Monday, August 1, 2011

ആഗസ്റ്റ് 5ന്റെ ബാങ്ക് പണിമുടക്ക് ദേശസ്നേഹ പ്രേരിതം

2011 ആഗസ്റ്റ് 5ന് വീണ്ടും ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കുകയാണ്. ഒന്‍പത് സംഘടനകളുടെ ഐക്യവേദിയാണ് പണിമുടക്കാഹ്വാനം നല്‍കിയിട്ടുള്ളത്. ഐ.എന്‍ .ടി.യു.സി.യുടെയും ബി.എം.എസിന്റെയും രണ്ടുവീതം ഘടകയൂണിയനുകളും ഐക്യവേദിയില്‍പെടും. ഈ പണിമുടക്ക് സേവന, വേതന വ്യവസ്ഥകള്‍ക്കുവേണ്ടിയല്ല. ബാങ്ക് സ്വകാര്യവത്കരണത്തെയും ലയനങ്ങളേയും പുറംപണി കരാറുകളെയും ജീവനക്കാര്‍ എതിര്‍ക്കുന്നു. ഗ്രാമോദ്ധാരണത്തിന്റെ പേരില്‍ വ്യവസായികള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങളെയും ജീവനക്കാര്‍ ശക്തിയുക്തം എതിര്‍ക്കുന്നു. ഒരു സ്വതന്ത്ര, നിക്ഷ്പക്ഷ ഏജന്‍സി വഴി നിയമനം നടത്തുക, മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുക, ഗ്രാമീണ ബാങ്കുകളുടെ ലക്ഷ്യവും സ്വത്വവും നിലനിര്‍ത്താന്‍ നാഷണല്‍ റൂറല്‍ ബാങ്ക് സ്ഥാപിക്കുക, സഹകരണമേഖലയെ ആദായനികുതിയില്‍ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിനാധാരമായി ഉന്നയിക്കുന്നുണ്ട്.

2011 മാര്‍ച്ച് മാസം പാര്‍ലമെന്റ് മുമ്പാകെ ചില സുപ്രധാന ബില്ലുകള്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ . രണ്ട്, പി.എഫ്.ആര്‍ .ഡി.എ. ബില്‍ . ആദ്യത്തെ ബില്‍ മുഖേന നിലവിലുള്ള വിവിധ ബാങ്കിംഗ് നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ്. ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിലെ (1949) 12(2) വകുപ്പിന്റെ ഭേദഗതി വഴി സ്വകാര്യബാങ്കുകളില്‍ ഓഹരി ഉടമകള്‍ക്ക് ആനുപാതിക വോട്ടവകാശം ലഭിക്കും. വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ പരിധികൂടി നീക്കം ചെയ്യുമ്പോള്‍ സ്വകാര്യ ബാങ്കുകളെ വിദേശികള്‍ക്ക് സ്വന്തമാക്കാന്‍ ഈ വ്യവസ്ഥ സഹായകമാകും. 1970-ലെ ബാങ്കുദേശസാല്‍കരണ നിയമഭേദഗതിയിലൂടെ പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിയുടമകളുടെ വോട്ടവകാശ പരിധി ഒരു ശതമാനത്തില്‍നിന്ന് പത്തു ശതമാനമാക്കി ഉയര്‍ത്തും. പൊതുമേഖലാ ബാങ്കുകളുടെ 67% ഓഹരികളും വില്‍ക്കുമെന്ന് മൊണ്ടെക് സിങ് അലുവാലിയ ഈയിടെ പ്രഖ്യാപിച്ചുകഴിഞ്ഞു. പാശ്ചാത്യ നാടുകളില്‍ പരീക്ഷിച്ചു പരാജയപ്പെട്ട നിഴല്‍ ബാങ്കിംഗിലേക്കുള്ള കുതിച്ചോട്ടമാണിത്. കടിഞ്ഞാണില്ലാത്ത ചൂതാട്ട ബാങ്കിംഗ് തടഞ്ഞേ പറ്റൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വാശ്രയ പെന്‍ഷന്‍ പി.എഫ്.ആര്‍ .ഡി.എ. ബില്‍ , പെന്‍ഷന്‍ ബാധ്യതയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റമാണ്. നിലവിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ക്കെല്ലാം ഈ ബില്‍ ഭീഷണിയാണ്. പട്ടാളക്കാരൊഴികെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 01.01.2004 മുതല്‍ പുതിയ പെന്‍ഷന്‍ പദ്ധതി (നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം) നടപ്പാക്കി കഴിഞ്ഞു. ഇതൊരു സ്വാശ്രയ പെന്‍ഷന്‍ പദ്ധതിയാണ്. സര്‍ക്കാരിന് പണച്ചിലവില്ല. 2005-ല്‍ അവതരിപ്പിച്ച സമാന ബില്‍ പാസ്സായില്ല. മാര്‍ച്ച് 22ന് ബില്‍ അവതരിപ്പിച്ചപ്പോള്‍ ഇടതുപക്ഷം അതിനെ എതിര്‍ത്തു. ബി.ജെ.പി.യുടെ 30 എം.പി.മാര്‍ പിന്തുണച്ചതുകൊണ്ടാണ് ബില്ലിന് അവതരണാനുമതി ലഭിച്ചത്.

