Saturday, November 13, 2010

ഒക്ടോബര്‍ വിപ്ളവത്തിന്റെ സന്ദേശം

സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും തൊഴിലാളിവര്‍ഗ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടതോടെ സോഷ്യലിസത്തിനെതിരെയുള്ള കടന്നാക്രമണം ലോകവ്യാപകമായി ശക്തിപ്പെട്ടിരിക്കുകയാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളും അവരുടെ ഭരണകൂടങ്ങളും അവരുടെ 'ബുദ്ധിജീവി' വിഭാഗവുമാണ് ഈ ആക്രമണങ്ങളുടെ മുന്‍നിരയില്‍ ഉള്ളത്. മുതലാളിത്ത ആശയങ്ങളുടെ സ്വാധീനത്തിലകപ്പെട്ട പെറ്റി ബൂര്‍ഷ്വാ വിഭാഗവും അത്തരം 'ബുദ്ധിജീവി'കളും സോഷ്യലിസത്തിനെതിരെയുള്ള നീക്കത്തില്‍ സോഷ്യലിസത്തിന്റെ ശത്രുക്കളോടൊപ്പം അണിനിരന്നിട്ടുണ്ട്.

സോഷ്യലിസ്റ്റ് സിദ്ധാന്തം അശാസ്ത്രീയവും കാലഹരണപ്പെട്ടതും അപ്രായോഗികവുമാണെന്ന് സോഷ്യലിസത്തെ എതിര്‍ക്കുന്ന മുകളില്‍ വിവരിച്ച വിഭാഗങ്ങള്‍ വിളിച്ചുകൂവി നടക്കുന്നു. സാമൂഹ്യ വീക്ഷണമോ കൂട്ടായ്മയോ വഴി പുരോഗതിയോ സാമൂഹ്യ സന്തുലനമോ കൈവരിക്കാനാവില്ലെന്നും സാമൂഹ്യവളര്‍ച്ചയ്ക്ക് അടിസ്ഥാനം കിടമത്സരവും വ്യക്തികളുടെ അത്യാര്‍ത്തിയുമാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. മനുഷ്യസമൂഹത്തിന്റെ പുരോഗതി മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലും ലിബറല്‍ ജനാധിപത്യത്തിലും അവസാനിക്കുന്നു എന്ന് വിശ്വസിപ്പിക്കാനാണവര്‍ ശ്രമിക്കുന്നത്. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ദേശീയ വിമോചനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി നടക്കുന്ന സമരങ്ങള്‍ വൃഥാവിലാകുമെന്നും അതിന് മെനക്കെട്ട് ജീവിതം നശിപ്പിക്കേണ്ടതില്ലെന്നും അവര്‍ ഉപദേശം നല്‍കുന്നു. കിടമത്സരത്തിലൂടെ തന്‍കാര്യം നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അന്നന്നുള്ള കാര്യങ്ങള്‍ നോക്കി നേടാനുള്ളത് നേടുകയാണ് സര്‍വ പ്രധാനമെന്നും അവര്‍ ഉപദേശിക്കുന്നു. മഹത്തായ ഒക്ടോബര്‍ വിപ്ളവം വമ്പന്‍ പരാജയമായിരുന്നുവെന്നും സോഷ്യലിസത്തിന്റെ ശത്രുക്കളായ അവര്‍ പുരപ്പുറത്ത് കയറിനിന്ന് അട്ടഹസിക്കുന്നു. സോവിയറ്റ് യൂണിയന്‍ ശിഥിലമായതിനും സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടതിനും കാരണം അതാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മഹത്തായ ഒക്ടോബര്‍ വിപ്ളവത്തെയും അതിന്റെ നേട്ടങ്ങളെയും നിസ്സാരവല്‍ക്കരിക്കാന്‍ മുതലാളിത്തത്തിന്റെ ദല്ലാളന്മാര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ വിപ്ളവത്തിന്റെ മഹത്തായ നേട്ടങ്ങളെ ആര്‍ക്കും മറച്ചുപിടിക്കാനാവില്ല. സാമൂഹിക പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പോരാടുന്ന തൊഴിലാളി വര്‍ഗത്തിനും മറ്റ് പുരോഗമന ജനാധിപത്യശക്തികള്‍ക്കും മഹത്തായ ഒക്ടോബര്‍ വിപ്ളവവും അതിന്റെ നേട്ടങ്ങളും എപ്പോഴും ആവേശം പകരുന്നു. സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും തൊഴിലാളിവര്‍ഗ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടതും മുതലാളിത്തത്തിന്റെ പുന:സ്ഥാപനം നടക്കുന്നതും സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെ ഏതെങ്കിലും ദൌര്‍ബല്യം കൊണ്ട് സംഭവിച്ച കാര്യങ്ങളല്ല. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ മനുഷ്യസമൂഹത്തിന്റെ വികാസ ചരിത്രത്തില്‍ പുതുതായി കെട്ടിപ്പടുത്ത ഒന്നായിരുന്നു. ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുത്ത് വളര്‍ത്തിക്കൊണ്ടുവരുമ്പോള്‍, കഴിഞ്ഞകാല അനുഭവങ്ങളോ അതില്‍നിന്നുള്ള പാഠങ്ങളോ വഴികാട്ടാനില്ലാതെ വരുമ്പോള്‍, ചില ദൌര്‍ബല്യങ്ങളും പിശകുകളും ഉണ്ടായെന്ന് വരാം. തൊഴിലാളിവര്‍ഗ ഭരണകൂടങ്ങള്‍ക്കെതിരെ ശത്രുവര്‍ഗം നടത്തിയ അട്ടമിറി നീക്കങ്ങള്‍ വിജയിക്കാനും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ തടയാനും ശത്രുക്കള്‍ക്ക് കഴിഞ്ഞത് സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുത്തവര്‍ക്ക് സംഭവിച്ച ഇത്തരം പിശകുകളും അവര്‍ സ്വീകരിച്ച ചില അശാസ്ത്രീയമായ സമീപനങ്ങളുമാണ്. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ച ഒരുകാലത്തും ഋജുരേഖയിലൂടെ അടിവെച്ചടിവെച്ചുള്ള പുരോഗതി ആയിരുന്നില്ല. മുന്നോട്ടുള്ള കുതിച്ചുചാട്ടങ്ങളും തിരിച്ചടികളും പിന്നോക്കം പോക്കും ചരിത്രത്തിലുടനീളം കാണാനാവും. ഇതെല്ലാം നടക്കുന്നതിനിടയിലും സമൂഹം വികാസവും പുരോഗതിയും നേടിക്കൊണ്ടിരിക്കും. ഉണ്ടായ അനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ച് പുതിയ മുന്നേറ്റത്തിനുള്ള കരുത്താര്‍ജിക്കുകയാണ് ശരിയായ സമീപനം. സിപിഐ എം അടക്കം ശാസ്ത്രീയ സോഷ്യലിസത്തിന്റെ സിദ്ധാന്തത്തെ ആധാരമാക്കി ലോകസംഭവങ്ങളെ വിലയിരുത്തുന്ന കമ്യൂണിസ്റ്റ് പാര്‍ടികള്‍ ചെയ്യുന്നത് അതാണ്.

