Thursday, December 16, 2010

വിപ്ളവാനന്തര ക്യൂബയിലെ സാമ്പത്തിക സ്ഥിതി

ഇതിനു മുന്‍പത്തെ പോസ്റ്റ്

അട്ടിമറിക്ക് കൂട്ടായി അധികാര മോഹികളായ കോടാലിക്കൈകള്‍

ഇത്ര കടുത്ത കടന്നാക്രമണങ്ങളെയും വ്യാജപ്രചരണങ്ങളെയും അതിജീവിക്കാന്‍ ക്യൂബന്‍ വിപ്ളവത്തിനും ഫിദല്‍ കാസ്ട്രോയ്ക്കും കഴിയുന്നത് വിപ്ളവാനന്തരം ക്യൂബന്‍ ജീവിതത്തില്‍ പ്രതിഫലിച്ച ഗുണപരമായ മാറ്റങ്ങള്‍ കാരണമാണ്.

വിപ്ളവത്തിനുമുമ്പ് ക്യൂബയിലേത് തികച്ചും പിന്നോക്കമായ സമ്പദ്ഘടനയായിരുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷവും കടുത്ത ദാരിദ്യ്രവും തൊഴിലില്ലായ്മയും ദുരിതങ്ങളും അനുഭവിക്കുകയായിരുന്നു. ക്യൂബയുടെ ദേശീയ വിഭവങ്ങളാകെ ബെത്തെല്‍ഹീം സ്റ്റീല്‍ കോര്‍പ്പറേഷന്‍, സ്പേയര്‍ ആന്റ് കമ്പനി തുടങ്ങിയ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കൈയടക്കിവെച്ച് കൊള്ളയടിക്കുകയായിരുന്നു. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആകെ അമേരിക്കന്‍ കുത്തക സ്ഥാപനങ്ങളുടേതായിരുന്നു. വൈദ്യുതി ഉല്‍പാദനം, വ്യവസായം എന്നിവയിലും അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കുത്തകകള്‍ക്കായിരുന്നു മേധാവിത്വം. ക്യൂബയിലെ ഉപയോഗയോഗ്യമായ ഭൂമിയുടെ 25 ശതമാനവും അമേരിക്കന്‍ മൂലധനശക്തികള്‍ കൈയടക്കിവെച്ചിരുന്നു. 80 ശതമാനത്തിലധികം കൃഷി ഭൂമിയും സ്വദേശിയും വിദേശിയുമായ വന്‍കിട തോട്ടം ഉടമകളുടെ അധീനതയിലായിരുന്നു. ക്യൂബയില്‍ ഉല്‍പാദിപ്പിച്ചിരുന്ന അസംസ്കൃത പഞ്ചസാരയുടെയും പുകയിലയുടെയും 90 ശതമാനവും അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. യന്ത്രനിര്‍മ്മാണ വ്യവസായങ്ങള്‍ ഒന്നും തന്നെ അന്ന് ക്യൂബയില്‍ ഉണ്ടായിരുന്നില്ല.

