Saturday, August 27, 2011

അന്ധവിശ്വാസത്തിന് ശാസ്ത്രത്തിന്റെ പരിവേഷമോ

തൃശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ ഗ്രാമത്തില്‍ ഇക്കൊല്ലവും അതിരാത്രം അനുഷ്ഠിക്കപ്പെട്ടു. 3500 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസൃതമായി ആചരിച്ചിരുന്ന അനുഷ്ഠാനങ്ങളാണ് യാഗങ്ങള്‍. ഇക്കാലയളവില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഉളവായിട്ടുള്ള സാമൂഹ്യ-രാഷ്ട്രീയ - സാമ്പത്തിക - സാംസ്കാരിക - വൈജ്ഞാനിക വിപ്ലവങ്ങള്‍ വിവരിക്കേണ്ടതില്ല. സാമൂഹ്യ അടിത്തറകള്‍ പലതും മാറുകയും മറിയുകയും ചെയ്തു (അവയില്‍ ചിലതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇല്ലാതില്ല). എന്നാല്‍ അവയുടെ ഉപരിഘടന സ്വാഭാവികമായും നിലനില്‍ക്കുന്നു. ഇന്നത്തെ ഇന്ത്യയില്‍ മുതലാളിത്തം സര്‍വവ്യാപക കുത്തകകളായി അതിവേഗത്തില്‍ വളരുന്നു.

സ്ഥിതിഗതികള്‍ ഇങ്ങനെയിരിക്കെ മൂന്നര നൂറ്റാണ്ട് പഴക്കം കൊണ്ട് പ്രസക്തി നഷ്ടപ്പെട്ട് കാലഹരണപ്പെട്ട യാഗങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുന്നത് കണ്ടില്ലെന്ന് വയ്ക്കാനാകുമോ. ആര്യന്മാര്‍ ഇന്ത്യയില്‍ എത്തിയത് ബിസി 1500നും 1000 ത്തിനും ഇടയിലാണെന്ന് ചരിത്ര ഗവേഷകന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രാകൃത ദശ തരണംചെയ്ത്, മൃഗങ്ങളെ വളര്‍ത്താനും കൃഷി ചെയ്യാനും വസ്ത്രങ്ങള്‍ നെയ്യാനും അവര്‍ ശീലിച്ചിരുന്നു. അവരുടെ ഭാഷ സംസ്കൃതമായിരുന്നു. അവരില്‍ സര്‍ഗധനരായവര്‍ പാടിയ ഗാനങ്ങളും രചിച്ച കവിതകളും സഞ്ജയിപ്പിച്ചതാണ് ഋഗ്വേദം. തുടർന്ന് യജുര്‍ , സാമ, അഥര്‍വ വേദങ്ങളും രചിക്കപ്പെട്ടു. (മഹാകവി വള്ളത്തോള്‍ }ഋഗ്വേദം മലയാളത്തിലേക്ക് പദാനുപദം പദ്യരൂപത്തില്‍ തന്നെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂലവും വിവര്‍ത്തനവും വ്യാഖ്യാനവും കൂട്ടിച്ചേര്‍ത്ത് പുസ്തകമായി പ്രസിദ്ധീകരിച്ച 1940 കളുടെ ആദ്യപാദത്തില്‍തന്നെ ഞാന്‍ വായിച്ചിട്ടുണ്ട്. അന്ന് വായനയില്‍ വിവേചനബുദ്ധി പ്രയോഗിക്കാന്‍ അശക്തനായിരുന്നതിനാല്‍ അതില്‍ ചിത്രീകരിക്കപ്പെട്ട സാമൂഹ്യവ്യവസ്ഥിതി വായിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഇന്ദ്രന്‍ , വരുണന്‍ തുടങ്ങിയ ദേവന്മാരെ സ്തുതിക്കുകയും തങ്ങളുടെ അഭീഷ്ടങ്ങള്‍ സാധിച്ചുതരാന്‍ ദേവന്മാരോട് പ്രാര്‍ഥിക്കുകയും ചെയ്യുന്ന ഒരു പ്രാര്‍ഥനാ പുസ്തകമായി മാത്രമേ അന്ന് മനസിലാക്കിയിട്ടുള്ളൂ. പ്രാകൃത ദശ തരണം ചെയ്തെങ്കിലും തങ്ങളുടെ ഐശ്വര്യവും അഭിവൃദ്ധിയും എല്ലാം ദേവന്മാരുടെ അനുഗ്രഹം കൊണ്ട് മാത്രമാണെന്നും ആകയാല്‍ ദേവന്മാരെ പ്രീതിപ്പെടുത്തേണ്ടത് അനുപേക്ഷണീയമായ കടമയാണെന്നും അവര്‍ വിശ്വസിച്ചിരുന്നു. ദേവന്മാരുടെ പ്രീതിക്കുവേണ്ടിയാണ് യാഗങ്ങള്‍ നടത്തിയിരുന്നത്. തങ്ങളുടെ ഓരോ അഭീഷ്ടവും സാധിച്ചുകിട്ടുന്നതിന് പ്രത്യേകം പ്രത്യേകം യാഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു. ദശരഥ മഹാരാജാവിന്റെ പുത്രകാമേഷ്ടി തുടങ്ങിയ ഉദാഹരണങ്ങള്‍ .