പെന്‍ഷന്‍ ഫണ്ട് സ്വകാര്യ മാനേജര്‍മാരെയേല്പിക്കും. അവര്‍ ഓഹരിയില്‍ നിക്ഷേപം നടത്തും. ആകയാല്‍ പെന്‍ഷന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്ല. എന്നാല്‍ , ശമ്പളത്തില്‍ നിന്നുള്ള മാസവിഹിതം തിട്ടപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തു ശതമാനം. പുതിയ പെന്‍ഷന്‍ പദ്ധതിയില്‍പെടുന്നവര്‍ക്ക് ഗ്രാറ്റ്വിറ്റിയുണ്ടാവില്ല. ഈ ബില്ലിനെയും ബാങ്കു ജീവനക്കാര്‍ എതിര്‍ക്കുന്നു. മേല്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് പുതുമയില്ല. യു.പി.എ. ഗവണ്‍മെന്റിന്റെ ബാങ്കിംഗ് നയത്തിലും പുതുമയില്ല. രണ്ടു പതിറ്റാണ്ടായി ബാങ്കു ജീവനക്കാര്‍ ആംഗ്ലോ - സാക്സണ്‍ ബാങ്കിംഗ് നയങ്ങളെ എതിര്‍ക്കുക തന്നെയായിരുന്നു. ഈ നയം പാശ്ചാത്യ നാടുകളില്‍ പരാജയമടഞ്ഞു. 2008-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടു. അതോടെ യു.പി.എ. സര്‍ക്കാരും ആശയക്കുഴപ്പത്തിലായി. പരിഷ്കാരങ്ങള്‍ മന്ദഗതിയിലായി. ഇപ്പോള്‍ ചുവടുമാറ്റി. പൊളിഞ്ഞു പാളീസായ ബാങ്കിംഗ് നയങ്ങള്‍ വാശിയോടെ നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകള്‍ക്കെതിരാണ്. അതുകൊണ്ടാണ് ഭൂരിപക്ഷം ഓഹരികളും കയ്യൊഴിയാനൊരുമ്പെടുന്നത്.

