ഞാന്‍ എങ്ങനെ കമ്യൂണിസ്റ്റായി മൂന്നാം ഭാഗം
ഒന്നാം ഭാഗം, രണ്ടാം ഭാഗം
സ്കൂള്‍ വിദ്യാഭ്യാസം ഇനി ഇല്ലെന്ന് ഉറപ്പായി. എന്റെ മനസ്സില്‍ ഒരു പുതിയ ചിന്ത കടന്നുകൂടി. പള്ളിയില്‍ പോയി മതപഠനം നടത്തി ഒരു മുസ്ളിം ആയാലെന്താ? അങ്ങനെ ചിന്തിക്കാന്‍ ഒരു കാരണവും ഉണ്ടായിരുന്നു. എന്റെ പിതൃസഹോദരന്‍ (എളാപ്പ) മൂസ്സക്കുട്ടി ഉല്‍പ്പതിഷ്ണുവായ ഒരു മുസ്ളിയാരായിരുന്നു. അക്കാലത്ത് മുസ്ള്യാക്കന്മാര്‍ മതപ്രസംഗം നടത്തിയിരുന്നത് ഗാനാത്മകമായ ഒരു പരമ്പരാഗത ശൈലിയിലായിരുന്നു. അതിന് "വഴള്'' എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ ഭാഷയും പഴഞ്ചനായിരുന്നു.
എന്നാല്‍ എളാപ്പ അതില്‍നിന്ന് വ്യത്യസ്തമായി, നല്ല വടിവുള്ള മലയാളത്തില്‍ ആധുനികഭാഷയില്‍ ആയിരുന്നു മതപ്രസംഗം നടത്തിയിരുന്നത്. അത് പള്ളിയില്‍വെച്ചും, പുറത്ത് നബിദിനയോഗങ്ങളിലും അദ്ദേഹം നിര്‍വഹിക്കുന്നത് മനോഹരവും അത്യാകര്‍ഷകവും ആയിരുന്നു. അങ്ങനെ പ്രസംഗിക്കാനെങ്ങനെ കഴിയും? എന്നു ഞാനും ചിന്തിച്ചുതുടങ്ങി. അതൊരു അടങ്ങാത്ത ആഗ്രഹമായി മാറി. പ്രസംഗകനാകാനുള്ള ഉള്‍വിളി എന്നെ ആവേശഭരിതനാക്കി.
എളാപ്പയെപ്പോലെ പ്രസംഗിക്കാന്‍ മതപഠനം ആവശ്യമാണെന്ന തിരിച്ചറിവ്, പള്ളിയില്‍പ്പോയി മതപഠനം നടത്താനുള്ള തീരുമാനത്തില്‍ എന്നെ എത്തിച്ചു. ഇംഗിതം വീട്ടുകാരെ അറിയിച്ചു. അങ്ങനെ ഞാന്‍ പള്ളി 'ദര്‍സില്‍' കിത്താബ് ഓതുന്ന ഒരു കുട്ടിമുസ്ള്യാരായി. 1947ലാണ് അതാരംഭിച്ചത്. കൂരാട പള്ളിയിലെ കാസി ഏരുകുന്നന്‍ അഹമ്മത്മുസ്ള്യാര്‍ ആയിരുന്നു എന്റെ ഉസ്താദ്. അദ്ദേഹത്തിന്റെ കീഴില്‍ നാലുകൊല്ലം പള്ളിദര്‍സിലെ ഒരു മുഴുവന്‍ സമയ വിദ്യാര്‍ഥിയായി ഞാന്‍ മതപഠനം നടത്തി.
പത്ത് കിത്താബാണ് ആദ്യം തുടങ്ങിയത്. മുതഫരിദ്, അജനാസ്, അര്‍ബ ഈനഹദീസ്, മിര്‍ഖാത്തൂല്‍ ഖുലൂബ്, നൂറുല്‍ അബ്സാര്‍ എന്നീ അധ്യായങ്ങളിലൂടെ പഠനം കടന്നുപോയത് ഇന്നും എന്റെ മനസ്സില്‍ പച്ചയായ ഓര്‍മകളായി തങ്ങിനില്‍ക്കുന്നു. ഒരു കൊല്ലം കഴിഞ്ഞ് ഉസ്താദ് എന്നോട് ചോദിച്ചു, ഉറച്ചുനിന്ന് പഠനം തുടരാന്‍ കഴിയുമോ എന്ന്. ഞാന്‍ "അതെ'' എന്ന് മറുപടി പറഞ്ഞു.