ഇക്കൊല്ലത്തേത് ഉള്‍പ്പെടെ പാഞ്ഞാളില്‍ യാഗം എത്ര ആവര്‍ത്തിച്ചെന്ന് ഓര്‍മിക്കുന്നില്ല. വേനല്‍ക്കാല മഴ ഒട്ടും ലഭിക്കാതെ, അന്തരീക്ഷ ഊഷ്മാവ് ക്രമാധികം ഉയരുകയും ചെയ്ത അവസരത്തിലാണ്, അതിരാത്രം സ്വതന്ത്രലബ്ധിക്ക് ശേഷം ആദ്യമായി അനുഷ്ഠിക്കപ്പെട്ടത്. അക്കൊല്ലം പത്രങ്ങള്‍ വലിയ പ്രചാരണം നല്‍കി. യാഗം സമാപിക്കുംമുന്‍പ് പാഞ്ഞാളിലും ചുറ്റും അന്തരീക്ഷം കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നതും മഴ പെയ്തെന്ന് പ്രതീതി ഉളവാക്കുന്നതുമായ പത്രവാര്‍ത്തകള്‍ ഓര്‍ക്കുന്നു. അക്കൊല്ലവും അല്പം വൈകിട്ടാണെങ്കിലും കാലവര്‍ഷം ഉണ്ടായി. അതില്‍പിന്നെ ഇടയ്ക്കിടെ അതിരാത്ര വാര്‍ത്തകള്‍ മറ്റു വാര്‍ത്തകള്‍ക്കൊപ്പം പ്രത്യേകം പ്രാധാന്യം ഇല്ലാതെ പത്രത്തിന്റെ ഏതെങ്കിലും മൂലയില്‍ കണ്ടതായി ഓര്‍ക്കുന്നു. പത്രങ്ങളാകട്ടെ, ജനങ്ങളാകട്ടെ അതിരാത്രം അധികം ഗൗനിക്കാതായി. തങ്ങളുടെ ഹിഡന്‍ അജണ്ട കാറ്റുപിടിക്കുന്നില്ലെന്ന തിരിച്ചറിവ് ഉണ്ടായതുകൊണ്ടായിരിക്കാം "വര്‍ത്തതേ ട്രസ്റ്റ്" എന്ന അതിരാത്രം 2011 ന്റെ സംഘാടകര്‍ ഒരു പത്രസമ്മേളനം തന്നെ വിളിച്ചുകൂട്ടി അതിരാത്രത്തിന് ശാസ്ത്രത്തിന്റെ പരിവേഷം നല്‍കാന്‍ വെമ്പുന്നത് (2011 ജൂണ്‍ 10ന്റെ പത്രവാര്‍ത്ത).

വര്‍ത്തതേ എന്ന സംസ്കൃതപദം വര്‍ത്തിക്കുന്നു, നിലനില്‍ക്കുന്നു എന്ന ക്രിയയുടെ പ്രഥമ പുരുഷന്‍ ബഹുവചനമാണ്. വേദങ്ങള്‍ നിലനില്‍ക്കുന്നു എന്നാണ് ട്രസ്റ്റ് പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്? എങ്കില്‍ തര്‍ക്കമില്ല വേദങ്ങള്‍ നിലനില്‍ക്കുന്നു എന്നുതന്നെയല്ല നില്‍ക്കുകതന്നെ ചെയ്യും. ആര്യന്മാര്‍ക്ക് മുന്‍പുള്ള ഇന്ത്യാചരിത്രത്തിന്റെ രേഖകള്‍ ലഭ്യമല്ല. ഉല്‍ഘനനം ചെയ്ത് ലഭിക്കുന്ന ചരിത്ര അവശിഷ്ടങ്ങളെ അവലംബമാക്കിയുള്ള നിഗമനങ്ങളില്‍ എത്തിച്ചേരുകയാണ്. (നമ്മുടെ കൊടുങ്ങല്ലൂരിലും പറവൂരിലും ഉദ്ഘനനം ചെയ്തുകിട്ടുന്ന അവശിഷ്ടങ്ങളെ അവലംബമാക്കി മൂസിരിസ്സിന്റെയും പട്ടണത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ ഇന്നും നടക്കുകയാണല്ലോ) ഇന്നത്തെ സ്ഥിതി അതല്ല. എങ്ങും ലിഖിത ചരിത്രം ലഭ്യം. ആകയാല്‍ വേദങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്രം ഗ്രന്ഥരൂപത്തില്‍ ആയോ അല്ലെങ്കില്‍ ചെറിയ കംപ്യൂട്ടര്‍ ഡിസ്ക് ആയോ ഭാവിതലമുറക്ക് കൈമാറാന്‍ കഴിയും. അതുകൊണ്ടാണ് വര്‍ത്തതേ ട്രസ്റ്റ് വേദങ്ങളുടെ നില്‍പ്പിനെപ്പറ്റി ഉത്കണ്ഠാകുലരാകേണ്ട എന്നു പറയുന്നത്.

