Friday, August 12, 2011

ബാങ്കിനെ തകര്‍ക്കുന്ന ഭേദഗതി ബില്ലുകള്‍

രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയെ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കാനായി കൊണ്ടുവന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്നുണ്ടായ കേന്ദ്രപാക്കേജും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാത്തതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമഭേദഗതി ബില്ലുമായി രംഗത്തെത്തിയിരിക്കുന്നു. കൃഷി-ഉപഭോക്തൃ കാര്യ മന്ത്രി ശരദ് പവാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടനയുടെ 111-ാം ഭേദഗതി ബില്ലും ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബാങ്കിങ് നിയമഭേദഗതി ബില്ലുമാണ് അത്. ഇവ നിയമമായാല്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് അത് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല രാജ്യത്തിനുതന്നെ മാതൃകയാണ്. 1602 പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കും അവയുടെ 2700 ബ്രാഞ്ചും 14 ജില്ലാ സഹകരണ ബാങ്കും അവയുടെ 670 ബ്രാഞ്ചും സംസ്ഥാന സഹകരണ ബാങ്കും 20 ബ്രാഞ്ചും റിസര്‍വ് ബാങ്ക് അംഗീകാരമുള്ള 60 അര്‍ബന്‍ ബാങ്കും അവയുടെ 220 ബ്രാഞ്ചും 4 എംപ്ലോയീസ് സഹകരണ ബാങ്കും അടങ്ങുന്ന വിപുലമായ ബാങ്കിങ് ശൃംഖലയാണ് സഹകരണ മേഖലയിലുള്ളത്.

2011 മാര്‍ച്ച് 31ലെ കണക്കു പ്രകാരം 68,000 കോടി രൂപ നിക്ഷേപവും 61,000 കോടി രൂപ വായ്പയുമുണ്ട്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തില്‍ സിംഹഭാഗവും കേരളത്തിലെ സഹകരണ ബാങ്കുകളുടേതാണ്. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയുടെ ഏറ്റവും വലിയ ശക്തി ഗ്രാമീണതലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകളാണ്. വായ്പയുടെയും നിക്ഷേപത്തിന്റെയും പകുതിയിലധികം പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളുടെ പങ്കാണ്. ഇത്തരത്തില്‍ സാധാരണക്കാരുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഈ ബില്ലുകളില്‍ ഏതെങ്കിലും ഒന്ന് നിയമമായാല്‍ താറുമാറാകും. കാരണം, ഇപ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് റിസര്‍വ് ബാങ്കിന്റെ നിയമ-നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടല്ല; സംസ്ഥാന സഹകരണ നിയമത്തിനനുസരിച്ചാണ്. എന്നാല്‍ , പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്നതിന് റിസര്‍വ് ബാങ്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. മാനദണ്ഡങ്ങള്‍ പാലിക്കുക എളുപ്പവുമല്ല.

111-ാം ഭരണഘടനാ ഭേദഗതി ബില്‍ ഭരണഘടനയുടെ നാലാം ഭാഗത്ത് (Directive Principles of State Policy) ഒരു പുതിയ ആര്‍ട്ടിക്കിള്‍ കൂട്ടിച്ചേര്‍ക്കാനും 9 എ എന്ന ഭാഗത്തിന് ശേഷം 9 ബി എന്ന ഭാഗം കൂട്ടിച്ചേര്‍ക്കാനുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ പ്രധാന ലക്ഷ്യമായി പറഞ്ഞിട്ടുള്ളത് സഹകരണ സംഘങ്ങളുടെ കൂടുതല്‍ അര്‍ഥവത്തായ ജനാധിപത്യവല്‍ക്കരണം, സ്വയംഭരണം, അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം, സ്വമേധയാ ഉള്ള രൂപീകരണം എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായി മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ കാര്യത്തില്‍ പാര്‍ലമെന്റിനെയും മറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ സംസ്ഥാന നിയമസഭകളെയും അധികാരപ്പെടുത്തുക എന്നതാണ്. നിയമഭേദഗതി നിര്‍ദേശങ്ങളുടെ സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു.

a) അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണം, സാമ്പത്തിക പങ്കാളിത്തം, സ്വയംഭരണം എന്നീ സഹകരണ തത്വങ്ങള്‍ അടിസ്ഥാനമാക്കി സഹകരണ സംഘങ്ങളുടെ രൂപീകരണം, നിയന്ത്രണം, പിരിച്ചുവിടല്‍ തുടങ്ങിയവ വ്യവസ്ഥചെയ്യുക.

b) സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ എണ്ണം പരമാവധി 21 ആക്കി നിജപ്പെടുത്തുക.

c) തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അഞ്ച് വര്‍ഷമാക്കുക.

d) ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അത് പരമാവധി ആറ് മാസത്തേക്ക് മാത്രമായിരിക്കണം. എന്നാല്‍ സര്‍ക്കാര്‍ ധനസഹായമോ വായ്പയോ ഓഹരി പങ്കാളിത്തമോ ഇല്ലാത്ത സഹകരണ സംഘങ്ങളുടെ ഭരണസമിതി പിരിച്ചുവിടാന്‍ അധികാരമുണ്ടാകരുത്.

e) സ്വതന്ത്രമായ പ്രൊഫഷണല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തുക.

f) അംഗങ്ങള്‍ക്ക് സംഘത്തിലെ എല്ലാ വിവരവും അറിയാനുള്ള അവകാശം നല്‍കുക.

g) സംഘങ്ങളുടെ പ്രവര്‍ത്തനവും കണക്കുകളും സംബന്ധിച്ച റിപ്പോര്‍ട്ട് നിശ്ചിത കാലയളവുകളില്‍ സര്‍ക്കാരിലേക്ക് ലഭ്യമാക്കുക.

h) സംഘങ്ങളിലെ വ്യക്തിഗത അംഗങ്ങളില്‍നിന്ന് ഒരു എസ്സി/എസ്ടി അംഗത്തിനും രണ്ട് വനിതാ അംഗത്തിനും ഭരണസമിതിയില്‍ സംവരണം അനുവദിക്കുക.

i) സംഘങ്ങളുടെ ക്രമവിരുദ്ധ നടപടികള്‍ക്കെതിരെ പിഴ ചുമത്തുക.

ഈ നിര്‍ദേശങ്ങളെല്ലാം ഒന്നുകില്‍ കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളതോ അല്ലെങ്കില്‍ നടപ്പാക്കാവുന്നതോ ആണ്. എന്നാല്‍ , ബാങ്കിങ് പ്രവര്‍ത്തനം നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് ബാധകമായിരിക്കും എന്ന വ്യവസ്ഥ കൂടി ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വ്യവസ്ഥയാണ് പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ കൊണ്ടുവരുന്നത്.

