Saturday, October 13, 2012

കിനാലൂര്‍ എസ്റ്റേറ്റ്: മുഖ്യമന്ത്രിയുടെ കാര്‍മികത്വത്തില്‍ ഭൂമിക്കച്ചവടം

നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള ഭൂമി വിവാദം കേരള സമൂഹത്തെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗ തീരുമാനപ്രകാരം കിനാലൂര്‍ എസ്റ്റേറ്റ് കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 987.27 ഹെക്ടര്‍ റബ്ബര്‍ തോട്ടമാണ് ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് വില്‍പനക്ക് കളമൊരുക്കിയിരിക്കുന്നത്. ദി കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ്സ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ (ലിമിറ്റഡ്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള 700 കോടി രൂപയുടെ വിലയുള്ള എസ്റ്റേറ്റാണ് 40 കോടി രൂപയ്ക്ക് വില്‍പന നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. എസ്റ്റേറ്റുടമകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ വക്കീലന്മാരെ മാറ്റിക്കൊടുത്തും അവരുടെ വാദങ്ങളെ ദുര്‍ബലമാക്കുവാന്‍ പ്രേരിപ്പിച്ചും കേസുകള്‍ തോറ്റു കൊടുക്കുന്ന തന്ത്രം വഴിയാണ് സര്‍ക്കാര്‍ വന്‍കിട തോട്ടമുടമകളെയും ഭൂമാഫിയാകളെയും സഹായിച്ചുകൊണ്ടിരിക്കുന്നത്.

പാട്ട കാലാവധി കഴിഞ്ഞ മുഴുവന്‍ തോട്ടങ്ങളും റവന്യൂ വനഭൂമിയും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതിനുപകരം ഏറ്റെടുക്കല്‍ ഒഴിവാക്കാനുള്ള പഴുതുകള്‍ സൃഷ്ടിച്ച് എസ്റ്റേറ്റുടമകളെ സഹായിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച മലബാര്‍ കൊച്ചിന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഇപ്പോള്‍ ചുളുവിലക്ക് കൈമാറാന്‍ മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത യോഗ തീരുമാനപ്രകാരം നടപടികളാരംഭിച്ചിരിക്കുന്നത്. എഴുന്നൂറ് കോടി രൂപയോളം വിലയുള്ള കിനാലൂര്‍ എസ്റ്റേറ്റ് 40 കോടി രൂപയ്ക്ക് വിറ്റു തുലയ്ക്കുവാന്‍ യുഡിഎഫ് സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുമ്പോള്‍ നമ്മുടെ മാധ്യമങ്ങളെല്ലാം നിശബ്ദത പാലിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കിനാലൂരിലെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷെന്‍റ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് വ്യവസായ വികസനം ലക്ഷ്യംവെച്ച് റോഡ് വീതി കൂട്ടിയപ്പോള്‍ അത് ഭൂമാഫിയകളെ സഹായിക്കാനാണെന്ന് കള്ളപ്രചരണം നടത്തിയത് മാധ്യമങ്ങള്‍ കൂടി ചേര്‍ന്നായിരുന്നല്ലോ. സോളിഡാരിറ്റി മുതലുള്ള സംഘടനകള്‍ കെഎസ്ഐഡിസിയുടെ സ്ഥലത്തെ വ്യവസായ നിക്ഷേപത്തെ എതിര്‍ത്തത് കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് കൈക്കലാക്കുവാന്‍ കാത്തിരിക്കുന്ന ചില ഭൂമാഫിയാ സംഘങ്ങളുടെ പ്രേരണ മൂലമാണെന്ന കാര്യം അക്കാലത്ത് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാട്ടിയതാണ്. വ്യവസായ വികസനത്തിനായി ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ്സും മതതീവ്രവാദികളും ചേര്‍ന്ന് കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. ബ്രിട്ടീഷുകാരാണ് കിനാലൂരില്‍ റബ്ബര്‍ തോട്ടമാരംഭിച്ചത്. ഒരേ താവഴിയിലുള്ള മല്ലിശ്ശേരി കോവിലകത്തിന്റെയും കിഴക്കേടത്ത് കോവിലകത്തിന്റെയും കരിക്കലേറി നായര്‍ കുടുംബത്തിന്റെയും കയ്യില്‍നിന്ന് കീര്‍ത്ത് ബ്രൈഡ് എന്ന ബ്രിട്ടീഷുകാരന്‍ ലീസിനെടുത്ത് പ്ലാേന്‍റഷന്‍ നടത്തിയ 3000 ഏക്കറോളം വരുന്ന ഭൂമിയാണ് കിനാലൂര്‍ എസ്റ്റേറ്റ് എന്ന പേരിലറിയപ്പെട്ടത്.

