Sunday, August 7, 2011

എന്തുകൊണ്ട് ഇടതുപക്ഷം?

ഇന്ത്യന്‍ ജനാധിപത്യം തന്നെ ഒരു 'സാമൂഹ്യപരിവര്‍ത്തനത്തി'ന്റെ ഉല്‍പ്പന്നമാണ്

കുറച്ചു കാലമായി ഇന്ത്യയില്‍ സുപ്രധാനമായ ഒരു മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. സഹസ്രാബ്ദങ്ങളായി തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്ന, ലോകത്തൊരിടത്തും കാണാത്ത അസാധാരണമായ തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നിലനില്‍ക്കുന്ന, ഒരുതരം പൌരോഹിത്യ വാഴ്ചയുടെ സ്വഭാവമുള്ള സമൂഹമാണ് നമ്മുടേത്. തികച്ചും കാടത്തം നിറഞ്ഞ, തൊട്ടുകൂടായ്മയും കണ്ടു കൂടായ്മയുമൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍വരെ നിലനിന്നിരുന്നു എന്ന വസ്തുത, സഹസ്രാബ്ദങ്ങളായി നമ്മുടെ സമൂഹത്തില്‍ സ്ഥാപനവല്‍ക്കരിപ്പെട്ടിരിക്കുന്ന അടിച്ചമര്‍ത്തലിന്റെ ദൃഷ്ടാന്തമാണ്. 1951 -52 കാലത്തു പോലും യാഥാര്‍ത്ഥ്യം ഇതായിരിക്കെ, നമുക്ക് സാര്‍വ്വത്രികമായ പ്രായപൂര്‍ത്തി വോട്ടവകാശമുണ്ടായി. നമുക്ക് നിയമപരമായ തുല്യത ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുണ്ടായി. ഏതു തരത്തിലുള്ള സാമൂഹ്യ - രാഷ്ട്രീയ വിവേചനവും ശിക്ഷാര്‍ഹമായ കുറ്റമായി കണക്കാക്കപ്പെട്ടു. നിയമപരവും രാഷ്ട്രീയപരവുമായ സ്വാതന്ത്ര്യവും അവകാശവും അനുവദിക്കപ്പെടുന്ന ഒരു ആധുനികസമൂഹത്തിലേക്ക് നാം മാറിയത്, സ്ഥാപനവല്‍ക്കരിക്കപ്പെട്ട അസമത്വം നിലനിന്നിരുന്ന ഒരു സമൂഹത്തില്‍ നിന്നാണ് എന്നത്, ചരിത്രത്തില്‍ ഇതിനു മുന്‍പു കാണാന്‍ കഴിയാത്ത ജനാധിപത്യ വിപ്ളവമായി നിലകൊള്ളുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ സാമൂഹ്യപരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനം നമ്മുടെ കണ്‍മുമ്പിലാണ് നടന്നതെങ്കിലും പലപ്പോഴും നാമതിന്റെ പ്രസക്തിയെക്കുറിച്ച് ബോധവാന്മാരാകാറില്ല. എന്നാല്‍, ലോകചരിത്രത്തിലൊരിടത്തും സമാനമായ ഒരു സാമൂഹ്യ മാറ്റം ഉണ്ടായതായി കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഈ ജനാധിപത്യ വിപ്ളവത്തിന്റെ പ്രാധാന്യം നാം ഒരിക്കലും ചെറുതായി കാണേണ്ട കാര്യമില്ല.

എന്നാല്‍ ഈ വിപ്ളവം സംഭാവ്യമായത് ആരുടെയും ഔദാര്യം കൊണ്ടോ കാരുണ്യം കൊണ്ടോ അല്ല. ഒരു വ്യക്തിയുടെയും ജ്ഞാനോദയം കൊണ്ടുമല്ല. മറിച്ച്, 20-ാം നൂറ്റാണ്ടില്‍ ലോകമെമ്പാടും അലയടിച്ച ഫ്യൂഡല്‍ വിരുദ്ധ - കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. ഈ പോരാട്ടങ്ങള്‍ സുവിദിതമാണുതാനും. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെ ഈ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളിലേക്ക് അണിചേര്‍ത്തു എന്നത് അതിന്റെ വിജയത്തിനാധാരമായ പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവരെ അണിചേര്‍ത്തതാകട്ടെ, എല്ലാവര്‍ക്കും തുല്യത എന്ന അവിതര്‍ക്കിതമായ സാമൂഹ്യകരാറിന്റെ വ്യവസ്ഥയിന്മേലും. സമത്വം എന്ന മുദ്രാവാക്യം ഉണ്ടായിരുന്നില്ല എങ്കില്‍, കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന്റെ ഔന്നത്യം വന്‍തോതില്‍ കുറയുമായിരുന്നു എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. എന്നാല്‍, ഞാന്‍ പറഞ്ഞു വരുന്നത്, രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചു മാത്രമല്ല. അതോടൊപ്പം തന്നെ ഒരു സാമൂഹ്യ മുന്നേറ്റവും ഉണ്ടായിരുന്നു എന്നാണ്. അവ രണ്ടും വ്യത്യസ്തങ്ങളായിരുന്നു എന്ന് ചില സന്ദര്‍ങ്ങളില്‍ തോന്നിയിരുന്നു. ഉദാഹരണത്തിന്, അംബേദ്കര്‍, ജ്യോതിറാവു ഫൂലേ, പെരിയാര്‍ തുടങ്ങിയവരുടെ പ്രസ്ഥാനങ്ങളൊക്കെ, വലിയ സാമൂഹ്യ മുന്നേറ്റങ്ങളായിരുന്നു. പലപ്പോഴും അവ കൊളോണിയല്‍ വിരുദ്ധ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നും അകലം പാലിച്ചിരുന്നു. എന്നിരുന്നാലും ഈ രണ്ട് മുന്നേറ്റങ്ങളും അന്യോന്യം, വളരെയടുത്ത് ബന്ധപ്പെട്ടതായിരുന്നു. ഇരുപതാം നൂറ്റാണ്ടിനെ ശ്രദ്ധേയമാക്കിയ, നമ്മുടെ രാജ്യം മുന്‍പൊരിക്കലും ദര്‍ശിക്കാത്ത, ജനാധിപത്യ സാമൂഹ്യ പരിവര്‍ത്തനം, ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്.

ആ മാറ്റത്തിന്റെ പിന്നിലെ ചാലകശക്തി ഇടതുപക്ഷമാണ്

ഇന്ത്യന്‍ ഇടതുപക്ഷം, തീര്‍ച്ചയായും ഈ മുന്നേറ്റത്തില്‍ പ്രധാന പങ്കാളികളായിരുന്നു. വാസ്തവത്തില്‍ ഈ പോരാട്ടങ്ങളുടെ അരങ്ങും പോര്‍ക്കളവും ഒക്കെ നിറഞ്ഞു നിന്നിരുന്നത് ഇടതുപക്ഷമായിരുന്നു. എ.കെ.ജിയുടെ നേതൃത്വത്തിലുള്ള ക്ഷേത്രപ്രവേശന സമരം, കോണ്‍ഗ്രസ്സിനകത്തെ സോഷ്യലിസ്റ് വിഭാഗത്തിന്റെയും പിന്നീട് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെയും രൂപീകരണം തുടങ്ങിയവ ഇരുപതാം നൂറ്റാണ്ടിലെ ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. ഈ ജനാധിപത്യ വിപ്ളവം, കേവലമായ ഒരു സംഭവം മാത്രമല്ല. അതൊരു വെല്ലുവിളി കൂടിയായിരുന്നു. കാരണം, പിന്നോട്ടടി സംഭവിക്കാതിരിക്കാന്‍ സാമൂഹ്യമാറ്റത്തെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടായിരുന്നു. ഈ ജനാധിപത്യ വിപ്ളവത്തെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ അതി ശക്തരാണ് എന്ന വസ്തുത തന്നെ, വിപ്ളവത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതിനൊരിക്കലും നിശ്ചലമാകാന്‍ കഴിയില്ല. അതു കൊണ്ടുതന്നെ എല്ലാ കരുത്തോടെയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അസമത്വം പുനരാനയിക്കപ്പെടും. അടിച്ചമര്‍ത്തപ്പെട്ടവരും അസ്പൃശ്യരും പ്രാന്തവല്‍ക്കരിക്കപ്പെട്ടവരും തൊഴിലാളികളും നമ്മുടെ സമൂഹത്തില്‍ കൈവരിച്ച സാമൂഹ്യ-സാമ്പത്തിക ശാക്തീകരണം ദുര്‍ബ്ബലപ്പെടും. അതായത്, നാം വളര്‍ത്തിയെടുത്ത ജനാധിപത്യവിപ്ളവം ഒന്നുകില്‍ മുന്നോട്ടു പോവുകയോ അല്ലെങ്കില്‍ തികച്ചും പിന്നോട്ടടിക്കപ്പെടുകയോ ചെയ്യുന്ന ഒരു സ്ഥിതി വിശേഷമാണ് നമ്മള്‍ നേരിടുന്നതെന്നര്‍ത്ഥം.

