Sunday, May 29, 2011

ചില്ലറവിപണി അടുത്തവര്‍ഷം മുതല്‍ വിദേശകുത്തകകള്‍ക്ക്

രാജ്യത്തെ ചില്ലറവില്‍പ്പന മേഖലയില്‍ അടുത്ത സാമ്പത്തികവര്‍ഷംമുതല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ . 2012 ഏപ്രില്‍ മുതല്‍ ചില്ലറ വില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാന്‍ നടപടി തുടങ്ങി. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വാണിജ്യസഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ ചിന്തിക്കുന്നതിനപ്പുറം സര്‍ക്കാര്‍ നീങ്ങിക്കഴിഞ്ഞുവെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഇത് ഇന്ത്യക്ക് വലിയൊരു അവസരമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ചില്ലറവില്‍പ്പനരംഗത്തേക്ക് ബഹുരാഷ്ട്രകുത്തകക്കമ്പനികളെ അനുവദിക്കണമെന്ന് വിവിധ മന്ത്രാലയങ്ങളുടെ സംയുക്തസമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചതിനുപിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍ . കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസുവിന്റെ നേതൃത്വത്തിലുള്ള സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നാണ് ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. നിര്‍ദേശം ചര്‍ച്ചചെയ്യുംമുമ്പേ മന്ത്രി നടത്തിയ പ്രസ്താവന വ്യക്തമാക്കുന്നത് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയെന്നാണ്. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിച്ചാല്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയും ഉപഭോക്താക്കള്‍ നല്‍കുന്ന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കാമെന്ന വാദവും മന്ത്രാലയ സമിതി മുന്നോട്ടുവച്ചിരുന്നു.

നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളില്‍ 51 ശതമാനം വിദേശനിക്ഷേപം മാത്രമാണ് ഇന്ത്യ അനുവദിച്ചത്. അടുത്ത വര്‍ഷംമുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും ചില്ലറവിപണി രംഗത്ത് വിദേശനിക്ഷേപം അനുവദിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വാള്‍മാര്‍ട്ട്, കാരിഫോര്‍ തുടങ്ങിയ ബഹുരാഷ്ട്രകുത്തകകളാണ് ഇന്ത്യയിലേക്ക് പ്രവേശനം കാത്തുകഴിയുന്നത്. അനുമതി ലഭിച്ചാലുടന്‍ വ്യാപാരം തുടങ്ങാവുന്ന വിധത്തില്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയിലെ പല ഭാഗങ്ങളിലും കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. വിദേശകുത്തകകള്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് ആധുനിക സാങ്കേതികവിദ്യ കൂടുതല്‍ ലഭ്യമാകുകയും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിലകിട്ടുകയും ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ , വിപണിയാകെ കൈയടക്കുന്ന ബഹുരാഷ്ട്രകുത്തകകള്‍ അവശ്യ സാധനങ്ങള്‍ക്ക് വില തീരുമാനിക്കുന്നതോടെ വന്‍ വിലക്കയറ്റമാകും ഉണ്ടാകുക. മാത്രമല്ല രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട കച്ചവടക്കാര്‍ വഴിയാധാരമാകുകയും ചെയ്യും.

ശക്തമായി എതിര്‍ക്കും: സിപിഐ എം

ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഐ എം വ്യക്തമാക്കി. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ കുത്തകകളെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര കുത്തകകളുടെ കടന്നുവരവോടെ വിതരണശൃംഖലയുടെ കാര്യക്ഷമത വര്‍ധിക്കുമെന്നും കൃഷിയിടത്തിലെയും വിപണിയിലെയും വില തമ്മിലുള്ള അന്തരം കുറയുമെന്നുമുള്ള വാദം അടിസ്ഥാനരഹിതമാണ്.

ബഹുരാഷ്ട്ര കുത്തകകളെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഒരിക്കലും ഫലപ്രദമാകില്ലെന്നാണ് അന്താരാഷ്ട്ര അനുഭവങ്ങള്‍ തെളിയിക്കുന്നത്. കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും മേല്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൂടുതല്‍ നിയന്ത്രണം നേടുകയാണ്. താല്‍പ്പര്യത്തിനനുസരിച്ച് വിലയില്‍ കൃത്രിമം വരുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല, ലക്ഷക്കണക്കിനു ചെറുകിട അസംഘടിത ചില്ലറവ്യാപാരികളുടെ ജീവനോപാധി ഇല്ലാതാകുകയുംചെയ്യും.

