Wednesday, November 16, 2011

കാനില്‍ കുമ്പിടുന്ന മന്‍മോഹന് ഇന്ത്യന്‍ ജനതയോട് ധാര്‍ഷ്ട്യം

മുമ്പൊക്കെ ജി - 7 ഉന്നതതലയോഗം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങളായിരുന്നു അതില്‍ പ്രധാനം. പിന്നീട് റഷ്യയെ കൂടി അതില്‍ ചേര്‍ത്തു. അപ്പോള്‍ ജി 8 ആയി. 2008ലെ ആഗോള പ്രതിസന്ധി ഉണ്ടായപ്പോള്‍ ഈ മുതലാളിത്ത മഹാമല്ലന്മാര്‍ വിചാരിച്ചാല്‍ ലോകപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ട് ഒരു ഡസന്‍ വികസ്വര രാജ്യങ്ങളെകൂടി അക്കൂട്ടത്തില്‍ ചേര്‍ത്തു. അങ്ങനെ ജി 20 ആയി. ഇക്കൊല്ലത്തെ ജി 20 ഉന്നതതലം ചേര്‍ന്നത് ഫ്രാന്‍സിലെ കാനില്‍ . പക്ഷേ, ഉന്നതതല യോഗമായില്ല അത്. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാര്‍ കടങ്ങളെച്ചൊല്ലി അവ തമ്മിലുള്ള തര്‍ക്കം, അതിനു അവരെ പഴിചൊല്ലി അമേരിക്കയും ബ്രിട്ടനും ചേര്‍ന്നുണ്ടാക്കിയ ബഹളം- ഇവയെല്ലാംകൊണ്ട് മുഖരിതമായിരുന്നു കാന്‍ ജി 20 ഉന്നതതലം. ഗ്രീക്ക് സര്‍ക്കാര്‍ അതിെന്‍റ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലും വലിയ തുക വായ്പയായി എടുത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തര്‍ക്ക പ്രശ്നം.

ഫ്രഞ്ച് - ജര്‍മ്മന്‍ ബാങ്കുകളാണ് കടംകൊടുത്തത്. ഗ്രീസിെന്‍റ കടം വെട്ടിക്കുറയ്ക്കാന്‍ കടുത്ത നടപടികള്‍ വേണമെന്നാണ് മറ്റ് പല രാജ്യങ്ങളും നിര്‍ദ്ദേശിക്കുന്നത്. ഇങ്ങനെ വന്‍ കടംകൊണ്ട രാജ്യമാണ് അമേരിക്ക. വിയത്നാം യുദ്ധകാലം മുതല്‍ അമേരിക്ക ഇങ്ങനെ വന്‍കടം വാങ്ങിയിരുന്നു. അവരുടെ നേരെ മീശ പിരിക്കാന്‍ ഐഎംഎഫിനും ലോകബാങ്കിനുമൊക്കെ പേടിയാണ്. ലാറ്റിനമേരിക്കയിലെ അര്‍ജന്‍റീനക്കുനേരെ മീശ പിരിച്ചു. പക്ഷേ, അവര്‍ പറഞ്ഞു "ഞങ്ങള്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ കഴിയില്ല"എന്ന്. അപ്പോള്‍ കടം കൊടുത്ത ബാങ്കുകള്‍ക്ക് മുതലിലും പലിശയിലും വെട്ടിക്കുറവ് വരുത്തി കുറഞ്ഞ തുക കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കാനിലെ ഇത്തരത്തിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍മൂലം യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന അന്താരാഷ്ട്ര സാമ്പത്തിക പ്രശ്നങ്ങള്‍ അവിടെ യഥാര്‍ത്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഫ്രെഞ്ച് പ്രസിഡന്‍റ് സര്‍ക്കോസി ഗ്രീസ് പ്രശ്നത്തില്‍ തല പൂഴ്ത്തിയതിനാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് അദ്ദേഹവുമായി കൂടിക്കാഴ്ച തരപ്പെട്ടില്ല. അന്താരാഷ്ട്ര പ്രാധാന്യമുള്ള നിരവധി കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് കൈകാര്യം ചെയ്യുമെന്ന് അന്തിമ സംയുക്ത പ്രഖ്യാപനത്തില്‍ വാഗ്ദാനം ചെയ്ത് ഒഴിവാക്കേണ്ടിവന്നു.

