Saturday, December 18, 2010

പിഎസ്‌സിയെ എന്തിന് പഴിക്കുന്നു

പബ്ളിക് സര്‍വീസ് കമീഷനുകള്‍ സര്‍ക്കാരുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേവലം ഡിപ്പാര്‍ട്മെന്റുകളാണോ? ഈ ചോദ്യം സാധാരണഗതിയില്‍ ഉയര്‍ന്നുവരുന്നതല്ല. നിയമനത്തട്ടിപ്പിനെത്തുടര്‍ന്ന് ഉയര്‍ന്ന ചര്‍ച്ചകളില്‍ പ്രതിപക്ഷനേതാവുപോലും പിഎസ്‌സിയെക്കുറിച്ച് രേഖപ്പെടുത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഇത്തരമൊരു ചോദ്യമുന്നയിക്കാന്‍ പ്രേരിപ്പിക്കുന്നു.

പബ്ളിക് സര്‍വീസ് കമീഷനുകളെക്കുറിച്ച് ഭരണഘടനയില്‍ രണ്ടാം അധ്യായത്തില്‍ 315 മുതല്‍ 323 വരെയുള്ള അനുഛേദങ്ങളില്‍ വിവരിക്കുന്നു. 'യൂണിയന്റെ സര്‍വീസുകളിലേക്കും സംസ്ഥാനത്തിന്റെ സര്‍വീസുകളിലേക്കുമുള്ള നിയമനങ്ങള്‍ക്കുവേണ്ടി പരീക്ഷകള്‍ നടത്തുന്നത് യഥാക്രമം യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്റെയും സംസ്ഥാന പബ്ളിക് സര്‍വീസ് കമീഷന്റെയും കര്‍ത്തവ്യമായിരിക്കു'മെന്നാണ് ഭരണഘടനയില്‍ പറയുന്നത്. സിവില്‍ സര്‍വീസുകളിലേക്കും തസ്തികകളിലേക്കുമുള്ള നിയമനം, ഉദ്യോഗക്കയറ്റം, ഒരു സര്‍വീസില്‍നിന്ന് മറ്റൊന്നിലേക്കുള്ള മാറ്റം, സര്‍വീസിലിരിക്കുന്നവരുടെ പേരിലുള്ള അച്ചടക്കനടപടി എന്നിവയെല്ലാം പബ്ളിക് സര്‍വീസ് കമീഷന്റെ ചുമതലയാണ്.

കേരള പിഎസ്‌സി പ്രവര്‍ത്തനം ആരംഭിച്ചത് 1957ലാണ്. പത്തുവര്‍ഷമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നയാളെ മാത്രമേ പിഎസ്‌സി അംഗമാക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്. പിഎസ്‌സി അംഗത്തെ ദുര്‍വൃത്തിമൂലം ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടണമെങ്കില്‍ ഭരണഘടനയിലെ 145ആം അനുഛേദമനുസരിച്ചുള്ള ജുഡീഷ്യറി രൂപംനല്‍കിയ ചട്ടങ്ങള്‍ക്ക് വിധേയമായ അന്വേഷണ നടപടിക്രമം പൂര്‍ത്തീകരിച്ചു മാത്രമേ സാധിക്കുകയുള്ളൂ. ഒരിക്കല്‍ പിഎസ്‌സി അംഗമായാല്‍ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം വഹിക്കാന്‍ കഴിയുകയുമില്ല. പിഎസ്‌സി അംഗമായി തെരഞ്ഞെടുക്കപ്പെടാനും നീക്കംചെയ്യാനും ചുമതലകള്‍ നിര്‍വഹിക്കാനും വ്യക്തമായ ഭരണഘടനാവ്യവസ്ഥകളാണുള്ളത്. നീതി തേടിയെത്തുന്ന സാധാരണജനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ ജുഡീഷ്യറി നമുക്കുവേണമെന്നു പറയുന്നതുപോലെ നിയമനങ്ങള്‍ തേടിയെത്തുന്ന ഉദ്യോഗാര്‍ഥികള്‍ സുതാര്യമായും അഴിമതിരഹിതമായും പിഎസ്‌സി വേണമെന്നു മാത്രമേ പറയൂ. പിഎസ്‌സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ല.