ബഹുരാഷ്ട്ര കുത്തകള്‍ക്ക് അനുകൂലമായ നവഉദാര ചട്ടക്കൂടിന്റെ മറ്റൊരുദാഹരണമായി പുതിയ നീക്കത്തെ കാണാം. ഇത് രാജ്യത്തെ സാധാരണക്കാരെ അങ്ങേയറ്റം ദോഷകരമായി ബാധിക്കും. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണമെന്നും ഭക്ഷ്യധാന്യങ്ങള്‍ ദരിദ്രര്‍ക്ക് വിതരണംചെയ്യണമെന്നുമുള്ള സുപ്രീംകോടതി നിര്‍ദേശംപോലും മന്ത്രാലയസമിതി അംഗീകരിച്ചില്ലെന്നത് ഞെട്ടിക്കുന്നതാണ്. വില നിയന്ത്രിക്കുന്നതില്‍ അങ്ങേയറ്റം ഗുണകരമായ നടപടിയാകുമായിരുന്നു ഇത് നടപ്പാക്കിയിരുന്നെങ്കില്‍ . കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, സംഭരണ- ഗതാഗത രംഗങ്ങളില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക തുടങ്ങി ഭക്ഷ്യവിലവര്‍ധന നിയന്ത്രിക്കുന്നതിന് സഹായകമായ നടപടികളൊന്നും സമിതി മുന്നോട്ടുവച്ചില്ലെന്നതും ഖേദകരമാണ്. പൊതുവിതരണം ശക്തിപ്പെടുത്തുക, അവശ്യവസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കുക തുടങ്ങിയ നടപടിയും മന്ത്രാലയ സമിതി അവഗണിച്ചു. ഈ പിന്തിരിപ്പന്‍ നടപടിക്കെതിരെ മറ്റ് രാഷ്ട്രീയപാര്‍ടികളും സംഘടനകളും മുന്നോട്ടുവരണമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ചില്ലറ വ്യാപാരരംഗം : കേന്ദ്രത്തിന്റെ ചതിക്കെതിരെ ജനകീയ പ്രക്ഷോഭമുയരണം

രാജ്യത്തെ ചില്ലറ വ്യാപാരരംഗം ആഗോള കുത്തകകള്‍ക്ക് തുറന്നുകൊടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഏതുവിധത്തിലും എതിര്‍ക്കപ്പെടേണ്ടതാണ്. ആഗോള ഭീമന്‍മാര്‍ക്ക് കടന്നുവരാന്‍ പരവാതാനി ഒരുക്കുന്ന മന്‍മോഹന്‍ സിംഗിനും കൂട്ടര്‍ക്കും രാജ്യത്തെ കോടിക്കണക്കിനു വരുന്ന പട്ടിണിപ്പാവങ്ങളോട് പറയാനുള്ള ന്യായം നിത്യോപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ്. ഇതില്‍പ്പരം ഒരു വഞ്ചനയില്ല. വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരയ്‌ക്കൊപ്പം ഓടുകയും ചെയ്യുന്ന ചതി. ഈ ചതിക്കെതിരെ രാജ്യത്തെ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്തു വരേണ്ടതുണ്ട്.

ആഗോള കുത്തകകള്‍ നല്‍കുന്ന മുപ്പതു വെള്ളിക്കാശിനു രാജ്യത്തെ കോടിക്കണക്കിന് വരുന്ന ദരിദ്രനാരാണന്‍മാരായ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും ലാഭക്കൊതിയന്‍മാരുടെ ദംഷ്ട്രങ്ങകള്‍ക്കിരയാക്കുക. ഇതില്‍പ്പരം ചതി മറ്റെന്താണുള്ളത്. യു പി എ സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹപരമായ നടപടികള്‍ക്കെതിരെ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ ആദ്യം മുതലേ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന കാലത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളിക്കളായന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്റിലെ ഇപ്പോഴത്തെ ഭൂരിപക്ഷത്തിന്റെ ധിക്കാരത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആഗോള കുത്തകകള്‍ക്ക് രാജ്യത്തെ ചില്ലറ വില്‍പ്പന മേഖല തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ്.

