Thursday, August 25, 2011

നൂറുദിനം: നീക്കിബാക്കി

ആദ്യ നൂറുദിവസത്തെ കര്‍മപരിപാടി പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരുവര്‍ഷത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കാറായിരിക്കുന്നു. "അഴിമതിരഹിത സുതാര്യ ഭരണം,അതിവേഗം, ബഹുദൂരം" എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായിക്കഴിഞ്ഞു! അടുത്ത ഒരുകൊല്ലത്തെ "സ്മാര്‍ട്ടാ"ക്കാന്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒരു മുഴുദിന പഠനവും പരീക്ഷയും കഴിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം, മാണിയുടെ ബജറ്റ് എന്നിവയിലൂടെയൊന്നുമല്ല, നൂറുദിന കര്‍മപദ്ധതി, 365 ദിന കര്‍മപദ്ധതി എന്നിങ്ങനെയാണ് സംസ്ഥാനം മുന്നേറാന്‍ പോകുന്നത്! ഔദ്യോഗികവും അതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായ അനൗദ്യോഗിക ഗീബല്‍സിയന്‍ പ്രചാരണ മാധ്യമവും കൈയിലുള്ളതിനാല്‍ എന്ത് വൃത്തികേടും ചെയ്യാമെന്നും അതിനെ മഹത്വമായി കൊട്ടിഘോഷിക്കാമെന്നുമാണ് കഴിഞ്ഞ നൂറുദിനം വ്യക്തമാക്കുന്നത്.

മന്ത്രിമാരുടെയും അവരുടെ പേഴ്സണല്‍ സ്റ്റാഫിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്ത് വെളിപ്പെടുത്തുമെന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആദ്യ പദ്ധതി. മന്ത്രിമാരും ബന്ധുക്കളും എത്ര സ്വത്ത് സമ്പാദിച്ചിട്ടുണ്ട്, ബാങ്കിലെത്രയുണ്ട്, കൈയിലെത്രയുണ്ട് എന്ന് വെബ്സൈറ്റ് നോക്കിയാല്‍ ആര്‍ക്കും അറിയാന്‍ പറ്റും. വരുമാനം വര്‍ധിക്കുകയോ കുറയുകയോ ചെയ്യുമ്പോള്‍ അതും കാണാനാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഏതോ ഒരാള്‍ കയറിയിരുന്ന്, താന്‍ പ്രധാനമന്ത്രിയാണ് എന്ന് അവകാശപ്പെടുന്ന ദൃശ്യമടക്കം "ലോകമെങ്ങും" സുതാര്യമായി കണ്ട് ജനം തലകുലുക്കി സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകാത്ത വിധത്തില്‍ ഓഫീസിന്റെ ദൃശ്യങ്ങള്‍മാത്രം ഓണ്‍ലൈനാക്കുന്നതിന്റെ തന്ത്രം കേമംതന്നെ. എന്നാല്‍ , ആദ്യപ്രഖ്യാപനമായ സ്വത്ത് വെളിപ്പെടുത്തലിന്റെ അവസ്ഥയെന്താണ്? ഉമ്മന്‍ചാണ്ടി, അദ്ദേഹത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , കെ സി ജോസഫ് എന്നിവരുടെയും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ലീഗ് മന്ത്രിമാരുടെയുമെല്ലാം സ്വത്തുവിവരം വെബ്സൈറ്റില്‍ എവിടെ? എട്ട് മന്ത്രിമാരുടെ സ്വത്തുവിവരം മാത്രമാണ് വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ കൊടുത്തിട്ടുള്ളത്. പേഴ്സണല്‍ സ്റ്റാഫില്‍ ആരുടെയും സ്വത്ത് വിവരമില്ല. വകുപ്പുമേധാവികളുടെയോ സീനിയര്‍ ഉദ്യോഗസ്ഥരുടെയോ സ്വത്ത് വിവരമില്ല. വിവരം നല്‍കിയവര്‍തന്നെ ബാലകൃഷ്ണപിള്ള മോഡലിലാകാം അത് നല്‍കിയതെന്നത് വേറെ കാര്യം. യുഡിഎഫ് നേതാവായ ആര്‍ ബാലകൃഷ്ണപിള്ള ഔദ്യോഗികമായി സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോള്‍ എട്ട് കോടിയില്‍ ചില്വാനം രൂപയുടെ സ്വത്ത് കാണിക്കുകയും പിന്നീട് 300 കോടിയുടെ സ്വത്തുണ്ടെന്ന് രേഖാമൂലം അവകാശപ്പെടുകയും ചെയ്തത് അടുത്തിടെയാണല്ലോ- "സ്വത്ത് വെളിപ്പെടുത്തല്‍" യത്നം അടുത്ത 365 ദിന കര്‍മപദ്ധതിയിലും പെടുത്തുമെന്നും ചില മാധ്യമങ്ങള്‍ അത് കൊട്ടിപ്പാടുമെന്നും കരുതാം.

വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയസമീപനങ്ങളെ കണ്ണുമടച്ച് പിന്താങ്ങുന്നതും അതിന് തങ്ങളാല്‍ കഴിയുന്ന സംഭാവന ചെയ്യുന്നതുമാണ് കഴിഞ്ഞ നൂറുദിനത്തില്‍ കണ്ടത്. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വില കൂട്ടിയപ്പോള്‍ ജനം കഷ്ടത്തിലായി. ആഗോളവിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഗണ്യമായി കുറഞ്ഞിട്ടും വര്‍ധിപ്പിച്ച വില ഇവിടെ കുറച്ചില്ല. നിത്യോപയോഗസാധനങ്ങളുടെ വില കുതിച്ചുകയറി. ബസ് ചാര്‍ജും ഓട്ടോ-ടാക്സി ചാര്‍ജും കുത്തനെ വര്‍ധിപ്പിച്ചു. വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് കൂട്ടില്ലെന്ന് പ്രഖ്യാപിച്ചത് വെറുംവാക്ക് മാത്രമായി. വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ തോതില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. നൂറുദിനത്തില്‍ നടപ്പാക്കാതിരുന്ന ആ ചാര്‍ജ് കൂട്ടല്‍ നിര്‍ദിഷ്ട 365 ദിന കര്‍മപദ്ധതിയിലെ ആദ്യ ഇനമായി, ഓണസമ്മാനമായി വരാന്‍ പോകുന്നു.

കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളെയും അസ്വസ്ഥമാക്കിക്കൊണ്ട് വിദ്യാഭ്യാസരംഗം അലങ്കോലമാക്കിയെന്നതാണ് നൂറുദിന കര്‍മപരിപാടിയിലെ നടപ്പായ പ്രധാന ഇനം. വിദ്യാഭ്യാസ വര്‍ഷം ആരംഭിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും സ്വാശ്രയ മെഡിക്കല്‍ പ്രവേശന നടപടി തുടങ്ങിയില്ല. എന്‍ജിനിയറിങ് പ്രവേശനവും പ്രതിസന്ധിയിലാക്കി. സ്വാശ്രയ കോളേജുകള്‍ക്ക് ഫീസ് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ രഹസ്യ അനുമതി നല്‍കി. സര്‍ക്കാരിന്റെ ഒരു നിയന്ത്രണവും ഫീസ് ഘടനയും ബാധകമല്ലെന്നു പ്രഖ്യാപിച്ച് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് മെഡിക്കല്‍ -എന്‍ജിനിയറിങ് പ്രവേശനം പൂര്‍ത്തിയാക്കി ക്ലാസുകള്‍ തുടങ്ങിയിരിക്കുന്നു. അവര്‍ക്കുവേണ്ടി ഉന്നത വിദ്യാഭ്യാസമേഖല താറുമാറാക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നൂറുദിനങ്ങളില്‍ കണ്ടത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നൂറുകണക്കിനു സ്വാശ്രയ സ്കൂളുകള്‍ക്ക് അനുമതി നല്‍കാന്‍ നടപടിയെടുത്തു. ആയിരക്കണക്കിനു പ്ലസ്വണ്‍ സീറ്റ് ഒഴിഞ്ഞുകിടക്കുമ്പോള്‍ നൂറുകണക്കിനു സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അഡീഷണല്‍ ബാച്ചുകള്‍ യഥേഷ്ടം അനുവദിച്ചു. വന്‍തുക കോഴ വാങ്ങിയാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സര്‍വകലാശാലാ ഭരണം പിന്‍വാതിലിലൂടെ പിടിക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യം അട്ടിമറിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. വിദഗ്ധര്‍ക്കു പകരം കക്ഷിരാഷ്ട്രീയ താല്‍പ്പര്യപ്രകാരമാണ് സിന്‍ഡിക്കറ്റില്‍ നാമനിര്‍ദേശം നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായി സ്കൂള്‍ അധ്യാപകനായ ഒരു ലീഗ് നേതാവിനെ നിയമിക്കാന്‍ ശ്രമിച്ചത് ശക്തമായ പ്രതിഷേധത്തെയും പരിഹാസത്തെയും തുടര്‍ന്നാണ് ഒഴിവാക്കിയത്. തൃശൂര്‍മുതല്‍ കാസര്‍കോടുവരെയുളള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി പഠനാവസരം വര്‍ധിപ്പിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ അധ്യാപക നിയമനത്തിന് മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം മരവിപ്പിച്ച് രണ്ടായിരത്തോളം അധ്യാപകരെ പട്ടിണിയിലാക്കി.