സമീപകാലത്ത് ഉയര്‍ന്ന നിയമനത്തട്ടിപ്പ് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. അതിനു പിന്നില്‍ ചരടുവലിച്ച എല്ലാവരെയും പിടികൂടുകതന്നെ വേണം. ഇതിനകം പ്രതികളായ 12 പേരെ പിടികൂടി. ക്രൈംബ്രാഞ്ചും വിജിലന്‍സും സ്തുത്യര്‍ഹമായ രീതിയില്‍ അന്വേഷണം നടത്തുന്നു. സംസ്ഥാനസര്‍ക്കാരാകട്ടെ കലക്‌ടറടക്കമുള്ള ഒരു ഡസന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കലക്‌ടര്‍ നിയമനാധികാരി എന്ന നിലയിലുള്ള ചുമതലാനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതായാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. സുതാര്യകേരളം പരിപാടിയില്‍ വയനാട്ടിലെ നിയമനം സംബന്ധിച്ച് ലഭിച്ച പരാതി മുഖ്യമന്ത്രി കലക്‌ടര്‍ക്ക് അന്വേഷിക്കാനായി അയച്ചുകൊടുത്തപ്പോള്‍ ഗൌരവമായി കണക്കിലെടുത്തില്ല. കുറ്റവാളികള്‍ എത്ര ഉന്നതരായാലും ഏത് രാഷ്‌ട്രീയത്തില്‍പ്പെടുന്നവരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന ഇച്ഛാശക്തിയാണ് ഭരണനേതൃത്വം പ്രകടിപ്പിച്ചത്.

നിയമനത്തട്ടിപ്പിന് പിഎസ്‌സി ഉത്തരവാദിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ അനുയായികള്‍ പിഎസ്‌സി ഓഫീസുകള്‍ ആക്രമിക്കുകയായിരുന്നു. ഒരൊഴിവുണ്ടായാല്‍ അഭ്യസ്തവിദ്യരായ ലക്ഷങ്ങള്‍ അപേക്ഷിക്കുന്ന നാടാണിത്. നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തണമെന്ന ആവശ്യം സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍പോലും ഉന്നയിക്കുന്ന സാഹചര്യമാണ് ഇവിടെ. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ കേരള പിഎസ്‌സി നിയമനനടപടികള്‍ സുതാര്യമായി നിര്‍വഹിക്കാന്‍ ശാസ്ത്രീയവും കാര്യക്ഷമവുമായ നിരവധി നടപടി സ്വീകരിക്കുകയുണ്ടായി. പരീക്ഷാനടത്തിപ്പും റാങ്ക് ലിസ്‌റ്റ് തയ്യാറാക്കലും സുതാര്യമായി മാറി. മുമ്പ് ചോദ്യപേപ്പര്‍ പരീക്ഷയ്ക്കുശേഷം തിരിച്ചുവാങ്ങുമായിരുന്നു. എല്ലാം രഹസ്യമായിരുന്നു. നിഗൂഢതയുണ്ടെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് സംശയമായിരുന്നു. ഇപ്പോള്‍ ചോദ്യപേപ്പര്‍ തിരിച്ചുവാങ്ങാറില്ല. ഉത്തരസൂചിക പ്രസിദ്ധീകരിക്കുന്നു. ഓരോരുത്തര്‍ക്കും കിട്ടിയ മാര്‍ക്ക് പ്രസിദ്ധീകരിക്കുന്നു. ഉത്തരക്കടലാസിലെ മാര്‍ക്ക് മാത്രമല്ല പിഎസ്‌സി അംഗങ്ങള്‍ നല്‍കുന്ന ഇന്റര്‍വ്യൂവിലെ മാര്‍ക്കും പ്രസിദ്ധീകരിക്കുന്നു. മാര്‍ക്ക് അറിയാന്‍ വിവരാവകാശനിയമപ്രകാരം പണമടച്ച് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കണമെന്നുപോലുമില്ല. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി അപേക്ഷിച്ചാല്‍ നല്‍കുന്നു.