വിപ്ളവാനന്തരം ഭൂപരിഷ്കരണം നടപ്പിലാക്കുകയും വ്യവസായങ്ങളും ഭൂമിയും ദേശസാല്‍ക്കരിക്കുകയും ചെയ്തതോടെ പുറത്തായ അമേരിക്കന്‍ മൂലധനശക്തികളും നാടന്‍ ഭൂപ്രഭുക്കളുമാണ് ക്യൂബന്‍ വിപ്ളവത്തിനെതിരെ അട്ടിമറി നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വിപ്ളവാനന്തരം ക്യൂബയില്‍ വമ്പിച്ച സാമ്പത്തിക പുരോഗതിയാണുണ്ടായത്. 1966-85 കാലഘട്ടത്തില്‍ യഥാര്‍ത്ഥ വരുമാനത്തിലുണ്ടായ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക വളര്‍ച്ച 3.1 ശതമാനമായിരുന്നു. ഇതിന്റെ ഫലമായി 1987ല്‍ ക്യൂബയുടെ പ്രതിശീര്‍ഷ വരുമാനം 3500 ഡോളറില്‍ അധികമായി. ലാറ്റിന്‍ അമേരിക്കയിലെ ഇതര രാജ്യങ്ങളിലെ ശരാശരി പ്രതിശീര്‍ഷ വരുമാനം 2200 ഡോളര്‍ മാത്രമായിരുന്നു 1987ല്‍. മാത്രമല്ല, ഇതര ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി തുല്യമായിട്ടായിരുന്നു വരുമാന വിതരണം . തൊഴിലില്ലായ്മ നാമമാത്രമായി. പൌരന്മാരുടെ അടിസ്ഥാനാവശ്യങ്ങളെല്ലാം നിര്‍വഹിക്കപ്പെടുകയുണ്ടായി. കൂലിയില്‍ വര്‍ദ്ധനവുണ്ടാവുകയും വില നിലവാരം സ്ഥിരമായി പിടിച്ചുനിര്‍ത്തുകയും ചെയ്തു.

വിപ്ളവത്തിനുമുമ്പ് ക്യൂബന്‍ സമ്പദ്ഘടന അടിസ്ഥാനപരമായും കാര്‍ഷിക പ്രധാനമായിരുന്നു. വിപ്ളവാനന്തരമാണ് അതില്‍ മാറ്റം വന്നത്. 1985 ആയപ്പോള്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ കൃഷിയുടെ വിഹിതം 1961ലെ 25 ശതമാനത്തില്‍നിന്നും 10 ശതമാനമായി കുറയുകയും വ്യവസായ മേഖലയുടേത് 23 ശതമാനത്തില്‍നിന്നും 36 ശതമാനമായി ഉയരുകയും ചെയ്തു. യന്ത്രോപകരണങ്ങളുടെ നിര്‍മ്മാണത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീന കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ക്യൂബയ്ക്കായി. 1980 ആയപ്പോള്‍ ഉരുക്ക് ഉല്‍പന്നങ്ങള്‍, ഗ്യാസ് സ്റ്റൌവ്, പേപ്പര്‍, റേഡിയോ, ബാറ്ററി തുടങ്ങിയ നൂറോളം വ്യവസായ ഉല്‍പന്നങ്ങള്‍ ക്യൂബയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന സ്ഥിതി എത്തി.

ഈ കാലഘട്ടത്തില്‍ വരുമാനത്തിലെ അന്തരം കുറയ്ക്കുകയും ദാരിദ്യ്രം നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുകയുമുണ്ടായി. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം 1980കളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനക്കാരായ 10 ശതമാനം ആളുകളും ഏറ്റവും താഴെ അറ്റത്തെ 10 ശതമാനംപേരും തമ്മിലുള്ള വരുമാനത്തിലെ അന്തരത്തിന്റെ അനുപാതം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ മൊത്തത്തില്‍ 45ന് 1 എന്നായിരുന്നപ്പോള്‍ ക്യൂബയില്‍ അത് 4ന് 1 എന്നു മാത്രമായിരുന്നു. വിപ്ളവത്തിന്മുമ്പ് 1957ല്‍ ക്യൂബയില്‍ ഇത് 65ന് 1 ആയിരുന്നു എന്ന വസ്തുത പരിഗണിക്കുമ്പോഴാണ് ക്യൂബയില്‍ സംഭവിച്ച വിപ്ളവകരമായ മാറ്റം വ്യക്തമാകുന്നത്.

