Friday, May 31, 2013

നവലിബറല്‍ നയങ്ങളും കേന്ദ്ര - സംസ്ഥാന ബന്ധങ്ങളും

തുടര്‍ച്ചയായി നിയോഗിക്കപ്പെടുന്ന ധനകാര്യ കമീഷനുകള്‍ക്കുമുമ്പാകെ സിപിഐ എം തങ്ങളുടെ കാഴ്ചപ്പാടു വിശദീകരിച്ചുകൊണ്ടുള്ള നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ അസന്തുലിതാവസ്ഥയിലുണ്ടാവുന്ന വര്‍ധനവും പരിഗണനാ വിഷയങ്ങളില്‍നിന്നുയര്‍ന്നുവരുന്ന പ്രശ്നങ്ങളുമാണ് ആ നിവേദനങ്ങളില്‍ ചൂണ്ടിക്കാണിക്കാറുള്ളത്. നമ്മുടെ ഭരണഘടനയുടെ }ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തുന്നതിനും അതുവഴി ദേശീയ ഐക്യവും ഭരണത്തില്‍ ജനപങ്കാളിത്തവും ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് സിപിഐ എം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാറുള്ളത്. എന്നാല്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ശക്തിപ്പെടുത്തുക എന്നതിന് വിപരീതമായി ഭരണപരവും നിയമനിര്‍മ്മാണപരവും ധനപരവുമായ അധികാരങ്ങളെ കേന്ദ്രീകരിക്കുകയും ഏകീകരിക്കുകയും ചെയ്യുക എന്ന സമീപനമാണ് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവാറുള്ളത്.

സര്‍ക്കാരിയാ കമ്മീഷെന്‍റ ശുപാര്‍ശകള്‍ അവഗണിക്കപ്പെടുകയാണ്. നവലിബറല്‍ പരിഷ്കരണങ്ങള്‍ മുന്നേറിയതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറക്കലും ലംഘിക്കലും വര്‍ധിക്കുകയും നവലിബറല്‍ അജണ്ടക്കൊത്തവിധം സംസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുകയും ചെയ്തിരിക്കുന്നു. നമ്മുടെ ഫെഡറല്‍ ധനകാര്യഘടനയുടെ മൂലക്കല്ലായി അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ളതും സ്വയംഭരണാധികാരമുള്ളതുമായ ഒരു ധനകമ്മീഷന്‍ വേണമെന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭരണഘടനയുടെ 270-ാം അനുഛേദമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട കേന്ദ്ര നികുതി വിഹിതത്തെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്. അതുപോരാതെ വരുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നതിന് നിര്‍ദേശിക്കുന്നതാണ് 275-ാം അനുഛേദം. എന്നാല്‍ ഈ ഘടന തകര്‍ക്കുന്നതിന് വേണ്ടി ധനകമ്മീഷനുകള്‍ നിര്‍ദേശിച്ചതിന് പുറമെ നിയമബാഹ്യമായ കൈമാറ്റങ്ങള്‍ നടത്തുന്നു.

സംസ്ഥാനങ്ങള്‍ക്ക് ഈ അടിസ്ഥാന ഘടനയിലൂടെ വിതരണം ചെയ്യുന്ന 6.5 ലക്ഷം കോടി രൂപയില്‍ 55 ശതമാനം മാത്രമാണ് ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമ്മീഷെന്‍റ ശുപാര്‍ശകളിലൂടെ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഈ ഭരണഘടനാ സ്കീമില്‍നിന്നുള്ള ആദ്യത്തെ വ്യതിയാനം നടക്കുന്നത് ആസൂത്രണ കമ്മീഷെന്‍റ രൂപീകരണത്തോടെയാണ്. ആസൂത്രണ കമീഷനെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഫണ്ട് കൈമാറുന്നതിനുള്ള ഒരു കൈവഴിയാക്കി മാറ്റി. പദ്ധതി സഹായം മിക്കവാറുമൊക്കെ വിതരണം ചെയ്യപ്പെടുന്നത് ഗാഡ്ഗില്‍ ഫോര്‍മുലയനുസരിച്ചാണ്. ആസൂത്രണ കമ്മീഷെന്‍റ ഈ ധര്‍മ്മത്തെക്കുറിച്ച് ദേശീയതലത്തില്‍ തന്നെ അംഗീകാരം സിദ്ധിച്ചിട്ടുള്ളതാണെന്നതിനാല്‍ അത് ഇപ്പോള്‍ പുനഃപരിശോധനക്കു വിധേയമാക്കേണ്ട കാര്യമില്ല. എന്തൊക്കെയായാലും കേന്ദ്രത്തില്‍നിന്നുള്ള പദ്ധതി സഹായം ഗ്രാന്‍റായി നല്‍കുന്നതിന് പകരം ഇപ്പോള്‍ അത് കേന്ദ്രത്തിെന്‍റ പ്രായോജക സ്കീമുകളായി വഴിതിരിച്ചുവിടപ്പെടുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിെന്‍റ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതി സഹായം 2006-07ല്‍ 28 ശതമാനമായിരുന്നത് 2012-13ല്‍ 13 ശതമാനമായി കുറഞ്ഞു.

കേന്ദ്ര പ്രായോജക സ്കീമുകള്‍ പ്രാദേശിക സ്ഥിതിഗതികള്‍ കണക്കിലെടുക്കാത്തതും സങ്കുചിതവുമാണെന്ന വിമര്‍ശനം പൊതുവില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതുകൂടാതെ മിക്കവാറും കേന്ദ്ര പ്രായോജക സ്കീമുകള്‍ക്കൊപ്പം സംസ്ഥാന വിഹിതം കൂടെ ചെലവഴിക്കേണ്ടതായി വരികയും ചെയ്യും. ഉദാഹരണത്തിന് സര്‍വ്വശിക്ഷാ അഭിയാനില്‍ തുടക്കത്തില്‍ സംസ്ഥാന വിഹിതം 25 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്നത് 50 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു. ദേശീയ വികസന കൗണ്‍സിലും ആസൂത്രണ കമീഷനും കേന്ദ്ര പ്രായോജക സ്കീമുകള്‍ കുറക്കണമെന്നും പദ്ധതികള്‍ കൂടുതല്‍ അയവേറിയതായിരിക്കണമെന്നുമുള്ള നിലപാടിലാണെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ മോശപ്പെടുകയാണുണ്ടായത്. കേന്ദ്ര പ്രായോജക സ്കീമുകളുടെ മറ്റൊരു വ്യതിയാനം ഇത്തരത്തിലുള്ള വിവേചനപരമായ കൈമാറ്റങ്ങള്‍ നേരിട്ടുതന്നെ ജില്ലാഭരണകൂടങ്ങളിലേക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പോകുന്നുവെന്നതും അതുവഴി സംസ്ഥാന ബജറ്റുകളെ മറികടക്കുന്നുവെന്നതുമാണ്. ഇതും പോരാതെ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ ഈ കേന്ദ്ര പ്രായോജക പദ്ധതികള്‍ക്ക് കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന വിഹിതം സ്വയം ഭരണ സ്ഥാപനങ്ങളായ സര്‍വശിക്ഷാ അഭിയാനും ദേശീയ ഗ്രാമീണ ആരോഗ്യമിഷനുമൊക്കെ നല്‍കേണ്ടതായും വരുന്നു. ഇത് പലപ്പോഴും ഫണ്ടുകളുടെ ദുരുപയോഗത്തിനും ഉത്തരവാദിത്വരാഹിത്യത്തിനും സംസ്ഥാന ഗവണ്‍മെന്‍റിെന്‍റ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിലേക്കും എത്തിക്കുന്നു.

സംസ്ഥാന ഗവണ്‍മെന്‍റുകളെ മറികടക്കാന്‍ അര്‍ധസര്‍ക്കാര്‍ സംഘടനകളേയും പ്രാദേശിക ഗവണ്‍മെന്‍റുകളെയും അനുവദിക്കുന്നത് രാജ്യത്തിെന്‍റ ഫെഡറല്‍ ഘടനക്കുതന്നെ വന്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. 2012-"13ല്‍ മാത്രം 1.3 ലക്ഷം കോടിരൂപ അതായത് മൊത്തം വിഭവകൈമാറ്റത്തിെന്‍റ 20 ശതമാനം നടന്നത് സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ബജറ്റിനെ മറികടന്നുകൊണ്ടായിരുന്നു. ഈ സംഖ്യ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കുന്ന മൊത്തം കേന്ദ്ര പദ്ധതി സഹായത്തിനേക്കാള്‍ ഉയര്‍ന്ന സംഖ്യയായിരുന്നു. കേന്ദ്ര - കേന്ദ്ര പ്രായോജക പദ്ധതികളിലൂടെയും നേരിട്ടുള്ള സ്കീമുകളിലൂടെയും കേന്ദ്രം ഒരു സംസ്ഥാന ഗവണ്‍മെന്‍റിെന്‍റ പ്രവര്‍ത്തന പരിധിക്കുള്ളില്‍ കൈമാറ്റം ചെയ്യുന്ന വിഭവങ്ങള്‍ ധനകമ്മീഷന്‍ ശിപാര്‍ശപ്രകാരം നല്‍കുന്ന വിഭവങ്ങള്‍ക്കൊപ്പം എത്തിക്കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇതും കൂടാതെ പലപ്പോഴും കേന്ദ്ര പ്രായോജക പദ്ധതികള്‍ക്കൊപ്പം വെക്കുന്ന വ്യവസ്ഥകള്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതരത്തിലുള്ളവയാണ്. ഉദാഹരണത്തിന്, ജെഎന്‍എന്‍യുആര്‍എം നടപ്പിലാക്കാനാരംഭിച്ചതോടെ കേന്ദ്രം സംസ്ഥാന ഗവണ്‍മെന്‍റുകളോട് ഏകപക്ഷീയമായി അവരുടെ സ്റ്റാമ്പ് ഡ്യൂട്ടി അഞ്ചുവര്‍ഷത്തിനകം 5 ശതമാനമായി കുറച്ചുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു. ഇത് സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിലേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നു. സംസ്ഥാന പട്ടികയില്‍ പെട്ടതാണ് നികുതി ചുമത്താനുള്ള അധികാരം. അത് നിശ്ചയിക്കാനുള്ള പൂര്‍ണ്ണമായ അധികാരം സംസ്ഥാന നിയമസഭക്കാണ്. അതിന്മേലുള്ള കടന്നാക്രമണമാണ് സ്റ്റാമ്പ് ഡ്യൂട്ടി കുറക്കുന്നു എന്നതിലൂടെ ഉണ്ടായത്. ബഹുമുഖ - ദ്വിമുഖ സ്വഭാവത്തിലുള്ള വായ്പാദായക സ്ഥാപനങ്ങളും സംസ്ഥാന തലത്തിലുള്ള ധനനയത്തെ മേഖലാപരമായും ഘടനാപരമായുമുള്ള നീക്കുപോക്കുകള്‍ ആവശ്യപ്പെട്ടുകൊണ്ട് നിയന്ത്രിക്കുന്നതിന് വേണ്ടി ശ്രമമാരംഭിച്ചിട്ടുണ്ട്. മുമ്പ് കേന്ദ്ര ഗവണ്‍മെന്‍റാണ് വിദേശ വായ്പാ കാര്യം ചര്‍ച്ചനടത്തി നിശ്ചയിക്കുകയും അത് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാനാരംഭിച്ചതോടെ വായ്പാസ്ഥാപനങ്ങളുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ കേന്ദ്ര സംസ്ഥാനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ്. ഇതുവഴി നവലിബറല്‍ മേഖലാ പരിഷ്കാരങ്ങളും ധനപരിഷ്കാരങ്ങളും ബന്ധപ്പെടുത്തിയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാകുന്നു. സംസ്ഥാനത്തില്‍ ചട്ടാധിഷ്ഠിത ധന നിയന്ത്രണം കൊണ്ടുവരുന്നതില്‍ വലിയ മുന്നേറ്റമാണ് നവലിബറല്‍ കാലഘട്ടത്തില്‍ കാണാനായത്. സംസ്ഥാനങ്ങളില്‍ നവലിബറല്‍ അജണ്ട നടപ്പിലാക്കുന്നതിനുള്ള ഒരു ഉപകരണമായി ധനകമ്മീഷനുകളെ പോലും ഉപയോഗപ്പെടുത്തുന്നു. പതിനൊന്നാം ധനകാര്യ കമ്മീഷന്‍ വെച്ച മോണിറ്ററബിള്‍ ഫിസ്കല്‍ റിഫോംസ് പ്രോഗ്രാം, പന്ത്രണ്ടാം ധനകമ്മീഷെന്‍റ ഫിസ്കല്‍ റെസ്പോണ്‍സിബിലിറ്റി നിയമം, പതിമൂന്നാം ധനക്കമ്മീഷെന്‍റ ധനപരമായ ഏകീകരണത്തിനുള്ള മാര്‍ഗ്ഗരേഖ എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. ഈ മാര്‍ഗരേഖ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഡെപ്റ്റ് കണ്‍സോളിഡേഷന്‍ ആന്‍റ് റിലീഫ് ഫെസിലിറ്റി പ്രകാരമുള്ള സഹായവും ഗ്രാന്‍റുകളുമൊക്കെ പിഴയായി നഷ്ടപ്പെടുമെന്ന സ്ഥിതിയുണ്ടായി. തുടര്‍ച്ചയായി വരുന്ന ധനകമ്മീഷന്‍ ശിപാര്‍ശകളിലൂടെ ഭരണഘടനാപരമായി ധനകമ്മീഷന് അനുവദിച്ചു നല്‍കപ്പെട്ടിട്ടുള്ള അധികാരങ്ങളില്‍പോലും വെള്ളം ചേര്‍ക്കപ്പെടുന്ന അവസ്ഥയാണിപ്പോഴുള്ളത്. പതിനാലാം ധനക്കമ്മീഷെന്‍റ ആലോചനാ വിഷയങ്ങള്‍ പരിശോധിച്ചാല്‍ തന്നെ ഇത് വ്യക്തമാവും. കേന്ദ്രത്തിലെ വിഭവകൈമാറ്റ നടപടിക്രമത്തിലെ പ്രശ്നങ്ങളെക്കുറിച്ചാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്. ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള അധികാരത്തിെന്‍റ നിര്‍വഹണത്തിന് ഇന്നത്തെ വിഭവങ്ങള്‍ തികയുന്നില്ല എന്നതാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ നയങ്ങള്‍ സംസ്ഥാന ബജറ്റുകളുടെ ചെലവിനത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിെന്‍റ വിലക്കയറ്റമുണ്ടാക്കുന്ന നയങ്ങള്‍മൂലം ക്ഷാമബത്ത വര്‍ധിപ്പിക്കേണ്ടിവരുന്നു; ഗതാഗത ചെലവ് വര്‍ധിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് നിയോഗിച്ച ആറാം ശമ്പളക്കമ്മീഷെന്‍റ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതുമൂലം സംസ്ഥാനങ്ങളുടെ ധനകാര്യരംഗത്ത് ഗുരുതര പ്രത്യാഘാതമാണുണ്ടായത്.രൂക്ഷമായ ധനപ്രതിസന്ധിവരെ ചിലേടങ്ങളിലുണ്ടായി.

ശമ്പളപരിഷ്കരണത്തിെന്‍റ ഭാഗമായി സംസ്ഥാനങ്ങള്‍ വഹിക്കേണ്ടിവരുന്ന അധികച്ചെലവില്‍ ഒരു ഭാഗമെങ്കിലും കേന്ദ്രം വഹിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ല. കൃഷി ഒരു സംസ്ഥാന വിഷയമാണെങ്കിലും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാത കേന്ദ്രം നിരവധി രാജ്യങ്ങളുമായി ഉഭയകക്ഷി - ബഹുകക്ഷി കരാറുകളില്‍ ഏര്‍പ്പെടുകയും അത് കാര്‍ഷികരംഗത്ത് വന്‍ പ്രത്യാഘാതങ്ങള്‍ ഉളവാക്കുകയും ചെയ്യുന്നു. ലോകവ്യാപാര സംഘടന, സാര്‍ക് മുതാലയവയുമായി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകളും അതിെന്‍റ ഭാഗമായി ഉണ്ടായ ബാധ്യതകളും നിരവധി സംസ്ഥാനങ്ങളിലെ കര്‍ഷകരെ ദോഷകരമായി ബാധിക്കുകയും അത് കര്‍ഷക ആത്മഹത്യകളിലേക്കു തന്നെ നയിക്കുകയും ചെയ്തു. അതേപോലെ സ്ഥൂലതല സാമ്പത്തികനയങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങള്‍ സംസ്ഥാന ധനകാര്യ സ്ഥിതിയേയും മനുഷ്യവികസനത്തേയും ദോഷകരമായി ബാധിക്കുന്നുണ്ട്.

ഇന്ന് കേന്ദ്രം പല തരത്തിലുള്ള ആശ്വാസ പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ട്. സ്വന്തം നയം മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ളതാണീ ആശ്വാസ പദ്ധതികള്‍. എന്നാല്‍ ഭരണഘടനാനുസൃതമായ കേന്ദ്ര - സംസ്ഥാന ബന്ധങ്ങളുടെ ശരിയായ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ടുള്ളതല്ല അത്തരം ആശ്വാസ പദ്ധതികള്‍. സംസ്ഥാന ബജറ്റുകളുടെ വരുമാനഭാഗത്ത് നിഷേധാത്മക പ്രത്യാഘാതങ്ങളുളവാക്കുന്നതാണ് പല നവലിബറല്‍ സാമ്പത്തിക നയങ്ങളും. നികുതി ഇളവുകൊടുത്ത് വ്യവസായ നിക്ഷേപത്തെ ആകര്‍ഷിക്കുവാനായി സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മില്‍ മല്‍സരിക്കേണ്ടതായിവരുന്നു. ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ കുറവുണ്ടാക്കുന്നു. ചില മേഖലകളില്‍ വ്യവസായ വികസനത്തിന് ഉതകുന്നവിധം അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി നേരിട്ടുള്ള ധനപരമായ പിന്തുണ നല്‍കുന്നതിന് പകരം കേന്ദ്രം ചില മേഖലകളില്‍ വന്‍തോതില്‍ നികുതി വെട്ടിക്കുറക്കുകയാണ് ചെയ്യുന്നത്. ഇതിന് സമാനമായി സംസ്ഥാനങ്ങളും നികുതിയിളവ് കൊടുക്കുവാന്‍ നിര്‍ബന്ധിതരാവുന്നു. ഇതും സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ ബാധിക്കുന്നു.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

യുഡിഎഫ് ഭരണവും വിദ്യാഭ്യാസവും

അറുപതുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതും യുഡിഎഫ് സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതും ഒരേസമയത്താണ്. പ്രത്യാശയും നിരാശയും ഉണ്ടാക്കുന്ന സന്ദര്‍ഭം. പുത്തനുടുപ്പും പുസ്തകങ്ങളും പുതുമോഹങ്ങളുമായി ഭാവികേരള സ്രഷ്ടാക്കള്‍ വിജ്ഞാനസമ്പാദനത്തിനായി പുറപ്പെടുന്നു എന്നതാണ് പ്രത്യാശയ്ക്കുകാരണം. അവരുടെ മോഹങ്ങളെയും ഭാവിയെയും തല്ലിക്കെടുത്തുന്നതാണ് യുഡിഎഫ് ഭരണം എന്നതാണ് നിരാശയ്ക്കടിസ്ഥാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചുവച്ചതെല്ലാം യുഡിഎഫ് തച്ചുടയ്ക്കുന്നുവെന്നതാണ് അനുഭവം.

വിദ്യാര്‍ഥിക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതും കേരളത്തിന്റെ ജനാധിപത്യവല്‍ക്കരണത്തെ ശക്തിപ്പെടുത്തുന്നതുമായ നടപടികളായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസപരിഷ്കാരങ്ങള്‍. പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തെ ഒന്നായി കണ്ടുകൊണ്ടുള്ള സമഗ്രമായ ഒരു രേഖയാണ് 2007ലെ പാഠ്യപദ്ധതി ചട്ടക്കൂട്. വിദ്യാഭ്യാസവിദഗ്ധരും അഖിലേന്ത്യാ വിദ്യാഭ്യാസ ഏജന്‍സികളും അതിനെ പ്രശംസിക്കുകയും മറ്റ് സംസ്ഥാനങ്ങളോട് കേരളത്തിന്റെ പാഠ്യപദ്ധതി സമീപനം സ്വീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്തു. കൊളോണിയല്‍ ഭരണത്തെ ഊട്ടിയുറപ്പിക്കാന്‍ ഇവിടെ നടപ്പാക്കിയ അധ്യാപകകേന്ദ്രിതമായ ചേഷ്ടാവാദബോധനരീതിയെ മാറ്റി വിദ്യാര്‍ഥികേന്ദ്രിതമായ ജ്ഞാനനിര്‍മിതി സമ്പ്രദായം നടപ്പാക്കുകയായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. സ്വാഭാവികമായും പാരമ്പര്യവാദികളും കൊളോണിയല്‍ ബാധയില്‍നിന്ന് മോചിതരാകാത്ത ബുദ്ധിജീവികളും അതിനെ എതിര്‍ത്തു. കെപിസിസി ഒരു വിദ്യാഭ്യാസകമീഷനെ നിയോഗിച്ച് ബദല്‍രേഖ തയ്യാറാക്കുകയും ചെയ്തു. ആ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിനുവേണ്ടിയാണ് കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചതും പാഠ്യപദ്ധതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതും. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ കോഴയും ജാതി-മതപ്രീണനവും അവസാനിപ്പിക്കുന്നതിനുവേണ്ടിയാണ് ഏകജാലകപ്രവേശനസമ്പ്രദായം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥികളുടെ ക്ഷേമം മാത്രം മുന്‍നിര്‍ത്തി നടപ്പാക്കിയ ഈ പ്രവേശനസമ്പ്രദായത്തെ പ്രത്യക്ഷസമരത്തിലൂടെയും നിയമയുദ്ധത്തിലൂടെയും പരാജയപ്പെടുത്തുന്നതിന് ന്യൂനപക്ഷാവകാശവും സാമുദായികസംവരണവും ഉയര്‍ത്തിപ്പിടിച്ച് ജാതിമതസംഘടനകളെ ഇളക്കിവിട്ടത് യുഡിഎഫ് ആണ്. യോഗ്യതയും അര്‍ഹതയുമുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സുതാര്യമായി പ്രവേശനം നല്‍കുന്ന സമ്പ്രദായത്തെ കോടതി അംഗീകരിച്ചു. എന്നാല്‍, ആ സമ്പ്രദായത്തെ വികലമാക്കുന്നതിനുവേണ്ടി സിബിഎസ്ഇയുടെ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു. അവിടെയും കോടതിയുടെ ഇടപെടല്‍മൂലം ഏകജാലകസംവിധാനത്തെ നിലനിര്‍ത്താന്‍ സാധിച്ചു. എഴുപതിനായിരത്തോളം വരുന്ന പ്രൊഫഷണല്‍ കോഴ്സ് സീറ്റുകളുടെ വീതംവയ്പിനെപ്പറ്റിയുള്ള ചര്‍ച്ചകളാണ് കേരളത്തില്‍ ഒരു പതിറ്റാണ്ടായി നടക്കുന്നത്.

കേരളത്തിന്റെ നിത്യജീവിതത്തെ മുന്നോട്ടുനയിക്കുന്ന ഉദ്യോഗസ്ഥരും അധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചെറുകിടക്കച്ചവടക്കാരുമൊക്കെ ആയിത്തീരുന്നവര്‍ പഠിക്കാനെത്തുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ അവഗണിക്കപ്പെടുകയായിരുന്നു. അവിടത്തെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ബോധനരീതിയും മൂല്യനിര്‍ണയവും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണത്തിനായി ചില്ലിക്കാശുപോലും നീക്കിവയ്ക്കാത്ത സര്‍വകലാശാലകള്‍ക്കായിരുന്നു ഇതിന്റെയൊക്കെ അക്കാദമികമായ നേതൃത്വം. ഈ ദുരവസ്ഥയ്ക്കറുതിവരുത്താനും സര്‍വകലാശാലകള്‍ക്ക് ദിശാബോധമുണ്ടാക്കാനും സഹായിക്കുന്നതായിരുന്നു ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ രൂപീകരണം. യോഗ്യതയും ശേഷിയുമുള്ളവരെ തെരഞ്ഞുപിടിച്ച് അതിന്റെ നേതൃസ്ഥാനത്തെത്തിക്കുകവഴി ഉന്നതവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റാന്‍ കൗണ്‍സിലിന് കഴിഞ്ഞു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ബിരുദതല വിദ്യാഭ്യാസസമ്പ്രദായത്തെ ഉടച്ചുവാര്‍ക്കുന്നതാണ് കൗണ്‍സില്‍ മുന്നോട്ടുവച്ച സെമസ്റ്റര്‍ സമ്പ്രദായത്തിലെ നിര്‍ദേശങ്ങള്‍.