പ്രതിവര്‍ഷം 20 ലക്ഷംമുതല്‍ 40 ലക്ഷംവരെ അപേക്ഷയാണ് പിഎസ്‌സിയിലെത്തുന്നത്. 1000 തസ്തികയിലേക്കുള്ള നോട്ടിഫിക്കേഷന്‍ എല്ലാവര്‍ഷവും പിഎസ്‌സി ഇറക്കുന്നു. ഇരുനൂറോളം പരീക്ഷ നടത്തി 750ലേറെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്നു. മുമ്പ് കേരളത്തില്‍ കേവലം 400 റാങ്ക് ലിസ്‌റ്റ്റ് മാത്രമായിരുന്നു. ഇതില്‍നിന്ന് വ്യക്തമാകുന്നത് ഓരോ വര്‍ഷംകൂടുന്തോറും നിരവധി പുതിയ സ്ഥാപനങ്ങള്‍കൂടി പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ക്ക് ആവശ്യപ്പെടുന്നുവെന്നാണ്. യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷനാകട്ടെ 12 ലക്ഷം അപേക്ഷയാണ് പ്രതിവര്‍ഷം പരിഗണിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും കൂടിചേര്‍ന്നാലും കേരള പിഎസ്‌സിയുടെ അത്രയും അപേക്ഷ പരിഗണിക്കുന്നില്ല. ഗസറ്റഡ് ഓഫീസര്‍ തസ്തികകളിലേക്ക് മാത്രമാണ് മറ്റു സംസ്ഥാന പിഎസ്‌സികള്‍ നിയമനം നടത്തുന്നത്. വിവിധ വകുപ്പുകളില്‍ വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് നിലവിലുള്ളത്. അതാകട്ടെ സുതാര്യമല്ല. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചുകൊടുക്കുന്നത് കേരളത്തില്‍ മാത്രമാണ്. എന്തുകൊണ്ട് താന്‍ റാങ്ക് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടെന്നും ഉള്‍പ്പെട്ടില്ലെന്നും കൃത്യമായി ഉദ്യോഗാര്‍ഥിക്ക് മനസ്സിലാക്കാന്‍ കഴിയുന്നു. ഇപ്പോള്‍ മിക്കവാറും എല്ലാ തസ്തികയിലേക്കുമുള്ള റാങ്ക് ലിസ്‌റ്റ് പിഎസ്‌സിയുടെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ നിയമന അധികാരികള്‍ ഒഴിവുകള്‍ പിഎസ്‌സിയെ അറിയിച്ചാല്‍ത്തന്നെ നിയമനം നടത്താന്‍ കഴിയും.

നിയമനത്തട്ടിപ്പും ആള്‍മാറാട്ടവും മൊബൈല്‍ കോപ്പിയടിയും തടയാന്‍ പഴുതുകളില്ലാത്ത നടപടിയാണ് വേണ്ടത്. ഒരുതരത്തിലുമുള്ള ദുഃസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്കുതന്നെ ജോലി ലഭിക്കുമെന്നുറപ്പുവരുത്തണം. നിയമന ശുപാര്‍ശചെയ്ത ആള്‍ക്കുതന്നെയാണോ ജോലി നല്‍കിയതെന്ന് പരിശോധിക്കാന്‍ ഇപ്പോള്‍ പിഎസ്‌സിക്ക് അധികാരമില്ല. മത്സരപരീക്ഷയിലൂടെ കഴിവുള്ളവരെ തെരഞ്ഞെടുത്താല്‍ പിഎസ്‌സിയുടെ ഉത്തരവാദിത്തം തീരുകയല്ല. അത്തരക്കാര്‍ക്കുതന്നെയാണ് നിയമനം ലഭിച്ചതെന്നുറപ്പുവരുത്തണം. അതിന് നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റംവേണം. നിയമന ഓഡിറ്റിങ് നടത്താന്‍ പിഎസ്‌സിക്ക് അധികാരം നല്‍കണം. നിയമനാധികാരികളായ വകുപ്പു മേധാവികള്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ടുചെയ്യുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് ഏര്‍പ്പെടുത്താനും നിയമനശുപാര്‍ശയുടെ അച്ചടിക്കായി പ്രത്യേകതരം കടലാസ് ഉപയോഗിക്കാനും കുറെക്കൂടി കര്‍ക്കശമായ വ്യവസ്ഥകള്‍കൊണ്ടുവരാനും പിഎസ്‌സി തീരുമാനിച്ചത് നിയമനത്തട്ടിപ്പ് തടയാന്‍ പര്യാപ്തമാണ്.