ജനാധിപത്യമുന്നേറ്റത്തെ പിറകോട്ടുവലിക്കാന്‍ ശ്രമിക്കുന്ന ശക്തികളേതൊക്കെയെന്ന് നമുക്ക് നോക്കാം. തീര്‍ച്ചയായും ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂപ്രഭുത്വം, ജാതിവ്യത്യാസം തുടങ്ങിയ പഴയ, ജീര്‍ണ്ണിച്ച സാമൂഹ്യ വ്യവസ്ഥ ഇന്നും തുടരുന്നുണ്ട്. കേരളത്തില്‍ നടപ്പിലാക്കിയതുപോലെ ഭൂപരിഷ്ക്കരണം മറ്റെങ്ങും നടപ്പാക്കിയിട്ടില്ല. ഇന്ത്യയിലെ ഗ്രാമങ്ങളില്‍, ഇന്നും, ഉയര്‍ന്ന ജാതിയുടെ - ഭൂപ്രഭുവര്‍ഗ്ഗത്തിന്റെ - സാമൂഹ്യ നിയന്ത്രണം അവസാനിച്ചിട്ടില്ല. പഴയ ജാതി മേല്‍ക്കോയ്മയും ഭൂപ്രഭുത്വവും തുടരുക തന്നെയാണ്. ജനാധിപത്യ വിപ്ളവത്തിനുള്ള വലിയ ഭീഷണിയായി, ഇന്ത്യയുടെ വലിയ പ്രദേശത്ത് ഇത് തുടരുകയാണ്. വാസ്തവത്തില്‍, ഭൂപരിഷ്കരണം നടപ്പാക്കപ്പെട്ടിട്ടുള്ള, പഴയകാല ഭൂപ്രഭുത്വം അവസാനിപ്പിക്കപ്പെട്ടിട്ടുള്ള, ഭൂമി കേന്ദ്രീകരണം വലിയ അളവില്‍ തകര്‍ക്കപ്പെട്ടിട്ടുള്ള കേരളത്തില്‍പോലും ജാതിമേധാവിത്വവും ജാതിവ്യത്യാസങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഭൂപരിഷ്ക്കരണം നടപ്പാക്കിയതു മൂലം വലിയ തോതില്‍ അവസാനിപ്പിക്കപ്പെട്ട അസമത്വം, സ്ഥാപനവല്‍ക്കരിക്കപ്പെട്ട രീതിയിലല്ലെങ്കിലും, ഇപ്പോഴും ഇവിടുത്തെ സാമൂഹ്യവ്യവസ്ഥയില്‍ നിലനില്‍ക്കുന്നുണ്ട്. അതായത്, ജനാധിപത്യത്തെ പിന്നോട്ടടിപ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ പഴയ ശക്തികള്‍ക്കുമൊപ്പം ഒരു പുതിയ ശക്തികൂടി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നു. വര്‍ത്തമാനകാല പരിതസ്ഥിതിയുടെ പ്രാധാന്യവും അതു തന്നെയാണ്.

ചരിത്രപരമായി, ലോകത്താകെ പഴയ വ്യവസ്ഥകള്‍ തകര്‍ത്തെറിയുന്നതില്‍, ബൂര്‍ഷ്വാസി വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുണ്ട്. ഫ്രഞ്ച് വിപ്ളവം ചെയ്തത് അതാണ്. അവിടെ ബൂര്‍ഷ്വാസി, ഭൂപ്രഭുക്കളുടെ അധികാരം തകര്‍ക്കുകയായിരുന്നു. അത് പഴയ വ്യവസ്ഥയെ തകര്‍ത്തു. പഴയ പൌരോഹിത്യവും ഫ്യൂഡല്‍ വ്യവസ്ഥയും തകര്‍ന്നതിനുശേഷം പുതിയ ഒരു ബൂര്‍ഷ്വാ സമൂഹം ഉയര്‍ന്നുവന്നു. അതിന്, അവിതര്‍ക്കിതമായും അടിച്ചമര്‍ത്തലിന്റെ സ്വഭാവമുണ്ടായിരുന്നു എങ്കിലും, ഒരു പരിധിവരെ, നിയമപരമായ തുല്യത അത് ഉറപ്പുവരുത്തി. എന്നാല്‍, ഇന്ത്യയില്‍ നമ്മള്‍ കാണുന്നതെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലും കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിലും ജനാധിപത്യവിപ്ളവം മുന്നോട്ടുകൊണ്ടുപോകുന്നതിലും വലിയ പങ്കുവഹിച്ച ബൂര്‍ഷ്വാസി, ഇന്ന് തികച്ചും വ്യത്യസ്തമായ ജോലിയാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ബൂര്‍ഷ്വാസി സന്ധി ചെയ്യാനാണ് താല്‍പ്പര്യം കാണിച്ചത്

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യനാളുകളില്‍ തന്നെ, ഇന്ത്യന്‍ ബൂര്‍ഷ്വാസി, ഭൂപ്രഭുത്വവുമായി സന്ധിചെയ്തു. ഭൂപരിഷ്ക്കരണം നടപ്പാക്കപ്പെട്ടില്ല. ഭൂമി കേന്ദ്രീകരണം അതേപടി നിലനിന്നു. മാത്രവുമല്ല, സാമ്രാജ്യത്വവുമായും അവര്‍ സന്ധിചെയ്തു. നവലിബറല്‍ പരിഷ്ക്കാരങ്ങള്‍ക്കു കീഴില്‍ ഇത് കൂടുതല്‍ ശക്തിപ്പെടുകയും സാമ്രാജ്യത്വവുമായി കൂടുതല്‍ ഉദ്ഗ്രഥിക്കപ്പെടുകയും ചെയ്തു. അമേരിക്കയുമായും ഇസ്രായേലുമായും തന്ത്രപരമായ സഖ്യം സ്ഥാപിക്കുന്നതില്‍ വരെ ഇത് എത്തി നില്‍ക്കുന്നു. ഭൂപ്രഭുത്വത്തിനും കോളനിവല്‍ക്കരണത്തിനും സാമ്രാജ്യത്വത്തിനും എതിരെയുള്ള ജനകീയ പോരാട്ടത്തിന്റെ ഭാഗമായിരുന്നു മുന്‍പ് ബൂര്‍ഷ്വാസി എങ്കില്‍, ഇന്ന് അവര്‍ തികച്ചും മലക്കം മറിഞ്ഞിരിക്കുന്നു. ഇന്ന് അവര്‍ സാമ്രാജ്യത്വവുമായും, പ്രത്യേകിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവുമായും, അന്താരാഷ്ട്ര ധനമൂലധനവുമായും കൂടുതല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു. ഇതിന്റെ ഫലമായി, ഇന്ത്യന്‍ സമൂഹത്തില്‍ ഇന്ന് വലിയ ഒരു വിടവ് ദൃശ്യമാണ്. ഇതിന്റെ ഒരു ഭാഗത്ത്, സാധാരണ ജനങ്ങളും മറുഭാഗത്ത് ബൂര്‍ഷ്വാസിയും അതിന്റെ സാമ്പത്തിക താല്പര്യങ്ങളുമാണ്.

നവലിബറലിസം ദാരിദ്ര്യം തീവ്രമാക്കുന്നതെങ്ങനെ...?

ഇന്ത്യന്‍ സമൂഹത്തില്‍ ഈ വിടവ് പ്രകടമാകുന്നത് വലിയ സാമ്പത്തിക അന്തരങ്ങളിലൂടെയാണ്. നൂറുകണക്കിന് കാര്യങ്ങളില്‍, ഇന്ത്യയിലെ ജനങ്ങളും ബൂര്‍ഷ്വാസിയും തമ്മിലുള്ള ഈ വിടവ്, നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നുണ്ട്. ഇന്നുരാവിലെ, ടെലിവിഷനില്‍, ഞാന്‍ ഒരു പരസ്യം ശ്രദ്ധിക്കുകയുണ്ടായി. എയ്റോബിക്സ് ക്ളാസ്സില്‍ പരിശീലക പ്രധാനവാര്‍ത്തകള്‍, പഠിതാക്കളെ അറിയിക്കുകയാണ്. മിസ് ഇന്ത്യ മിസ്‌വേള്‍ഡായി, സെന്‍സെക്സ് കുതിച്ചുകയറി, ഇന്ത്യ സാറ്റലൈറ്റ് വിക്ഷേപിച്ചു എന്നിങ്ങനെ. സാധാരണ ജനങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ്, മാധ്യമങ്ങളുടെയും ബൂര്‍ഷ്വാസിയുടെയും ദൃഷ്ടിയില്‍ ഏറ്റവും പ്രധാനവാര്‍ത്ത. വാസ്തവത്തില്‍, ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും മുന്‍ഗണനകളിലും അഭിപ്രായങ്ങളിലും ഉയര്‍ന്നുവന്നിട്ടുള്ള വലിയ വ്യത്യാസത്തിന്റെ പ്രതീകമായി ഇതിനെ നമുക്ക് കാണാവുന്നതാണ്. ഇന്ത്യന്‍ സമൂഹത്തില്‍ ഉടലെടുത്തിട്ടുള്ള ഈ പിളര്‍പ്പ് വളരെ വലുതും പ്രകടവുമാണ്.
ഈ കാലത്തുതന്നെയാണ്, നിത്യേനയെന്നോണം, രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന 'വളര്‍ച്ച'യെക്കുറിച്ച്, വലിയ പ്രഖ്യാപനങ്ങളുണ്ടാവുന്നത്. വാസ്തവത്തില്‍, പ്രധാനമന്ത്രിയോ ധനകാര്യമന്ത്രിയോ അവരുടെ ഉപദേശകരോ, ആസൂത്രണ കമ്മീഷന്‍ ഡെപ്യൂട്ടിചെയര്‍മാനോ, 9-10% വളര്‍ച്ചയെക്കുറിച്ച് സംസാരിക്കാത്ത ഒരു ദിവസവും കടന്നു പോകുന്നില്ല. എന്നാല്‍, മഹത്തായ ഈ വളര്‍ച്ച ആഘോഷിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ തന്നെ, സമകാലീന ഇന്ത്യയുടെ വലിയവിഭാഗം ജനതയുടെ ജീവിത നിലവാരം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം എന്നത് ഞാന്‍ അടിവരയിട്ടു പറയുന്നു.