എന്നാല്‍ സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ചയോടെ ക്യൂബന്‍ സമ്പദ്ഘടനയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതി സംരക്ഷിക്കാന്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കും ക്യൂബന്‍ വിപ്ളവ സര്‍ക്കാരിനും കഴിഞ്ഞു. അതിനായി സാമ്പത്തിക നയങ്ങളില്‍ പുനഃസംഘടനയ്ക്ക് ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തില്‍ ക്യൂബ തയ്യാറായി. കമ്പോളാധിഷ്ഠിതമായ അത്തരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയ ആ കാലഘട്ടത്തെ "സവിശേഷ കാലഘട്ടം'' എന്നാണ് വിശേഷിപ്പിക്കുന്നത്. രാജ്യത്ത് വിനോദസഞ്ചാരം, വിദേശ മൂലധന നിക്ഷേപം എന്നിവ ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. അമേരിക്കന്‍ ഡോളര്‍ നിയമവിധേയമാക്കിയതും 150ഓളം തൊഴില്‍മേഖലകളില്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അനുവാദം നല്‍കിയതും ഈ കാലഘട്ടത്തിലായിരുന്നു. ചെറുകിട സ്വകാര്യ റസ്റ്റാറന്റുകള്‍ അനുവദിച്ചതായിരുന്നു സ്വയം തൊഴില്‍ സംരംഭങ്ങളില്‍ ഒരിനം. 12 പേര്‍ക്ക് വരെ ഇരുന്ന് ആഹാരം കഴിക്കാവുന്ന റസ്റ്റാറന്റുകളാണ് അനുവദിക്കപ്പെട്ടത്. ഇതില്‍ കുടുംബാംഗങ്ങളെ മാത്രമേ ജോലിക്ക് നിയോഗിക്കാനാകൂ. സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ട് വരുമാനം ഉണ്ടാക്കുന്നവരില്‍നിന്ന് 1996 മുതല്‍ ആദായനികുതി പിരിയ്ക്കാന്‍ തുടങ്ങി.

1994 ഒക്ടോബറില്‍ ഉദാരമായ കാര്‍ഷിക കമ്പോളത്തിന് തുടക്കംകുറിച്ചു. ഇതില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കര്‍ഷകര്‍ക്കും തങ്ങളുടെ ക്വാട്ടയില്‍ അധികമുള്ള ഉല്‍പന്നങ്ങള്‍ പൊതുവിപണി വിലയ്ക്ക് വില്‍ക്കാന്‍ അവസരം നല്‍കി. ഉല്‍പാദനവും ഉപഭോഗവും വര്‍ദ്ധിക്കുന്നതിന് ഇത് ഇടയാക്കി. 1989 മുതല്‍ ഉണ്ടായ സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് 1994 ആയപ്പോള്‍ നിലയ്ക്കുകയും വീണ്ടും സാമ്പത്തിക വളര്‍ച്ചയില്‍ അഭിവൃദ്ധി രേഖപ്പെടുത്തുകയും ചെയ്തു. 1995ല്‍ ജിഡിപി വളര്‍ച്ച 2.5 ശതമാനവും 1996ല്‍ 7.8 ശതമാനവുമായി. 2005ല്‍ ഇത് 11.8 ശതമാനത്തില്‍ എത്തി. 2007ല്‍ പ്രതീക്ഷിച്ചത് 10 ശതമാനം വളര്‍ച്ച ആയിരുന്നെങ്കിലും 7.5 ശതമാനം മാത്രമേ കൈവരിക്കാനായുള്ളൂ. വിനോദസഞ്ചാരത്തില്‍ ഉണ്ടായ അഭിവൃദ്ധിയാണ് ക്യൂബയുടെ ഈ സാമ്പത്തിക വളര്‍ച്ചയില്‍ ഗണ്യമായ പങ്ക് വഹിച്ചത്. ആഗോള മുതലാളിത്ത പ്രതിസന്ധിയുടെ പ്രത്യാഘാതം ക്യൂബയെയും ബാധിച്ചതാണ് ഇപ്പോള്‍ ആ രാജ്യം നേരിടുന്ന വെല്ലുവിളി. വിനോദ സഞ്ചാരത്തിലെ വരുമാനം കുറഞ്ഞത്, ക്യൂബയുടെ മുഖ്യ കയറ്റുമതി ഇനമായ നിക്കലിന് അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്, ഭക്ഷ്യസാധനങ്ങളുടെയും പെട്രോളിയത്തിന്റെയും വിലകള്‍ അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്നത് - ഇവയെല്ലാം ക്യൂബയെ പ്രതികൂലമായി ബാധിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ അടിക്കടി ഉണ്ടായ ചുഴലിക്കൊടുങ്കാറ്റുകളും പ്രളയവും വിതച്ച നാശനഷ്ടങ്ങളും ഇപ്പോള്‍ അനുഭവപ്പെടുന്ന 1901നുശേഷം ഉണ്ടായ ഏറ്റവും കടുത്ത വരള്‍ച്ചയും ക്യൂബയില്‍ പ്രതികൂലമായ സാഹചര്യം സൃഷ്ടിച്ചു. 2008ലെ ചുഴലിക്കൊടുങ്കാറ്റില്‍ മാത്രം 1000 കോടി ഡോളറില്‍ അധികം നാശനഷ്ടങ്ങള്‍ ഉണ്ടായി. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്യൂബയില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുമേഖലയിലും സര്‍ക്കാര്‍ സര്‍വീസിലും അധികമുള്ള ആളുകളെ മുതലാളിത്ത രാജ്യങ്ങളില്‍ ചെയ്യുന്നതുപോലെ തെരുവിലേക്ക് വലിച്ചെറിയുകയല്ല, കൃഷി ഉള്‍പ്പെടെയുള്ള മറ്റ് ഉല്‍പാദനമേഖലകളിലേക്ക് അവരുടെ സേവനം പുനഃക്രമീകരിക്കുകയാണ് ക്യൂബയില്‍ ഇപ്പോള്‍ ചെയ്യുന്നത്.