ബാങ്കിങ് നിയമ ഭേദഗതിബില്ലും ബാങ്കുകളെ തകര്‍ക്കുന്നതാണ്. ബാങ്കിങ് നിയമത്തിലെ 5-ാം ഭാഗമാണ് സഹകരണ ബാങ്കുകളെ സംബന്ധിച്ചുള്ളത്. ഇതില്‍ വരുത്തുന്ന കാതലായ മാറ്റം ഇതാണ്: "പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനം നടത്താം. എന്നാല്‍ , ബാങ്കിങ് നടത്തുന്നുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് റിസര്‍വ് ബാങ്ക് ലൈസന്‍സ് ഈ നിയമം വിജ്ഞാപനം ചെയ്ത് ഒരു വര്‍ഷത്തിനകം നേടിയിരിക്കണം. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്. ബില്‍ നിയമമായാല്‍ ഒരു വര്‍ഷത്തിനകം റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടാത്ത പ്രാഥമിക സഹകരണ സംഘങ്ങള്‍/ബാങ്കുകള്‍ അവരുടെ ബാങ്കിങ് പ്രവര്‍ത്തനം നിര്‍ത്തേണ്ടതാണ്." ഈ ഭേദഗതിക്ക് പുറമെ സഹകരണ ബാങ്കുകളില്‍ സ്പെഷ്യല്‍ ഓഡിറ്റ് നടത്തുന്നതിനുള്ള അധികാരവും റിസര്‍വ് ബാങ്കിനായിരിക്കുമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ രണ്ട് ഭേദഗതി ബില്ലും പരസ്പര പൂരകങ്ങളാണെന്ന് കാണാം. ഈ ബില്ലുകള്‍ നിയമമായാല്‍ മൂന്ന് മാസത്തിനകം പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ലൈസന്‍സിനായി അപേക്ഷ നല്‍കണം. സാധാരണഗതിയില്‍ ലൈസന്‍സിനായി സഹകരണ ബാങ്കുകള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇനി പറയുന്നതാണ്.

നാല് ശതമാനത്തില്‍ കുറയാത്ത മൂലധന പര്യാപ്തത (CRAR) ഉണ്ടായിരിക്കണം (ഇത് ക്രമാനുഗതമായി ഒമ്പത് ശതമാനമായി ഉയര്‍ത്തും), അറ്റമൂല്യം പോസിറ്റീവ് ആയിരിക്കണം, നിഷ്ക്രിയ ആസ്തി 10 ശതമാനത്തില്‍ താഴെ ആയിരിക്കണം, മൊത്തം ഡിമാന്‍ഡ് ആന്‍ഡ് ടൈം ആയ ബാധ്യതയുടെ മൂന്ന് ശതമാനം സിആര്‍ആര്‍ , 25 ശതമാനം സുരക്ഷാ എസ്എല്‍ആര്‍ എന്നിവ സൂക്ഷിച്ചിരിക്കണം (കരുതല്‍ ധനഅനുപാതം സൂക്ഷിക്കണം), ഓഡിറ്റ് പൂര്‍ണമായിരിക്കണം, സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന യോഗ്യത ഉള്ള ആളായിരിക്കണം, ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങള്‍ പാടില്ല.

ഈ മാനദണ്ഡങ്ങള്‍ പാലിച്ച് റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടുക കേരളത്തിലെ ഭൂരിഭാഗം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കും പ്രയാസകരമായിരിക്കും. ഈ ബില്ലുകള്‍ നിയമമായി ഒരു വര്‍ഷത്തിനകം റിസര്‍വ് ബാങ്ക് ലൈസന്‍സ് നേടിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് വായ്പാ സംഘങ്ങളായിമാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഇത് അവയുടെ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കും. സഹകരണ ബാങ്കിങ് മേഖലയുടെ തകര്‍ച്ചയ്ക്കും വഴിവയ്ക്കും. അതിനാല്‍ വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന ഭരണകൂടവും സഹകാരികളും ഉദ്യോഗസ്ഥരും ഇതിനെ മറികടക്കേണ്ടതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിയിരിക്കുന്നു.


*****


എം മെഹബൂബ് (സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തെ സഹകരണ ബാങ്കിങ് മേഖലയെ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കാനായി കൊണ്ടുവന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്നുണ്ടായ കേന്ദ്രപാക്കേജും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാത്തതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമഭേദഗതി ബില്ലുമായി രംഗത്തെത്തിയിരിക്കുന്നു. കൃഷി-ഉപഭോക്തൃ കാര്യ മന്ത്രി ശരദ് പവാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭരണഘടനയുടെ 111-ാം ഭേദഗതി ബില്ലും ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബാങ്കിങ് നിയമഭേദഗതി ബില്ലുമാണ് അത്. ഇവ നിയമമായാല്‍ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയ്ക്ക് അത് കനത്ത വെല്ലുവിളിയുയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.