രാജ്യത്തെ ജനങ്ങുടെ ജീവിതനിലവാരത്തിന്റെ ഏറ്റവും പൊതുവായ സൂചികയായി കണക്കാക്കപ്പെടുന്നത്, അവര്‍ക്ക് ലഭ്യമാകുന്ന ഭക്ഷ്യധാന്യത്തിന്റെ അളവാണ്. പ്രതിശീര്‍ഷ യഥാര്‍ത്ഥ വരുമാനവും പ്രതിശീര്‍ഷ ധാന്യ ഉപഭോഗവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന രണ്ടു കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ, പ്രതിശീര്‍ഷധാന്യ ഉപഭോഗം വളരെ പ്രധാനപ്പെട്ട ഒരു സൂചികയാണ്. കോളനിവല്‍ക്കരണകാലത്ത്, പ്രതിശീര്‍ഷ ധാന്യ ഉപഭോഗം വളരെ കുറഞ്ഞിരുന്നു. യുദ്ധാവസാനത്തോടെ അത് 150 കിലോഗ്രാമില്‍ താഴെയായി. വിഭജനത്തോടെ അത് വീണ്ടും കുറഞ്ഞു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അത് 136 കിലോഗ്രാമായി കുറഞ്ഞു. എന്നാല്‍, സ്വാതന്ത്യാനന്തര കാലഘട്ടത്തില്‍, ഗവണ്‍മെന്റിന്റെ വലിയ ഇടപെടലിന്റെ ഫലമായി ആളോഹരി ഭക്ഷ്യധാന്യ ഉപഭോഗം ഉയര്‍ന്നു. 1980കളോടെ അത് 180 കിലോഗ്രാമിലെത്തി. എന്നാല്‍, നവലിബറല്‍ പരിഷ്ക്കാരങ്ങളുടെ കടന്നുവരവോടെ ഈ നിരക്ക് മുരടിക്കുകയും തൊണ്ണൂറുകളുടെ അവസാനപാദത്തില്‍, വന്‍തോതില്‍ ഇടിയുകയും ചെയ്തു. 2008ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ പ്രതിശീര്‍ഷധാന്യ ഉപഭോഗനിരക്ക്, 1953നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, 1953നു ശേഷം ധാന്യ ഉപഭോഗം ഉയരുകയും പിന്നീട് കുറയുകയും ചെയ്യുന്നു എന്നര്‍ത്ഥം. ബഹുഭൂരിപക്ഷം ഇന്ത്യക്കാരും ദരിദ്രവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കയാണ് എന്നാണ്, ഭക്ഷ്യധാന്യ ഉപഭോഗത്തിലെ തകര്‍ച്ച സൂചിപ്പിക്കുന്നത്. ഇത്, എത്രത്തോളമുണ്ടെന്ന് മറ്റുചില ഉദാഹരണങ്ങള്‍ വച്ച് നമുക്ക് പരിശോധിക്കാം.

നീണ്ട കാലമായി നമ്മുടെ രാജ്യത്തെ ആസൂത്രണ കമ്മീഷന്‍, ദാരിദ്ര്യത്തെ നിര്‍വ്വചിച്ചത്, ഗ്രാമങ്ങളില്‍, പ്രതിദിനം 2400 കലോറിയില്‍ താഴെ ലഭ്യമാകുന്നവരെന്നും നഗരങ്ങളില്‍ 2100 കലോറിയില്‍ താഴെ ലഭിക്കുന്നവരെന്നുമാണ്. അതനുസരിച്ച്, 1994 -95ല്‍ പ്രതിദിനം 2400 കലോറിയില്‍ കുറവ് ലഭ്യമായിരുന്നവര്‍ 74.5% ആയിരുന്നു. ഇതിനര്‍ത്ഥം, ആസൂത്രണ കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡമനുസരിച്ചു തന്നെ, ഇന്ത്യന്‍ ജനതയില്‍ 74.5% പേര്‍ ദരിദ്രരാണെന്നാണ്. ഒരു ദശകത്തിനുശേഷം, 2003-04ല്‍ ഇത് 87 ശതമാനമായി വര്‍ദ്ധിച്ചു. നഗരങ്ങളിലാവട്ടെ ഈ രണ്ടു കാലയളവിലേക്കുള്ള നിരക്ക് യഥാക്രമം 57 ശതമാനവും 64 ശതമാനവുമായിരുന്നു. അപ്പോള്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ മഹാഭൂരിപക്ഷം ജനങ്ങളും, നഗരങ്ങളിലെയും ഭൂരിപക്ഷം ജനങ്ങളും ദരിദ്രരാണ് എന്നര്‍ത്ഥം. ഈ മാനദണ്ഡം വളരെ ഉയര്‍ന്നതാണ് എന്ന വാദമുയര്‍ത്തിയേക്കാം. എങ്കില്‍ തന്നെയും ദരിദ്രവല്‍ക്കരിക്കപ്പെടുന്നവരുടെ എണ്ണം, ദിനംപ്രതി, ഈ പ്രത്യേക ദശകങ്ങളില്‍ കൂടിക്കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ട്, നമ്മള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ആഘോഷിക്കുന്ന അതേ കാലയളവില്‍തന്നെ വലിയതോതില്‍, തികഞ്ഞ ദരിദ്രവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

പ്രാകൃത മൂലധന സമാഹരണവും, കടുത്ത ചൂഷണവുമാണതിന്റെ മുഖമുദ്ര

ഇതെന്തുകൊണ്ടാണ് സംഭവിക്കുന്നത് ? അതിനുകാരണം, നമ്മള്‍ ഇന്നുകാണുന്ന വളര്‍ച്ച എന്ന പ്രിക്രിയ, ബഹുഭൂരിപക്ഷം ജനങ്ങളുടെയും വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കുന്നു എന്നതാണ്. അല്ലെങ്കില്‍, മാര്‍ക്സ് ചൂണ്ടിക്കാട്ടിയ, പ്രാകൃത മൂലധനസഞ്ചയം നടക്കുന്നതിന്റെ ഫലമായി, കര്‍ഷകര്‍ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെടുന്നു. വ്യാപാരികളെ നിഷ്കാസിതരാക്കിക്കൊണ്ട് കോര്‍പറേറ്റകളുടെയും ബഹുരാഷ്ട്രകുത്തകകളുടെയും ചില്ലറവ്യാപാരശാലകള്‍ വരുന്നു. ചെറുകിട ഉല്പാദകരുടെ ഉല്പാദനച്ചെലവ് വന്‍ തോതില്‍ വര്‍ദ്ധിക്കുകയും അതിന് ആനുപാതികമായ വില്പന വില ലഭിക്കാതെയും വരുന്നു. ഇത് അവരുടെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുന്നു. കര്‍ഷകര്‍, തൊഴിലാളികള്‍, കൈവേലക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട ഉല്പാദകര്‍ തുടങ്ങി നിരവധി ജനവിഭാഗങ്ങളുടെ വരുമാനത്തില്‍ ഇടുവുണ്ടാകുന്നു എന്നത് നവലിബറല്‍ നയങ്ങളുടെ അനിവാര്യമായ ഫലമാണ്. എന്തുകൊണ്ടത് അനിവാര്യമാകുന്നു? കാരണം, മുതലാളിത്തം, സമ്പത്ത് കുന്നു കൂടുന്നത് ഈ ജനവിഭാഗങ്ങളില്‍ നിന്നാണ്.

മുതലാളിത്തം സമ്പത്ത് കുന്നുകൂട്ടുന്നത് ജനങ്ങളില്‍ നിന്നാണ്

തൊഴിലാളികളെയും അദ്ധ്വാനിക്കുന്നവരെയും നിഷ്‌കാസിതരാക്കി സമ്പത്ത് കുന്നുകൂട്ടുക എന്നത് മുതലാളിത്തത്തിന്റെ സഹജമായ സ്വഭാവമാണ്. ചരിത്രത്തിലുടനീളം അതു സംഭവിച്ചിട്ടുണ്ട്. ചെറുകിട ഉല്പാദകരുടെ പക്കലുള്ള ഉല്പാദനോപാധികള്‍ കൈയ്യടക്കുന്നതും മൂലധനത്തിന് താല്പര്യമുള്ള കാര്യമാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍, ഒരുപരിധിവരെ, ഇത് നിയന്ത്രിച്ചു നിര്‍ത്തിയിരുന്നു. രാജ്യത്തെ കര്‍ഷകനെ സംരക്ഷിച്ചിരുന്നു. അതിനു കാരണം സ്വാതന്ത്ര്യ സമരത്തിന്റെ ഒസ്യത്താണ്. 1930കളിലെ മാന്ദ്യത്തിന്റെ കാലത്ത് കര്‍ഷകര്‍ കടുത്ത ദുരിതമനുഭവിച്ചു. തല്‍ഫലമായി അവര്‍ വലിയ സംഖ്യയില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കുചേര്‍ന്നു. സ്വാതന്ത്ര്യം അവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നുവെന്നും നല്ല നാളെകള്‍ അവരെ കാത്തിരിക്കുന്നു എന്നതുമായിരുന്നു അതിനുള്ള ഉപാധി. തീര്‍ച്ചയായും, ലോക കമ്പോളത്തിലെ ചില വ്യതിയാനങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുമെന്നും അവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും സ്വാതന്ത്ര്യം വാഗ്ദാനം നല്‍കിയിരിക്കുന്നു.

അതിന്റെ ഭാഗമായി, ഭരണകൂടം നല്‍കിയിരുന്ന നിരവധി സേവനങ്ങളുണ്ട്. 22 വിളകള്‍ക്ക് കര്‍ഷകര്‍ക്ക് നല്‍കിയ ഉയര്‍ന്ന സംഭരണവില, കാര്‍ഷിക സബ്സിഡികള്‍, ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഭാഗമായി വന്ന കാര്‍ഷിക വായ്പകള്‍, ജലസേചനം, വൈദ്യുതി സബ്സിഡി തുടങ്ങി നിരവധി നടപടികള്‍. അതേ പോലെതന്നെ, ടെക്സ്റൈല്‍ മേഖലയില്‍ മൂലധന ശക്തികള്‍ക്ക് കല്പിച്ചിരുന്ന വിലക്ക്, സുഗന്ധവിള കര്‍ഷകരെ സംരക്ഷിക്കുന്നതിനായുള്ള ടീ ബോര്‍ഡ്, കോഫി ബോര്‍ഡ്, ഏലം ബോര്‍ഡ്, റബര്‍ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളൊക്കെയും, കര്‍ഷകരെ സഹായിക്കാനും സംരക്ഷിക്കാനും ഉള്ളതായിരുന്നു. ചുരുക്കത്തില്‍, സ്വാതന്ത്യാനന്തര കാലത്ത്, കര്‍ഷകരെയും ചെറുകിട ഉല്പാദകരെയും സഹായിക്കുന്നതിനും അവരെ നിഷ്ക്കാസിതരാക്കുന്ന തരത്തിലുള്ള മൂലധനത്തിന്റെ കടന്നുകയറ്റം തടയുന്നതിനുമുള്ള എല്ലാ നടപടികളും ഭരണകൂടം കൈകൊണ്ടു.