കുത്തക ഭീമന്‍മാരുടെ കടന്നുവരവ് നമ്മുടെ കാര്‍ഷിക മേഖലയെയും ചെറുകിട വ്യാപാര മേഖലയെയും നാശത്തിലേക്കാവും കൊണ്ടെത്തിക്കുക. ചെറുകിട കച്ചവടം കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വ്യാപാരിയുടെ അത്താഴപ്പാത്രത്തില്‍ മണ്ണിടുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്ക് ഇതുവഴി തടയിടാന്‍ കഴിയുമെന്ന് കേന്ദ്രത്തിന്റെ വാദം തട്ടിപ്പാണ്. വിദേശകുത്തകകള്‍ വരുന്നത് ലാഭം കൊയ്യാനാണ്. അല്ലാതെ നമ്മുടെ നന്മയ്ക്കല്ല. രാജ്യത്തെ കാര്‍ഷിക സമ്പത്ത് വന്‍കുത്തകകള്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ പോലും വാള്‍മാര്‍ട്ടിനു കച്ചവടം തുടങ്ങാന്‍ അവിടുത്തെ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.

കുത്തകകളുടെ കടന്നുകയറ്റം ഇന്ത്യയിലെ അഞ്ച് കോടിയലധികം വരുന്ന പാവപ്പെട്ട വ്യാപാരികളെയാണ് ആത്മഹത്യയിലേക്ക് നയിക്കുക. ഇപ്പോള്‍ തന്നെ ഡല്‍ഹിയിലെ ജനവാസ കേന്ദ്രങ്ങളില്‍ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ അനുവദിക്കുന്നില്ല. ഉള്ളവ തന്നെ പൊളിച്ച് മാറ്റുകയാണ്. അത്യാവശ്യത്തിന് ഒരു പേന വാങ്ങണമെങ്കില്‍ പോലും ഓട്ടോറിക്ഷ പിടിച്ച് അടുത്ത മാള് തേടി പോകേണ്ട സാഹചര്യമാണ്. ഇതൊരു സൂചകമാണ്. ഇന്ന് ഡല്‍ഹിയില്‍. നാളെ അത് നമ്മുടെ തൊട്ടടുത്ത നഗരത്തെയും വിഴുങ്ങുന്ന അവസ്ഥയിലേക്കാവും കാര്യങ്ങളുടെ പോക്ക്. ഇത്തരം ഒരു സാഹചര്യം ദോഷകരമായി ബാധിക്കാന്‍ പോകുന്നത് നമ്മുടെ സാമൂഹ്യ ജീവിത്തത്തെമാത്രമല്ല, വ്യക്തി ജീവിതത്തെക്കൂടിയാണ്.

കേരളത്തിലെ കാര്യമെടുത്താലും സ്ഥിതി മറിച്ചല്ല. കേന്ദ്ര സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും നടപ്പാക്കുക. കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിമാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച തീരുമാനങ്ങള്‍ അതീവ ആശങ്കയോടെ വേണം കാണാന്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്ന തീരുമാനം ഏറെ ആശങ്കയുണര്‍ത്തുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരില്‍ 90 ശതമാനവും പാവങ്ങളാണ്. ഇനി അവര്‍ക്ക് ആശുപത്രികളിലെത്തി ഡോക്ടര്‍മാരെ കാണണമെങ്കില്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ട ഗതികേടാണ് സംഭവിക്കാന്‍ പോകുന്നത്. ഇതു തന്നെയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട വ്യാപാരികളുടെയും ഭാവി. ചെറുകിട വ്യാപാര മേഖലയ്ക്ക് ദോഷകരമാകുന്ന കേന്ദ്ര തീരുമാനത്തിനെതിരെ ചെറുകിട വ്യാപാരികള്‍ പ്രക്ഷോഭത്തിന് തയ്യാറാകുകയാണ്. കഴിഞ്ഞ കാലങ്ങള്‍ പോലെ തന്നെ വരുംദിനങ്ങളിലും കേരളത്തിലെ വ്യാപാരികള്‍ കുത്തകകളുടെ കടന്നു വരവിനെതിരെ സമരവുമായി രംഗത്തുണ്ടാകും.

*****

ബിന്നി ഇമ്മട്ടി

1 comment:

വര്‍ക്കേഴ്സ് ഫോറം said...