കേരള പ്ലാേന്‍റഷന്‍ കമ്പനിയെന്ന പേരില്‍ മി. കീര്‍ത്ത് ബ്രൈഡ് ആരംഭിച്ച റബ്ബര്‍ തോട്ടം പിന്നീട് എഡ്വേര്‍ഡ് പീറ്റര്‍ ഹണ്ട് എന്ന സായ്പിന് കൈമാറി. ഇദ്ദേഹത്തിന്റെ കയ്യില്‍നിന്നും ഈ എസ്റ്റേറ്റ് നോര്‍മന്‍ സായ്പിന് കൈമാറി കിട്ടി. നോര്‍മന്‍ സായ്പ് 30 വര്‍ഷത്തോളം കൊണ്ടു നടത്തിയ കിനാലൂര്‍ എസ്റ്റേറ്റ് 1944ല്‍ കൊച്ചിന്‍ മലബാര്‍ കമ്പനി വാങ്ങിക്കുകയായിരുന്നു. കിനാലൂര്‍ ഭൂമിയുടെ ഉടമകളായ മല്ലിശ്ശേരി കോവിലകത്തിലെ അവകാശികള്‍ തമ്മിലുള്ള പാര്‍ടീഷ്യന്‍ തര്‍ക്കം ഹൈക്കോടതിയിലെത്തി. കോടതി പാര്‍ടീഷ്യന്‍ തര്‍ക്കം പഠിച്ച് പരിഹരിക്കുവാനായി അഡ്വ. ലക്ഷ്മണ അയ്യരെ കമ്മീഷനായി നിയോഗിച്ചു. 1969ല്‍ ഈ കേസില്‍ കൊച്ചിന്‍ മലബാര്‍ കമ്പനി കക്ഷി ചേര്‍ന്നു. ഭൂപരിഷ്കരണനിയമം നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ഹൈക്കോടതി വെച്ച വക്കീല്‍ കമ്മീഷന്‍ വഴി മല്ലിശ്ശേരി കോവിലകത്തിലെ അവകാശികളുടെ മുഴുവന്‍ ഓഹരിയും കമ്പനി വാങ്ങിയെടുത്തു. പാട്ടഭൂമി തട്ടിയെടുക്കുവാന്‍ ശക്തമായ ഒരു നിയമത്തിന്റെ അഭാവത്തില്‍ കൊച്ചിന്‍ മലബാര്‍ കമ്പനിക്ക് എളുപ്പം കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടീഷ് ഭരണകാലത്ത് ലീസ്സിനെടുത്ത ഭൂമിയുടെ ഉടമകളായ മല്ലിശ്ശേരി കോവിലകത്തെ അവകാശികളില്‍നിന്നും കോടതിമുഖേന ജന്മം തീറ് വാങ്ങിച്ചാണ് കൊച്ചിന്‍ മലബാര്‍ കമ്പനി സ്വന്തമാക്കിയത്. ഇങ്ങനെയൊരു ജന്മം തീറ് അവകാശം കമ്പനിക്ക് കിട്ടിയിട്ടുണ്ടോ എന്ന കാര്യം തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഇതുസംബന്ധമായ ചില കേസുകള്‍ മല്ലിശ്ശേരി കോവിലകത്തെ അവകാശികളില്‍ ചിലര്‍ ഇപ്പോള്‍ കോടതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനുശേഷം 200 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ വ്യക്തിക്ക് കമ്പനി വിറ്റു.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് 300 ഏക്കറോളം ഭൂമി കേരള ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത്. ആഗോളവല്‍ക്കരണം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്റെ ഇറക്കുമതി നയങ്ങളും റബ്ബര്‍ തോട്ടം മേഖലയില്‍ വിലക്കുറവ് ഉള്‍പ്പെടെയുള്ള വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് 2000-2001 വര്‍ഷത്തില്‍ തോട്ടം വില്‍പനയെക്കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നത്. റബ്ബറിന് കിലോയ്ക്ക് 20 രൂപ പോലും കിട്ടാത്ത അവസ്ഥ ഈ മേഖലയിലെ തൊഴിലാളികളെ തൊഴിലും കൂലിയും ഇല്ലാത്ത അവസ്ഥയിലെത്തിച്ചു. മാനേജ്മെന്‍റ് തോട്ടം അടച്ചുപൂട്ടി തൊഴിലാളികളെ വഴിയാധാരമാക്കുന്ന സമീപനം