അഴിമതിരഹിത സുതാര്യ ഭരണം എന്ന ചപ്പടാച്ചി പൊളിഞ്ഞ് പാളീസാകാന്‍ നൂറുദിനം വേണ്ടിവന്നില്ല. പാമൊലിന്‍ അഴിമതിയില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ണായക പങ്ക് അസന്ദിഗ്ധമായി വ്യക്തമായിട്ടും സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങുകയാണ്. തുടരന്വേഷണം നടത്തുന്ന വിജിലന്‍സ് വകുപ്പ് തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സഹപ്രവര്‍ത്തകന് നല്‍കിയതുകൊണ്ടുമാത്രം കാര്യമില്ല. കാരണം, എല്ലാ വകുപ്പിന്റെയും നിയന്ത്രണാധികാരം മുഖ്യമന്ത്രിക്കാണ്.

അഴിമതിക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിലപാട് നൂറുദിനത്തിനിടെ വ്യക്തമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുഫലം വന്ന അന്നുതന്നെ വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ആ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി അപ്പാടെ തള്ളിക്കളഞ്ഞു. നാലുവര്‍ഷത്തെ സിആര്‍ ഇല്ലാത്ത നെറ്റോവിനെ വിജിലന്‍സ് ഡയറക്ടറാക്കിയാണ് ഉമ്മന്‍ചാണ്ടി പ്രത്യുപകാരം ചെയ്തത്. തന്റെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാരുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ അട്ടിമറിക്കാനും വേണ്ടത് ചെയ്തു. ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയും ചെയ്തു. ടൈറ്റാനിയം കമ്പനിയിലെ മാലിന്യവിമുക്ത പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ കൊടിയ അഴിമതിയില്‍ ആരോപണവിധേയരായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ രക്ഷിക്കാനും വിജിലന്‍സ് വിഭാഗത്തെ ദുരുപയോഗിക്കുന്നതായി ആക്ഷേപമുണ്ട്. ഐസ്ക്രീംകേസ് അട്ടിമറിക്കുന്നതിനായി അന്വേഷണസംഘത്തെ സ്ഥലംമാറ്റുകയും നിര്‍വീര്യമാക്കുകയും ചെയ്തു. ആ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യംചെയ്ത പി സി ഐപ്പിനെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലാക്കി. അഴിമതി, പെരുമാറ്റദൂഷ്യം, അച്ചടക്കലംഘനം, ദേശദ്രോഹികളുമായി ഗൂഢാലോചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി കേസുള്ള ടോമിന്‍ ജെ തച്ചങ്കരിയെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമെന്ന വ്യാജേന സര്‍വീസില്‍ തിരിച്ചെടുത്തു.

കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മന്ത്രി ടിഎം ജേക്കബിനെ രക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പ്രതിഭാഗവുമായി ഗൂഢാലോചന നടത്തുകയായിരുന്നെന്ന് വ്യക്തമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാണ് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ മാറ്റിയതെന്ന് ആരോപണമുയര്‍ന്നിരിക്കുന്നു. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ച ബാലകൃഷ്ണപ്പിള്ളയ്ക്ക് അനധികൃതമായി പരോള്‍ അനുവദിക്കുകയും പരോള്‍ തീരുന്ന ദിവസം ജയിലില്‍ കയറുന്നത് ഒഴിവാക്കാന്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള "ആശുപത്രി"യില്‍ താമസിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയുംചെയ്തു. നീതിന്യായവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടേത്. കുഞ്ഞാലിക്കുട്ടി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാസര്‍കോട്ട് മുസ്ലിംലീഗുകാര്‍ കലാപാസക്തരായി അഴിഞ്ഞാടിയത്. ആ കലാപത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത് ലീഗ് നേതൃത്വമാണ്. അന്വേഷണ കമീഷന് ആറുമാസത്തെ കാലാവധി നീട്ടിക്കൊടുത്തത് ഇപ്പോഴത്തെ സര്‍ക്കാരാണ്. എന്നാല്‍ , തെളിവുകളും മൊഴികളും ലീഗിന് നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വ്യക്തമായപ്പോള്‍ കമീഷനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടിരിക്കുന്നു. ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി വര്‍ഗീയാക്രമണംപോലുളള കാര്യങ്ങളിലും തെറ്റായ നയം സ്വീകരിക്കുകയാണ് ഉമ്മന്‍ചാണ്ടി.