അഗ്നികുണ്ഡം തയ്യാറാക്കി, ദേവന്മാരെ ധ്യാനിച്ച്, മന്ത്രവും ചൊല്ലി ചമത, ഉണക്കലരി ചോറ്, നെയ്യ് തുടങ്ങിയവ അഗ്നിയില്‍ ഹോമിക്കുകയാണല്ലോ യാഗങ്ങളില്‍ ചെയ്യുക. അഗ്നിയും അഗ്നി ജ്വാലയും എല്ലാം ഊര്‍ജത്തിന്റെ സ്രോതസ്സാണ്. അഗ്നി ജ്വലിക്കുന്നതിന് അനുസരിച്ച് ഊര്‍ജം കൂടുതല്‍ ആയോ കുറവായോ ഉല്‍പാദിപ്പിക്കപ്പെടും. ഊര്‍ജം, ചൂട് അധികമായാല്‍ അത് ജീവികള്‍ക്ക് ഹാനികരം. വര്‍ത്തതെ ട്രസ്റ്റ് പത്രസമ്മേളനം നടത്തി ഈ തത്വം വെളിപ്പെടുത്തുന്നതിനു എത്രയോ മുന്‍പ് നമ്മുടെ പൂര്‍വികന്മാര്‍ ഇതു മനസിലാക്കിയിരുന്നു. കൊതുകുവലയും കൊതുകുതിരിയും മറ്റും ലഭ്യമാകുന്നതിന് എത്രയോ മുന്‍പ് നമ്മുടെ പൂര്‍വികന്മാര്‍ നെരിപ്പോടിനുള്ളില്‍ അഷ്ടഗന്ധം, സാമ്പ്രാണി എന്നിവയിട്ട് പുകച്ച് സൂക്ഷ്മജീവികള്‍ അല്ലെങ്കിലും കൊതുകുകളെ അകറ്റിയിരുന്നു! ദിവസങ്ങള്‍ നീണ്ടുനിന്ന അതിരാത്രം വമിച്ച ചൂടില്‍ സമീപസ്ഥങ്ങള്‍ ആയ സൂക്ഷ്മജീവികള്‍ നശിക്കുകയോ അവയുടെ എണ്ണം കുറയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പുതിയ കണ്ടുപിടിത്തമായി ഉദ്ഘോഷിക്കുന്നതിനെക്കുറിച്ച് നമുക്ക് സഹതപിക്കുക!