തുടര്‍ന്ന് മതഗ്രന്ഥങ്ങള്‍ ഗഹനമായി പഠിക്കാന്‍ അടിസ്ഥാനമായി ആവശ്യമായ അറബിഭാഷാ വ്യാകരണം പഠിക്കാന്‍ തുടങ്ങി. അങ്ങനെ 'നഹവ്' ന്റെ കിത്താബ് പഠനം തുടങ്ങി. മീസാന്‍, സഞ്ചാല്‍, ഖതര്‍അത എന്നീ അധ്യായങ്ങള്‍ അനായാസകരമായി ഞാന്‍ പഠിക്കുന്നത് ഉസ്താദിന് തന്നെ വലിയ മതിപ്പുളവാക്കിയതായി ഞാന്‍തന്നെ മനസ്സിലാക്കിയിരുന്നു. സഞ്ചാന്‍ ഓതിയാല്‍ 'തഞ്ചാര'മെടുക്കും എന്ന ഒരു ചൊല്ല് ഉണ്ടായിരുന്നത്തന്നെ ആ അധ്യായത്തിന്റെ കാഠിന്യം സൂചിപ്പിക്കുന്നതായിരുന്നു. കൂട്ടത്തില്‍ മതപഠന വിദ്യാര്‍ഥികള്‍ പഠിച്ചിരിക്കേണ്ട മറ്റൊരു കിത്താബ് "തഹ്ലീമുല്‍ മതഹല്ലിമ്'' എന്ന ഗ്രന്ഥവും ഞാന്‍ പഠിക്കുകയുണ്ടായി. അതിലെ ഒരു ബൈത്ത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
'ത അല്ലം ഫ ഇന്നല്‍ ഇല്‍ മുസൈനും ലി അഹ് ലിഹി
വഫളും വളന്‍വാനും ലികുല്ലീ മുജാഹിദീ''
അറിയുക, വിജ്ഞാനം സമ്പാദിക്കുന്നവരെ ആ അറിവ് ശോഭയാര്‍ന്നവരാക്കി മാറ്റും, വിജ്ഞാന സമ്പാദനത്തിനുവേണ്ടി സമരം ചെയ്യുന്നവരെ സമൂഹത്തില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്.
മതപഠന വിദ്യാര്‍ഥി എന്ന നിലയില്‍ പള്ളിയിലെ അന്തേവാസിയായി കഴിഞ്ഞിരുന്ന കാലത്തെ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. പഠിക്കുന്നവരും പഠിപ്പ് ഏതാണ്ട് കഴിഞ്ഞവരും എപ്പോഴും പള്ളിയില്‍തന്നെ ഉണ്ടാവും. മിക്കവരും താമസവും പള്ളിയില്‍തന്നെ. അവരില്‍ കുട നന്നാക്കുന്നവര്‍, കീറിപ്പറിഞ്ഞ ഗ്രന്ഥങ്ങള്‍ ബൈന്റ് (ജില്‍ദ്കെട്ടല്‍) ചെയ്യുന്നവര്‍, മാപ്പിളപ്പാട്ട് എഴുതുന്നവരും പാടുന്നവരും എല്ലാം ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം ഇടയില്‍ ഞാനും കൂടിക്കലര്‍ന്നു കഴിഞ്ഞുപോന്നു.
അക്ഷരശ്ളോകമത്സരംപോലെ അറബിബൈത്ത് ചൊല്ലി മത്സരിക്കുക സാധാരണയായിരുന്നു. കൂട്ടത്തില്‍ മാപ്പിളപ്പാട്ടും മത്സരവിഷയമാകാറുണ്ട്. ഇങ്ങനെ കഴിഞ്ഞ് കടന്ന നാലുവര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ ഉളവാക്കിയ അനുഭൂതി ഒളിമങ്ങാത്ത ഓര്‍മകളാണ്.