വോട്ടവകാശപരിധി കൂടി നീക്കിയാല്‍ , നാടന്‍ , മറുനാടന്‍ മുതലാളിമാര്‍ ബാങ്കുകളെ വരുതിയിലാക്കും. അത് ആപല്‍കരമായിരിക്കും. അരാജകത്വം വിതയ്ക്കും. രാഷ്ട്രത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമാവും. ഇടപാടുകാരുടെ കണ്ണീരും ശാപവും നവസ്വകാര്യ ബാങ്കുകളും നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളുമാണ് സര്‍ക്കാരിന്റെ ഇഷ്ടഭാജനങ്ങള്‍ . നവസ്വകാര്യ ബാങ്കുകള്‍ മുന്‍ഗണനാ വായ്പകള്‍ നല്‍കുന്നില്ല. പകരം, ചില ബ്ലേഡ് സ്ഥാപനങ്ങള്‍ക്ക് വന്‍തുകയുടെ വായ്പയനുവദിക്കും. ബ്ലേഡ് കമ്പനികളുടെ സ്വര്‍ണ്ണ പണയവായ്പ നവസ്വകാര്യബാങ്കുകളുടെ കാര്‍ഷികവായ്പയായി എണ്ണപ്പെടും. ഇപ്പോള്‍ ലൈസന്‍സ് അനുവദിക്കുന്ന വ്യവസായികളും ഇതുതന്നെയാവും ചെയ്യുക. നവസ്വകാര്യ ബാങ്കുകളുടെ കൊള്ളപ്പലിശയും, പിഴപ്പലിശയും കനത്ത നിരക്കുകളും ഒളിപ്പിരിവുകളും ഭീകരമാണ്. ക്രൂരമാണ്. അവരുടെ ലാഭമെന്നാല്‍ ഇടപാടുകാരുടെ കണ്ണീരും ശാപവുമാണ്. നവസ്വകാര്യ ബാങ്കുകളില്‍ സ്ഥിരനിയമനമില്ല. ഓഫീസ് ജോലി ചെയ്യുന്നത് കരാര്‍ തൊഴിലാളികളാണ്. മര്‍മ്മപ്രധാനജോലികള്‍ പുറംകരാര്‍ ഏജന്‍സികളെയേല്പിച്ചിരിക്കുന്നു. ടാര്‍ജറ്റുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി പലരും ഉടന്‍ തൊഴിലുപേക്ഷിക്കുന്നു. പോകുംമുമ്പ് ബന്ധുമിത്രാദികളെ ഇടപാടുകാരാക്കും. ഇന്ന് കൗണ്ടറില്‍ കാണുന്നവര്‍ നാളെ അപ്രത്യക്ഷരാകും. വന്നുംപോയുമിരിക്കുന്ന തൊഴിലന്വേഷകരുടെ രക്തവും വിയര്‍പ്പുമാണ് നവസ്വകാര്യ ബാങ്കുകളുടെ ഉല്പാദനക്ഷമത. ഇതനുവദിച്ചുകൂടാ. പുറംപണിക്കാരുടെ സ്ഥിതി ഏറെ ശോചനീയമാണ്. വേതനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഏജന്‍സി കൈക്കലാക്കും. ഇന്‍ക്രിമെന്റും ക്ഷാമബത്തയുമില്ല. അവധിയാനുകൂല്യങ്ങളോ പെന്‍ഷനോ ഇല്ല. സേവന വ്യവസ്ഥകളില്ല. ഇത് തൊഴില്‍രഹിതരെ വെച്ചുള്ള വിലപേശലാണ്. തൊഴില്‍രഹിതരുടെ ചൂഷണമാണ്. പുറംപണി കരാര്‍ സമ്പ്രദായം അവസാനിപ്പിക്കണം. ഒരു വശത്ത് ബാങ്കുകളെ ലയിപ്പിച്ച് വലുതാക്കുന്നു. മറുവശത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പുതിയ ബാങ്ക് ലൈസന്‍സ് നല്‍കുന്നു. ഇത് വിരോധാഭാസമാണ്. ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ പേരിലാണ് പുതിയ ലൈസന്‍സിംഗ് പോളിസി. ഫലം ഊഹിക്കാവുന്നതേയുള്ളൂ. ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക്, സെഞ്ചൂറിയന്‍ ബാങ്ക്, ടൈംസ് ബാങ്ക്, യു.ടി.ഐ. ബാങ്ക് ഇവയൊക്കെ ഉദിച്ചുയരുകയും അപ്രത്യക്ഷമാവുകയും ചെയ്തു. ഗ്രാമങ്ങളില്‍ ശാഖ തുറക്കണം 73000 ബാങ്കുരഹിത ഗ്രാമങ്ങളില്‍ പുതുതായി ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന് "സ്വാഭിമാന്‍" എന്ന പേരിലുള്ള സര്‍ക്കാര്‍ പരസ്യം വിളംബരം ചെയ്യുന്നു. പക്ഷേ, അവര്‍ ശാഖകള്‍ തുറക്കുകയില്ല, ജീവനക്കാരെ നിയമിക്കുകയില്ല. ഇടനിലക്കാരെ ഏര്‍പ്പെടുത്തും. ബിസിനസ്സ് ഫെസിലിറ്റേറ്റര്‍മാരും കറസ്പോണ്ടന്റുമാരും ഗ്രാമീണരെ ഞെക്കിപ്പിഴിയും. സേവനങ്ങള്‍ക്ക് കഴുത്തറപ്പന്‍ നിരക്കുകള്‍ ചുമത്തും. ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനെന്നാല്‍ വായ്പ നല്‍കലല്ല. ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ സേവനങ്ങള്‍ക്കാണ് മുന്‍ഗണന. തൊഴിലുറപ്പ് പദ്ധതി വഴി കൈവശമെത്തുന്ന തുച്ഛ വേതനം പിടിച്ചുപറിച്ച് ഓഹരി കമ്പോളത്തിലെത്തിക്കുകയാണ് യഥാര്‍ത്ഥ ലക്ഷ്യം. ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിജയിക്കണമെങ്കില്‍ ഗ്രാമങ്ങളില്‍ ശാഖ തുറക്കണം.