കൊച്ചി സര്‍വകലാശാല ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് മുന്‍ ഡയറക്ടര്‍ ആയിരുന്ന പ്രഫ. വി പി എന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒരുസംഘം കോളേജ് അധ്യാപകര്‍ അതിരാത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. അവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. പ്രഫ. വി പി എന്‍ നമ്പൂതിരിയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനസംഘത്തിന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. അതിരാത്രത്തിന്റെ മറ്റൊരു ഗുണഫലമായി കണ്ടെത്തിയത് ചിലയിനം വിത്തുകള്‍ - ചെറുപയര്‍ , പയര്‍ , കടല- വളരെ നേരത്തെ മുളയ്ക്കുന്നു എന്നതാണ്. യാഗശാലയുടെ പടിഞ്ഞാറ് വശത്ത് പാകിയ കടലവിത്ത് സാധാരണ പതിവിലും വേഗത്തില്‍ 2000 ഇരട്ടി വേഗത്തില്‍ മുളച്ചെന്ന് പ്രഫ. നമ്പൂതിരി പറഞ്ഞു. കടലകൃഷിയെക്കുറിച്ച് അറിയില്ല, അടുത്ത പ്രദേശങ്ങളിലൊന്നും കടല കൃഷി ചെയ്യുന്നതായി അറിയില്ല. അതുകൊണ്ട് അഞ്ചാറ് കടലവിത്തെടുത്ത് വെള്ളത്തിലിട്ടു. 12 മണിക്കൂര്‍ കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞ് ഈര്‍പ്പം പോകാതെ സൂക്ഷിച്ചു. 24-ാം മണിക്കൂറില്‍ മുളപൊട്ടി കണ്ടു. ഇരട്ട പരിപ്പുള്ള വിത്തുകളുടെ നാരായവേരാണ് ആദ്യം പുറത്തുവരിക. മണ്ണിളക്കി ഒന്നര ഇഞ്ച് ആഴത്തില്‍ കടല പാകി. ആകെ 129 മണിക്കൂര്‍ കഴിഞ്ഞാണ് മണ്ണിന്‍ മുകളില്‍ മുളച്ചുപൊന്തിയത്. യാഗത്തിന്റെ സ്വാധീനംകൊണ്ട് 2000 ഇരട്ടി വേഗത്തില്‍ 3 മിനിട്ട് 52 സെക്കന്‍ഡ് കൊണ്ട് കടലവിത്ത് ചെടിയായി രൂപാന്തരപ്പെടണം.

കേരളത്തിലെവിടെയും കൃഷി ചെയ്യുന്ന പയറിനെക്കുറിച്ച് പ്രഫ. വി പി എന്‍ എടുത്തു പറയുന്നില്ല.കടലയുടെ വര്‍ഗത്തില്‍പ്പെട്ടതും കടലയുടെ തൊണ്ടിനേക്കാള്‍ കനം കുറഞ്ഞതും ആയ തൊണ്ട് ഉള്ളതുകൊണ്ട് പയര്‍ പാകി രണ്ട് മിനിറ്റ് കഴിയുമ്പോള്‍ പയര്‍ചെടി മുളച്ച് പൊന്തിനില്‍ക്കുന്നത് കാണേണ്ടതല്ലെ. വിള രണ്ടായിരം ഇരട്ടി ആയേക്കുമോ? പ്രഫസര്‍ നമ്പൂതിരി വിദൂര സൂചനപോലും നല്‍കുന്നില്ല. 2000 മേനി വിളയുന്നത് പഠനസംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ കാണും എന്ന് പ്രതീക്ഷിക്കാം. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിരാത്രത്തിന്റെ പ്രത്യക്ഷ അനുഭവത്തില്‍ ഗുണഫലം ചാരം ഉല്പാദിപ്പിക്കുന്നു എന്നുള്ളതാണ്. ചമതയും ഉണക്കലരി ചോറും നെയ്യും മറ്റും കത്തിയുണ്ടാകുന്ന ചാരത്തിന് രസതന്ത്രപരമായി എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നറിയില്ല. ചാരം എല്ലാ സസ്യജാലങ്ങള്‍ക്കും നല്ല വളമാണെന്ന് കൃഷിക്കാര്‍ക്ക് അറിയാം. യാഗശാലക്ക് ചുറ്റും സസ്യങ്ങള്‍ തഴച്ച് വളരുന്നത് പുത്തന്‍ അറിവല്ല. വേനല്‍ക്കാലത്ത് കൊഴിഞ്ഞുവീഴുന്ന ഇലകള്‍ അടിച്ചുകൂട്ടി പറമ്പില്‍ തീയിടാത്ത കര്‍ഷകരുണ്ടോ? തീയിട്ട സ്ഥലത്ത് സസ്യങ്ങള്‍ സമൃദ്ധമായി വളരും; ഫലവും സമൃദ്ധം.

ഇവിടെ രണ്ട് ചോദ്യങ്ങള്‍ പ്രസക്തമായി ഉയരുന്നു. കേരളത്തിന്റെ കാര്‍ഷിക വിളയുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തേങ്ങയ്ക്കും നെല്ലിനുമല്ലേ? പഠനസംഘം എന്തുകൊണ്ട് ഈ സുപ്രധാന വിളകളെ അവഗണിച്ച് "ബംഗാള്‍ ഗ്രാമിന്റെ" (കടല) പിറകെ പാഞ്ഞു. യാഗശാലക്ക് ഒന്നര കിലോമീറ്റര്‍ അകലെവരെ സൂക്ഷ്മജീവികളുടെ അഭാവവും കടല 2000 ഇരട്ടി വേഗത്തില്‍വളരുന്നതും കണ്ടെത്തിയല്ലോ. അപ്പോള്‍ മൂന്ന് കിലോമീറ്റര്‍ ഇടവിട്ട് നമ്മുടെ ഗ്രാമങ്ങളില്‍ അതിരാത്രം എന്ന യാഗം നടത്തിയാല്‍ ഹരിതവിപ്ലവത്തിന്റെ പ്രളയം സൃഷ്ടിക്കാന്‍ കഴിയില്ലേ. കാര്‍ഷിക മേഖലയില്‍ വമ്പിച്ച തുക ചിലവിടാതെ ആ തുക മറ്റു കാര്യങ്ങള്‍ക്കായി ഉപയോഗിക്കാമല്ലോ. കീടങ്ങളെ മാത്രമല്ല മനുഷ്യരെപ്പോലും നിത്യരോഗികളാക്കുന്ന മാരകങ്ങളായ കീടനാശിനികളെ ഒഴിവാക്കുകയും ചെയ്യാമല്ലോ.