ഭരണകൂടം സാമൂഹിക കടമകള്‍ ഉപേക്ഷിക്കുന്നു

നവലിബറലിസത്തിലാവട്ടെ, ഭരണകൂടം ഈ നടപടിയില്‍ നിന്നു പിന്മാറുകയാണ്. വിവധ ബോര്‍ഡുകളൊക്കെ ഏതാണ്ട് അടച്ചുപൂട്ടിക്കഴിഞ്ഞു. പ്രണബ് മുഖര്‍ജിയുടെ ബജറ്റ് പ്രകാരം, ക്യാഷ്സബ്സിഡി നല്‍കിക്കൊണ്ട്, പൊതുവിതരണ സമ്പ്രദായം നിര്‍ത്തലാക്കുകയാണ്. അതാണവരുടെ ലക്ഷ്യം. എന്തായാലും, ധാന്യസംഭരണം ഭരണകൂടം നിര്‍ത്തലാക്കുകയാണ്. അത് നവലിബറലിസത്തിന്റെ അജണ്ടയാണ്. ബഹുരാഷ്ട്ര കുത്തകകളും വിത്തുകമ്പനികളും കര്‍ഷകരിൽ നിന്ന് നേരിട്ടു വിളകള്‍ ശേഖരിക്കുകയാണ്. എന്നാല്‍, ലോക കമ്പോളത്തില്‍ ധാന്യങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോഴും അതുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്തത്ര തുച്ഛമായ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. സബ്സിഡികള്‍ പിന്‍വലിച്ചതിന്റെ ഫലമായി ഉല്പാദനച്ചെലവ് കൂടുകയാണ്. ചെലവ് താങ്ങാന്‍ കഴിയാത്തതുമൂലം, രണ്ടു ലക്ഷത്തിലധികം കര്‍ഷകര്‍, കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ആത്മഹത്യ ചെയ്തു. ഇവിടെ, കൃഷിയും ചെറുകിട ഉല്പാദനവും വലിയ ആക്രമണത്തിനിരയാകുകയാണ്.

ഇന്ത്യയിലിപ്പോള്‍ പ്രാകൃത മൂലധന സഞ്ചയത്തിന്റെ അതിശക്തമായ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. പൊതു ആരോഗ്യസംവിധാനത്തിന്റെ പിന്മാറ്റവും ആരോഗ്യ - വിദ്യാഭ്യാസ മേഖലകളുടെ സ്വകാര്യവല്‍ക്കരണവും മുഴുവന്‍ ജനങ്ങളിലും അമിതഭാരം അടിച്ചേല്പിക്കുകയാണ്. ഒരു ചെറുകിട കര്‍ഷകന്റെ പിതാവ് ഹൃദ്രോഗ ബാധയുണ്ടായാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിക്കാന്‍ സംവിധാനമില്ല. കാരണം അത് നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു. അതിനര്‍ത്ഥം അയാള്‍ സ്വകാര്യ ആശുപത്രിയെ സമീപിക്കുക എന്നതാണ്. അതിനായി അയാള്‍ പണം കടം വാങ്ങുന്നു. കടംവാങ്ങിയ തുക തിരികെ നല്‍കാന്‍ നിവൃത്തിയില്ലാതെ വരുന്ന കര്‍ഷകന്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഇത്തരത്തില്‍, ചെറുകിട ഉല്പാദകരെ ആക്രമിക്കുന്ന നയങ്ങള്‍, മൂലധന സഞ്ചയത്തിന് വഴിയൊരുക്കുന്നു. അതാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരുക്കുന്നത്.

നവലിബറല്‍ വളര്‍ച്ച തൊഴില്‍ രഹിത വളര്‍ച്ചയാണ്

ചരിത്രപരമായി, ഇങ്ങിനെ തന്നെയാണ് സംഭവിച്ചിട്ടുള്ളത് എന്നുവേണമെങ്കില്‍ വാദിക്കാം. അതില്‍ വിഷമിക്കാനെന്തിരിക്കുന്നു എന്നും ചോദിക്കാം. മൂലധന സഞ്ചയ പ്രക്രിയയുടെ ഇരകളായി മാറുന്നവരെ വേണമെങ്കില്‍ സംഘടിത മേഖലയിലെ ഉല്പാദനതൊഴിലാളികളാക്കിമാറ്റി, അവരെ തൊഴിലാളിവര്‍ഗ്ഗത്തിലേക്ക് ചേര്‍ക്കാമല്ലോ, അത് ചരിത്രപരമായ പ്രക്രിയയാണ് എന്നും പറയാം. എന്നാല്‍ സംഭവിക്കുന്നത് അതല്ലല്ലോ. 8-10% വളര്‍ച്ചാ നിരക്ക് എന്ന് എല്ലാവരും വിശേഷിപ്പിക്കുന്നത്, വാസ്തവത്തില്‍, തൊഴില്‍ രഹിതവളര്‍ച്ചയാണ്. അപ്പോള്‍, വലിയ അളവില്‍, ജനങ്ങളുടെ വരുമാനത്തില്‍ കുറവുണ്ടാവുകയോ അവര്‍ തൊഴില്‍ നഷ്ടപ്പെട്ട്, തൊഴില്‍ രഹിതസേനയില്‍ ചേര്‍ക്കപ്പെടുകയോ ആണ് സംഭവിക്കുന്നത്. തല്‍ഫലമായി അവര്‍ ദരിദ്രവല്‍ക്കരിക്കപ്പെടുന്നു. ഈ തൊഴില്‍ രഹിത സേന വളരുന്നതു കൊണ്ടുതന്നെ, സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ വിലപേശല്‍ ശേഷി കുറയുന്നു. ട്രേഡ് യൂണിയനുകള്‍ ദുര്‍ബ്ബലപ്പെടുന്നു. തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളാകുന്നു. കര്‍ഷകരുടെ സ്ഥിതി വഷളാകുന്നു. ചെറുകിട ഉല്പാദകരുടെ സ്ഥിതി വഷളാകുന്നു. കര്‍ഷകതൊഴിലാളികളുടെ സ്ഥിതി വഷളാകുന്നു. ഇത് സംഭവിക്കുന്നത്, ഇന്ത്യ 8-10% വളര്‍ച്ച രേഖപ്പെടുത്തുമ്പോഴാണെന്നോര്‍ക്കണം. അതേസമയം നെടുകെ വിഭജിക്കപ്പെട്ട ഈ സമൂഹത്തില്‍, അതി സമ്പന്നമാകുന്നത് ഒരു ചെറിയ ന്യൂനപക്ഷമാണ്. അവര്‍, ആഗോള പൌരന്മാരാണ്. അവരാണ്, ഞാന്‍ മുന്‍പു പറഞ്ഞ, മിസ് ഇന്ത്യാ മിസ് വേള്‍ഡായി എന്നും സെന്‍സെക്സ് വളര്‍ന്നു എന്നുമൊക്കെ പരസ്യപ്പെടുത്തുന്നത്. എന്നാല്‍, മഹാഭൂരിപക്ഷം വരുന്ന യഥാര്‍ത്ഥ ഇന്ത്യ, കൂടുതല്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണ്.

ജനാധിപത്യ വ്യവസ്ഥയേ തന്നെ അവര്‍ അട്ടിമറിക്കുന്നു

ജനാധിപത്യ രാഷ്ട്രീയ സ്ഥാപനങ്ങളുമായി എങ്ങിനെയാണ് ഈ വ്യവസ്ഥ പൊരുത്തപ്പെടുക? തീര്‍ച്ചയായും പൊരുത്തപ്പെടില്ല. ആഴത്തിലുള്ള വിഭജനങ്ങള്‍ ഒരു സമൂഹത്തില്‍ സംഭവിക്കുന്നു എങ്കില്‍, ജനാധിപത്യ രാഷ്ട്രീയ സ്ഥാപനങ്ങളുടെ നിലനില്പുമായി അതെങ്ങനെ പൊരുത്തപ്പെടും? ഒരര്‍ത്ഥത്തില്‍, ഈ ആഴമേറിയ വിടവ്, നൈതികമായി, ജനാധിപത്യ വിരുദ്ധമാണ്. അത്, ജനാധിപത്യത്തിന്റെ നിലനില്പ് തന്നെ ബുദ്ധിമുട്ടേറിയതാക്കുന്നു. ആയതിനാല്‍, ഈ ജനാധിപത്യം, കേവലം, നാട്യമായി മാറുന്നുവെന്നുറപ്പു വരുത്താന്‍, പുതിയ പല രീതികളും ആവിഷ്ക്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ 'ജനാധിപത്യം,' അസമത്വം വിതയ്ക്കുന്ന വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. അതിനെന്താണ് ചെയ്ക? ഞാനാദ്യം പറഞ്ഞുവച്ച, ജനാധിപത്യവിപ്ളവ പ്രക്രിയയുടെ പിന്മടക്കവും ജനങ്ങളുടെ അശാക്തീകരണവും തന്നെയാണതിന്റെ വഴി! തുടക്കത്തിലേ പറഞ്ഞതുപോലെ, ജനാധിപത്യവിപ്ളവത്തിന്റെ അതിശക്തമായ മുന്നേറ്റം ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നമ്മള്‍ കാണുന്നത്, നവലിബറലിസത്തിന്‍ കീഴില്‍, പല വഴികളിലൂടെയുള്ള, ഈ ജനാധിപത്യ വിപ്ളവത്തിന്റെ പിന്മാറ്റമാണ്.
എന്തൊക്കെയാണീ വഴികള്‍ എന്നു നമുക്ക് നോക്കാം.