'കേരളത്തില്‍ സമാന്തര പിഎസ്‌സി' എന്ന ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് പല്ലില്‍കുത്തി നാറ്റിക്കുകയാണ്. യുഡിഎഫ് ഭരണകാലത്ത് പിഎസ്‌സി നിയമനം 2002 ജനുവരിയില്‍ നിരോധിക്കുകയും പിന്‍വാതില്‍നിയമനം വ്യാപകമാക്കുകയുമായിരുന്നു. നിയമനിരോധനത്തിനും പിന്‍വാതില്‍നിയമനത്തിനുമെതിരെ ശക്തമായ യുവജനപോരാട്ടമാണ് അക്കാലത്ത് കേരളത്തില്‍ നടന്നത്. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍ 39 പ്രകാരം സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ഈ അധികാരം കേരളത്തില്‍ ഒരു സര്‍ക്കാരും ന്യായമായ കാരണങ്ങളില്ലാതെ ഉപയോഗിക്കാറില്ല. മുത്തങ്ങയില്‍ വെടിയേറ്റുമരിച്ച ആദിവാസി ജോഗിയുടെ മകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കിയത് ഈ ചട്ടമനുസരിച്ചാണ്. എന്നാല്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെകാലത്ത് ഒരു സബ്ഇന്‍സ്പക്‌ടറെ നിയമിച്ചത് എല്ലാ നിയമവ്യവസ്ഥയും ലംഘിച്ചായിരുന്നു. ആംഡ് പൊലീസ് ക്വോട്ടയിലും ജനറല്‍ക്വോട്ടയിലും നിയമനം നടത്താന്‍ വ്യവസ്ഥയുണ്ട്. രണ്ടിലും എഴുത്തുപരീക്ഷ പാസായ ഒരു ഉദ്യോഗാര്‍ഥി കായികക്ഷമതാപരീക്ഷയില്‍ തോറ്റപ്പോള്‍ ആ കാറ്റഗറിയില്‍ത്തന്നെ നിയമിക്കണമെന്ന വാശിയോടെ ഉത്തരവിറക്കിയത് ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുമ്പോഴായിരുന്നുവെന്ന കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. അധികയോഗ്യതയുള്ള 117 പൊലീസുകാരെ നിയമിച്ചെന്ന മനോരമ വാര്‍ത്തയിലെ അനധികൃത നിയമനവും 2003ല്‍ യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നു.

