Thursday, December 9, 2010

വഴി പിഴച്ച പോക്ക്

മാവോയിസം അതിന്റെ സൈദ്ധാന്തികമായ നിലപാടുകള്‍ വെടിഞ്ഞ് വെറും ഉപകരണമായിക്കഴിഞ്ഞു ഇന്ത്യയില്‍. അതിന്റെ പേരില്‍ നടക്കുന്നതെല്ലാം ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള യഥാര്‍ഥ സമരങ്ങളെ ദുര്‍ബലപ്പെടുത്തലാണെന്ന് സമകാലിക സംഭവങ്ങള്‍ വിളിച്ചുപറയുന്നു. വഴിപിഴച്ച പോക്കിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്രതലങ്ങള്‍ വിശകലന വിധേയമാക്കുകയാണ് കെ ടി കുഞ്ഞിക്കണ്ണന്‍ 'മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തില്‍.

ഇടതുപക്ഷ തീവ്രവാദത്തിന്റെ ദേശീയവും സാര്‍വദേശീയവുമായ പരിണതികളിലേക്ക് വെളിച്ചംവീശുന്ന കൃതി പെറ്റിബൂര്‍ഷ്വ പ്രവണതകള്‍ എങ്ങനെയെല്ലാമാണ് അപചയങ്ങളിലേക്കു പോകുന്നതെന്ന് പ്രത്യയശാസ്ത്ര ജാഗ്രതയോടെ അപഗ്രഥിക്കുന്നു.

'മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' ലേഖനത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തെ വലതുപക്ഷശക്തികളും അന്താരാഷ്ട്ര സന്നദ്ധസംഘങ്ങളും എപ്രകാരമാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശദമാക്കുന്നു. വിദേശപണം പറ്റുന്ന സന്നദ്ധസംഘടനകളുടെയും സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകളുടെയും വിധ്വംസക രാഷ്ട്രീയസഖ്യത്തെ പിന്‍പറ്റിയാണ് ബംഗാളിലും ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലുമെല്ലാം മാവോയിസ്റ്റുകള്‍ ആക്ഷനുകള്‍ നടത്തുന്നത്. അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നവ ഗാന്ധിയന്മാരും നവ അംബേദ്കറിസ്റ്റുകളും ഗോത്രദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്നവരുമടങ്ങുന്ന എന്‍ജിഒ ബുദ്ധിജീവികളാണ് പ്രോത്സാഹകരും സഹായികളും.

'അന്യവര്‍ഗപ്രവണതകള്‍ അപകടകരമായ വ്യതിയാനങ്ങള്‍' എന്ന ലേഖനത്തില്‍ വലതുപക്ഷ അവസരവാദംപോലെ ഇടതുപക്ഷ വ്യതിയാനവും ഒരു നിര്‍ദിഷ്ട ചരിത്രകാലഘട്ടത്തെ വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും സംഭവിക്കുന്ന പാളിച്ചയുടെ ഫലമാണെന്ന് ലേഖകന്‍ പറയുന്നു. "ലെനിന്‍ അപഗ്രഥിക്കുന്നതുപോലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തന ശൈലിയും രാഷ്ട്രീയവും പരിശോധിച്ചാല്‍ അങ്ങേയറ്റം മാര്‍ക്സിസ്റ്റ് വിരുദ്ധമായ അന്യവര്‍ഗചിന്തകളുടെയും പ്രവണതകളുടെയും പിറകെ ഇഴയുകയാണെന്നു ബോധ്യപ്പെടും''. മാവോയിസത്തിന് സംഭവിച്ച അപചയത്തെ ചരിത്രാനുഭവങ്ങളുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെ നിരീക്ഷണത്തിന്റെയും വെളിച്ചത്തില്‍ ലേഖകന്‍ വ്യക്തമാക്കുന്നു.