ഒന്നുകില്‍ നവലിബറലിസം അല്ലെങ്കില്‍ വര്‍ഗ്ഗീയ ഫാസിസം!!

നമ്മുടെ ജനാധിപത്യവിപ്ളവത്തിന്റെ മുഖമുദ്ര, അതിന്റെ കൊളോണിയല്‍ വിരുദ്ധ പോരാട്ടമായിരുന്നു. ഒരു ബാഹ്യശക്തിയുടെയും ഇടപെടലില്ലാതെ, ഇന്ത്യന്‍ ജനതയുടെ ഭാഗധേയം, അവര്‍തന്നെ നിര്‍ണ്ണയിച്ച, വിപ്ളവകരമായ പ്രക്രിയയായിരുന്നു അത്. എന്നാല്‍ ഇന്ന്, ഇന്ത്യന്‍ ഭരണകൂടം, അമേരിക്കന്‍ സാമ്രാജ്യത്വവുമായി ഒത്തുതീര്‍പ്പിലെത്തുന്നു എന്നതു തന്നെ, ഈ ജനാധിപത്യ വിപ്ളവത്തിന്റെ പിന്നോട്ടടിയാണ് കാണിക്കുന്നത്. ഇതു മാത്രമല്ല, മറ്റു പല വഴികളിലൂടെയും ഈ പിന്മാറ്റം നടക്കുന്നുണ്ട്.

വര്‍ഗീയ ഫാസിസത്തിന്റെ ഉയര്‍ച്ചയാണ് മറ്റൊന്ന്. പോളിഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ മിഖായേല്‍ കലെസ്കി, ഒരിക്കല്‍ പറഞ്ഞത്, നമ്മുടെ കാലത്തെ ഫാസിസം തുടലില്‍ കിടക്കുന്ന നായയെപോലെയാണെന്നാണ്. ഇടയ്ക്ക് നിങ്ങള്‍ക്ക് നായയെ തുടലൂരിവിടാം. അതിനര്‍ത്ഥം എല്ലാ ദുഷ്കൃത്യങ്ങളും അത് ചെയ്തു കൂട്ടുന്നു എന്നാണ്. അപ്പോള്‍, നായ തുടലിലായിരിക്കുമ്പോഴും അത്, അഴിച്ചുവിടപ്പെടുമോ എന്ന ഭയം നിലനില്‍ക്കുന്നു എന്നാണ്. അതുകൊണ്ട്, ജനങ്ങള്‍ പൊതുവെ, 'നന്നായി' പെരുമാറും. നായയെ തുടലൂരി വിടരുതല്ലോ. ഇന്ന്, നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന വര്‍ഗീയ ഫാസിസവും ഇതുപോലെ തന്നെയാണ്. ഏത് നിമിഷവും വര്‍ഗീയലഹളകള്‍ പൊട്ടിപ്പുറപ്പെടാം; വര്‍ഗീയഫാസിസം തേരോട്ടം നടത്താം; അവര്‍ അധികാരത്തില്‍ വരാം; ഹിന്ദുത്വ ഭീകരവാദം കെട്ടഴിച്ചുവിടപ്പെടാം - ഈ സാധ്യതകളൊക്കെ നിലനില്‍ക്കുന്നു. അതുകൊണ്ട്, തുടലില്‍ കിടക്കുന്ന നായയെ തുടലൂരിവിടാതിരിക്കാന്‍, ഇപ്പോഴെത്തെ സംവിധാനത്തെ, അതായത്, നവലിബറല്‍ സംവിധാനത്തെ പിന്തുണയ്ക്കുകയല്ലാതെ, നിങ്ങളുടെ മുന്‍പില്‍ മറ്റു മാര്‍ഗമില്ല; അതെത്രതന്നെ മോശമായികൊള്ളട്ടെ. വര്‍ഗീയ ഫാസിസം എന്ന നായയെ തുടലില്‍തന്നെ കിടത്തുന്നതിനു വേണ്ടി, നവലിബറല്‍ സംവിധാനമായ യുപിഎ സര്‍ക്കാറിനെ നിങ്ങള്‍ പിന്തുണയ്ക്കണം എന്നാണ് വാദം. ചുരുക്കത്തില്‍, വര്‍ഗീയ ഫാസിസം എന്ന ഭീഷണി ഉയര്‍ന്നു വന്നതോടെ, ജനങ്ങളുടെ മുന്‍പില്‍ രണ്ടു വഴികള്‍ മാത്രമേ ശേഷിക്കുന്നുള്ളു - ഒന്ന് വര്‍ഗീയ ഫാസിസത്തിന്റേതും മറ്റൊന്ന് നവലിബറലിസത്തിന്റേതും. അതിന്റെ ഫലമായി, നവലിബറലിസം കൂടുതല്‍ സ്വീകാര്യമാവുന്നു.

വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ച, ആരെങ്കിലും പദ്ധതിയിട്ട് നടപ്പാക്കുന്നതാണെന്നല്ല ഞാന്‍ പറയുന്നത്. പക്ഷെ, തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടുമെല്ലാം വര്‍ദ്ധിച്ചു വരുന്ന ഒരു സാഹചര്യത്തില്‍, ജനങ്ങള്‍, തെറ്റായ വര്‍ഗീയ ബോധത്തിലേക്കു നയിക്കപ്പെടും. ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നത് തൊഴിലില്ലായ്മയയുടെയും മാന്ദ്യത്തിന്റെയും പശ്ചാത്തലത്തിലാണ്. വന്‍ തോതില്‍ തൊഴിലില്ലായ്മയും കഷ്ടപ്പാടും നിലനില്‍ക്കുന്ന ഒരു സാഹചര്യത്തില്‍, ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ തിരിക്കുക എളുപ്പമാണ്. അതുകൊണ്ട്, വര്‍ഗീയ ഫാസിസം യാദൃച്‌ഛികമായി ഉയര്‍ന്നുവരുന്ന ഒരു പ്രവണതയാണ്. അതേസമയം, ജനങ്ങള്‍ ദുരിതമനുഭവിക്കാനിടയാക്കുന്ന നവലിബറല്‍ നയങ്ങളെ നിലനിര്‍ത്തുന്നതില്‍ അത് വലിയ പങ്കുവഹിക്കുന്നു. ബൂര്‍ഷ്വാ ലിബറിസത്തെ താങ്ങിനിര്‍ത്തുന്ന മറ്റൊരു രീതിയാണത്.

അരാഷ്ട്രീയവല്‍ക്കരണം ഭരണകൂട അജണ്ടയാവുന്നു

ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളുമുണ്ട്. അടിയന്തിരവസ്ഥാ പ്രഖ്യാപനത്തിലൂടെ കോണ്‍ഗ്രസ് അതു ചെയ്തിട്ടുണ്ട്. NDA ഗവണ്‍മെന്റിന്റെ കാലത്ത് ജസ്റിസ്. വെങ്കിട ചെല്ലയ്യയുടെ നേതൃത്വത്തില്‍, ഭരണഘടനാ പരിഷ്ക്കരണ കമ്മീഷന്‍ രൂപീകരിച്ചുകൊണ്ട് ബി ജെ പി യും അതിനു ശ്രമിച്ചു. അതുകൂടാതെ പലതരം പരിഷ്ക്കാരങ്ങള്‍ക്കും അവര്‍ ശ്രമിച്ചു, ചിലര്‍ പ്രസിഡന്‍ഷ്യല്‍ രീതിയെക്കുറിച്ച് പറഞ്ഞു. മറ്റുചിലര്‍, പാര്‍ലമെന്റിനേക്കാള്‍ ശക്തമായ ഗുരുസഭയെക്കുറിച്ച് പറഞ്ഞു. ഒടുവില്‍ പ്രസിഡന്റ് കെ ആർ നാരായണന്‍ ഇത്തരം ശ്രമങ്ങളെ തടഞ്ഞു. ഭരണഘടനയെ തൊട്ടുകളിക്കേണ്ട എന്നദ്ദേഹം അസന്ദിഗ്ധമായി പറഞ്ഞു. എങ്കിലും മറ്റു പല വഴികളിലൂടെ, ഇപ്പോഴും ജനങ്ങളുടെ ഇടപെടല്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്.

ജുഡീഷ്യറി അതിലൊന്നാണ്. പണിമുടക്കുകള്‍ നിരോധിക്കുന്നു, ബന്ദ് നിരോധിക്കുന്നു, പാതയോര യോഗങ്ങള്‍ നിരോധിക്കുന്നു. അങ്ങനെ പലതും ജൂഡീഷ്യറി ചെയ്യുന്നുണ്ട്. പ്രകടനം നടത്തുന്നതിന് സമയനിയന്ത്രണം കല്‍ക്കത്ത ഹൈക്കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ്, ദല്‍ഹിയില്‍, ലക്ഷങ്ങള്‍ പങ്കെടുത്ത ബോട്ട്ക്ളബ് റാലികള്‍ നടക്കാറുണ്ട്. ഇന്നവയില്ല. ചുരുക്കത്തില്‍, ഇത്തരം സംവിധാനങ്ങളിലൂടെ, ജനങ്ങളുടെ പ്രതിക്ഷേധവും ജനാധിപത്യ പ്രക്രിയയിലെ ഇടപെടല്‍ ശേഷിയും നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ, ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നു.