1990കളിലെ "സവിശേഷ കാലഘട്ട''ത്തില്‍ (ടുലരശമഹ ജലൃശീറ) തുടങ്ങിവെച്ച ചില പരിഷ്കരണങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുകയാണ് ഇപ്പോള്‍ ക്യൂബയില്‍. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തിയിട്ടുള്ള പതിനായിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമി സ്വകാര്യ കര്‍ഷകര്‍ക്കും സഹകരണസംഘങ്ങള്‍ക്കും കൃഷി ചെയ്യുന്നതിനായി നല്‍കുന്നതാണ് ഒരു പരിഷ്കരണം. റസ്റ്റാറന്റുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ടാക്സികള്‍ എന്നിവയില്‍ സ്വകാര്യ, സഹകരണ ഉടമസ്ഥത വര്‍ദ്ധിപ്പിക്കന്നതും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ വരുത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. സെല്‍ഫോണിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലും അയവ് വരുത്തി.

കൃഷിയുടെ കാര്യത്തില്‍ ക്യൂബയില്‍ 1990കള്‍ മുതല്‍ നടപ്പാക്കിയ ചില പരിഷ്കരണങ്ങളും അതുമൂലം കൈവരിച്ച നേട്ടങ്ങളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. വിപ്ളവസായുധസേനയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിക്കളങ്ങളാണ് അവയില്‍ ഒന്ന്. ഇപ്പോള്‍ ഇതിന്റെ 24 യൂണിറ്റുകള്‍ നിലവിലുണ്ട്. ക്യൂബയില്‍ മൊത്തം കൃഷി ചെയ്യുന്ന 360 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ 4.5 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് ഈ യൂണിറ്റുകള്‍ക്കുള്ളത്. ഇതില്‍ കൃഷിപ്പണികള്‍ ചെയ്യുന്നത് പ്രധാനമായും സേനാംഗങ്ങളാണ്. ഓരോ കൃഷിക്കളത്തിനും ചുറ്റുപാടുമുള്ള സാധാരണ പൌരന്മാരും ഇതില്‍ സഹകരിക്കുന്നു. സൈന്യത്തിനാവശ്യമുള്ളതില്‍ 80 ശതമാനം ഭക്ഷണസാധനങ്ങളും ഈ കൃഷിക്കളങ്ങളില്‍നിന്നാണ് ഉല്‍പാദിപ്പിക്കുന്നത്.

കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മറ്റു ചില സംരംഭങ്ങളും ശ്രദ്ധേയമാണ്. ജൈവകൃഷിയുടെ വികസനമാണ് അതിലൊന്ന്. രാസവളങ്ങളെയും കീടനാശിനികളെയും ആശ്രയിക്കാതെ മിത്രകീടങ്ങളെ വളര്‍ത്തിയും ജൈവവളങ്ങള്‍ പ്രയോഗിച്ചും കൃഷി വൈവിധ്യവല്‍ക്കരിച്ചുമാണ് ഇത് നടപ്പാക്കിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രാസവളങ്ങളുടെയും കീടനാശിനികളുടെയും ലഭ്യത കുറഞ്ഞപ്പോഴാണ് ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയത്. ഇതുമൂലം മികച്ച പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ക്യൂബയ്ക്ക് കഴിഞ്ഞു.

നഗരങ്ങളിലെ അയല്‍ക്കൂട്ട അടുക്കളത്തോട്ടങ്ങളാണ് മറ്റൊന്ന്. ഇത് ഓരോ വീടിന്റെയും മുറ്റവും ടെറസ്സും മറ്റും ഓരോ കുടുംബവും പരമാവധി പ്രയോജനപ്പെടുത്തി. കൃഷിയോഗ്യവും എന്നാല്‍ ഉപയോഗപ്പെടുത്താത്തതുമായ സ്ഥലങ്ങളില്‍ അയല്‍ക്കൂട്ടാടിസ്ഥാനത്തില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കിഴങ്ങുവര്‍ഗങ്ങളും ചിലേടങ്ങളില്‍ നെല്ല് പോലും കൃഷി ചെയ്യുന്നു. "പുതിയ കൃഷി ഭൂമി കണ്ടെത്തല്‍'' എന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 20 ലക്ഷത്തിലേറെ ആളുകള്‍ അധിവസിക്കുന്ന ഹവാനയിലെ നഗരമേഖലയില്‍ ഉപയോഗിക്കുന്ന പച്ചക്കറികളുടെ 80 ശതമാനത്തോളവും ഈ "പുതിയ കൃഷി ഭൂമി''യിലാണ് ഉല്‍പാദിപ്പിക്കുന്നത്. 2002 അവസാനത്തോടെ 18,000 ഹെക്ടറിലധികം സ്ഥലത്താണ് നഗരപ്രദേശങ്ങളിലെ ഈ പുതിയ കൃഷി നടപ്പിലാക്കിയത്. പഞ്ചസാരമില്ലുകളില്‍ ചിലത് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് അവയുടെ കൈവശം ഉണ്ടായിരുന്ന ഏകദേശം 10 ലക്ഷം ഹെക്ടര്‍ സ്ഥലം കൃഷി ആവശ്യത്തിനായി മാറ്റുകയുമുണ്ടായി.

ഇതെല്ലാമാണെങ്കിലും ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ എത്തിച്ചേരാന്‍ ഇപ്പോഴും ക്യൂബയ്ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ നടപ്പാക്കി തുടങ്ങിയ കാര്‍ഷികനയത്തിന്റെ ലക്ഷ്യം അതാണ്. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ക്യൂബയില്‍ ഭൂമി സ്വകാര്യവല്‍കരിക്കുകയല്ല ചെയ്യുന്നത്. സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഭൂമി നിലനിര്‍ത്തുക എന്ന നയം തന്നെയാണ് ഇപ്പോഴും തുടരുന്നത്. സര്‍ക്കാര്‍ കൃഷിക്കളങ്ങള്‍ക്കുപുറമെ സ്വകാര്യ കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും കൃഷി ചെയ്യാന്‍ ഭൂമി ഏല്‍പ്പിച്ചുകൊടുക്കുന്ന നയം 1990കള്‍ മുതല്‍ നടപ്പാക്കി വരുന്നുണ്ട്. അവരുടെ മിച്ച ഉല്‍പാദനം വിറ്റഴിക്കാന്‍ വിപണി സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 1998നും 2007നും ഇടയ്ക്ക് ഗ്രാമപ്രദേശങ്ങളില്‍ കൃഷി ചെയ്തിരുന്ന ഭൂമിയുടെ അളവില്‍ കുറവ് വന്നതായാണ് 2008ല്‍ ദേശീയ അസംബ്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ റൌള്‍ കാസ്ട്രോ വ്യക്തമാക്കിയത്. ആളുകള്‍ വലിയ തോതില്‍ നഗരങ്ങളിലേക്ക് താമസം മാറ്റിയതാണ് ഇതിന് ഒരു കാരണം. ഇതിന് പരിഹാരം കാണുക എന്നതു കൂടിയാണ് പുതിയ മാറ്റങ്ങളുടെ ലക്ഷ്യം. പൊതുമേഖലയില്‍ തൊഴില്‍ ഇല്ലാതാകുന്നവരെ തിരികെ ഗ്രാമപ്രദേശങ്ങളില്‍ കൃഷിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള തീവ്രപ്രചരണ പരിപാടിയും ഇപ്പോള്‍ ക്യൂബയില്‍ നടത്തിവരികയാണ്.