അതിരാത്രത്തിന് മുന്‍പും തല്‍സമയത്തും സമാപനത്തിനുശേഷവും നാലുദിവസവും നീണ്ടുനിന്ന പഠനത്തിന്റെ പ്രാഥമിക പഠനങ്ങളാണ് പത്രസമ്മേളനത്തില്‍ വെളിവാക്കിയത്. സൂക്ഷ്മ ജീവികളുടെ അഭാവം താല്‍ക്കാലികമാണോ എന്നത് വ്യക്തമാക്കുമല്ലോ. സസ്യങ്ങളുടെ വളര്‍ച്ച ഇനിയും രണ്ടോ മൂന്നോ വിളവുവരെ നിലനില്‍ക്കും എന്ന് കര്‍ഷകര്‍ക്ക് സംശയം ഉണ്ടാകില്ല.
വര്‍ത്തതേ ട്രസ്റ്റിന്റെ പത്രസമ്മേളനം, പാഞ്ഞാള്‍ ആദ്യത്തെ അതിരാത്രം പോലെ ആരും ഗൗനിച്ചതായി കണ്ടില്ല. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികള്‍ക്കും പള്ളിപ്പെരുന്നാളുകള്‍ക്കും വലിയ പ്രാധാന്യം നല്‍കി വാര്‍ത്തകള്‍ കൊടുക്കുന്ന പ്രമുഖ പത്രങ്ങളിലൊന്നായ മലയാള മനോരമ പോലും വര്‍ത്തതേ ട്രസ്റ്റിന്റെ വാര്‍ത്താസമ്മേളനം ഒറ്റക്കോളം 12 സെന്റിമീറ്ററില്‍ ഒതുക്കി. അതിരാത്രത്തിന്റെ ഗുണഫലങ്ങളെക്കുറിച്ച് മിക്ക ലേഖകരും റിപ്പോര്‍ട്ട് ചെയ്തത് "ട്രസ്റ്റ് അവകാശപ്പെടുന്നു" എന്നാണ്. ട്രസ്റ്റിന്റെ അവകാശവാദത്തെ പത്രലേഖകര്‍പോലും ചോദ്യം ചെയ്യുന്ന രീതി.

ആഗോളതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും 2020 ആകുമ്പോള്‍ ഉണ്ടാകുമെന്ന് കരുതപ്പെടുന്ന വിപത്തിനെക്കുറിച്ചും ലോകശാസ്ത്രജ്ഞന്മാര്‍ തലപുകഞ്ഞ് ആലോചിക്കുമ്പോള്‍ , ഇവിടെ വിദ്യാര്‍ഥികളെ ശാസ്ത്രം പഠിപ്പിക്കാന്‍ ബാധ്യസ്ഥരായ ബുദ്ധിജീവികള്‍ അതിരാത്രത്തെ അതിരുവിട്ട് വാഴ്ത്തി സമയം പാഴാക്കുന്നു. സുപ്രീംകോടതി ജഡ്ജി ആയിരുന്ന ഒ ചിന്നപ്പ റെഡ്ഡി ഒരു പ്രസംഗത്തില്‍ ബുദ്ധിജീവികളെപ്പറ്റി പറഞ്ഞത് ഓര്‍ക്കുന്നു. ജീര്‍ണിച്ച് മലിമസമായ സാമൂഹ്യ അടിത്തറ നാശോന്മുഖമാകുമ്പോള്‍ ഒരു വിഭാഗം ബുദ്ധിജീവികള്‍ ഉപരിഘടന സംരക്ഷിക്കാന്‍ വാശിയോടെ വ്യഗ്രത കാണിക്കുന്നു (ബുദ്ധിജീവികളും മതപുനരുദ്ധാരണവും - ചിന്ത പ്രസിദ്ധീകരണം) വായു ഭഗവാനെ പിടിച്ചുകെട്ടി സമ്മര്‍ദം ഏല്‍പ്പിച്ച് വരുണ ഭഗവാനായി രൂപാന്തരപ്പെടുത്താനും (AIR LIQUIFACTION) മറിച്ചും വരുണ ഭഗവാനില്‍ വൈദ്യുതി കടത്തിവിട്ട് വായു ഭഗവാനായി രൂപാന്തരപ്പെടുത്താനും (Hydrolysis) കഴിയുന്ന മനുഷ്യനോട് വായുവിനെയും ജലത്തെയും ദേവന്മാരായി ആരാധിക്കണമെന്ന് ഉപദേശിക്കുകയോ!

