Thursday, October 11, 2012

കണ്ണുകള്‍ വെളിച്ചമാകട്ടെ

എല്ലാവര്‍ഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകകാഴ്ചദിനമായി ആചരിക്കുന്നു. പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ടവരുടെയും കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും പുരോഗതിക്കുവേണ്ടിയാണ് ഈ ദിനം തെരഞ്ഞെടുത്തത്. ലോകാരോഗ്യസംഘടന നടത്തിയ പഠനപ്രകാരം ലോകത്ത് 285 കോടി ജനങ്ങള്‍ കാഴ്ചസംബന്ധമായ പ്രശ്നങ്ങളാല്‍ ജീവിക്കുന്നു. ഇതില്‍ 246 കോടി ജനങ്ങള്‍ കാഴ്ച കുറവുള്ളവരും 36 കോടി പേര്‍ പൂര്‍ണ അന്ധരുമാണ്. ഈ നില തുടര്‍ന്നാല്‍ 2020 ആകുമ്പോള്‍ ഇന്ത്യയില്‍ 30 കോടി ജനങ്ങള്‍ അന്ധരായിമാറും എന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ ഓരോ 20 സെക്കന്‍ഡിലും ഒരാള്‍ അന്ധനാകുന്നു. എല്ലാ നാലു മിനിറ്റിലും ഒരു കുട്ടി അന്ധനായി ജനിക്കുന്നു.

ഇന്ത്യയില്‍ ഒരുവര്‍ഷം ഒരുലക്ഷം നേത്രം ദാനമായി ലഭിക്കേണ്ടിടത്ത് 2200 നേത്രം മാത്രമേ ലഭിക്കുന്നുള്ളൂ. മതപരമായ ചില വിലക്കുകളും ബന്ധുക്കളുടെ വൈകാരികമായ എതിര്‍പ്പും നേത്രദാനമെന്നാല്‍ കണ്ണുകളാകെ പറിച്ചെടുത്ത് ദാനംചെയ്യുന്നതാണെന്ന തെറ്റിദ്ധാരണയുമാണ് കൂടുതല്‍ പേരെ നേത്രദാനത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. എന്നാല്‍, നേത്രപടലം മാത്രമാണ് ദാനമായി നല്‍കുന്നത്. ഇതുവഴി കാഴ്ചയില്ലാത്ത രണ്ടുപേര്‍ നമ്മുടെ കണ്ണുകളില്‍ക്കൂടി ഈ ലോകം കാണുന്നു എന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയണം. 110 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ദിവസം ശരാശരി 62,389 ആളുകളാണ് വിവിധ കാരണങ്ങളാല്‍ മരണമടയുന്നത്. ഓരോ ദിവസവും മരിക്കുന്ന മുഴുവന്‍ ആളുകളുടെയും കണ്ണുകള്‍ ദാനംചെയ്താല്‍ 15 ദിവസത്തിനകം നമ്മുടെ രാജ്യത്തുനിന്ന് അന്ധത തുടച്ചുനീക്കാന്‍ കഴിയും. 2020 ആകുമ്പോഴേക്കും അന്ധത പൂര്‍ണമായും തുടച്ചുനീക്കുന്നതിന് Vision 2020- The right to sight എന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ എല്ലാ രാജ്യത്തെയും സര്‍ക്കാരുകള്‍, വിവിധ ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ അംഗങ്ങളായി പ്രവര്‍ത്തിക്കുന്നു. International Agency for the Prevention of Blindness (IAPB)  എന്ന സംഘടനയോട് ചേര്‍ന്നാണ് ഈ സംരംഭം നടപ്പാക്കുന്നത്. ഇവയുടെ എല്ലാം സഹകരണത്തോടെ രാജ്യം മുഴുവന്‍ വിവിധ ക്ലാസുകള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണപരിപാടികള്‍ എന്നിവ നടന്നുവരികയാണ്. കാഴ്ച നേത്രദാനസേനയും അന്ധത പൂര്‍ണമായും തുടച്ചുനീക്കുന്നതിന് ഈ സംഘടനകളോടൊപ്പം പ്രവര്‍ത്തിക്കുന്നു.

ലോകപ്രശസ്ത ചലച്ചിത്രതാരം കമല്‍ ഹാസന്‍, പ്രശസ്ത തമിഴ് നോവലിസ്റ്റ് ചാരു നിവേദിത, മുന്‍ മന്ത്രി എം എ ബേബി, വലിയ മെത്രാപൊലീത്ത ഡോ. മാര്‍ ക്രിസോസ്റ്റം, മെത്രാപൊലീത്തമാരായ കുറിയാക്കോസ് മാര്‍ ഇവാനിയോസ്, കുറിയാക്കോസ് മാര്‍ ഗ്രിഗോറിയസ്, യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവറുഗീസ് മാര്‍ കൂറിലോസ്, മജീഷ്യന്‍ സാമ്രാജ് എന്നിവര്‍ അടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ മരണശേഷം കണ്ണ് ദാനംചെയ്യാന്‍ തയ്യാറായി ചലച്ചിത്ര സംവിധായകന്‍ ബ്ലസി ചെയര്‍മാനായ കാഴ്ച നേത്രദാന സേനയ്ക്കൊപ്പം ഇന്ന് പ്രവര്‍ത്തിക്കുന്നു. ജ്യോതി ബസുവിനെയും ക്യാപ്റ്റന്‍ ലക്ഷ്മിയെയുംപോലുള്ള പ്രമുഖര്‍ മരണശേഷം കണ്ണുകള്‍ ദാനംചെയ്ത മാതൃക നമുക്ക് മുന്നിലുണ്ട്. ലോകകാഴ്ചദിനത്തില്‍ നമുക്കും പ്രതിജ്ഞയെടുക്കാം- മരണശേഷം എന്റെ കണ്ണുകള്‍ ഞാന്‍ ദാനംചെയ്യുമെന്ന്, അതുവഴി അന്ധരായ രണ്ടുപേര്‍ക്ക് എന്റെ കണ്ണുകള്‍ വെളിച്ചമാകുമെന്ന്.

*
റോഷന്‍ റോയി മാത്യു (കാഴ്ച നേത്രദാനസേന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

ദേശാഭിമാനി 11 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...