ഗാട്ടിെന്‍റ ദോഹാവട്ടത്തിെന്‍റ കാലം കഴിഞ്ഞെങ്കിലും വികസിത മുതലാളിത്ത രാജ്യങ്ങള്‍ അവികസിത രാജ്യങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ നല്‍കാമെന്ന് ഏറ്റിരുന്ന ആനുകൂല്യങ്ങള്‍ ഇതേവരെ അവര്‍ നടപ്പാക്കിയിട്ടില്ല. ഇപ്പോള്‍ ആ വാഗ്ദാനത്തില്‍നിന്ന് പിന്മാറുകയാണ്. ഭക്ഷ്യസുരക്ഷ, കാലാവസ്ഥാമാറ്റം മുതലായ ആഗോള പ്രശ്നങ്ങളിലും ചില പൊതുപ്രസ്താവനകള്‍ ചെയ്യുന്നതിന് അപ്പുറത്തേക്ക് ജി 20 ഉന്നതതലവും കടന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കാനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ ചില പ്രസ്താവങ്ങളെയും ഇന്ത്യാ ഗവണ്‍മെന്‍റിന്റെ നടപടികളെയും കാണേണ്ടത്. സാമ്പത്തിക വികസനത്തിന്റെ പാത വ്യക്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പെട്രോളിന്റെ മാത്രമല്ല, ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്നതിനുള്ള അവകാശം അതത് പൊതുമേഖലാ കമ്പനികള്‍ക്ക് വിട്ടുകൊടുക്കും. കൂടുതല്‍ ഉദാരവല്‍ക്കരണം എന്ന ആഗോളവല്‍ക്കരണ നയത്തില്‍നിന്ന് യുപിഎ ഗവണ്‍മെന്‍റ് വ്യതിചലിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. ആഗോള കുത്തകകളെ ബോധ്യപ്പെടുത്താനായിരിക്കണം അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യയില്‍ ആപേക്ഷിക ദാരിദ്ര്യം വലിയ തോതില്‍ നിലനില്‍ക്കത്തക്കവിധം സാമ്പത്തിക വളര്‍ച്ചയിലൂടെ കൈവരുന്ന സമ്പത്ത് സമ്പന്നര്‍ക്ക് അനുകൂലമായി പങ്കുവെക്കുന്ന നയം തിരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറല്ല എന്നാണ് മന്‍മോഹന്‍സിങ് പറഞ്ഞതിന്റെ അര്‍ഥം. എല്ലാവരെയും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന വികസന നയമാണ് 12-ാം പദ്ധതിയുടെ ലക്ഷ്യമെന്നു പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് സമ്പന്നരെ മാത്രമാണ് എന്നു തോന്നുന്നു. ജനങ്ങളെ എല്ലാവരെയും- സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെയടക്കം - ഉദ്ദേശിക്കുന്നെങ്കില്‍ പിന്തുടരേണ്ട നയം ഇതല്ല. ഇതല്ലാതെ മറ്റ് വഴിയില്ല എന്നു പറയുന്നത് ശരിയല്ല. പെട്രോളിന്മേല്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ നികുതിഭാരം കുറച്ചാല്‍ വിദേശത്ത് ക്രൂഡ് ഓയിലിനു വില കൂടുന്നതുകൊണ്ടോ രൂപയുടെ കൈമാറ്റ വില കുറയുന്നതുകൊണ്ടോ പെട്രോള്‍ വില കൂടുന്നത് തടയാം. ഗവണ്‍മെന്‍റിനു ലഭിക്കുന്ന അധികവരുമാനത്തില്‍ അല്‍പം കുറവുവരും എന്നേയുള്ളൂ. അത് സാമ്പത്തികശേഷി കൂടുതലുള്ളവരുടെമേല്‍ അധിക സാമ്പത്തികഭാരം ചുമത്തി നികത്തണം. എന്നാല്‍ , സാധാരണക്കാര്‍ക്ക് വികസനനേട്ടവും സാമ്പത്തികാശ്വാസവും പകരാനല്ല, സമ്പന്നര്‍ക്ക് ഇവ ഉറപ്പാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും കേന്ദ്ര സര്‍ക്കാരിെന്‍റ ഈ സമീപനം കൂടുതല്‍ കൂടുതല്‍ വ്യക്തമായിവരുന്നു. പെട്രോള്‍ വിലക്കയറ്റം ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ജനപക്ഷം പിടിക്കുന്ന നയമാണുള്ളത് എന്ന് വരുത്തിത്തീര്‍ക്കാന്‍ മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും മറ്റും ശ്രമിക്കുന്നുണ്ട്. ജനരോഷം തങ്ങളുടെ നേരെ തിരിയുന്നതില്‍നിന്ന് രക്ഷപ്പെടാനാണ് ഇത്. എന്നാല്‍ , സ്വന്തം സങ്കുചിത (സ്ഥാപിത) താല്‍പര്യം നേടാനാണ് ഈ പാര്‍ടികള്‍ കോണ്‍ഗ്രസ്സിനെ വിരട്ടുന്നത്. എന്നാല്‍ , പശ്ചിമ ബംഗാള്‍ ഗവണ്‍മെന്‍റിനു കേന്ദ്രം കുറച്ച് പണം നല്‍കാമെന്ന് ഏറ്റതോടെ കേന്ദ്ര മന്ത്രിസഭ വിടുമെന്നതടക്കമുള്ള ഭീഷണി മമത പിന്‍വലിച്ചു.