സ്വീകരിച്ചപ്പോള്‍ മുഴുവന്‍ ട്രേഡ് യൂണിയനുകളും യോജിച്ച് പ്രക്ഷോഭമാരംഭിച്ചു. ഈയൊരു സാഹചര്യം ഉപയോഗിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെ തോട്ടം വില്‍പനക്ക് സാഹചര്യം ഉണ്ടാക്കിയെടുക്കുകയായിരുന്നു കൊച്ചിന്‍ മലബാര്‍ കമ്പനി ചെയ്തത്. കമ്പനിയുടെ കടബാധ്യതകള്‍ പരിഹരിക്കുവാനായി ആസ്തികള്‍ വില്‍ക്കുവാനുള്ള തീരുമാനം കൊച്ചിന്‍ മലബാര്‍ കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം എടുത്തു. തുടര്‍ന്ന് 2003ല്‍ വില്‍പനക്കായുള്ള പൊതുടെണ്ടര്‍ വെച്ചു. വില്‍പനയുടെ കണ്‍സള്‍ട്ടന്‍റായി കൈനടി ജോസ് എന്നൊരാളെ നിയോഗിച്ചു. എസ്റ്റേറ്റിെന്‍റ മുറിച്ച് വില്‍പനക്കുള്ള നടപടികളാരംഭിച്ചു. വില്‍പനാധികാരത്തിനുള്ള പൊതുലേലത്തില്‍ പി കെ സി അഹമ്മദുകുട്ടി, മുഹമ്മദാലി എന്നിവര്‍ പങ്കെടുത്തു. പി കെ സി അഹമ്മദുകുട്ടിക്ക് വില്‍പനാധികാരം കിട്ടി. പി കെ സിക്ക് ലേലം ഉറപ്പിച്ചതിനെതിരെ മുഹമ്മദാലി ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി ലേലം നടപടികള്‍ പി കെ സി അഹമ്മദുകുട്ടിക്ക് നല്‍കിയത് ശരിവെച്ചു. മുഹമ്മദാലി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും പി കെ സിക്ക് അനുകൂലമായി വിധി പ്രഖ്യാപിച്ചു. 2005ല്‍ കമ്പനി ആധാരം എഴുതി പവര്‍ ഓഫ് അറ്റോര്‍ണിയായി പി കെ സി അഹമ്മദുകുട്ടിക്ക് നല്‍കി. ഈ നാല് വര്‍ഷം നീണ്ടുനിന്ന വ്യവഹാര പ്രക്രിയക്കിടയില്‍ കിനാലൂരില്‍ ഭൂമിയുടെ വിലയും ഇടിഞ്ഞുകൊണ്ടിരുന്നു. കൊച്ചിന്‍ മലബാര്‍ കമ്പനിയിലെ ഡയറക്ടര്‍മാര്‍ തമ്മിലുള്ള കിടമല്‍സരവും ഈ ഭൂമി തട്ടിയെടുക്കുവാന്‍ തമ്മില്‍ മല്‍സരിക്കുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകളുമെല്ലാം ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂമി കൈമാറ്റം നടത്താന്‍ പറ്റാത്ത നിയമക്കുരുക്കിലെത്തിച്ചു. തൊഴിലാളികളുടെ നഷ്ടപരിഹാരമായി നല്‍കാന്‍ തീരുമാനിച്ച ഭൂമിയടക്കമുള്ളവയുടെ കൈമാറ്റത്തെയും രജിസ്ട്രേഷനെയും ഈയവസ്ഥ അനിശ്ചിതത്വത്തിലാക്കി. കമ്പനി ഡയറക്ടര്‍ തന്നെ കോടതി വഴി കമ്പനിയുടെ ഷെയര്‍ കൈമാറ്റം സ്റ്റേ ചെയ്യിച്ചു. പി കെ സി അഹമ്മദുകുട്ടിയുമായുള്ള എഗ്രിമെന്‍റ് ഉണ്ടാകുന്നതിന് തലേദിവസം കമ്പനി മാനേജ്മെന്‍റ് ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ഭൂമി പണയംവെച്ചു. എഗ്രിമെന്‍റില്‍ ഇക്കാര്യമോ കമ്പനിയുടെ ഇത്തരം ബാധ്യതകളോ സൂചിപ്പിച്ചിരുന്നില്ല. എഗ്രിമെന്‍റിെന്‍റ രജിസ്ട്രേഷന്‍ ഘട്ടത്തില്‍ നടത്തിയ പരിശോധനയിലൂടെയാണ് പണയകാര്യം വെളിവായത്. ഇതോടെ ഷെയര്‍ ഓണര്‍മാരുടെ സ്റ്റേയും കൂടിയായതോടെ വില്‍പന