ഘടനാപരവും അക്കാദമികവുമായ പുനഃസംഘാടനമായിരുന്നു ലക്ഷ്യം. വര്‍ഷാന്ത്യങ്ങളില്‍ നടത്തുന്ന പരീക്ഷകളെ അര്‍ധവാര്‍ഷിക പരീക്ഷകളാക്കി മാറ്റി പരീക്ഷകളുടെ എണ്ണം കൂട്ടി സര്‍വകലാശാലകളുടെ ഭാരം വര്‍ധിപ്പിക്കുന്ന വികല പരിഷ്കാരമായിട്ടാണ് കൊളോണിയല്‍ ദാസന്മാര്‍ ഇതിനെ കണ്ടത്. എന്നാല്‍, പാഠ്യവിഷയങ്ങളിലും അവയുടെ ബോധനസമീപനത്തിലും സമഗ്രമായ മാറ്റം നിര്‍ദേശിക്കുന്നവയായിരുന്നു കൗണ്‍സിലിന്റെ പരിഷ്കാരങ്ങള്‍. പഠിതാക്കളുടെ അന്വേഷണകൗതുകത്തെയും വിമര്‍ശനചിന്തയെയും യുക്തിബോധത്തെയും ഉത്തേജിപ്പിക്കുന്നതായിരുന്നു പുതിയ പദ്ധതി. അതിനാല്‍ത്തന്നെ വിദ്യാര്‍ഥികള്‍ക്ക് അതിനോടെതിര്‍പ്പുണ്ടായിരുന്നില്ല. വിദ്യാര്‍ഥിക്ഷേമത്തിനുവേണ്ടി ആകര്‍ഷകമായ സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി അയ്യായിരം രൂപവീതമുള്ള പതിനായിരം സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയാണ് ആദ്യം ചെയ്തത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം പ്രതിവര്‍ഷം അയ്യായിരം രൂപ ലഭിക്കുകയെന്നത് അങ്ങേയറ്റം ആകര്‍ഷകംതന്നെ. ഒന്നാംവര്‍ഷ ബിരുദ ക്ലാസില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥിക്കും ആദ്യവര്‍ഷം 12,000, രണ്ടാംവര്‍ഷം 18,000, മൂന്നാംവര്‍ഷം 24,000, ആ കുട്ടി മികവോടുകൂടി ഒന്നാംവര്‍ഷ ഹിന്ദി ക്ലാസിലെത്തുകയാണെങ്കില്‍ ആദ്യവര്‍ഷം 40,000, രണ്ടാംവര്‍ഷം 60,000 എന്നിങ്ങനെ ഭീമമായ തുക സ്കോളര്‍ഷിപ്പായി നല്‍കുന്ന വ്യവസ്ഥ ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംസ്ഥാനത്തും ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തില്‍ വിദ്യാര്‍ഥിക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്നതും ജനാധിപത്യബോധവും അന്വേഷണത്വരയുമുള്ള ഒരു കേരളസമൂഹത്തെ സൃഷ്ടിക്കുന്നതിന് പര്യാപ്തവുമായ നടപടികളായിരുന്നു എല്‍ഡിഎഫ് നടപ്പാക്കിയത്. ഏതുതരത്തിലുള്ള ചൂഷണത്തെയും എതിര്‍ക്കാനുള്ള ചങ്കൂറ്റം ആര്‍ജിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നതിനെ ഭയപ്പെടുന്നവര്‍ എല്‍ഡിഎഫ് തുടങ്ങിവച്ച നടപടികളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സ്വാശ്രയവിദ്യാലയങ്ങള്‍ തുടങ്ങാന്‍ അനുവദിച്ചാല്‍ രണ്ടു താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാം. ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിദ്യാഭ്യാസക്കച്ചവടക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന്റെ ജനാധിപത്യസംവിധാനത്തെ അട്ടിമറിക്കാം. നിലവിലുള്ള പാഠ്യപദ്ധതിയും പൊതുവിദ്യാലയങ്ങളും രാഷ്ട്രീയബോധമുള്ള തലമുറയെയാണ് സൃഷ്ടിക്കുന്നത്. അതൊഴിവാക്കാന്‍ പൊതുമേഖലയെ ക്ഷീണിപ്പിക്കുകയും സ്വാശ്രയമേഖലയെ പോഷിപ്പിക്കുകയുമാണ് വേണ്ടത്. ഇതുതന്നെയാണ് സ്വയംഭരണ കോളേജുകള്‍ തുടങ്ങാനുള്ള നീക്കത്തിന്റെയും പിന്നില്‍. കച്ചവടതാല്‍പ്പര്യവും അരാഷ്ട്രീയവല്‍ക്കരണവും ഒരേസമയം നടക്കും. നാക് എന്ന അഖിലേന്ത്യാ സംഘടനയുടെ എപ്ലസ് ഗ്രേഡ് കിട്ടിയ കോളേജുകള്‍ക്കാണ് സ്വയംഭരണപദവി നല്‍കുന്നത് എന്നാണ് പറയുന്നത്. ആ സംഘടനയുടെ അംഗീകാരം കിട്ടാന്‍ തമിഴ്നാട്ടിലെ ചില കോളേജുകാര്‍ മദിരാക്ഷിവരെ കാഴ്ചവച്ച വാര്‍ത്ത ഏതാനും വര്‍ഷം മുമ്പ് കേട്ടിരുന്നു. കേരളത്തിലെ ചില കോളേജുകളിലെത്തിയ നാക് വിദഗ്ധന്മാര്‍ കുരുമുളകും കശുവണ്ടിയും തേയിലയും ഏലവും ഉപഹാരമായി ചോദിച്ചുവാങ്ങിയതായും കേട്ടു. അങ്ങനെ സമ്പാദിക്കുന്ന എപ്ലസ് കോളേജുകളില്‍ വിദ്യാര്‍ഥിപ്രവേശനം, പാഠ്യപദ്ധതി രൂപീകരണം, പരീക്ഷ, ഫലപ്രഖ്യാപനം ഇത്യാദികളൊക്കെ അതതിടത്തുതന്നെ നടക്കുന്നു.

ബിരുദം നല്‍കാനുള്ള കടമ മാത്രമാണ് സര്‍വകലാശാലയ്ക്കുള്ളത്. സര്‍വകലാശാല നടത്തുന്ന പരീക്ഷയില്‍ത്തന്നെ ഉയര്‍ന്ന മാര്‍ക്ക് നല്‍കാമെന്ന വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. അപ്പോള്‍ സ്വയംഭരണ കോളേജുകാര്‍ ഉയര്‍ന്ന നിലവാരം സമ്പാദിക്കുന്നതിനുവേണ്ടി എന്തൊക്കെ ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കോളേജുകള്‍ക്ക് സ്വയംഭരണപദവി നല്‍കുന്നതോടുകൂടി അവിടെയും ജനാധിപത്യം അട്ടിമറിക്കപ്പെടും. പാഠ്യപദ്ധതി രൂപീകരണത്തിലും വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപകനിയമനത്തിലും സുതാര്യത നഷ്ടപ്പെടും. സാമൂഹികശാസ്ത്രവിഷയങ്ങളിലൂടെയും ഭാഷാപഠനത്തിലൂടെയും വര്‍ഗീതയും മതമൗലികവാദവും സ്വത്വരാഷ്ട്രീയവും പരിപോഷിപ്പിക്കാന്‍ സാധിക്കും. ജനാധിപത്യകേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സാധിക്കും. ജാതി-മത സംഘടനകളുടെ ചൊല്‍പ്പടിക്കു നിന്നുകൊണ്ട് കേരളം ഭരിക്കുന്ന യുഡിഎഫ് ഈ സംസ്ഥാനത്തെ തമോവല്‍ക്കരിക്കുകയാണ്. വിദ്യാഭ്യാസത്തിലൂടെ സംസ്ഥാനത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. യുഡിഎഫാകട്ടെ ജനാധിപത്യത്തെ സംഹരിക്കുന്നു. എല്‍ഡിഎഫ് വിദ്യാഭ്യാസത്തെ വിമോചനത്തിനുള്ള ഉപകരണമായാണ് കണ്ടത്. എന്നാല്‍, സംസ്ഥാനത്തെ പാരതന്ത്ര്യത്തിലും വര്‍ഗീയതയിലും ആഴ്ത്താനാണ് യുഡിഎഫ് വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നത്.

*
വി കാര്‍ത്തികേയന്‍നായര്‍

Thursday, May 30, 2013

കേരളത്തിലെ നീറോ ചക്രവര്‍ത്തിമാര്‍

രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിക്കുന്ന ഭരണാധികാരി എന്നത് കേരളത്തിലിപ്പോള്‍ സങ്കല്‍പ്പമല്ല; യാഥാര്‍ഥ്യമാണ്. കേരളത്തിന്റെ ഒരുഭാഗത്ത് പോഷകാഹാരക്കുറവുമൂലം കുഞ്ഞുങ്ങള്‍ ഓരോ ആഴ്ചയും മരിക്കുന്നു. മറ്റൊരു ഭാഗത്ത് ഡെങ്കിപ്പനിപോലുള്ള പകര്‍ച്ചവ്യാധികള്‍ക്കിരയായി ജനങ്ങള്‍ ഒടുങ്ങുന്നു. എന്നാല്‍, ഇതിലൊന്നും തെല്ലും ഉല്‍ക്കണ്ഠയില്ലാതെ കേരളത്തിന്റെ ഭരണാധികാരികള്‍ ഉപമുഖ്യമന്ത്രിസ്ഥാനമുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നിലാവത്ത് ഉലാത്തുന്നു.

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിയാവാന്‍ പറ്റുമോ? തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ പറ്റുമോ? മുഖ്യമന്ത്രിക്ക് വകുപ്പുകള്‍ വല്ലതും നഷ്ടമാവുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അധികാരകേന്ദ്രങ്ങളില്‍ ചര്‍ച്ച. മരുന്നും ആഹാരവും കിട്ടാതെ മരിച്ചുവീഴുകയാണ് നിത്യവും ഈ കേരളത്തില്‍ പാവപ്പെട്ട മനുഷ്യര്‍. അതിവര്‍ക്ക് പ്രശ്നമേയല്ല. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലാകെ പരിഭ്രാന്തി പടര്‍ത്തി ഡെങ്കിപ്പനിയും മറ്റും പടരുന്നു. പന്ത്രണ്ട് പഞ്ചായത്തുകളില്‍ വ്യാപകമായിരിക്കുന്നു പകര്‍ച്ചവ്യാധി. 1300 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്‍കൂടി മരിച്ചതോടെ ഏഴായി മരണസംഖ്യ. എത്രപേര്‍ ആശുപത്രിയിലുണ്ട് എന്നതിന്റെ കണക്കെടുക്കാന്‍പോലും ഭരണസംവിധാനത്തിന് കഴിയുന്നില്ല. എന്ത് സജ്ജീകരണങ്ങളാണ് ഇതിനെ നേരിടാന്‍ ഒരുക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സമയമില്ല. അവരൊക്കെ തിരുവനന്തപുരത്ത് ഗ്രൂപ്പുചര്‍ച്ചയുടെ തിരക്കിലാണ്.

അട്ടപ്പാടിയില്‍ ഇതേക്കാള്‍ ഗുരുതരമാണ് സ്ഥിതി. ഈ മെയ്മാസത്തില്‍തന്നെ ആറ് കുഞ്ഞുങ്ങള്‍ മരിച്ചു. ഒന്നരവര്‍ഷത്തിനിടെ മരിക്കുന്ന കുട്ടികളുടെ എണ്ണം 43 ആയി. ആഹാരമില്ല. പോഷകാഹാരമില്ല, മരുന്നില്ല. തുടരെ മരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ ഇത്രകാലത്തിനിടെ ഒരിക്കലെങ്കിലും അവിടേക്ക് തിരിഞ്ഞുനോക്കാന്‍ തോന്നിയിട്ടില്ല. മൂന്നുതവണ പാലക്കാടുവരെ ചെന്നിട്ടും അട്ടപ്പാടിയില്‍ പോയി ആദിവാസികള്‍ എങ്ങനെ കഴിയുന്നുവെന്ന് പത്രറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലെങ്കിലും നേരിട്ടു ചെന്ന് അന്വേഷിക്കണമെന്നു തോന്നിയില്ല. തന്റെ മുഖ്യമന്ത്രിക്കസേരയ്ക്ക് ഭീഷണിയുണ്ടാകാതിരിക്കാനുള്ള ഗ്രൂപ്പ് ഉപജാപങ്ങള്‍ക്കല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു നേരമില്ല. നീറോ ചക്രവര്‍ത്തി തോറ്റുപോകും ഇവരുടെ ജനദ്രോഹപരമായ നിര്‍വികാരതയ്ക്കു മുന്നില്‍. അട്ടപ്പാടിക്കായി പേരിനൊരു പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, ഇത് പ്രാവര്‍ത്തികമാവുന്നുണ്ടോ എന്നു നോക്കാന്‍ സംവിധാനമില്ല.

ആരോഗ്യം, കൃഷി, സാമൂഹ്യനീതി, പട്ടികവര്‍ഗം, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിക്കാന്‍ ഒരു ഏര്‍പ്പാടുമില്ല. മരുന്നോ പോഷകാഹാരങ്ങളോ ഊരുകളിലെത്തുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അട്ടപ്പാടിയില്‍ ദിവസങ്ങള്‍ ചെലവഴിച്ച് മനസിലാക്കി സര്‍ക്കാരിനെ എണ്ണമിട്ട് അറിയിച്ചു. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ടികള്‍ അറിയിച്ചു. പക്ഷേ, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഇതൊക്കെ നോക്കാന്‍ സമയമെവിടെ? ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഇളം കുഞ്ഞുങ്ങള്‍- ഇവര്‍ക്കൊക്കെ പോഷക മരുന്നു വേണം; പൂരകപോഷകം വേണം, ഇതര വൈദ്യസഹായങ്ങള്‍ വേണം- ഒന്നിനും സംവിധാനമില്ല. ഊരുകളിലൊന്നും തൊഴിലില്ല.

അഹാഡ്്സ് നിര്‍ത്തി. തൊഴിലുറപ്പുപദ്ധതി ഇല്ലാതാക്കി. ചെയ്ത തൊഴിലുറപ്പുപദ്ധതികള്‍ക്ക് കൊടുത്തുതീര്‍ക്കേണ്ട 25 ലക്ഷം കുടിശ്ശികയാക്കി. ജനങ്ങളുടെ വിഷമങ്ങളുടെ എരിതീയില്‍ ഇങ്ങനെ എണ്ണയൊഴിച്ചുകൊണ്ടേയിരിക്കുന്നു ഈ സര്‍ക്കാര്‍. റാഗി- ചാമ- ചോളം- വെരക്- തുവര- തിന തുടങ്ങിയവ ഊരുകളിലെത്തിക്കണം. ഒരു നടപടിയുമില്ല. ആശ വര്‍ക്കേഴ്സ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആരോഗ്യ സബ്സെന്ററുകളിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുനഃപരിശീലനം നല്‍കണം. അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ക്ക് വിവിധ സൗകര്യം നല്‍കണം. ഊരുകളിലെ കുട്ടികള്‍ക്ക് അങ്കണവാടിയില്‍നിന്ന് നല്‍കുന്ന ആഹാരത്തിനുള്ള ആറുരൂപ പന്ത്രണ്ടാക്കി ഉയര്‍ത്തണം. ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ സൗകര്യം നല്‍കണം. പ്രാഥമിക ആശുപത്രികളെ ശക്തിപ്പെടുത്തണം. ആദിവാസികളെ കൃഷിക്കാരാക്കാന്‍ പാകത്തില്‍ പരമ്പരാഗതരീതികള്‍ കൂടി സ്വാംശീകരിച്ചു പദ്ധതിയുണ്ടാക്കണം.

ആവശ്യങ്ങള്‍ നിരവധിയാണ്. പരിഹരിക്കുന്ന കാര്യമിരിക്കട്ടെ; പരാതി കേള്‍ക്കാന്‍പോലും ആരുമില്ല എന്നതാണ് സ്ഥിതി. പട്ടികവര്‍ഗമന്ത്രി പേരിന് ഒന്നു സന്ദര്‍ശിച്ചു തിരിച്ചുപോയി. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. സര്‍ക്കാരിന്റെ ക്രൂരമായ മനുഷ്യത്വമില്ലായ്മയില്‍ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന നില തുടരാനനുവദിച്ചുകൂടാ. കേരളത്തിന്റെ പൊതുബോധം ഇക്കാര്യത്തില്‍ ഉണരണം. കോട്ടയം ജില്ലയില്‍നിന്നുള്ള വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. മെഡിക്കല്‍കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമൊക്കെ പനിവാര്‍ഡുകള്‍ നിറഞ്ഞുകവിയുന്നു. രോഗം പടരുന്നത് തടയാനും രോഗികളെ രക്ഷിക്കാനും യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി നീങ്ങേണ്ട ഘട്ടമാണ്. എന്നാല്‍, അത് ഏകോപിപ്പിക്കേണ്ടവര്‍ മന്ത്രിസ്ഥാനമാറ്റങ്ങളുടെ ഏകോപനത്തിലാണ്.

ആരോഗ്യമന്ത്രി ഒരു യോഗപ്രഹസനം നടത്തി. അതും രണ്ടാഴ്ചമുമ്പ്. ജില്ലാപഞ്ചായത്തിനെപ്പോലും അറിയിക്കാതെ പേരിന് ഒരു യോഗം. അതില്‍തന്നെ അവലോകനമോ ആസൂത്രണമോ ഇല്ല. മന്ത്രിയുടെ ഒരു പ്രസംഗം. പിന്നെ യോഗം പിരിയല്‍. അത്രമാത്രം. രോഗികള്‍ വന്നുനിറയുമ്പോഴും ജില്ലാ ആശുപത്രിയില്‍ പുതുതായി പണിത വാര്‍ഡ് തുറന്നുകൊടുക്കാന്‍ തയ്യാറാവുന്നില്ല. അതിന് മന്ത്രിയുടെ നാടമുറിക്കല്‍ വേണം. അതിന് മന്ത്രിക്ക് സമയമുണ്ടാകുന്ന കാലമാവുമ്പോഴേക്ക് എത്രപേര്‍ മരിച്ചുവീഴും? അതാണ് ഉല്‍ക്കണ്ഠപ്പെടുത്തുന്ന ചോദ്യം. കൊടിവച്ച കാറില്‍ പറന്നുനടന്ന് മന്ത്രിസ്ഥാന സംരക്ഷണചര്‍ച്ച നടത്തുകയല്ല, മറിച്ച് ദുരിതത്തില്‍പ്പെട്ട ജനതയെ രക്ഷിക്കാനുള്ള ചര്‍ച്ച നടത്തുകയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. നിര്‍വികാരജീവികളായ ഈ ആധുനിക നീറോമാര്‍ക്ക് ഇത് ജനങ്ങള്‍തന്നെ മനസിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

ഗണേശിനെ തിരിച്ചുവിളിക്കുമ്പോള്‍

കെ ബി ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കാന്‍ നടത്തുന്ന നീക്കം രണ്ടുതരത്തില്‍ അധാര്‍മികമാണ്. ഇതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെങ്കില്‍ ഗണേശ്കുമാര്‍ രാജിവച്ചതെന്തിനാണെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധമാണ് ഏറ്റവും പ്രധാന ആരോപണമായി ഡോ. യാമിനി ഉന്നയിച്ചത്. അന്നുണ്ടായ എല്ലാ കോലാഹലങ്ങളും അതുമായി ബന്ധപ്പെട്ടായിരുന്നു. ഒന്നരപതിറ്റാണ്ടായി താന്‍ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ മൂര്‍ധന്യാവസ്ഥയായിട്ടാണ് യാമിനി, പരസ്ത്രീബന്ധത്തെയും അതുണ്ടാക്കിയ ചില അപമാനങ്ങളെയും കണ്ടത്. ഗണേശ്കുമാര്‍ മറ്റൊരു സ്ത്രീയുമായി ഔദ്യോഗികവസതിയിലെത്തിയെന്നും അതറിഞ്ഞ അവരുടെ ഭര്‍ത്താവ് വീട്ടില്‍ കയറിവന്ന് പ്രശ്നമുണ്ടാക്കിയെന്നും അയാളുടെ കാല്‍ക്കല്‍ അക്ഷരാര്‍ഥത്തില്‍ വീണ് ഗണേശ്കുമാര്‍ മാപ്പുപറഞ്ഞെന്നും അതീവ അപമാനിതയായ താനിതേക്കുറിച്ച് സംസാരിച്ചപ്പോള്‍ ഗണേശ്കുമാര്‍ മര്‍ദിച്ച് കൈ ഒടിച്ചെന്നും ഇനി ഇതിങ്ങനെ മുന്നോട്ടുപോകില്ലെന്നുമായിരുന്നു യാമിനിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അച്ഛനെപ്പോലെ കരുതുന്ന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍, അത് കൈയില്‍ വാങ്ങാതെ "ആശ്വസിപ്പിച്ച്" പറഞ്ഞയച്ചപ്പോള്‍ യാമിനി അദ്ദേഹത്തെ വിശ്വസിച്ചു. പക്ഷേ, നിയമോപദേശത്തെ തുടര്‍ന്നാകാം ഗണേശ്കുമാര്‍ ഭാര്യ തല്ലിയെന്നുംപറഞ്ഞ് മ്യൂസിയം പൊലീസ്സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ വഞ്ചന മനസിലാക്കിയ യാമിനിയും പൊലീസിന് പരാതി നല്‍കി. ഗണേശ്കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു. മാത്രമല്ല, യാമിനിയോട് പരസ്യമായി മാപ്പുപറഞ്ഞു. അത്തരത്തില്‍ മാപ്പുപറഞ്ഞേ പറ്റൂവെന്ന് യാമിനി ശഠിച്ചതാണ്. മാത്രമല്ല, അതീവസമ്പന്നനായ ഗണേശ്കുമാറിന്റെ സമ്പത്തില്‍നിന്ന് തനിക്കും മക്കള്‍ക്കും നിയമപരമായി അവകാശപ്പെട്ട വിഹിതവും ഡോ. യാമിനി ന്യായമായ രീതിയില്‍ വാങ്ങിയെടുത്തു. ഇതിനൊക്കെശേഷം രണ്ടുപേരും വിവാഹമോചനത്തിന് ആവശ്യമായ നടപടികള്‍ നീക്കി.

ഇത്രയും സംഭവങ്ങളില്‍നിന്ന് വ്യക്തമാകുന്ന കാര്യം കെ ബി ഗണേശ്കുമാര്‍ ഡോ. യാമിനിയോട് ചെയ്തതെല്ലാം ഇന്ത്യന്‍ നിയമവ്യവസ്ഥപ്രകാരം കുറ്റകൃത്യങ്ങളാണെന്നാണ്. ഇന്ത്യയിലെ വീട്ടകങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ, ഗാര്‍ഹികപീഡകനായ ഭര്‍ത്താവിനെ ജയിലഴികള്‍ക്കകത്താക്കണമെന്ന വാശി ഡോ. യാമിനിക്കും ഉണ്ടായില്ല. പലപ്പോഴും ജീവനാംശം വാങ്ങിയെടുക്കാനുള്ള സാഹചര്യമോ ത്രാണിയോ ഇല്ലാതെ സ്ത്രീകള്‍ നിസ്സഹായരാകുമ്പോള്‍ ഡോ. യാമിനി ശക്തമായ നിലപാടെടുത്ത് ജീവനാംശം നേടിയെടുത്തു. എന്നാല്‍, ഇതിന്റെ അര്‍ഥം ഗണേശ് കുറ്റവിമുക്തനായി എന്നല്ല. മാപ്പപേക്ഷിച്ച ഗണേശ് തന്റെ കുറ്റങ്ങള്‍ സമ്മതിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്തൊക്കെയാണ് ഗണേശ് ചെയ്ത കുറ്റങ്ങള്‍? (പരസ്യപ്പെടുത്തിയ കാര്യങ്ങളില്‍) ഏറ്റവും മുഖ്യമായത്, ഔദ്യോഗികവസതിയായ "അജന്ത"യില്‍ മറ്റൊരു സ്ത്രീയെ കൊണ്ടുവന്നു എന്നതാണ്. ഒരു മന്ത്രി, പൊതുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുണ്ടാക്കിയ ഔദ്യോഗികവസതിയെ അവിഹിതകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിനിടയാക്കിയ ഈ സംഭവം രാഷ്ട്രീയവും ധാര്‍മികവുമായ കുറ്റകൃത്യമായി കണക്കാക്കേണ്ടതാണ്. രണ്ട് മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള ഏതുതരം ബന്ധവും അംഗീകരിക്കുന്നതാണ് ഇന്ത്യന്‍ നിയമവ്യവസ്ഥ. എന്നാല്‍, ആ ബന്ധത്തിന്റെ സ്വഭാവം മറ്റാരുടെയും മനുഷ്യാവകാശത്തിന്റെ ലംഘനമായിക്കൂടാ. എന്നുമാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഏപ്രിലില്‍ അംഗീകരിച്ച സ്ത്രീനിയമ ഭേദഗതിയില്‍ അധികാരം ഉപയോഗിച്ചുള്ള പ്രലോഭനത്തെയും കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അങ്ങനെയാകുമ്പോള്‍ ഒരുപക്ഷേ, "അജന്ത"യില്‍ കൊണ്ടുവരപ്പെട്ട സ്ത്രീ ഇന്നല്ലെങ്കില്‍, നാളെ ഗണേശ്കുമാറിനെതിരെ പരാതി നല്‍കിക്കൂടായ്കയുമില്ല. എന്തായാലും ഔദ്യോഗികവസതി ദുരുപയോഗംചെയ്ത വ്യക്തിയെ ആഴ്ചകള്‍ക്കകം "ശുദ്ധികലശം" ചെയ്യിച്ച് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് പൊതുജനത്തെ കൊഞ്ഞനംകുത്തലാണ്.

ഗണേശ്കുമാറിന് മന്ത്രിപദവിക്കുമാത്രമല്ല, എംഎല്‍എ ആയിരിക്കാന്‍പോലും അര്‍ഹതയില്ലെന്നതാണ് വാസ്തവം. കളങ്കിതമായ വ്യക്തിത്വമായി കേരളീയസമൂഹത്തിനുമുന്നില്‍ ഗണേശ്കുമാര്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞു. പരസ്ത്രീബന്ധങ്ങളും വ്യഭിചാരവും ബാലപീഡനങ്ങളും കേരളീയ രാഷ്ട്രീയചരിത്രത്തില്‍ പല ഘട്ടങ്ങളിലും വിവാദങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. സ്ത്രീപീഡകരായ പലരെയും നിര്‍ഭാഗ്യവശാല്‍ നാം വീണ്ടും വീണ്ടും വോട്ടുനല്‍കി വിജയിപ്പിക്കുന്നുമുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് സീറ്റ് നല്‍കാതിരിക്കുന്നതിനുള്ള ധാര്‍മിക നിലപാട് പല രാഷ്ട്രീയ കക്ഷികളും സ്വീകരിക്കുന്നില്ല എന്നതാണ് ദയനീയം. പക്ഷേ, രാഷ്ട്രീയനേതാവായ ഭര്‍ത്താവിന്റെ അശ്ലീലവ്യക്തിത്വത്തിനെതിരെ ഇതുവരെ കേരളത്തില്‍ ഒരു ഭാര്യയും പരാതി പറഞ്ഞിട്ടില്ല. പലപ്പോഴും ഭാര്യമാര്‍ പല കാരണങ്ങളാലാകാം മൗനം പാലിച്ചാണ് കാണുന്നത്. നാട്ടുകാര്‍ രാഷ്ട്രീയനേതാക്കന്മാരുടെ വഴിവിട്ട ജീവിതത്തെക്കുറിച്ചറിയുന്നത് മാധ്യമങ്ങളിലൂടെ ആകുമ്പോഴും ഭാര്യക്ക് അക്കാര്യങ്ങള്‍ എത്രയോ നേരത്തെ അറിയാമായിരുന്നിരിക്കും. മക്കളുടെ ഭാവിയോര്‍ത്തും മറ്റുമാണല്ലോ എല്ലാ സ്ത്രീകളും ഇതെല്ലാം സഹിക്കുന്നതും പൊറുക്കുന്നതും.

എന്നാല്‍, ഡോ. യാമിനിക്ക് 16 വര്‍ഷത്തിനുശേഷം തന്റെ പ്രശ്നങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. എല്ലാ പീഡനകഥകളും ഡോ. യാമിനി പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ബന്ധിതയായി. ഡോ. യാമിനിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട് അവര്‍ വര്‍ഷങ്ങളായി ഗാര്‍ഹികപീഡനത്തിന്റെ ഇരയാണെന്ന്. ഗാര്‍ഹികപീഡനവിരുദ്ധ നിയമത്തിന്റെ വകുപ്പുകള്‍പ്രകാരം ഏഴുവര്‍ഷംവരെ തടവുലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍തന്നെയാണ് ഗണേശ്കുമാര്‍ ചെയ്തത്. ഈ ആരോപണങ്ങള്‍ ഗണേശ് നിഷേധിച്ചിട്ടുമില്ല. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സജീവമായ ചര്‍ച്ച നടക്കുന്ന ഈ കാലഘട്ടത്തില്‍ പീഡകനായ ഒരു വ്യക്തിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുകയെന്നത് ഏറ്റവും അനിവാര്യമായ കാര്യമാണ്. സ്ത്രീകളുടെ അഭിമാനകരമായ ജീവിതം ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ട സര്‍ക്കാരില്‍ ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ ഇടംകൊടുക്കും? സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിയമസഭയില്‍ നടന്നപ്പോള്‍ പലരുടെയും സ്ത്രീവിരുദ്ധ മുഖങ്ങള്‍ മറനീക്കി പുറത്തുവന്നതാണ്. സ്ത്രീപീഡകന്മാര്‍ സ്ത്രീനിയമം തയ്യാറാക്കുന്നതുതന്നെ എത്രമാത്രം അപഹാസ്യമാണ്!

സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി ലഭ്യമാക്കാന്‍ ഏതൊരു സര്‍ക്കാരും പ്രതിജ്ഞാബദ്ധമാകണം. അതിന് കോടിക്കണക്കിന് രൂപ വകകൊള്ളിച്ചതുകൊണ്ടുമാത്രമായില്ല. തികച്ചും സ്ത്രീപക്ഷമായ നടപടികളും നിലപാടുകളും ഉണ്ടാകണം. കുടുംബത്തിനകത്തും പുറത്തും സ്ത്രീകളെ തുല്യപൗരന്മാരായി കാണാന്‍ കഴിയുന്നവരാകണം രാഷ്ട്രീയനേതാക്കള്‍. അങ്ങനെയല്ലെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളവര്‍ക്ക് വീണ്ടും പദവികള്‍ വച്ചുനീട്ടുന്നത് ജനാധിപത്യത്തെതന്നെ അട്ടിമറിക്കലാകും.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി

പ്രതിസന്ധിയില്‍ കള്ളുവ്യവസായം

കള്ളുചെത്ത് ഒരു പരമ്പരാഗത വ്യവസായമാണ്. ഒരുകാലത്ത് തിരു- കൊച്ചി സര്‍ക്കാരിന്റെയും, കേരളപ്പിറവിക്കുശേഷം കേരള സര്‍ക്കാരിന്റെയും ഖജനാവിലേക്കുള്ള പ്രധാന വരുമാനമാര്‍ഗമായിരുന്നു ഈ വ്യവസായം. ഒരുലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ ലഭിച്ചിരുന്നു. തെങ്ങുരോഗവും വിദേശമദ്യത്തിന്റെ കുത്തൊഴുക്കും മാറിവന്ന യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങളും കള്ളുവ്യവസായത്തിനു പ്രതിസന്ധി സൃഷ്ടിച്ചു. നടപ്പുവര്‍ഷത്തില്‍ അംഗീകൃത ഷാപ്പുകളുടെ എണ്ണം 4218 ആണ്. ഏതാനും വര്‍ഷം മുമ്പുവരെ 5972 ഷാപ്പുകളാണ് ഉണ്ടായിരുന്നത്. എ കെ ആന്റണിസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷംകൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ഘട്ടംഘട്ടമായി മദ്യഷാപ്പുകള്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. 1972 ഷാപ്പുകള്‍ നിര്‍ത്തലാക്കി.

അതിശക്തമായ സമരവും തൃശൂര്‍ സംഭവത്തെയും തുടര്‍ന്ന്, നയം രൂപീകരിച്ചതില്‍ തെറ്റുപറ്റിയെന്നു അന്നത്തെ വകുപ്പുമന്ത്രിക്കു പറയേണ്ടിവന്നു. തെറ്റുതിരുത്താമെന്ന് എക്സൈസ് മന്ത്രി ശങ്കരനാരായണന്‍ പരസ്യമായി സമ്മതിച്ചു. തുടര്‍ന്ന് നിര്‍ത്തലാക്കിയ ഷാപ്പുകളില്‍ 362 എണ്ണം പുനഃസ്ഥാപിച്ചു. പിന്നീട് അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ 1610 ഷാപ്പുകള്‍ കൂടി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. കൂടാതെ വ്യവസായ സംരക്ഷണത്തിന് ലൈസന്‍സ് ഫീസ് കുറച്ചുകൊടുത്തു. ലൈസന്‍സില്‍ പോകാത്ത ഷാപ്പുകള്‍ തൊഴിലാളികളുടെ സംയുക്ത കമ്മിറ്റികള്‍ക്ക് നല്‍കി. ലൈസന്‍സ് ഫീസ് ഷാപ്പു ഒന്നിന് 500 രൂപയായി നിശ്ചയിച്ചു. വൃക്ഷക്കരം പൂര്‍ണമായി ഒഴിവാക്കി. പിന്നീട് തൊഴിലാളി സംഘടനകളുടെ അഭ്യര്‍ഥന മാനിച്ച് ലൈസന്‍സ് ഫീസ് പൂര്‍ണമായും ഉപേക്ഷിച്ചു. തൊഴിലാളി കമ്മിറ്റികളെ എല്ലാ സാമ്പത്തിക ബാധ്യതയില്‍നിന്നും ഒഴിവാക്കി എന്നുമാത്രമല്ല, തൊഴിലാളി സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് ഷാപ്പ് ഏറ്റെടുക്കാന്‍ തയ്യാറായ സ്ഥലങ്ങളിലെല്ലാം സംഘങ്ങളെ ഷാപ്പു ഏല്‍പ്പിച്ചു. തൊഴിലാളികളെ വ്യവസായത്തിന്റെ ഉടമകളാക്കി. പ്രൊവിഡന്റ് ഫണ്ട് എട്ടു ശതമാനമായിരുന്നത് 10 ആയി ഉയര്‍ത്തി. ക്ഷേമനിധി ബോര്‍ഡുവഴി ജോലിസമയത്ത് അപകടം പറ്റുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ തെങ്ങൊന്നിന് 20 രൂപയും പനയൊന്നിന് 20 രൂപയും ഷാപ്പു നടത്തുന്നവരില്‍നിന്ന് ക്ഷേമനിധി ബോര്‍ഡിന് പിരിച്ചെടുക്കാന്‍ നിയമം കൊണ്ടുവന്നു. ആ ഫണ്ട് ഉപയോഗിച്ച് ഇന്ന് ക്ഷേമനിധി ബോര്‍ഡ്, ജോലിസമയത്ത് അപകടത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് 50000 രൂപവരെ ചികിത്സാ സഹായവും അപകടത്തില്‍ മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് സഹായവും നല്‍കുന്നു. പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കേണ്ടതുണ്ട്. അത് നിയമവ്യവസ്ഥയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 5.4 കോടി രൂപ തന്‍വര്‍ഷത്തെ വിഹിതം ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കി. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ 44 ലക്ഷം രൂപ മാത്രമാണ് നല്‍കിയത്. സര്‍ക്കാര്‍വിഹിതം ഇരുപത് കോടിയോളം രൂപ കുടിശ്ശികയാണ്.

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച ഈ കണക്ക് ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. ഇതു കാണിക്കുന്നത് ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ നാളെ കിട്ടുമെന്ന് ഒരു ഉറപ്പും ഇല്ല എന്നതാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഉടനെ ബോര്‍ഡിന് ലഭിക്കേണ്ടതുണ്ട്. കള്ളുചെത്ത് വ്യവസായത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഇന്നുള്ള ജോലിയും കൂലിയും നാളെ ഉണ്ടാകുമോ എന്നതാണ്. അതിനുപരിയായാണ് നീര ഉല്‍പ്പാദനത്തിന്റെ ഭീഷണി. ഈ പ്രശ്നം പഠിക്കാന്‍ 2013 ജനുവരി 15ലെ ഉത്തരവു പ്രകാരം സര്‍ക്കാര്‍ ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റി മെയ് 15നു വകുപ്പുമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, നീര ഉല്‍പ്പാദനത്തിനുള്ള കമ്മിറ്റി ശുപാര്‍ശ ഏകകണ്ഠമല്ല. ചെയര്‍മാന്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ 10 അംഗങ്ങളാണുള്ളത്. ഇതില്‍ നാലുപേര്‍ തൊഴിലാളി പ്രതിനിധികളാണ്. അവരുടെ ഭിന്നാഭിപ്രായത്തോടെയുള്ളതാണ് റിപ്പോര്‍ട്ട്. മാത്രമല്ല, നീര ഉല്‍പ്പാദിപ്പിച്ച് ലാഭകരമായി വില്‍ക്കാന്‍ കഴിയുമെന്നും ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. നീര ഉല്‍പ്പാദിപ്പിക്കുക എന്നതില്‍ സര്‍ക്കാരിനു മുന്‍വിധിയുണ്ടായിരുന്നു. അതിന് ഉദാഹരണമാണ് 2013 മാര്‍ച്ച് 15 ന് കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശം. ""ഈ രംഗത്ത് ഏറ്റവും വലിയൊരു മൂല്യവര്‍ധിത പരിപാടിയാണ് നീര ഉല്‍പ്പാദനം. അതിലേക്ക് 15 കോടി രൂപ വകയിരുത്തുന്നു"" എന്നതാണത്. നീര ഉല്‍പ്പാദനത്തിന്റെ പ്രായോഗികത പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ചത് കബളിപ്പിക്കലാണെന്ന്് ഇതില്‍നിന്നുതന്നെ മനസിലാക്കാം.

പ്രായോഗികമാണ് എന്ന് തെളിയിക്കപ്പെടാത്ത നീര ഉല്‍പ്പാദനത്തിന് 15 കോടി നല്‍കാന്‍ നിശ്ചയിച്ച സര്‍ക്കാര്‍, കള്ളു വ്യവസായ സംരക്ഷണത്തിനുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ? ജാതിവ്യവസ്ഥ നിലനിന്ന കേരളത്തില്‍ അതിന്റെ പീഡനംകൂടി അനുഭവിച്ചിരുന്നവരാണ് ചെത്തുതൊഴിലാളികള്‍. 1944- 46 കാലത്ത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. 1952 ആയപ്പോഴേക്കും തിരുകൊച്ചിയില്‍ സ്റ്റേറ്റ് ഫെഡറേഷന്‍ രൂപംകൊണ്ടു. മലബാറില്‍ മദ്യനിരോധനം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഫെഡറേഷന്‍ പ്രവര്‍ത്തനം കേരളവ്യാപകമായി. അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ തൊഴിലാളികള്‍ക്ക് അന്നത്തെ കരാറുകാരും അവരുടെ ഗുണ്ടകളും സര്‍ക്കാരുമായും ഏറ്റുമുട്ടേണ്ടിവന്നു. ചോരയും ജീവനും നല്‍കിയാണ് ഈ സമരങ്ങള്‍ വിജയിപ്പിച്ചത്. ചിലതു പരാജയപ്പെട്ടെങ്കിലും അതിലൊന്നും പതറാതെ തൊഴിലാളികള്‍ മുന്നോട്ടുപോയി.

എറണാകുളം ജില്ലയില്‍ കൂലി വര്‍ധനയ്ക്കു വേണ്ടി 1973-ല്‍ 110 ദിവസം നീണ്ടുനിന്ന സമരം ഉദാഹരണമാണ്. മുതലാളിമാര്‍ ഒത്തുതീര്‍പ്പിനു തയ്യാറായെങ്കിലും അന്നത്തെ അച്യുതമേനോന്‍ സര്‍ക്കാരായിരുന്നു തടസ്സം. തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സമരമായി ഇത് മാറിയെങ്കിലും അന്തിമവിജയം തൊഴിലാളികള്‍ക്കായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടുമുള്‍പ്പെടെ എല്ലാം നേടി. എറണാകുളം ജില്ലയിലും അമ്പലപ്പുഴ താലൂക്കിലും ചെത്ത് തൊഴിലാളികള്‍ ക്ഷേമനിധി ആനുകൂല്യം നേടിയെടുത്തു. 67ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍ അതു സംരക്ഷിക്കാന്‍ "കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി" എന്ന പേരില്‍ ബില്‍ പാസാക്കി തൊഴിലാളികള്‍ നേടിയെടുത്ത ക്ഷേമനിധിക്ക് നിയമസംരക്ഷണം നല്‍കി. 1957-58 ല്‍ കള്ളുഷാപ്പുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളും ഈ വ്യവസായത്തിലെ മറ്റു വിഭാഗം ജീവനക്കാരും സംഘടിക്കാന്‍ തുടങ്ങി. ഈ യൂണിയനുകള്‍ക്ക് ഒരു ഫെഡറേഷന്‍ രൂപം കൊണ്ടത് 1980ല്‍ എറണാകുളത്തായിരുന്നു. വ്യവസായത്തില്‍ പ്രവര്‍ത്തിച്ചുവന്ന രണ്ടു സംഘടനകളുടെ കണ്‍വന്‍ഷന്‍ 2006 ഡിസംബര്‍ 29ന് എറണാകുളത്ത് യോഗം ചേര്‍ന്നാണ് ഇന്നത്തെ ഫെഡറേഷന്‍ രൂപീകരിച്ചത്. നേടിയെടുത്ത പല അവകാശങ്ങളും വ്യവസായ പ്രതിസന്ധിയുടെ ഫലമായി സംസ്ഥാനത്ത് പല ഭാഗത്തും ഇന്ന് തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. എന്നിരിക്കെയാണ് തൊഴിലിനുപോലും ഭീഷണി ഉയരുന്നത്.

*
കെ എം സുധാകരന്‍ ദേശാഭിമാനി

Saturday, May 25, 2013

ഗുണ്ടാനിയമത്തിന്റെ ദുരുപയോഗം

ഗുണ്ടാനിയമം എന്ന് ചുരുക്കിവിളിക്കുന്ന കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെ വകുപ്പുകളുടെ ദുരുപയോഗം അതീവ ഗുരുതര സാമൂഹ്യപ്രശ്നമായി മാറുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിയോഗികളെ ഈ നിയമംവച്ച് വേട്ടയാടുകയാണ്.

ഒരു നിയമം പാര്‍ലമെന്റോ നിയമസഭയോ പാസാക്കുമ്പോള്‍ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതനുസരിച്ച് 2007 സെപ്തംബര്‍ 4ന് കേരള നിയമസഭയില്‍ ഈ നിയമത്തിന് ആധാരമായ ബില്‍ പൈലറ്റ് ചെയ്യുമ്പോള്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനകത്ത് നടക്കുന്ന സംഘടിത സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനും നിയന്ത്രിക്കുന്നതിനുമാണ് ഈ നിയമം എന്നാണത്.

വ്യാജ വാറ്റുകാര്‍, കള്ളനോട്ടു നിര്‍മാണം നടത്തുന്നവര്‍, പാരിസ്ഥിതിക വിധ്വംസകര്‍, ഡിജിറ്റല്‍ ഡാറ്റയും പകര്‍പ്പ് അവകാശവും അപഹരിക്കുന്നവര്‍, മയക്കുമരുന്ന് കുറ്റവാളികള്‍, സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, ഹവാല തട്ടിപ്പുകാര്‍, വാടകച്ചട്ടമ്പികള്‍, അസാന്മാര്‍ഗിക കുറ്റവാളികള്‍, വര്‍ഗീയ സംഘര്‍ഷവും വര്‍ഗീയ കലാപവും നടത്തുന്നവര്‍, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്നവര്‍- ഇവരെ നേരിടുന്നതിനാണ് നിയമം. രാഷ്ട്രീയ പാര്‍ടികളുടെ പിക്കറ്റിങ്, പ്രകടനം, സര്‍വീസ് സംഘടനകളുടെ സമരം, വസ്തു തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഒരു കാരണവശാലും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഈ നിയമം ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും ബില്‍ അവതരിപ്പിച്ചപ്പോള്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സഭയില്‍ അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതിനോടു യോജിച്ച് "രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ ഈ നിയമം ഉപയോഗിക്കരുത്" എന്നാണ് പറഞ്ഞത്. ബില്‍ നിയമസഭ വിശദമായി ചര്‍ച്ചചെയ്ത് ഭേദഗതികളോടെ നിയമമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപരഹിതമായി നിയമം നടപ്പാക്കപ്പെട്ടു. ഈ നിയമത്തിലെ വകുപ്പുകള്‍ തെറ്റായി ഉപയോഗിച്ചാല്‍ അതില്‍ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിയമത്തില്‍ വ്യവസ്ഥചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, സ്വത്തുതര്‍ക്കം, കുടുംബതര്‍ക്കം എന്നിവയുടെ ഭാഗമായി കേസില്‍ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയില്‍പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഇതിലുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഉണ്ടാകുന്ന കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തുന്നതിനെ തടയുന്ന വകുപ്പുകളുമുണ്ട്. ഒരു രാഷ്ട്രീയ പാര്‍ടി നടത്തുന്ന പൊതുവായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളിലെ പ്രതികളെ ഗുണ്ടാലിസ്റ്റില്‍പെടുത്തുന്നതും നിയമപ്രകാരം അനുവദനീയമല്ല. എന്നാല്‍, ഈ നിയമത്തിന്റെ ഉദ്ദേശ്യംതന്നെ തകര്‍ക്കുന്ന നിലയിലാണ് തിരുവഞ്ചൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് പെരുമാറിക്കൊണ്ടിരിക്കുന്നത്. അന്ന് നിയമസഭയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി ഇങ്ങനെ വ്യക്തമാക്കി- നിയമം ദുരുപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം വന്നാല്‍ ആക്ട് തന്നെ ഇല്ലാതാകുമെന്ന സാഹചര്യം ഉണ്ടാകും.

അങ്ങനെ നോക്കുമ്പോള്‍ നിയമംതന്നെ തകര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉളവായിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ഈ നിയമത്തിന്റെ നഗ്നമായ ദുരുപയോഗം ഉണ്ടായിരിക്കുന്നു. കണ്ണൂരില്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഒ കെ വിനീഷിന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നത് തടഞ്ഞുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കണ്ണൂര്‍ സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥിയുമായ എം ഷാജറിനെതിരെയും സമാനമായ നോട്ടീസ് പുറപ്പെടുവിച്ചു. നിയമത്തിന്റെ നഗ്നമായ ലംഘനംമാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശത്തെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ നടപടികളെന്ന് വ്യക്തമാണ്. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ദേശീയ ഗെയിംസിന്റെ അവസരത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വിനീഷ് അവിടെ ഉണ്ടാവില്ലെന്ന് കണ്ണൂരിലെ കോണ്‍ഗ്രസ് എംഎല്‍എ കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, പൊലീസിന്റെ ഭാഗത്തുനിന്ന് ഈ നിയമത്തിന്റെ ദുരുപയോഗത്തിനായുള്ള നീക്കം നടക്കുന്നതായി കലക്ടര്‍ക്ക് രേഖാമൂലം സിപിഐ എം പരാതി നല്‍കുകയുമുണ്ടായി. ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 22ന് കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍ തുടങ്ങിയ ജില്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിട്ട് കണ്ട് സംസാരിക്കുകയുംചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാവില്ലെന്ന് ആഭ്യന്തരമന്ത്രി ഉറപ്പും നല്‍കി. അതിനുശേഷമാണ് വിനീഷിന് നോട്ടീസ് അയച്ചത്. കൂടാതെ എസ്എഫ്ഐ നേതാവ് ഷാജറിനും സമാനമായ നോട്ടീസ് നല്‍കി. ചുരുക്കത്തില്‍, ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും അറിഞ്ഞുകൊണ്ടാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാലിസ്റ്റില്‍ പെടുത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്താനുള്ള നീക്കം.

കോഴിക്കോട് ജില്ലയിലെ സിപിഐ എം നേതാക്കളായ മോഹനന്‍ മാസ്റ്ററുടെയും എംഎല്‍എ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനും നാടുകടത്തല്‍ നോട്ടീസ് നല്‍കി. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോ പൊലീസ് സ്റ്റേഷനുകളിലും കൂടുതല്‍ കേസുകളില്‍ പ്രതികളായ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരുടെ ലിസ്റ്റ് ശേഖരിക്കാന്‍ ഉത്തരമേഖലാ ഐജി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയദൗത്യമാണ് ഐജി ഏറ്റെടുത്തിട്ടുള്ളത്. ഏതാനും ആഴ്ചകള്‍ക്കു ശേഷം സര്‍വീസില്‍നിന്ന് വിരമിക്കുന്ന ഐജി ജോസ് ജോര്‍ജ് രാഷ്ട്രീയ യജമാനന്മാരുടെ നിര്‍ദേശമനുസരിച്ചാണ് നടപടി കൈക്കൊള്ളുന്നത് എന്ന ആക്ഷേപം സാര്‍വത്രികമായി ഉയര്‍ന്നിട്ടുണ്ട്. സിപിഐ എമ്മിനും മറ്റും എതിരായി ഈ വിധം അടിച്ചമര്‍ത്തല്‍ നടപടി സ്വീകരിക്കുന്ന പൊലീസ്, നാറാത്തുനിന്ന് പിടിച്ച പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികളോട് അഹിതമായ വാക്കുകള്‍പോലും പറഞ്ഞതായി അറിവില്ല.

ഒരു കേസ് അന്വേഷണത്തിന്റെ പേരില്‍ ഡിവൈഎഫ്ഐ കണ്ണപുരം വില്ലേജ് കമ്മിറ്റിയംഗം സുമേഷിനെ കണ്ണൂര്‍ സിറ്റി പൊലീസ് ലോക്കപ്പില്‍വച്ച് മലദ്വാരത്തില്‍ കമ്പികയറ്റിയ ഡിവൈഎസ്പി തന്നെയാണ് നാറാത്തെ മതതീവ്രവാദികളെയും കൈകാര്യംചെയ്തത്. മതതീവ്രവാദികള്‍ക്ക് വിഐപി പരിഗണന. പുരോഗമന പ്രസ്ഥാനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ നടപടികളും. പിടിയിലായ മതതീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ജനപ്രതിനിധിയായ ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ പൊലീസിനു മേല്‍ സമ്മര്‍ദം ചെലുത്തി എന്നാണ് വിവരം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ജില്ലയിലെ 136 ക്രിമിനല്‍ കേസുകളാണ് അധികാരം ഉപയോഗിച്ച് പിന്‍വലിച്ചത്. അതില്‍ 90 ശതമാനം കേസുകളും മുസ്ലിം ലീഗുകാര്‍ പ്രതികളായതാണ്. ഇക്കൂട്ടത്തില്‍ ലീഗുകാര്‍ പ്രതികളായ കവര്‍ച്ചാകേസുകളും ഉള്‍പ്പെടും.

ഗുണ്ടാനിയമം അനുസരിച്ചുള്ള നടപടികളില്‍ നിന്ന് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള കേസുകളില്‍ പ്രതികളായ ലീഗ് ക്രിമിനലുകളെ ഒഴിവാക്കുകയാണ്. തളിപ്പറമ്പിലെ അംബികാ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന ലീഗ് പ്രവര്‍ത്തകരായ റിവാജ്, പരിയാരം കോരന്‍പീടികയിലെ ലത്തീഫ്, അരിയില്‍ സ്വദേശി ജാഫര്‍ എന്നിവര്‍ക്കെതിരെ നടപടി കൈകൊള്ളുന്നതില്‍നിന്ന് പൊലീസിനെ വിലക്കുന്നത് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാക്കളായ ഒരു എംപിയും എംഎല്‍എയുമാണ്. മാഫിയാ സംഘങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനുള്ള സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന നിയമം രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ദുരുപയോഗംചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും യുവജന-വിദ്യാര്‍ഥി വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കു വേണ്ടിയും പൊരുതുന്ന പ്രസ്ഥാനങ്ങളെ നിര്‍വീര്യമാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. പൊലീസിലെ ആജ്ഞാനുവര്‍ത്തികളെ ഉപയോഗിച്ച് നടത്തുന്ന ഈ രാഷ്ട്രീയക്കളി അങ്ങേയറ്റം അപകടകരമാണ്.


*****

പി ജയരാജന്‍

നാണക്കേടിന് നാലുവര്‍ഷം

രണ്ടാം യുപിഎ സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭരണമാകട്ടെ, ഒമ്പതുവര്‍ഷം പൂര്‍ത്തിയാക്കി പത്താംവര്‍ഷത്തിലേക്ക് കടന്നു. ഇടതുപക്ഷം നിര്‍ണായക പിന്തുണ നല്‍കിയ ഒന്നാം യുപിഎ സര്‍ക്കാരില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം. വിവരാവകാശനിയമവും തൊഴിലുറപ്പുനിയമവും മറ്റും പാസാക്കിയ ഒന്നാം യുപിഎ സര്‍ക്കാരുമായി ഒരു തരത്തിലും രണ്ടാം യുപിഎ സര്‍ക്കാരിനെ താരതമ്യപ്പെടുത്താനാകില്ല. നാലുവര്‍ഷം ഭരിച്ചുവെന്നതിനപ്പുറം ഒരു നേട്ടവും അവര്‍ക്ക് അവകാശപ്പെടാനുമില്ല. ഭരണമേറി നൂറുദിവസത്തിനകം കൊണ്ടുവരുമെന്ന് പറഞ്ഞ ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ നിയമവും ഇനിയും പാസാക്കിയിട്ടില്ല. അഴിമതിയാണ് രണ്ടാം യുപിഎ സര്‍ക്കാരിന്റെ മുഖമുദ്ര. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന നിലയില്‍ ദിനംപ്രതി അഴിമതിക്കഥകള്‍ പുറത്തുവരുന്നു.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരെന്നാകും രണ്ടാം യുപിഎ സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തുക. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ച, ഉത്തരേന്ത്യയിലുണ്ടായിരുന്ന ജനസ്വാധീനം ഇല്ലാതാക്കിയ ബൊഫോഴ്സ് അഴിമതിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ലെന്ന് ഈ അഴിമതികള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച പടിയിറങ്ങിയ വിനോദ് റായിയെന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടുകളിലൂടെയാണ്് യുപിഎ സര്‍ക്കാരിന്റെ ഭീമന്‍ അഴിമതിക്കഥകള്‍ പുറംലോകമറിഞ്ഞത്. കോമണ്‍വെല്‍ത്ത് അഴിമതിയിലൂടെയാണ് തുടക്കം. അന്താരാഷ്ട്രരംഗത്തുതന്നെ ഇന്ത്യയുടെ മുഖം നഷ്ടപ്പെടുത്തിയ അഴിമതിയായിരുന്നു ഇത്. ഇതിന് നേതൃത്വം നല്‍കിയ സുരേഷ് കല്‍മാഡിയെന്ന പുണെയില്‍ നിന്നുള്ള എംപി ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നു.