ഡിഎംകെ ഇന്നു തമിഴ്നാട്ടില്‍ ദുര്‍ബലശക്തിയാണ്. അതിന്റെ നേതൃത്വമാണെങ്കില്‍ 2 ജി സ്പെക്ട്രം കുംഭകോണത്തില്‍പ്പെട്ട് ഉലയുകയാണ്. ആഗോളവല്‍ക്കരണ നയത്തെ പിന്താങ്ങുന്ന ഈ കക്ഷികള്‍ക്കു മുമ്പില്‍ കോണ്‍ഗ്രസ്സിനെ പിന്താങ്ങുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല. കോണ്‍ഗ്രസ് കൂട്ടുകെട്ട് വിട്ട് രാഷ്ട്രീയ പുറമ്പോക്കില്‍ പോയി സന്ന്യസിക്കാന്‍ അവര്‍ ഒരുക്കവുമല്ല. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സ്വാധീനം കൊണ്ടോ നേതൃത്വപാടവം കൊണ്ടോ അല്ല യുപിഎയും യുപിഎ ഗവണ്‍മെന്റും താഴെ വീഴാതെ നില്‍ക്കുന്നത്. ഈ ഗവണ്‍മെന്‍റ് ഇങ്ങനെ നിലനില്‍ക്കേണ്ടത് മറ്റാരേക്കാളും ആവശ്യം ഇന്ത്യയുടെ വന്‍കുത്തകകള്‍ക്കാണ്. ഇച്ഛാശക്തിയോ ബഹുജനപിന്തുണയോ ഇല്ലാത്ത കോണ്‍ഗ്രസ് നേതൃത്വമാണ് അവര്‍ക്ക് പഥ്യം. അങ്ങനെയാണെങ്കില്‍ മാത്രമേ റിലയന്‍സും ടാറ്റയും ബിര്‍ളയും വിദേശ കുത്തകകളും ആഗ്രഹിക്കുന്നതുപോലെ സര്‍ക്കാരിന്റെ സമ്പത്ത് കുത്തിക്കവരാനും ഇളവുകള്‍ നേടാനും കഴിയൂ. ഈ കുത്തകകള്‍ക്കു വഴങ്ങിയാണ് ബിജെപിയും എസ്പി, ബിഎസ്പി, എന്‍സിപി, ഡിഎംകെ ആദിയായ കക്ഷികളും നില്‍ക്കുന്നത്. ഒരു ശതമാനത്തിന്റെ നൂറിലൊരംശംപോലും വരാത്ത ഇവരുടെ നിയന്ത്രണത്തിലാണ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ എതിര്‍ക്കാവുന്ന വിവിധ ശക്തികള്‍ . അവരൊക്കെയാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്.