നീണ്ടുപോകുകയും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി തീരുമാനിച്ച ഭൂമിയുടെ രജിസ്ട്രേഷന്‍ നടക്കാതെയിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലായി. ട്രേഡ് യൂണിയനുകളുമായി കമ്പനി ഉണ്ടാക്കിയ ധാരണയനുസരിച്ച് 600 ഏക്കറോളം ഭൂമിയാണ് തൊഴിലാളികള്‍ക്ക് കൊടുക്കേണ്ടത്. ഈയൊരു സാഹചര്യത്തിലാണ് കെഎസ്ഐഡിസിയുടെ സ്ഥലത്തേക്ക് വ്യവസായ വികസനത്തിനായി റോഡ് വീതി കൂട്ടുന്ന വിഷയം ഉയര്‍ന്നുവന്നത്. തൊഴിലാളികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ഭൂമിയും കിനാലൂരില്‍ ചെറുകിട കൃഷിക്കാര്‍ വാങ്ങിച്ച ഭൂമിയും ഒഴിവാക്കി ബാക്കി ഭൂമി ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന സൂചനകള്‍ വന്നതോടെയാണ് സോളിഡാരിറ്റിയും മുസ്ലീംലീഗും കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്ന് കിനാലൂരില്‍ റോഡ് വികസനത്തിനെതിരെ സമരം നടത്തിയത്. ഇത് കിനാലൂര്‍ എസ്റ്റേറ്റ് ചുളുവിലക്ക് കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിക്കച്ചവടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരമായിരുന്നു. കിനാലൂര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന നയമായിരുന്നു ഭൂമാഫിയകള്‍ക്ക്. തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടം വഴിമുട്ടി പോകുന്നതിലെ പരിഭ്രാന്തിയായിരുന്നു കിനാലൂര്‍ പ്രശ്നം ഉയര്‍ത്തിയെടുക്കുവാന്‍ വലതുപക്ഷ ശക്തികളെ ഉപയോഗിച്ച് ഭൂമാഫിയകള്‍ പ്രകടിപ്പിച്ചത്. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന വിവരങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടുകളെ വ്യക്തമാക്കിത്തരുന്നതാണ്. ഈ വര്‍ഷം മാര്‍ച്ച് 20ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗമാണ് കിനാലൂര്‍ ഭൂമി വില്‍പനക്ക് ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. കൂലിക്കച്ചവടക്കാര്‍ കര്‍ഷകരെ മുമ്പില്‍ നിര്‍ത്തി പാണക്കാട് തങ്ങള്‍ വഴി നടത്തിയ വലിയ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ലീഗും കോണ്‍ഗ്രസ്സും കേരള കോണ്‍ഗ്രസ്സുമെല്ലാം ചേര്‍ന്നാണ് കിനാലൂര്‍ ഭൂമി ചുളുവിലക്ക് മുറിച്ചു വില്‍ക്കുവാന്‍ കളമൊരുക്കുന്നത്. മുമ്പ് കൃഷിക്കാര്‍ക്ക് കമ്പനി നല്‍കിയ 16 കോടിക്ക് പുറമെ 24 കോടിയും 2009 മുതല്‍ ഏഴ് ശതമാനം പലിശയും നല്‍കിയാല്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൈമാറാനാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തിന്റെ തീരുമാനം. കൂടാതെ ഭൂമിയും വിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസത്തിന് രജിസ്ട്രേഷന്‍ നികുതി ഒഴിവാക്കി കൊടുക്കും.