മഹത്തായ ഒക്ടോബര്‍ വിപ്ളവം ലോകചരിത്രത്തില്‍ അതുവരെ നടന്ന വിപ്ളവങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരായ തൊഴിലാളികളും അധ്വാനിക്കുന്ന കര്‍ഷക ജനവിഭാഗങ്ങളും ഒക്ടോബര്‍ വിപ്ളവത്തെ തുടര്‍ന്ന് ഭരണാധികാരം ഏറ്റെടുത്തു. അധികാര പ്രാപ്തിയെ തുടര്‍ന്ന് അവര്‍ എല്ലാ വിധത്തിലുള്ള അടിച്ചമര്‍ത്തലും ചൂഷണവും അവസാനിപ്പിക്കാന്‍ നീങ്ങി. പുതിയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ നടപടികള്‍ ആരംഭിച്ചു. സോവിയറ്റ് ജനത വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സാമ്പത്തിക-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളില്‍ വമ്പിച്ച പുരോഗതി കൈവരിച്ചു. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളെയും പിടിച്ചുകുലുക്കിയ ഒന്നായിരുന്നു 1930 കളില്‍ ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധി. സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്തുകൊണ്ടിരുന്ന സോവിയറ്റ് യൂണിയനെ സാമ്പത്തിക പ്രതിസന്ധി ഒട്ടും ബാധിച്ചില്ല. മറ്റ് രാജ്യങ്ങള്‍ കാര്‍ഷികവും വ്യാവസായികവുമായ വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ സോവിയറ്റ് യൂണിയന്‍ എല്ലാ മേഖലകളിലും തുടര്‍ച്ചയായ വികാസവും പുരോഗതിയും കൈവരിച്ചു. സോവിയറ്റ് ജനത നേടിയ നേട്ടങ്ങള്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ മെച്ചവും പ്രത്യേകതയും ഉയര്‍ത്തിക്കാട്ടി. രണ്ടാം ലോകമഹായുദ്ധകാലത്ത് കടന്നാക്രമണം നടത്തിക്കൊണ്ട് സോവിയറ്റ് യൂണിയനിലേക്ക് തള്ളിക്കയറി വന്ന ജര്‍മന്‍ പടയെ സോവിയറ്റ് ജനത ചെറുത്തു പരാജയപ്പെടുത്തി. ജര്‍മന്‍ സേനയുടെ കടന്നാക്രമണത്തിന്റെ ഫലമായി രണ്ട് കോടിയിലേറെ പേര്‍ സോവിയറ്റ് യൂണിയനില്‍ മരണപ്പെടുകയും ഒരു കോടിയിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വസ്തുവകകള്‍ക്കും വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. യുദ്ധം അടിച്ചേല്‍പ്പിച്ച നാശനഷ്ടങ്ങളില്‍നിന്ന് സോവിയറ്റ് ജനത ഉയര്‍ത്തെഴുന്നേറ്റ് മുന്നോട്ടുനീങ്ങി. സമസ്ത മേഖലകളിലും സോവിയറ്റ് യൂണിയന്‍ വലിയ പുരോഗതി കൈവരിച്ചു. ലോകത്തിലെ ഒന്നാംനിര രാജ്യങ്ങളിലൊന്നായി സോവിയറ്റ് യൂണിയന്‍ വളര്‍ന്ന് ശക്തിപ്പെട്ടു.