ധനമൂലധനത്തിന് കീഴടങ്ങല്‍

അതുപോലെ തന്നെ, സ്ഥാപനപരമായ നിരവധി മാറ്റങ്ങളുണ്ട്. ഉദാഹരണത്തിന്, റിസര്‍വ് ബാങ്കിനെ സ്വയംഭരണ സ്ഥാപനമാക്കുന്ന നടപടി. ഡോ.മന്‍മോഹന്‍ സിംഗ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ ചെയ്ത ഒരു കാര്യം, റിസര്‍വ് ബാങ്കില്‍ നിന്നുള്ള സര്‍ക്കാറിന്റെ വായ്പയെടുക്കലിന് പരിധി നിശ്ചയിച്ചു എന്നതാണ്. അപ്പോള്‍, കേന്ദ്രത്തിന് വായ്പയെടുക്കണമെങ്കില്‍ കമ്പോളത്തെ സമീപിക്കണം. കമ്പോളത്തെ സമീപിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? കേന്ദ്രസര്‍ക്കാര്‍, വായ്പനല്‍കപ്പെടാന്‍ യോഗ്യമാണോ അല്ലയോ എന്ന് ഒരു കൂട്ടം ധനകാര്യസ്ഥാപനങ്ങള്‍ തീരുമാനിക്കും എന്നാണ്. മറ്റൊരര്‍ത്ഥത്തില്‍, ധനകാര്യ സ്ഥാപനങ്ങളുടെ കണ്ണില്‍, വായ്പാ യോഗ്യമായി നിലനില്‍ക്കുന്നതിന് ഉപയുക്തമായ നയങ്ങള്‍ സര്‍ക്കാറിന് നടപ്പാക്കേണ്ടിവരും. അതായത്, ഏതു നിലപാടുതറയിലിരുന്നോ സര്‍ക്കാര്‍ തിരഞ്ഞെടുക്കപ്പെട്ടത്, ജനങ്ങള്‍ക്കുവേണ്ടി എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്യാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടോ, അതൊന്നും വകവയ്ക്കാതെ, ധനമൂലധനം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ് ഗവണ്‍മെന്റ്. അധികാരത്തില്‍ വരുന്നത് ഏത് ഗവണ്‍മെന്റുമായിക്കൊള്ളട്ടെ, ധനമൂലധനത്തിന്റെ കണ്ണില്‍, അത് വായ്പായോഗ്യമായിരിക്കണം. അതിന്, അനുവദിക്കപ്പെട്ടിട്ടുള്ള ചില പരിധികള്‍ക്കകത്തു നില്‍ക്കേണ്ടതുണ്ട്. ഇതാണ് സ്ഥാനപരമായ മാറ്റം എന്നു ഞാന്‍ പറഞ്ഞത്. ഇത്തരത്തില്‍, ജനങ്ങള്‍ക്ക്, തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ചുള്ള ഒരു ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കാനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതിന് പല വഴികളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഇവ, വാസ്തവത്തില്‍ നമ്മുടെ രാജ്യത്തെ ജനാധിപത്യവിപ്ളവത്തെ പരാജയപ്പെടുത്തുകയും പിന്നോട്ടടിപ്പിക്കുകയും ചെയ്യുന്ന ഫലപ്രദമായ വഴികളാണ്.

വികസനം രാഷ്ട്രീയാതീതമാണോ?

തിരഞ്ഞെടുപ്പ് സാധ്യതതന്നെ ജനങ്ങള്‍ക്ക് നിഷേധിക്കുന്ന മറ്റൊരു വഴിയുണ്ട്. അത് ഒരു മുദ്രാവാക്യമാണ്. കഴിഞ്ഞദിവസം ശ്രീ.എ.കെ. ആന്റണി അതു പറയുകയുണ്ടായി. വികസനം രാഷ്ട്രീയത്തിനതീതമായി കാണണമെന്ന്. എന്താണിതിന്റെ അര്‍ത്ഥം? എന്താണ് വികസനം? അദ്ദേഹം പറയുന്നതിതാണ്: മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് തുടര്‍ന്നു വരുന്നതും ജനങ്ങളിലടിച്ചേല്പിക്കുന്നതുമായ തന്ത്രമാണ് വികസനമെന്നും അത് രാഷ്ട്രീയത്തിനതീതമായി നിലനിര്‍ത്തേണ്ടതുണ്ടെന്നുമാണ്. അതിനെ വെല്ലുവിളിക്കാന്‍ പാടില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. രാഷ്ട്രീയത്തിനതീതമായി ഒന്നും നിലനിര്‍ത്തേണ്ട കാര്യമില്ല. കാരണം, രാഷ്ട്രീയം വര്‍ഗസമരത്തെ സംബന്ധിക്കുന്നതാണ്. അതുകൊണ്ട്, വികസനം രാഷ്ട്രീയത്തിനതീതമാണ് എന്നു പറയുക എന്നുവച്ചാല്‍, പ്രാകൃതമൂലധന സഞ്ചയ പ്രക്രിയയ്ക്കു ചുറ്റും നമ്മള്‍ ഒരു അഭിപ്രായഐക്യം രൂപീകരിച്ചിട്ടുണ്ട് എന്നു പറയലാണ്. വളര്‍ച്ചാനിരക്കാവട്ടെ, ഈ പ്രാകൃത സഞ്ചയവുമായി ബന്ധപ്പെട്ടുമിരിക്കുന്നു.

ബൂര്‍ഷ്വാസി ഒരു പുരോഗമനശക്തി അല്ലാതാകുന്നു

അതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തിപോകാം. ഉദാഹരണത്തിന് മതബോധത്തിന്റെ പുനരുത്ഥാനം തന്നെ എടുക്കാം. മതം, വാസ്തവത്തില്‍, ഒരു സ്വകാര്യവിഷയമാണ്. സ്വന്തം മതവിശ്വാസം വച്ചു പുലര്‍ത്താനുള്ള അവകാശത്തെ എല്ലാവരും മാനിക്കുന്നുണ്ട്. എന്നാല്‍, മതബോധം, യഥാര്‍ത്ഥത്തില്‍, പൊതുജീവിതത്തിലുള്ള, മതചര്യയുടെ മതാനുഷ്ഠാനത്തിന്റെ കടന്നുകയറ്റമാണ്. ഇത്, ജനങ്ങളെ തമ്മില്‍ വേര്‍പ്പെടുത്തുന്ന ഒരു പ്രക്രിയയാണ്. മാത്രമല്ല, അത് ജനങ്ങളെ അരാഷ്ട്രീയവല്‍ക്കരിക്കുകയും ചെയ്യുന്നു. കാരണം, പൊതുജീവിതം, രാഷ്ട്രീയം നിലനില്‍ക്കുന്ന ഇടമാണ്. പൊതുജീവിതത്തെ മതബോധം ഏറ്റെടുത്താല്‍ പിന്നെ പൊതുജീവിതം അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയായിരിക്കും ഫലം.

ഇത്തരത്തില്‍, നമ്മുടെ ജനാധിപത്യവിപ്ളവം പിറകോട്ടുവലിക്കപ്പെടുന്നുവെന്നും ജനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നുവെന്നും അവര്‍ നിര്‍വികാരരും നിഷ്ക്രിയരുമാവുന്നു എന്നും ഉറപ്പുവരുത്തുന്നതിന് എത്രയോ വഴികളാണുപയോഗിക്കപ്പെടുന്നത്. ബൂര്‍ഷ്വാ ജനാധിപത്യം അങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയില്‍, 25% ജനങ്ങള്‍ മാത്രമാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. അത് വിനിയോഗിക്കപ്പെടുന്നതാവട്ടെ വളരെ രസകരമായ രീതിയിലാണ്. ആരാണ് സുമുഖന്‍? കെന്നഡിയാണോ നിക്സനാണോ? കെന്നഡിയുടെ ഭാര്യയാണോ നിക്സന്റെ ഭാര്യയാണോ സുന്ദരി? ആരാണ് കൂടുതല്‍ കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കുന്നത്? അതായത്, ജനങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു നില്‍ക്കുന്നു എന്ന് ഉറപ്പുവരുത്തുന്ന, വളരെ ചിട്ടയായ ശ്രമം ബൂര്‍ഷ്വാ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട് എന്നര്‍ത്ഥം. നമ്മുടെ രാജ്യത്താവട്ടെ ഈ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ അനന്തരഫലം, ജനാധിപത്യവിപ്ളവത്തെ പിന്നോട്ടടിപ്പിക്കുക എന്നതാണ്.

നമ്മുടെ ജനാധിപത്യവിപ്ളവം ഒന്നുകില്‍ മുന്നോട്ടു പോവുകയോ അല്ലെങ്കില്‍ പിന്നോട്ടടിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്, എന്നു ഞാന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. വിപ്ളവത്തെ പിന്നാക്കം വലിക്കുന്നതില്‍ ഭൂപ്രഭുക്കളും പഴയ സാമൂഹ്യവ്യവസ്ഥയുടെ സംരക്ഷകരും മാത്രമല്ല താല്പരരായിട്ടുള്ളത്. മറിച്ച്, ബൂര്‍ഷ്വാസി കൂടി തല്പരനാണ് എന്നതാണ് വാസ്തവം. ജനങ്ങള്‍ നിഷ്ക്രിയരാവുക എന്നതാണ് ബൂര്‍ഷ്വാസിയുടെ ലക്ഷ്യം. ഒരിക്കല്‍ അത് സംഭവിക്കുകയും പഴയ സാമൂഹ്യ സമ്പ്രദായങ്ങള്‍ പുനരാനയിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആരും അതിനെതിരെ ഉയരാന്‍ പോകുന്നില്ല. ഇവിടെയാണ് "എന്തുകൊണ്ട് ഇടതുപക്ഷം'' എന്നതിന്റെ പ്രസക്തി.

മാറ്റത്തിന് നിലകൊള്ളുന്നവര്‍ ആരുണ്ട്?