ചിലപ്പോള്‍ മാപ്പിളക്കവികളെ സംബന്ധിച്ചും മാപ്പിളപ്പാട്ടുകളെപ്പറ്റിയും നടന്നിരുന്ന ചര്‍ച്ചകള്‍ എന്നെ ഹരംപിടിപ്പിച്ചിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. അറബി, തമിഴ്, ഉറുദു പദങ്ങള്‍ കൂടിക്കലര്‍ന്ന സങ്കര മലയാളഭാഷയില്‍ അറബി ലിപിയില്‍ മലയാള ലേഖനങ്ങളും പാട്ടുകളും എഴുതിവന്നിരുന്ന കാലമായിരുന്നു അത്. അതിനെ അറബി മലയാളം എന്നാണ് പറഞ്ഞിരുന്നത്.
അറബി മലയാളത്തില്‍ തന്നെ, സങ്കരഭാഷയില്‍നിന്നു മാറി ശുദ്ധ മലയാളത്തില്‍ മാപ്പിളപ്പാട്ടുകള്‍ ഉണ്ടാവാന്‍ തുടങ്ങിയതും ആ കാലത്തായിരുന്നു. എന്നാല്‍ ചാക്കീരി മൊയ്തീന്‍കുട്ടി വളരെ മുമ്പുതന്നെ ഈ പുതിയ ശൈലി സ്വീകരിച്ചതായി കാണുന്നുണ്ട്. അദ്ദേഹം മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സമകാലികനായിരുന്നെങ്കിലും തന്റെ പുതിയ ശൈലിയിലാണ് "ചാക്കീരിബദര്‍'' എന്ന പേരില്‍ അറിയപ്പെട്ട പടപ്പാട്ട് എഴുതിയത്. അതിന്റെ തുടക്കം തന്നെ ഉപയോഗിച്ചതിലെ ഭാഷാശുദ്ധി കാണുക:
"ബദറില്‍ നിന്നുണ്ടായ അഭിയോഗം മൂന്നാം,
ബദറുല്‍ ഉലായെന്നടരാതിലൊന്നാം,
ബദറുല്‍ ഖുബ്റ അതില്‍നിന്നുമദ്ധ്യം,
ബദറുല്‍ അഖീറ അവസാന യുദ്ധം,
ബദറിന്‍ നടുവായ വാര്‍ത്തകള്‍ കോര്‍ത്ത്,
ഭാഷയില്‍ സംഗീതമാക്കി ഞാന്‍ ചേര്‍ത്ത്.''
ലളിതമായ ഭാഷ, സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്ന അവതരണരീതി. എല്ലാംകൊണ്ടും മികച്ച കൃതിയാണ് "ചാക്കിരിബദര്‍.''പുതിയ തലമുറയില്‍ ശുദ്ധ മലയാളത്തില്‍ സംസ്കൃത ചുവയോടുകൂടി ഗൌരവത്തോടെ മാപ്പിളപ്പാട്ട് എഴുതിയിരുന്ന കവിയായിരുന്നു എന്റെ കുടുംബത്തില്‍പ്പെട്ട ടി കെ കമ്മുമൌലവി. അദ്ദേഹം നബിയുടെ ജനനം മുതല്‍ മരണംവരെയുള്ള ചരിത്രം 'ഹിജ്റ' എന്ന പേരില്‍ ഒരുപാട് സമാഹാരം രചിക്കുകയുണ്ടായി. അതിലെ വിശുദ്ധ ഖുര്‍-ആന്റെ അവതരണത്തെ പ്രതിപാദിക്കുന്ന ഭാഗത്തുനിന്ന് ചില വരികള്‍ താഴെ ഉദ്ധരിക്കാം.
ഇശല്‍: "മുഹിബ്ബനൂര്‍''
"ജഗല്‍പതി ലോകത്തവതരിപ്പിച്ചെവക
അകില യുക്തികള്‍ അന്ത്യംവരെ നിക്ഷേപിത്തെ
സമുദ്രഗ്രന്ഥമില്‍ അമര്‍ന്ന് ദന്തമില്‍ മുതല്‍
മുഴിന്തലങ്ക
രക്കുറിയും- സകല സല്‍ക്രമമിലും സദാചാര
സ്വരവുമായ്- തൊടുത്ത അഭിതകവി-
തയില്‍ മുന്നം-കൊടുത്ത അഹംബടിവില്‍.