സോവിയറ്റ് യൂണിയനിലെ തൊഴിലാളിവര്‍ഗ ഭരണകൂടം സാമൂഹ്യക്ഷേമ രംഗത്ത് വിപ്ളവകരമായ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ സംവിധാനവും പൊതുജനാരോഗ്യ സംവിധാനവും വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തതിന് പുറമെ ഒട്ടേറെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ നടപ്പാക്കി. സാമാന്യജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഈ നടപടികള്‍ സഹായിച്ചു. സോവിയറ്റ് യൂണിയനിലെ തൊഴിലാളിവര്‍ഗ ഭരണകൂടം സ്വീകരിച്ച സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളും ആവശ്യപ്പെടാന്‍ തുടങ്ങി. ചില പദ്ധതികള്‍ നടപ്പാക്കാന്‍ മുതലാളിത്ത രാജ്യങ്ങളും നിര്‍ബന്ധിക്കപ്പെട്ടു. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഫലമായി മുതലാളിത്ത രാജ്യങ്ങളില്‍ ഇത്തരം സാമൂഹ്യക്ഷേമ പദ്ധതികള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്.

രണ്ടാം ലോകമഹായുദ്ധത്തില്‍ ഫാസിസത്തിനേല്‍പ്പിച്ച പരാജയവും സോവിയറ്റ്യൂണിയന്റെ വിജയവും കരുത്താര്‍ജിക്കലും ലോക സ്ഥിതിഗതികളില്‍ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കി. ദേശീയ സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി സമരം ചെയ്യുന്ന ശക്തികള്‍ക്ക് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ പുതിയ സാഹചര്യങ്ങള്‍ അവസരം നല്‍കി. കൊളോണിയല്‍ ജനാധിപത്യത്തില്‍ കഴിഞ്ഞ ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ കൊളോണിയല്‍ ആധിപത്യം അവസാനിപ്പിച്ച് ദേശീയ സ്വാതന്ത്യ്രം നേടി. ഇങ്ങനെ കൊളോണിയല്‍ ആധിപത്യം അവസാനിപ്പിച്ച് ദേശീയസ്വാതന്ത്യ്രം നേടുന്നതിനും ജനാധിപത്യം വികസ്വരമാക്കുന്നതിനും ഒക്ടോബര്‍ വിപ്ളവം നല്‍കിയ സംഭാവന മായ്ക്കാനോ മറക്കാനോ ആവാത്തതാണ്. പുതുതായി സ്വാതന്ത്യ്രം നേടിയ രാജ്യങ്ങള്‍ക്ക് സോവിയറ്റ് യൂണിയന്‍ ഉദാരമായ സഹായങ്ങളും നല്‍കി. ഈ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി ഒട്ടേറെ രാജ്യങ്ങള്‍ കാര്‍ഷിക-വ്യാവസായിക മേഖലകളിലും ശാസ്ത്ര-സാങ്കേതിക രംഗത്തും പുരോഗതി കൈവരിച്ചു. പഴയ കൊളോണിയല്‍ മേധാവികളുടെ തിരിച്ചുവരവിനെ ചെറുക്കാന്‍ പുതുതായി സ്വാതന്ത്യ്രം നേടിയ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഈ നടപടികള്‍ കെല്‍പ്പ് നല്‍കി. ചൈനയും വിയറ്റ്നാമും ക്യൂബയും അടക്കമുള്ള രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വിജയകരമായ വിപ്ളവങ്ങള്‍ നടന്നതിലും ഈ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും ഒക്ടോബര്‍ വിപ്ളവത്തിന്റെയും സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ നേടിയ നേട്ടങ്ങളുടെയും സംഭാവന വലുതാണ്.