ഇന്ത്യയിലെ ജനാധിപത്യവിപ്ളവം മുന്നോട്ടു കൊണ്ടു പോകുന്നതില്‍ താല്പര്യമുള്ളതും അതിനു ശേഷിയുള്ളതുമായ ഒരേയൊരു ശക്തി ഇടതുപക്ഷമാണ്. ബി.ജെ.പിയെയോ കോണ്‍ഗ്രസിനെയോ നോക്കൂ. അല്ലെങ്കില്‍ യുപിഎ യോ എൻഡിഎ യോ നോക്കൂ. അവരുടെ പരിപാടികളും അജണ്ടകളും നോക്കൂ. രണ്ടുകൂട്ടരും പറയുന്നു ഇന്ത്യ തിളങ്ങുന്നു എന്ന്. എന്നാല്‍, ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രവല്‍ക്കരിക്കപ്പെടുന്നു എന്ന കാര്യം രണ്ടു കൂട്ടരും ഗൌനിക്കുന്നേയില്ല. രണ്ടു കൂട്ടരും വളര്‍ച്ചാ നിരക്കില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. സെന്‍സെക്സില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ വന്‍ശക്തിയാകുന്നതില്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. ഇന്ത്യ വന്‍ശക്തിയാകുക എന്നാലര്‍ത്ഥം, അടിസ്ഥാനപരമായി, സാമ്രാജ്യത്വ വ്യവസ്ഥയിലേക്ക് ഉള്‍ച്ചേര്‍ക്കപ്പെടുക എന്നാണ്. എന്നുവച്ചാല്‍, അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ കൂട്ടുകെട്ടുണ്ടാക്കി ഒരു ചെറിയ സാമ്രാജ്യത്വ ശക്തിയാവുക. ഇസ്രായേലും അമേരിക്കയുമായി തന്ത്രപരമായ സഖ്യമുണ്ടാക്കുന്നതില്‍ ഇരുവരും തല്പരരാണ്. എന്നാല്‍, രസകരമായ കാര്യം, ഇന്ത്യ - യു.എസ് ആണവകരാര്‍ വിഷയത്തില്‍, ഒരു സന്ദര്‍ഭത്തില്‍, ബി ജെ പി ചില എതിര്‍പ്പുകളുയര്‍ത്താന്‍ തുടങ്ങി എന്നതാണ്. എന്നാല്‍, അവര്‍ അധികാരത്തിലിരുന്ന സമയത്ത്, ഇതിലും മോശപ്പെട്ട നിബന്ധനകള്‍ക്ക് വഴങ്ങിയിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ചുരുക്കത്തില്‍, ഇന്ത്യന്‍ ജനാധിപത്യവിപ്ളവത്തെ പിറകോട്ടു കൊണ്ടുപോകുന്നതില്‍ ഈ വ്യത്യസ്ത ശക്തികള്‍ ഒന്നായിത്തന്നെ വ്യാപൃതരാണ്.

ഇടതുപക്ഷ നിലപാടുകള്‍ തികച്ചും പ്രസക്തമാണ്

എന്നാല്‍, ഇതിനെ തടയുന്നതിനുള്ള ഏക രക്ഷാകവചമായി നില്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. അമേരിക്കന്‍ സാമ്രാജ്യത്വവുമായും ഇസ്രായേലുമായുമുള്ള തന്ത്രപരമായ സഖ്യത്തെ എതിര്‍ക്കുന്നത് അവര്‍ മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരായ രക്ഷാകവചമായി നില്‍ക്കുന്നത് അവരാണ്. ജനങ്ങളുടെ അവകാശങ്ങള്‍, അത് പണിമുടക്കോ ബന്ദോ ഹര്‍ത്താലോ വഴിയോരയോഗമോ എന്തുമായിക്കൊള്ളട്ടെ, സംരക്ഷിക്കാനുള്ള ശക്തിയായി നില്‍ക്കുന്നത് അവര്‍ മാത്രമാണ്. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരായി ഉറച്ച നിലപാടെടുത്തിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യ വിപ്ളവത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ഏക ശക്തി, അതിന്റെ പ്രകൃതം കൊണ്ടുതന്നെ, ഇടതുപക്ഷമാണ്. എന്തുകൊണ്ടെന്നാല്‍, ഇന്നല്ലെങ്കില്‍ നാളെ, മുതലാളിത്ത വ്യവസ്ഥക്കെയ്തിരായ, ജനങ്ങളുടെ രാഷ്ട്രീയമായ ശാക്തീകരണം ഉയര്‍ന്നുവരും എന്നുള്ളതു തന്നെ. മുതലാളിത്തം, അതിന്റെ സത്തയില്‍, ചൂഷണാത്മകവും അസമത്വം വിതയ്ക്കുന്നതും, മാര്‍ക്സ് പറഞ്ഞതു പോലെ, ഒരറ്റത്ത് സമ്പത്തും മറ്റേയറ്റത്ത് ലാഭവും ഉല്പാദിപ്പിക്കുന്ന വ്യവസ്ഥയാണ്. ജനങ്ങളുടെ യഥാര്‍ത്ഥമായ രാഷ്ട്രീയമായ ശാക്തീകരണം, ആ വ്യവസ്ഥയുടെ ഏത് യുക്തിക്കും എതിരായാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ അവര്‍ ഈ വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളതും യഥാര്‍ത്ഥവും ഗൌരവവുമായ എല്ലാത്തരം രാഷ്ട്രീയ വിഷയങ്ങളും ജനകീയ ചര്‍ച്ചാമണ്ഡലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നതും. അപ്പോള്‍, മുതലാളിത്തത്തിനുമപ്പുറമുള്ള ലോകം വിഭാവനം ചെയ്യാന്‍ കഴിയുന്ന ശക്തിക്കു മാത്രമേ ജനാധിപത്യ വിപ്ളവം മുന്നോട്ടു നയിക്കുന്നതില്‍ താല്പര്യമുണ്ടാവുകയുള്ളൂ എന്നത് വാസ്തവം.

മുതലാളിത്തം, ജനങ്ങളുടെ ശാക്തീകരണം നിശ്ചയമായും നിയന്ത്രിക്കുന്നു എന്നുള്ളതുകൊണ്ട്, ജനശാക്തീകരണം ലക്ഷ്യമിടുന്ന ആര്‍ക്കും മുതലാളിത്ത വ്യവസ്ഥയ്ക്കപ്പുറം കാണാന്‍ കഴിയണം. അത്തരം ഒരു ശക്തി ഇടതുപക്ഷം മാത്രമാണ്. അതുകൊണ്ടു തന്നെയാണ് മുതലാളിത്തത്തില്‍ ജനാധിപത്യം പ്രവര്‍ത്തിക്കില്ലെന്നും, ആയതിനാല്‍ മുതലാളിത്ത വ്യവസ്ഥയെ തന്നെ മാറ്റാമെന്നും അവര്‍ക്കു പറയാന്‍ കഴിയുന്നത്. മറ്റൊരു ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കും അതു പറയാന്‍ കഴിയില്ല. അഴിമതി പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുമ്പോള്‍പോലും അവര്‍ക്കതിനു കഴിയുന്നില്ല. അഴിമതിയെ അവര്‍ വേര്‍തിരിക്കുകയാണ്. എന്നാല്‍ പ്രാകൃത മൂലധന സഞ്ചയത്തിന്റെ ഭാഗം തന്നെയാണ് അഴിമതി എന്നതാണ് വാസ്തവം. അത് കൃത്യമായും മൂലധനവളര്‍ച്ചയുടെ ഒരു പ്രക്രിയയാണ്. മുതലാളിത്ത വ്യവസ്ഥയില്‍ സംഭവിക്കുന്ന, ദ്രുതഗതിയിലുള്ള വികസന പ്രക്രിയയെ എന്നും വന്‍ തോതിലുള്ള അഴിമതി അനുഗമിച്ചിട്ടുണ്ട്. ഇത് ആരും കാണുന്നില്ല. എന്നാല്‍ ഓരോ ഗവണ്‍മെന്റ് വരുമ്പോഴും അവര്‍ അന്യോന്യം കുറ്റപ്പെടുത്തുകയാണ്. പക്ഷെ രണ്ടു കൂട്ടരും അഴിമതി നടത്തുന്നു.

ഒരു കാര്യം അംഗീകരിക്കാനുള്ള സത്യസന്ധത ഡോ.മന്‍മോഹന്‍ സിംഗ് പ്രകടിപ്പിച്ചു. 2ജി സ്പെക്ട്രം അഴിമതിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്, നമ്മളതിനെ ഭക്ഷ്യ സബ്സിഡ് നല്‍കുന്നതിനു സമാനമായി കാണണമെന്നാണ്. അദ്ദേഹം, ഭക്ഷ്യസബ്സിഡിയെ 2ജി സ്പെക്ട്രവുമായി സ്വീകരിക്കുകയാണ്. നോക്കൂ, ഞങ്ങള്‍ ജനങ്ങള്‍ക്ക് ഭക്ഷ്യസബ്സിഡി നല്‍കും. അതു പക്ഷെ ഞങ്ങള്‍ക്കിഷ്ടമുള്ള കാര്യമല്ല. അതേസമയം മുതലാളിമാര്‍ക്കും സബ്സിഡി നല്‍കേണ്ടതുണ്ട്. അതുകൊണ്ട് നമ്മള്‍ കണ്ണടച്ചിരിക്കുക. ഇങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം, നമ്മള്‍ വികസിപ്പിക്കുന്നത് ഒരു നവലിബറല്‍ മുതലാളിത്ത വ്യവസ്ഥയാണെന്നാണ്. ഒരു മുതലാളിത്ത നവലിബറല്‍ വ്യവസ്ഥയാണ് വികസിപ്പിക്കുന്നതെങ്കില്‍, തീര്‍ച്ചയായും, അഴിമതി തുടച്ചുനീക്കേണ്ടതുണ്ട് എങ്കില്‍ നമുക്ക് മുതലാളിത്തത്തിനുമപ്പുറം പോയേ മതിയാവൂ.

