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പണം സംഘടിപ്പിച്ച്, ബാങ്കില്‍ പോയി ഡിഡിയാക്കി, വരാന്‍ കഴിയുമായിരുന്നുള്ളൂ.

* "ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം'' എന്ന നയം മാറ്റി, "ആദ്യം വന്നവര്‍ക്ക് ആദ്യം'' എന്ന നടപടിക്രമം സ്വീകരിച്ചതു കാരണം അര്‍ഹതപ്പെട്ട എത്രയോ അപേക്ഷകള്‍ തള്ളപ്പെട്ടു.

* പ്രഖ്യാപിതമായ അവസാന തീയതിക്കു (കട്ട് ഓഫ് ഡേറ്റ്) മുമ്പുള്ള തീയതിക്ക് തന്നെ ഡിഡി എടുത്തുവെച്ചിരുന്ന 13 അപേക്ഷകള്‍ ഉണ്ടായിരുന്നു. അവര്‍ ആകെ 1651 കോടി രൂപയുടെ ഡിഡി നേരത്തെ എടുത്തുവെച്ച് കാത്തിരിക്കുകയായിരുന്നു. അവര്‍ക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നുവെന്നര്‍ഥം. പലര്‍ക്കും ബാങ്ക് ഗ്യാരണ്ടിയും ലഭിച്ചിരുന്നു. മന്ത്രിയും അപേക്ഷകരും തമ്മിലുള്ള അവിഹിതമായ ഒത്തുകളിയാണിത് കാണിക്കുന്നത്. പി ആന്റ് ടിയുടെ 2010 മാര്‍ച്ച് 10ന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്.

* നിയമ മന്ത്രാലയത്തിന്റെയും ധനമന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ലൈസന്‍സ് സ്വന്തക്കാര്‍ക്ക് നല്‍കാന്‍ രാജ കൈക്കൊണ്ട തീരുമാനം നടപ്പാക്കാന്‍ ടെലികോം സെക്രട്ടറി ഡി എസ് മാഥുര്‍ വിസമ്മതിച്ചു. ഒടുവില്‍ അദ്ദേഹം 2007 ഡിസംബര്‍ 31ന് വിരമിച്ചതിനുശേഷം പുതിയ സെക്രട്ടറി ചാര്‍ജ് ഏറ്റെടുത്തു കഴിഞ്ഞിട്ടാണ് 2008 ജനുവരി 10ന് വൈകുന്നേരം ധൃതിപിടിച്ച് ഒറ്റയടിയ്ക്ക് ലൈസന്‍സുകള്‍ വിതരണം ചെയ്തത്.

* 122 ലൈസന്‍സുകളില്‍ 85 ലൈസന്‍സുകള്‍ നേടിയ 12 കമ്പനികള്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിരുന്ന യോഗ്യതാ വ്യവസ്ഥകള്‍ പാലിയ്ക്കാത്ത കള്ളക്കടലാസ് കമ്പനികളായിരുന്നു. 85 ലൈസന്‍സുകളില്‍ 45 എണ്ണം ലഭിച്ചത് മിനിമം യോഗ്യത പോലുമില്ലാത്തവയ്ക്കാണ്. നിശ്ചിത ഓഹരി മൂലധനം ഇല്ലാത്ത കമ്പനികള്‍ക്കാണ് 72 ലൈസന്‍സുകള്‍ ലഭിച്ചത്.

* കള്ളരേഖകളും കള്ളക്കണക്കുകളും സമര്‍പ്പിച്ച റിയല്‍ എസ്റ്റേറ്റ് കമ്പനികളായ സ്വാന്‍, യൂണിടെക് എന്നിവയ്ക്ക് മന്ത്രി പ്രത്യേക ആനുകൂല്യം കാണിച്ച് ലൈസന്‍സ് നല്‍കി. സ്വാന്‍ കമ്പനി റിലയന്‍സിന്റെ ബിനാമിയായിരുന്നു. ടാറ്റ, വോഡഫോണ്‍, ഭാരതി എന്നിവയുടെ ബിനാമികള്‍ക്കും പ്രത്യേക ആനുകൂല്യം ലഭിച്ചു.

* അവിഹിതമായി പുതിയ ലൈസന്‍സുകള്‍ സമ്പാദിച്ച കടലാസ് കമ്പനികള്‍, തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ അത് മറിച്ചുവിറ്റ് വമ്പിച്ച ലാഭമുണ്ടാക്കി. യഥാര്‍ത്ഥത്തില്‍ ഖജനാവിലേക്ക് വരേണ്ട സംഖ്യയാണ് ഇങ്ങനെ കോര്‍പറേറ്റുകള്‍ കൊള്ളയടിച്ചത്. അത് രാജയുടെ അറിവോടെയാണുതാനും.