2ജി സ്പെക്ട്രം അഴിമതിയിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കേന്ദ്ര ഖജാനാവിനുണ്ടായത്. കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത് വഴി 1.86 ലക്ഷം കോടി രൂപയും. ഈ രണ്ട് വമ്പന്‍ അഴിമതികളിലും പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്നു. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് പ്രധാനമന്ത്രി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴായിരുന്നു. അന്നത്തെ സഹമന്ത്രിമാരായ ശ്രീപ്രകാശ് ജയ്സ്വാളും സന്തോഷ് ബഗോഡിയയും കോണ്‍ഗ്രസുകാരായിരുന്നു. സ്പെക്ട്രം അനുവദിക്കുന്ന ഒരോഘട്ടത്തിലും, ടെലികോംമന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിയെ നേരിട്ടും കത്ത് വഴിയും അറിയിച്ചിരുന്നു. അഴിമതി തടയാന്‍ അവസരമുണ്ടായിട്ടും പ്രധാനമന്ത്രി അതിന് തയ്യാറായില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന പരസ്യമായ നീക്കവും രണ്ടാം യുപിഎ സര്‍ക്കാരില്‍നിന്നുണ്ടായി. ഇതിന്റെ ഭാഗമായാണ് അഴിമതി നടന്ന കാലത്തെ ടെലികോം സെക്രട്ടറി പി ജെ തോമസിനെ ബിജെപിയുടെ എതിര്‍പ്പുണ്ടായിട്ടും കേന്ദ്ര വിജിലന്‍സ് കമീഷണറായി നിയമിച്ചത്.

അഴിമതിക്ക് കൂട്ടുനിന്ന ആളെത്തന്നെ അഴിമതി തടയുന്ന ഏജന്‍സിയുടെ അധ്യക്ഷനായി നിയമിച്ച് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ശ്രമിച്ചത്. സര്‍ക്കാരിന്റെ ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി പി ജെ തോമസിന്റെ നിയമനം റദ്ദാക്കി. ഈ തിരിച്ചടിയില്‍നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് പുതിയ സിഎജി നിയമനം വ്യക്തമാക്കുന്നു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് പ്രതിരോധ ഇടപാടില്‍ അഴിമതിക്ക് കാരണമായ ഇടപാട് നടന്ന വേളയിലെ പ്രതിരോധ സെക്രട്ടറിയാണ് ശശികാന്ത് ശര്‍മ. ഈ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ വയ്ക്കാനിരിക്കുകയാണ്. കല്‍ക്കരിപ്പാടങ്ങളുടെ അഴിമതിക്കേസില്‍ നിന്ന് പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ മന്ത്രി അശ്വനികുമാര്‍ തിരുത്ത് വരുത്തിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അവസാനം ബന്‍സലിനൊപ്പം അശ്വനികുമാറിനെയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന സന്ദേശമല്ല സോണിയഗാന്ധിയും മന്‍മോഹന്‍സിങ്ങും നല്‍കിയിട്ടുള്ളത്. അഴിമതിക്കാരെ രക്ഷപ്പെടുത്താന്‍ എല്ലാ നിയമവിരുദ്ധവഴികളും സ്വീകരിച്ചിട്ടും രക്ഷയില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് മന്ത്രിമാരെ ഉള്‍പ്പെടെ ഒഴിവാക്കിയത്.

എന്നാല്‍, അമേരിക്കയ്ക്ക് വേണ്ടി എഴുതി തയ്യാറാക്കിയ വോള്‍ക്കര്‍ റിപ്പോര്‍ട്ടിന്റെപേരില്‍ വിദേശമന്ത്രിയായ നട്വര്‍സിങ്ങിനെ പുറത്താക്കാന്‍ ഒരു സംശയവും മന്‍മോഹന്‍സിങ്ങിനുണ്ടായിരുന്നില്ല. അഴിമതിക്കാരനെന്ന മുഖമുദ്ര നല്‍കിയാണ് നട്വര്‍സിങ്ങിനെ മന്‍മോഹന്‍ പുറത്താക്കിയത്. മണിശങ്കരയ്യരുടെ സ്ഥിതിയും മറിച്ചല്ല. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് നിലകൊള്ളുന്നതില്‍ കാട്ടുന്ന ശുഷ്കാന്തിയും താല്‍പ്പര്യവും അഴിമതി തടയുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ രാജ്യം ഏറെ പുരോഗതി നേടുമായിരുന്നു. "കോണ്‍ഗ്രസിന്റെ കൈകള്‍ സാധാരണക്കാര്‍ക്കൊപ്പം" എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കോണ്‍ഗ്രസ് 2009 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, സാധാരണക്കാരുടെ ഒപ്പം നിന്നില്ലെന്ന് മാത്രമല്ല, അവരുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാരില്‍നിന്നുണ്ടായത്.

വിലക്കയറ്റം സാധാരണ ജനങ്ങളുടെ കീശ കാലിയാക്കിക്കൊണ്ടിരിക്കുന്നു. വിലക്കയറ്റം തടയുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം ഒഴിവാക്കി വില കുത്തനെ വര്‍ധിപ്പിക്കുന്ന നവലിബറല്‍ നയമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിച്ച് ആര്‍ക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് തെളിയിച്ചു. ഇതോടൊപ്പം പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണ നടപടിയും ഇന്‍ഷുറന്‍സ്-ബാങ്കിങ് സ്വകാര്യവല്‍ക്കരണവും മറ്റും ഉടന്‍ നടപ്പാക്കുമെന്ന് ധനമന്ത്രി പി ചിദംബരം ആവര്‍ത്തിക്കുകയാണ്. 2009ല്‍ തങ്ങള്‍ക്കുലഭിച്ച മധ്യവര്‍ഗ വോട്ടുകളാണ് ഈ നടപടികളിലൂടെ നഷ്ടമാകുന്നതെന്ന അടക്കംപറച്ചില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനരോഷം കഴിഞ്ഞ നാല് വര്‍ഷമായി വര്‍ധിക്കുകയാണെന്നും വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. ലോക്പാല്‍ ബില്ലിനുവേണ്ടി അണ്ണ ഹസാരെ നടത്തിയ നിരാഹാര സത്യഗ്രഹ വേളയിലും ഇരുപത്തിമൂന്നുകാരി ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും പതിനായിരങ്ങളാണ് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. ഇടതുപക്ഷവും മറ്റും നടത്തുന്ന പ്രക്ഷോഭങ്ങളിലെ വമ്പിച്ച ജനപങ്കാളിത്തവും സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് തെളിയിക്കുന്നത്. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിനെതിരെയുണ്ടായ ജനവിധി അഴിമതിക്കെതിരെയുള്ളതാണെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെതിരെയും അത്തരമൊരു ജനവിധി ഉണ്ടാകുമെന്ന് എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ ഒദ്യോഗികവസതിയിലെ അത്താഴവിരുന്നും റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കലും നിറംമങ്ങിയ ചടങ്ങായി മാറിയതും ഇതുകൊണ്ടാണ്. എന്‍സിപിയും അപൂര്‍വം ഘടക കക്ഷികളും മാത്രമാണ് ചടങ്ങിന് എത്തിയത്.

2012ലെ വാര്‍ഷിക അത്താഴവിരുന്നിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഡിഎംകെയുടെ ടി ആര്‍ ബാലുവും എഐഎം നേതാവ് ഒവൈസിയും ജാര്‍ഖണ്ഡ് വികാസ്മഞ്ച് നേതാക്കളും ചടങ്ങിനെത്തിയില്ല. 16 കക്ഷികളുണ്ടായിരുന്ന യുപിഎ ഇന്ന് ശുഷ്കമായ ഭരണസഖ്യമായി മാറി. യുപിഎക്കൊപ്പം നിന്നാല്‍ ഉള്ള ജനസ്വാധീനവും ഇല്ലാതാകുമെന്ന ഭയമാണ് സഖ്യകക്ഷികള്‍ ഒന്നൊന്നായി പുറത്തുപോകാന്‍ കാരണം. ജമ്മു കശ്മീരിലെ സഖ്യകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും അവരുടെ നേതൃത്വത്തിലുള്ള സഖ്യവും അധികാരത്തില്‍നിന്ന് പുറത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇനിയൊരു അത്താഴവിരുന്ന് നല്‍കാന്‍ മന്‍മോഹന്‍സിങ്ങിന് കഴിയില്ല. ഭീമന്‍ അഴിമതിക്ക് ചുക്കാന്‍ പിടിച്ച മന്‍മോഹന്‍സിങ് മാറണമെന്ന് കമല്‍നാഥ് അടക്കമുള്ള, സര്‍ക്കാരിനെ നയിക്കുന്ന പ്രമുഖര്‍ ആവശ്യപ്പെടുമ്പോള്‍ ചിത്രം പൂര്‍ണമാകുന്നു.


****

വി ബി പരമേശ്വരന്‍

വധശിക്ഷയും പരിഷ്കൃതസമൂഹവും

ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.

കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.

രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.

കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.


*****

പ്രകാശ് കാരാട്ട്

പൊലീസിന് മാനദണ്ഡം ജാതിയും രാഷ്ട്രീയവും

കേരളത്തിലെ പൊലീസ് ഭരണം, പൊലീസിന്റെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ച് രണ്ട് വ്യത്യസ്ത സര്‍ട്ടിഫിക്കറ്റുകള്‍ രണ്ട് പ്രമുഖരില്‍നിന്ന് ലഭിച്ചിരിക്കുന്നു. രണ്ടും ഒരുപോലെ പറയുന്നത് ജാതിയാണ് മുഖ്യപരിഗണന എന്നാണ്. "സവര്‍ണര്‍" എന്ന വാക്കുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു നീതി; "അവര്‍ണര്‍" എന്ന് മുദ്രയടിച്ച് മാറ്റിനിര്‍ത്തിയിട്ടുള്ളവര്‍ക്ക് മറ്റൊരു നീതി. രാഷ്ട്രീയ ഭരണാധികാരികള്‍ പൊലീസ് വകുപ്പില്‍ നടത്തുന്നതും സമൂഹത്തില്‍ പൊലീസ് നടത്തുന്നതും ഈ വിധത്തിലുള്ള ഇരട്ടത്താപ്പാണത്രെ. പറഞ്ഞത് പ്രതിപക്ഷത്തുള്ളവരാരെങ്കിലുമല്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും "രാഷ്ട്രീയപ്രേരിതമായ ആരോപണം" എന്ന എതിര്‍വാദത്തിന്റെ പരിചകൊണ്ട് ചെറുക്കാവുന്നതല്ല ഇത്.

"വെളുത്ത"വരെ സല്യൂട്ടുചെയ്യുകയും "കറുത്ത"വരെ ആക്രമിക്കുകയും ചെയ്യുന്ന നീതിനടത്തിപ്പാണ് പൊലീസില്‍ നിലവിലുള്ളതെന്ന് ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറാണ് പറഞ്ഞത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള പൊലീസ് ഓഫീസര്‍മാര്‍ക്ക് ഐപിഎസ് റാങ്ക് നിഷേധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് പറഞ്ഞതാകട്ടെ, കോണ്‍ഗ്രസ് നേതാവുകൂടിയായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ്. രണ്ട് പ്രസ്താവങ്ങളും കേരളത്തിലെ പൊലീസ് ഭരണത്തിന്റെ നിറുകയിലാണ് ചെന്നുകൊള്ളുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരാണ് ഇതുപറയുന്നത് എന്നതുകൊണ്ട് ഈ അവസ്ഥ എങ്ങനെയുണ്ടായി എന്ന് വീശദീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ബാധ്യസ്ഥരാവുന്നുണ്ട്. ജാതി മാത്രമല്ല, മറ്റൊന്നുകൂടി പൊലീസിന്റെ നീതിനടത്തിപ്പില്‍ മാനദണ്ഡമാവുന്നുണ്ട് എന്നത് കാണാതിരിക്കേണ്ട കാര്യമില്ല. അത് രാഷ്ട്രീയമാണ്.

ഭരണ രാഷ്ട്രീയക്കാരനാണെങ്കില്‍ ഒരു നീതി. പ്രതിപക്ഷത്താണെങ്കില്‍, പ്രത്യേകിച്ച് സിപിഐ എം കൂടിയാണെങ്കില്‍ മറ്റൊരു നീതി. ഇത് സ്ഥിരീകരിക്കുന്ന ഒരു വാര്‍ത്തകൂടി മന്ത്രി, എഡിജിപി എന്നിവരുടെ പ്രസ്താവങ്ങള്‍ വന്ന അതേദിവസത്തെ പത്രത്തില്‍ കണ്ടു. അത് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നുവെന്നതാണ്. ഐപിസിയിലെ 134, 147, 283, 149, 294 ബി എന്നിവയും കേരള പൊലീസ് നിയമത്തിലെ 117ഇയും അനുസരിച്ചാണ് കേസ്. കണ്ണില്‍കണ്ട വകുപ്പുകളൊക്കെയനുസരിച്ച് കേസെടുക്കാന്‍മാത്രം പി ജയരാജന്‍ എന്താണ് കുറ്റം ചെയ്തത്? അദ്ദേഹം പ്രസംഗത്തിനിടെ ഒരു പൊലീസ് ഓഫീസറെ ഒന്ന് വിമര്‍ശിച്ചുപോയി. പഴയ ഈ കോണ്‍ഗ്രസുകാരന്‍ ഇപ്പോഴും കോണ്‍ഗ്രസിനുവേണ്ടി പൊലീസിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന് പറഞ്ഞുവത്രെ. താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടയിലാണ് പി ജയരാജന്‍ പൊലീസിനെ വിമര്‍ശിച്ചത്. വിമര്‍ശിച്ചാലുടന്‍ കേസ്! വൈരനിര്യാതനത്തിന് ഇതില്‍ കവിഞ്ഞ ഉദാഹരണം വേണോ? പൊലീസ് ഓഫീസര്‍ക്ക് വൈരാഗ്യം തീര്‍ക്കാന്‍ ഉപയോഗിക്കാനുള്ളതാണോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകള്‍?

ഇത് സ്വതന്ത്ര ഇന്ത്യയാണെന്നും ഇവിടെ ഭരണഘടനാപരമായിത്തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് ഐജി തിരുവായ്ക്കെതിര്‍വായ മിണ്ടാനനുവദിക്കാത്ത പണ്ടത്തെ രാജാവ് ചമയാനാണ് ഭാവമെങ്കില്‍ ആ ശ്രമത്തില്‍ അയാളൊരു കോമാളിയാവുകയേയുള്ളൂവെന്നും ഈ ഐജിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കണം. ഇത്തരം ഐജിമാരെ കയറൂരി വിടുന്നതല്ല പൊലീസ് ഭരണം എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആരെങ്കിലും പറഞ്ഞുകൊടുക്കണം. സിപിഐ എമ്മിന്റെയും ബഹുജനസംഘടനകളുടെയും നേതാക്കളെ നാടുകടത്തുക, സിപിഐ എം നേതാക്കളുടെ ഭാര്യയെയും മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുക. ഇതിനെ പൊതുവേദിയില്‍ വിമര്‍ശിച്ചാലുടന്‍ കേസെടുക്കുക. ഇതിനൊക്കെ ഇയാള്‍ക്ക് ആര് അധികാരം കൊടുത്തു? പൊലീസ് വകുപ്പിനെ ഭരിക്കാന്‍ കെല്‍പ്പുള്ളയാളാണ് ആഭ്യന്തരമന്ത്രിയെങ്കില്‍ ഇത്തരം വേഷങ്ങള്‍ ഇളകിയാട്ടത്തിന് പുറപ്പെടില്ല എന്നുമാത്രം ഈ ഘട്ടത്തില്‍ പറയട്ടെ. ഇവിടെ പ്രശ്നം അതല്ല. ജാതിയും രാഷ്ട്രീയവുമാവുന്നു പൊലീസ് ഭരണത്തിന്റെ മാനദണ്ഡങ്ങള്‍ എന്നതാണ്. നിയമവാഴ്ചയുടെ തകര്‍ച്ചയെയാണ് ഇതു കാണിക്കുന്നത്. ഭരണഘടനാസ്വാതന്ത്ര്യങ്ങള്‍ ധ്വംസിക്കാനുള്ള ജനാധിപത്യവിരുദ്ധമായ അമിതാധികാര ത്വരയെയാണിത് കാണിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ ജനാധിപത്യവും സ്വാതന്ത്ര്യവുമാവും നാളെ അപകടത്തിലാവുക. അതൊക്കെ പന്തുതട്ടിക്കളിക്കാനുള്ള അധികാരമല്ല പൊലീസ് ഓഫീസറുടെ യൂണിഫോമിലെ ചിഹ്നം.

ജഡ്ജി കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്ന് പരസ്യമായി പറഞ്ഞിട്ടും കെ സുധാകരനെതിരെ കേസില്ല. നാല്‍പ്പാടി വാസുവിനെ വധിച്ചതില്‍ കെ സുധാകരനുള്ള പങ്ക് അന്നത്തെ കൂട്ടാളിതന്നെ പരസ്യപ്പെടുത്തിയിട്ടും സുധാകരനെതിരെ കേസില്ല. കൊലപാതകത്തിന് പ്രസംഗത്തിലൂടെ പരസ്യമായി ആഹ്വാനംചെയ്താലും പി കെ ബഷീറിനെതിരെ കേസില്ല. കാരണം; ഇവരൊക്കെ ഭരണകക്ഷിക്കാര്‍. അതേസമയം പൊതുപ്രസംഗത്തില്‍ പൊലീസിനെ വിമര്‍ശിച്ചാല്‍ എളമരം കരീം മുതല്‍ പി ജയരാജന്‍വരെയുള്ളവര്‍ക്കെതിരെ ഉടനടി കേസ്. കാരണം ഇവരൊക്കെ സിപിഐ എംകാര്‍. ഈ ഇരട്ടത്താപ്പാണ് പൊലീസ് നടപടികളില്‍ തുടരെ തെളിയുന്നത്. ഇതിന് പുതിയ മാനം നല്‍കിയിരിക്കുകയാണ് എഡിജിപിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഒരു അഡീഷണല്‍ ഡിജിപിതന്നെ ഉയര്‍ത്തിയിട്ടുള്ള ചോദ്യം അനാഥമായിക്കൂടാ. കേരളത്തിന്റെ മനഃസാക്ഷിയില്‍ മുഴങ്ങേണ്ട ചോദ്യമാണിത്.

കേരളത്തിലെ പൊലീസ് ഭരണത്തിന്റെ വികലമായ മനോഭാവത്തിലേക്കാണത് വെളിച്ചംവീശുന്നത്. പൊലീസ് വകുപ്പിലെതന്നെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ നിഷേധിക്കുകയും അവരോട് വിവേചനം കാട്ടുകയും ചെയ്യുന്നതിന് തെളിവുണ്ട് എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. പരിശോധിക്കപ്പെടേണ്ട കാര്യമാണിത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുംതന്നെ വിശദീകരിക്കേണ്ടതുണ്ട്. കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമബാഹ്യമായ ഘടകങ്ങളാണ് മാനദണ്ഡങ്ങളാവുന്നത് എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിത്യേനയെന്നോണം ജനങ്ങള്‍ക്ക് നിയമനടത്തിപ്പിലെ വിവേചനം നിരവധിയായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ പൊലീസിന്റെയും പൊലീസ് ഭരണത്തിന്റെയും വിശ്വാസ്യത ചോര്‍ന്നുപോവുകയാണ്. പൊലീസിന്റെ വിശ്വാസ്യത സര്‍ക്കാര്‍തന്നെ വിവേചന നടപടികളിലൂടെ ചോര്‍ത്തിയാല്‍ സമൂഹത്തില്‍ അരാജകാവസ്ഥയുണ്ടാവാന്‍ വേറൊന്നും വേണ്ട. കേരളത്തെ അത്തരം ആപത്തുകളിലേക്ക് നയിക്കുകയാണ് യുഡിഎഫ് ഭരണം. ആശങ്കാജനകമായ സ്ഥിതിവിശേഷമാണിത്.

യുപിഎ: രണ്ട് റിപ്പോര്‍ട്ടുകള്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തേക്ക് കടക്കുന്നതോടനുബന്ധിച്ചുള്ള യുപിഎയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും രണ്ട് മാധ്യമസ്ഥാപനങ്ങളുടെ സര്‍വേ റിപ്പോര്‍ട്ടും വന്നത് ഒരാഴ്ചതന്നെയായത് യാദൃച്ഛികമാകാം. യുപിഎ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ "കേമത്തങ്ങളെ"ക്കുറിച്ച് മേനിനടിക്കുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍ ആ കേമത്തങ്ങളിലുള്ള ജനങ്ങളുടെ മടുപ്പിന്റെ ആഴം വ്യക്തമാക്കുന്നു. സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്ന് ഡോ. മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ എത്രയകലെയാണ് എന്നത് ബോധ്യപ്പെടാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സര്‍വേ റിപ്പോര്‍ട്ടും ഒന്ന് താരതമ്യപ്പെടുത്തിയാല്‍മാത്രം മതി. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പറയുമ്പോള്‍ സര്‍വേ റിപ്പോര്‍ട്ട് ഈ നാലുവര്‍ഷത്തെ ഭരണത്തില്‍ അഴിമതി അതിഭീകരമായി വര്‍ധിച്ചതായി 71 ശതമാനം ജനങ്ങള്‍ ഏകകണ്ഠമായി പറയുന്നതായി വ്യക്തമാക്കുന്നു. 2ജി സ്പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ മൂടിവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസുതന്നെ നേരിട്ട് ഇടപെട്ടെന്ന് 64 ശതമാനം പേര്‍ വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുമ്പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സമഗ്ര വികസനത്തെക്കുറിച്ച് പറയുന്നു. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് മനസ്സിലാക്കാന്‍പോലുമാകാത്ത ഏതോ ടീം തയ്യാറാക്കിയ യുപിഎ ഭരണറിപ്പോര്‍ട്ട് കേന്ദ്രഭരണാധികാരികള്‍ക്ക് സ്വയം ബോധ്യപ്പെടാന്‍പോലും ഉതകില്ല.

സാധാരണ കോണ്‍ഗ്രസുകാര്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ ഉദ്ധരിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിനിറങ്ങിയാല്‍ അപഹാസ്യരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓരോ പൊതുതെരഞ്ഞെടുപ്പും അടുക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കാനുള്ള ഓരോ മുദ്രാവാക്യം കോണ്‍ഗ്രസ് രൂപപ്പെടുത്താറുണ്ട്. "ആവടി സോഷ്യലിസം", "ഗരീബി ഹഠാവോ" തുടങ്ങി ഓരോ ഘട്ടത്തില്‍ ഓരോന്ന്. ആവടി സോഷ്യലിസം പറഞ്ഞിട്ട് എത്ര പതിറ്റാണ്ടായി. സോഷ്യലിസ്റ്റ് സങ്കല്‍പ്പംപോലും കോണ്‍ഗ്രസ് ഉപേക്ഷിക്കുന്നതാണ് പിന്നീട് നാം കണ്ടത്. ആഭ്യന്തര കുത്തകകള്‍ക്കും ബഹുരാഷ്ട്ര കോര്‍പറേറ്റുകള്‍ക്കും സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ഏറാന്‍മൂളുന്ന നയങ്ങളാണ് പിന്നീടിവിടെ നടപ്പാക്കിയത്. "ഗരീബി ഹഠാവോ" ആണ് പിന്നീടുയര്‍ന്നുകേട്ട മറ്റൊരു മുദ്രാവാക്യം. ദരിദ്രനെ നശിപ്പിക്കുക എന്നതല്ലാതെ, ദാരിദ്ര്യം നശിപ്പിക്കുക എന്ന ഒന്ന് ഇവിടെ എവിടെയും നടപ്പായില്ല. കര്‍ഷകരുടെ കൂട്ട ആത്മഹത്യകളും മറ്റും ദരിദ്രരെ നശിപ്പിക്കുക എന്ന നയം നിറവേറ്റുന്നതിന്റെ ദൃഷ്ടാന്തങ്ങളാവുകയും ചെയ്തു.

ദാരിദ്ര്യരേഖതന്നെ പരിഷ്കരിച്ച് ദരിദ്രരുടെ എണ്ണം കുറവാണെന്നു സമര്‍ഥിക്കുകയും അതിലൂടെ ദരിദ്രര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നിഷേധിക്കുകയും ചെയ്യുന്നതുകണ്ടു. ഇത്തരം കൃത്രിമങ്ങള്‍ ഇന്നും തുടരുകയാണ്. "കോണ്‍ഗ്രസ് കാ ഹാഥ്, ആം ആദ്മി കാ സാഥ്" എന്നതായിരുന്നു പിന്നെയൊരു മുദ്രാവാക്യം. കോണ്‍ഗ്രസിന്റെ കൈ സാധാരണ ജനങ്ങള്‍ക്കൊപ്പമാണെന്ന് അര്‍ഥം. ഈ മുദ്രാവാക്യവുമായി അധികാരത്തിലേറിയവര്‍, ഇടതുപക്ഷ സമ്മര്‍ദംമൂലം നടപ്പാക്കിയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിപോലുള്ളവപോലും കൈയൊഴിയുകയാണ് പിന്നീട് ചെയ്തത്. വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്. ഈ ഘട്ടത്തില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ പുതുമുദ്രാവാക്യം രൂപപ്പെടുത്താനുള്ള തിരക്കിലാണ് യുപിഎ. ജനങ്ങളെ ഉള്‍പ്പെടുത്തി വികസനം, ക്ഷേമ-വികസന പരിപാടികള്‍, അതിവേഗം മാറുന്ന ലോകവുമായി ഇന്ത്യയെ ബന്ധപ്പെടുത്തല്‍ എന്നിങ്ങനെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളെ ഒരുവട്ടംകൂടി തെറ്റിദ്ധരിപ്പിച്ച് അധികാരത്തിലേറുക എന്ന മിനിമംപരിപാടിക്കുവേണ്ടിയുള്ള നിരര്‍ഥക മുദ്രാവാക്യങ്ങള്‍ മാത്രമാണ്.

ഭക്ഷ്യസുരക്ഷാബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലും പാസാക്കാന്‍ കഴിയുന്നില്ല എന്ന ഖേദപ്രകടനമുണ്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍. പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതുകൊണ്ടാണിത് നടക്കാത്തത് എന്ന കുറ്റപ്പെടുത്തലുമുണ്ട്. ഒമ്പതുവര്‍ഷം തുടര്‍ച്ചയായി യുപിഎ ഭരണത്തിലുണ്ട്. സഭാസ്തംഭനമാകട്ടെ, 2ജി സ്പെക്ട്രം കുംഭകോണം, കല്‍ക്കരിപ്പാട കുംഭകോണം എന്നിവയുടെ പശ്ചാത്തലത്തില്‍ അടുത്തകാലത്ത് മാത്രമുണ്ടായതാണ്. ഇതിനുമുമ്പുള്ള നീണ്ടകാലത്ത് എന്തായിരുന്നു യുപിഎക്ക് തടസ്സം? നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിനുള്ള സംവിധാനമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ സഭാസ്തംഭനം ഒഴിവാകുമായിരുന്നുവെന്നും ഓര്‍മിക്കണം. അന്വേഷണം നടത്തുന്നതിലായിരുന്നില്ല, മറിച്ച് അന്വേഷണത്തെ തടസ്സപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്നതിലായിരുന്നു യുപിഎക്ക് പൊതുവിലും കോണ്‍ഗ്രസിന് പ്രത്യേകിച്ചും ശ്രദ്ധ. അത് കോടതിതന്നെ തുറന്നുകാട്ടുകയും ചെയ്തു. 1,76,000 കോടി രൂപ 2ജി സ്പെക്ട്രം ഇടപാടുവഴിയും 1,86,000 കോടി രൂപ കല്‍ക്കരിപ്പാടം വീതംവയ്ക്കല്‍വഴിയും ഖജനാവില്‍നിന്ന് ചോരുമ്പോള്‍ അതിനെതിരെ പ്രതിപക്ഷം പ്രതികരിക്കാതിരിക്കണമോ? പ്രതികരിച്ചത് സ്വാഭാവികമാണ്. അത് ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാത്തതിനുള്ള മുടന്തന്‍ന്യായമായി അവതരിപ്പിക്കേണ്ടതില്ല. തൊട്ടതിലൊക്കെ അഴിമതി, മാസംതോറും കുംഭകോണം ഇതായിരുന്നു ഈ ഭരണത്തിന്റെ അവസ്ഥ. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയുംചെയ്തു. അതുകൊണ്ടാണല്ലോ, പൊതുതെരഞ്ഞെടുപ്പില്‍ 136 സീറ്റിലേക്ക് യുപിഎ ഒതുങ്ങിപ്പോകുമെന്ന് മാധ്യമസര്‍വേയില്‍ വ്യക്തമാകുന്നത്.