'പാര്‍ലമെന്ററി സമരവും പാര്‍ലമെന്ററിസവും' എന്ന ലേഖനത്തില്‍ പാര്‍ലമെന്ററിസംവിധാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത നിലപാടുകളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. പാര്‍ലമെന്റിനെ വര്‍ഗസമരത്തിന്റെ വേദിയാക്കുകയും മറ്റ് സമരരൂപങ്ങളെപ്പോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുക്കുക എന്ന മാര്‍ക്സിസ്റ്റ് സിദ്ധാന്തം അംഗീകരിക്കാത്തതിന്റെ ദുരന്തമാണ് മാവോയിസ്റ്റുകളില്‍നിന്ന് ഇന്ത്യ ഇന്ന് ഏറ്റുവാങ്ങുന്നതെന്ന് പുസ്തകം പറയുന്നു.

'നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍' എന്ന ലേഖനത്തില്‍ സൈനിക-അതിസാഹസിക പ്രവര്‍ത്തനങ്ങളും ഭീകരകൃത്യങ്ങളുംവഴി മനുഷ്യത്വരഹിത മാനങ്ങള്‍ കൈവരിച്ച മാവോയിസം എങ്ങനെയാണ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും വിവിധ ഗ്രൂപ്പായി ശിഥിലമാവുകയും ചെയ്തതെന്ന് ചര്‍ച്ചചെയ്യുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നും വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്കാരങ്ങളിലൂടെ അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനൊപ്പം ഇടതുപക്ഷ വിമോചന കടമകളെ മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല എന്ന് അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കുന്നു. "നക്സല്‍ബാരിക്കുശേഷം നാലു ദശകത്തിനിടയില്‍ സാര്‍വദേശീയ-ദേശീയതലത്തിലുണ്ടായ മാറ്റങ്ങളെയും പ്രസ്ഥാനത്തിനുണ്ടായ തിരിച്ചടികളെയും ശിഥിലീകരണത്തെയും ശാസ്ത്രീയമായി വിലയിരുത്താനും നിഷേധാത്മക പാഠങ്ങളെ ഉള്‍ക്കൊള്ളാനും ബഹുജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലിനെ മറികടക്കാനുമുള്ള അന്വേഷണങ്ങളെ തിരുത്തല്‍വാദമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് വ്യതിയാനമെന്നും അടച്ചാക്ഷേപിക്കുകയാണ് വിഭാഗീയതയുടെ അന്ധകൂപങ്ങളില്‍പ്പെട്ടുപോയ എംഎല്‍ നേതൃത്വങ്ങള്‍ ചെയ്തത്''.

'ഇടതുപക്ഷ പാളിച്ചകളുടെ കേരളീയാനുഭവങ്ങള്‍' എന്ന ലേഖനത്തില്‍ കേരളത്തിലെ നക്സല്‍നേതാക്കളുടെ ആശയപാപ്പരത്തവും അവസാരവാദ നിലപാടുകളും ചര്‍ച്ചചെയ്യുന്നു. ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ ആവുന്നത്ര ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കേരളത്തിലെ നക്സലൈറ്റ് ബുദ്ധിജീവികള്‍ ചെയ്യുന്നതെന്ന് ലേഖകന്‍. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വഴിപിഴച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രത്യശാസ്ത്ര വ്യക്തത കൈവരിക്കുക എന്നത് പ്രധാനമാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് സമാപിക്കുന്നത്.

*
സി പ്രജോഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മാവോയിസം അതിന്റെ സൈദ്ധാന്തികമായ നിലപാടുകള്‍ വെടിഞ്ഞ് വെറും ഉപകരണമായിക്കഴിഞ്ഞു ഇന്ത്യയില്‍. അതിന്റെ പേരില്‍ നടക്കുന്നതെല്ലാം ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള യഥാര്‍ഥ സമരങ്ങളെ ദുര്‍ബലപ്പെടുത്തലാണെന്ന് സമകാലിക സംഭവങ്ങള്‍ വിളിച്ചുപറയുന്നു. വഴിപിഴച്ച പോക്കിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്രതലങ്ങള്‍ വിശകലന വിധേയമാക്കുകയാണ് കെ ടി കുഞ്ഞിക്കണ്ണന്‍ 'മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തില്‍.