അധികാരവികേന്ദ്രീകരണത്തെ അട്ടിമറിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യമേതന്നെ ശ്രമിച്ചത്. തദ്ദേശസ്വയംഭരണവകുപ്പ് മൂന്നായി വിഭജിച്ചതും ഇ എം എസ് ഭവനപദ്ധതി ഉപേക്ഷിച്ചതും കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ മൂവായിരത്തോളം പൊലീസുകാരെയാണ് എല്ലാ മാനദണ്ഡവും ലംഘിച്ച് സ്ഥലംമാറ്റിയത്. ഹൈക്കോടതി അത് റദ്ദാക്കുകയും സര്‍ക്കാര്‍ നടപടിയെ അപലപിക്കുകയും ചെയ്തെങ്കിലും അതെല്ലാം അവഗണിച്ച് പരക്കെ സ്ഥലംമാറ്റം നടത്തുകയാണ്. യുഡിഎഫ് അനുകൂല സംഘടനകള്‍ നല്‍കുന്ന പട്ടികപ്രകാരമാണ് സ്ഥലംമാറ്റങ്ങള്‍ . അതുപോലെ വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് ഇഷ്ടക്കാരെ യോഗ്യത നോക്കാതെ നിയമിക്കുകയാണ്. യോഗ്യതയും കഴിവുമല്ല, രാഷ്ട്രീയവിധേയത്വമാണ് നിയമനത്തിനുള്ള മാനദണ്ഡം എന്നതാണ് സ്ഥിതി. പിഎസ്സി ചെയര്‍മാനായി നിയമിക്കപ്പെട്ട വ്യക്തി തനിക്ക് കോണ്‍ഗ്രസിനോടാണ് വിധേയത്വമെന്നാണ് പരസ്യപ്രസ്താവന നടത്തി. സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലറായിരിക്കെ നിയമനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ കാട്ടിയ "യോഗ്യത"യുണ്ട് പുതിയ പിഎസ്സി ചെയര്‍മാന്. ഗുരുവായൂര്‍ ദേവസ്വംബോര്‍ഡില്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരു വ്യക്തി ആ ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ അനാശാസ്യമുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. ഇതെല്ലാം ഒറ്റപ്പെട്ട കാര്യങ്ങളല്ല.

നൂറുദിവസത്തിനിടയില്‍ യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ യഥാര്‍ഥ മുഖം വെളിവാക്കിക്കഴിഞ്ഞിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും ജനാധിപത്യവിരുദ്ധതയും സാമുദായിക പ്രീണനവും സ്വകാര്യമേഖലയോടുള്ള അതിരുകവിഞ്ഞ താല്‍പ്പര്യവുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് വ്യക്തമായിക്കഴിഞ്ഞു. വാസ്തവത്തില്‍ നൂറുദിന കര്‍മപദ്ധതിയുടെ നീക്കിബാക്കി ഇതാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആദ്യ നൂറുദിവസത്തെ കര്‍മപരിപാടി പൂര്‍ത്തിയാക്കി തുടര്‍ന്നുള്ള ഒരുവര്‍ഷത്തെ കര്‍മപരിപാടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കാറായിരിക്കുന്നു. "അഴിമതിരഹിത സുതാര്യ ഭരണം,അതിവേഗം, ബഹുദൂരം" എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമായിക്കഴിഞ്ഞു! അടുത്ത ഒരുകൊല്ലത്തെ "സ്മാര്‍ട്ടാ"ക്കാന്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ ഒരു മുഴുദിന പഠനവും പരീക്ഷയും കഴിഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനം, മാണിയുടെ ബജറ്റ് എന്നിവയിലൂടെയൊന്നുമല്ല, നൂറുദിന കര്‍മപദ്ധതി, 365 ദിന കര്‍മപദ്ധതി എന്നിങ്ങനെയാണ് സംസ്ഥാനം മുന്നേറാന്‍ പോകുന്നത്! ഔദ്യോഗികവും അതിനേക്കാള്‍ പതിന്മടങ്ങ് ശക്തമായ അനൗദ്യോഗിക ഗീബല്‍സിയന്‍ പ്രചാരണ മാധ്യമവും കൈയിലുള്ളതിനാല്‍ എന്ത് വൃത്തികേടും ചെയ്യാമെന്നും അതിനെ മഹത്വമായി കൊട്ടിഘോഷിക്കാമെന്നുമാണ് കഴിഞ്ഞ നൂറുദിനം വ്യക്തമാക്കുന്നത്.