മികച്ചെ കാലസ്വരൂപതില്‍ സ്തോത്രമതും ചൊല്ലി
പകച്ചെ മഹല്‍ പിതൃവ്യന്റെ കണ്ഠത്തൂമ്മല്‍നിന്നും
ബിടുത്തി അനല്‍വാദം ഗുസത്തില്‍വരെയാക്കി
കൊടുത്തവരെ മേലിലും -സിനഹോര്‍കള്‍-
മിത്രരിലും അനുഗ്രഹം പരനെനല്‍കിട്സദാ
നിനക്കുള്‍ സഹകരണം -വിശേഷിച്ചും - എനിക്കുമിതില്‍ തരണം.''
അങ്ങനെ കവികളെയും പാട്ടുകളെയും സംബന്ധിച്ച ചര്‍ച്ചകള്‍, ചിലപ്പോള്‍ പാട്ടുപാടി വ്യാഖ്യാനം പറയുന്ന സദസ്സുകള്‍ ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചിലപ്പോള്‍ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത്വന്നതില്‍നിന്ന് ഇത്തരം വിഷയങ്ങളില്‍ എനിക്കുള്ള ബന്ധത്തിന് വലിയ തോതില്‍ പിരിമുറുക്കം കൂടാനിടയായിട്ടുണ്ട്.
പള്ളിദര്‍സിലെ നാലുകൊല്ലത്തെ മതപഠനം ഇസ്ളാമിക കര്‍മശാസ്ത്രത്തിന്റെ ബാലപാഠങ്ങളും അറബിവ്യാകരണത്തിന്റെ ചെറിയ ഒരറിവും സമ്പാദിക്കാനിടയാക്കി. ആ പഠനം പില്‍ക്കാലത്ത് അത്തരം വിഷയങ്ങള്‍ പഠിക്കാനും വായിച്ചു മനസ്സിലാക്കാനും വലിയ തോതില്‍ സഹായകമായിട്ടുണ്ട്.
അങ്ങനെ മതവിദ്യാര്‍ഥിയായി കഴിയുന്ന കാലത്ത് ഒരുദിവസം ഒരു നബിദിനയോഗത്തില്‍ പ്രസംഗിക്കാനുള്ള അവസരമുണ്ടായി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരനുഭവമായിരുന്നു. പ്രസംഗിക്കാനുള്ള ആവേശമായിരുന്നല്ലൊ, പള്ളിദര്‍സിലെ മതപഠനത്തിലേക്കുതന്നെ എന്നെ എത്തിച്ചത്. അതിന്നുള്ള അവസരം കൈവന്നത് എത്ര ആനന്ദകരമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. പ്രസംഗം പരിശീലിക്കാന്‍ എന്നെ സഹായിച്ചത് സ്കൂള്‍ അധ്യാപകനായിരുന്ന അബ്ദുല്‍ഖാദര്‍ മാസ്റ്ററായിരുന്നു. അദ്ദേഹം പ്രസംഗത്തിന് കുറിപ്പുകള്‍ തയാറാക്കിത്തന്നു. ഞാന്‍ അത് മനഃപാഠമാക്കുകയുംചെയ്തു.
എന്നാല്‍ പ്രസംഗം തുടങ്ങിയപ്പോള്‍ ആവേശം മൂത്ത്, കുറിപ്പുകളില്‍നിന്നെല്ലാം വ്യതിചലിച്ച് പോയി. സ്വന്തമായ ചില പുതിയ ആശയങ്ങളും കൂട്ടിച്ചേര്‍ത്ത് ഒരു ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ചു. മോശമല്ലാതെ ഭംഗിയായി പ്രസംഗിച്ചു എന്ന് മാസ്റ്റരും, കേട്ടിരുന്നവരും അഭിപ്രായപ്പെട്ടു. ആ യോഗത്തില്‍ എന്റെ എളാപ്പ മൂസക്കുട്ടിയും പ്രസംഗിച്ചിരുന്നു. അദ്ദേഹവും എന്നെ അഭിനന്ദിച്ചു. ആകപ്പാടെ എനിക്ക് ഹരം തോന്നി. അന്ന് എനിക്ക് പതിമൂന്ന് വയസ് പ്രായമുണ്ടാകും. അത് എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രസംഗമായിരുന്നു.