അതിരാത്രത്തെ മുറുകെ പിടിക്കുന്ന മാമൂല്‍ പ്രിയരുടെ ശ്രദ്ധക്കായി ജൂണ്‍ 10നു തന്നെ വന്ന മറ്റൊരു പത്രവാര്‍ത്ത കൂടി ഇവിടെ ഉദ്ധരിക്കട്ടെ. മലയാള മനോരമ മൂന്നുകോളം നീളത്തില്‍ ഡബിള്‍ ശീര്‍ഷകത്തില്‍ കൊടുത്ത വാര്‍ത്ത ഇങ്ങനെയാണ്: "അരി, ഗോതമ്പ് ഉല്പാദനത്തില്‍ സര്‍വകാലനേട്ടം"- വാര്‍ത്തയുടെ ചുരുക്കം. ഇക്കൊല്ലത്തെ ഗോതമ്പ് ഉല്പാദനം 851 ലക്ഷം ടണ്‍ ആണ്. കഴിഞ്ഞ കൊല്ലം 808 ലക്ഷം ടണ്‍ ആയിരുന്നു. അരി ഉല്പാദനം ഇക്കൊല്ലം 951 ലക്ഷം ടണ്‍ , കഴിഞ്ഞ വര്‍ഷം 890.9 ലക്ഷം ടണ്‍ . അതിരാത്രത്തിന്റെ സ്വാധീനം ഈ ഉല്പാദന വര്‍ധനയിലും ഇവര്‍ അവകാശപ്പെടുമോ?


*****


പയ്യപ്പിള്ളി ബാലന്‍, ദേശാഭിമാനി വാരിക

അധികവായനയ്‌ക്ക് :Claims of Athirathram researchers challenged

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കൊച്ചി സര്‍വകലാശാല ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സ് മുന്‍ ഡയറക്ടര്‍ ആയിരുന്ന പ്രഫ. വി പി എന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒരുസംഘം കോളേജ് അധ്യാപകര്‍ അതിരാത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. അവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. പ്രഫ. വി പി എന്‍ നമ്പൂതിരിയാണ് സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനസംഘത്തിന്റെ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്. അതിരാത്രത്തിന്റെ മറ്റൊരു ഗുണഫലമായി കണ്ടെത്തിയത് ചിലയിനം വിത്തുകള്‍ - ചെറുപയര്‍ , പയര്‍ , കടല- വളരെ നേരത്തെ മുളയ്ക്കുന്നു എന്നതാണ്. യാഗശാലയുടെ പടിഞ്ഞാറ് വശത്ത് പാകിയ കടലവിത്ത് സാധാരണ പതിവിലും വേഗത്തില്‍ 2000 ഇരട്ടി വേഗത്തില്‍ മുളച്ചെന്ന് പ്രഫ. നമ്പൂതിരി പറഞ്ഞു. കടലകൃഷിയെക്കുറിച്ച് അറിയില്ല, അടുത്ത പ്രദേശങ്ങളിലൊന്നും കടല കൃഷി ചെയ്യുന്നതായി അറിയില്ല. അതുകൊണ്ട് അഞ്ചാറ് കടലവിത്തെടുത്ത് വെള്ളത്തിലിട്ടു. 12 മണിക്കൂര്‍ കഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞ് ഈര്‍പ്പം പോകാതെ സൂക്ഷിച്ചു. 24-ാം മണിക്കൂറില്‍ മുളപൊട്ടി കണ്ടു. ഇരട്ട പരിപ്പുള്ള വിത്തുകളുടെ നാരായവേരാണ് ആദ്യം പുറത്തുവരിക. മണ്ണിളക്കി ഒന്നര ഇഞ്ച് ആഴത്തില്‍ കടല പാകി. ആകെ 129 മണിക്കൂര്‍ കഴിഞ്ഞാണ് മണ്ണിന്‍ മുകളില്‍ മുളച്ചുപൊന്തിയത്. യാഗത്തിന്റെ സ്വാധീനംകൊണ്ട് 2000 ഇരട്ടി വേഗത്തില്‍ 3 മിനിട്ട് 52 സെക്കന്‍ഡ് കൊണ്ട് കടലവിത്ത് ചെടിയായി രൂപാന്തരപ്പെടണം.