ഐപിഎല്‍ വിവാദത്തില്‍പ്പെട്ട് ശശി തരൂര്‍, 2ജി സ്പെക്ട്രത്തില്‍പ്പെട്ട് എ രാജ, റെയില്‍വേ നിയമനാഴിമതിയില്‍പ്പെട്ട് പവന്‍കുമാര്‍ ബന്‍സല്‍, സിബിഐ റിപ്പോര്‍ട്ട് തിരുത്തി അശ്വനികുമാര്‍ ഇവരൊക്കെ മന്ത്രിസഭയില്‍നിന്ന് പല ഘട്ടങ്ങളിലൊഴിവായത് ഭരണത്തിന്റെ യഥാര്‍ഥ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്. ഡിഎംകെ ഉള്‍പ്പെടെയുള്ള കക്ഷികള്‍ യുപിഎ വിട്ടതില്‍നിന്ന് യുപിഎയുടെ അടിത്തറ ദുര്‍ബലപ്പെട്ടതിന്റെ ചിത്രം തെളിയുന്നുണ്ട്. ഇങ്ങനെ തകര്‍ന്നാടിയുലഞ്ഞുനില്‍ക്കുന്ന ഭരണം ഇനി തിരിച്ചുവരാന്‍പോകുന്നില്ല. ആ യാഥാര്‍ഥ്യം സര്‍വേകളില്‍ തെളിയുമ്പോഴും അത് കാണാതെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലൂടെ ഭ്രമാത്മകമായ ഒരു ലോകമുണ്ടാക്കി അതില്‍ വിഹരിക്കുകയാണ് മന്‍മോഹന്‍സിങ്ങും സോണിയ ഗാന്ധിയും.

Tuesday, May 21, 2013

പോരാട്ടത്തിന്റെ പുത്തന്‍ ഭൂമികയില്‍

തൊള്ളായിരത്തി എണ്‍പതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും സോഷ്യലിസ്റ്റ് തിരിച്ചടികളുടെ വാര്‍ത്തകള്‍ ഉയരുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ലോകജനതയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റ പ്രതീതിയാണുണ്ടായത്. സാമ്രാജ്യത്വ ചേരിക്കിത് ആഗോളീകരണ അജന്‍ഡ നടപ്പാക്കാനുള്ള സുവര്‍ണാവസരമായി. മുതലാളിത്തചൂഷണം പാരമ്യത്തിലെത്തി. ക്രൂരമായ മുതലാളിത്തവല്‍ക്കരണം വ്യാപകമായ അസംതൃപ്തിക്കിടയാക്കി. സാമൂഹ്യ അസമത്വം വര്‍ധിച്ചു. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെ വംശീയ ചേരിതിരിവുകള്‍ വളര്‍ത്തിയും ഉപഭോഗസംസ്കാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചും അരാഷ്ട്രീയതയും അരാജകത്വവും പെരുപ്പിച്ചും ശിഥിലമാക്കാന്‍ മൂലധനശക്തികള്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി വേണം, ഗണ്യമായ ഒരു വിഭാഗം യുവജനങ്ങളെ വര്‍ഗീയ ജാതീയ ധ്രുവീകരണങ്ങളില്‍ കണ്ണിചേര്‍ത്തും ആള്‍ദൈവങ്ങളുടെയും കപട ആത്മീയതയുടെയും ആരാധകരാക്കിയും മദ്യാസക്തിയും മയക്കുമരുന്നുകളുടെ ഉപഭോഗവും വളര്‍ത്തിയും അടിമകളാക്കാനുള്ള ശ്രമങ്ങളെയും കാണാന്‍.

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളും അതില്‍നിന്ന് വളര്‍ന്ന മൂല്യമാര്‍ന്ന തൊഴിലാളിപ്രസ്ഥാനങ്ങളും ചരിത്രത്തില്‍ കേരളത്തെ അടയാളപ്പെടുത്തിയ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരും ഒരു തുടര്‍ച്ചയുടെ ഭാഗമാണ്. ഏറെ പരാമര്‍ശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്ന കേരള മോഡലിന്റെ അടിത്തറ ഇതാണ്. ഇതിനെ തകര്‍ക്കാന്‍ എക്കാലവും വലതുപക്ഷ-വര്‍ഗീയ ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. നിലവിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നതും അതുതന്നെ. യുഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണവും യുപിഎ സര്‍ക്കാരിന്റെ ആഗോളീകരണ നയങ്ങളും ഉഭയദിശകളില്‍ നിന്നുകൊണ്ട് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഏറെ കാര്യക്ഷമമായി നടന്ന പൊതുവിതരണ സമ്പ്രദായം മരിക്കുന്നു. ഊര്‍ജ പ്രതിസന്ധി അതിരൂക്ഷമാണ്. ഇരുട്ടടിപോലെ വൈദ്യുതി ചാര്‍ജ് പലതവണ കുത്തനെ വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് അപഹാസ്യമായ "എമര്‍ജിങ് കേരള" യുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. 40,000 കോടിയുടെ വികസനപദ്ധതി വരുമെന്നു ഗീര്‍വാണം മുഴക്കുന്നവര്‍ വൈദ്യുതിപ്രതിസന്ധിയുടെ നാട്ടില്‍ ആര് ആത്മവിശ്വാസത്തോടെ വ്യവസായം നടത്താന്‍ എത്തുമെന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നതേയില്ല. 40 ലക്ഷം പേര്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസിക്ക് ചരമക്കുറിപ്പെഴുതുന്നു. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷാ സംവിധാനം അട്ടിമറിച്ചു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ സ്വയംസംരംഭക മിഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ രണ്ടുവര്‍ഷംകൊണ്ട് എത്രപേര്‍ക്കു തൊഴില്‍ പ്രദാനംചെയ്തു എന്നു പ്രഖ്യാപിക്കാനുള്ള ആര്‍ജവം കാണിക്കണം. പിഎസ്സി റാങ്ക്ലിസ്റ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ കളിക്കുന്ന നാടകങ്ങള്‍ക്ക് പ്രസക്തിയില്ല. അതുവഴി തൊഴില്‍രഹിതരെ വഞ്ചിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നുമില്ല.

ചെലവു ചുരുക്കലിന്റെ പേരില്‍ സിവില്‍ സര്‍വീസിന്റെ വലുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. നിയമന നിരോധനനീക്കം അരങ്ങിലെത്തിക്കഴിഞ്ഞു. ഡ്രൈവര്‍ തസ്തിക, ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആക്കിയത് അതിന്റെ തുടക്കമാണ്. കഴിഞ്ഞ കുറെ കാലമായി കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷമാക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമുള്ള നീക്കം സംസ്ഥാനത്ത് ആസൂത്രിതമായി നടക്കുന്നു. അതിന്റെ സാമുദായിക-രാഷ്ട്രീയ ഗുണഭോക്താക്കള്‍ യുഡിഎഫും അവരുടെ പിന്തുണക്കാരുംതന്നെയാണ്. നവോത്ഥാനമൂല്യങ്ങളെ ചവിട്ടിമെതിച്ച് പച്ചയായ ജാതീയത വിളിച്ചുപറയാനും ജാതീയ ശക്തികള്‍ അധികാരത്തിന്റെ വിഹിതം ആവശ്യപ്പെടാനും തുടങ്ങിയത് കേരളം കാണാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതിനെതിരെ, പുരോഗമന ചിന്തയുടെ തേരുരുണ്ട കേരളീയ ചരിത്രവീഥികളിലൂടെ എഴുനൂറു കിലോമീറ്ററോളം കാല്‍നടയായി നടന്ന യുവജന മുന്നേറ്റമായിരുന്നു ഡിവൈഎഫ്ഐയുടെ യൂത്ത് മാര്‍ച്ച്. ഉറഞ്ഞുതുള്ളുന്ന സാമുദായിക പ്രമാണിമാരുടെ മുന്നിലൂടെ താക്കോല്‍സ്ഥാനങ്ങള്‍ക്ക് കടിപിടി കൂട്ടുന്ന വലതുപക്ഷ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ജാതീയ ഗൂഢനീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി കേരളമെങ്ങും യൂത്ത് മാര്‍ച്ച് ദശലക്ഷക്കണക്കിന് വരുന്ന യുവജനസംഗമമായി തീര്‍ന്നപ്പോള്‍ കണ്ണടച്ചുനിന്ന മാധ്യമ മുതലാളിമാര്‍ക്കുപോലും രണ്ടുവാക്ക് എഴുതാതെ തരമില്ലെന്നു വന്നു. വര്‍ഗീയവാദികള്‍ പരിശീലനക്കളരികളും ആയുധപ്പുരകളും തീര്‍ത്ത് അടവുകള്‍ രാകിമിനുക്കുമ്പോള്‍, നാടെങ്ങും സദാചാരഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ അതിനുകീഴടങ്ങുകയും ചൂട്ടുപിടിക്കുകയുംചെയ്യുന്ന നട്ടെല്ലുവളഞ്ഞ മുഖ്യമന്ത്രി തിരിച്ചറിയേണ്ട ചിലതുണ്ട്. ഓരോ തവണ സാമുദായിക രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുമ്പോഴും പണയപ്പെടുത്തുന്നത് ഈ നാടിന്റെ ആത്മാഭിമാനമാണ് എന്ന യാഥാര്‍ഥ്യം; അധികാരക്കസേരയേക്കാള്‍ എത്രയോ ഉയരെയാണ് നാടെന്ന മഹത്തായ യാഥാര്‍ഥ്യം. അതിനെ തിരിച്ചറിയാന്‍ കഴിയാത്ത ഭരണത്തോടുള്ള പ്രതിഷേധംകൂടിയായി യൂത്ത് മാര്‍ച്ച്. പുതിയൊരു രാഷ്ട്രീയബോധം സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണ്. അതാകട്ടെ, നമ്മുടെ മണ്ണിനെയും ജലത്തെയും വായുവിനെയും കുറിച്ച് വ്യാകുലപ്പെടുന്നതാകേണ്ടത് ഏറ്റവും പ്രധാനമാണ്. അത്തരം രാഷ്ട്രീയത്തിന്റെ പതാകയാണ് എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തില്‍ ഡിവൈഎഫ്ഐ ഉയര്‍ത്തിപ്പിടിച്ചത്.

സുപ്രീംകോടതിയില്‍നിന്ന് എന്‍ഡോസള്‍ഫാന്‍ നിരോധനവിധി ഉണ്ടായത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു യുവജനപ്രസ്ഥാനത്തിനും ഇതുവരെ ചെയ്യാന്‍ കഴിയാത്ത ഇടപെടലാണ് ഈ കാര്യത്തില്‍ ഡിവൈഎഫ്ഐ നിര്‍വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെയും ആശ്രിതരുടെയും പുനരധിവാസത്തിനും അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നേടികൊടുക്കുന്നതിനും ഇനിയും നിയമപോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി പുതുതായി രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചിരിക്കുകയാണ്. ഇതു കൂടാതെയാണ് ദുരിതമേഖലയിലെ ഒരു കോടി രൂപയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍.

എന്‍ഡോസള്‍ഫാന്‍ പീഡിതര്‍ക്ക് 16 വീട് നിര്‍മിച്ചുനല്‍കി. 50 വിദ്യാര്‍ഥികളെ ദത്തെടുത്തു. ഈ മേഖലയില്‍ സൗജന്യ ആംബുലന്‍സ് സംവിധാനമുണ്ടാക്കി. ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ നടത്തിയ സാര്‍ഥകമായ ഈ ഇടപെടലുകള്‍ ലോകമെങ്ങും ശ്രദ്ധ പിടിച്ചുപറ്റി. പരിസ്ഥിതി വിഷയത്തില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്ത മറ്റൊരു പ്രധാനപരിപാടിയായിരുന്നു "ഭൂമിക്കായ് ഒരാള്‍ ഒരു മരം". പരിപാടിയുടെ ഭാഗമായി ലക്ഷക്കണക്കിനു വൃക്ഷത്തൈകള്‍ നാടെങ്ങും നട്ടുപിടിപ്പിച്ചു. ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വിമാനത്താവളത്തിന്റെ മറവില്‍ നികത്തപ്പെടുകയും ഭൂമാഫിയ കൈയടക്കുകയും ചെയ്യുമ്പോള്‍, വാഗമണില്‍ ഭൂമാഫിയക്ക് സര്‍ക്കാര്‍ഭൂമി കൈയേറാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒത്താശചെയ്യുമ്പോള്‍, നിലമ്പൂര്‍ മുണ്ടേരിമല സ്വകാര്യവക്തികള്‍ക്ക് കൈയടക്കാന്‍ അവസരമൊരുക്കിയപ്പോള്‍ എവിടെയാണ് "ഹരിതവാദി" എംഎല്‍എമാര്‍. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയില്‍നിന്നുണ്ടായ ജലചൂഷണത്തിനും മലിനീകരണത്തിനും ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേരള നിയമസഭ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏകകണ്ഠമായി പാസാക്കിയ ട്രിബ്യൂണല്‍ രൂപീകരിക്കാനുള്ള നിയമം കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എതിര്‍പ്പുമൂലം എവിടെയുമെത്താതിരിക്കുമ്പോഴും അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാന്‍പോലും ധൈര്യമില്ലാത്ത ഈ "ഹരിതവാദി"കളെ കേരളം തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ സമസ്ത മേഖലകളിലും നാശം വിതയ്ക്കുന്ന ഭരണകൂടത്തിനെതിരെ സമരങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടരുമ്പോഴാണ് ഇടതുപക്ഷ വേട്ടയ്ക്ക് ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ വലതുപക്ഷ മാധ്യമശക്തികളും വാളെടുത്തിറങ്ങുന്നത്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് ജനാധിപത്യ യുവജനപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്. രാജ്യത്തെ സേവനമേഖലകള്‍ മുഴുവനും കുത്തകകള്‍ക്ക് തീറെഴുതാനും അവര്‍ക്ക് നികുതിയിളവുകള്‍ നല്‍കി പരിപോഷിപ്പിക്കാനും ശ്രമിക്കുന്ന സര്‍ക്കാര്‍, യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ദരിദ്രരെയും സാധാരണക്കാരെയുമല്ല, ശതകോടീശ്വരന്മാരായ ചുരുക്കം ചിലരെയും സാമ്രാജ്യത്വശക്തികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്.

കേരളത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതിനെതിരെ 2010 ല്‍ ഡല്‍ഹിയില്‍ ശ്രദ്ധേയമായ സമരമാണ് ഡിവൈഎഫ്ഐ നടത്തിയത്. "ഭീകരതയ്ക്കു മതമില്ല-മതത്തിനു ഭീകരതയില്ല" എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നടന്ന കാമ്പയിന്‍ ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസമേഖലയില്‍ രാജ്യമെങ്ങും കമ്പോളവല്‍ക്കരണം അതിശക്തമാവുകയാണ്. ശക്തമായ പോരാട്ടങ്ങളാണ് യുവജനങ്ങളും വിദ്യാര്‍ഥികളും അതിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തെ ജീവിതയോഗ്യമാക്കിയ മഹാചരിത്രത്തിന്റെ തുടര്‍ച്ചയാണ് നമ്മളെന്ന ബോധം ഉയര്‍ത്തിപ്പിടിച്ച്, രാജ്യസ്നേഹത്തിന്റെ കൊടിക്കൂറയില്‍ മതേതരത്വവും സോഷ്യലിസവും തിളക്കിചേര്‍ത്ത് ഡിെഐഫ്ഐയുടെ പ്രയാണം പുതിയ കാലഘട്ടങ്ങളിലൂടെ മുന്നോട്ടു നീങ്ങുകയാണ്. നമ്മള്‍ കൈകോര്‍ക്കാന്‍ തയ്യാറാണ്; നമ്മുടെ മഹത്തായ ലക്ഷ്യങ്ങളോട് ഹൃദയം ചേര്‍ക്കുന്ന മുഴുവനാളുകളോടും. പോരാടുന്ന യൗവനം ഈ നാടിന്റെ ജീവനാണെന്ന് നാം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഓരോ ചുവടും നാം ജാഗ്രതയോടെ മുന്നേറുകയാണ്. അതിന്റെ നേര്‍സാക്ഷ്യമായി ആലപ്പുഴ സമ്മേളനം മാറുമെന്നത് തീര്‍ച്ചയാണ്.

*****

ടി വി രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി

ബഹുദൂരം പിന്നിലേക്ക്

അധികാരവികേന്ദ്രീകരണരംഗത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വര്‍ഷംതോറും അവാര്‍ഡ് നല്‍കിവരുന്നുണ്ട്. ഈ രംഗത്ത് മാതൃകാപരമായ സ്ഥാനമുറപ്പിച്ച് കേരളമാണ് ദീര്‍ഘനാളായി ഒന്നാംസ്ഥാനം നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം കേരളം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ മേഖലയില്‍ നിര്‍ണായകമായ സംഭാവനകളൊന്നും നല്‍കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, സംസ്ഥാനം ബഹുദൂരം പിറകോട്ടുപോയിരിക്കുന്നു എന്നതാണ് വാസ്തവം. അധികാരമേറ്റ് രണ്ടുവര്‍ഷംകൊണ്ട് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കാനും വികേന്ദ്രീകൃത ആസൂത്രണം വഴിപാടാക്കാനും യുഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരുകള്‍ അധികാരത്തിലെത്തിയപ്പോഴെല്ലാം തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരം തിരിച്ചെടുക്കാനും അവയ്ക്കുള്ള ധനസ്രോതസ്സുകള്‍ കുറയ്ക്കാനും ശ്രമിച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരുകളും എന്നും ചെയ്തിട്ടുള്ളത്.

1994ല്‍ ആണ് ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരം നല്‍കി പഞ്ചായത്തിരാജ്, നഗരസഭാ നിയമങ്ങള്‍ ഉണ്ടായത്. എന്നാല്‍, ബജറ്റ് വിഹിതത്തിന്റെ 35 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കി അവയെ പ്രവര്‍ത്തനക്ഷമമാക്കിയത് 1996ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരാണ്. കാര്‍ഷികമേഖലയടക്കമുള്ള ഉല്‍പ്പാദനമേഖലകളിലും പ്രാദേശിക വികസനത്തിന്റെ സമസ്തമേഖലകളിലും നേതൃപരമായ പങ്കുവഹിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്താനാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. അടിസ്ഥാനസൗകര്യം, ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഒമ്പതാം പദ്ധതിക്കാലത്തുണ്ടായത്. പഞ്ചായത്ത് പ്രദേശത്ത് ലഭ്യമായ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും പ്രാദേശിക ജനസമൂഹത്തിന്റെ ആശയാഭിലാഷങ്ങള്‍ കണക്കിലെടുത്തും പ്രാദേശിക ആസൂത്രണത്തിന് ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കപ്പെട്ടു. 2001ല്‍ അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം ഇല്ലായ്മചെയ്യാനാണ് ശ്രമിച്ചത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ അധികാരങ്ങളില്‍ ചിലതെങ്കിലും തിരിച്ചുപിടിക്കാനും ശ്രമിച്ചു. സാമ്പത്തികവിഹിതം കുറവുചെയ്തു. ശക്തമായ ജനകീയ പ്രതിരോധംമൂലം അധികാരവികേന്ദ്രീകരണ പരീക്ഷണത്തിന് കൂടുതല്‍ അപകടംവരുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണം ഏല്‍പ്പിച്ച ആഘാതങ്ങള്‍ മാറ്റിയെടുക്കുകയായിരുന്നു 2006ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. കര്‍മസമിതികള്‍, ഗ്രാമസഭ, സന്നദ്ധസാങ്കേതിക സംവിധാനം എന്നിവയെ പുനരുജ്ജീവിപ്പിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള വകയിരുത്തല്‍ വര്‍ധിപ്പിച്ചു. പട്ടികവിഭാഗങ്ങളുടെ പദ്ധതിവിഹിതം ദുരുപയോഗം ചെയ്തതിന് പരിഹാരവകയിരുത്തല്‍ നടത്തി. ജനകീയാസൂത്രണത്തെതുടര്‍ന്നുണ്ടായ ഭരണസംവിധാനങ്ങളെയും ആസൂത്രണനിര്‍വഹണരീതികളെയും സ്ഥായീകരിക്കുക എന്നതായിരുന്നു ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രധാനമായും ചെയ്തത്. കുടുംബശ്രീ, കില, ശുചിത്വമിഷന്‍ തുടങ്ങിയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അവയെ തദ്ദേശസ്ഥാപനങ്ങളുടെ സഹായഹസ്തങ്ങളാക്കി മാറ്റുകയുമാണ് ചെയ്തത്. ഒരേ രംഗത്ത് സമാന്തരപ്രവര്‍ത്തനം നടത്തുന്ന സംവിധാനങ്ങളെ ഏകോപിപ്പിക്കുകയും പ്രവര്‍ത്തനം ചിട്ടപ്പെടുത്തുകയുംചെയ്തു. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനുതകുന്ന ഇത്തരം സംവിധാനങ്ങളെയെല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ ദുര്‍ബലമാക്കി.

പഞ്ചായത്തുതലത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ത്രിതല പഞ്ചായത്തുകളും കേന്ദ്രാവിഷ്കൃതപദ്ധതികള്‍ നടപ്പാക്കുന്ന ഗ്രാമവികസനവകുപ്പും തമ്മില്‍ ഏകോപിപ്പിച്ചും തദ്ദേശസ്ഥാപനങ്ങളെയെല്ലാം ഒരൊറ്റ വകുപ്പിനു കീഴിലാക്കിയും പ്രവര്‍ത്തിച്ചുവന്ന സംവിധാനത്തെ മൂന്നു മന്ത്രിമാരുടെ കീഴിലാക്കിക്കൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയത്. വികേന്ദ്രീകൃത ആസൂത്രണം സുഗമമാക്കുന്നതിനുണ്ടായിരുന്ന ഏകോപനസംവിധാനവും പ്രവര്‍ത്തനക്ഷമമല്ലാതായി. ഏകോപനമില്ലായ്മ പദ്ധതിപ്രവര്‍ത്തനത്തിന്റെ താളംതെറ്റിച്ചു. വര്‍ഷാവസാനം 60 ശതമാനം ചെലവാക്കിയാലും തുക ലാപ്സാകില്ല എന്നുപറഞ്ഞ് തദ്ദേശസ്ഥാപനങ്ങളെ സമാശ്വസിപ്പിച്ചു. ഈ വര്‍ഷം എന്തൊക്കെ പദ്ധതികള്‍ എങ്ങനെ നടന്നുവെന്ന് അറിയാത്ത അവസ്ഥയായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി ഗ്രാമവികസനവകുപ്പുദ്യോഗസ്ഥരെ നടത്തിപ്പുകാരാക്കി. ജനകീയതലം പൂര്‍ണമായും നഷ്ടമായി. പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെട്ടതുമില്ല.

കേന്ദ്രാവിഷ്കൃതപദ്ധതികളുടെ നടത്തിപ്പ് എന്‍ജിഒകളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ ഉജ്വല സമരമാണ് കുടുംബശ്രീ സംവിധാനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. എന്നിട്ടും രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍നിന്ന് നല്ലൊരു വിഹിതം ജനശ്രീക്ക് നല്‍കി. തദ്ദേശസ്ഥാപനങ്ങള്‍വഴി നടത്തേണ്ട പദ്ധതിക്കാണ് സ്വന്തംപോക്കറ്റ് സംഘടനയെ ഉപയോഗിക്കുന്നത്. ദേശീയ ഉപജീവന്‍ പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നത്. അത് ഒഴിവാക്കാന്‍ ഗ്രാമവികസനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറിശ്രമവും പരാജയപ്പെട്ടു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായിട്ടും തുടങ്ങാന്‍കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത.

ഉല്‍പ്പാദനമേഖലയില്‍ പഞ്ചായത്തുകളുടെ പദ്ധതിപ്രവര്‍ത്തനം അനിവാര്യമാക്കുകയും അതുവഴി പ്രാദേശിക ഉല്‍പ്പാദനവും തൊഴിലവസരങ്ങളും വര്‍ധിപ്പിച്ച് പ്രദേശത്തിന്റെ സമഗ്രവികസനത്തിന്റെ നേതൃത്വം പഞ്ചായത്ത് ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. ഇത് പദ്ധതിപ്രവര്‍ത്തനത്തിന്റെ പ്രധാന ഘടകമാക്കാന്‍ രണ്ടാംഘട്ട ജനകീയാസൂത്രണത്തില്‍ സാധിക്കുകയുംചെയ്തു. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖയിലൂടെ പഞ്ചായത്തുകളുടെ ഉല്‍പ്പാദനമേഖലയിലെ ഇടപെടലിനുള്ള അവസരം ഇല്ലാതാക്കി. റോഡ്, കലുങ്ക്, പരിസര ശുചീകരണം എന്നീ പരമ്പരാഗത ചുമതലകള്‍ നിറവേറ്റാനുള്ള പഴഞ്ചന്‍ സംവിധാനത്തിന്റെ തലത്തിലേക്ക് പഞ്ചായത്തു സംവിധാനത്തെ തളര്‍ത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് അധികാരവികേന്ദ്രീകരണം സംബന്ധിച്ച എല്ലാ ധാരണകള്‍ക്കും വിരുദ്ധമാണ്. പഞ്ചായത്തുകള്‍ പ്രാദേശിക സര്‍ക്കാരുകളായി വളരുന്നതിന് സഹായകവുമല്ല.