വസ്തുത ഇതായിരിക്കെ നിയമനത്തട്ടിപ്പിനെതിരായ രോഷത്തെ സര്‍ക്കാരിനും പിഎസ്‌സിക്കുമെതിരെ വഴിതിരിച്ചുവിടാനുള്ള രാഷ്‌ട്രീയനീക്കം കേരളീയര്‍ തിരിച്ചറിയുകതന്നെ ചെയ്യും. പെന്‍ഷന്‍ ഏകീകരണം മാര്‍ച്ച് 31 ആക്കിയപ്പോള്‍ നിയമനങ്ങള്‍ നടക്കില്ലെന്നും നിയമന നിരോധനമാണെന്നുമായിരുന്നു യുഡിഎഫും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചത്. 2009ല്‍ 44,000 പേരെയാണ് പിഎസ്‌സി വഴി നിയമിച്ചത്. കേരളപ്പിറവിക്കുശേഷം ഇത്രയും കൂടുതല്‍ നിയമനം ഇതാദ്യമാണ്. 2010 നവംബര്‍ 30 വരെ കണക്ക് പരിശോധിച്ചാലും ഒട്ടുംപിറകോട്ടല്ലെന്നുകാണാം. 2010 ജനുവരിമുതല്‍ നവംബര്‍വരെയുള്ള തീയതികളിലായി 40,000 പേരെ നിയമിച്ചുകഴിഞ്ഞു. ഇതിനുമുമ്പ് പിഎസ്‌സി വഴി നടത്തിയ ഏറ്റവും കൂടിയ പ്രതിവര്‍ഷം നിയമനം 34,000 ആയിരുന്നു. സാധാരണനിലയില്‍ ഓരോ വര്‍ഷവും 25,000 പേരെയാണ് കേരളത്തില്‍ നിയമിക്കുന്നത്.

ചുരുക്കത്തില്‍ പിഎസ്‌സിയെ ശക്തിപ്പെടുത്തി മാത്രമേ നിയമത്തട്ടിപ്പിനെതിരായ സമരം വിജയിപ്പിക്കാന്‍ കഴിയൂ. നിയമനം സുതാര്യമായി നടത്തുന്ന ഇടതുപക്ഷകാലവും നിയമനിരോധനത്തിലൂടെ യുവജനസ്വപ്നങ്ങളെ കരിച്ചുകളയുന്ന വലതുപക്ഷഭരണവും വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്.

*****

എം വി ജയരാജന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരള പിഎസ്‌സി പ്രവര്‍ത്തനം ആരംഭിച്ചത് 1957ലാണ്. പത്തുവര്‍ഷമെങ്കിലും സര്‍ക്കാര്‍ ഉദ്യോഗം വഹിച്ചിരുന്നയാളെ മാത്രമേ പിഎസ്‌സി അംഗമാക്കാവൂ എന്ന വ്യവസ്ഥ ഭരണഘടനയിലുണ്ട്. പിഎസ്‌സി അംഗത്തെ ദുര്‍വൃത്തിമൂലം ഉദ്യോഗത്തില്‍നിന്ന് പിരിച്ചുവിടണമെങ്കില്‍ ഭരണഘടനയിലെ 145ആം അനുഛേദമനുസരിച്ചുള്ള ജുഡീഷ്യറി രൂപംനല്‍കിയ ചട്ടങ്ങള്‍ക്ക് വിധേയമായ അന്വേഷണ നടപടിക്രമം പൂര്‍ത്തീകരിച്ചു മാത്രമേ സാധിക്കുകയുള്ളൂ. ഒരിക്കല്‍ പിഎസ്‌സി അംഗമായാല്‍ പിന്നീട് സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗം വഹിക്കാന്‍ കഴിയുകയുമില്ല. പിഎസ്‌സി അംഗമായി തെരഞ്ഞെടുക്കപ്പെടാനും നീക്കംചെയ്യാനും ചുമതലകള്‍ നിര്‍വഹിക്കാനും വ്യക്തമായ ഭരണഘടനാവ്യവസ്ഥകളാണുള്ളത്. നീതി തേടിയെത്തുന്ന സാധാരണജനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ ജുഡീഷ്യറി നമുക്കുവേണമെന്നു പറയുന്നതുപോലെ നിയമനങ്ങള്‍ തേടിയെത്തുന്ന ഉദ്യോഗാര്‍ഥികള്‍ സുതാര്യമായും അഴിമതിരഹിതമായും പിഎസ്‌സി വേണമെന്നു മാത്രമേ പറയൂ. പിഎസ്‌സിയുടെ വിശ്വാസ്യത തകരുന്നത് ആശാസ്യമല്ല.