VENKITESWARAN said...

അതിരാത്രം ചൂഷണ തന്ത്രം

സംസ്കാരത്തിന്റെ ക്രമികമായ വികാസത്തിനിടയില്‍ ആദ്യമായി ബുദ്ധിയുദിച്ചവരില്‍ ചിലര്‍,അവരുടേയും അവരുടെ പിന്‍ തലമുറകളുടേയും മാത്രം എന്നന്നേക്കുമായ മേല്ക്കോയ്മക്കും തദ്വാരാ സുഖത്തിനും വേണ്ടി പടച്ചുവെച്ചിട്ടുള്ള കുടിലതന്ത്രങ്ങള്‍,അധികം പരിക്കൊന്നുമേല്ക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ ധാരാളം വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നു.ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ ഇത്തരം ഗോഷ്ടികള്‍ താരതമ്യേന കുറവായിരിക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ തീര്‍ത്തും അജ്ഞരായ ചിലര്‍,ഇരുണ്ടകാലഘട്ടങ്ങളിലേക്ക്‌ മനുഷ്യ സംസ്കൃതിയെ തിരിച്ചുകൊണ്ടുപോകുന്ന തരത്തിലുള്ള പാഴ്സ്രമം നടത്തി തൃപ്തിയടയുന്നു.മാനം കാക്കാനുള്ളകൊലയും മതിലുകെട്ടി മനുഷ്യനെ വേര്‍തിരിക്കുന്നതും പഞ്ചായത്ത്പ്രസിഡന്റിന്റെയും രെജിസ്റ്റ്രേഷന്‍ ഐജിയുടെയും ഓഫീസുകളില്‍ ചാണകം തളിക്കുന്നതും അതിരാത്രം നടത്തുന്നതും ഒരേലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള വിവിധപ്രവര്‍ത്തനങ്ങള്‍ മാത്രം.അഹിംസാമന്ത്രമുരുവിട്ടും ശരണംവിളിച്ചും നടന്നവരുടെ കാലമല്ല ഇതെന്നും ഇനിയുമൊരു ദിഗ്ജയത്തിനു സ്കോപ്പ്‌ ഇല്ലെന്നും ഇക്കൂട്ടര്‍ അറിയുന്നില്ല.
പലതരത്തിലുള്ള യാഗങ്ങളില്‍ ഒന്നുമാത്രമാണു അതിരാത്രം.ഋഗ്,യജുര്‍വേദ ശ്ളോകങ്ങളാണു മന്ത്രങ്ങളെന്നപേരില്‍ യാഗങ്ങളില്‍ ഉപയോഗിക്കുന്നത്‌.ഏതാണ്ട്‌ നാലായിരം വര്‍ഷങ്ങള്‍മുന്‍പ്‌ ഇറാനില്‍നിന്നുംയൂറോപ്പിന്റെ ചില ഭാഗങ്ങളില്‍നിന്നും ഇന്‍ഡ്യയിലേക്കുവന്നവരാണു വേദങ്ങളുടേയും യാഗങ്ങളുടേയും സ്രഷ്ടാക്കള്‍.(പ്രാചീന ഇറാനിയന്‍ വേദഗ്രന്ധമായ സെന്റ്‌ അവെസ്തയും ഋഗ്വേദവും തമ്മിലുള്ള ബന്ധം സുവിദിതമാണു)അന്നിവിടെ നിലനിന്നിരുന്ന സംസ്കൃതിക്കുമേല്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ ഇക്കൂട്ടര്‍ വിജയിക്കുകയും,ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയിലേക്കു വന്നപ്പോള്‍സംഭവിച്ചതുപോലെ തന്നെ,വന്നവര്‍ മെച്ചപ്പെട്ടവരും നിന്നവര്‍ അധമരുമായിത്തീരുകയും ചെയ്തു.ആയുധം കൊണ്ട്‌ അടിച്ചമര്‍ത്തുന്നതിനൊപ്പം തന്നെ യാഗങ്ങള്‍പോലുള്ള വൈദികകര്‍മങ്ങളും നിരന്തരം നടത്തിയാണു തങ്ങളുടെ അതിസ്രേഷ്ടത്വം ഇവര്‍ സ്ഥാപിച്ചെടുത്തത്‌.

VENKITESWARAN said...