മുതലാളിത്ത വ്യവസ്ഥയാണ് മനുഷ്യസമൂഹത്തിന്റെ വികാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമെന്നും സാമ്പത്തിക വികാസം ഉയര്‍ത്തുന്ന എല്ലാ ആവശ്യങ്ങള്‍ക്കും പരിഹാരം കാണാന്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്ക് കഴിയുമെന്നും മുതലാളിത്തത്തിന്റെ പണ്ഡിതന്മാരും രാഷ്ട്രമീംമാംസകരും അഭിമാനപുരസരം അവകാശപ്പെടുന്ന അവസരത്തിലാണ് മുതലാളിത്ത ലോകത്തെ ആകെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധി സംഭവിച്ചത്. മുതലാളിത്തലോകത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെയും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെയും സഹജമായ ദൌര്‍ബല്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയ്ക്ക് ഒരിക്കലും കഴിയുകയില്ല. ഒരു പ്രതിസന്ധിയില്‍നിന്ന് മറ്റൊരു പ്രതിസന്ധിയിലേക്കുള്ള പ്രയാണമാണ് മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍ എല്ലാ കാലത്തും നടക്കുന്നത്. നിരവധി ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ഓരോ പ്രതിസന്ധിയും തകര്‍ത്തിട്ടുണ്ട്. ദാരിദ്യ്രവും തൊഴിലില്ലായ്മയും മുതലാളിത്ത വ്യവസ്ഥയ്ക്ക് പരിഹരിക്കാനാവില്ലെന്ന് മാത്രമല്ല, മുതലാളിത്ത വ്യവസ്ഥയാണ് അവയെ സൃഷ്ടിക്കുന്നതെന്നും അനുഭവങ്ങള്‍ വീണ്ടും തെളിയിക്കുന്നു. ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്ത സമ്പദ്വ്യവസ്ഥ യുദ്ധങ്ങളും കടന്നാക്രമണങ്ങളും നടത്തിയാണ് നിലനില്‍ക്കുന്നതും വളരുന്നതും. മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കാതെ ഇത്തരം വിപത്തുകളില്‍നിന്ന് മനുഷ്യസമൂഹത്തിന് കരകയറാനാവില്ലെന്ന് ഒക്ടോബര്‍ വിപ്ളവത്തിന്റെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു.

സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കും എതിരെ ലോകത്ത് ഇന്ന് വ്യത്യസ്ത സ്വഭാവത്തിലുള്ള സമരങ്ങള്‍ വളര്‍ന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സായുധ സമരങ്ങളും ബഹുജനങ്ങളുടെ സമരങ്ങളും രാഷ്ട്രീയമാറ്റങ്ങളും ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ശക്തിപ്പെടുന്നു. അമേരിക്കന്‍ സാമ്രാജ്യത്വമേധാവിത്വത്തിനെതിരെയും നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വളര്‍ന്നുവന്ന ബഹുജന സമരങ്ങള്‍ കരുത്താര്‍ജിച്ചാണ് ലാറ്റിന്‍ അമേരിക്കയിലെ നിരവധി രാജ്യങ്ങളില്‍ പുരോഗമന ജനാധിപത്യ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നത്. നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനവിഭാഗങ്ങളുടെയും സമരങ്ങളും വിവിധ രാജ്യങ്ങളില്‍ വളര്‍ന്നുവരുന്നു. പല വികസിത മുതലാളിത്ത രാജ്യങ്ങളിലും ഇത്തരം സമരങ്ങള്‍ ശക്തിപ്പെട്ടുവരുന്നുണ്ട്.