ഈ രാഷ്ട്രീയ പാര്‍ടികളുടെയും അവയുടെ രക്ഷാധികാരികളായ കുത്തകകളുടെയും രാഷ്ട്രീയ - സാമ്പത്തിക നയങ്ങള്‍ക്ക് വിരുദ്ധമായി ജനകീയമായ നയസമീപനം ഉള്ളത് ഇടതുപക്ഷത്തിനാണ്. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും യുവാക്കളും വിദ്യാര്‍ത്ഥികളും ഒക്കെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും ഇടതുപക്ഷ പാര്‍ടികളാണ്. ഈ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ വിശാലമായ മുന്നണി അരക്കിട്ടുറപ്പിച്ചുകൊണ്ട് മാത്രമേ കുത്തക മുതലാളിത്തം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇന്നത്തെ നിലയില്‍ കഴിയൂ. ഇന്ത്യയില്‍ കുത്തകകളെ കൊമ്പുകുത്തിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അലയൊലികള്‍ ഇവിടെ മാത്രമല്ല, ഇന്നത്തെ സ്ഥിതിയില്‍ ലോകത്തെമ്പാടും ഉണ്ടാകും. ഇവിടെ തൊഴിലാളി - കര്‍ഷകാദി ജനവിഭാഗങ്ങളുടെ ഐക്യവും സമരവും ഊര്‍ജിതപ്പെടുത്തേണ്ടത് അതിനാല്‍ ഇന്ന് ഏറ്റവും പ്രധാനമാണ്.

*
സി പി നാരായണന്‍ ചിന്ത വാരിക 18 നവംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മുമ്പൊക്കെ ജി - 7 ഉന്നതതലയോഗം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങളായിരുന്നു അതില്‍ പ്രധാനം. പിന്നീട് റഷ്യയെ കൂടി അതില്‍ ചേര്‍ത്തു. അപ്പോള്‍ ജി 8 ആയി. 2008ലെ ആഗോള പ്രതിസന്ധി ഉണ്ടായപ്പോള്‍ ഈ മുതലാളിത്ത മഹാമല്ലന്മാര്‍ വിചാരിച്ചാല്‍ ലോകപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയില്ല എന്നതുകൊണ്ട് ഒരു ഡസന്‍ വികസ്വര രാജ്യങ്ങളെകൂടി അക്കൂട്ടത്തില്‍ ചേര്‍ത്തു. അങ്ങനെ ജി 20 ആയി. ഇക്കൊല്ലത്തെ ജി 20 ഉന്നതതലം ചേര്‍ന്നത് ഫ്രാന്‍സിലെ കാനില്‍ . പക്ഷേ, ഉന്നതതല യോഗമായില്ല അത്. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍ക്കാര്‍ കടങ്ങളെച്ചൊല്ലി അവ തമ്മിലുള്ള തര്‍ക്കം, അതിനു അവരെ പഴിചൊല്ലി അമേരിക്കയും ബ്രിട്ടനും ചേര്‍ന്നുണ്ടാക്കിയ ബഹളം- ഇവയെല്ലാംകൊണ്ട് മുഖരിതമായിരുന്നു കാന്‍ ജി 20 ഉന്നതതലം. ഗ്രീക്ക് സര്‍ക്കാര്‍ അതിെന്‍റ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലും വലിയ തുക വായ്പയായി എടുത്തതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തര്‍ക്ക പ്രശ്നം.

Unknown said...

നല്ല കുറിപ്പ് .....