ഈശ്വരപ്രീതിയും അതുവഴി സദ്ഫലങ്ങള്‍ ഉണ്ടാക്കുകയുമാണു യാഗങ്ങളുടെ ലക്ഷ്യമെന്നു ഇവര്‍ പറയുന്നു.എന്നാല്‍ ഈ യാഗങ്ങള്‍ ബ്രാഹ്മണര്‍ ക്കും ക്ഷത്രിയര്‍ ക്കും മാത്രമേ നടത്താന്‍ അവകാശമുള്ളു എന്നും അവര്‍തന്നെ പറയുന്നു.അതായത്‌ ഈശ്വരനെപ്രീതിപ്പെടുത്താന്‍ എല്ലാവര്‍ ക്കും അവകാശമില്ല.അപ്പോള്‍ ഒന്നുകില്‍ ഈശ്വരന്‍ ജന്റില്‍ മാനല്ല എന്നു വരുന്നു.അല്ലെങ്കില്‍ സുഖം വീതംവക്കാന്‍ ഒരുകൂട്ടര്‍ തയ്യാറല്ല.രണ്ടായാലും പൊതു നന്മക്കാണു യാഗം നടത്തുന്നത്‌ എന്നവാദം ഇവിടെ പൊളിയുന്നു.
ഇനി അതിനിഗൂഢവും ഈശ്വരനെ കര്‍മനിരതനാക്കുന്നതുമായ മന്ത്രങ്ങളിലേക്കു വരാം.അത്രമെച്ചമല്ലാത്ത മധ്യേഷ്യയുടെയും യൂറോപ്പിന്റേയും ഭൂഭാഗങ്ങളില്‍നിന്നും വന്നവര്‍,ഇന്‍ഡ്യന്‍ നദീതടങ്ങളിലെ സുലഭമായ പദാര്‍ത്ഥങ്ങള്‍ അനുഭവിച്ച്‌ തങ്ങളുടെ മുന്നില്‍ കണ്ട പ്രകൃതിയേയും പ്രതിഭാസങ്ങളേയും കുറിച്ചുപാടിയ കല്പനാ ശില്പങ്ങളാണു വേദമന്ത്രങ്ങളിലധികവും. അഗ്നിമീളേ പുരോഹിതം:യജ്ഞസ്യദേവ മൃത്യുജം:ഹോതാരം രത്നധാതമം: ഒരു ഋഗ്വേദ മന്ത്രമാണിത്‌.യ്ജ്ഞത്തിന്റെ പുരോഹിതനും സൂത്രധാരനും ഐശ്വര്യദാതാവുമായ അഗ്നിദേവനെ ഞാന്‍ സ്തുതിക്കുന്നു എന്നു മാത്രമേ ഇതിനര്‍ത്ഥമുള്ളു.പ്രത്യക്ഷമായ പ്രകൃതിപ്രതിഭാസങ്ങളോട്‌ മാത്രമല്ല നിസ്സാരമായ പദാര്‍ത്ഥളും അവരുടെ പ്രാര്‍ത്ഥനാപരിധിയില്പെട്ടിരുന്നു.യച്ചിദ്ധി ത്വം ഗൃഹേ ഗൃഹ: ഉലൂഖലക ! യുജ്യസേ: ഇഹദ്യുമത്തമം വദ:ജയതാ മിവദുന്ദുഭി: അല്ലയോ ഉരലേ നീ എന്റെ വീട്ടില്‍ വിജയകാഹളം മുഴക്കണം. ധന ധാന്യങ്ങള്‍ ക്കുവേണ്ടിയുള്ള ഒരു ഋഗ്വേദ പ്രാര്‍ത്ഥനയാണിത്‌.മഴപെയ്യാന്‍ തവളയോട്‌ പ്രാര്‍ത്ഥിക്കുന്നതും താഴെ വീഴാതെ ആകാശത്തുനില്‍ക്കുന്ന സൂര്യനെക്കണ്ട്‌ അത്ഭുതപ്പെടുന്നതും മന്ത്രങ്ങളാണു.വിസ്താരഭയത്താല്‍ കൂടുതല്‍ മന്ത്രങ്ങള്‍ കുറിക്കുന്നില്ല.ഇതും ഇതുപോലുള്ളതുമായ വേദശ്ളോകങ്ങള്‍ മന്ത്രങ്ങളെന്നപേരില്‍ ഉരുക്കഴിച്ച്‌ സോമരസവും പശുവിനെ ശ്വാസമ്മുട്ടിച്ചുകൊന്നു അതിന്റെ മേദസും (വപ) ഹോമിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നു വിചാരിക്കുന്നത്‌ ശുദ്ധ മൗഢ്യമാണു.
.......