* മൂന്നുവിധത്തിലാണ് രാജ ഖജനാവ് ചോര്‍ത്തിയത്. കടലാസ് കമ്പനികള്‍ക്ക് പുതിയ ലൈസന്‍കുകള്‍ നല്‍കുന്നതുവഴി 1,02,498 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. രണ്ടാമത് ഇരട്ട സാങ്കേതിക വിദ്യാ ലൈസന്‍സുകള്‍ അനുവദിച്ചതുവഴി 37,154 കോടി രൂപയുടെ നഷ്ടം വരുത്തി. അതില്‍നിന്ന് കൊള്ളലാഭം ഉണ്ടാക്കിയത് റിലയന്‍സ് ആണ്. ഒട്ടും സുതാര്യതയില്ലാത്ത, ന്യായമല്ലാത്ത ഇടപാടാണ് ഇതെന്ന് സി ആന്റ് എജി എടുത്തു പറഞ്ഞിട്ടുണ്ട്. മൂന്നാമത്, നിലവിലുള്ള ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കപ്പെട്ടിരുന്ന (6.2 മെഗാ ഹെര്‍ട്സ്) സ്പെക്ട്രത്തിലധികം അവര്‍ക്ക് അനുവദിച്ചതു മൂലമുള്ള നഷ്ടം 36,993 കോടി രൂപയും വരും. അധിക സ്പെക്ട്രം അനുവദിച്ചതിന്റെ ഏറ്റവും വലിയ ഗുണം ലഭിച്ചത് ഭാരതി എയര്‍ ടെല്ലിന്നാണ്. വോഡാഫോണ്‍ എസ്സാറിന്നും ഐഡിയയ്ക്കും എയര്‍സെല്ലിനും ഈ ഇനത്തില്‍ ലാഭമുണ്ടായി.

അങ്ങനെ മൊത്തം 1,76,645 കോടി രൂപയുടെ നഷ്ടമാണ് മൂന്നുമണിക്കൂര്‍ കൊണ്ട് രാജ ഖജനാവിനുണ്ടാക്കിത്തീര്‍ത്തത് - അഥവാ അത്രയും ലാഭം കോര്‍പ്പറേറ്റുകള്‍ക്ക് മൂന്നു മണിക്കൂറുകള്‍കൊണ്ട് ഉണ്ടാക്കിക്കൊടുത്തു. രാജ്യത്തിന്റെ മൊത്തം നികുതിവരുമാനത്തിന്റെ മൂന്നിലൊന്നുവരുമിത്. അല്ലെങ്കില്‍ മൊത്തം ജിഡിപിയുടെ മൂന്നു ശതമാനം. പട്ടിണിപ്പാവങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ പണമില്ലെന്ന് പറയുന്ന ഗവണ്‍മെന്റാണ് മൂന്നു മണിക്കൂര്‍ കൊണ്ട് കുത്തകകള്‍ക്ക് 1,76,000 കോടിയിലധികം രൂപ ലാഭമുണ്ടാക്കിക്കൊടുത്തത്. ഉദാരവല്‍ക്കരണ സാമ്പത്തികനയം തീവ്രമായി നടപ്പാക്കുന്ന മന്‍മോഹന്‍സിങ്ങിന്റെ ആഗ്രഹമാണ്, രാജ നടപ്പാക്കിക്കൊടുത്തത്. ഉദാരവല്‍ക്കരണ കാലത്തെ മുതലാളിത്തത്തിന്റെ മൂലധന സംഭരണത്തിന്റെ ഉത്തമോദാഹരണം.

