Friday, August 5, 2011

ഐ വി ദാസ് കവിതാ അവാര്‍ഡ് വിഷ്ണുപ്രസാദിന്


കോഴിക്കോട്: ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന ഐ വി ദാസിന്റെ സ്മരണാര്‍ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ എം ആര്‍ വിഷ്ണുപ്രസാദ് ജേതാവായി. അദ്ദേഹം എഴുതിയ "മൃഗശാല" എന്ന കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിമീഷ് മണിയൂര്‍ (ആനയുടെ വളര്‍ത്തു മൃഗമാണ് പാപ്പാന്‍) രണ്ടാംസ്ഥാനവും എ ജയകൃഷ്ണന്‍ (അടയാളങ്ങള്‍) മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. പത്തുപേര്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ഐ വി ദാസിന്റെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 30ന് കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. സച്ചിദാനന്ദന്‍ , കെ ഇ എന്‍ , പ്രഭാവര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനിതരെ തെരഞ്ഞെടുത്തത്.

പ്രാഥമിക പരിശോധനയില്‍ തെരഞ്ഞെടുത്ത 40 കവിതകള്‍ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയ്ക്ക് വായനക്കാരുടെ അഭിപ്രായം ശേഖരിച്ചു. ഇതും പരിഗണിച്ചാണ് നിര്‍ണയസമിതി അവാര്‍ഡ് നിശ്ചയിച്ചത്. വായനക്കാര്‍ക്കുകൂടി പങ്കാളിത്തം ലഭിച്ച ആദ്യ മലയാള കവിതാമത്സരമാണിത്. വിലാസിനി കണ്ണന്‍ മേനോന്‍ (യുഎസ്എ) ആണ് സമ്മാനത്തുക നല്‍കിയത്.

എം ആര്‍ വിഷ്ണുപ്രസാദ് കേരളാ യൂനിവേഴ്സിറ്റി പരിസ്ഥിതി വകുപ്പില്‍ ഗവേഷണ വിഭാഗത്തിലാണ്. വിമീഷ് മണിയൂര്‍ കലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ എം എ ഇംഗ്ലീഷ് വിദ്യാര്‍ഥി. ജയകൃഷ്ണന്‍ തിരുന്നാവായ വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്നു. പ്രോത്സാഹന സമ്മാനം നേടിയവര്‍ : ശ്രീരമ, ഫരിദിന്‍ എ എസ്, ആന്റണി കെ വി, പവിത്രന്‍ തീക്കുനി, സാദിര്‍ തലപ്പുഴ, നൗഷാദ് പത്തനാപുരം, അഭിരാമി, എം പി പ്രതീഷ്, നിയാസ് ജമാല്‍ , ജിതീഷ്ലാല്‍ രാജ്. ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ദേശാഭിമാനി മാനേജര്‍ എ കെ പത്മനാഭന്‍ , വാരിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ രമേഷ്ബാബു, മത്സരകമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ഒ പി സുരേഷ് എന്നിവര്‍ പങ്കെടുത്തു.

സമ്മാനാര്‍ഹമായ കവിതകള്‍ (ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നവ)

മൃഗശാല
എം ആര്‍ വിഷ്ണുപ്രസാദ്

നേരിട്ടങ്ങു പരിചയപ്പെടുത്താം
മൃഗശാലയ്ക്കടുത്താണ് വീട്.
വാടകക്കൊലയാളിയാണ്.
പക്ഷികളെ വലിയ ഇഷ്ടമാണ്.
തൂവലുകള്‍ ശേഖരിച്ച്
ആല്‍ബങ്ങള്‍ തയ്യാറാക്കാറുണ്ട്.
അവധി കിട്ടുമ്പോഴൊക്കെ
നഗരപ്രാന്തത്തിലുള്ള കൊടും വനത്തിലേക്ക്
ഒറ്റയ്ക്കു പോകും.

അന്നേരം തോക്കും കത്തിയും കൈയിലെടുക്കില്ല.

ആയുധങ്ങളില്ലാതെ നടക്കുമ്പോള്‍
കടുവകളും പാമ്പുകളും തേടി വരാറുണ്ട്.
ഞാന്‍ അവയ്ക്കൊപ്പം സമയം ചെലവിടും.

ഈയിടെ ഒരാളെ കൊല്ലുന്നതിന് തൊട്ടുമുന്‍പ്
അയാള്‍ എന്നോട് പറഞ്ഞു
"നിനക്ക് കടുവയുടെ മണമാണ്"
സത്യമായും അത് ശരിയാണ്.

എന്റെ മടിയില്‍ക്കിടന്ന് കടുവകള്‍ മയങ്ങിയിട്ടുണ്ട്.
അവയുടെ കഴുത്തില്‍ തഴുകിക്കൊണ്ട്
അന്‍പത്തൊന്ന് അക്ഷരങ്ങള്‍ കൊത്തിവച്ച
അതിന്റെ പല്ലുകള്‍ തപ്പി നോക്കുന്നതാണെന്റെ വിനോദം.