ഭൂമിവില തുച്ഛമാണെന്ന് മാത്രമല്ല സര്‍ക്കാരിന്റെ ഖജനാവിലേക്ക് വരേണ്ട ആദായ നികുതിയിലും വില്‍പന നികുതിയിലും വലിയ കുറവാണ് വരുന്നത്. കോടികള്‍ പൊതുഖജനാവിന് നഷ്ടപ്പെടുത്തി ഭൂമിക്കച്ചവടക്കാരെ സഹായിക്കുന്നു. ഇതിന് ന്യായമായി പറയുന്നത് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ രജിസ്ട്രേഷന്‍ ത്വരിതപ്പെടുത്താനാണെന്നാണ്. തൊഴിലാളി യൂണിയനുകളും കമ്പനിയുമായുള്ള ഒത്തുതീര്‍പ്പ് ധാരണയില്‍ ഭൂമിവിറ്റ് നഷ്ടപരിഹാരമായി നല്‍കേണ്ട ഭൂമിയുടെ (600 ഏക്കറോളം) രജിസ്ട്രേഷന്‍ നടത്താമെന്ന ഒരു വ്യവസ്ഥയുമില്ല. കിനാലൂര്‍ എസ്റ്റേറ്റ് മറിച്ച് വില്‍ക്കുവാന്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ തന്നെ ഇടപെട്ടിരുന്നതാണ്. തോട്ടങ്ങള്‍ മുറിച്ച് വിറ്റ് തൊഴിലാളികളെ വഴിയാധാരമാക്കുന്ന, കേരളത്തിന്റെ തോട്ട വ്യവസായത്തെ തന്നെ ഭൂമാഫിയകളുടെ കച്ചവട താല്‍പര്യങ്ങള്‍ക്ക് വിട്ടു കൊടുക്കുന്ന നയമാണ് യുഡിഎഫിന്റേത്. ഈ കച്ചവടത്തില്‍നിന്ന് കമ്മീഷന്‍ പറ്റുകയാണ് ലീഗ് നേതാക്കളും ചില കോണ്‍ഗ്രസ് നേതാക്കളും.