2008 ജനുവരി 10നാണ് "സ്വേച്ഛാപരം'', "അന്യായം'', "അധാര്‍മികം'' എന്നൊക്കെ സിഎജി വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ഈ പകല്‍ക്കൊള്ള നടന്നത്. കേന്ദ്ര നിയമ - ധനമന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രി കാര്യാലയത്തിന്റെയും എതിരഭിപ്രായം അവഗണിച്ചുകൊണ്ട് രാജ നടത്തിയ ഈ അഴിമതിയെക്കുറിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും രാജ്യസഭാംഗവുമായ സീതാറാം യെച്ചൂരി പ്രധാനമന്ത്രിയ്ക്ക് മൂന്ന് കത്തുകളയച്ചു. ഒന്നിനും മറുപടി ലഭിച്ചില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ഈ പ്രശ്നം പാര്‍ലമെന്റിന്നകത്തും പുറത്തും സിപിഐ എം നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ടും എല്ലാം അറിയുന്ന പ്രധാനമന്ത്രി ഒരക്ഷരം ഉരിയാടിയിട്ടില്ല. കോണ്‍ഗ്രസ്സുകാരാകട്ടെ, രാജയെ ന്യായീകരിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. ഇതിനര്‍ത്ഥം, ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ അഴിമതിയില്‍ രാജ മാത്രമല്ല പ്രതി എന്നാണ്. വെറും ഒരു രാജയെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതല്ല ഇത്. ഡിഎംകെയും കോണ്‍ഗ്രസ് പാര്‍ടിയും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റും എല്ലാം അറിഞ്ഞുകൊണ്ട്, യഥാവിധി വിഹിതം പറ്റിക്കൊണ്ട്, നടത്തിയ അഴിമതിയാണിത് എന്ന് അവരുടെയൊക്കെ മൌനം തെളിയിയ്ക്കുന്നു. രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് സുബ്രഹ്മണ്യസ്വാമി സമര്‍പ്പിച്ച അപേക്ഷയില്‍ 16 മാസം കള്ളച്ചിരിയോടെ അടയിരുന്ന മന്‍മോഹന്‍സിങ്, അഴിമതിയില്‍ തനിക്കുള്ള പങ്കാളിത്തം പ്രകടമാക്കുകയാണ് ചെയ്യുന്നത്. കള്ളന്‍ കപ്പലില്‍ തന്നെയാണ്; അല്ല കപ്പിത്താന്‍ തന്നെയാണ്.

നിയമങ്ങളെയെല്ലാം കാറ്റില്‍പറത്തിക്കൊണ്ട്, രാജയെക്കൊണ്ട് കോണ്‍ഗ്രസ് നടത്തിച്ച ഈ വന്‍ വെട്ടിപ്പിനെക്കുറിച്ച്, അതുകൊണ്ട് സമഗ്രമായ ഒരു അന്വേഷണം തന്നെ നടത്തിയ്ക്കണം. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയുടെ പതിവ് പരിശോധന കൊണ്ട് ഒന്നുമാവില്ല. പ്രതിപ്പട്ടികയില്‍ മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ വരാനിടയുള്ളതുകൊണ്ട് അഴിമതിയുടെ നാനാവശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം തന്നെ അനിവാര്യമാണ്. അതോടൊപ്പം തന്നെ, ഖജനാവിന്റെ പണം തട്ടിയെടുത്ത റിലയന്‍സ്, വോഡാഫോണ്‍, യൂനിനോര്‍ തുടങ്ങിയവയില്‍ നിന്ന് അത് തിരിച്ചുപിടിയ്ക്കണം. വെട്ടിപ്പ് നടത്തിയതിന് അവരുടെ പേരില്‍ കേസെടുക്കണം. രാജമാരും റിലയന്‍സും വോഡാഫോണും അംബാനിമാരും സോണിയമാരും ഒക്കെ ഒത്തുക്കൊണ്ടുള്ള തീവെട്ടിക്കൊള്ളയാണിത്. കുറ്റവാളികളും ഗൂഢാലോചനക്കാരും ആരും രക്ഷപ്പെട്ടുകൂട. മന്‍മോഹന്‍സിങ്ങിന്റെ മൌനം സമ്മതലക്ഷണമാണ്.

*
നാരായണന്‍ ചെമ്മലശ്ശേരി കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കൈക്കൂലിക്കാരേയും അഴിമതിക്കാരേയും പരസ്യമായി മുക്കാലിയില്‍ കെട്ടി ചാട്ടവാറുകൊണ്ട് അടിക്കണം എന്ന് പണ്ട് പ്രധാനമന്ത്രി നെഹ്റു പറയുകയുണ്ടായി. ഇന്നതിന് തുനിയുകയാണെങ്കില്‍ അഴിമതിക്കാരായ കോണ്‍ഗ്രസ് നേതാക്കന്മാരെ അണിനിരത്തിനിര്‍ത്താന്‍, പത്തുലക്ഷംപേര്‍ നിരന്നുനിന്നാലും നിറയാത്ത പാറ്റ്നയിലെ ഗാന്ധി മൈതാനംപോലും മതിയാകാതെവരും. കൈക്കൂലിയും കമ്മീഷനും വാങ്ങുകയും പൊതുമുതല്‍ അടിച്ചെടുക്കുകയുംചെയ്ത കേന്ദ്ര-സംസ്ഥാന കോണ്‍ഗ്രസ് മന്ത്രിമാരിലും നേതാക്കന്മാരിലും വളരെ ചെറിയ ഒരു അംശം മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളു. അവരുടെ നിരതന്നെ നീണ്ടതാണെങ്കില്‍ ബാക്കിയുള്ളവരുടെ കഥ ഊഹിക്കാവുന്നതേയുള്ളൂ.