ജില്ലാ ആസൂത്രണസമിതികള്‍ക്ക് സെക്രട്ടറിയറ്റ് ഉണ്ടാക്കുകയും അവയ്ക്ക് സ്വന്തം ആസ്ഥാനമന്ദിരങ്ങള്‍ നിര്‍മിക്കുകയുംചെയ്ത് ജില്ലാ ആസൂത്രണസമിതികളെ ശക്തമാക്കുകയും പ്രാദേശിക ആസൂത്രണത്തിന്റെ കേന്ദ്രസ്ഥാനം ഏറ്റെടുക്കാന്‍ അവയെ പ്രാപ്തമാക്കാനുമുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകിടംമറിച്ചു. ഡിപിസികള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിനുണ്ടായിരുന്ന സംവിധാനംപോലും വേണ്ടെന്നുവച്ചു. വാര്‍ഷികപദ്ധതികളുടെ അംഗീകാരം ഉദ്യോഗസ്ഥ സംവിധാനത്തെ ഏല്‍പ്പിച്ച് പ്രാദേശിക ആസൂത്രണം പൂര്‍ണമായും ഉദ്യോഗസ്ഥവല്‍ക്കരിച്ചു. ഇതോടൊപ്പം കര്‍മസമിതികള്‍ അപ്രസക്തമാവുകയും ഗ്രാമസഭകള്‍ നിര്‍ജീവമാകുകയുംകൂടി ചെയ്തപ്പോള്‍ ജനകീയാസൂത്രണത്തിന്റെ ജനകീയതലം പൂര്‍ണമായും നഷ്ടപ്പെട്ടു.

ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് കില. അതിന്റെ ഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. പരിശീലനപരിപാടികള്‍ സ്വകാര്യസ്ഥാപനങ്ങളെ ഏല്‍പ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കപ്പെട്ടു.

കുടിവെള്ള വിതരണത്തിന് സ്വകാര്യ പങ്കാളിത്തമുള്ള കമ്പനി നിലവില്‍വന്നുകഴിഞ്ഞു. മാലിന്യസംസ്കരണവും സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നു. ചുമതലകള്‍ ഒന്നൊന്നായി സ്വകാര്യകമ്പനികളെയും സര്‍ക്കാരിതര സംഘടനകളെയും ഏല്‍പ്പിച്ച് തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളാക്കി അധികാരവികേന്ദ്രീകരണരംഗത്ത് കേരളം നേടിയ നേട്ടങ്ങളെല്ലാം ഇല്ലായ്മചെയ്യാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. രണ്ടുവര്‍ഷംകൊണ്ട് അവര്‍ കുറെയൊക്കെ ചെയ്തുകഴിഞ്ഞു. ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുനല്‍കി കേരളത്തെ ഭവനരഹിത കുടുംബങ്ങളില്ലാത്ത സംസ്ഥാനമാക്കാന്‍ രൂപംകൊടുത്ത, ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. തദ്ദേശസ്ഥാപനങ്ങളും അവയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന സംവിധാനങ്ങളും ഒരൊറ്റ വകുപ്പിനു കീഴിലാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഈ പൊതുസര്‍വീസ് വേണ്ടെന്ന് വച്ചിരിക്കുകയാണ്. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് ചിട്ടയായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയ്ക്കനുസൃതമായിമാത്രം സ്ഥലംമാറ്റം നടത്തുകയുമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ചെയ്തത്.

ഇന്നാകട്ടെ, മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി കോഴിവാങ്ങി സ്ഥലംമാറ്റം നടക്കുന്ന അവസ്ഥ പതിവായി. പട്ടികവിഭാഗങ്ങള്‍ക്കുള്ള വികസനഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെയും ജനങ്ങള്‍ക്ക് അനിവാര്യമായ മേഖലകളില്‍ ഉപയോഗിക്കാത്തതിന്റെയുംകൂടി ഫലമാണ് ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവും ശിശുമരണവുമെല്ലാം. പഞ്ചായത്തുകള്‍ ഒന്നുംചെയ്യാന്‍ കഴിയാതെ നിസ്സഹായരായി നില്‍ക്കുന്ന അവസ്ഥ വികേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ഇന്നത്തെ സ്ഥിതി പ്രകടമാക്കുന്നതാണ്. റിയല്‍ എസ്റ്റേറ്റ്, നിര്‍മാണലോബികള്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനിര്‍മാണചട്ടങ്ങള്‍ ഭേദഗതി ചെയ്തും വന്‍കിടക്കാര്‍ക്ക് അനുകൂലമായ രീതിയില്‍ കെട്ടിടനികുതി ചട്ടങ്ങള്‍ ഭേദഗതിചെയ്തും യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ സമ്പന്നവര്‍ഗപക്ഷപാതിത്വം പ്രകടമാക്കുകയാണ്. ഒന്നരപതിറ്റാണ്ടുകൊണ്ട് അധികാരവികേന്ദ്രീകരണരംഗത്ത് നേടിയ നേട്ടങ്ങളില്‍ നല്ലപങ്കും രണ്ടുകൊല്ലംകൊണ്ട് അവര്‍ നശിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ ഭാവിയില്‍ പ്രതീക്ഷയുള്ളവര്‍ ഇതിനെതിരെ പ്രതിഷേധിക്കണം.

*****

പാലോളി മുഹമ്മദ്കുട്ടി

എന്തിനീ കണ്ണില്‍ പൊടിയിടല്‍

ജനാധിപത്യവ്യവസ്ഥയില്‍ അധികാരമേറ്റ സര്‍ക്കാര്‍ അതിന്റെ ഓരോ വര്‍ഷവും പൂര്‍ത്തിയാക്കുമ്പോള്‍ അതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുകയും പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നത് പതിവാണ്. രണ്ടുവര്‍ഷംമുമ്പ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞകാല നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതും പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതും തികച്ചും സ്വാഭാവികമാണ്. ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ തികഞ്ഞ ജാഗ്രതയോടെ വിലയിരുത്തുമെന്നു കാണാനുള്ള സാമാന്യ ബുദ്ധി ഇല്ലാത്തവരല്ല, യുഡിഎഫിനെ നയിക്കുന്നതെന്നും ഏവര്‍ക്കും അറിയാം. എന്നിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

അധികാരമേറ്റ നാള്‍മുതല്‍ "അതിവേഗം ബഹുദൂരം" തുടങ്ങിയ പേരുകള്‍ പറഞ്ഞ് ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ലെന്നതാണ് ജനങ്ങള്‍ക്കുണ്ടായ അനുഭവം. അതെല്ലാം ഒളിച്ചുവച്ച് ഇനി സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നു പറഞ്ഞ് പുതിയ "പദ്ധതി" പ്രഖ്യാപിച്ചത് ശരിക്കും ജനങ്ങളെ ഞെട്ടിച്ചുകളഞ്ഞു. 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പൂര്‍ണമായും സൗജന്യചികിത്സ ഉറപ്പാക്കുന്ന "ആരോഗ്യ കിരണം" പദ്ധതിയാണ് യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് "പുതുതായി" പ്രഖ്യാപിച്ചത്. ഇത് 2009ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് തുടങ്ങിയ പദ്ധതിയാണെന്ന് അറിയാത്തവരല്ല, ആരോഗ്യവകുപ്പിന്റെ തലപ്പത്തിരിക്കുന്നത്. 2009ല്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി തുടങ്ങിയ പദ്ധതി 2010ല്‍ വിപുലീകരിച്ച് "താലോലം" എന്ന പേരില്‍ എല്ലാ മാരകരോഗങ്ങള്‍ക്കുമുള്ളതാക്കിയതാണ്.

എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ വരുമാനനികുതി അടയ്ക്കാത്ത എല്ലാവര്‍ക്കും അന്നുമുതല്‍ പദ്ധതി മുഖേന സൗജന്യ ചികിത്സ നല്‍കിവരുന്നുണ്ട്. മാതൃകാപരമെന്ന് എതിരാളികള്‍പോലും വിശേഷിപ്പിച്ച ആ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന പി കെ ശ്രീമതിയുടെ സജീവമായ താല്‍പ്പര്യംകൊണ്ടാണ് അതിവേഗം പ്രാവര്‍ത്തികമായതും നിരാലംബരായ അനേകം കുട്ടികള്‍ക്ക് ആശ്വാസമായതും. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷവും പദ്ധതി തുടരുന്നുണ്ട്. നൂറുകണക്കിനു കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരികയാണ്. ഈ പദ്ധതിയാണ് ഇപ്പോള്‍ നൂതന പദ്ധതിയെന്ന രൂപത്തില്‍ മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ചത്. കേന്ദ്രാവിഷ്കൃതപദ്ധതിയായ ജനനി സുരക്ഷാ യോജന പേര് മാറ്റി "അമ്മയും കുഞ്ഞും" പദ്ധതിയാക്കിയതും ഈ സര്‍ക്കാരിന്റെ പുതിയ പദ്ധതിയെന്ന വ്യാജേന പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്താണ് ഈ പദ്ധതി മാതൃകാപരമായി പുനരാരംഭിച്ചത്. അതും പേര് മാറ്റി യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാക്കി. ഭാവനാദാരിദ്ര്യവും നിസ്സംഗതയും മറയ്ക്കാന്‍ കാപട്യപൂര്‍ണമായ വഴികള്‍ തേടുകയാണ് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍.

യുഡിഎഫ് സര്‍ക്കാരിന്റെ ജനവഞ്ചനയും കാപട്യവുമാണ് ഇതിലൂടെ ഒരിക്കല്‍കൂടി പുറത്തുവന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച വന്‍കിട പദ്ധതികള്‍ ഒന്നുപോലും യാഥാര്‍ഥ്യമാക്കാനായിട്ടില്ല. കാര്‍ഷിക-വ്യാവസായിക മേഖലയിലെ തകര്‍ച്ച, പോഷകാഹാരക്കുറവുമൂലം ആദിവാസികുട്ടികള്‍ ഉള്‍പ്പെടെ മരിച്ചുവീഴുന്നത്, വൈദ്യുതിമേഖലയിലെ പ്രതിസന്ധി, കെഎസ്ആര്‍ടിസി അടച്ചുപൂട്ടലിലേക്കെത്തിയത്- ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍കാരണം മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ആരോഗ്യമേഖലയെവച്ച് തട്ടിപ്പ് നടത്താനൊരുമ്പെടുന്നത്. ആരോഗ്യമേഖലയില്‍ മുന്‍സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികള്‍ ഓരോന്നായി തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രാഥമികാരോഗ്യകേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍വരെ മരുന്നുവിതരണം കാര്യക്ഷമമാക്കിയ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ നോക്കുകുത്തിയാക്കി. ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയില്ല. എന്‍ആര്‍എച്ച്എം മുഖേന നടന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളാകെ നിലച്ചു. പകരം തഴച്ചുവളരുന്നത് അഴിമതിയാണ്. സര്‍ക്കാരാശുപത്രികള്‍ സാധാരണക്കാരന് അഭയകേന്ദ്രമാകുന്ന അവസ്ഥ അട്ടിമറിക്കപ്പെടുന്നു. കാലവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. എന്നാല്‍, അതിനുമെത്രയോ മുമ്പ് പകര്‍ച്ചവ്യാധികള്‍ നാടിനെ കീഴടക്കിക്കഴിഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, കോളറ എന്നിവയും പലയിനം പകര്‍ച്ചപ്പനിയും കേരളത്തെ പനിക്കിടക്കയിലാക്കി. മഴക്കാലം എത്തുംമുമ്പേ അത്യന്തം സ്ഫോടനാത്മകമായ സാഹചര്യമുണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങുന്നില്ല. അട്ടപ്പാടിയില്‍ ഉള്‍പ്പെടെ പിഞ്ചുകുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവുമൂലം പിടഞ്ഞുമരിക്കുകയാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ് സര്‍ക്കാരും മന്ത്രിമാരും. അവര്‍ക്ക് ഇപ്പോള്‍ ആശ്രയം തട്ടിപ്പുപ്രഖ്യാപനങ്ങള്‍മാത്രം. മാധ്യമപ്പരസ്യങ്ങളിലൂടെയും വാഗ്ദാനപ്പെരുമഴ പെയ്യിച്ചും ജനങ്ങളോടുള്ള കടമ മറന്ന് ആഭാസഭരണം നടത്തുന്നവരുടെ സഹജമായ രീതിയാണിത്. മുന്‍സര്‍ക്കാര്‍ കൊണ്ടുവന്നതും പാതിവഴിയിലെത്തിനില്‍ക്കുന്നതുമായ വന്‍കിടപദ്ധതികള്‍ക്കുപോലും യുഡിഎഫിന്റെ "ഫ്ളാഗ്ഷിപ്" പദ്ധതികളെന്ന് ഓമനപ്പേരുനല്‍കി മേനിനടിക്കാന്‍ മടിക്കാത്ത മുഖ്യമന്ത്രിയില്‍നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കണം.

Sunday, May 19, 2013

ഓര്‍മകളില്‍ സ. നായനാര്‍

സ. ഇ കെ നായനാര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷം തികയുന്നു. സമാനതകളില്ലാത്തവിധം എല്ലാവിഭാഗം ജനങ്ങളുടെയും സ്നേഹവും ആദരവും അംഗീകാരവും നേടിയെടുത്ത സ. നായനാര്‍ കമ്യൂണിസ്റ്റ് മൂല്യങ്ങളുടെ കാവല്‍ഭടനായിരുന്നു. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായി പ്രവര്‍ത്തിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് വന്ന സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനിക കേരളചരിത്രത്തിന്റെ സുപ്രധാന ഭാഗമാണ്. ദേശീയപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സംഘാടകനും നേതാവുമായി നായനാര്‍ ഉയര്‍ന്നു.

പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ച നായനാര്‍ ജനകീയപ്രശ്നങ്ങളോട് പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയനായി. സാഹിത്യത്തെയും യാത്രാനുഭവങ്ങളെയും ജനജീവിതവുമായി കൂട്ടിച്ചേര്‍ക്കുന്നതില്‍ കാണിച്ച മിടുക്ക് എടുത്തുപറയേണ്ടതാണ്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍ നടത്തി. ജനകീയപ്രശ്നങ്ങള്‍ പാര്‍ലമെന്ററി വേദികളില്‍ അവതരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുകിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി മാതൃകാപരമാണ്.

ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നാണ് സഖാവിന്റെ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളരുന്ന വിപ്ലവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാടുകള്‍ വികസിച്ചത്. തന്റെ അഭിപ്രായങ്ങള്‍ പാര്‍ടിക്കകത്ത് ശക്തമായി നായനാര്‍ അവതരിപ്പിക്കും. എന്നാല്‍, പാര്‍ടി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് സംഘടനാശൈലി എക്കാലത്തും സഖാവിന്റെ മുതല്‍ക്കൂട്ടായിരുന്നു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യക്ഷപ്പെട്ട ഇടതു- വലതു വ്യതിയാനങ്ങള്‍ക്കെതിരെ സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ലവപന്ഥാവിലൂടെ മുന്നോട്ട് നയിക്കുന്നതിലും സഖാവ് കാണിച്ച ആശയവ്യക്തത എടുത്തുപറയേണ്ടതാണ്. പാര്‍ടി നിലപാടുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിലും പാര്‍ടിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ വിശകലനംചെയ്ത് ലളിതമായി അവതരിപ്പിക്കുന്നതിലും കാണിച്ച മാതൃക അനുകരണീയമാണ്. അവതരണശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുംവിധമായിരുന്നു നായനാരുടെ ഇടപെടല്‍. മുഖംമൂടിയില്ലാത്ത ഈ സമീപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു.

പാര്‍ടി ഏല്‍പ്പിച്ച ചുമതലകള്‍ സഖാവ് ഭംഗിയായി നിര്‍വഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷ പ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടലുകള്‍ സര്‍വരാലും അംഗീകരിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെപോലും ആദരവും അംഗീകാരവും പിടിച്ചുപറ്റാന്‍ കഴിയുന്നവിധം വിപുലീകരിക്കപ്പെട്ടതായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ ഏറ്റവും അധികകാലം മുഖ്യമന്ത്രി ആയി പ്രവര്‍ത്തിച്ചത് നായനാര്‍ ആണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരളവികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെ അമരക്കാരനായും അദ്ദേഹം ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവന എടുത്തുപറയേണ്ടതാണ്.

കേരളത്തിന്റെ വികസനപ്രക്രിയയുടെ അടിസ്ഥാനപരമായ സമീപനങ്ങളെപ്പോലും അട്ടിമറിച്ച് ആഗോളവല്‍ക്കരണനയങ്ങള്‍ മുന്നോട്ടുവച്ച് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നാം നായനാര്‍ ദിനം ആചരിക്കുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നത് ജാതി-മത ശക്തികളുടെ പിന്തുണ കൊണ്ടാണ്. അതിനാല്‍ത്തന്നെ അവരുടെ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിനെ നയിക്കുന്നത്. മുസ്ലിംലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനുവേണ്ടിയുള്ള ആവശ്യം മുന്നണിക്കകത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഇത് സാമുദായിക സന്തുലനത്തെത്തന്നെ തകര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞു. ഭൂരിപക്ഷ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസും എസ്എന്‍ഡിപിയും മറ്റു സമുദായസംഘടനകളും രംഗത്തുവരുന്നതിലേക്കും യുഡിഎഫിന്റെ ഈ നയങ്ങള്‍ വഴിതെളിച്ചു. ജനാധിപത്യകേരളം ഇത്തരം നടപടികളില്‍ അത്ഭുതപ്പെട്ടുനിന്നു.

കുടിവെള്ളപദ്ധതികളുള്‍പ്പെടെ കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നു. ഗ്രാമീണ കുടിവെള്ളപദ്ധതികളടക്കം സംസ്ഥാനത്തുടനീളം കുടിവെള്ളം നല്‍കാനുള്ള ചുമതല സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നു. "നാല് വര്‍ഷത്തിനകം സംസ്ഥാനത്ത് 100 ശതമാനം ശുദ്ധജലവിതരണം കമ്പനി ഉറപ്പ് വരുത്തണം" എന്നാണ് സര്‍ക്കാര്‍ തീരുമാനം. കുടിവെള്ളം വിതരണംചെയ്യാനുള്ള ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കുന്നതോടെ വാട്ടര്‍ അതോറിറ്റിയുടെ പ്രസക്തി നഷ്ടപ്പെടും. വെള്ളത്തിന് വന്‍വില നല്‍കാന്‍ കഴിയാത്ത പാവങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കപ്പെടും.

കേരള സര്‍ക്കാരിന്റെ നയം ഏത് രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റ്. കേരളത്തിന്റെ കാര്‍ഷികമേഖലയെ സംരക്ഷിക്കുന്നതിനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. കൃഷിക്കും അനുബന്ധമേഖലകള്‍ക്കുമായുള്ള വകയിരുത്തല്‍ നടപ്പുവര്‍ഷം മൊത്തം വികസന ചെലവിന്റെ 9.41 ശതമാനമായിരുന്നു. ഇപ്പോഴത്തെ ബജറ്റിലാകട്ടെ കൃഷിയുടെ വിഹിതം 8.7 ശതമാനമായി. വ്യവസായമേഖലയ്ക്ക് ഈ വര്‍ഷം വിഹിതം 2.47 ശതമാനത്തില്‍ നിന്ന് 2.01 ശതമാനമായി താണു.

കാര്‍ഷികമേഖലയില്‍ ആത്മഹത്യ വ്യാപകമായി. നാളികേര കൃഷിക്കാര്‍ കുത്തുപാളയെടുക്കുകയാണ്. കേരളത്തില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ലഭിക്കാത്ത പ്രശ്നം ഗുരുതരമായി നില്‍ക്കുകയാണ്. കുട്ടനാട് പാക്കേജ് പോലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ലാഭത്തില്‍ പ്രവര്‍ത്തിച്ച പൊതുമേഖലാസ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് നീങ്ങുന്നു. സാമൂഹ്യസുരക്ഷാപദ്ധതികള്‍ കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടിയുമില്ല.

മൂന്ന് ലക്ഷത്തോളം തൊഴിലാളികള്‍ അവശേഷിക്കുന്ന കയര്‍മേഖലയില്‍ 80,000 പേര്‍ക്ക് മാത്രമേ ഇപ്പോള്‍ തൊഴില്‍ ലഭിക്കുന്നുള്ളൂ. അവര്‍ക്കുതന്നെ 100 ദിവസം പോലും തൊഴില്‍ ലഭിക്കുന്നില്ല. പാവങ്ങളില്‍ പാവങ്ങളായ രണ്ടരലക്ഷത്തോളം തൊഴിലാളികള്‍ കശുവണ്ടിമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അണ്ടിപ്പരിപ്പിന്റെ ഇറക്കുമതി, ഈ രംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ലാഭകരമായി 200 ദിവസത്തിലധികം തൊഴില്‍ കൊടുത്ത് പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ ഇപ്പോള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലാണ്. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും പരമ്പരാഗത മത്സ്യബന്ധമേഖലയിലെ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളി. കേന്ദ്രം മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ച പ്രശ്നത്തിനുമുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പവര്‍കട്ടോ ലോഡ്ഷെഡിങ്ങോ ഉണ്ടായിരുന്നില്ല. ചാര്‍ജ് വര്‍ധിപ്പിച്ചുമില്ല. പ്രസരണനഷ്ടം 26 ശതമാനത്തില്‍നിന്ന് 16 ശതമാനത്തിലേക്ക് കുറച്ചു. ഇന്ന് പവര്‍കട്ട് നിലനില്‍ക്കുന്നു. അന്യായമാംവിധം നിരക്ക് വര്‍ധിപ്പിച്ചു. ആറു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതിമന്ത്രി പറയുന്നത്.

ഇന്നുവരെ ഇല്ലാത്ത വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. അരിവില കിലോയ്ക്ക് 50 രൂപയോളം എത്തുന്ന നിലയാണ്. മാവേലി സ്റ്റോറും ത്രിവേണി സ്റ്റോറുകളുമെല്ലാം തുറന്ന് കിടക്കുന്നുവെന്നല്ലാതെ അവശ്യവസ്തുക്കളൊന്നും ലഭിക്കുന്നില്ല.

അണ്‍എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വ്യാപകമായി അനുവദിച്ച്് പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ കച്ചവടവല്‍ക്കരണമാണ് യുഡിഎഫ് ലക്ഷ്യം. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നും ഡോക്ടര്‍മാരുമില്ലാത്ത നില സര്‍വവ്യാപിയാകുന്നു. പാവപ്പെട്ടവര്‍ക്ക് ചികിത്സ ലഭിക്കുന്നതിന് വന്‍ തുക നല്‍കേണ്ടിവരുന്നു.

അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്ത് നിന്ന സംസ്ഥാനമായിരുന്നു കേരളം. ഇന്ന് മൂന്നാംസ്ഥാനത്തെത്തി. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉല്‍പ്പാദനമേഖലയുടെ പങ്ക് ഉപേക്ഷിച്ചു. ഫലത്തില്‍ അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും അട്ടിമറിക്കപ്പെട്ടു.

ക്രമസമാധാനം തകര്‍ന്നു. ഈ സര്‍ക്കാര്‍ വന്നശേഷം 6906 മോഷണ കേസും 1145 പിടിച്ചുപറിക്കേസും 2427 വീടുകളില്‍ മോഷണവും 188 വീടുകളില്‍ കവര്‍ച്ചയും നടന്നു. വീടുകളിലെ കവര്‍ച്ചാ ശ്രമത്തിനിടെ 17 പേര്‍ കൊല്ലപ്പെട്ടെന്നും ഇതുവരെ 543 കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് നിയമസഭയില്‍ സര്‍ക്കാര്‍ വച്ച കണക്ക്. 77 കള്ളനോട്ട് കേസ് രജിസ്റ്റര്‍ ചെയ്തെന്നതും വര്‍ഗീയസ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. സ്ത്രീപീഡനം കണക്കറ്റു പെരുകുകയാണ്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ 15372 സ്ത്രീപീഡനകേസുണ്ടായി. 1661 ബലാല്‍സംഗ കേസുകള്‍. 11 മാസത്തിനിടെ 371 സ്ത്രീകള്‍ കൊല്ലപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 199 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി.

പൊലീസ് പക്ഷപാതപരമായി പെരുമാറുന്നു. വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ സൗകര്യവുമൊരുക്കുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ ആരാച്ചാര്‍മാരില്‍ ഒരാളായ നരേന്ദ്രമോഡിയെ വാഴ്ത്താനും സ്വീകരിക്കാനുമുണ്ടായ മത്സരം നമ്മുടെ നാടിന്റെ മതേതര പാരമ്പര്യത്തിനുനേരെ കൊഞ്ഞനംകുത്തുന്നതാണ്. മന്ത്രിസഭാംഗമായ ഷിബു ബേബിജോണ്‍ മോഡിയെ പോയിക്കണ്ട് ഉപഹാരം സമര്‍പ്പിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ അബ്ദുള്ളക്കുട്ടിയും ലീഗ് എംഎല്‍എയായ കെ എം ഷാജിയും മോഡിയെ പുകഴ്ത്തി.

വിജിലന്‍സ് കേസുകളില്‍നിന്ന് മന്ത്രിമാരെ ഒന്നിനുപുറകെ ഒന്നായി രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുകയാണ്. അഴിമതി കൊടികുത്തി വാഴുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയുള്ള സ്ഥലംമാറ്റങ്ങളോടൊപ്പം ആര്‍ടിഒ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ ഭരണക്കാരുടെ ഏജന്റുമാര്‍ വഴി ലേലംവിളി നടത്തി സ്ഥലംമാറ്റ ഉത്തരവുകള്‍ ഇറക്കുന്നു.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങളുടെ ചികിത്സയ്ക്കായി നീക്കിവച്ച 102 കോടി രൂപ ആരോഗ്യവകുപ്പ് വകമാറ്റി ചെലവഴിച്ചു. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന നടത്തുന്ന മരുന്നുസംഭരണത്തില്‍ സര്‍ക്കാരിന് 40 കോടിയുടെ നഷ്ടമുണ്ടായി. വന്‍കിട മരുന്നുകമ്പനികളുമായി ഒത്തുകളിച്ച് ടെന്‍ഡര്‍ നടപടികളില്‍ തിരിമറി നടത്തിയാണ് പണം ചോര്‍ത്തിയത്.

ഭൂപരിഷ്കരണം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ തുടരുന്നു. ഭൂപ്രമാണികള്‍ മൂന്നാറില്‍ വീണ്ടും കൈയേറ്റങ്ങള്‍ നടത്തുന്നു. ഇത്തരം നയങ്ങള്‍ക്കെതിരായി വമ്പിച്ച പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നത്. അതിന്റെ അലയൊലികള്‍ യുഡിഎഫിനകത്തുമുണ്ട്. ഘടകകക്ഷികളില്‍ പലതും മുന്നണി ഉപേക്ഷിച്ചുപോകുമെന്ന സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

യുഡിഎഫ് രാഷ്ട്രീയമായും കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നതിലും തികഞ്ഞ പരാജയമാണ്. കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയസംസ്കാരത്തെ കളങ്കപ്പെടുത്തുകയാണവര്‍. ജാതി-മത ശക്തികളുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴ്പ്പെട്ട് മതേതരപാരമ്പര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഈ ജനവിരുദ്ധനയങ്ങള്‍ക്കെതിരായി ബഹുജനങ്ങളെ ആകമാനം അണിനിരത്തി മുന്നോട്ടുപോകുക എന്നത് മര്‍മപ്രധാനമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന ഇത്തരം തെറ്റായ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തില്‍ ആവേശപൂര്‍വം അണിനിരന്ന് വിജയിപ്പിക്കേണ്ടതുണ്ട്. സഖാവ് നായനാരുടെ സ്മരണ അത്തരം മുന്നേറ്റങ്ങളില്‍ നമുക്ക് ആവേശവും ഊര്‍ജവും പകരും.