ഉത്തരവാദിത്വമുള്ള ജീവനക്കാര്‍ വേണം. രാജ്യത്തിന്റെ സമ്പത്തായ ചെറുപ്പക്കാരെ പുറത്തുനിര്‍ത്തി, മുതിര്‍ന്ന പൗരന്മാരെ ആശ്രയിച്ച് എക്കാലവും ബാങ്ക് നടത്താനാവില്ല. ശാശ്വതമായ ഗ്രാമോദ്ധാരണമാണ് ലക്ഷ്യമെങ്കില്‍ യുവജനങ്ങള്‍ക്ക് സ്ഥായിയായ പങ്കുണ്ടാവണം. ബാങ്കുകളുടെ ലക്ഷ്യം ലാഭവും ലാഭവിഹിത വിതരണവും മാത്രമല്ല ബാങ്കിംഗ്, മര്‍മ്മ പ്രധാനമായ ഒരു സേവന മേഖലയാണ്. ബാങ്കുകള്‍ കൈകാര്യം ചെയ്യുന്നത് ജനങ്ങുടെ ജീവിത സമ്പാദ്യമാണ്. അത് ബേണി മഡോഫുമാരെയോ ശബരീനാഥ്മാരെയോ ഏല്പിക്കാനുള്ളതല്ല. റിസര്‍വ്വ് ബാങ്കിന്റെ ശക്തമായ ജാഗ്രതയും നിയന്ത്രണവുമുണ്ടാവണം. തൊഴിലും വരുമാനവും ലക്ഷ്യമിട്ടുള്ള വായ്പാ പദ്ധതികള്‍ വേണം. അവ രാഷ്ട്ര നിര്‍മ്മാണത്തിനുപകരിക്കണം. നിക്ഷേപം മുഴുവന്‍ ഓഹരി വിപണിയിലേക്കൊഴുക്കരുത്. ഊഹക്കച്ചവടത്തിന് പരിധി നിര്‍ണ്ണയിക്കണം. സമരത്തിനാധാരമായ പ്രധാന ആവശ്യങ്ങളുടെ സത്തയിതാണ്. ആകയാല്‍ 2011 ആഗസ്റ്റ് 5ന്റെ പണിമുടക്ക് ദേശ സ്നേഹപ്രേരിതമാണ്. ജനങ്ങളുടെ നിക്ഷേപം സംരക്ഷിക്കാനുള്ള സമരമാണിത്. ഇടപാടുകാരെയും ജനങ്ങളെയും തൊഴില്‍ രഹിതരെയും സംരക്ഷിക്കാനുള്ള സമരമാണിത്.

*
കെ.വി. ജോര്‍ജ് ചിന്ത 05 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

2011 ആഗസ്റ്റ് 5ന് വീണ്ടും ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്കുകയാണ്. ഒന്‍പത് സംഘടനകളുടെ ഐക്യവേദിയാണ് പണിമുടക്കാഹ്വാനം നല്‍കിയിട്ടുള്ളത്. ഐ.എന്‍ .ടി.യു.സി.യുടെയും ബി.എം.എസിന്റെയും രണ്ടുവീതം ഘടകയൂണിയനുകളും ഐക്യവേദിയില്‍പെടും. ഈ പണിമുടക്ക് സേവന, വേതന വ്യവസ്ഥകള്‍ക്കുവേണ്ടിയല്ല. ബാങ്ക് സ്വകാര്യവത്കരണത്തെയും ലയനങ്ങളേയും പുറംപണി കരാറുകളെയും ജീവനക്കാര്‍ എതിര്‍ക്കുന്നു. ഗ്രാമോദ്ധാരണത്തിന്റെ പേരില്‍ വ്യവസായികള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങളെയും ജീവനക്കാര്‍ ശക്തിയുക്തം എതിര്‍ക്കുന്നു. ഒരു സ്വതന്ത്ര, നിക്ഷ്പക്ഷ ഏജന്‍സി വഴി നിയമനം നടത്തുക, മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുക, ഗ്രാമീണ ബാങ്കുകളുടെ ലക്ഷ്യവും സ്വത്വവും നിലനിര്‍ത്താന്‍ നാഷണല്‍ റൂറല്‍ ബാങ്ക് സ്ഥാപിക്കുക, സഹകരണമേഖലയെ ആദായനികുതിയില്‍ നിന്നൊഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിനാധാരമായി ഉന്നയിക്കുന്നുണ്ട്.