അടിച്ചമര്‍ത്തലും ചൂഷണവും അവസാനിപ്പിക്കുന്നതിനും സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും ചൂഷക വര്‍ഗത്തിന്റെ അധികാര കുത്തക തകര്‍ത്ത് തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളുടെയും ഭരണകൂടം സ്ഥാപിക്കേണ്ടതുണ്ടെന്ന് ഒക്ടോബര്‍ വിപ്ളവാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തമായ ലക്ഷ്യബോധത്തോടെ സംഘടിതമായി നീങ്ങാതെ ഈ മാറ്റം കൈവരിക്കാനവില്ല. മുതലാളിത്തത്തിന്റെ ദല്ലാളന്മാര്‍ എന്തെല്ലാം കള്ളപ്രചാരവേല നടത്തിയാലും ജീവിതാനുഭവങ്ങളില്‍നിന്നും ചരിത്രസംഭവങ്ങളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനും സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാനും ജനങ്ങള്‍ മുന്നോട്ടുവരും. മഹത്തായ ഒക്ടോബര്‍ വിപ്ളവത്തിന്റെ സന്ദേശം അടിച്ചമര്‍ത്തലിനും ചൂഷണത്തിനും വിധേയരായ ജനങ്ങളെയാകെ ആവേശഭരിതരാക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.

*
എസ് രാമചന്ദ്രന്‍ പിള്ള കടപ്പാട്: ചിന്ത വാരിക 12 നവംബര്‍ 2010

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും തൊഴിലാളിവര്‍ഗ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടതോടെ സോഷ്യലിസത്തിനെതിരെയുള്ള കടന്നാക്രമണം ലോകവ്യാപകമായി ശക്തിപ്പെട്ടിരിക്കുകയാണ്. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗങ്ങളും അവരുടെ ഭരണകൂടങ്ങളും അവരുടെ 'ബുദ്ധിജീവി' വിഭാഗവുമാണ് ഈ ആക്രമണങ്ങളുടെ മുന്‍നിരയില്‍ ഉള്ളത്. മുതലാളിത്ത ആശയങ്ങളുടെ സ്വാധീനത്തിലകപ്പെട്ട പെറ്റി ബൂര്‍ഷ്വാ വിഭാഗവും അത്തരം 'ബുദ്ധിജീവി'കളും സോഷ്യലിസത്തിനെതിരെയുള്ള നീക്കത്തില്‍ സോഷ്യലിസത്തിന്റെ ശത്രുക്കളോടൊപ്പം അണിനിരന്നിട്ടുണ്ട്.

മലമൂട്ടില്‍ മത്തായി said...

Wake up Mr. Pillai, USSR (The Soviet Union) does not exist any more. So the revolution and its memories are just that - memories.

Well for a party which in 2010 is only starting to analyze why it sat out of the Indian freedom struggle of 1940s, there is still time left to live in the delusion of the World wide revolution and rule of the proletariat. This in the time when Castro's Cuba has left Millions of state workers on the road side (Their solution - let them start private enterprise).

Jack Rabbit said...

സോവിയറ്റ് യൂണിയനിലെയും കിഴക്കന്‍ യൂറോപ്പിലെയും തൊഴിലാളിവര്‍ഗ ഭരണകൂടങ്ങള്‍ അട്ടിമറിക്കപ്പെട്ടതോടെ സോഷ്യലിസത്തിനെതിരെയുള്ള കടന്നാക്രമണം ലോകവ്യാപകമായി ശക്തിപ്പെട്ടിരിക്കുകയാണ്.

It looks like the author wants the reader to believe as if it were a military coup. Only in Romania, the govt was overthrown in a violent manner. Nothing much to say on the rest which is a glorified account overlooking Stalinist purges, Famine in Ukraine, pre-world war II Nazi-Communist pact, how soviet union treated the Warsaw pact nations with iron hand, bad economic planning etc.

The author should read Last Exit to Utopia: The Survival of Socialism in a Post-Soviet Era by Jean Francois Revel to get a reality check.