ബിജെപി ഇതുപറയില്ല. എന്നാല്‍ അഴിമതി തുടച്ചു നീക്കണമെന്ന് ആരെങ്കിലും ഗൌരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ മുതലാളിമാരെക്കൊണ്ട് കണക്കുപറയിക്കുന്ന കാര്യത്തെക്കുറിച്ചുകൂടി ഗൌരവമായി ചിന്തിക്കണം. മുതലാളിമാര്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ധനമൂലധനക്കാര്‍ വിഷമിക്കാന്‍ തുടങ്ങും. അവര്‍ രാജ്യം വിടാന്‍ തുടങ്ങും. അപ്പോള്‍ നവലിബറല്‍ വ്യവസ്ഥ നിശ്ചലമാകും. അപ്പോള്‍ ലോകമെങ്ങുമുള്ള മന്‍മോഹന്‍ സിംഗുമാരും ബിജെപികളുമൊക്കെ ഭയചകിതരാകും. ഇടതുപക്ഷത്തിനു മാത്രമേ, അത്തരം സന്ദര്‍ഭത്തില്‍, തങ്ങള്‍ക്ക് വ്യത്യസ്തമായൊരു വീക്ഷണമുണ്ടെന്നും നവലിബറിലിസം തകര്‍ന്നോട്ടെ എന്നും പറയാന്‍ കഴിയൂ. നവലിബറല്‍ വ്യവസ്ഥയ്ക്കപ്പുറം ഒരു ലോകം ദര്‍ശിക്കാന്‍ കഴിയുന്നു എന്നുള്ളതു കൊണ്ടാണ്, ജനങ്ങളെ ക്ഷോഭിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളു എന്നു പറയുന്നത്.

ഞാന്‍ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു വരുന്നയാളാണ്. 1952ലെ തിരഞ്ഞെടുപ്പുകാലത്ത് ഞാനൊരു കൊച്ചുകുട്ടിയായിരുന്നു. എന്റെ ഗ്രാമത്തിലെ ദളിതര്‍ വോട്ടുചെയ്യാന്‍ പോയപ്പോള്‍, ബ്രാഹ്മണര്‍ എത്രമാത്രം ക്ഷുഭിതരായിരുന്നു എന്നെനിക്കറിയാം. നമ്മുടെ രാജ്യത്ത് ഒരു വലിയ സാമൂഹ്യ വിപ്ളവം നടന്നിട്ടുണ്ട്. ഒരു തരത്തിലും ആ വിപ്ളവം പിന്നോടിക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്നു. അതിനെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏക ശക്തി ഇടതുപക്ഷമാണ്. എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിനുള്ള എന്റെ ഉത്തരം അതാണ്.


*****


ഡോ. പ്രഭാത് പട്നായിക്


(പി.എ.ജി. ദശവാര്‍ഷിക ദേശീയചര്‍ച്ച ഉത്ഘാടനം ചെയ്തുകൊണ്ട് 4/3/2011 ന് കോഴിക്കോട് നടത്തിയ പ്രഭാഷണം. - മലയാളരൂപാന്തരം സി ബി വേണുഗോപാല്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് പ്രഭാത് പട്‌നായിക് മറുപടി പറയുന്നു.

..... അമേരിക്കന്‍ സാമ്രാജ്യത്വവുമായും ഇസ്രായേലുമായുമുള്ള തന്ത്രപരമായ സഖ്യത്തെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഇന്ത്യന്‍ ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരായ രക്ഷാകവചമായി നില്‍ക്കുന്നത് അവരാണ്. ജനങ്ങളുടെ അവകാശങ്ങള്‍, അത് പണിമുടക്കോ ബന്ദോ ഹര്‍ത്താലോ വഴിയോരയോഗമോ എന്തുമായിക്കൊള്ളട്ടെ, സംരക്ഷിക്കാനുള്ള ശക്തിയായി നില്‍ക്കുന്നത് അവര്‍ മാത്രമാണ്. വര്‍ഗീയതയ്ക്കും ജാതീയതയ്ക്കും എതിരായി ഉറച്ച നിലപാടെടുത്തിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. ഇന്ത്യന്‍ ജനാധിപത്യ വിപ്ളവത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന ഏക ശക്തി, അതിന്റെ പ്രകൃതം കൊണ്ടുതന്നെ, ഇടതുപക്ഷമാണ്. എന്തുകൊണ്ടെന്നാല്‍, ഇന്നല്ലെങ്കില്‍ നാളെ, മുതലാളിത്ത വ്യവസ്ഥക്കെയ്തിരായ, ജനങ്ങളുടെ രാഷ്ട്രീയമായ ശാക്തീകരണം ഉയര്‍ന്നുവരും എന്നുള്ളതു തന്നെ. മുതലാളിത്തം, അതിന്റെ സത്തയില്‍, ചൂഷണാത്മകവും അസമത്വം വിതയ്ക്കുന്നതും, മാര്‍ക്സ് പറഞ്ഞതു പോലെ, ഒരറ്റത്ത് സമ്പത്തും മറ്റേയറ്റത്ത് ലാഭവും ഉല്പാദിപ്പിക്കുന്ന വ്യവസ്ഥയാണ്. ജനങ്ങളുടെ യഥാര്‍ത്ഥമായ രാഷ്ട്രീയമായ ശാക്തീകരണം, ആ വ്യവസ്ഥയുടെ ഏത് യുക്തിക്കും എതിരായാണ് നിലകൊള്ളുന്നത്. അതുകൊണ്ടാണ് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ അവര്‍ ഈ വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളതും യഥാര്‍ത്ഥവും ഗൌരവവുമായ എല്ലാത്തരം രാഷ്ട്രീയ വിഷയങ്ങളും ജനകീയ ചര്‍ച്ചാമണ്ഡലങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നതും. അപ്പോള്‍, മുതലാളിത്തത്തിനുമപ്പുറമുള്ള ലോകം വിഭാവനം ചെയ്യാന്‍ കഴിയുന്ന ശക്തിക്കു മാത്രമേ ജനാധിപത്യ വിപ്ളവം മുന്നോട്ടു നയിക്കുന്നതില്‍ താല്പര്യമുണ്ടാവുകയുള്ളൂ എന്നത് വാസ്തവം.

മുതലാളിത്തം, ജനങ്ങളുടെ ശാക്തീകരണം നിശ്ചയമായും നിയന്ത്രിക്കുന്നു എന്നുള്ളതുകൊണ്ട്, ജനശാക്തീകരണം ലക്ഷ്യമിടുന്ന ആര്‍ക്കും മുതലാളിത്ത വ്യവസ്ഥയ്ക്കപ്പുറം കാണാന്‍ കഴിയണം. അത്തരം ഒരു ശക്തി ഇടതുപക്ഷം മാത്രമാണ്. അതുകൊണ്ടു തന്നെയാണ് മുതലാളിത്തത്തില്‍ ജനാധിപത്യം പ്രവര്‍ത്തിക്കില്ലെന്നും, ആയതിനാല്‍ മുതലാളിത്ത വ്യവസ്ഥയെ തന്നെ മാറ്റാമെന്നും അവര്‍ക്കു പറയാന്‍ കഴിയുന്നത്. മറ്റൊരു ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കും അതു പറയാന്‍ കഴിയില്ല. അഴിമതി പോലെയുള്ള വിഷയങ്ങളില്‍ ഇടപെടുമ്പോള്‍പോലും അവര്‍ക്കതിനു കഴിയുന്നില്ല. അഴിമതിയെ അവര്‍ വേര്‍തിരിക്കുകയാണ്. എന്നാല്‍ പ്രാകൃത മൂലധന സഞ്ചയത്തിന്റെ ഭാഗം തന്നെയാണ് അഴിമതി എന്നതാണ് വാസ്തവം. അത് കൃത്യമായും മൂലധനവളര്‍ച്ചയുടെ ഒരു പ്രക്രിയയാണ്. മുതലാളിത്ത വ്യവസ്ഥയില്‍ സംഭവിക്കുന്ന, ദ്രുതഗതിയിലുള്ള വികസന പ്രക്രിയയെ എന്നും വന്‍ തോതിലുള്ള അഴിമതി അനുഗമിച്ചിട്ടുണ്ട്. ഇത് ആരും കാണുന്നില്ല. എന്നാല്‍ ഓരോ ഗവണ്‍മെന്റ് വരുമ്പോഴും അവര്‍ അന്യോന്യം കുറ്റപ്പെടുത്തുകയാണ്. പക്ഷെ രണ്ടു കൂട്ടരും അഴിമതി നടത്തുന്നു......തീര്‍ച്ചയായും, അഴിമതി തുടച്ചുനീക്കേണ്ടതുണ്ട് എങ്കില്‍ നമുക്ക് മുതലാളിത്തത്തിനുമപ്പുറം പോയേ മതിയാവൂ.

ബിജെപി ഇതുപറയില്ല. എന്നാല്‍ അഴിമതി തുടച്ചു നീക്കണമെന്ന് ആരെങ്കിലും ഗൌരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍, അവര്‍ മുതലാളിമാരെക്കൊണ്ട് കണക്കുപറയിക്കുന്ന കാര്യത്തെക്കുറിച്ചുകൂടി ഗൌരവമായി ചിന്തിക്കണം. മുതലാളിമാര്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ധനമൂലധനക്കാര്‍ വിഷമിക്കാന്‍ തുടങ്ങും. അവര്‍ രാജ്യം വിടാന്‍ തുടങ്ങും. അപ്പോള്‍ നവലിബറല്‍ വ്യവസ്ഥ നിശ്ചലമാകും. അപ്പോള്‍ ലോകമെങ്ങുമുള്ള മന്‍മോഹന്‍ സിംഗുമാരും ബിജെപികളുമൊക്കെ ഭയചകിതരാകും. ഇടതുപക്ഷത്തിനു മാത്രമേ, അത്തരം സന്ദര്‍ഭത്തില്‍, തങ്ങള്‍ക്ക് വ്യത്യസ്തമായൊരു വീക്ഷണമുണ്ടെന്നും നവലിബറിലിസം തകര്‍ന്നോട്ടെ എന്നും പറയാന്‍ കഴിയൂ. നവലിബറല്‍ വ്യവസ്ഥയ്ക്കപ്പുറം ഒരു ലോകം ദര്‍ശിക്കാന്‍ കഴിയുന്നു എന്നുള്ളതു കൊണ്ടാണ്, ജനങ്ങളെ ക്ഷോഭിപ്പിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളു എന്നു പറയുന്നത്.