ആ പ്രസംഗത്തിന് മാറ്റ് കൂട്ടിയത് അബ്ദുള്‍ഖാദര്‍ മാസ്റ്റര്‍ എന്നെ പഠിപ്പിച്ച ഒരു ഹദീസ് (നബിവചനം) ഞാന്‍ ഉദ്ധരിച്ചതായിരുന്നു. ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ് ഞാന്‍ ഹദീസ് ഓതുന്നത്. അത് ഇങ്ങനെ:
"ഇഹ്മല്‍ ലി ദുനിയക്ക ക അന്ന ക്കതഹീശു
ഫീഹാ അബദന്‍, വഹ്മല്‍ ലിആ ഖറ
ത്തിക്ക ക അന്ന ത മൂത്ത ഒ ദാ''.
അര്‍ഥം: ഈ ലോകത്ത് ജീവിക്കാന്‍വേണ്ടി പഠിക്കുകയും പണിയെടുക്കുകയും ചെയ്യുമ്പോള്‍ നാം ഇവിടെ എന്നെന്നും കഴിയേണ്ടവരാണ് എന്നും പരലോക മോക്ഷത്തിനുവേണ്ടി സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ നാളെത്തന്നെ മരിച്ചുപോകേണ്ടവരാണ് എന്നും നാം കരുതണം.
ഹദീസിന്റെ മേല്‍പറഞ്ഞ അര്‍ഥം വ്യാഖ്യാനിച്ചുകൊണ്ട് ആവേശകരമായി പറഞ്ഞു എന്ന് കേള്‍വിക്കാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഞാന്‍ അഭിമാനം കൊണ്ട് ഉള്ളില്‍ സന്തോഷിച്ചു. അങ്ങനെ എന്നിലൊളിഞ്ഞുകിടന്നിരുന്ന പ്രസംഗകനെ പുറത്തേക്ക് കൊണ്ടുവരാന്‍ ഈ സംഭവം കാരണമായി.
*
ടി കെ ഹംസ കടപ്പാട്: ദേശാഭിമാനി വാരിക
Thursday, December 9, 2010
Subscribe to:
Post Comments (Atom)
1 comment:
സ്കൂള്‍ വിദ്യാഭ്യാസം ഇനി ഇല്ലെന്ന് ഉറപ്പായി. എന്റെ മനസ്സില്‍ ഒരു പുതിയ ചിന്ത കടന്നുകൂടി. പള്ളിയില്‍ പോയി മതപഠനം നടത്തി ഒരു മുസ്ളിം ആയാലെന്താ? അങ്ങനെ ചിന്തിക്കാന്‍ ഒരു കാരണവും ഉണ്ടായിരുന്നു. എന്റെ പിതൃസഹോദരന്‍ (എളാപ്പ) മൂസ്സക്കുട്ടി ഉല്‍പ്പതിഷ്ണുവായ ഒരു മുസ്ളിയാരായിരുന്നു. അക്കാലത്ത് മുസ്ള്യാക്കന്മാര്‍ മതപ്രസംഗം നടത്തിയിരുന്നത് ഗാനാത്മകമായ ഒരു പരമ്പരാഗത ശൈലിയിലായിരുന്നു. അതിന് "വഴള്'' എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ ഭാഷയും പഴഞ്ചനായിരുന്നു.
എന്നാല്‍ എളാപ്പ അതില്‍നിന്ന് വ്യത്യസ്തമായി, നല്ല വടിവുള്ള മലയാളത്തില്‍ ആധുനികഭാഷയില്‍ ആയിരുന്നു മതപ്രസംഗം നടത്തിയിരുന്നത്. അത് പള്ളിയില്‍വെച്ചും, പുറത്ത് നബിദിനയോഗങ്ങളിലും അദ്ദേഹം നിര്‍വഹിക്കുന്നത് മനോഹരവും അത്യാകര്‍ഷകവും ആയിരുന്നു. അങ്ങനെ പ്രസംഗിക്കാനെങ്ങനെ കഴിയും? എന്നു ഞാനും ചിന്തിച്ചുതുടങ്ങി. അതൊരു അടങ്ങാത്ത ആഗ്രഹമായി മാറി. പ്രസംഗകനാകാനുള്ള ഉള്‍വിളി എന്നെ ആവേശഭരിതനാക്കി.
Post a Comment