കടുവയെ ഉമ്മ വയ്ക്കുമ്പോഴുള്ള സ്നേഹത്തിന്റെ കിതപ്പ്
മറ്റൊരു ചുംബനത്തിലും അനുഭവിച്ചിട്ടില്ല.

വെയിലു തിന്ന് തിന്ന് വളര്‍ന്ന മരങ്ങള്‍ക്കടിയില്‍
മയങ്ങിയുണര്‍ന്ന പാമ്പുകള്‍ കാലുകളില്‍ ചുറ്റിപ്പിണഞ്ഞ്
കൊന്നുകളഞ്ഞവരുടെ തണുത്ത ശരീരത്തെ ഓര്‍മിപ്പിക്കും.

വിഷം കൊണ്ടും തലയിണ കൊണ്ടും
കത്തി കൊണ്ടും കയറുകൊണ്ടും കൊല നടത്തിയിട്ടുണ്ട്.
ഇഴജന്തുവിനെ കൊല്ലുന്നതുപോലെ തല്ലിത്തല്ലി
ഒരു മനുഷ്യനെ കൊല്ലണമെന്ന്
വളരെ നാളായി ആഗ്രഹിക്കുന്നു.

എല്ലാ അവയവങ്ങളിലും ഉരുമ്മിക്കൊണ്ട്
പാമ്പുകള്‍ എന്നെ പുല്‍കുമ്പോള്‍
കരിയിലകള്‍ക്കിടയില്‍നിന്ന് ഞാന്‍ തൂവലുകള്‍ ശേഖരിക്കും.

മരണം ഉറപ്പായാല്‍ കൊല ചെയ്യപ്പെട്ടവന്റെ
രക്തം സിറിഞ്ചുകൊണ്ട് വലിച്ചൂറ്റിയെടുത്ത്
കുപ്പിയില്‍ നിറയ്ക്കുക പതിവാണ്.
മരിച്ചവന്റെ രക്തത്തില്‍ അമിതമായ പശയുണ്ട്.

ഒഴിവുള്ള രാത്രികളില്‍ കടുവയുടെ മണമുള്ള
ഞാന്‍ കഴുത്തില്‍ പാമ്പിനെയണിഞ്ഞ്
ആല്‍ബത്തില്‍ രക്തപ്പശകൊണ്ട്
തൂവലുകള്‍ ഒട്ടിച്ചുകൊണ്ടിരിക്കും.

എന്റെ ജീവിതാഭിലാഷം മറ്റൊന്നുമല്ല.

ഏതെങ്കിലുമൊരു പൗര്‍ണമി രാത്രിയില്‍
മൃഗശാലയില്‍ ഒളിച്ചുകടന്ന്
എല്ലാ ജീവികളേയും മോചിപ്പിക്കണമെന്നാണ്.
അവയുടെ മണങ്ങളില്‍ മുങ്ങി മരിച്ച്
നഗരാതിര്‍ത്തിയിലുള്ള കൊടും വനത്തില്‍
ഉയര്‍ത്തെഴുന്നേല്‍ക്കണം;
തൂവലുകളുടെ ആല്‍ബവുമായ്.


ആനയുടെ വളര്‍ത്തുമൃഗമാണ് പാപ്പാന്‍
വിമീഷ് മണിയൂര്‍

കാട്ടില്‍നിന്നുതന്നെ അതിനാഗ്രഹമുണ്ടായിരുന്നു
പോറ്റാന്‍ വലിയ വിഷമമായതുകൊണ്ട്
അതിനു നിന്നില്ല നാട്ടില്‍ വന്നപ്പോള്‍
ഉടനെതന്നെ വളര്‍ത്തുകേന്ദ്രത്തില്‍ ചെന്ന്
ഒന്നിനെ വാങ്ങിച്ചു തോട്ടിക്കൈയും ആട്ടി
അത് പിന്നാലെ മണപ്പിച്ചു നടന്നു മെരുങ്ങിക്കഴിഞ്ഞപ്പോള്‍
പനകേറി പട്ടകൊത്തി വലിച്ച് വലിച്ച്
തിന്നാന്‍ പാകത്തില്‍ മുന്നില്‍ കൊണ്ടിട്ടുതന്നു

പീടികയില്‍ ചെന്ന് പറഞ്ഞകണക്കിനുള്ള
പഴക്കൊല, ശര്‍ക്കര വാങ്ങിച്ചു വന്നു
അതൊക്കെ കാണുമ്പം കാട്ടില്‍ വെച്ചുതന്നെ
ഒരെണ്ണത്തിനെ പോറ്റാമായിരുന്നെന്ന്
പിന്നെയും തോന്നും. നല്ല മൂഡുള്ളപ്പം
അതിനെ പുറത്തുകേറ്റി കളിപ്പിക്കും
ചില നേരങ്ങളില്‍ സര്‍ക്കസ്സുകാട്ടി അത്ഭുതപ്പെടുത്തും
ഒച്ചയിട്ട് കാട്ടിലെ വലിയ ആനകളെ അനുകരിക്കുന്നത്
അതിന് കുറച്ചൊക്കെ പേടിയാണ്.

കുളിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്
എങ്ങനെ ചെരിഞ്ഞ് കിടക്കണമെന്നുവരെ കാണിച്ചുകൊടുക്കും
അതുപക്ഷെ വെള്ളം തെറിപ്പിച്ച് കുസൃതി കാട്ടും
രാത്രിക്ക് വീട്ടിലിട്ട് അടയ്ക്കും.
പുറത്ത് വല്ല തെങ്ങും ചാരി ഉറക്കമിളയ്ക്കും.

തിന്നല് വളരെ വളരെ കുറവാണ്
വാങ്ങുമ്പോള്‍ നല്ലത് നോക്കി വാങ്ങാമായിരുന്നു
ഇനി പറഞ്ഞിട്ട് കാര്യമില്ല
അത് പാലും മുട്ടയും തരുന്ന ജീവിയല്ല
ഇടയ്ക്ക് അതൊക്കെ ചിന്തിച്ചിരിക്കുമ്പം
പോറ്റുന്നത് വെറുതെയാണെന്ന് തോന്നും
അപ്പം കൊമ്പുകുലുക്കി ഒന്നു ഉലാത്തും
ഓടിച്ചെന്ന് കാലുകൊണ്ട് തൊഴിക്കും പിന്നൊന്നും പറയണ്ടാ...

അടുത്ത ഒന്നിനെ സംഘടിപ്പിക്കാന്‍ പെടുന്ന പാട്

അടയാളങ്ങള്‍
എ ജയകൃഷ്ണന്‍

വഴി ചോദിച്ച് ആരെങ്കിലും വരികയാണെങ്കില്‍
നിങ്ങള്‍ പറഞ്ഞു കൊടുക്കുമോ?
നിങ്ങള്‍ പറഞ്ഞു കൊടുത്തപോലെ തന്നെ
കിടക്കുന്നുണ്ടാകുമോ വഴി?

പുറപ്പെടുമ്പോള്‍ അടയാളമായി പറഞ്ഞ
കുന്ന് അവിടെത്തന്നെ കാണുമെന്നില്ലല്ലോ?
പൂത്തുനില്‍ക്കുന്ന മുള്ളുവേലി
കൂര്‍ത്തു നില്‍ക്കുന്ന മതിലായിട്ടുണ്ടാകും

നാലു വളവുള്ള ഇടവഴി
നാലുവരിപ്പാതയായിട്ടുണ്ടാകും
പക്ഷിയെപ്പോലെ കിടന്നിരുന്ന പാലം
പറന്നുപോയിട്ടുണ്ടാകും.

പണ്ടൊരു ഭ്രാന്തനുണ്ടായിരുന്നു.
കുട്ടികളെപ്പോലെ അയാള്‍ ചിരിച്ചിരുന്നു.
അയാള്‍ ഇരിക്കുന്ന സ്ഥലത്തെയാണ്
സ്കൂള്‍ പടി എന്ന് പറഞ്ഞിരുന്നത്

ഒരു ദിവസം അയാളുടെ ഭ്രാന്ത് മാറിയപ്പോള്‍
കുട്ടികള്‍ക്ക് വരെ വഴി തെറ്റിപ്പോയിട്ടുണ്ട്.
അതുകൊണ്ട് വഴി ചോദിച്ച് നടക്കുന്നവരെ
വളവില്‍ കൈകള്‍ മാത്രമുള്ള ഒരു മരമില്ലെങ്കില്‍
അങ്ങനെ ഒരു മരമായി കുറച്ചുനേരം നില്‍ക്കൂ
വഴിയിലൊന്നും കുന്നില്ലെങ്കില്‍
വരച്ചുവച്ചപോലൊരു കുന്നുണ്ടാക്കൂ.
മഞ്ഞ പെയിന്റടിച്ച ഒരു വീടില്ലെങ്കില്‍ അതും.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ദേശാഭിമാനി വാരിക പത്രാധിപരായിരുന്ന ഐ വി ദാസിന്റെ സ്മരണാര്‍ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ എം ആര്‍ വിഷ്ണുപ്രസാദ് ജേതാവായി. അദ്ദേഹം എഴുതിയ "മൃഗശാല" എന്ന കവിതയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. വിമീഷ് മണിയൂര്‍ (ആനയുടെ വളര്‍ത്തു മൃഗമാണ് പാപ്പാന്‍) രണ്ടാംസ്ഥാനവും എ ജയകൃഷ്ണന്‍ (അടയാളങ്ങള്‍) മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനത്തിന് പതിനായിരം രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനം. പത്തുപേര്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ഐ വി ദാസിന്റെ ഒന്നാം ചരമദിനമായ ഒക്ടോബര്‍ 30ന് കോഴിക്കോട്ടു ചേരുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും. സച്ചിദാനന്ദന്‍ , കെ ഇ എന്‍ , പ്രഭാവര്‍മ എന്നിവരടങ്ങുന്ന സമിതിയാണ് സമ്മാനിതരെ തെരഞ്ഞെടുത്തത്.