കിനാലൂര്‍ എസ്റ്റേറ്റ് വില്‍പനയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച മതിപ്പ് വിലയിലും 150 കോടി രൂപ കുറവിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി തന്നെ വിളിച്ചു ചേര്‍ത്ത യോഗം വില്‍പനാനുമതി നല്‍കിയിരിക്കുന്നത്. ഫെയര്‍ വാല്യു 195 കോടിയാണ് കണക്കാക്കിയിരുന്നത്. ഇപ്പോള്‍ 40 കോടിക്ക് എസ്റ്റേറ്റ് കൈമാറാനും മറിച്ചു വില്‍ക്കുവാനുമാണ് സര്‍ക്കാരിലെ ഉന്നതര്‍ പങ്കെടുത്ത യോഗം തന്നെ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍ മുഹമ്മദും ഷിബു ബേബിജോണും പങ്കെടുത്തു. 700 കോടി വിലയുള്ള എസ്റ്റേറ്റ് 40 കോടിക്ക് വില്‍ക്കുമ്പോള്‍ അതിലൂടെ ഒഴുകിമറിയുന്ന കമ്മീഷനും അഴിമതിയും ഊഹിക്കാവുന്നതേയുള്ളൂ. ഏക്കറിന് 2 ലക്ഷം രൂപയ്ക്കാണ് യഥാര്‍ത്ഥത്തില്‍ വില്‍പന നടന്നത്. കോടതിയില്‍ കൃഷിക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ ഏക്കറിന് 50 ലക്ഷം വിലയുണ്ടെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച ഭൂമി ഉമ്മന്‍ചാണ്ടി ചുളുവിലക്ക് വില്‍ക്കാന്‍ മുന്‍കൈ എടുക്കുന്നതിന് പിറകില്‍ മാഫിയാ താല്‍പര്യങ്ങളും വന്‍ അഴിമതിയുമാണുള്ളത്. തൊഴിലാളി താല്‍പര്യങ്ങളും കര്‍ഷക താല്‍പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് കിനാലൂര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ് വേണ്ടത് - അല്ലാതെ തൊഴിലാളി താല്‍പര്യത്തെ മറയാക്കിയും കര്‍ഷക പരിവേഷം നല്‍കി വന്‍കിട ഭൂവുടമകള്‍ക്ക് എസ്റ്റേറ്റ് തുച്ഛവിലക്ക് വില്‍ക്കുകയല്ല. കിനാലൂര്‍ എസ്റ്റേറ്റ് വില്‍പനക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരണം. ഭൂമിയും വിഭവങ്ങളും റിയല്‍ എസ്റ്റേറ്റിനും കുത്തകകള്‍ക്കും മാഫിയ മൂലധനശക്തികള്‍ക്കും കവര്‍ന്നെടുക്കുവാന്‍ കൂട്ടു നില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ജനങ്ങളെയാകെ അണിനിരത്തുന്ന സമരത്തിലൂടെയേ കേരളത്തിന്റെ സമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കാനാവൂ. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി കൊടുക്കുവാന്‍ ധാരണയായ ഭൂമി കഴിച്ച് ബാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാനുള്ള പ്രക്ഷോഭസമരങ്ങളാരംഭിക്കുവാനാണ് പാര്‍ടിയും തൊഴിലാളി-ബഹുജന സംഘടനകളും തീരുമാനിച്ചിട്ടുള്ളത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക 12 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള ഭൂമി വിവാദം കേരള സമൂഹത്തെ പിടിച്ചു കുലുക്കികൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി തന്നെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗ തീരുമാനപ്രകാരം കിനാലൂര്‍ എസ്റ്റേറ്റ് കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ 987.27 ഹെക്ടര്‍ റബ്ബര്‍ തോട്ടമാണ് ഭൂപരിഷ്കരണ നിയമത്തെപ്പോലും അട്ടിമറിച്ചുകൊണ്ട് വില്‍പനക്ക് കളമൊരുക്കിയിരിക്കുന്നത്. ദി കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ്സ് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ (ലിമിറ്റഡ്) കമ്പനിയുടെ ഉടമസ്ഥതയിലുള്ള 700 കോടി രൂപയുടെ വിലയുള്ള എസ്റ്റേറ്റാണ് 40 കോടി രൂപയ്ക്ക് വില്‍പന നടത്തുവാന്‍ തീരുമാനമായിരിക്കുന്നത്. എസ്റ്റേറ്റുടമകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് സര്‍ക്കാര്‍ വക്കീലന്മാരെ മാറ്റിക്കൊടുത്തും അവരുടെ വാദങ്ങളെ ദുര്‍ബലമാക്കുവാന്‍ പ്രേരിപ്പിച്ചും കേസുകള്‍ തോറ്റു കൊടുക്കുന്ന തന്ത്രം വഴിയാണ് സര്‍ക്കാര്‍ വന്‍കിട തോട്ടമുടമകളെയും ഭൂമാഫിയാകളെയും സഹായിച്ചുകൊണ്ടിരിക്കുന്നത്.