*
ജി വിജയകുമാര്‍ കടപ്പാട്: ചിന്ത വാരിക 10 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇത്ര കടുത്ത കടന്നാക്രമണങ്ങളെയും വ്യാജപ്രചരണങ്ങളെയും അതിജീവിക്കാന്‍ ക്യൂബന്‍ വിപ്ളവത്തിനും ഫിദല്‍ കാസ്ട്രോയ്ക്കും കഴിയുന്നത് വിപ്ളവാനന്തരം ക്യൂബന്‍ ജീവിതത്തില്‍ പ്രതിഫലിച്ച ഗുണപരമായ മാറ്റങ്ങള്‍ കാരണമാണ്.

വിപ്ളവത്തിനുമുമ്പ് ക്യൂബയിലേത് തികച്ചും പിന്നോക്കമായ സമ്പദ്ഘടനയായിരുന്നു. ജനങ്ങളില്‍ മഹാഭൂരിപക്ഷവും കടുത്ത ദാരിദ്യ്രവും തൊഴിലില്ലായ്മയും ദുരിതങ്ങളും അനുഭവിക്കുകയായിരുന്നു. ക്യൂബയുടെ ദേശീയ വിഭവങ്ങളാകെ ബെത്തെല്‍ഹീം സ്റ്റീല്‍ കോര്‍പ്പറേഷന്‍, സ്പേയര്‍ ആന്റ് കമ്പനി തുടങ്ങിയ അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കൈയടക്കിവെച്ച് കൊള്ളയടിക്കുകയായിരുന്നു. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ആകെ അമേരിക്കന്‍ കുത്തക സ്ഥാപനങ്ങളുടേതായിരുന്നു. വൈദ്യുതി ഉല്‍പാദനം, വ്യവസായം എന്നിവയിലും അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കുത്തകകള്‍ക്കായിരുന്നു മേധാവിത്വം. ക്യൂബയിലെ ഉപയോഗയോഗ്യമായ ഭൂമിയുടെ 25 ശതമാനവും അമേരിക്കന്‍ മൂലധനശക്തികള്‍ കൈയടക്കിവെച്ചിരുന്നു. 80 ശതമാനത്തിലധികം കൃഷി ഭൂമിയും സ്വദേശിയും വിദേശിയുമായ വന്‍കിട തോട്ടം ഉടമകളുടെ അധീനതയിലായിരുന്നു. ക്യൂബയില്‍ ഉല്‍പാദിപ്പിച്ചിരുന്ന അസംസ്കൃത പഞ്ചസാരയുടെയും പുകയിലയുടെയും 90 ശതമാനവും അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുകയായിരുന്നു. യന്ത്രനിര്‍മ്മാണ വ്യവസായങ്ങള്‍ ഒന്നും തന്നെ അന്ന് ക്യൂബയില്‍ ഉണ്ടായിരുന്നില്ല.