*
പിണറായി വിജയന്‍

Saturday, May 18, 2013

സ്മൃതിരേഖകള്‍

അമ്മയുടെ അച്ഛന്‍ എണ്ണയ്ക്കാട് കൊട്ടാരത്തിലെ വലിയ തമ്പുരാനായിരുന്നു. അമ്മൂമ്മ പല്ലന പാണ്ടവത്ത് കുടുംബാംഗവും. ടിപ്പുവിന്റെ പടയോട്ടകാലത്ത് മലബാറില്‍നിന്ന് തിരുവിതാംകൂറില്‍ അഭയംപ്രാപിച്ച കുടുംബമാണ്. അങ്ങനെ തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത കുടുംബക്കാരെ അച്ചന്‍കോവിലാറിന്റെ ഇരുകരകളിലായി എണ്ണയ്ക്കാട്, മാവേലിക്കര കൊട്ടാരങ്ങളിലായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പാര്‍പ്പിച്ചു. അതില്‍ എണ്ണയ്ക്കാട് കൈവഴിയിലാണ് ഞങ്ങളുടെ കുടുംബം. അപ്പൂപ്പനും അമ്മൂമ്മയ്ക്കും എന്റെ അമ്മയടക്കം ആറ് പെണ്ണുങ്ങളും നാല് ആണുങ്ങളുമാണ് മക്കള്‍. ആദ്യ നിയമസഭയിലെ സ്പീക്കര്‍ ആയിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പിയായിരുന്നു ആണ്‍മക്കളില്‍ ഏറ്റവും മൂത്തയാള്‍. കരുനാഗപ്പള്ളി മുതല്‍ അമ്പലപ്പുഴ വരെയുള്ള പ്രദേശം ഉള്‍പ്പെടുത്തി രൂപീകരിച്ച മധ്യതിരുവിതാംകൂര്‍ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു അമ്മാവന്‍. പഠനത്തിന് ശേഷം കുറേക്കാലം മലബാറിലായിരുന്നു. അക്കാലത്ത് പി കൃഷ്ണപിള്ളയുമായൊക്കെ ബന്ധപ്പെട്ട് അമ്മാവന്‍ കമ്യൂണിസ്റ്റായി. സര്‍ സി പിക്കെതിരായ സമരങ്ങളില്‍ യൂത്ത് ലീഗ് എന്ന സംഘടനയുടെ ഭാഗമായാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. പൊന്നറ ശ്രീധരന്‍, എന്‍ സി ശേഖര്‍ എന്നിവരായിരുന്നു നേതൃത്വത്തില്‍. പിന്നീട് അമ്മാവന്‍ തിരുവനന്തപുരത്ത് ബിഎലിന് ചേര്‍ന്നു. രാഷ്ട്രീയ പ്രവര്‍ത്തനം കാരണം ബിഎല്‍ തോറ്റു. പിന്നെ അപ്പൂപ്പനും അമ്മൂമ്മയും തിരുവനന്തപുരത്ത് പോയി വീടെടുത്ത് അമ്മാവന്റെയൊപ്പം താമസിച്ച് പഠിപ്പിച്ച് ബിഎല്‍ പാസാക്കി. തുടര്‍ന്ന് അദ്ദേഹം മുഴുവന്‍ സമയ പ്രവര്‍ത്തകനായി.

അദ്ദേഹത്തിന്റെ അനുജനാണ് രാജശേഖരന്‍ തമ്പി. അദ്ദേഹം ജയിലിലായിരുന്നു. മറ്റൊരു അനുജന്‍ വേലായുധന്‍ തമ്പി. അദ്ദേഹം ഒരു പൊലീസുകാരനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായി ജയിലിലായി. അതിെന്‍റ താഴെയാണ് സുഭദ്രാമ്മ തങ്കച്ചി(ചടയം മുറിയെ രണ്ടാമത് വിവാഹം കഴിച്ചു)യും രാധമ്മ തങ്കച്ചി(ഉണ്ണിരാജയുടെ ഭാര്യ) യും. അവരും പാര്‍ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഏറ്റവും മൂത്ത വല്യമ്മ ചെല്ലമ്മ കെട്ടിലമ്മയുടെ മകളെയാണ് തോപ്പില്‍ഭാസി വിവാഹം കഴിച്ചത്. അമ്മിണിയമ്മ. എന്റെയമ്മയാണ് മറ്റൊരു സഹോദരി. കുട്ടിയമ്മ. എന്റെ അച്ഛന്‍ കലവറ കൃഷ്ണപിള്ള. ഞങ്ങള്‍ നാല് ആണുങ്ങളും ഒരു പെണ്ണുമാണ് മക്കള്‍. 1940 ഏപ്രില്‍ 5നാണ് എന്റെ ജനനം. മൂത്ത ജ്യേഷ്ഠന് 12-13 വയസു മുതല്‍ പാര്‍ടിയുമായി ബന്ധപ്പെട്ട് മിക്കവാറും ഒളിവിലായിരുന്നു. അമ്മാവന്‍ ശങ്കരനാരായണന്‍ തമ്പി മധ്യ തിരുവിതാംകൂര്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരിക്കെയാണ് ശൂരനാട് സംഭവം. അതില്‍ അദ്ദേഹം രണ്ടാംപ്രതിയായി ഒളിവില്‍ പോയി. 1953 ല്‍ ഒളിവിലിരുന്ന് മത്സരിച്ചു. അതിന് മുമ്പ് ശ്രീമൂലം അസംബ്ലിയിലേക്ക്് മത്സരിച്ച് ജയിച്ചിട്ടുണ്ട്. 28 ാം വയസ്സില്‍. 1953 ല്‍ മാവേലിക്കരയില്‍ നിന്നും ജയിച്ചു. കൊച്ചിക്കല്‍ ബാലകൃഷ്ണന്‍ തമ്പിയായിരുന്നു എതിരാളി. അമ്മാവന്റെ ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവ് കൂടിയായിരുന്നു. തിരുവിതാംകൂറിലെ പ്രധാന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം.

ആ മത്സരം നടക്കുമ്പോള്‍ ഞാന്‍ നാലാം ഫോറത്തിലാണ്. അമ്മാവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഞാന്‍ സജീവമായി പങ്കെടുത്തു. പ്രസംഗത്തിനും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി. പ്രാസംഗികനായി തെളിഞ്ഞത് ആ തെരഞ്ഞെടുപ്പുകാലത്താണ്. 1957 ല്‍ അദ്ദേഹം ചെങ്ങന്നൂരിലാണ് മത്സരിച്ചത്. പഠനം, വിദ്യാര്‍ഥി രാഷ്ട്രീയം പതിമൂന്നാമത്തെ വയസ്സിലാണ് സ്റ്റുഡന്റ്്സ് സെല്ലില്‍ വരുന്നത്. എസ്എസ്എല്‍സി പാസായ ശേഷം കൊല്ലം എസ്എന്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. എസ്എന്‍ കോളേജ് ഇടതുപക്ഷത്തിന്റെ ഒരു ഞാറ്റടിയാണ്. തിരുവിതാംകൂറിലെ രാഷ്ട്രീയ നേതാക്കളില്‍ ഏറിയകൂറും ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്. ഇടതുപക്ഷ അന്തരീക്ഷമാണ് അവിടെ. എനിക്ക് ആര്‍ ശങ്കര്‍ നേരിട്ടാണ് അഡ്മിഷന്‍ തന്നത്. ഞാനന്ന് ചെറുതാണ്. നിക്കറിട്ട് നടക്കുന്ന പ്രായം. ഒറ്റക്കാണ് കോളേജില്‍ അഡ്മിഷന്‍ വാങ്ങാന്‍ പോയത്. വീട്ടില്‍ നിന്ന് കൂടെ വരാന്‍ ആരുമുണ്ടായിരുന്നില്ല. അഡ്മിഷന്‍ കാര്യത്തിന് പ്രിന്‍സിപ്പാളിനെ കണ്ടു. താനല്ല മാനേജരാണ് തീരുമാനിക്കേണ്ടതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അന്ന് ക്വാട്ടയൊന്നുമില്ല. എല്ലാം മാനേജരാണ് തീരുമാനിക്കുക. പ്രിന്‍സിപ്പാളിന്റെ മുറിയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ മാനേജര്‍ ആര്‍ ശങ്കര്‍ കാറിലേക്ക് കയറാന്‍ പോകുകയാണ്.ശങ്കര്‍ കോണ്‍ഗ്രസിന്റെ വലിയ നേതാവാണ്. ഓടിച്ചെന്ന് കാര്യം പറഞ്ഞു. അഡ്മിഷന്‍ കാര്യങ്ങള്‍ പ്രിന്‍സിപ്പാളാണ് തീരുമാനിക്കുന്നതെന്നായി മാനേജര്‍ ഇതും പറഞ്ഞ് അദ്ദേഹം കാറില്‍ കയറി. എന്നിട്ട് ഉടനെ അദ്ദേഹം കാറില്‍നിന്ന് തിരിച്ചിറങ്ങി. അപേക്ഷ കാണട്ടെ എന്ന് പറഞ്ഞു. എന്റെ കൈയില്‍ നിന്ന് ഫോം വാങ്ങി. അതില്‍ പാണ്ടവത്ത് എന്ന വീട്ടുപേര് കണ്ട് തമ്പി സാറിെന്‍റ ആരാണെന്ന് ചോദിച്ചു. ശങ്കരനാരായണന്‍ തമ്പിയുടെ അനന്തിരവനാണെന്ന് പറഞ്ഞു. എന്താ വേറാരും വീട്ടില്‍ നിന്ന് കൂടെ വന്നില്ലേ എന്നായി അദ്ദേഹം. ഇല്ല പ്രായമാരവരെല്ലാം ജയിലിലോ ഒളിവിലോ ആണ്. ഞാന്‍ മറുപടി നല്‍കി. അതു കേട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം അവിടെ നിന്നുകൊണ്ടു തന്നെ ഫോമില്‍ അഡ്മിറ്റ് ഹിം എന്നെഴുതി. അങ്ങനെ എനിക്ക് പ്രവേശനം കിട്ടി.

ആര്‍ ശങ്കറിന് തന്നെ എന്നെ കോളേജില്‍ നിന്ന് സസ്പെന്‍ഡു ചെയ്യേണ്ടിയും വന്നത് പിന്നത്തെ കഥ. സമരം ചെയ്തതിനായിരുന്നു സസ്പെന്‍ഷന്‍. യു എന്‍ ദേവാറാണ് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡന്റ്. 1957 ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കാലം. ദേവാറിനെ കോളേജില്‍ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാന്‍ ശങ്കര്‍ തീരുമാനിച്ചു. എസ്എഫ് സമ്മതിക്കില്ലെന്ന് പറഞ്ഞു. വലിയ പ്രതിഷേധവും സമരവും തുടങ്ങി. അതു തന്നെ സംഭവിച്ചു. ദേവാറിനെ പ്രസംഗിപ്പിച്ചില്ല. സമരത്തിെന്‍റയും പ്രതിഷേധത്തിന്റെയും പേരില്‍ ഞാനടക്കം 12 പേരെ അന്ന് സസ്പെന്‍ഡു ചെയ്തു. പഠനം കഴിഞ്ഞിട്ടേ രാഷ്ട്രീയം ആകാവൂ എന്ന് പറഞ്ഞതല്ലേ എന്നൊക്കെ ശങ്കര്‍ ഉപദേശിച്ചു. പിന്നീടത് ഒത്തുതീര്‍പ്പായി. ഞാന്‍ എസ്എന്‍ കോളേജില്‍ ചെല്ലുമ്പോള്‍ വി സാംബശിവനാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍. പുള്ളി ബിഎക്കാണ്. സംസ്കൃതം ഉപാധ്യായപരീക്ഷയൊക്കെ എഴുതിയ ശേഷമാണ് ബിഎക്ക് ചേര്‍ന്നത്. ഞാന്‍ ഇന്റര്‍മീഡയറ്റിന് തോറ്റു. ഒരു പാര്‍ട്ട് പോയി. ഒന്നുരണ്ട് തവണ ശ്രമിച്ചിട്ടും പാസായില്ല. സയന്‍സായിരുന്നു വിഷയം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ പഠിക്കാന്‍ പറ്റില്ല. രാഷ്ട്രീയമായിരുന്നല്ലോ പ്രധാനം. പ്രവര്‍ത്തനം കോളേജില്‍ മാത്രമല്ല പുറത്തുമുണ്ട്. യുവജന സംഘത്തിന്റെയെല്ലാം പ്രവര്‍ത്തനമാണ് നാട്ടില്‍. അവിടെയെത്തിയാല്‍ യുവാക്കളെ സംഘടിപ്പിക്കലും കലാസമിതിയുടെ പ്രവര്‍ത്തനവുമായിരുന്നു പ്രധാനം.

ഇന്റര്‍മീഡിയറ്റിന്റെ അവസാന ബാച്ചായിരുന്നു അത്. തുടര്‍ന്ന് പ്രീഡിഗ്രി കോഴ്സ് അവതരിപ്പിക്കപ്പെട്ടു. പിന്നീട് സര്‍വകലാശാലയുടെ ഒരു തീരുമാനം വന്നു. ഇന്റര്‍മീഡിയറ്റിന് മൊത്തം മാര്‍ക്കിന്റെ 20ശതമാനം കിട്ടിയിട്ടുള്ളവര്‍ക്ക് ഡിഗ്രിക്ക് ചേരാമെന്ന്. സയന്‍സ് വിഷയങ്ങള്‍ കിട്ടില്ല. ആര്‍ട്സ് വിഷയങ്ങള്‍ മാത്രം. അങ്ങനെയാണ് 1961 ല്‍ ഇക്കണോമിക്സ് ബിരുദ പഠനത്തിന് ഞാന്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ചേരുന്നത്. സിപിഐ നേതാവ് ഉണ്ണിരാജയെ വിവാഹം ചെയ്ത എന്റെ കുഞ്ഞമ്മയുടെ വീട് തിരുവനന്തപുരത്താണ്. സിപിഐ സെന്‍ട്രല്‍ എക്സിക്യൂട്ടീവ് അംഗമാണ് അപ്പോള്‍ ചിറ്റപ്പന്‍. അവരുടെ കൂടെ താമസിച്ചാണ് പഠിക്കാന്‍ ചേര്‍ന്നത്. 1962 വരെ അവരുടെ കൂടെ താമസിച്ചു. പിന്നീട് പാര്‍ടി ഓഫീസിലേക്ക് താമസം മാറ്റി. സോവിയറ്റ് യൂണിയനിലെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന് അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള താമസം വലിയ രാഷ്ട്രീയ വിദ്യാഭ്യാസമാണ് എനിക്ക് നല്‍കിയത്. വലതുപാര്‍ടിയുടെ വക്താവെന്ന നിലയില്‍ അദ്ദേഹവും ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുന്ന ആളെന്ന നിലയില്‍ ഞാനും തമ്മില്‍ പതിവായി വാദപ്രതിവാദങ്ങള്‍ നടക്കുമായിരുന്നു. പുള്ളിക്ക് പെട്ടെന്ന് ദേഷ്യമൊന്നും വരില്ല. അതുകൊണ്ട് എന്തും ചോദിക്കുകയും പറയുകയുമാകാം. വായനയൊക്കെ അക്കാലത്ത് നന്നായി നടന്നിരുന്നു. ചിറ്റപ്പന്റെ വീട്ടില്‍ വമ്പന്‍ ലൈബ്രറിയാണ്. ഗ്രേറ്റ് ഡിബേറ്റ് എന്ന പേരില്‍ ചൈനയും റഷ്യയും തമ്മില്‍ നടന്ന തര്‍ക്കം സംബന്ധിച്ച ഒരു പുസ്തകം അദ്ദേഹം എനിക്ക് വായിക്കാന്‍ തന്നിരുന്നു. അപൂര്‍വമായ പുസ്തകം. നയങ്ങളിലെ വൈരുദ്ധ്യമൊക്കെ മനസ്സിലായത് അത് വായിച്ചപ്പോഴാണ്. മറ്റൊരാള്‍ ആ പുസ്്തകം എന്റെ പക്കല്‍ നിന്ന് കൊണ്ടു പോയിട്ട് തിരിച്ചുതന്നില്ല.

തിരുവനന്തപുരത്ത് ആദ്യം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു. പിന്നീട് പാര്‍ടിയുമായി ബന്ധപ്പെട്ടപ്പോള്‍ പാര്‍ടി ജില്ലാ കമ്മിറ്റിയംഗവും പ്രഭാത് ബുക് ഹൗസ് മാനേജരുമായി. പാര്‍ടി രണ്ടാകാനുള്ള സാഹചര്യമൊക്കെ ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു. യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ് വളരെ ദുര്‍ബലമാണ്. ഞാന്‍ യൂണിറ്റ് സെക്രട്ടറിയായിരുന്നു. കോളേജ് യൂണിയന്‍ സെക്രട്ടറിയായി മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് മന്ത്രിയൊക്കെയായ സി ദിവാകരന്‍ എന്റെ ബാച്ചാണ്. ദിവാകരനൊക്കെ വലതുപക്ഷത്തെ വലിയ നേതാവാണ്. ചന്ദ്രപ്പനും ആന്റണി തോമസുമാണ് എഐഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും. ഇരുവരും യൂണിവേഴ്സിറ്റി കോളേജില്‍ പതിവായി വരുമായിരുന്നു. പാര്‍ടിയിലെ ഭിന്നത എസ്എഫിനെയും ബാധിച്ചു കഴിഞ്ഞിരുന്നു. അതിെന്‍റ തുടര്‍ച്ചയില്‍ 1964 ല്‍ ഇടപ്പള്ളി സ്കൂളില്‍ ഒരു സംസ്ഥാന സമ്മേളനം വിളിച്ചു. അവിടെ ചേര്‍ന്ന സമ്മേളനത്തിലാണ് കെഎസ്എഫ് എന്ന നമ്മുടെ വിദ്യാര്‍ഥി സംഘടന രൂപീകരിച്ചത്.

ഇടപ്പള്ളി സമ്മേളനത്തിന് മുമ്പ് തലശേരിയില്‍ ഒരു പ്രവര്‍ത്തക യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഭിന്നിപ്പ് രൂക്ഷമായി. ജിഞ്ചര്‍ ഗ്രൂപ്പ് എന്നറിയപ്പെട്ട, ഞാനും നന്ദനന്‍ എന്ന കണ്ണൂര്‍ക്കാരന്‍ സഖാവും ഉള്‍പ്പെട്ട അഞ്ചംഗ സംഘമായിരുന്നു ഇടതുപക്ഷത്ത്. ഇടപ്പള്ളിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ രൂപീകരിച്ച കെഎസ്എഫിന്റെ ആദ്യ പ്രസിഡന്റായത് പിണറായി വിജയനാണ്. പിണറായി അന്ന് അറിയപ്പെടുന്ന നേതാവൊന്നുമല്ല. പാര്‍ടി ലോക്കല്‍ കമ്മിറ്റിയില്‍ പോലുമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് ഔദ്യോഗിക ചുമതലയൊന്നുമുണ്ടായിരുന്നില്ലെങ്കിലും സമ്മേളന നടത്തിപ്പിന്റെ പാര്‍ടി ചുമതല എന്നെയാണ് ഏല്‍പ്പിച്ചിരുന്നത്. അന്നൊരു സ്റ്റാന്‍ലിയുണ്ട്. പിന്നീട് പാര്‍ടിയില്‍ നിന്ന് പുറത്തായി സിഎംപിയില്‍ പോയി. ഞങ്ങള്‍ രണ്ടാള്‍ക്കുമായിരുന്നു ചുമതല. സെക്രട്ടറിയെ തീരുമാനിച്ച് കഴിഞ്ഞപ്പോഴാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ അന്വേഷിച്ചത്. അപ്പോഴാണ് പിണറായി വിജയന്‍ എന്നൊരാളുണ്ട് എന്നു ആരോ പറഞ്ഞത്. ഞങ്ങള്‍ പ്രതിനിധികള്‍ താമസിക്കുന്ന സ്ഥലത്തത്തി. വിജയനെ കണ്ട് എസ്എഫിന്റെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചു. അങ്ങനെ പിണറായി എസ്എഫിന്റെ ആദ്യത്തെ പ്രസിഡന്റായി.

കെഎസ്എഫിന്റെ രൂപീകരണത്തിന് ശേഷം കൂടുതല്‍ ശ്രദ്ധ അതിലായി. അതുവരെ പാര്‍ടി ഓഫീസിലാണ് താമസിച്ചിരുന്നത്. പിന്നീട് അവിടം ഉപേക്ഷിച്ചു. പ്രഭാത് ബുക്ഹൗസിന്റെ മാനേജര്‍ സ്ഥാനവും ഉപേക്ഷിച്ചു. പ്രഭാതിലുള്ളപ്പോള്‍ ആവശ്യത്തിന് പുസ്തകമെടുക്കാമായിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് കെട്ടി അയക്കുന്ന പുസ്തകമൊക്കെ തൂക്കി വില്‍ക്കുമായിരുന്നു. അതൊന്നും ആര്‍ക്കും വേണ്ടിയിരുന്നില്ല. പ്രഭാതിനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞാന്‍ കുറേ പരിശ്രമിച്ചു. പിന്നീട് വന്നവരൊക്കെ പ്രഭാതിനെ നശിപ്പിച്ചു. വെട്ടിച്ചവരാണ് അധികം. അവിടെയിരുന്ന് വേറൊരു കാര്യവും കൂടി ചെയ്തു. തെക്കന്‍ തിരുവിതാംകൂറില്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കളുടെ കേന്ദ്രം ഞാനും പ്രഭാതിന്റെ ഓഫീസുമായിരുന്നു. എല്ലാവര്‍ക്കും ബന്ധപ്പെടാം. ആരും സംശയിക്കില്ല. ഒളിവിലിക്കുന്നവര്‍ക്ക് ലഘുലേഖകളും ചിന്തയൊക്കെ കൈമാറുക, അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങളൊക്കെ ഞാന്‍ വഴിയാണ് ചെയ്തത്. പല നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ചതും പ്രഭാതിന്റെ മാനേജരായിരുന്നപ്പോഴാണ്. അക്കാലത്ത് ഞങ്ങള്‍ മൂന്നുപേരാണ് സിപിഐ ഓഫീസിലുളളത്. അഴീക്കോടന്‍, ചക്രന്‍ എന്നുവിളിച്ചിരുന്ന സി കെ ചക്രപാണി, ഞാന്‍. അഴീക്കോടന്‍ ആദ്യമേ ഓഫീസ് വിട്ടു. പിന്നെ ചക്രനും ഞാനുമുണ്ട്. അഴീക്കോടന്‍ ഞങ്ങളോട് അവിടം വിടാനും കോഴിക്കോട് വന്ന് ചിന്തയുടെ ഉത്തരവാദിത്തം എറ്റെടുക്കാനും പറഞ്ഞിരുന്നു. ചിന്ത അന്ന് രഹസ്യമായി അച്ചടിച്ച് ഇറക്കുന്നുണ്ട്. സിപിഐ ഓഫീസ് വിട്ട് പോരുംമുമ്പ് ഓഫീസില്‍ നിന്ന് ഒരു ഫയല്‍ പൊക്കണമെന്നും അഴീക്കോടന്‍ പറഞ്ഞു. ആ ഫയലിലാണ് വി ടി ഇന്ദുചൂഡന്‍ ദേശാഭിമാനിയില്‍ നിന്ന് രാജിവച്ചുകൊണ്ട് ഇഎംഎസിന് എഴുതിയ ഒരു കത്തുള്ളത്. ദേശാഭിമാനിയുടെ പ്രിന്ററും പബ്ലിഷറുമൊക്കെ വി ടിയാണ്. ഉടമയായ ഇ എംഎസിന് ആ സ്ഥാനം രാജിവച്ച് വി ടി ഏതാനും വര്‍ഷം മുമ്പ് എഴുതിയ ഒരു കത്താണ് ഫയലില്‍ ഉള്ളത്. ലൈബ്രറിയുടെ ചുമതലക്കാരന്‍ ചക്രപാണിയാണ്. ഓഫീസിലെ രഹസ്യങ്ങളെല്ലാം അഴീക്കോടന് അറിയാമായിരുന്നു. ലൈബ്രറിയോടനുബന്ധിച്ചുള്ള റെക്കോര്‍ഡ് റൂമില്‍ അഴീക്കോടന്‍ പറഞ്ഞുതന്ന സ്ഥാനത്തു നിന്ന് ഞങ്ങള്‍ ആ ഫയല്‍ പൊക്കി. വി ടിയെഴുതിയ ആ കത്ത് ഹാജരാക്കിയാണ് നാം ദേശാഭിമാനി നേടിയെടുത്തത്. മുന്‍ തീയതി വച്ച് ആ കത്ത് കോടതിയില്‍ ഹാജരാക്കിയതോടെ കൂടുതല്‍ വാദമൊന്നും വേണ്ടിവന്നില്ല. അച്യുതമേനോനായിരുന്നല്ലോ കേസ് കൊടുത്തത്. കുഞ്ഞിരാമപൊതുവാള്‍ നമുക്ക് വേണ്ടി ഹാജരായി. അദ്ദേഹം പറഞ്ഞു ഏറെ വാദമൊന്നും നടത്തേണ്ട കാര്യമില്ല. ഇവരൊന്നും ദേശാഭിമാനിയിലെ ജോലിക്കാരല്ല. ഉടമസ്ഥരുമല്ല. എന്നിട്ട്് ഈ കത്തങ്ങ് കാണിച്ചതോടെ അവര്‍ പൊളിഞ്ഞു.

അതു കഴിഞ്ഞ് നമ്മള്‍ ഓഹരി ഉടമകളുടെ ജനറല്‍ ബോഡി വിളിച്ചു. നമ്മുടെതല്ലാത്ത ഒരാളെയും അകത്ത് കയറ്റിയില്ല. ഡയറക്ടറായ ടി സി നാരായണന്‍ നമ്പ്യാരെ പോലും. ആ യോഗത്തില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ തെരഞ്ഞെടുത്തു. നിയമപരമായി തന്നെ ദേശാഭിമാനി നമ്മുടെ സ്വന്തമായി. ചക്രപാണി പോയശേഷം ഞാന്‍ മാത്രമാണ് സിപിഐ ഓഫീസില്‍ ശേഷിച്ചത്. അഴീക്കോടനെ പോലെ തന്നെ പ്രഗത്ഭനായിരുന്ന എസ് കുമാരന്‍ അവിടയുണ്ട്. എസ് ദാമോദരന്റെ അനിയനാണ്. വിലിയ പാരമ്പര്യമുള്ള സംഘാടകന്‍. പാര്‍ടി ഓഫീസ് വിടാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു. മോഹനന്‍ പോകരുത് എനിക്ക് വളരെ വിഷമമുണ്ട് എന്ന്. ഞാന്‍ പറഞ്ഞു, ഇല്ല, എെന്‍റ വിശ്വാസങ്ങള്‍ ഇവിടെ തുടരാന്‍ അനുവദിക്കുന്നില്ല. എന്റെ വീട്ടിലുള്ള മുഴുവന്‍ പേരും സിപിഐയാണ്. പക്ഷേ എന്റെ രാഷ്ട്രീയം എന്നെ ഇവിടെ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. പോകാന്‍ അനുവദിക്കണം എന്ന്. അദ്ദേഹം ഓഫീസ് സെക്രട്ടറി ബാലകൃഷ്ണനെ വിളിച്ചു. മോഹനന് പണമെന്തെങ്കിലും വേണമെങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. എനിക്ക് 150 രൂപാ തന്നു. അതുകൊണ്ട് ഒരു ലോഡ്ജില്‍ പോയി മുറിയെടുത്തു. അവിടെ താമസിച്ച് ബിഎ പഠനം പൂര്‍ത്തിയാക്കി. അങ്ങനെ നില്‍ക്കുമ്പോഴാണ് പില്‍ക്കാല ജീവിതത്തിന് തന്നെ വഴിത്തിരിവാകുന്ന ആ ടെലഗ്രാം സന്ദേശം എന്നെ തേടി വന്നത്.
ആദ്യമായി ദേശാഭിമാനിയില്‍

എംഎക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. അപ്പോഴാണ് അടിയന്തരമായി എറണാകുളത്തെത്താന്‍ പറഞ്ഞ് അഴീക്കോടന്‍ രാഘവന്റെ ടെലഗ്രാം കിട്ടിയത്. എറണാകുളത്താണ് പാര്‍ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. വൈകാതെ എറണാകുളത്ത് എത്തിയ എന്നോട് എത്രയും വേഗം കോഴിക്കോട് ദേശാഭിമാനിയില്‍ ചെല്ലണമെന്ന് അഴീക്കോടന്‍ നിര്‍ദേശിച്ചു. എ കെ ജിയുടെ ഷഷ്ഠിപൂര്‍ത്തി പ്രമാണിച്ച് പാര്‍ടി ഒരു സുവനീര്‍ ഇറക്കുന്നുണ്ട്. അതിന്റെ ചുമതല ഏറ്റെടുക്കണം എന്നായിരുന്നു അഴീക്കോടന്റെ നിര്‍ദേശം. യഥാര്‍ഥത്തില്‍ എ കെ ജിക്ക് അന്ന് അറുപത് വയസ്സൊക്കെ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ടിക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ട്. അത് കണ്ടെത്താന്‍ വേറൊരു മാര്‍ഗമില്ല. എ കെ ജിയുടെ പേരിലുള്ള സുവനീര്‍ ആകുമ്പോള്‍ അതിലേക്ക് കുറച്ച് പരസ്യമൊക്കെ കിട്ടും എന്ന് പാര്‍ടി കണക്കു കൂട്ടി. ദേശാഭിമാനിയും വലിയ കടത്തിലും പ്രയാസത്തിലുമാണ്. ഞാനാണെങ്കില്‍ അതിന് മുമ്പ് ഒരു പത്രമോഫീസ് കണ്ടിട്ടില്ല.കോളേജില്‍ പഠിക്കുമ്പോള്‍ എംഎസ് മണിയോടൊപ്പം കേരളകൗമുദിയുടെ ഓഫീസില്‍ പോയിട്ടുള്ളതൊഴിച്ചാല്‍. മണി എന്റെ സീനിയറായിരുന്നു. അല്‍പ്പം ഇടതുപക്ഷ ചായ്വ് ഉണ്ട്. നമ്മുടെ അനുഭാവിയുമാണ്. കെഎസ്എഫിന് നോട്ടീസ് അടിക്കാന്‍ ന്യൂസ്പ്രിന്റ് വാങ്ങാനാണ് കൗമുദി ഓഫീസില്‍ പോകുന്നത്. മണിയുടെ അമ്മയ്ക്കാണ് കൗമുദിയിലെ ന്യൂസ് പ്രിന്റ് വില്‍പ്പനയുടെ ചുമതല. മണിയെ മണിയടിച്ച് അതുവാങ്ങും

. അങ്ങനെയുള്ള എന്നെ ദേശാഭിമാനിയില്‍ ഇതുപോലൊരു ചുമതലയേല്‍പ്പിക്കാനുണ്ടായ കാരണമെന്താണെന്ന് അറിയില്ല. ഒരുപക്ഷേ പഠനകാലത്ത് കെഎസ്എഫിലെ എന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ട് സിഎച്ചും അഴീക്കോടനും തീരുമാനിച്ചതാകാം. പാര്‍ടി കമ്മിറ്റിയിലും കുറച്ച് കാലം തിരുവനന്തപുരത്തെ പ്രഭാത് ബുക്ഹൗസിന്റെ മാനേജരായും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ ഓഫീസിലായിരുന്നു താമസം. അഴീക്കോടനും സിഎച്ചും അവിടത്തെ പ്രധാന ആളുകളാണ്. വായനയും പ്രസംഗവുമൊക്കെയായി നടക്കുന്ന എന്നെ അവര്‍ക്ക് നന്നായി അറിയാം. 1965 ഡിസംബര്‍ 20നാണ് കോഴിക്കോട് ദേശാഭിമാനിയില്‍ എത്തിയത്. പാര്‍ടി രണ്ടായ ശേഷം ഇ എം എസ് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി പത്രത്തിെന്‍റ ചീഫ് എഡിറ്ററായി ചുമതലയേറ്റിരുന്നു. പത്രാധിപസമിതിയില്‍ ഉണ്ടായിരുന്ന വലിയൊരു വലിയ ഭാഗം വലതുപക്ഷത്തേക്ക് പോയി. പുതിയ ടീമിനെ വാര്‍ത്തെടുക്കാന്‍ സമയവുമായിരുന്നില്ല. കോഴിക്കോട് ഓഫീസില്‍ അധികം ആളൊന്നുമില്ല. മലപ്പുറം പി മൂസയും എം എന്‍ കുറുപ്പുമാണ് എഡിറ്റര്‍മാരായി ഉണ്ടായിരുന്നത്. മാനേജിങ് എഡിറ്റായി കെ പി ആര്‍ ഗോപാലന്‍. പി ഗോവിന്ദപ്പിള്ളയുമുണ്ട്. പ്രത്യേകിച്ച് പണിയൊന്നും അറിയാത്തതിനാല്‍ ആദ്യത്തെ പത്ത് ദിവസം പരിഭാഷപ്പെടുത്തലും പകര്‍ത്തിയെഴുത്തുമൊക്കെയായി അവരുടെ കൂടെ കൂടി.

വളരെ പഴയ ഒരു കെട്ടിടത്തിലാണ് ഓഫീസ്. ഒരു മുറിയാണ് ആകെയുള്ളത്. എഡിറ്റര്‍മാര്‍ ഇരിക്കുന്നതും കമ്പോസിങ്ങുമൊക്കെ ആ ഒറ്റമുറിയിലാണ്. അതിനോട് ചേര്‍ന്ന് വേറൊരു മുറിയുണ്ട്. പാര്‍ടിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസാണ്. നായനാരുടെ വാസസ്ഥലം കൂടിയാണ്. പഴയ പത്രക്കടലാസും മറ്റും കുത്തികൂട്ടിയുണ്ടാക്കിയ ഒരു കിടക്ക, രണ്ട് ബഞ്ചുകള്‍ ചേര്‍ത്തിട്ട കട്ടിലില്‍ വിരിച്ചാണ്് നായനാരുടെ കിടപ്പ്. അവിടെ കിടന്നാല്‍ എപ്പോഴും ടെലിപ്രിന്റര്‍ അടിക്കുന്ന ശബ്ദം കേള്‍ക്കാം. ആ ടെലിപ്രിന്ററിെന്‍റ ശബ്ദം കേട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലെന്ന സ്ഥിതിയായിട്ടുണ്ടെന്ന് അന്ന് നായനാര്‍ പറയുമായിരുന്നു. വേസ്റ്റ് കടലാസ് കൂട്ടുന്നതും ഞങ്ങളുടെ മുറിയിലായിരുന്നു. അതിനുള്ളിലാണ് നായനാര്‍ ബീഡി ഒളിപ്പിക്കുന്നത്. മറ്റാരും എടുത്തുകൊണ്ട് പോകാതിരിക്കാനാണ് അവിടെ കൊണ്ടുവന്ന് ഒളിപ്പിക്കുന്നത്.

നായനാരെ ആദ്യമായി കാണുന്നത് ഞാന്‍ തിരുവനന്തപുരത്തുള്ളപ്പോഴാണ്. പാര്‍ടി രണ്ടായി പിരിയുന്നതിന് തൊട്ടുമുമ്പ് നടന്നൊരു യോഗത്തില്‍. ഇരുകൂട്ടരുടെയും വാദഗതികള്‍ പറയാനും അറിയാനും വേദിയൊരുക്കണമെന്നൊരു തീരുമാനം എടുത്തതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സിപിഐ ഓഫീസില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷത്തെ വാദഗതികള്‍ അവതരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് നായനാരായിരുന്നു. സി അച്യുതമോനോന്‍ മറുവശത്തെയും. എല്ലാ ജില്ലകളിലും ഇത്തരം യോഗങ്ങള്‍ നടന്നിരുന്നു. പിളര്‍പ്പ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിലും പാര്‍ടിയുടെ താത്വിക നിലപാട് സഖാക്കളിലേക്കെത്തിയതും ശക്തമായ അടിത്തറ രൂപപ്പെട്ടതും അത്തരം യോഗങ്ങളിലൂടെയായിരുന്നു. ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെയുള്ള സഖാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. നായനാര്‍ അന്ന് അറിയപ്പെടുന്ന നേതാവായിട്ടില്ല. അച്യുതമേനോന്‍ പ്രഗത്ഭനായി അറിയപ്പെട്ടു കഴിഞ്ഞിരുന്നു. ഞങ്ങളെല്ലാം വളരെ ആശങ്കയിലായിരുന്നു. മഹാമേരുവായ അച്യുതമേനോന് മുന്നില്‍ നായനാര്‍ പിടിച്ചു നില്‍ക്കുമോ എന്ന് ഞങ്ങള്‍ ഭയന്നു. എന്നാല്‍ അത്യുഗ്രന്‍ പ്രകടനമായിരുന്നു നായനാരുടേത്. അച്യുതമേനോന്റെ വാദഗതികളെ ഓരോന്നിനെയും നായനാര്‍ എണ്ണിയെണ്ണി ഖണ്ഡിച്ചു.

കോഴിക്കോട് എത്തിയതിന്റെ പത്താം ദിവസം, ഡിസംബര്‍ 30നാണ് രാജ്യമൊട്ടാകെയുള്ള പാര്‍ടി നേതാക്കള്‍ അറസ്റ്റിലാകുന്നത്. ചൈനാ ചാരന്മാര്‍ എന്നാരോപിച്ച് വ്യാപകമായ അറസ്റ്റാണ് നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദ അതു സംബന്ധിച്ച് ഒരു ധവളപത്രമൊക്കെ ഇറക്കിയിരുന്നു. ഇ എം എസും ജ്യോതിബസുവുമൊഴികെ നേതാക്കള്‍ തൃശൂരില്‍ വച്ച് അറസ്റ്റിലായി. കേന്ദ്ര കമ്മിറ്റി യോഗം അന്ന് തൃശൂരില്‍ ചേരാന്‍ തീരുമാനിച്ചിരുന്നു. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോഴായിരുന്നു അറസ്റ്റ്. അല്ലാത്തവരെ മറ്റിടങ്ങളില്‍നിന്നും അറസ്റ്റ് ചെയ്തു. ദേശാഭിമാനിയില്‍നിന്ന് പി ജിയും കെ പി ആറും ഇക്കൂട്ടത്തില്‍ അറസ്റ്റിലായി. പിറ്റേന്നാണ് ഞാന്‍ അറസ്റ്റിന്റെ വിവരം അറിഞ്ഞത്. സാധാരണ ദേശാഭിമാനി ഓഫീസില്‍ തന്നെയാണ് കിടക്കാറ്. ഓഫീസില്‍ കാര്യമായ അസൗകര്യമുള്ളപ്പോള്‍ കുറച്ച് അകലെ കെ പി ആര്‍ താമസിക്കുന്ന ലോഡ്ജിന്റെ തിണ്ണയില്‍ പോയി കിടക്കും. അറസ്റ്റിന്റെ അന്ന് രാത്രി ലോഡ്ജിലായിരുന്നു കിടപ്പ്. അതുകൊണ്ടാണ് അറസ്റ്റിന്റെ വിവരം യഥാസമയം അറിയാതെ പോയത്. പിറ്റേന്ന് രാവിലെ ഓഫീസില്‍ എത്തുമ്പോള്‍ ആരെയും കാണുന്നില്ല. ഓഫീസ് തുറന്നിട്ടുണ്ട്. ഞാന്‍ അകത്തു കയറി നോക്കി. പി ജിയുടെ മേശപ്പുറത്ത് ഒരു കുറിപ്പു കണ്ടു. എനിക്കാണ് കുറിപ്പ്. മോഹനന്‍ ഈ ഓഫീസ് വിട്ട് എവിടേക്കും പോകരുത് എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. പിന്നീട് അറസ്റ്റിന്റെ വിവരവും അറിഞ്ഞു.

അഞ്ചുപത്ത് ദിവസം കൊണ്ട് സുവനീറിന്റെ പണി തീര്‍ത്ത് പോകാനാണ് ഞാന്‍ വന്നത്. നേതാക്കന്മാരുടെ കൈയില്‍ നിന്ന് ലേഖനമൊക്കെ എഴുതി വാങ്ങി ആ പണി തീര്‍ക്കാമെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നിട്ട് തിരിച്ച് പോകാം. ഈ സാഹചര്യത്തില്‍ അതൊന്നും നടക്കില്ല. കോഴിക്കോട് തങ്ങാന്‍ തന്നെ തീരുമാനിച്ചു. സുവനീര്‍ ഇറക്കാനുള്ള പണികള്‍ ആരംഭിക്കാനും തീരുമാനിച്ചു. നേതാക്കളെല്ലാവരും ജയിലിലാണ്. എന്തെങ്കിലും പറഞ്ഞുതരാന്‍പോലും ആരും പുറത്തില്ല. സുവനീറിന് വേണ്ട വിവരങ്ങള്‍ സ്വയം ശേഖരിക്കുകയല്ലാതെ വഴിയില്ല. എനിക്കാണെങ്കില്‍ എ കെ ജിയെ കുറിച്ച് കാര്യമായൊന്നും അറിയില്ല. ജയിലില്‍ കിടക്കുന്ന സഖാക്കളില്‍നിന്ന് ചില ലേഖനങ്ങള്‍ ആവശ്യപ്പെട്ട് കുറിപ്പ് കൊടുത്തയച്ചു. ആദ്യം എല്ലാവരും വിയ്യൂരിലായിരുന്നു. പിന്നെ കുറേപ്പേരെ കണ്ണൂരിലേക്ക് മാറ്റി. കുറിപ്പ് കിട്ടി അധികം വൈകാതെ ഇ എം എസ് ഒരു ലേഖനംകൊടുത്തയച്ചു. പി ജിയും തന്നു. അതുകൊണ്ട് മാത്രം മതിയാവില്ലല്ലോ. വിവരങ്ങള്‍ ശേഖരിക്കാന്‍ ഓഫീസിലെ പഴയ പത്ര ഫയലുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. എ കെ ജിയെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും അതില്‍ നിന്ന് കണ്ടെടുത്തു. ദേശാഭിമാനിക്ക് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി പലയിടത്തും പോയതിന്റെയും തെലുങ്കാന സമരത്തോടെ തകര്‍ന്ന് പോയ ആന്ധ്രയിലെ പാര്‍ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എ കെ ജി നടത്തിയ പ്രവര്‍ത്തനങ്ങളുമൊക്കെ പഴയ ഫയലില്‍ ഉണ്ടായിരുന്നു. പ്രഭാതം പത്രത്തിന് ഫണ്ട് ശേഖരിക്കാന്‍ എ കെ ജി സിലോണില്‍ പോയതും അദ്ദേഹം തന്നെ പത്രം കൊണ്ടു നടന്നു വിറ്റതും പോലുള്ള വാര്‍ത്തകളും സംഘടിപ്പിച്ചു. എ കെ ജിയുടെ കുട്ടിക്കാലം സംബന്ധിച്ച് ചിലര്‍ പറഞ്ഞറിഞ്ഞതും അദ്ദേഹം പാര്‍ടിയിലേക്ക് കടന്നുവന്നതുമെല്ലാം സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഇതെല്ലാം വച്ച് പല സഖാക്കളുടെയും പേരില്‍ ഞാന്‍ തന്നെ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. പാര്‍ടി രണ്ടാകാനുണ്ടായ സാഹചര്യം വിശദീകരിച്ച് ഒരു ലേഖനം എന്റെ പേരിലും എഴുതി. അതാകുമ്പോള്‍ എനിക്ക് നേരിട്ട് അറിയാവുന്ന കാര്യങ്ങളായിരുന്നു. നായനാരുടെ ലേഖനവും ഇതിനിടെ കിട്ടി. അത് വലിയ സഹായമായി. പാര്‍ടിയുടെ രുപീകരണവും ആദ്യകാലത്തെ പ്രവര്‍ത്തനവും സംബന്ധിച്ചായിരുന്നു ലേഖനം. അക്കാര്യങ്ങളൊക്കെ അറിയാന്‍ ലേഖനം ഉപകാരപ്പെട്ടു.

ഏതാണ്ട് രണ്ടുമാസം കൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതോടൊപ്പം ദിവസവും പത്രമിറക്കുന്ന ജോലിയിലും ഞാന്‍ കാര്യമായി സഹായിച്ചു പോന്നിരുന്നു. പല വൈഷമ്യങ്ങള്‍ ഉണ്ടായിട്ടും ഒരു ദിവസംപോലും പത്രം മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞിരുന്നു. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്നാണ് ദേശാഭിമാനിയിലെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതിയത്. അതും ഒരു പ്രത്യേക സാഹചര്യത്തിലാണ് സംഭവിച്ചത്. കവിതയൊക്കെ എഴുതുന്ന എംഎന്‍ കുറുപ്പ് എന്നെക്കാള്‍ സീനിയറാണെങ്കിലും അടിസ്ഥാന രാഷ്ട്രീയ വിദ്യാഭ്യാസമൊന്നുമുള്ള ആളായിരുന്നില്ല. വിമോചന സമരകാലത്ത് ആലപ്പുഴയില്‍ നിന്ന് കേരളഭൂമി എന്ന പേരില്‍ ഇറക്കിയിരുന്ന സായാഹ്ന പത്രത്തിന്റെ എഡിറ്റായി പ്രവര്‍ത്തിച്ചിരുന്നതാണ് അദ്ദേഹത്തിെന്‍റ പത്രപ്രവര്‍ത്തന പരിചയം. പിന്നെ കവിതയെഴുതും.

രാഷ്ട്രീയ കാര്യങ്ങള്‍ അത്ര നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതുകൊണ്ട് തന്നെ നേതാക്കളുടെ അറസ്റ്റ് നടന്നപ്പോള്‍ കുറുപ്പ് ആകെ അന്തം വിട്ടു. എന്തെഴുതും എന്നോര്‍ത്ത്. അറസ്റ്റ് നടന്നതിന്റെ പിറ്റേന്ന് പത്രത്തില്‍ നേതാക്കളുടെ അറസ്റ്റ് സംബന്ധിച്ച് എഡിറ്റോറിയല്‍ എഴുതണമല്ലോ. അതില്ലാതെ പത്രമിറങ്ങുന്നത് മോശമല്ലേ. അപ്പോള്‍ ആരെഴുതും എന്നായി ചോദ്യം. ഞാന്‍ എഴുതാമെന്ന് പറഞ്ഞു. അങ്ങനെ എന്റെ ആദ്യത്തെ എഡിറ്റോറിയല്‍ എഴുതി. "സ്വര്‍ണ സിംഹാസനത്തില്‍ പട്ടിക്കുട്ടി" എന്നായിരുന്നു തലക്കെട്ട്്. നേതാക്കളുടെ അറസ്റ്റും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിശകലനം ചെയ്തത്. ആ എഡിറ്റോറിയല്‍ നന്നായി സ്വീകരിക്കപ്പെട്ടു. ജയിലിലെ സഖാക്കള്‍ക്കിടയിലും പുറത്തും.

അന്ന് വൈകിട്ട് മുതലക്കുളം മൈതാനത്തില്‍ ഒരു പൊതുയോഗവും വച്ചിരുന്നു. അറസ്റ്റ് സംബന്ധിച്ച് വിശദീകരിക്കാന്‍ തന്നെ. അതില്‍ പ്രസംഗിക്കാനൊന്നും ആരുമില്ല. എഡിറ്റോറിയല്‍ എഴുതിയതിന്റെ പേരില്‍ ഓഫീസിലെ സഖാക്കള്‍ എന്നെ പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ചു. ഞാന്‍ പ്രാസംഗികനൊന്നുമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സി പി ബാലന്‍ വൈദ്യരാണ് അധ്യക്ഷന്‍. അദ്ദേഹം പറഞ്ഞു മോഹനന്‍ ഇങ്ങു പോരേ എന്ന് പറഞ്ഞു. അതോടെ മൂസ എന്നെ പിടിച്ച് അവിടേക്ക് കൊണ്ടു പോയി. അങ്ങനെ ആ വേദിയില്‍ മലബാറിലെ എന്റെ ആദ്യ പ്രസംഗം നടത്തി. എനിക്കും കോഴിക്കോട്ടുകാര്‍ക്കും ഒരിക്കലും മറക്കാനാകാത്ത പ്രസംഗമായിരുന്നു അത്. ഒന്നര മണിക്കുറോളം നീണ്ടു. പ്രസംഗം കേട്ട് ആവേശത്തിലായ ജനം ഞാന്‍ നിറുത്താന്‍ ഒരുങ്ങുമ്പോഴൊക്കെ നിറുത്തല്ലേ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. നിറുത്തണ്ട തുടര്‍ന്നോളാന്‍ അധ്യക്ഷനും പറഞ്ഞു. പ്രാസംഗികന്‍ എന്ന നിലയില്‍ മലബാറില്‍ കാലുറപ്പിച്ചത് മുതലക്കുളം മൈതാനത്തെ ആ പ്രസംഗത്തോടെയാണ്.

ഒരുവിധം പരസ്യമൊക്കെ സംഘടിപ്പിച്ച് സുവനീര്‍ പുറത്തിറക്കി. ആ വര്‍ഷം മാര്‍ച്ചില്‍ തെരഞ്ഞെടുപ്പുവന്നു. പത്രത്തില്‍ നല്ലപോലെ ജോലിയുണ്ടാകും. ഇതിനിടെ മൂസക്കും വാറണ്ടുവന്നു. അയാളും ഒളിവില്‍ പോയതോടെ ജോലിയെടുക്കാന്‍ ആരുമില്ലാതായി. ലോക്കലില്‍ എഴുത്തു പണിയൊക്കെ അത്യാവശ്യം അറിയാവുന്നവരെ വിളിച്ചു നിറുത്തി. അബ്ദുറഹ്മാന്‍ ചിന്തയില്‍ ജോലിചെയ്തിരുന്നു. അദ്ദേഹം പലകാര്യത്തിലും സഹായിച്ചു. അന്നവിടെ പത്മനാഭന്‍ നായര്‍ എന്നൊരു ഫോര്‍മാനുണ്ട്. അദ്ദേഹമാണ് പത്രത്തിലെ ലേ ഔട്ടും കാര്യങ്ങളുമൊക്കെ എന്നെ പഠിപ്പിച്ചത്. പത്രം എങ്ങനെ കെട്ടാമെന്നും ഇറക്കാമെന്നുമൊക്കെ എന്നെ പഠിപിച്ച ഗുരു അദ്ദേഹമാണ്. ഹാന്‍ഡ് കമ്പോസിങ്ങാണല്ലോ. വളരെ പ്രയാസമാണ് അത് ചെയ്യാനൊക്കെ. ദിവസവും രാവിലെ രണ്ടുകൈയിലും ഓരോ ചായയുമായി പത്മനാഭന്‍ നായര്‍ വരും. അപ്പോള്‍ ഞാന്‍ എണീറ്റിട്ടുണ്ടാകുമെങ്കിലും കസേരയില്‍ കുത്തിയിരുന്നു ഉറങ്ങുകയായിരിക്കും.

പത്മനാഭന്‍ നായര്‍ കൊണ്ടുവന്ന രണ്ട് ചായയും കുടിച്ചു കഴിഞ്ഞാല്‍ പിന്നെ അന്നത്തെ പണി തുടങ്ങുകയായി. പത്രങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ ഉടനെ എഡിറ്റോറിയല്‍ എഴുതും. ഇംഗ്ലീഷ് പത്രങ്ങളും ചന്ദ്രിക, മാതൃഭൂമി പത്രങ്ങളുമൊക്കെ വായിച്ചാണ് എഡിറ്റോറിയലിനുള്ള വിവരങ്ങള്‍ ശേഖരിക്കുക. എഡിറ്റോറിയല്‍ രാവിലെ എഴുതിയില്ലെങ്കില്‍ നേരത്തിന് പത്രമിറക്കാനാവില്ല. അന്നത്തെ സാഹചര്യത്തില്‍ വൈകിട്ട് നാലുമണിക്കെങ്കിലും പത്രം അടിച്ച് തുടങ്ങണം. രാത്രി പന്ത്രണ്ട് മണിയോടെയെങ്കിലും അച്ചടി തീര്‍ത്ത് നേരത്തിന് എല്ലായിടത്തും നേരത്തിന് എത്തിക്കണമെങ്കില്‍ അതു വേണം. വളരെ വേഗം കുറഞ്ഞ പ്രസാണ്. മണിക്കൂറില്‍ മൂവായിരം കോപ്പി മാത്രമാണ് അച്ചടിക്കാന്‍ കഴിഞ്ഞിരുന്നത്. സ്പോര്‍ട്സ് ലേഖകനായ എ എന്‍ മോഹന്‍ദാസ് അന്ന് കോഴിക്കോടുണ്ട്. വളരെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. രാത്രി പണിയൊക്കെ കഴിഞ്ഞ് അയാള്‍ വരും. പരിഭാഷപ്പെടുത്താനൊക്കെ വശമുണ്ടായിരുന്നു. അയാളുടെ താല്‍പ്പര്യവും കഴിവും കണ്ട് എല്ലാക്കാര്യത്തിലും മോഹന്‍ദാസിനെ സഹകരിപ്പിച്ചു. തെരഞ്ഞെടുപ്പു വന്നപ്പോള്‍ കൂടുതല്‍ ജോലിയുണ്ട്. ഇമ്പിച്ചിവാവ സെക്രട്ടറിയായി ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെയും ഇ എം എസിന്റെയും സഹായം പത്രത്തിന് കിട്ടിയിരുന്നു. അപ്പക്കുട്ടിയാണ് ജില്ലാ സെക്രട്ടറി. (തുടരും)

*
കെ മോഹനന്‍ ദേശാഭിമാനി വാരിക 19 മേയ് 2013